വാസന്തപഞ്ചമി നാളില്‍
വരുമെന്നൊരു കിനാവു കണ്ടു
കിളിവാതിലില്‍ മിഴിയും നട്ടു
കാത്തിരുന്നു ഞാന്‍...
ഭാര്‍ഗവിനിലയത്തിലെ പാട്ടിത്തിരി ഉറക്കെപ്പാടി ബൈക്ക് സ്റ്റാന്റില്‍ കയറ്റി വച്ച് വഴിഞ്ഞൊഴുകുന്ന മുഖസൗന്ദര്യം നെറ്റിയില്‍ ഇത്തിരി കൂടിപ്പോയോ എന്നുള്ള സംശയം കൊണ്ട് ചൂണ്ടുവിരല്‍ മടക്കി വടിച്ചു കളഞ്ഞ് പാട്ടിന്റെ വോളിയം ഇത്തിരി കുറച്ച് മുന്നില്‍ കണ്ട ഒരു ഗ്ലാസ്സ് ഡോര്‍ തള്ളിത്തുറന്ന് അകത്തുകയറിയപ്പോള്‍...
എന്നെത്തന്നെ നോക്കി കിളിവാതിലില്‍ മിഴികള്‍ നട്ട് കാത്തിരുന്നതുപോലെ നൂറോളം ലലനാമണികളുടെ കണ്ണുകള്‍ എന്റെ നേരെ തിരിഞ്ഞു. കൈയ്യില്‍ ഫയലും പിടിച്ച് കടമിഴികടാക്ഷമേറ്റ് നില്‍ക്കുന്ന എനിക്ക് സംഭവം എന്താണെന്ന് ആദ്യം മനസ്സിലായില്ല.
ഞാന്‍ അന്വേഷിച്ചു വന്ന ഓഫീസ് ഇതല്ല എന്ന് മനസിലാവാന്‍ തയ്യല്‍ മെഷീനുകളും, വെട്ടിയ തുണികളും, കന്നട പെണ്‍കുട്ടികളും ചിതറിക്കിടക്കുന്ന ആ മുറിയിലാകെ ഒന്നു നോക്കിയ എനിക്ക് കുറച്ചുസമയമേ വേണ്ടിവന്നുള്ളൂ...
റബ്ബര്‍ പന്ത് അടിച്ചത് തിരിച്ചുവന്നതുപോലെ ഞാന്‍ ചാടി പുറത്തിറങ്ങി. ചുറ്റും ഒന്നു നോക്കിയപ്പോള്‍ തൊട്ടടുത്ത കെട്ടിടത്തിന്റെ മുന്നില്‍ കുറെ ബൈക്കുകള്‍ പാര്‍ക്കു ചെയ്തു വച്ചിരിക്കുന്നതു കണ്ടു അങ്ങോട്ടു നടന്നു.
ചാരി വച്ചിരിക്കുന്ന ഒരു ബൈക്കിന്റെ പുറത്ത് ചാഞ്ഞു നിന്നുകൊണ്ട് ഒരു അഞ്ചടി എട്ടിഞ്ചുകാരന്‍ ആത്മാവിനു പുക കൊടുക്കുന്നു. അയാളോട് ചോദിച്ചു:
"കമ്പ്യൂട്ടര്‍ ......."
കമ്പനിപ്പടി കത്തി നില്‍ക്കുന്ന സിഗററ്റില്‍ നിന്നും ഒരു പുക കൂടി വലിച്ചെടുത്തു വിട്ടുകൊണ്ട് അയാള്‍ അകത്തേക്ക് കൈചൂണ്ടി.
അകത്തുചെന്നപ്പോള്‍ അടൂര്‍ പങ്കജം കഥകളിക്ക് മേക്കപ്പിട്ടതുപോലെ ഒരു മധുര മുപ്പതുകാരി റിസപ്ഷനില്‍ ഇരിക്കുന്നു.
"ഐ വാണ്ട് ടു മീറ്റ് വാസിലി ജോര്‍ജ്ജ്." വാസിലി ജോര്‍ജ്ജ് മിസ് ആണോ മിസിസ്സ് ആണോ എന്ന് തീര്‍ച്ചയില്ലാത്തത്കൊണ്ട് റിസ്കെടുക്കാന്‍ നിന്നില്ല. ആഗമനോദ്ദേശ്യം ചുരുട്ടിക്കൂട്ടി വിവരിച്ചുകൊടുത്തു.
മേല്‍ച്ചുണ്ടും കീഴ്ച്ചുണ്ടും തമ്മില്‍ മുട്ടിയാല്‍ ലിപ്‌സ്റ്റിക്കില്‍ ഉണ്ടായേക്കാവുന്ന രാസപ്രവര്‍ത്തനം ഭയന്ന് വായ മാക്സിമം തുറന്ന് ചേട്ടത്തി ഇരിക്കാന്‍ പറഞ്ഞു.
അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ അകത്തേക്ക് വിളിച്ചു. ഇന്റര്‍വ്യൂ റൂമിന്റെ മുന്നില്‍ ചെന്ന് മുട്ടിയപ്പോള്‍ അകത്തുനിന്ന് ഒരു പുരുഷശബ്ദം: "കമിന്‍."
അകത്ത് ചെന്നപ്പോള്‍ നേരത്തേ പുറത്തുനിന്ന് ആത്മാവിനു പുക കൊടുത്തുകൊണ്ടിരുന്ന ആ മനുഷ്യന്‍.
"പ്ലീസ് ബീ സീറ്റഡ്. ഐ ആം വാസിലി ജോര്‍ജ്ജ്."
ഇരിക്കുന്നതിനു മുന്‍പ് തന്നെ വന്നു ആദ്യത്തെ ചോദ്യം. പിന്നെ പാട്ടുപാടി വെള്ളി വീണ ഗാനമേളക്കാരനിട്ട് ചീമുട്ട എറിയുന്നതുപോലെ തലങ്ങും വിലങ്ങും ചോദ്യങ്ങള്‍ തുടങ്ങി. ഞാന്‍ ആണെങ്കില്‍ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ ഇരിക്കുന്നു. കാരണം വേറൊന്നുമല്ല, ചോദിച്ചതൊക്കെ എനിക്കറിയാത്ത കാര്യങ്ങളായിരുന്നു. അതുകൊണ്ട് തന്നെ "അരിയെത്രയാ? പയറഞ്ഞാഴി" ടൈപ്പ് കുറെ ഉത്തരങ്ങളും കൊടുത്തു.
എന്തായാലും പത്തു പതിനഞ്ച് ചോദ്യങ്ങള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ക്കു മനസ്സിലായിട്ടുണ്ടാവും ഞാന്‍ ഈ പണിക്ക് പറ്റിയ ആള്‍ തന്നെ എന്ന്. എന്നാല്‍ ശരി,അറിയിക്കാം എന്നു പറഞ്ഞു അയാള്‍ എഴുന്നേറ്റു. മനുഷ്യന് ഇത്ര ജാഡ പാടില്ല എന്നു മനസ്സില്‍ പറഞ്ഞു ഫയലൊക്കെ എടുത്ത് മൂട്ടിലെ പൊടിയും തട്ടി ഞാനും എഴുന്നേറ്റു പുറത്തിറങ്ങി.
ജോലി കിട്ടി. ഓഫീസില്‍ പുതിയ സുഹൃത്തുക്കളെക്കിട്ടി. വാസിലി ജോര്‍ജ്ജ് എന്ന മനുഷ്യനില്‍ നിന്നും ഒരുപാട് നെറ്റ്വര്‍ക്കിംഗ് പഠിച്ചു. അന്നുവരെ മാക്സിമം രണ്ട് പെഗ്ഗ് ഗ്രീന്‍ ലേബല്‍ കഴിച്ചിരുന്ന വാസിലിയെ അഞ്ച് പെഗ്ഗ് അടിക്കാന്‍ പഠിപ്പിച്ച് ഞാന്‍ ഗുരുദക്ഷിണ കൊടുത്തു.
എല്ലാവരും ക്യാപ്റ്റന്‍ എന്നു വിളിക്കുന്ന വാസിലി മലയാളിയാണെന്ന് വളരെ വൈകി ആണ് മനസ്സിലായത്. ഭാര്യ ഭരണി കന്നടക്കാരിയും. നാലു വയസ്സുള്ള മകന്‍ ഷോണ്‍.
മധ്യതിരവിതാംകൂര്‍ അച്ചായന്മാര്‍ക്ക് പൊതുവേയുള്ള അപ്പം, ബീഫ് ഫ്രൈ പ്രേമം കാരണം ക്യാപ്റ്റന്‍ ഇടയ്ക്കിടെ എന്നെ കാണാന്‍ ഞാന്‍ താമസിക്കുന്ന തിപ്പസാന്ദ്രയില്‍ വരും. മോട്ടിസ് എന്ന കേരള മെസ്സില്‍ നിന്നും അപ്പവും ബീഫ് ഫ്രൈയ്യും മൂക്കുമുട്ടെ തട്ടി, ഒരു സിഗററ്റും ഒരു ചായയും ബൈ ടു അടിച്ച് ഞാനും ക്യാപ്റ്റനും നെറ്റ്‌വര്‍ക്കിംഗ് തത്വശാസ്ത്രങ്ങളുടെ കുരുക്കുകള്‍ അഴിച്ചു, അടിച്ചുപൊളിച്ചു.
മൂന്നു വര്‍ഷം മുന്‍പ് ഡിസംബറിലെ ഒരു തണുത്ത രാത്രി. പിറ്റേന്ന് ക്രിസ്തുമസ് ആണ്. എങ്ങും വര്‍ണ്ണവിളക്കുകളുടെ മായാപ്രപഞ്ചം.
മൊബൈലില്‍ ജിംഗിള്‍ ബെല്‍സ് തകര്‍ത്തടിക്കുന്നു, ക്യാപ്റ്റന്റെ കോള്‍.
"ഗുരോ, മോട്ടിസിലേക്ക് വാ. ഞങ്ങള്‍ ഇവിടെ ഉണ്ട്."
ക്യാപ്റ്റനും ഭാര്യയും മകനും കൂടി ക്രിസ്തുമസ് ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ് മടങ്ങുന്ന വഴി മോട്ടിസില്‍ നിന്നും അപ്പവും ബീഫ് ഫ്രൈയ്യും കഴിക്കാം എന്നു കരുതി വന്നതാണ്.
അവരോടൊപ്പം കുശലം പറഞ്ഞ്, അവരുടെ ചെറിയ ഇണക്കങ്ങളിലും പിണക്കങ്ങളിലും പങ്കുചേര്‍ന്ന്, ഷോണിനോടൊപ്പം കളിച്ച് ആ മഞ്ഞുപെയ്യുന്ന ക്രിസ്തുമസ് രാവ് ഞങ്ങള്‍ സുന്ദരമാക്കി.
കഴിച്ചു കഴിഞ്ഞ് പുറത്തു വന്നപ്പോഴാണ് ക്യാപ്റ്റന്റെ കാറില്‍ ഒട്ടിച്ച 'എല്‍' എന്റെ ശ്രദ്ധയില്‍പ്പെട്ടത്. ക്യാപ്റ്റന്റെ ഭാര്യ ഡ്രൈവിംഗ് സീറ്റില്‍ കയറിയിരുന്നപ്പോള്‍ കാര്യം മനസ്സിലായി. എന്തായാലും ഒന്നു കണ്ടിട്ടു തന്നെ കാര്യം എന്ന് ഞാനും കരുതി.
പാര്‍ക്കിംഗ് പരിമിതമായ തിപ്പസാന്ദ്ര റോഡില്‍ നിരത്തിവച്ചിരിക്കുന്ന കുറെ ബൈക്കുകളുടെ അരികില്‍ ചേര്‍ത്തു നിര്‍ത്തിയിരുന്ന കാര്‍ ഒന്നു പിന്നോട്ടെടുക്കാന്‍ ശ്രമിക്കുന്നു ഭരണി. ഞാനും ക്യാപ്റ്റനും നന്നായി പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
പിന്നോട്ടെടുത്ത കാര്‍ ഗിയര്‍ മാറ്റാതെ മുന്നോട്ടെടുത്ത് പരീക്ഷണം നടത്താന്‍ ഭരണിക്ക് തോന്നിയത് വളരെ പെട്ടെന്നായിരുന്നു. പിന്നോട്ടു തന്നെ വന്ന കാര്‍ ഏറ്റവും അറ്റത്തായി ഇരുന്ന ബൈക്കിന്റെ മുകളില്‍ ചെന്നു ഒരു ചെറിയ ശബ്ദത്തോടെ മുട്ടി. ബൈക്ക് മറിഞ്ഞു തൊട്ടടുത്ത പോസ്റ്റിലേക്ക് വീണു. ഇരുട്ടായതുകൊണ്ടും, ആരും കണ്ടില്ല എന്ന് ബോധ്യമുള്ളതുകൊണ്ടും വാസിലി ബൈക്ക് പൊക്കി നേരെ വച്ചു കാറില്‍ കയറി എന്നോട് ശുഭരാത്രിയും പറഞ്ഞ് സ്ഥലം കാലിയാക്കി.
മോട്ടിസിലെ ബില്ല് സെറ്റില്‍ ചെയ്ത് ഒരു ക്രിസ്തുമസ് കര്‍ട്ടണ്‍ റൈസര്‍ അടിച്ചുപൊളിച്ച ചാരിതാര്‍ഥ്യത്തോടെ ഞാന്‍ എന്റെ ബൈക്കിന്റെ അടുത്തേക്ക് നടന്നു.
ദാ, അവിടെ പോസ്റ്റിന്റെ മുകളില്‍ വീണു ചളുങ്ങിയ പെട്രോള്‍ ടാങ്കുമായി കൃഷ്ണന്‍കുട്ടി നായരുടെ മുഖഛായയോടെ ഇരിക്കുന്നു എന്റെ ബജാജ് കാലിബര്‍.
ക്യാപ്റ്റനെ തെറി വിളിക്കണോ അതോ "ആരും കണ്ടില്ല, വേഗം വിട്ടോ" എന്നുപറഞ്ഞു അവരെ രക്ഷപെടുത്തിയ എന്നെത്തന്നെ തെറി വിളിക്കണോ എന്ന് ഒരു കണ്‍ഫ്യൂഷനിലായിരുന്നു ഞാന്‍.
ഞാന്‍ ജോലി മാറി. എന്നിട്ടും ക്യാപ്റ്റന്‍ നിനയ്ക്കുമ്പോഴും നിനയ്ക്കാത്തപ്പോഴും പുഞ്ചിരിയോടെ ഗുരോ എന്നു വിളിച്ചു കയറിവന്നു.
ഫെബ്രുവരിയില്‍ അമേരിക്കയിലേക്ക് പോവാന്‍ വിസ കിട്ടിയപ്പോള്‍ ക്യാപ്റ്റനെ വിളിച്ചു ഒന്നു ആഘോഷിക്കാന്‍ തീരുമാനിച്ചു. എയര്‍പ്പോര്‍ട്ട് റോഡില്‍ ഓപിയം എന്ന പഞ്ചനക്ഷത്ര ബാറിന്റെ അരികില്‍ ആയി മുരുകേശ്‌പാളയംകാരന്‍ ഗോപി നടത്തുന്ന ഗോപിയം എന്ന് ഞങ്ങള്‍ ഓമനപ്പേരിട്ടു വിളിക്കുന്ന അരനക്ഷത്ര ബാറില്‍ ഞാനും ക്യാപ്റ്റനും. അന്ന് ഈ ബൈക്ക് കഥ പറഞ്ഞ് ഞാനും ക്യാപ്റ്റനും ഒരുപാട് ചിരിച്ചു.
ഒരു സായാഹ്നം മുഴുവന്‍ ഒന്നിച്ചു ചിലവഴിച്ച്, ഒരുപാട് ചിരിച്ച്, ഒരുപാട് ചിന്തിപ്പിച്ച്, എന്റെ ആദ്യത്തെ ഇന്റര്‍വ്യൂവിനെ ഓര്‍മ്മിപ്പിച്ച്, ഒടുക്കം എന്നെ കെട്ടിപ്പിടിച്ച് "യൂ നോ ഹൗ ടു ടോക്ക് ബുള്‍ഷിറ്റ്" എന്ന് പറഞ്ഞ് പൊട്ടിച്ചിരിച്ചു, ക്യാപ്റ്റന്‍.
*************************************************
അക്കൊല്ലത്തെ ഡിസംബര്‍. മഞ്ഞുപെയ്യുന്ന ന്യൂയോര്‍ക്ക് തെരുവീഥികളിലൂടെ ക്രിസ്തുമസ് വിളക്കുകള്‍ കണ്ട്, തെരുവില്‍ ചിത്രങ്ങള്‍ വരയ്ക്കുന്ന കലാകാരന്മാരെക്കണ്ട് നടന്നപ്പോള്‍ ഒരു കൗതുകം. പരുക്കന്‍ രോമക്കുപ്പായം ധരിച്ച് വരയ്ക്കാന്‍ ഒരു മുഖം അന്വേഷിച്ച് നടന്നുപോകുന്ന എല്ലാവരേയും പ്രതീക്ഷയോടെ നോക്കുന്ന ഒരു ചിത്രകാരി. അവരുടെ കണ്ണിലെ നിസ്സഹായത കണ്ട് വരയ്ക്കാനായി അവരുടെ മുന്നില്‍ ഇരുന്നു കൊടുത്തു.
സെല്‍ഫോണ്‍ ബെല്ലടിക്കുന്നു. ബാംഗ്ലൂരില്‍ നിന്നും പ്രശാന്ത്.
പ്രശാന്തിന്റെ ശബ്ദത്തില്‍ പരിഭ്രാന്തി. പറഞ്ഞത് ക്യാപ്റ്റനെക്കുറിച്ച്. തൊട്ടുമുന്‍പുള്ള നിമിഷം വരെ എന്റെ മനസ്സില്‍ എന്നെ നയിച്ച ക്യാപ്റ്റന്‍ എന്നെന്നേക്കുമായി ഈ ലോകത്തിനോട് വിടപറഞ്ഞിരിക്കുന്നു, പ്രിയപ്പെട്ട ഭാര്യയോടും മകനോടുമൊപ്പം.
ബാംഗ്ലൂരിലെ കനകപുര റോഡില്‍ ഒരു സുഹൃത്തിനോടും കുടുംബത്തോടുമൊപ്പം ക്രിസ്തുമസിന്റെ തലേദിവസം പുറത്തുപ്പോയി ഭക്ഷണം കഴിച്ച് വരികയായിരുന്ന ക്യാപ്റ്റനും ഭരണിയും ഷോണും, ആ സുഹൃത്തിന്റെ കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ഒരു ട്രക്കിന്റെ മുന്നില്‍...
*************************************************
ആഴ്ചകള്‍ക്കു ശേഷം, ക്യാപ്റ്റന്റെയും ഭരണിയുടെയും ബന്ധുക്കള്‍ പങ്കിട്ടെടുത്ത സാധനങ്ങള്‍ എല്ലാം കൊണ്ടുപോയിക്കഴിഞ്ഞ് ആളൊഴിഞ്ഞ ക്യാപ്റ്റന്റെ വീട്ടില്‍ ആര്‍ക്കും വേണ്ടാതെ കിടന്ന ക്യാപ്റ്റന്റെ ആല്‍ബത്തില്‍ നിന്നും കിട്ടിയ നിശ്ചയദാര്‍ഡ്യം തുടിക്കുന്ന ആ സുന്ദരമുഖത്തിന്റെ ചില നല്ല ചിത്രങ്ങള്‍ സ്കാന്‍ ചെയ്ത് അയച്ചു തന്നു പ്രശാന്ത്.
പക്ഷെ, അഞ്ച് പെഗ്ഗ് ഗ്രീന്‍ ലേബലിന്റെ ലഹരിയില്‍ എന്നെ കെട്ടിപിടിച്ച് "യൂ നോ ഹൗ ടു ടോക്ക് ബുള്‍ഷിറ്റ്" എന്ന് പറയുന്ന ക്യാപ്റ്റന്റെ മുഖത്തിനു പകരം വയ്ക്കാന്‍ ഇന്നും ആ ചിത്രങ്ങള്‍ക്കാവുന്നില്ല.
ക്യാപ്റ്റന്‍സി
Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍ ഓര്മ്മക്കുറിപ്പ്ബൈക്കും ടാക്സും പിന്നെ ഞാനും
Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍ ഓര്മ്മക്കുറിപ്പ്വണ്ടി ഹൊസൂര്‍ എത്തിയപ്പോള്‍ത്തന്നെ ഉണര്‍ന്നു. ഇനി കൂടിയാല്‍ അരമണിക്കൂര്‍ മഡിവാള എത്താന്‍. ആകെ ഒരു സന്തോഷം തോന്നി. പുതിയ ജോലിക്ക് ജോയിന്‍ ചെയ്യാന്‍ പോകുന്ന ദിവസം. വണ്ടിയിറങ്ങി വണ്ടിയെടുത്ത് വീട്ടില്‍പ്പോയി ഒന്നു കുളിച്ചു റെഡിയായി ഓഫീസില്‍ പോകാന്‍ സമയം ഉണ്ട്. സമാധാനം.
ഒരു മാസത്തെ അക്ഷീണപരിശ്രമത്തിനൊടുവില്‍ കഷ്ടപ്പെട്ട് കിട്ടിയ ജോലിയാണ്. ജോലി ഉറപ്പായത് വെള്ളിയാഴ്ച. അന്നു തന്നെ നാട്ടില്‍പ്പോയി ബൈക്കുമായി തിരിച്ചുവരികയാണ്. എ.സി. വോള്‍വോ ബസ്സില്‍ ബൈക്കും കയറ്റി ഞായറാഴ്ച തന്നെ കൊല്ലത്തുനിന്നും തിരിച്ചു. തിങ്കളാഴ്ച രാവിലെ ആറ് മണിക്ക് മഡിവാള എത്തിയാല്‍ തിപ്പസാന്ദ്രയിലുള്ള വീട്ടില്‍ പോയി കുളിച്ചു റെഡിയായി ബൊമ്മസാന്ദ്രയുള്ള ഓഫീസില്‍ ഒമ്പത് മണിക്കുമുന്‍പ് എത്താം എന്നാണ് കണക്കുക്കൂട്ടല്‍.
മഡിവാള മഡിവാള എന്നു കിളിച്ചെറുക്കന്‍ ഉറക്കെ വിളിച്ചുപറയുന്നതുകേട്ടാണ് ചിന്തയില്‍നിന്നും ഉണര്‍ന്നത്. ബാഗുമെടുത്ത് എഴുന്നേറ്റു. ബസ് നിന്ന ഉടനെ ഇറങ്ങാനായി ഫുട്ട്ബോര്‍ഡില്‍ കാലെടുത്തുവച്ചപ്പോള്‍ ആരോ ഒരാള്‍ വന്നു കൈനീട്ടി. കിലുക്കത്തില്‍ ജഗതി ഇടിച്ചുകയറുന്നതുപോലെ, "വെല്‍കം ടു ബാംഗ്ലൂര്‍, നൈസ് ടു മീറ്റ് യു" എന്നൊക്കെ പറയുന്ന ഗൈഡ് ആയിരിക്കും എന്നു വിചാരിച്ച് ഞാനും കൈനീട്ടി. ഒരുപക്ഷേ എന്നെക്കണ്ടപ്പോള്‍ അങ്കമാലിയിലെ പ്രധാനമന്ത്രിയുടെ അനന്തവനാണെന്ന് തോന്നിയിട്ടുണ്ടാവും.
ഒരു മിനിറ്റ് കഴിഞ്ഞ് നോക്കിയപ്പോള്‍ ഞാന്‍ ഒരു ഫ്രണ്ട് എഞ്ചിന്‍ ഓട്ടോറിക്ഷയുടെ ബാക്ക്സീറ്റില്‍ ഇരിക്കുന്നു. എന്നെ അയാള്‍ ചുമന്ന് അവിടെക്കൊണ്ട് വച്ചതാണ്. അപ്പോള്‍ കാര്യം പിടികിട്ടി. ഓട്ടോ ഡ്രൈവറാണ്. ഇതിവിടെ പതിവുമാണ്. ചുറ്റും നോക്കിയപ്പോള്‍ ബസ്സിറങ്ങി വരുന്നവരെ ഓടിച്ചിട്ടു പിടിക്കുന്ന ഓട്ടോ ഡ്രൈവര്‍മാര്‍.
"എല്ലി ഹോഗ്‌ബേക്കാ?", ഞെട്ടിപ്പോയി ഞാന്‍. എന്താണെന്നൊന്നും മനസ്സിലായില്ല. അയാള്‍ കന്നടയില്‍ എന്തോ ചോദിക്കുകയാണ്. എന്തോ പ്രശ്നമുണ്ടെന്ന് മനസ്സിലായി.
"എന്താ?"
"എല്ലി ഹോഗ്‌ബേക്കാ?" ദേ വീണ്ടും അയാള്. ഇത്തവണ ആയാളുടെ ശബ്ദം കുറച്ചുകൂടി ഉച്ചത്തിലായി.
"ഏയ്, ഞാനത്തരക്കാരനൊന്നുമല്ല." അയാള്‍ എന്നെ ഏടുത്ത് ഓട്ടോയില്‍ക്കൊണ്ടിരുത്തി തെറിവിളിക്കുകയാണെന്നാണ് ആദ്യം എനിക്കു തോന്നിയത്.
പെട്ടെന്നാണ് ബസ്സില്‍ ഇരിക്കുന്ന എന്റെ ബൈക്കിനെക്കുറിച്ച് ഓര്‍മ്മ വന്നത്. അയ്യോ എന്നു വിളിച്ചുകൊണ്ട് ഞാന്‍ ചാടിയിറങ്ങി ഓടി. തിരിച്ചു ബസ്സിന്റെ അടുത്ത് എത്തിയപ്പോള്‍ കിളിപ്പയ്യന്‍ ബൈക്ക് ഏടുത്ത് പുറത്ത് വെച്ച് ഉടമസ്ഥനെക്കാത്ത് നില്‍ക്കുന്നു.
പയ്യനൊരു പത്ത് രൂപയും കൊടുത്ത് ബൈക്ക് തള്ളി തൊട്ടടുത്ത പമ്പില്‍ നിന്നും പെട്രോള്‍ അടിച്ച് നേരെ വിട്ടു തിപ്പസാന്ദ്രക്ക്. കുളിയും തേവാരവുമെല്ലാം കഴിഞ്ഞ് എട്ട് മണിക്ക് ഇറങ്ങി ജോലിക്കു പോവാന്‍. താമസിച്ചുപോയതുകൊണ്ട് ഒരിത്തിരി സ്പീഡില്‍ തന്നെയാണ് പോയത്. അങ്ങനെ തടസ്സങ്ങളൊന്നുമില്ലാതെ മുന്നോട്ട് പോകവേ സില്‍ക്ക് ബോര്‍ഡ് ജംഗ്ഷനില്‍ എത്തിയപ്പോള്‍ പൊലീസ് കൈകാണിച്ചു.
അടുത്ത മാരണം. ജോലിക്ക് പോകുന്ന നേരത്തു തന്നെ വേണോ ഇവനൊക്കെ വണ്ടി ചെക്ക് ചെയ്യാന്‍ എന്നു മനസ്സില്‍ പ്രാകിക്കൊണ്ട്, ലൈസന്‍സും ബുക്കും പേപ്പറുമായി ചെന്നു. എല്ലാം വാങ്ങി ഒന്നു നോക്കിയിട്ട് അയാള്‍ കന്നടയില്‍ എന്തോ പറഞ്ഞു. എന്താണെന്ന് മനസ്സിലായില്ലെങ്കിലും ടാക്സ് എന്നു ഇടയ്ക്ക് കേട്ടതുപോലെ തോന്നി. ഞാന്‍ ടാക്സ് അടച്ച രസീത് എടുത്ത് കാണിച്ചു.
അരമണിക്കൂര്‍ അയാള്‍ കന്നടയിലും ഞാന്‍ മലയാളത്തിലും സംസാരിച്ചു ഒരു തീരുമാനത്തിലെത്തി. ഞാന്‍ ടാക്സ് അടച്ചത് ഉമ്മന്‍ ചാണ്ടി പുള്ളിക്കാരന്റെ കുടുംബസ്വത്തിലേക്ക് മുതല്‍ക്കൂട്ടി. ബാംഗ്ലൂര്‍ വണ്ടിയോടിക്കണമെങ്കില്‍ എസ്.എം.കൃഷ്ണയ്ക്ക് ഇനി വേറേ കൊടുക്കണം. കൊടുക്കാന്‍ താല്പര്യം ഇല്ലെങ്കില്‍ എന്നെ പിടിച്ച പൊലീസുകാരന് നൂറു രൂപ കൊടുക്കണം. അപ്പോള്‍ എല്ലാം ശരിയാവും. കലികാലം, അല്ലാതെന്ത് പറയേണ്ടൂ. അന്ന് മനസ്സിലായി കര്‍ണ്ണാടകത്തില്‍ വണ്ടിയോടണമെങ്കില്‍ കേരളത്തില്‍ ടാക്സ് അടച്ചാല്‍ പോരാ എന്നു.
ജോലിയില്‍ ജോയിന്‍ ചെയ്യേണ്ട ദിവസമായതുകൊണ്ട് കൂടുതല്‍ സുരേഷ് ഗോപി കളിക്കാന്‍ നിന്നില്ല. അമ്പത് രൂപ കൊടുത്ത് അവിടെ നിന്ന് തടിയൂരി.
രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ എന്നെ ഡൊംളൂര്‍ ഓഫീസിലേക്ക് മാറ്റി. കസ്റ്റമര്‍ സപ്പോര്‍ട്ടില്‍ ആയതുകൊണ്ട് പകല്‍ മുഴുവന്‍ ബാംഗ്ലൂര്‍ സിറ്റിയുടെ പല ഭാഗത്തായി കറക്കം. മൂന്നു മാസം കറങ്ങിയ വകയില്‍ കര്‍ണ്ണാടകത്തിലെ ഖജനാവിലേക്ക് പോവേണ്ടിയിരുന്ന കുറെ കാശ് ഞാന്‍ രണ്ട് മൂന്ന് പൊലീസുകാര്‍ക്ക് വീതം വച്ചു കൊടുത്തു.
ഒരു ദിവസം ജോലി ഒക്കെ കഴിഞ്ഞു ഓഫീസില്‍ നിന്നും ഇറങ്ങി വണ്ടിയുമെടുത്ത് പുറപ്പെട്ടു ഡൊംളൂര്‍ ശാന്തി സാഗറിന്റെ മുന്നില്‍ എത്തിയപ്പോള്‍ ഒരാള്‍ റോഡില്‍ നിന്ന് കൈകാണിച്ചു. ലിഫ്റ്റ് ചോദിക്കുകയാവും എന്ന് കരുതി ചേതമില്ലാത്ത ഒരുപകാരം അല്ലേ എന്നു മനസ്സില്‍ വിചാരിച്ച് വണ്ടി നിര്‍ത്തി. ഓടി വന്ന അയാള്‍ വണ്ടി ഓഫ് ചെയ്തു ചാവി ഊരിയെടുത്തു.
അയാള്‍ കന്നടയില്‍ എന്തോ ഒന്നു പറഞ്ഞു. ഇതിപ്പോള്‍ നല്ല പരിചയം ആയതുകൊണ്ട് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. പൊലീസല്ലെങ്കിലും അതുപോലെ എന്തോ ഒരു വകുപ്പാണെന്ന് മനസ്സിലായി. കൈയ്യില്‍ ഒരു ഫയല്‍, ഒരു വയര്‍ലെസ്സ് സെറ്റ്. ഇതു അതു തന്നെ, ആര്‍. ടി. ഓ. സ്ക്വാഡ്. ഇതു അമ്പത് രൂപയില്‍ നില്‍ക്കുന്ന കേസല്ല. എന്റെ കേരള രജിസ്ടേഷന്‍ ബൈക്ക് എന്റെ പൊക കണ്ടിട്ടേ അടങ്ങൂ.
ദോഷം പറയരുതല്ലോ, ഞാന്‍ ഒരു പ്രാവശ്യം ഇന്ദിരാനഗര്‍ ആര്‍.ടി.ഓ. ഓഫീസില്‍ പോയതാ ടാക്സ് അടയ്ക്കാന്‍. കൊല്ലം ആര്‍.ടി.ഓ.യുടെ ഒരു എന്‍.ഓ.സി. ഇല്ലാതെ ഇവിടെ ടാക്സ് അടയ്ക്കാന്‍ പറ്റില്ല എന്നു പറഞ്ഞ് ഒരു ഉദ്യോഗസ്ഥന്‍ എന്നെ നിരുത്സാഹപ്പെടുത്തി. എന്‍.ഓ.സി.വാങ്ങണമെങ്കില്‍ ഒരു ദിവസം ലീവ് എടുത്ത് പോകണം. ഒരു മാസം കൂടി കഴിയട്ടെ എന്നു കരുതി മാറ്റി വച്ചതാണ്. അതിപ്പൊ ഇങ്ങനെ ഒരു പാരയും ആയി.
എന്തായാലും എന്റെ മുറി തമിഴും, മലയാളവും, ഇംഗ്ലീഷും അയാളുടെ കന്നടയും കൂടി ഏറ്റുമുട്ടി. ഒരു കാര്യം മനസ്സിലായി. അന്നു എനിക്കു ബൈക്കില്‍ വീട്ടില്‍ പോകാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ ഇരുന്നൂറ്റന്‍പത് രൂപാ വേണം. അല്ലെങ്കില്‍ ബൈക്ക് അയാള്‍ കൊണ്ടുപോകും, പിറ്റേന്ന് ആര്‍.ഡി.ഓ. ഓഫീസില്‍ പോയി എടുക്കണം. എന്തായാലും ഇരുന്നൂറ്റന്‍പത് രൂപയ്ക്കു വേണ്ടി ബൈക്ക് ഉപേക്ഷിക്കാന്‍ മനസ്സു വന്നില്ല. അതുകൊണ്ട് ഇരുന്നൂറ്റന്‍പത് രൂപ കൊടുത്ത് ബൈക്കുമെടുത്ത് സ്ഥലം വിട്ടു.
പോകുന്ന വഴിക്ക് ഒരു ചിന്ത തലപൊക്കി. ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല. എങ്ങനെയെങ്കിലും ടാക്സ് അടയ്ക്കണം. എന്‍.ഓ.സി. ഇല്ലാതെ സാധിക്കാന്‍ എന്തെങ്കിലും ഒരു വഴി കണ്ടെത്തണം. ഇല്ലെങ്കില്‍ കിട്ടുന്ന ശമ്പളം പൊലീസിനും ആര്‍.ടി.ഓ. സ്ക്വാഡിനും കൊടുക്കാനേ തികയൂ.. നേരെ വച്ചു പിടിച്ചു, തിപ്പസാന്ദ്രയിലുള്ള ജയശ്രീ ബാറിലേക്ക്.
ബാറില്‍ പോയത് രണ്ടെണ്ണം അടിച്ചിട്ട് ടാക്സ് അടയ്ക്കുന്ന കാര്യം ആലോചിക്കാനല്ല. വല്യച്ചന്റെ മകനൊരാള്‍, എന്റെ ചേട്ടന്‍, ബാംഗ്ലൂര്‍ ജനിച്ചു വളര്‍ന്ന ആ പുലിയുടെ സഹായം തേടാന്‍.
കണ്ടുപിടിക്കാന്‍ അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല. ബാറിന്റെ ഒന്നാമത്തെ നിലയില്‍ കയറിച്ചെല്ലുന്നവര്‍ക്കൊക്കെ കാണത്തക്ക നിലയില്‍ ഒരു മൂലയില്‍ ഭിത്തിയില്‍ ചാരി വച്ചതുപോലെ ഇരിപ്പുണ്ട് നമ്മുടെ കക്ഷി.
അടുത്തുചെന്നു വിളിച്ചു... "അണ്ണാ... പൂയ്."
"ആഹ്. നീ ഇരിക്ക്."
"ഇരിക്കാനൊന്നും സമയമില്ലണ്ണാ. ആര്‍.ടി.ഓ. സ്ക്വാഡ്."
"അതൊന്നും ഇവിടെ കിട്ടില്ല. നീ വല്ല ഓ.സി.ആര്‍. റമ്മും വാങ്ങി അടിക്ക്. ഇരിക്കാന്‍ സമയമില്ലെങ്കില്‍ താഴെ കൗണ്ടറില്‍ പോയി ഒരു നിപ്പനടിച്ചിട്ട് എന്റെ പേരു പറഞ്ഞാല്‍ മതി."
പിടിച്ചതിലും വലുതാണ് ബാറിലുള്ളത് എന്നു ബോധ്യമായതുകൊണ്ട് കൂടുതല്‍ നേരം അവിടെ നിന്ന് സമയം മിനക്കെടുത്തിയില്ല.
പിറ്റേന്ന് കുറച്ചു നേരത്തേ ഓഫീസില്‍ നിന്നും ഇറങ്ങി. ചേട്ടന്‍ ബാറില്‍ പോകുന്നതിനുമുമ്പ് പിടിക്കണം എന്ന ഉദ്ദേശ്യത്തോടെ. പുള്ളി ഓഫീസില്‍ നിന്നും ഇറങ്ങുന്ന സമയത്തുതന്നെ കൈയ്യോടെ പിടികൂടി. കാര്യം പറഞ്ഞു.
"ഇത്രയേ ഉള്ളോ കാര്യം. എന്റെ കൂടെ പഠിച്ച രവി ഇപ്പോള്‍ ആര്‍.ടി.ഓ. ഏജന്റ് ആണ്. അവനെക്കൊണ്ട് നമുക്ക് കാര്യം സാധിക്കാം. നീ വാ." എന്ന് പറഞ്ഞ് എന്നെക്കാള്‍ മുമ്പേ വണ്ടിയില്‍ക്കയറി ഇരിപ്പായി ചേട്ടന്‍.
ഞങ്ങള്‍ ചെല്ലുമ്പോള്‍ രവി അവിടെ ഇല്ലായിരുന്നു. കുറച്ചുനേരം കാത്തിരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇരുപത് മിനിറ്റ് കഴിഞ്ഞപ്പോള്‍ രവി വന്നു.
രവിയെക്കണ്ട് ഞാന്‍ ചുവന്ന തുണി കണ്ട കാളയെപ്പോലെ അസ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങി. ഇടയ്ക്ക് "അയ്യോ" എന്ന് വിളിച്ചത് ഇത്തിരി ഉറക്കെ ആയിപ്പോയി. ചേട്ടന്‍ ആകെ അമ്പരന്ന് എന്നെയും രവിയേയും മാറി മാറി നോക്കി.
"ഇയാളാ അണ്ണാ ഇന്നലെ എന്നെ പിടിച്ചു നിര്‍ത്തി ഇരുന്നൂറ്റന്‍പത് രൂപ വാങ്ങിയത്." ഞാന്‍ ചേട്ടനോട് രഹസ്യമായി പറഞ്ഞു.
രവിയ്ക്കാണെങ്കില്‍ എന്നെ ആലുവാ മണപ്പുറത്ത് വച്ച് കണ്ട പരിചയം പോലും ഇല്ല. ചേട്ടന്‍ സംസാരിച്ചു തുടങ്ങിയപ്പോഴാണ് ഞെട്ടിക്കുന്ന വേറൊരു സത്യം ഞാന്‍ മനസ്സിലാക്കിയത്. രവി മലയാളിയാണ്!
എന്തായാലും എന്‍.ഓ.സി. ഇല്ലാതെ ടാക്സ് അടച്ചൂതരാം എന്നു രവി ഏറ്റു. അതനുസരിച്ച് ടാക്സ് ആയ രണ്ടായിരത്തി എഴുന്നൂറ് രൂപയും, ടാക്സ് അടയ്കാന്‍ ഉള്ള ആരോഗ്യത്തിനു വേണ്ടി അടയ്ക്കുന്ന ആള്‍ക്കും കണ്ടുനില്‍ക്കുന്നവര്‍ക്കും കോംപ്ലാന്‍ കഴിക്കാന്‍ ആയിരം രൂപയും രവിയുടെ കയ്യില്‍ കൊടുത്തു.
പറഞ്ഞതുപോലെ തന്നെ പിറ്റേന്ന് വൈകുന്നേരം ടാക്സ് അടച്ച രസീതും ടാക്സ് ടോക്കണും രവി ചേട്ടനെ ഏല്പ്പിച്ചു.
നാലായിരം രൂപ പോയെങ്കിലെന്താ, ഇനി തല ഉയര്‍ത്തിപ്പിടിച്ച് ബാംഗ്ലൂര്‍ സിറ്റിയിലൂടെ വണ്ടി ഓടിക്കാമല്ലോ. ഞാന്‍ ആഹ്ലാദപുളകിതനായി.
പിറ്റേന്ന് മുതല്‍ വണ്ടിയുടെ സ്പീഡ് കൂടി. ട്രാഫിക്ക് സിഗ്നലുകളില്‍ നിര്‍ത്തേണ്ടി വരുമ്പോള്‍ അല്പം പുറകോട്ട് മാറ്റി നിര്‍ത്തിയിരുന്ന ഞാന്‍ ഇപ്പോള്‍ ഏറ്റവും മുന്‍നിരയില്‍ തന്നെ നിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിച്ചു.
കാലം മാറി, ജോലി മാറി, ഓഫീസ് മാറി.
മൂന്നു മാസത്തിനു ശേഷം ഒരു വൈകുന്നേരം. കോറമംഗല ഫോര്‍ത്ത് ബ്ലോക്കിലൂടെ വരികയായിരുന്ന എന്റെ കേരള രജിസ്‌ട്രേഷന്‍ ബൈക്കിന്റെ മുന്നിലേക്ക് ഒരാള്‍ ചാടിവീണു. ഞാന്‍ ബൈക്ക് നിര്‍ത്തി. അദ്ദേഹം പിന്നില്‍ കയറിയിരുന്നു.
"സ്വല്പ മുന്തേ ഹോഗി സ്റ്റോപ് മാടു."
ഞാന്‍ അയാള്‍ പറഞ്ഞ സ്ഥലത്ത് വണ്ടി നിര്‍ത്തി. അയാള്‍ ചാടിയിറങ്ങി.
"ടാക്സ് പേപ്പേര്‍സ് എല്ലി?" ടാക്സ് അടച്ച കടലാസുകള്‍ ചോദിക്കുകയാണ്.
ഞാന്‍ ഹെല്‍മറ്റ് ഊരി. "എന്തൊക്കെയുണ്ട് രവിയണ്ണാ വിശേഷങ്ങള്‍?"
"ഏയ്, അങ്ങനെയൊന്നുമില്ല...ഞാന്‍ വെറുതെ..." നിന്ന നില്‍പ്പില്‍ രവിയണ്ണന്‍ സ്കൂട്ട് ആയി.
വഴിയരികില്‍ അന്തം വിട്ടു ഞാനും.