കേരളത്തില്‍ ഒരു മാസം ഉണ്ടായിരുന്നു ഈ വര്‍ഷം. ജോലിയില്‍ നിന്നൊക്കെ അവധി എടുത്ത് കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ പോയതാ. ഒരു മാസത്തിനിടയില്‍ മൂന്നു ഹര്‍ത്താല്‍ ആഘോഷിക്കാനുള്ള അവസരം കിട്ടി. ഹാപ്പിയായി..
കേരളത്തിലെ ഹര്‍ത്താല്‍ പോലെയാണ് ടെക്സാസില്‍ കൊടുംകാറ്റ്. ജൂലൈ കഴിഞ്ഞാല്‍ ഒക്ടോബര്‍ വരെ മാസത്തില്‍ മുന്നു വീതം. ഹര്‍ത്താലിന് ഇല്ലാത്ത ഒരു ഗുണം കാറ്റിന് ഉണ്ട്. നല്ല സുന്ദരമായ പേരുകളിലാവും ഇതുങ്ങളൊക്കെ അറിയപ്പെടുന്നത്. മൂന്നു വര്‍ഷം മുന്‍പ് ഒരു കത്രീനയും റീത്തയും വന്നു ടെക്സാസിനെ കോള്‍മയിര്‍ കൊള്ളിച്ചതാണ്. എന്നിട്ടെന്താ ഇപ്പോള്‍ കൊടുംകാറ്റ് എന്ന് കേട്ടാല്‍ ഇവിടെയുള്ളവര്‍ക്ക് ഒരു ഇളക്കം ആണ്. പക്ഷെ ജീവിച്ചു കൊതി തീരാത്ത എന്നെപ്പോലെയുള്ളവര്‍ക്ക് അങ്ങനെ ഇക്കിളിയിട്ട് ഇവിടെ ഇരിക്കാന്‍ പറ്റുമോ? പറ്റുമോ എന്ന് നോക്കാന്‍ തന്നെയാണ് ഇത്തവണ എന്റെ തീരുമാനം.
ഐക്ക് എന്ന് കേട്ടപ്പോള്‍ തിന്നാന്‍ കൊള്ളാവുന്ന എന്തോ സാധനം ആണ് എന്നാണു ആദ്യം കരുതിയത്. പിന്നെ കൂടുതല്‍ കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ എന്നാല്‍ പിന്നെ എന്താ സംഭവം എന്ന് അറിഞ്ഞേക്കാം എന്ന് കരുതി. നോക്കിയപ്പോഴല്ലേ സംഭവം അറ്റ്ലാന്റികില്‍ എവിടെയോ രൂപം കൊണ്ട ഒരു കൊടുംകാറ്റാണെന്ന് മനസിലായത്. കാര്യമാക്കാനില്ല എന്ന് കരുതി പിന്നെ ഗൌനിച്ചതുമില്ല. കഴിഞ്ഞ ആഴ്ച ഗുസ്താവ് വരുന്നു എന്ന് പറഞ്ഞു നാടിളക്കിയതാണ്. ഒരു ചുക്കും സംഭവിച്ചില്ല. അപ്പോഴല്ലേ ദേ പുതിയ വാര്‍ത്ത! ഈ പുള്ളി ലക്ഷ്യം വച്ചിരിക്കുന്നത് ഹ്യൂസ്റ്റണ്‍ ആണ്.
വെള്ളിയാഴ്ച്ച വൈകിട്ട് പുള്ളി എത്തും എന്നാണു ഇപ്പോഴത്തെ നിഗമനം.
ആള് ചില്ലറക്കാരനൊന്നുമല്ല. കാറ്റഗറി 2 ആണ് ഇപ്പോള്‍. അധികം താമസിയാതെ അത് കാറ്റഗറി 4 ആവും എന്നാണ് വയ്പ്പ്. ആളുടെ സഞ്ചാരം കണ്ടിട്ട് എന്തെങ്കിലും ഒരു തീരുമാനത്തില്‍ എത്താതെ പോവില്ല എന്നാണു തോന്നുന്നത്. ഇവിടെ നോക്കിയെ..
എന്തായാലും ആളുകള്‍ നിര്‍ബന്ധമായി ഒഴിഞ്ഞു പോകണം എന്നൊരു വാക്കു മേയറുടെ വായില്‍ നിന്നു കേട്ടിട്ടകാം പലായനം എന്ന് തീരുമാനിച്ചു. അല്ലെങ്കില്‍ കഴിഞ്ഞ തവണത്തെ പോലെ ആയാലോ?
ഇനിയിപ്പോ കറന്റും വെള്ളവും ഇല്ലാതെ എങ്ങനെ ജീവിക്കും? ഇവിടെയാണെങ്കില്‍ മുടിഞ്ഞ ചൂടും. ഉച്ചക്ക് പെട്രോള്‍ അടിക്കാന്‍ അഞ്ചു പമ്പില്‍ കയറിയിട്ട് അവസാനം ഒരു കണ്‍ട്രി റോഡിലുള്ള ഒരു പെട്ടികട പമ്പില്‍ നിന്നാണ് പെട്രോള്‍ കിട്ടിയത്. കട്ടപൊക തന്നെ.. ഓണം ഐക്ക് കൊണ്ടുപോയി.
ഓഫീസ് നാളെ അവധിയാണെന്ന് അറിയിച്ചുകൊണ്ടുള്ള ഇമെയില്‍ ദേ ദിപ്പോ കിട്ടിയതേ ഉള്ളു. ഇനിയിപ്പോ പോയി എങ്ങിട്ടെങ്കിലും കെട്ടിയെടുക്കാന്‍ വേണ്ടി കെട്ടും ഭാണ്ഡവും മുറുക്കട്ടെ. എങ്ങോട്ട് പോണം? ഡാലസിലേക്ക് വിട്ടാലോ? ഏയ് അത് ശരിയാവില്ല, ഐക്ക് അങ്ങോട്ടും പോകാന്‍ പ്ലാന്‍ ഇട്ടിട്ടുണ്ട് എന്നാണു കേട്ടത്. അപ്പൊ ശരി, സമയം കളയാനില്ല, തിരിച്ചു വന്നിട്ട് കാണാം. അപ്പൊ വിശേഷങ്ങള്‍ എല്ലാം പറയാം.
വേറൊരു വാര്‍ത്ത അറിഞ്ഞോ? അടുത്ത കാറ്റ് ജോസേഫൈന്‍ ഇങ്ങോട്ട് വരാന്‍ റെഡി ആയി ബൂട്ട് കെട്ടി പ്രാക്ടീസ് ചെയ്തോണ്ടിരിക്കുകയാ അറ്റ്ലാന്റിക്കില്‍!
അപ്പൊ സയോനാരാ... ചാവാന്‍ പോവുമ്പോള്‍ ഏത് സയോനാരാ എന്ന് ചോദിക്കല്ലേ... ഗുഡ് ബൈ പറഞ്ഞപ്പോ ജാപ്പനീസ് ഭാഷയില്‍ ആയിപ്പോയതാ...
ദേ വരുന്നു അടുത്തത്
Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍ അറിയിപ്പ്
Subscribe to:
Posts (Atom)