ബൈക്കും ടാക്സും പിന്നെ ഞാനും

Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍

വണ്ടി ഹൊസൂര്‍ എത്തിയപ്പോള്‍ത്തന്നെ ഉണര്‍ന്നു. ഇനി കൂടിയാല്‍ അരമണിക്കൂര്‍ മഡിവാള എത്താന്‍. ആകെ ഒരു സന്തോഷം തോന്നി. പുതിയ ജോലിക്ക് ജോയിന്‍ ചെയ്യാന്‍ പോകുന്ന ദിവസം. വണ്ടിയിറങ്ങി വണ്ടിയെടുത്ത് വീട്ടില്‍‌പ്പോയി ഒന്നു കുളിച്ചു റെഡിയായി ഓഫീസില്‍ പോകാന്‍ സമയം ഉണ്ട്. സമാധാനം.

ഒരു മാസത്തെ അക്ഷീണപരിശ്രമത്തിനൊടുവില്‍ കഷ്ടപ്പെട്ട് കിട്ടിയ ജോലിയാണ്. ജോലി ഉറപ്പായത് വെള്ളിയാഴ്ച. അന്നു തന്നെ നാട്ടില്‍പ്പോയി ബൈക്കുമായി തിരിച്ചുവരികയാണ്. എ.സി. വോള്‍‌വോ ബസ്സില്‍ ബൈക്കും കയറ്റി ഞായറാഴ്ച തന്നെ കൊല്ലത്തുനിന്നും തിരിച്ചു. തിങ്കളാഴ്ച രാവിലെ ആറ് മണിക്ക് മഡിവാള എത്തിയാല്‍ തിപ്പസാന്ദ്രയിലുള്ള വീട്ടില്‍ പോയി കുളിച്ചു റെഡിയായി ബൊമ്മസാന്ദ്രയുള്ള ഓഫീസില്‍ ഒമ്പത് മണിക്കുമുന്‍പ് എത്താം എന്നാണ് കണക്കുക്കൂട്ടല്‍.

മഡിവാള മഡിവാള എന്നു കിളിച്ചെറുക്കന്‍ ഉറക്കെ വിളിച്ചുപറയുന്നതുകേട്ടാണ് ചിന്തയില്‍നിന്നും ഉണര്‍ന്നത്. ബാഗുമെടുത്ത് എഴുന്നേറ്റു. ബസ് നിന്ന ഉടനെ ഇറങ്ങാനായി ഫുട്ട്ബോ‌ര്‍ഡില്‍ കാലെടുത്തുവച്ചപ്പോള്‍ ആരോ ഒരാള്‍ വന്നു കൈനീട്ടി. കിലുക്കത്തില്‍ ജഗതി ഇടിച്ചുകയറുന്നതുപോലെ, "വെല്‍കം ടു ബാം‌ഗ്ലൂര്‍, നൈസ് ടു മീറ്റ് യു" എന്നൊക്കെ പറയുന്ന ഗൈഡ് ആയിരിക്കും എന്നു വിചാരിച്ച് ഞാനും കൈനീട്ടി. ഒരുപക്ഷേ എന്നെക്കണ്ടപ്പോള്‍ അങ്കമാലിയിലെ പ്രധാനമന്ത്രിയുടെ അനന്തവനാണെന്ന് തോന്നിയിട്ടുണ്ടാവും.

ഒരു മിനിറ്റ് കഴിഞ്ഞ് നോക്കിയപ്പോള്‍ ഞാന്‍ ഒരു ഫ്രണ്ട് എഞ്ചിന്‍ ഓട്ടോറിക്ഷയുടെ ബാക്ക്സീറ്റില്‍ ഇരിക്കുന്നു. എന്നെ അയാള്‍ ചുമന്ന് അവിടെക്കൊണ്ട് വച്ചതാണ്. അപ്പോള്‍ കാര്യം പിടികിട്ടി. ഓട്ടോ ഡ്രൈവറാണ്. ഇതിവിടെ പതിവുമാണ്. ചുറ്റും നോക്കിയപ്പോള്‍ ബസ്സിറങ്ങി വരുന്നവരെ ഓടിച്ചിട്ടു പിടിക്കുന്ന ഓട്ടോ ഡ്രൈവര്‍മാര്‍.

"എല്ലി ഹോഗ്‌ബേക്കാ?", ഞെട്ടിപ്പോയി ഞാന്‍. എന്താണെന്നൊന്നും മനസ്സിലായില്ല. അയാള്‍ കന്നടയില്‍ എന്തോ ചോദിക്കുകയാണ്. എന്തോ പ്രശ്നമുണ്ടെന്ന് മനസ്സിലായി.

"എന്താ?"

"എല്ലി ഹോഗ്‌ബേക്കാ?" ദേ വീണ്ടും അയാള്. ഇത്തവണ ആയാളുടെ ശബ്ദം കുറച്ചുകൂടി ഉച്ചത്തിലായി.

"ഏയ്, ഞാനത്തരക്കാരനൊന്നുമല്ല." അയാള്‍ എന്നെ ഏടുത്ത് ഓട്ടോയില്‍ക്കൊണ്ടിരുത്തി തെറിവിളിക്കുകയാണെന്നാണ് ആദ്യം എനിക്കു തോന്നിയത്.

പെട്ടെന്നാണ് ബസ്സില്‍ ഇരിക്കുന്ന എന്റെ ബൈക്കിനെക്കുറിച്ച് ഓര്‍മ്മ വന്നത്. അയ്യോ എന്നു വിളിച്ചുകൊണ്ട് ഞാന്‍ ചാടിയിറങ്ങി ഓടി. തിരിച്ചു ബസ്സിന്റെ അടുത്ത് എത്തിയപ്പോള്‍ കിളിപ്പയ്യന്‍ ബൈക്ക് ഏടുത്ത് പുറത്ത് വെച്ച് ഉടമസ്ഥനെക്കാത്ത് നില്‍ക്കുന്നു.

പയ്യനൊരു പത്ത് രൂപയും കൊടുത്ത് ബൈക്ക് തള്ളി തൊട്ടടുത്ത പമ്പില്‍ നിന്നും പെട്രോള്‍ അടിച്ച് നേരെ വിട്ടു തിപ്പസാന്ദ്രക്ക്. കുളിയും തേവാരവുമെല്ലാം കഴിഞ്ഞ് എട്ട് മണിക്ക് ഇറങ്ങി ജോലിക്കു പോവാന്‍. താമസിച്ചുപോയതുകൊണ്ട് ഒരിത്തിരി സ്പീഡില്‍ തന്നെയാണ് പോയത്. അങ്ങനെ തടസ്സങ്ങളൊന്നുമില്ലാതെ മുന്നോട്ട് പോകവേ സില്‍ക്ക് ബോര്‍ഡ് ജംഗ്ഷനില്‍ എത്തിയപ്പോള്‍ പൊലീസ് കൈകാണിച്ചു.

അടുത്ത മാരണം. ജോലിക്ക് പോകുന്ന നേരത്തു തന്നെ വേണോ ഇവനൊക്കെ വണ്ടി ചെക്ക് ചെയ്യാന്‍ എന്നു മനസ്സില്‍ പ്രാകിക്കൊണ്ട്, ലൈസന്‍സും ബുക്കും പേപ്പറുമായി ചെന്നു. എല്ലാം വാങ്ങി ഒന്നു നോക്കിയിട്ട് അയാള്‍ കന്നടയില്‍ എന്തോ പറഞ്ഞു. എന്താണെന്ന് മനസ്സിലായില്ലെങ്കിലും ടാക്സ് എന്നു ഇടയ്ക്ക് കേട്ടതുപോലെ തോന്നി. ഞാന്‍ ടാക്സ് അടച്ച രസീത് എടുത്ത് കാണിച്ചു.

അരമണിക്കൂര്‍ അയാള്‍ കന്നടയിലും ഞാന്‍ മലയാളത്തിലും സംസാരിച്ചു ഒരു തീരുമാനത്തിലെത്തി. ഞാന്‍ ടാക്സ് അടച്ചത് ഉമ്മന്‍ ചാണ്ടി പുള്ളിക്കാരന്റെ കുടുംബസ്വത്തിലേക്ക് മുതല്‍ക്കൂട്ടി. ബാംഗ്ലൂര്‍ വണ്ടിയോടിക്കണമെങ്കില്‍ എസ്.എം.കൃഷ്ണയ്ക്ക് ഇനി വേറേ കൊടുക്കണം. കൊടുക്കാന്‍ താല്പര്യം ഇല്ലെങ്കില്‍ എന്നെ പിടിച്ച പൊലീസുകാരന് നൂറു രൂപ കൊടുക്കണം. അപ്പോള്‍ എല്ലാം ശരിയാവും. കലികാലം, അല്ലാതെന്ത് പറയേണ്ടൂ. അന്ന് മനസ്സിലായി കര്‍ണ്ണാടകത്തില്‍ വണ്ടിയോടണമെങ്കില്‍ കേരളത്തില്‍ ടാക്സ് അടച്ചാല്‍ പോരാ എന്നു.

ജോലിയില്‍ ജോയിന്‍ ചെയ്യേണ്ട ദിവസമായതുകൊണ്ട് കൂടുതല്‍ സുരേഷ് ഗോപി കളിക്കാന്‍ നിന്നില്ല. അമ്പത് രൂപ കൊടുത്ത് അവിടെ നിന്ന് തടിയൂരി.

രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ എന്നെ ഡൊംളൂ‌‌ര്‍ ഓഫീസിലേക്ക് മാറ്റി. കസ്റ്റമര്‍ സപ്പോര്‍ട്ടില്‍ ആയതുകൊണ്ട് പകല്‍ മുഴുവന്‍ ബാംഗ്ലൂര്‍ സിറ്റിയുടെ പല ഭാഗത്തായി കറക്കം. മൂന്നു മാസം കറങ്ങിയ വകയില്‍ ക‌ര്‍ണ്ണാടകത്തിലെ ഖജനാവിലേക്ക് പോവേണ്ടിയിരുന്ന കുറെ കാശ് ഞാന്‍ രണ്ട് മൂന്ന് പൊലീസുകാര്‍ക്ക് വീതം വച്ചു കൊടുത്തു.

ഒരു ദിവസം ജോലി ഒക്കെ കഴിഞ്ഞു ഓഫീസില്‍ നിന്നും ഇറങ്ങി വണ്ടിയുമെടുത്ത് പുറപ്പെട്ടു ഡൊംളൂ‌ര്‍ ശാന്തി സാഗറിന്റെ മുന്നില്‍ എത്തിയപ്പോള്‍ ഒരാള്‍ റോഡില്‍ നിന്ന് കൈകാണിച്ചു. ലിഫ്റ്റ് ചോദിക്കുകയാവും എന്ന് കരുതി ചേതമില്ലാത്ത ഒരുപകാരം അല്ലേ എന്നു മനസ്സില്‍ വിചാരിച്ച് വണ്ടി നിര്‍ത്തി. ഓടി വന്ന അയാള്‍ വണ്ടി ഓഫ് ചെയ്തു ചാവി ഊരിയെടുത്തു.

അയാള്‍ കന്നടയില്‍ എന്തോ ഒന്നു പറഞ്ഞു. ഇതിപ്പോള്‍ നല്ല പരിചയം ആയതുകൊണ്ട് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. പൊലീസല്ലെങ്കിലും അതുപോലെ എന്തോ ഒരു വകുപ്പാണെന്ന് മനസ്സിലായി. കൈയ്യില്‍ ഒരു ഫയല്‍, ഒരു വയ‌ര്‍ലെസ്സ് സെറ്റ്. ഇതു അതു തന്നെ, ആര്‍. ടി. ഓ. സ്ക്വാഡ്. ഇതു അമ്പത് രൂപയില്‍ നില്‍ക്കുന്ന കേസല്ല. എന്റെ കേരള രജിസ്ടേഷന്‍ ബൈക്ക് എന്റെ പൊക കണ്ടിട്ടേ അടങ്ങൂ.

ദോഷം പറയരുതല്ലോ, ഞാന്‍ ഒരു പ്രാവശ്യം ഇന്ദിരാനഗര്‍ ആര്‍.ടി.ഓ. ഓഫീസില്‍ പോയതാ ടാക്സ് അടയ്ക്കാന്‍. കൊല്ലം ആര്‍.ടി.ഓ.യുടെ ഒരു എന്‍.ഓ.സി. ഇല്ലാതെ ഇവിടെ ടാക്സ് അടയ്ക്കാന്‍ പറ്റില്ല എന്നു പറഞ്ഞ് ഒരു ഉദ്യോഗസ്ഥന്‍ എന്നെ നിരുത്സാഹപ്പെടുത്തി. എന്‍.ഓ.സി.വാങ്ങണമെങ്കില്‍ ഒരു ദിവസം ലീവ് എടുത്ത് പോകണം. ഒരു മാസം കൂടി കഴിയട്ടെ എന്നു കരുതി മാറ്റി വച്ചതാണ്. അതിപ്പൊ ഇങ്ങനെ ഒരു പാരയും ആയി.

എന്തായാലും എന്റെ മുറി തമിഴും, മലയാളവും, ഇംഗ്ലീഷും അയാളുടെ കന്നടയും കൂടി ഏറ്റുമുട്ടി. ഒരു കാര്യം മനസ്സിലായി. അന്നു എനിക്കു ബൈക്കില്‍ വീട്ടില്‍ പോകാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ ഇരുന്നൂറ്റന്‍പത് രൂപാ വേണം. അല്ലെങ്കില്‍ ബൈക്ക് അയാള്‍ കൊണ്ടുപോകും, പിറ്റേന്ന് ആര്‍.ഡി.ഓ. ഓഫീസില്‍ പോയി എടുക്കണം. എന്തായാലും ഇരുന്നൂറ്റന്‍പത് രൂപയ്ക്കു വേണ്ടി ബൈക്ക് ഉപേക്ഷിക്കാന്‍ മനസ്സു വന്നില്ല. അതുകൊണ്ട് ഇരുന്നൂറ്റന്‍പത് രൂപ കൊടുത്ത് ബൈക്കുമെടുത്ത് സ്ഥലം വിട്ടു.

പോകുന്ന വഴിക്ക് ഒരു ചിന്ത തലപൊക്കി. ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല. എങ്ങനെയെങ്കിലും ടാക്സ് അടയ്ക്കണം. എന്‍.ഓ.സി. ഇല്ലാതെ സാധിക്കാന്‍ എന്തെങ്കിലും ഒരു വഴി കണ്ടെത്തണം. ഇല്ലെങ്കില്‍ കിട്ടുന്ന ശമ്പളം പൊലീസിനും ആര്‍.ടി.ഓ. സ്ക്വാഡിനും കൊടുക്കാനേ തികയൂ.. നേരെ വച്ചു പിടിച്ചു, തിപ്പസാന്ദ്രയിലുള്ള ജയശ്രീ ബാറിലേക്ക്.

ബാറില്‍ പോയത് രണ്ടെണ്ണം അടിച്ചിട്ട് ടാക്സ് അടയ്ക്കുന്ന കാര്യം ആലോചിക്കാനല്ല. വല്യച്ചന്റെ മകനൊരാള്‍, എന്റെ ചേട്ടന്‍, ബാംഗ്ലൂര്‍ ജനിച്ചു വളര്‍ന്ന ആ പുലിയുടെ സഹായം തേടാന്‍.

കണ്ടുപിടിക്കാന്‍ അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല. ബാറിന്റെ ഒന്നാമത്തെ നിലയില്‍ കയറിച്ചെല്ലുന്നവര്‍ക്കൊക്കെ കാണത്തക്ക നിലയില്‍ ഒരു മൂലയില്‍ ഭിത്തിയില്‍ ചാരി വച്ചതുപോലെ ഇരിപ്പുണ്ട് നമ്മുടെ കക്ഷി.

അടുത്തുചെന്നു വിളിച്ചു... "അണ്ണാ... പൂയ്."

"ആഹ്. നീ ഇരിക്ക്."

"ഇരിക്കാനൊന്നും സമയമില്ലണ്ണാ. ആ‌ര്‍.ടി.ഓ. സ്ക്വാഡ്."

"അതൊന്നും ഇവിടെ കിട്ടില്ല. നീ വല്ല ഓ.സി.ആര്‍. റമ്മും വാങ്ങി അടിക്ക്. ഇരിക്കാന്‍ സമയമില്ലെങ്കില്‍ താഴെ കൗണ്ടറില്‍ പോയി ഒരു നിപ്പനടിച്ചിട്ട് എന്റെ പേരു പറഞ്ഞാല്‍ മതി."

പിടിച്ചതിലും വലുതാണ് ബാറിലുള്ളത് എന്നു ബോധ്യമായതുകൊണ്ട് കൂടുതല്‍ നേരം അവിടെ നിന്ന് സമയം മിനക്കെടുത്തിയില്ല.

പിറ്റേന്ന് കുറച്ചു നേരത്തേ ഓഫീസില്‍ നിന്നും ഇറങ്ങി. ചേട്ടന്‍ ബാറില്‍ പോകുന്നതിനുമുമ്പ് പിടിക്കണം എന്ന ഉദ്ദേശ്യത്തോടെ. പുള്ളി ഓഫീസില്‍ നിന്നും ഇറങ്ങുന്ന സമയത്തുതന്നെ കൈയ്യോടെ പിടികൂടി. കാര്യം പറഞ്ഞു.

"ഇത്രയേ ഉള്ളോ കാര്യം. എന്റെ കൂടെ പഠിച്ച രവി ഇപ്പോള്‍ ആ‌‌‌ര്‍.ടി.ഓ. ഏജന്റ് ആണ്. അവനെക്കൊണ്ട് നമുക്ക് കാര്യം സാധിക്കാം. നീ വാ." എന്ന് പറഞ്ഞ് എന്നെക്കാള്‍ മുമ്പേ വണ്ടിയില്‍ക്കയറി ഇരിപ്പായി ചേട്ടന്‍.

ഞങ്ങള്‍ ചെല്ലുമ്പോള്‍ രവി അവിടെ ഇല്ലായിരുന്നു. കുറച്ചുനേരം കാത്തിരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇരുപത് മിനിറ്റ് കഴിഞ്ഞപ്പോള്‍ രവി വന്നു.

രവിയെക്കണ്ട് ഞാന്‍ ചുവന്ന തുണി കണ്ട കാളയെപ്പോലെ അസ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങി. ഇടയ്ക്ക് "അയ്യോ" എന്ന് വിളിച്ചത് ഇത്തിരി ഉറക്കെ ആയിപ്പോയി. ചേട്ടന്‍ ആകെ അമ്പരന്ന് എന്നെയും രവിയേയും മാറി മാറി നോക്കി.

"ഇയാളാ അണ്ണാ ഇന്നലെ എന്നെ പിടിച്ചു നിര്‍ത്തി ഇരുന്നൂറ്റന്‍പത് രൂപ വാങ്ങിയത്." ഞാന്‍ ചേട്ടനോട് രഹസ്യമായി പ‌റഞ്ഞു.

രവിയ്ക്കാണെങ്കില്‍ എന്നെ ആലുവാ മണപ്പുറത്ത് വച്ച് കണ്ട പരിചയം പോലും ഇല്ല. ചേട്ടന്‍ സംസാരിച്ചു തുടങ്ങിയപ്പോഴാണ് ഞെട്ടിക്കുന്ന വേറൊരു സത്യം ഞാന്‍ മനസ്സിലാക്കിയത്. രവി മലയാളിയാണ്!

എന്തായാലും എന്‍.ഓ.സി. ഇല്ലാതെ ടാക്സ് അടച്ചൂതരാം എന്നു രവി ഏറ്റു. അതനുസരിച്ച് ടാക്സ് ആയ രണ്ടായിരത്തി എഴുന്നൂറ് രൂപയും, ടാക്സ് അടയ്കാന്‍ ഉള്ള ആരോഗ്യത്തിനു വേണ്ടി അടയ്ക്കുന്ന ആള്‍ക്കും കണ്ടുനില്‍ക്കുന്നവര്‍ക്കും കോം‌പ്ലാന്‍ കഴിക്കാന്‍ ആയിരം രൂപയും രവിയുടെ കയ്യില്‍ കൊടുത്തു.

പറഞ്ഞതുപോലെ തന്നെ പിറ്റേന്ന് വൈകുന്നേരം ടാക്സ് അടച്ച രസീതും ടാക്സ് ടോക്കണും രവി ചേട്ടനെ ഏല്പ്പിച്ചു.

നാലായിരം രൂപ പോയെങ്കിലെന്താ, ഇനി തല ഉയര്‍ത്തിപ്പിടിച്ച് ബാംഗ്ലൂര്‍ സിറ്റിയിലൂടെ വണ്ടി ഓടിക്കാമല്ലോ. ഞാന്‍ ആഹ്ലാദപുളകിതനായി.

പിറ്റേന്ന് മുതല്‍ വണ്ടിയുടെ സ്പീഡ് കൂടി. ട്രാഫിക്ക് സിഗ്നലുകളില്‍ നിര്‍ത്തേണ്ടി വരുമ്പോള്‍ അല്പം പുറകോട്ട് മാറ്റി നിര്‍ത്തിയിരുന്ന ഞാന്‍ ഇപ്പോള്‍ ഏറ്റവും മുന്‍‌നിരയില്‍ തന്നെ നിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിച്ചു.

കാലം മാറി, ജോലി മാറി, ഓഫീസ് മാറി.

മൂന്നു മാസത്തിനു ശേഷം ഒരു വൈകുന്നേരം. കോറമംഗല ഫോര്‍ത്ത് ബ്ലോക്കിലൂടെ വരികയായിരുന്ന എന്റെ കേരള രജിസ്‌ട്രേഷന്‍ ബൈക്കിന്റെ മുന്നിലേക്ക് ഒരാള്‍ ചാടിവീണു. ഞാന്‍ ബൈക്ക് നിര്‍ത്തി. അദ്ദേഹം പിന്നില്‍ കയറിയിരുന്നു.

"സ്വല്പ മുന്തേ ഹോഗി സ്റ്റോപ് മാടു."

ഞാന്‍ അയാള്‍ പറഞ്ഞ സ്ഥലത്ത് വണ്ടി നിര്‍ത്തി. അയാള്‍ ചാടിയിറങ്ങി.

"ടാക്സ് പേപ്പേര്‍സ് എല്ലി?" ടാക്സ് അടച്ച കടലാസുകള്‍ ചോദിക്കുകയാണ്.

ഞാന്‍ ഹെല്‍മറ്റ് ഊരി. "എന്തൊക്കെയുണ്ട് രവിയണ്ണാ വിശേഷങ്ങള്‍?"

"ഏയ്, അങ്ങനെയൊന്നുമില്ല...ഞാന്‍ വെറുതെ..." നിന്ന നില്‍പ്പില്‍ രവിയണ്ണന്‍ സ്കൂട്ട് ആയി.

വഴിയരികില്‍ അന്തം വിട്ടു ഞാനും.

42 അഭിപ്രായങ്ങള്‍:

ദിലീപ് വിശ്വനാഥ് said...

വണ്ടി ഹൊസൂര്‍ എത്തിയപ്പോള്‍ത്തന്നെ ഉണര്‍ന്നു. ഇനി കൂടിയാല്‍ അരമണിക്കൂര്‍ മഡിവാള എത്താന്‍. ആകെ ഒരു സന്തോഷം തോന്നി. പുതിയ ജോലിക്ക് ജോയിന്‍ ചെയ്യാന്‍ പോകുന്ന ദിവസം.

ബാംഗ്ലൂര്‍ ജീവിതത്തില്‍ നിന്നുമൊരേട്.

Abhay said...

കൊള്ളാം വായിച്ചപ്പോ ഒരു ബാഗ്ലൂര്‍ നൊസ്റ്റാള്‍ജിയ തോന്നി...ഞാനും അവിടെ കുറെ പോലീസ് കാര്ര്കു tax കൊടുത്തതാണ്. പക്ഷെ പണ്ടു പത്തോ പതിനഞ്ഞോ ഒക്കെ കൊടുത്താല്‍ മതി ആരുന്നു

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ബാംഗ്ലൂര്‍ ജീവിതം കൊള്ളാം.

എവിടേയും പാരയായി മലയാളികളുണ്ടല്ലേ...

ശ്രീവല്ലഭന്‍. said...

അതിഷ്ടമായ്... ഞാനും കേരള registratration car ഡല്‍ഹിയില്‍ 4 കൊല്ലം ഓടിച്ചു. ആദ്യ ദിവസം 100 രൂപ പോയി. പിന്നെ ഒരു പ്രശ്നവും ഉണ്ടായില്ല....

മയൂര said...

മലയാളി പാരാസ്..
അനുഭവം പങ്കൂ വയ്ചതില്‍ സന്തോഷം:)

ശ്രീ said...

വാല്‍മീകി മാഷേ...


"ഇരിക്കാനൊന്നും സമയമില്ലണ്ണാ. ആ‌ര്‍.ടി.ഓ. സ്ക്വാഡ്."

"അതൊന്നും ഇവിടെ കിട്ടില്ല. നീ വല്ല ഓ.സി.ആര്‍. റമ്മും വാങ്ങി അടിക്ക്.”

കലക്കന്‍‌ വിവരണം!

പിന്നെ, അനുഭവമില്ലെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ട്, ഇവിടെ ബാംഗ്ലൂരില്‍‌ കേരളാ റെജിസ്ട്രേഷന്‍‌ വണ്ടികള്‍‌ ഓടിക്കുമ്പോഴത്തെ ബുദ്ധിമുട്ടുകള്‍‌!

:)

ഹരിത് said...

രസകരമായ വിവരണം. നന്നായി. കുറ്റം പറയരുതല്ലോ, പോലീസുകാര്‍ക്കു ഒരു പാന്‍ ഇന്ത്യന്‍ കാരക്റ്റര്‍ ഉണ്ട്. ശരിയായ ഒരു നാഷണല്‍ ഇന്റെഗ്രേഷന്‍!!!

ആഷ | Asha said...

ഈ രവിയണ്ണന്‍ ഏജന്റ് അല്ലേ? അങ്ങേര്‍ക്ക് ഇങ്ങനെ വണ്ടി ചെക്ക് ചെയ്യാനുള്ള അധികാരമുണ്ടോ?
പറ്റിപ്പുകാരനാണല്ലേ എന്തായാലും ആളു കൊള്ളാം.

അനംഗാരി said...

ഒരു മലയാളി ഒരു മലയാളിക്ക് പാരയാണെന്നതൊരു സത്യം തന്നെയാണ്.

കുഞ്ഞന്‍ said...

ഊടായ്പ്പ് മലയാളിയോടു വേണമാ..


രവിയണ്ണനാണണ്ണാ അണ്ണന്‍..!

ശ്രീലാല്‍ said...

ബാംഗ്ലൂര്‍ ചരിതങ്ങള്‍ ഇങ്ങനെ ഓരോന്നായി പോരട്ടെ.
:)

സണ്ണിക്കുട്ടന്‍ /Sunnikuttan said...

"കണ്ടുപിടിക്കാന്‍ അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല. ബാറിന്റെ ഒന്നാമത്തെ നിലയില്‍ കയറിച്ചെല്ലുന്നവര്‍ക്കൊക്കെ കാണത്തക്ക നിലയില്‍ ഒരു മൂലയില്‍ ഭിത്തിയില്‍ ചാരി വച്ചതുപോലെ ഇരിപ്പുണ്ട് നമ്മുടെ കക്ഷി"


കൊള്ളാം വല്‍മീ...

കൊല്ലത്തെവിടെയയിരുന്നു മാഷെ തറവാട്

Meenakshi said...

നല്ല രസമുള്ള കഥ, പാര വെക്കാന്‍ മലയാളികളെ തോല്‍പ്പിക്കാന്‍ ആരെങ്കിലും ഉണ്ടോ ?

സാജന്‍| SAJAN said...

ഈ രവിയണ്ണന്‍ ഇപ്പോഴും സുഖമായി ഉണ്ടോ?
അതോ ഏതെങ്കിലും മലയാളിപിള്ളേര്‍ കൈനറ്റിക് ഹോണ്ട കൊണ്ട് തട്ടിയോ?
കൈയിലിരുപ്പ് അനുസരിച്ച് താമസം വിനാ അത് സംഭവിക്കാനുള്ള സകല സാധ്യതയും ഈ ജാതകത്തില്‍ കാണുന്നു!

Kaithamullu said...

തിപ്പസാന്ദ്രയിലുള്ള ജയശ്രീ ബാറില്‍ ഇരിക്കുന്ന ചേട്ടനെ വളരെ ഇഷ്ടായി, വാല്‍മീകി!
-അനുഭവങ്ങള്‍, പാളിച്ചകള്‍, സ്നേഹപ്പാരകള്‍, പാരാവാരങ്ങള്‍ -എല്ലാം പോരട്ടേ, ഒന്നൊന്നായി!

അഭിലാഷങ്ങള്‍ said...

അദ്ദാണ് മലയാളി...!

രവിയണ്ണന്‍ കീ ജയ്..

പിന്നെ, "എല്ലി ഹോഗ്‌ബേക്കാ?" എന്നയാള്‍ കന്നടയില്‍ പറഞ്ഞത് ‘ബൈക്കില്‍ പോയി എല്ലൊടിയേണ്ട‘, ഓട്ടോയില്‍ പോകാം എന്നതിന്റെ കന്നടയാണെന്ന് അറിഞ്ഞു കൂടായിരുന്നോ? ഛെ!

"ഇരിക്കാനൊന്നും സമയമില്ലണ്ണാ. ആ‌ര്‍.ടി.ഓ.സ്ക്വാഡ്."

"അതൊന്നും ഇവിടെ കിട്ടില്ല. നീ വല്ല ഓ.സി.ആര്‍. റമ്മും വാങ്ങി അടിക്ക്.


ഹ ഹ.. അത് കലക്കി. പക്ഷെ, ‘കൂടുതല്‍ നേരം അവിടെ നിന്ന് സമയം മിനക്കെടുത്തിയില്ല‘ എന്ന് കള്ളം പറഞ്ഞാല്‍ വിശ്വസിക്കാന്‍ മാത്രം ബഡുക്കൂസുകളല്ല വായനക്കാര്‍..! ഒ.സി.ആര്‍ റം ഓസിയായി എത്ര മോന്തി എന്ന് വാല്‍മീകി വ്യക്തമാക്കണം.

രവിയണ്ണന് പോലും അത് മനസ്സിലായി. അയാള്‍ കന്നടയില്‍ ചോദിച്ചത് കേട്ടില്ലേ?

"സ്വല്പ മുന്തേ ഹോഗി സ്റ്റോപ് മാടു.!"

“സ്വല്പമെങ്കിലും മോന്തിയിട്ടുണ്ടെങ്കില്‍ വണ്ടി സ്റ്റോപ്പ് ചെയ്യെടാ മാടാ!” എന്ന്.

പോസ്റ്റ് ഇഷ്ടമായി കേട്ടോ..

-അഭിലാഷ്

Unknown said...

:)

vadavosky said...

:) Good one

മന്‍സുര്‍ said...

വാല്‍മീകി...

കാര്യം ശരിയാണ്‌ വരാന്‍ അല്‍പ്പം വൈകി..എന്താ ചെയ്യ വരുന്ന വഴിയില്‍ എന്നെയുമൊന്ന്‌ പോലീസ്‌ പൊക്കി...
ഹേയ്‌ യാകേ നീവു അല്ലി ഇല്ലി ഓഗ്‌ത്തീര മരി

നിന്‍കെ എനാദ്രേ പ്രോബ്ലം ഇദ്രേ നനത്ര എളി..നാനു ബംഗ്‌ളൂര്‍ കിങ്ങ്‌ അല്‍വാ വാല്‍....

അല്‍സൂര്‍...ദംളൂര്‍..ഇന്ദിര നഗര്‍... നാന്‍ ഫയ്‌മസ്‌..കൊത്താ...

ബാളാ ചനാകിദേ നിം സ്റ്റോറി....ഒള്ളേതു...

നന്‍മകള്‍ നേരുന്നു

മൂര്‍ത്തി said...

കൊള്ളാം...രസമുണ്ട് വാല്‍മീകി..അടുത്ത ഏടുഗലു പോരട്ടെ...:)

അപ്പു ആദ്യാക്ഷരി said...

വാല്‍മീകീ...
സത്യം പറയാമല്ലോ, ആസ്വദിച്ചു വായിച്ചു.
ഇനിയും ഇതുപോലുള്ള അനുഭവങ്ങള്‍ പോരട്ടെ.

സജീവ് കടവനാട് said...

പിന്നെയും മഡിവാള... വിവരണം നന്നായി. മലയാളി മലയാളിക്ക് പാരയെന്ന അനംഗാരിയുടെ കമന്റിനോട് വിയോജിപ്പുണ്ട്. പാര എവിടെ നിന്നും വരും. ചില കോമ്പ്ലക്സുകളാണ് പാരകളാകുന്നതെന്ന് തോന്നുന്നു. മലയാളിയാണെന്ന് പറയുമ്പോഴേ പാരവരും എന്ന രീതിയിലാണ് ചിലര്‍ നോക്കുക. മലയാളികളുടെ സന്മനസ്സോടുകൂടിയുള്ള സഹായത്തിന് അനുഭവസ്ഥനാണ് ഈയുള്ളവന്‍.

പ്രയാസി said...

"സ്വല്പ മുന്തേ ഹോഗി സ്റ്റോപ് മാടു."
കൊള്ളാം മലയാളിനാടിന്‍ അഭിമാനം രവിയണ്ണന്‍..

ഓ:ടോ:എനിക്കു മക്കളുണ്ടാകാനുള്ള പ്രായം ആയിക്കൊണ്ടിരിക്കുന്നെ ഉള്ളൂ..
എന്തായാലും ഭാവിയിലെ മക്കള്‍ക്കുള്ള പേരുകള്‍ കിട്ടി
മൂത്തവള്‍ക്കു മഡിവാള..ആഹാ..
രണ്ടാമത്തവന്‍.. തിപ്പ സാന്ദ്ര..എനിക്കു വയ്യ
അവസാനത്തെ അരുമസന്തതിക്കു..ബൊമ്മസാന്ദ്ര..വാല്‍മീകീ..സ്മരണയുണ്ട് കേട്ടാ..;)

ഉപാസന || Upasana said...

വണ്ടി വാങ്ങിയാലുള്ള പുകിലുകളേ...
എന്റെ കൂട്ടുകാരനും ഉണ്ട് ഒരെണ്ണം.
പിടിച്ചിട്ടുണ്ട്, കൊടുത്തിട്ടുമുണ്ട്...

ഭായ് ഹ്യൂമര്‍ നന്നായി വഴങ്ങൂന്നു.
“ജോലിയില്‍ ജോയിന്‍ ചെയ്യേണ്ട ദിവസമായതുകൊണ്ട് കൂടുതല്‍ സുരേഷ് ഗോപി കളിക്കാന്‍ നിന്നില്ല.“

അവനെ രണ്ട് പറഞ്ഞൂടേ അം,മലയാളത്തിലെങ്കിലും....
:))
ഉപാസന

ഓ. ടോ: അപ്പോ ബാംഗ്ലൂര്‍ പ്രോഡക്ട് തന്നെയാണ്... ഉം

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കലക്കി. നാലഞ്ചു സ്ഥലങ്ങളു ക്വാട്ടാന്‍ തോന്നി, ഇപ്പോള്‍ നാലായിരത്തിലു ഒതുങ്ങുവോ?

കൊച്ചുമുതലാളി said...

:) ഇപ്പോഴാണ് ഒരു കാര്യം എനിക്ക് മനസ്സില്ലായത്.

കേരളത്തിലെ വണ്ടി കര്‍ണാടകത്തില്‍ എത്തുമ്പോള്‍ അവിടെ ടാക്സ് കൊടുക്കണമെന്ന്.

കൊമേര്‍സിയല്‍ വണ്ടികള്‍ക്ക് മാത്രം അങ്ങനെ ടാക്സ് അടച്ചാല്‍‍ പോരേ?

Sherlock said...

വാല്മീകി, രസായിട്ടോ വിവരണം.......എന്നെം ഈ തൊപ്പിക്കാര് കുറേ പീഡീപ്പിച്ചിട്ടുണ്ട്....വഴിയേ പോസ്റ്റാം..:)

ഭൂമിപുത്രി said...

‘ഡൊമ്ലൂ‍ര്‍’എന്നവാക്കു ഭൂതകാലസ്മൃതിയുണര്‍ത്തി..
അവിടം പ്രശാന്തസുന്ദരമായിരുന്നു 80കളില്‍ കുറേനാള് താമസിച്ചിരുന്നു.

ഏ.ആര്‍. നജീം said...

ഹെന്റമ്മോ...ഞാനെന്തായാലും ബാഗ്ലൂരുക്ക് ബൈക്കുമായി പോകുന്ന പ്രശ്നമേ ഉദിക്കന്നില്ല...
"എല്ലി ഹോഗ്‌ബേക്കാ?" എന്ന് പറയുമ്പോ കൂളായിട്ട് കേരിയിരുന്നു സ്ഥലം പറഞ്ഞാ പിന്നെ പ്രശ്നം തീര്‍ന്നില്ലെ...
എന്നാലും രവിയണ്ണന്‍ കൊള്ളാം...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

‍നല്ല രചന....കൊള്ളാം......തുടരുക.....

Mahesh Cheruthana/മഹി said...

വാല്മീകി,
ഇഷ്ടമായി!
രവിയണ്ണനേ സമ്മതിക്കണം!

~മഹി~

Pongummoodan said...

'ചിരികരം' വളരെ രസകരം. :)

ഹരിശ്രീ said...

ബാംഗ്ലൂര്‍ ചരിതം കൊള്ളാം മാഷേ. ഇനിയും പോരട്ടെ ...

ജൈമിനി said...

നന്നായി... ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കര്‍ണാടകയില്‍ വണ്ടി ഓടിക്കുന്നവര്‍ക്ക് ആവശ്യമാണ്‌.
ഈ ടാക്സ് ഒരു വലിയ പ്രശ്നം തന്നെയാണ്. ഒരു വര്‍ഷത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി കര്‍ണാടകയില്‍ ഓടുന്ന വണ്ടികള്‍ ടാക്സ് അടച്ചു റീ രെജിസ്ട്രേശന്‍ ചെയ്യണമെന്നാണ് നിയമം. കേരളത്തില്‍ നിന്നു വണ്ടി കൊണ്ടു വരുന്ന വഴിക്കു തന്നെ ഇവന്മാര്‍ കൈ കാണിച്ചു കൈക്കൂലി ചോദിച്ചു തുടങ്ങും. പ്രതിവിധിയായി വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ നിന്നും വണ്ടിക്ക് emmission സര്‍ട്ടിഫിക്കറ്റ്‌ വാങ്ങിക്കാറാണ് എന്റെ പതിവ്. അത് കാണിച്ച് ഒരു വര്‍ഷമായില്ലെന്നു പറഞ്ഞു രക്ഷപ്പെടും.

The vehicles migrating from other States are required to obtain re-registration mark of Karnataka State within 12 months from the date of arrival into Karnataka State.
ഇതിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ: http://rto.kar.nic.in/re-reg-nv.htm

Mr. K# said...

രവിയണ്ണന്‍ ആളു കൊള്ളാ‍ല്ലോ‍.

സഹയാത്രികന്‍ said...


"ഇരിക്കാനൊന്നും സമയമില്ലണ്ണാ. ആ‌ര്‍.ടി.ഓ. സ്ക്വാഡ്."

"അതൊന്നും ഇവിടെ കിട്ടില്ല. നീ വല്ല ഓ.സി.ആര്‍. റമ്മും വാങ്ങി അടിക്ക്.”

കലക്കി മാഷേ... അല്പകാലത്തെ ഇടവേളയ്ക്ക് ശേഷം കിട്ടിയ പോസ്റ്റ് കൊള്ളാം.... രസിച്ചു...

നാട്ടില്‍ നിന്നുള്ള സഹയാത്രികന്റെ ആദ്യ കമന്റ് ...മാഷിനിരിക്കട്ടേ...

:)

Arun Jose Francis said...

മാഷേ, ഇതു നല്ല സ്റ്റൈല്‍ ആയിട്ടുണ്ട്‌...
"ഏയ്, അങ്ങനെയൊന്നുമില്ല...ഞാന്‍ വെറുതെ..." നിന്ന നില്‍പ്പില്‍ രവിയണ്ണന്‍ സ്കൂട്ട് ആയി.
ഹിഹി...

നിലാവര്‍ നിസ said...

നന്നായിട്ടുണ്ട്.. ഭാഷയും.. വായിച്ചു പോകുന്നത് അറിയുന്നില്ല..

നിരക്ഷരൻ said...
This comment has been removed by the author.
നിരക്ഷരൻ said...
This comment has been removed by the author.
നിരക്ഷരൻ said...

രണ്ടുമൂന്നുകൊല്ലം കിടന്നു കറങ്ങിയതാണ്‌, ആ സില്‍ക്ക് ബോര്‍ഡ് ജങ്ങ്ഷനിലും മറ്റും . പോസ്റ്റ് വായിച്ചപ്പോള്‍ പെട്ടെന്ന് മനസ്സവിടെയൊക്കെയൊന്ന് വീണ്ടും കറങ്ങിവന്നു. നന്ദി.

വരികളിലും , വരികള്‍ക്കിടയിലും , നര്‍മ്മം കിടന്ന് പുളയ്ക്കുന്നുണ്ട് വാല്‍മീകീ.

Sethunath UN said...

ന‌ല്ല അനുഭവം കൈയ്യിലുള്ള കാശ് കണ്ടവന്‍ പറ്റിച്ചു കൊണ്ടുപോയിത്തിന്നു‌മ്പോഴുള്ള വിഷമം വേറെ. ലാസ്റ്റ് സീനില്‍ ര‌വിയണ്ണന്റെ മുഖത്തിന്റെ ക‌ള‌റോര്‍ക്കും‌മ്പോ‌ള്‍ :)

പുതുവത്സരാശംസക‌‌ള്‍!