ക്യാപ്റ്റന്‍സി

Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍

വാസന്തപഞ്ചമി നാളില്‍
‍വരുമെന്നൊരു കിനാവു കണ്ടു
കിളിവാതിലില്‍ മിഴിയും നട്ടു
കാത്തിരുന്നു ഞാന്‍...

ഭാര്‍ഗവിനിലയത്തിലെ പാട്ടിത്തിരി ഉറക്കെപ്പാടി ബൈക്ക് സ്റ്റാന്റില്‍ കയറ്റി വച്ച് വഴിഞ്ഞൊഴുകുന്ന മുഖസൗന്ദര്യം നെറ്റിയില്‍ ഇത്തിരി കൂടിപ്പോയോ എന്നുള്ള സംശയം കൊണ്ട് ചൂണ്ടുവിരല്‍ മടക്കി വടിച്ചു കളഞ്ഞ് പാട്ടിന്റെ വോ‌ളിയം ഇത്തിരി കുറച്ച് മുന്നില്‍ കണ്ട ഒരു ഗ്ലാസ്സ് ഡോ‌ര്‍ തള്ളിത്തുറന്ന് അകത്തുകയറിയപ്പോള്‍...

എന്നെത്തന്നെ നോക്കി കിളിവാതിലില്‍ മിഴികള്‍ നട്ട് കാത്തിരുന്നതുപോലെ നൂറോളം ലലനാമണികളുടെ കണ്ണുകള്‍ എന്റെ നേരെ തിരിഞ്ഞു. കൈയ്യില്‍ ഫയലും പിടിച്ച് കടമിഴികടാക്ഷമേറ്റ് നില്‍ക്കുന്ന എനിക്ക് സംഭവം എന്താണെന്ന് ആദ്യം മനസ്സിലായില്ല.

ഞാന്‍ അന്വേഷിച്ചു വന്ന ഓഫീസ് ഇതല്ല എന്ന് മനസിലാവാന്‍ തയ്യല്‍ മെഷീനുകളും, വെട്ടിയ തുണികളും, കന്നട പെണ്‍കുട്ടിക‌ളും ചിതറിക്കിടക്കുന്ന ആ മുറിയിലാകെ ഒന്നു നോക്കിയ എനിക്ക് കുറച്ചുസമയമേ വേണ്ടിവന്നുള്ളൂ...

റബ്ബര്‍ പന്ത് അടിച്ചത് തിരിച്ചുവന്നതുപോലെ ഞാന്‍ ചാടി പുറത്തിറങ്ങി. ചുറ്റും ഒന്നു നോക്കിയപ്പോള്‍ തൊട്ടടുത്ത കെട്ടിടത്തിന്റെ മുന്നില്‍ കുറെ ബൈക്കുകള്‍ പാര്‍ക്കു ചെയ്തു വച്ചിരിക്കുന്നതു കണ്ടു അങ്ങോട്ടു നടന്നു.

ചാരി വച്ചിരിക്കുന്ന ഒരു ബൈക്കിന്റെ പുറത്ത് ചാഞ്ഞു നിന്നുകൊണ്ട് ഒരു അഞ്ചടി എട്ടിഞ്ചുകാരന്‍ ആത്മാവിനു പുക കൊടുക്കുന്നു. അയാളോട് ചോദിച്ചു:

"കമ്പ്യൂട്ട‌ര്‍ ......."

കമ്പനിപ്പടി കത്തി നില്‍ക്കുന്ന സിഗററ്റില്‍ നിന്നും ഒരു പുക കൂടി വലിച്ചെടുത്തു വിട്ടുകൊണ്ട് അയാള്‍ അകത്തേക്ക് കൈചൂണ്ടി.

അകത്തുചെന്നപ്പോള്‍ അടൂര്‍ പങ്കജം കഥകളിക്ക് മേക്കപ്പിട്ടതുപോലെ ഒരു മധുര മുപ്പതുകാരി റിസപ്ഷനില്‍ ഇരിക്കുന്നു.

"ഐ വാണ്ട് ടു മീറ്റ് വാസിലി ജോര്‍ജ്ജ്." വാസിലി ജോര്‍ജ്ജ് മിസ് ആണോ മിസിസ്സ് ആണോ എന്ന് തീര്‍ച്ചയില്ലാത്തത്കൊണ്ട് റിസ്കെടുക്കാന്‍ നിന്നില്ല. ആഗമനോദ്ദേശ്യം ചുരുട്ടിക്കൂട്ടി വിവരിച്ചുകൊടുത്തു.

മേല്‍ച്ചുണ്ടും കീഴ്ച്ചുണ്ടും തമ്മില്‍ മുട്ടിയാല്‍ ലിപ്‌സ്റ്റിക്കില്‍ ഉണ്ടായേക്കാവുന്ന രാസപ്രവര്‍ത്തനം ഭയന്ന് വായ മാക്സിമം തുറന്ന് ചേട്ടത്തി ഇരിക്കാന്‍ പറഞ്ഞു.

അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ അകത്തേക്ക് വിളിച്ചു. ഇന്റര്‍‌വ്യൂ റൂമിന്റെ മുന്നില്‍ ചെന്ന് മുട്ടിയപ്പോള്‍ അകത്തുനിന്ന് ഒരു പുരുഷശബ്ദം: "കമിന്‍."

അകത്ത് ചെന്നപ്പോള്‍ നേരത്തേ പുറത്തുനിന്ന് ആത്മാവിനു പുക കൊടുത്തുകൊണ്ടിരുന്ന ആ മനുഷ്യന്‍.

"പ്ലീസ് ബീ സീറ്റഡ്. ഐ ആം വാസിലി ജോര്‍ജ്ജ്."

ഇരിക്കുന്നതിനു മുന്‍പ് തന്നെ വന്നു ആദ്യത്തെ ചോദ്യം. പിന്നെ പാട്ടുപാടി വെള്ളി വീണ ഗാനമേളക്കാരനിട്ട് ചീമുട്ട എറിയുന്നതുപോലെ തലങ്ങും വിലങ്ങും ചോദ്യങ്ങള്‍ തുടങ്ങി. ഞാന്‍ ആണെങ്കില്‍ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ ഇരിക്കുന്നു. കാരണം വേറൊന്നുമല്ല, ചോദിച്ചതൊക്കെ എനിക്കറിയാത്ത കാര്യങ്ങളായിരുന്നു. അതുകൊണ്ട് തന്നെ "അരിയെത്രയാ? പയറഞ്ഞാഴി" ടൈപ്പ് കുറെ ഉത്തരങ്ങളും കൊടുത്തു.

എന്തായാലും പത്തു പതിനഞ്ച് ചോദ്യങ്ങള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ക്കു മനസ്സിലായിട്ടുണ്ടാവും ഞാന്‍ ഈ പണിക്ക് പറ്റിയ ആള്‍ തന്നെ എന്ന്. എന്നാല്‍ ശരി,അറിയിക്കാം എന്നു പറഞ്ഞു അയാള്‍ എഴുന്നേറ്റു. മനുഷ്യന് ഇത്ര ജാഡ പാടില്ല എന്നു മനസ്സില്‍ പറഞ്ഞു ഫയലൊക്കെ എടുത്ത് മൂട്ടിലെ പൊടിയും തട്ടി ഞാനും എഴുന്നേറ്റു പുറത്തിറങ്ങി.

ജോലി കിട്ടി. ഓഫീസില്‍ പുതിയ സുഹൃത്തുക്കളെക്കിട്ടി. വാസിലി ജോര്‍ജ്ജ് എന്ന മനുഷ്യനില്‍ നിന്നും ഒരുപാട് നെറ്റ്വര്‍ക്കിംഗ് പഠിച്ചു. അന്നുവരെ മാക്സിമം രണ്ട് പെഗ്ഗ് ഗ്രീന്‍ ലേബല്‍ കഴിച്ചിരുന്ന വാസിലിയെ അഞ്ച് പെഗ്ഗ് അടിക്കാന്‍ പഠിപ്പിച്ച് ഞാന്‍ ഗുരുദക്ഷിണ കൊടുത്തു.

എല്ലാവരും ക്യാപ്റ്റന്‍ എന്നു വിളിക്കുന്ന വാസിലി മലയാളിയാണെന്ന് വളരെ വൈകി ആണ് മനസ്സിലായത്. ഭാര്യ ഭരണി കന്നടക്കാരിയും. നാലു വയസ്സുള്ള മകന്‍ ഷോണ്‍‍.

മധ്യതിരവിതാംകൂര്‍ അച്ചായന്മാര്‍ക്ക് പൊതുവേയുള്ള അപ്പം, ബീഫ് ഫ്രൈ പ്രേമം കാരണം ക്യാപ്റ്റന്‍ ഇടയ്ക്കിടെ എന്നെ കാണാന്‍ ഞാന്‍ താമസിക്കുന്ന തിപ്പസാന്ദ്രയില്‍ വരും. മോട്ടിസ് എന്ന കേരള മെസ്സില്‍ നിന്നും അപ്പവും ബീഫ് ഫ്രൈയ്യും മൂക്കുമുട്ടെ തട്ടി, ഒരു സിഗററ്റും ഒരു ചായയും ബൈ ടു അടിച്ച് ഞാനും ക്യാപ്റ്റനും നെറ്റ്‌വര്‍ക്കിംഗ് തത്വശാസ്ത്രങ്ങളുടെ കുരുക്കുകള്‍ അഴിച്ചു, അടിച്ചുപൊളിച്ചു.

മൂന്നു വര്‍ഷം മുന്‍പ് ഡിസംബറിലെ ഒരു തണുത്ത രാത്രി. പിറ്റേന്ന് ക്രിസ്തുമസ് ആണ്. എങ്ങും വര്‍ണ്ണവിളക്കുകളുടെ മായാപ്രപഞ്ചം. ‍

മൊബൈലില്‍ ജിംഗിള്‍ ബെല്‍സ് തകര്‍ത്തടിക്കുന്നു, ക്യാപ്റ്റന്റെ കോള്‍.

"ഗുരോ, മോട്ടിസിലേക്ക് വാ. ഞങ്ങള്‍ ഇവിടെ ഉണ്ട്."

ക്യാപ്റ്റനും ഭാര്യയും മകനും കൂടി ക്രിസ്തുമസ് ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ് മടങ്ങുന്ന വഴി മോട്ടിസില്‍ നിന്നും അപ്പവും ബീഫ് ഫ്രൈയ്യും കഴിക്കാം എന്നു കരുതി വന്നതാണ്.

അവരോടൊപ്പം കുശലം പറഞ്ഞ്, അവരുടെ ചെറിയ ഇണക്കങ്ങളിലും പിണക്കങ്ങളിലും പങ്കുചേര്‍ന്ന്, ഷോണിനോടൊപ്പം കളിച്ച് ആ മഞ്ഞുപെയ്യുന്ന ക്രിസ്തുമസ് രാവ് ഞങ്ങള്‍ സുന്ദരമാക്കി.

കഴിച്ചു കഴിഞ്ഞ് പുറത്തു വന്നപ്പോഴാണ് ക്യാപ്റ്റന്റെ കാറില്‍ ഒട്ടിച്ച 'എല്‍' എന്റെ ശ്രദ്ധയില്‍‌പ്പെട്ടത്. ക്യാപ്റ്റന്റെ ഭാര്യ ഡ്രൈവിംഗ് സീറ്റില്‍ കയറിയിരുന്നപ്പോള്‍ കാര്യം മനസ്സിലായി. എന്തായാലും ഒന്നു കണ്ടിട്ടു തന്നെ കാര്യം എന്ന് ഞാനും കരുതി.

പാര്‍ക്കിംഗ് പരിമിതമായ തിപ്പസാന്ദ്ര റോഡില്‍ നിരത്തിവച്ചിരിക്കുന്ന കുറെ ബൈക്കുകളുടെ അരികില്‍ ചേര്‍ത്തു നിര്‍ത്തിയിരുന്ന കാ‌ര്‍ ഒന്നു പിന്നോട്ടെടുക്കാന്‍ ശ്രമിക്കുന്നു ഭരണി. ഞാനും ക്യാപ്റ്റനും നന്നായി പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

പിന്നോട്ടെടുത്ത കാര്‍ ഗിയ‌ര്‍ മാറ്റാതെ മുന്നോട്ടെടുത്ത് പരീക്ഷണം നടത്താന്‍ ഭരണിക്ക് തോന്നിയത് വളരെ പെട്ടെന്നായിരുന്നു. പിന്നോട്ടു തന്നെ വന്ന കാര്‍ ഏറ്റവും അറ്റത്തായി ഇരുന്ന ബൈക്കിന്റെ മുകളില്‍ ചെന്നു ഒരു ചെറിയ ശബ്ദത്തോടെ മുട്ടി. ബൈക്ക് മറിഞ്ഞു തൊട്ടടുത്ത പോസ്റ്റിലേക്ക് വീണു. ഇരുട്ടായതുകൊണ്ടും, ആരും കണ്ടില്ല എന്ന് ബോധ്യമുള്ളതുകൊണ്ടും വാസിലി ബൈക്ക് പൊക്കി നേരെ വച്ചു കാറില്‍ കയറി എന്നോട് ശുഭരാത്രിയും പറഞ്ഞ് സ്ഥലം കാലിയാക്കി.

മോട്ടി‍സിലെ ബില്ല് സെറ്റില്‍ ചെയ്ത് ഒരു ക്രിസ്തുമസ് കര്‍ട്ടണ്‍ റൈസര്‍ അടിച്ചുപൊളിച്ച ചാരിതാര്‍‌ഥ്യത്തോടെ ഞാന്‍ എന്റെ ബൈക്കിന്റെ അടുത്തേക്ക് നടന്നു.

ദാ, അവിടെ പോസ്റ്റിന്റെ മുകളില്‍ വീണു ചളുങ്ങിയ പെട്രോള്‍ ടാങ്കുമായി കൃഷ്ണന്‍‌കുട്ടി നായരുടെ മുഖഛായയോടെ ഇരിക്കുന്നു എന്റെ ബജാജ് കാലിബര്‍.

ക്യാപ്റ്റനെ തെറി വിളിക്കണോ അതോ "ആരും കണ്ടില്ല, വേഗം വിട്ടോ" എന്നുപറഞ്ഞു അവരെ രക്ഷപെടുത്തിയ എന്നെത്തന്നെ തെറി വിളിക്കണോ എന്ന് ഒരു കണ്‍ഫ്യൂഷനിലായിരുന്നു ഞാന്‍.

ഞാന്‍ ജോലി മാറി. എന്നിട്ടും ക്യാപ്റ്റന്‍ നിനയ്ക്കുമ്പോഴും നിനയ്ക്കാത്തപ്പോഴും പുഞ്ചിരിയോടെ ഗുരോ എന്നു വിളിച്ചു കയറിവന്നു.

ഫെബ്രുവരിയില്‍ അമേരിക്കയിലേക്ക് പോവാന്‍ വിസ കിട്ടിയപ്പോള്‍ ക്യാപ്റ്റനെ വിളിച്ചു ഒന്നു ആഘോഷിക്കാന്‍ തീരുമാനിച്ചു. എയര്‍പ്പോര്‍ട്ട് റോഡില്‍ ഓപിയം എന്ന പഞ്ചനക്ഷത്ര ബാറിന്റെ അരികില്‍ ആയി മുരുകേശ്‌പാളയംകാരന്‍ ഗോപി നടത്തുന്ന ഗോപിയം എന്ന് ഞങ്ങള്‍ ഓമനപ്പേരിട്ടു വിളിക്കുന്ന അരനക്ഷത്ര ബാറില്‍ ഞാനും ക്യാപ്റ്റനും. അന്ന് ഈ ബൈക്ക് കഥ പറഞ്ഞ് ഞാനും ക്യാപ്റ്റനും ഒരുപാട് ചിരിച്ചു.

ഒരു സായാഹ്നം മുഴുവന്‍ ഒന്നിച്ചു ചിലവഴിച്ച്, ഒരുപാട് ചിരിച്ച്, ഒരുപാട് ചിന്തിപ്പിച്ച്, എന്റെ ആദ്യത്തെ ഇന്റര്‍‌വ്യൂവിനെ ഓര്‍മ്മിപ്പിച്ച്, ഒടുക്കം എന്നെ കെട്ടിപ്പിടിച്ച് "യൂ നോ ഹൗ ടു ടോക്ക് ബുള്‍ഷിറ്റ്" എന്ന് പറഞ്ഞ് പൊട്ടിച്ചിരിച്ചു, ക്യാപ്റ്റന്‍.

*************************************************
അക്കൊല്ലത്തെ ഡിസംബര്‍. മഞ്ഞുപെയ്യുന്ന ന്യൂ‌യോര്‍ക്ക് തെരുവീഥികളിലൂടെ ക്രിസ്തുമസ് വിളക്കുകള്‍ കണ്ട്, തെരുവില്‍ ചിത്രങ്ങള്‍ വരയ്ക്കുന്ന കലാകാരന്മാരെക്കണ്ട് നടന്നപ്പോള്‍ ഒരു കൗതുകം. പരുക്കന്‍ രോമക്കുപ്പായം ധരിച്ച് വരയ്ക്കാന്‍ ഒരു മുഖം അന്വേഷിച്ച് നടന്നുപോകുന്ന എല്ലാവരേയും പ്രതീക്ഷയോടെ നോക്കുന്ന ഒരു ചിത്രകാരി. അവരുടെ കണ്ണിലെ നിസ്സഹായത കണ്ട് വരയ്ക്കാനായി അവരുടെ മുന്നില്‍ ഇരുന്നു കൊടുത്തു.

സെല്‍ഫോണ്‍ ബെല്ലടിക്കുന്നു. ബാംഗ്ലൂരില്‍ നിന്നും പ്രശാന്ത്.

പ്രശാന്തിന്റെ ശബ്ദത്തില്‍ പരിഭ്രാന്തി. പറഞ്ഞത് ക്യാപ്റ്റനെക്കുറിച്ച്. തൊട്ടുമുന്‍പുള്ള നിമിഷം വരെ എന്റെ മനസ്സില്‍ എന്നെ നയിച്ച ക്യാപ്റ്റന്‍ എന്നെന്നേക്കുമായി ഈ ലോകത്തിനോട് വിടപറഞ്ഞിരിക്കുന്നു, പ്രിയപ്പെട്ട ഭാര്യയോടും മകനോടുമൊപ്പം.

ബാംഗ്ലൂരിലെ കനകപുര റോഡില്‍ ഒരു സുഹൃത്തിനോടും കുടുംബത്തോടുമൊപ്പം ക്രിസ്തുമസിന്റെ തലേദിവസം പുറത്തുപ്പോയി ഭക്ഷണം കഴിച്ച് വരികയായിരുന്ന ക്യാപ്റ്റനും ഭരണിയും ഷോണും, ആ സുഹൃത്തിന്റെ കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ഒരു ട്രക്കിന്റെ മുന്നില്‍...

*************************************************
ആഴ്ചകള്‍ക്കു ശേഷം, ക്യാപ്റ്റന്റെയും ഭരണിയുടെയും ബന്ധുക്കള്‍ പങ്കിട്ടെടുത്ത സാധനങ്ങള്‍ എല്ലാം കൊണ്ടുപോയിക്കഴിഞ്ഞ് ആളൊഴിഞ്ഞ ക്യാപ്റ്റന്റെ വീട്ടില്‍ ആര്‍ക്കും വേണ്ടാതെ കിടന്ന ക്യാപ്റ്റന്റെ ആല്‍ബത്തില്‍ നിന്നും കിട്ടിയ നിശ്ചയദാര്‍ഡ്യം തുടിക്കുന്ന ആ സുന്ദരമുഖത്തിന്റെ ചില നല്ല ചിത്രങ്ങള്‍ സ്കാന്‍ ചെയ്ത് അയച്ചു തന്നു പ്രശാന്ത്.

പക്ഷെ, അഞ്ച് പെഗ്ഗ് ഗ്രീന്‍ ലേബലിന്റെ ലഹരിയില്‍ എന്നെ കെട്ടിപിടിച്ച് "യൂ നോ ഹൗ ടു ടോക്ക് ബുള്‍ഷിറ്റ്" എന്ന് പറയുന്ന ക്യാപ്റ്റന്റെ മുഖത്തിനു പകരം വയ്ക്കാന്‍ ഇന്നും ആ ചിത്രങ്ങള്‍ക്കാവുന്നില്ല.

57 അഭിപ്രായങ്ങള്‍:

ദിലീപ് വിശ്വനാഥ് said...

ക്യാപ്റ്റനില്ലാത്ത ബാംഗ്ലൂരില്‍ വീണ്ടും പോയപ്പോഴൊക്കെ ആ പഴയ ടീം സ്പിരിറ്റ് എനിക്ക് ഉണ്ടായിട്ടില്ല.

ഒരു ക്രിസ്തുമസ് ഓര്‍മ്മക്കുറിപ്പ്.

മൂര്‍ത്തി said...

Touching...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ക്രിസ്തൂമസ് ഓര്‍മക്കുറിപ്പ് വളരെ ഹൃദ്യമായി.

ആശംസകള്‍

ഏ.ആര്‍. നജീം said...

ഹൃദ്യമായ ഒരോര്‍മ്മ കുറിപ്പ്...
ആശംസകള്‍ പ്രിയ വാല്‍മീകീ..

ശ്രീവല്ലഭന്‍. said...

വാല്മീകി,
ആസ്വദിച്ച് വന്നപ്പോഴാണ് tragedy യിലേക്ക് നീങ്ങിയത്. തുടക്കം ഗംഭീരം.
"മേല്‍ച്ചുണ്ടും കീഴ്ച്ചുണ്ടും തമ്മില്‍ മുട്ടിയാല്‍ ലിപ്‌സ്റ്റിക്കില്‍ ഉണ്ടായേക്കാവുന്ന രാസപ്രവര്‍ത്തനം ഭയന്ന് വായ മാക്സിമം തുറന്ന് മീനാക്ഷി ഇരിക്കാന്‍ പറഞ്ഞു."- ഇഷ്ടപ്പെട്ടു..

നന്നായി എഴുതിയിരിക്കുന്നു.....

ക്രിസ്തുമസ്- പുതുവത്സരാശംസകള്‍!

('വാസ' യ്ക്ക് പകരം 'വാസന്ത' അല്ലെ എന്നൊരു സംശയം.)

സാജന്‍| SAJAN said...

ആദി കവി,
ജീവിതമെത്ര പെട്ടെന്നാ മാറിപ്പോവുന്നത്?
ഒരു നീര്‍ക്കുമിള പോലൊന്നൊക്കെ പറയുന്നത് എത്ര ശരിയാ അല്ലേ?
വാല്‍മീകി എഴുത്ത് നന്നായിട്ടുണ്ട്, ഒരിക്കല്‍ കൂടെ ക്രിസ്മസ്സ് പുതുവത്സരാശംസകള്‍

Gopan | ഗോപന്‍ said...

നര്‍മത്തില്‍ പൊതിഞ്ഞ ദുഃഖത്തിനു പൊന്നിന്‍ മികവു..
വളരെ ഹൃദയ സ്പര്‍ശിയായ ഒരു കുറിപ്പ്..
ക്രിസ്തുമസ് ആശംസകളോടെ..
സസ്നേഹം...
ഗോപന്‍

Arun Jose Francis said...

ഇതിലെ അവസാന ഭാഗം വായിച്ചപ്പോള്‍ റേഡിയോയില്‍ നിന്നും 'അകലെ' സിനിമയിലെ പാട്ടു... ആകെ കൂടി മനസ്സില്‍ ഒരു വിങ്ങല്‍...
വളരെ നന്നായിട്ടുണ്ട്...

ഹരിത് said...

ക്യാപ്റ്റനു വേണ്ടി ഒരു മെഴുകു തിരി മനസ്സില്‍ ഞാനും തെളിക്കട്ടെ......

ബാജി ഓടംവേലി said...

കഥയാണെന്നു വിചാരിച്ച് വായിച്ചു വായിച്ചു വന്നപ്പോള്‍ എപ്പോളാണ് കാര്യമായതെന്നറിഞ്ഞില്ല. കാര്യമാണെന്നറിഞ്ഞപ്പോള്‍ കണ്ണുകള്‍ ഈറനണിഞ്ഞു. നല്ല വിവരണം. ക്യാപ്‌റ്റനെ മറക്കാതെ ഇത്രയും കുത്തിക്കുറിച്ചല്ലോ ആ സ്‌നേഹ സമ്മാനം ഒരു മെഴുകു തിരിയെക്കാളും ഒരു പ്രാര്‍‌ത്ഥനയെക്കാണും നന്നായി.

ശ്രീ said...

വാല്‍മീകി മാഷേ...
ക്യാപ്ടനും കുടുംബത്തിനും നല്‍‌കാന്‍‌ പറ്റിയ ഉചിതമായ ഒരു ക്രിസ്തുമസ്സ് സമ്മാനമായി, ഈ ഓര്‍‌മ്മക്കുറിപ്പ്.

തുടക്കത്തിലെ തമാശകള്‍‌ ആസ്വദിച്ചു വന്നതിനിടയില്‍‌ കഥാഗതി മാറിയത് എത്ര പെട്ടെന്നാണ്‍?
ക്യാപ്ടനും കുടുംബത്തിനും നിത്യശാന്തി നേരുന്നു.

ഒപ്പം മാഷിന്‍‌ ഹൃദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകള്‍‌!

അനംഗാരി said...

ഓരോ വേര്‍പാടിലും ഒരു നൊമ്പരം ഒളിച്ചിരിപ്പുണ്ട്.ആര്‍ക്കും തിരിച്ചറിയാനാവാത്തതും,തിരികെ തരാ‍നാവാത്തതുമായ ഒരു പാട് നല്ല നിമിഷങ്ങള്‍ അതിലുണ്ട്.

അപ്പു ആദ്യാക്ഷരി said...

മാഷേ, ഹൃദയത്തില്‍ തൊട്ട ഓര്‍മ്മക്കുറിപ്പ് എന്നു പറയാതെവയ്യാ. ഇതുപോലുള്ള അനുഭവങ്ങള്‍ ബ്ലോഗുകളില്‍ വായിക്കുന്നതിനാലാവണം, പകുതിയോളം എത്തിയപ്പോഴേ ഈ അവസാനത്തെ വേര്‍പാട് ഫീല്‍ ചെയ്തിരുന്നു. കഷ്ടമായിപ്പോയി!

വാല്‍മീകിക്കും കുടുംബത്തിനും ക്രിസ്മസ് ആശംസകള്‍!

ചന്ദ്രകാന്തം said...

വളരെ ഹൃദയസ്പര്‍ശിയായ ഓര്‍മ്മക്കുറിപ്പ്‌.
കാലം എത്ര കടന്നു പോയാലും, ചില തിളങ്ങുന്ന മുഖങ്ങള്‍ മനസ്സില്‍ മായാതെ കിടക്കും; ചില വേദനിപ്പിയ്ക്കുന്ന ഓര്‍മ്മകളും... .

സന്തോഷപൂര്‍‌ണ്ണമായ ഒരു ക്രിസ്തുമസ്‌ ആശംസിയ്ക്കുന്നു.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അപ്പോള്‍ ജോലികിട്ടാന്‍ ഇതാ വഴി അല്ലേ. ബാക്കിഭാഗത്തിനു കമന്റില്ല.

ജൈമിനി said...

മുഴുവന്‍ വായിച്ച് ട്രാജഡി കൂടി കണ്ട ശേഷം ഞാന്‍ മുകളില്‍ പോയി ഫസ്റ്റ് ഹാഫ് ഒന്നു കൂടെ വായിച്ചു. ഇനി ചിരിച്ചു കൊണ്ടു തന്നെ പറയട്ടെ, നന്നായി. ആ ഗോപിയത്തിന്റെ ലൊക്കേഷന്‍?? ;-)

G.MANU said...

ക്യാപ്റ്റനെ തെറി വിളിക്കണോ അതോ "ആരും കണ്ടില്ല, വേഗം വിട്ടോ" എന്നുപറഞ്ഞു അവരെ രക്ഷപെടുത്തിയ എന്നെത്തന്നെ തെറി വിളിക്കണോ എന്ന് ഒരു കണ്‍ഫ്യൂഷനിലായിരുന്നു ഞാന്‍.


വാല്‍മീകീെ..... ഫീലിംഗുകളുടെ വിക്കീപ്പീഡീ...

ഹൃദ്യമായ ഒരു പോസ്റ്റ്‌..

ചിരി, നനവ്‌, ജീവിതം.. നല്ലൊരു ക്രിസ്മസ്‌ സമ്മാനം തന്നതിനു സ്പെഷ്യല്‍ നന്ദി... മഞ്ഞു വീഴ്ച ഫീല്‍ ചെയ്യിപ്പിച്ച എഴുത്ത്‌..ജാഡകള്‍ ഇല്ലാത്ത ക്രിസ്മസ്‌ ട്രീ പോലെയുള്ള അക്ഷരക്കൂട്ടങ്ങള്‍..

ക്യാപ്റ്റന്‍ മായുന്നില്ല മനസില്‍നിന്ന്...

ആഷ | Asha said...

വാല്‍മീകി, എന്താ പറയണ്ടേ
ചിരിപ്പിച്ചു സങ്കടപ്പെടുത്തിയും കളഞ്ഞല്ലോ

ചീര I Cheera said...

വായിച്ചു..
ഇനിയിപ്പോള്‍ ഒന്നും പറയാന്‍ ഇല്ല, സത്യത്തില്‍..

എന്നാലും, ക്രിസ്ത്മസ് ആശംസകള്‍ പറയട്ടെ!

കാര്‍വര്‍ണം said...

ക്യാപ്റ്റന്റെ വിയോഗം കണ്ണു നനയിച്ചു.

എഴുത്ത് വളരെ നന്നായിരിക്കുന്നു.
ക്രിസ്തുമസ് ആശംസകള്‍

കാവലാന്‍ said...

നന്നായിരിക്കുന്നു.
മന‍സ്സിനെകുതിര്‍ത്തുകളയുന്നു ഇത്തരംഓര്‍മ്മക്കുറിപ്പുകള്‍.

ക്രിസ്തുമസ് പുതുവത്സരാശംസകള്‍.

മുസ്തഫ|musthapha said...

തുടക്കത്തില്‍ നന്നായി രസിച്ച് വായിച്ചു... പക്ഷെ, എന്തോ... പകുതിയെത്തിയപ്പോഴേക്കും ഒരു ദുരന്തത്തിന്‍റെ മണം എനിക്കനുഭവപ്പെട്ടു തുടങ്ങിയിരുന്നു...!

നല്ല ഓര്‍മ്മക്കുറിപ്പ് എന്ന് പറയാന്‍ പറ്റില്ലല്ലോ!

എഴുത്ത് ശരിക്കും ടച്ചിംഗ്...!

പ്രയാസി said...

"വാസന്തപഞ്ചമി നാളില്‍
‍വരുമെന്നൊരു കിനാവു കണ്ടു
കിളിവാതിലില്‍ മിഴിയും നട്ടു
കാത്തിരുന്നു ഞാന്‍..."

അന്നുവരെ മാക്സിമം രണ്ട് പെഗ്ഗ് ഗ്രീന്‍ ലേബല്‍ കഴിച്ചിരുന്ന വാസിലിയെ അഞ്ച് പെഗ്ഗ് അടിക്കാന്‍ പഠിപ്പിച്ച് ഞാന്‍ ഗുരുദക്ഷിണ കൊടുത്തു.

ഗുരൊ.. അവസാനം സങ്കടപപ്പെടുത്തിയല്ലൊ!

നന്നായി നല്ലൊരു ഓര്‍മ്മക്കുറിപ്പ്..

ക്രിസ്തുമസ് പുതുവത്സരാശംസകള്‍..

അലി said...

മാഷെ...
നര്‍മ്മത്തില്‍ പൊതിഞ്ഞ ഒരു കഥപോലെ വായിച്ചുതുടങ്ങി.... അവസാനം കണ്ണുകളെ ഈറനണിയിച്ചു.
ഹൃദയത്തില്‍ നൊമ്പരപ്പാടുണര്‍ത്തിയ ഓര്‍മ്മക്കുറിപ്പ്.

ക്രിസ്തുമസ് പുതുവത്സരാശംസകള്‍!

ലേഖാവിജയ് said...

നന്നായി വാല്‍മീകി.ദീര്‍ഘമായ എഴുത്തുകള്‍ അത്ര ശ്രദ്ധിച്ച് വായിക്കാറില്ല.ഇതു പക്ഷേ എല്ലാം വായിച്ചു.പിന്നെ ചില കൂട്ടുകാര്‍ പറഞ്ഞതുപോലെ ക്ല്ലൈമാക്സിനു ഒരു ദുരന്തം മണക്കുന്നുണ്ടായിരുന്നു.ആശംസകള്‍!

സുല്‍ |Sul said...

ക്രിസ്തുമസ് പുതുവത്സരാശംസകള്‍!

ഗീത said...

വാല്‍മീകീ, സങ്കടപ്പെടുത്തി വീണ്ടും........
നല്ല രസിച്ചു വായിച്ചു വന്നതായിരുന്നു.

ആതെരുവു ചിത്രകാരി വരച്ച ചിത്രമാണോ പ്രൊഫൈലില്‍ കൊടുത്തിരിക്കുന്നത്?

പൈങ്ങോടന്‍ said...

ക്യാപ്റ്റനും കുടുംബത്തിനും വേണ്ടി സ്‌നേഹത്തിന്റെ
ഒരു പിടി റോസാപ്പൂക്കള്‍ അര്‍പ്പിക്കുന്നു

Sherlock said...

വാല്‍മീകി, ഓര്‍മ്മകുറിപ്പ് നന്നായി...

മോട്ടിസ് ഇപ്പോഴും തിപ്പസാന്ദ്രയില്‍ ഉണ്ട്...

Unknown said...

ക്രിസ്തുമസ്സ്- നവവത്സരാശംസകള്‍!

ഏറനാടന്‍ said...

ഹൃദ്യം മനോഹരം.. ക്രിസ്മസ്സാശംസകള്‍ ഒപ്പം പുതുവല്‍സരാശംസകളും നേരുന്നു..

Murali K Menon said...

വാല്‍മീകി സ്വതവേ എല്ലാം സരസമായ് എഴുതി വിടുകയാണ് പതിവ്. ഈ പോസ്റ്റ് ആ പതിവ് തെറ്റിച്ചു, തുടക്കം വളരെ നര്‍മ്മത്തിലൂടെ കൊണ്ടുവന്ന് ഒടുക്കം സ്മരണാഞ്ജലി ആയി മാറി. അല്ലെങ്കിലും ജീവിതം അങ്ങനെയാണല്ലോ, നമ്മള്‍ ആഗ്രഹിക്കുന്നതുപോലെ എപ്പോഴും സന്തോഷവും, കളിയും ചിരിയും ആയി നിലനില്‍ക്കുന്നില്ല ജീവിതം, ഇത്തരം സംഭവങ്ങളും നമ്മളെ സാക്ഷി നിര്‍ത്തി കടന്നുപോകുന്നു.

ക്യാപ്റ്റനും, കുടുംബത്തിനും എന്റെ അശ്രുപൂജ.
ബൂലോക സുഹൃത്തുക്കള്‍ക്ക് ക്രിസ്തുമസ് ആശംസകള്‍

Unknown said...

ഹൃദയസ്പര്‍ശിയായ ഒരു പോസ്റ്റ്
ചിരിപ്പിച്ച അളവോളം കരയിക്കുകയും ചെയ്തു..
ക്രിസ്മസ് ആശംസകള്‍

ബാജി ഓടംവേലി said...

ശാന്തിയുടേയും......
സമാധാനത്തിന്റെയും.....
ക്രിസ്‌തുമസ്‌ ആശംസകള്‍.....
സസ്‌നേഹം......
ബാജി........

അച്ചു said...

നന്നായി മഷേ....അധികം ചിരിപ്പിക്കാതെ..അധികം കരയിപ്പിക്കാതെ...

Mahesh Cheruthana/മഹി said...

വാല്‍മീകി,
വളരെ ഹൃദയ സ്പര്‍ശിയായ ഓര്‍മ്മകുറിപ്പ് നന്നായി!
"ഹൃദ്യമായ ക്രിസ്തുമസ്സ്‌ പുതുവല്‍സര ആശംസകള്‍"

ഉപാസന || Upasana said...

വാല്‍മീകി ഭായ്

തുടക്കം ഹാസ്യം അവസാനം നൊമ്പരം. മരണമെന്നത് ഒരു കോമാളിയാണെന്നത് ആരോ പറഞ്ഞത് ഇപ്പോ ഓര്‍ക്കുന്നു ഞാന്‍.

ക്യാപ്റ്റന്മാര്‍ അധികമില്ല. അതുകൊണ്ട് തന്നെ കഥ വേദനിപ്പിക്കുന്നു.

എഴുത്തിന് അഭിനന്ദനങ്ങള്‍.
ഹാസ്യം കൂടുതല്‍ മികവ് പുലര്‍ത്തി.
അഭിനന്ദനങ്ങള്‍
:)
ഉപാസന

ഓ. ടോ: ന്യൂ തിപ്പസാന്ദ്രയിലുള്ള മോട്ടീസ് മെസില്‍ നിന്ന് ഞാന്‍ ഒന്നരക്കൊല്ലം ശാപ്പാട് അടിച്ചിട്ടുണ്ട്, ഉച്ചക്ക്.
എന്റെ ഓഫീസ് അവിടെ ഹാല്‍ സെക്കന്റ് സ്റ്റേജിനടുത്ത് ആയിരുന്നു.

Sathees Makkoth | Asha Revamma said...

ഹൃദയത്തില്‍ തട്ടുന്ന ഓര്‍മ്മക്കുറിപ്പ്.

കുറുമാന്‍ said...

വാല്‍മീകി മാഷെ......എന്താ‍ പറയാ..

വായനക്കിടയില്‍ ചില വരികള്‍ ഇവിടെ ക്വാട്ടാനായി കോപ്പി ചെയ്ത് വച്ചു - അതിനു മറുകമന്റും...പക്ഷെ അവസാന ഇങ്ങനെ ആവുമെന്ന് കരുതിയില്ല...അതിനാല്‍ കോട്ടുന്നില്ല...

വാസിലിയുടെ ഓര്‍മ്മക്ക് മുന്നില്‍ നമിക്കുന്നു....

ക്രിസ്ത്മസ്സ് ആശംസകള്‍

sandoz said...

എന്ത് പറയാന്‍‍....
പോയവര്‍ ‍പോയി എന്നൊക്കെ കുളായിട്ട് പറഞ്ഞ് പിടിച്ച് നിന്നാലും...ചുമ്മാ ചങ്കിലൊരു വേദന...

മനോജ് കുമാർ വട്ടക്കാട്ട് said...

വാല്‍മീകി, നല്ല എഴുത്ത്.

രണ്ടെണ്ണം വിട്ട് ക്യാപ്റ്റന്‍ ചിരിച്ച് കൊണ്ട് മുന്നില്‍ നില്‍ക്കുന്നു.

നിരക്ഷരൻ said...

വാല്‍മീകീ..
കരയിപ്പിച്ചു കളഞ്ഞു.

ഉണ്ണിക്കുട്ടന്‍ said...

ഹാപ്പി ക്രിസ്റ്റ്മസും ന്യൂ ഇയറും !

kutti said...

thaan aduthundayirunnenkil oru kai tharamayirunnu...!!

ഹരിശ്രീ said...

എത്താന്‍ അല്പം വൈകി.

നല്ല ഓര്‍മ്മക്കുറിപ്പ്.

പുതുവത്സരാശംസകള്‍....

സിനോജ്‌ ചന്ദ്രന്‍ said...

തിരിച്ചു വരാത്ത വിരുന്നുകാരന്‍.

Rejesh Keloth said...

ഡിസംബറിന്റെ നഷ്ടം...
വേര്‍പാടും ജീവിതത്തിന്റെ തന്നെ ഭാഗം...
പ്രതീക്ഷകള്‍ നമ്മെ മുന്നോട്ടു നയിക്കുന്നു...
ഒരുപാട് ഇനിയും കണാനും കേള്‍ക്കാനും അനുഭവിക്കാനും ഉണ്ട്..
സംഭവിക്കുന്നതെല്ലാം നല്ലതിന്...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നവവത്സരാശംസകള്‍.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഈ ഡിസംബര്‍മാസത്തിലെ മഞ്ഞിന്‍ കണങ്ങള്‍ ക്കിടയിലൂടെ സൂര്യരശ്മികള്‍ അരിച്ചിറങ്ങുന്ന പ്രഭാതത്തിന്റെ നഷ്ടവും ഇനി നമുക്ക് സ്വന്തം.!!

നേട്ടങ്ങളും കോട്ടങ്ങളും ഇനി നമുക്ക് സ്വന്തം
നന്നായിരിക്കുന്നൂ.പുതുവല്‍സരാശംസകള്‍

മാണിക്യം said...

രംഗ ബോധമില്ലാത്താ ആ കോമാളി,
ആ കുടുംബത്തെ ഒറ്റവായ്ക്ക് വിഴുങ്ങി..
ഒരു കണക്കിന്‍ നന്നായി..
പ്രണയത്തിലും ജീവിതത്തിലും മരണത്തിലും വാസിലിയും ഭരണിയും ഒന്നിച്ചു...
ഷോണ്‍‍ അനാഥനായില്ലാ....
“മരണമേ,യൂ നോ ഹൗ ടു പ്ലേ ബുള്‍ഷിറ്റ്”!!

വാല്‍മീകീ, പുതുവത്സരാശംസകള്‍!!

കൊസ്രാക്കൊള്ളി said...

ഹൃദയത്തെ സ്പര്‍ശിച്ചു

Faisal Mohammed said...

ഗുരോ, വേദനയില്‍ ബെന്‍ഡുചെയ്ത സുന്ദരനൊരു ക്രിസ്തുമസ്സ് കേക്ക്, നന്ദി

Malayali Peringode said...

ഹ്യദ്യമായ ഒരു ക്രിസ്തുമസ് കുറിപ്പ്..

അഭിനന്ദനങ്ങള്‍!!

കല്‍ക്കി said...

നല്ല സ്വയ്ബന്‍ സാധനം..ക്രിസ്തുമസ് ജോറായി..നന്ദി.

കൊസ്രാക്കൊള്ളി said...

ബൂലോക സുഹൃത്തേ, ബ്ലോഗ്‌മലയാളത്തില്‍ ഈയുള്ളവനും ഒരു വീടുണ്ടാക്കി താമസിച്ച വിവരം സന്തോഷപൂര്‍വം അറിയിക്കട്ടെ. താങ്കളും കുടുംബവും സുഹൃത്തുക്കളോടൊപ്പം കൊസ്രാക്കൊള്ളി എന്ന എന്റെ ബ്ലോഗ്‌ വസതിയിലേക്ക്‌ വരണമെന്നും അനുഗ്രഹിക്കണമെന്നും..... വിനയ പുരസ്സരം ......
www.kosrakkolli.blogspot.com

അനില്‍ ഐക്കര said...

I am a late comer to this blog...are vaah, i will come here often!

കൊച്ചുത്രേസ്യ said...

വാല്മീകി ആദ്യഭാഗം ശരിക്കും ചിരിപ്പിച്ചു.. ഇങ്ങനെ പോയി അവസാനിക്കുമെന്ന്‌ തീരെ പ്രതീക്ഷിച്ചില്ല..