ഏയ്, ഇവിടെ കൊടുങ്കാറ്റടിക്കില്ല!

Author: ദിലീപ് വിശ്വനാഥ് /

ശരിക്കും ഭീകരം. ഇതു വച്ചു നോക്കുമ്പോള്‍ ഞാന്‍ കണ്ട കാറ്റ് എത്ര ചെറുത്‌...

ഇഞ്ചിപ്പെണ്ണിന്റെ അനുവാദത്തോടു കൂടി ഞാന്‍ ഇതു ഇവിടെ ലിങ്ക് ചെയ്യുന്നു. എന്റെ പോസ്റ്റ് വായിച്ചു ആരെങ്കിലും കാറ്റിനെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ഒന്നു വായിച്ചു ഞെട്ടാന്‍.

ഏയ്, ഇവിടെ കൊടുങ്കാറ്റടിക്കില്ല!

റീത്തയോടൊപ്പം ഒരു രാത്രി - 3

Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍

സഹപ്രവര്‍ത്തകന്റെ വീട്ടില്‍ ചെന്ന് അദ്ദേഹം ഞങ്ങള്‍ക്കുവേണ്ടി ചെയ്തിട്ടുള്ള സൗകര്യങ്ങള്‍ കണ്ടപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായി. വീട്ടിലെ ഏറ്റവും അടച്ചുറപ്പുള്ള മുറികളിലെല്ലാം കാര്‍പ്പറ്റുകള്‍ വൃത്തിയാക്കി വിരിച്ചിരുന്നു. എല്ലാ മുറികളിലും ആവശ്യത്തിനു കിടക്കകളും, വിരിപ്പുകളും തലയിണകളും വച്ചിരുന്നു. പക്ഷെ, ലൈഫ് കയ്യാലപ്പുറത്തെ തേങ്ങ പോലെ അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ ഇരിക്കുന്ന ഞങ്ങള്‍ "ഓ, ഇതൊക്കെ ഞങ്ങള്‍ എത്ര കണ്ടിരിക്കുന്നു" എന്നുള്ള സ്റ്റൈലില് മോഹന്‍ലാല്‍ നോക്കുന്നതുപോലെ തല ചരിച്ച് ഒന്നു നോക്കി, റീത്ത വരുന്നതും കാത്ത് ആ വലിയ വീടിന്റെ സ്വീകരണമുറിയില്‍ തെക്കോട്ടും വടക്കോട്ടും തല വച്ച് തലങ്ങും വിലങ്ങും പാടിപ്പാടി കിടന്നു!

കുറെ നേരം വെയിറ്റ് ചെയ്തപ്പോള്‍ ഒന്നു രണ്ടു പേര്‍ക്ക് ഒരു സംശയം. ഇനി റീത്ത വരാതിരിക്കുമോ? സംശയം തീര്‍ക്കാനായി ടി.വി. ഓണ്‍ ചെയ്തു നോക്കി. അപ്പോഴല്ലേ ഒരു കാര്യം മനസിലായത്. ലോകത്തുള്ള സകലമാന ചാനലുകാരും ഹ്യൂസ്റ്റണിലുണ്ട്. അവരെല്ലാം റീത്തയുടെ വരവിനായി ക്യാമറയൊക്കെ മുക്കാലിയില്‍ കെട്ടിവച്ച് വടി പോലുള്ള മൈക്കുമൊക്കെയായി ഉറക്കമിളച്ച് കാത്തിരിക്കുകയാണ്. കണ്ടപ്പോള്‍ എല്ലാവര്‍ക്കും കോരിത്തരിപ്പുണ്ടായി. എനിക്കും തരിച്ചു, ക്യാമറയും മുക്കാലിയുമൊക്കെ ഏടുത്തു പുറത്തിറങ്ങാന്‍. പക്ഷെ, കൂടെയുള്ളവരുടെ സ്നേഹപൂര്‍ണ്ണമായ പിന്തിരിപ്പന്‍ പ്രസംഗങ്ങളും പിന്നെ എന്റെ അപാരമായ ധൈര്യവും കാരണം തല്ക്കാലം അതിനുവച്ച വെള്ളം ഞാന്‍ അടുപ്പില്‍ നിന്നും താഴെ ഇറക്കി മാറ്റിവച്ചു.

റീത്ത വരുന്നതുകാത്ത് അക്ഷമരായി ഇരിക്കുന്ന എന്റെ സഹപ്രവര്‍ത്തകരെക്കണ്ടാല്‍, വരുന്നതു ഏതോ അമറന്‍ പെണ്‍കിടാവാണ് എന്നു തോന്നും. "താമസമെന്തേ വരുവാന്‍..." എന്ന പാട്ടിന്റെ മ്യൂസിക് മാത്രം എടുത്ത് ബാക്ക്ഗ്രൗണ്ട് ആയി ഇട്ട് ഇവരുടെ കിടപ്പ് വീഡിയോയില്‍ എടുത്താല്‍ നല്ല ഒരു ഡോക്ക്യുമെന്ററിക്കു സ്ക്കോപ്പ് ഉണ്ടെന്ന് തോന്നിയെങ്കിലും അവസരം മോശമാകയാല്‍ അതു വേണ്ട എന്നു വെച്ചു ഞാനും അവരുടെ കൂടെ കൂടി വെയിറ്റ് ഇട്ട് ഇരിക്കാന്‍ തുടങ്ങി.

അടുത്ത കോരിത്തരിപ്പുണ്ടായത് ടി.വി. യില്‍ റീത്ത ആദ്യം വരും എന്നു പറയപ്പെടുന്ന ഗാല്‍വെസ്റ്റണില്‍ സാഹസികരായ ചില ചെറുപ്പക്കാര്‍ ചക്രങ്ങള്‍ ഘടിപ്പിച്ച ബോര്‍ഡുകളില്‍ കയറി റോഡുകളില്‍ക്കൂടി തെന്നിപ്പായുന്നതു കണ്ടപ്പോഴാണ്. "ആഹാ" എന്നു പറഞ്ഞതിനോടൊപ്പം ഞാന്‍ പുറത്തേക്കു ചാടിയിറങ്ങി. എന്തായാലും റീത്ത വരുന്നതു നേരില്‍ കണ്ടിട്ടുതന്നെ ബാക്കി കാര്യം എന്നു മനസ്സില്‍ വിചാരിച്ചാണ് ഞാന്‍ ഇറങ്ങിയതെങ്കിലും,വീശിയടിക്കാന്‍ തുടങ്ങിയ ഒരു കാറ്റും തകര്‍പെയ്യാന്‍ തുടങ്ങിയ മഴയും എന്റെ ധൈര്യസംഭരണി പൊട്ടിച്ചുകളഞ്ഞു. എന്തിനധികം പറയുന്നു, ഏറുകൊണ്ട നായയെപ്പോലെ ഞാന്‍ ഇതാ വാലും ചുരുട്ടി വീടിനുള്ളില്‍.

പക്ഷെ, അങ്ങനെ വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ ഒരുക്കമായിരുന്നില്ല. ഹ്യൂസ്റ്റണിലെ ചെറുപ്പക്കാരുടെ സാഹസികതയും കായികക്ഷമതയും കണ്ട് മനം കുളിര്‍ത്ത ഞങ്ങള്‍ ‍അവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കായികക്ഷമതയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന കേരളത്തിന്റെ ദേശീയകായിക വിനോദമായ ചീട്ടുകളി ആരംഭിച്ചു.

പുറത്ത് കാറ്റും മഴയും ശക്തിയാര്‍ജ്ജിച്ചു തുടങ്ങി, അകത്ത് സംഭ്രമവും ശക്തിയാര്‍ജ്ജിക്കുന്നുണ്ടായിരുന്നു. ടി.വി യില്‍ മാത്രമായി എല്ലാവരുടെയും ശ്രദ്ധ. ചാനലുകാരെല്ലാം ഇപ്പോള്‍ കുറച്ചുകൂടി സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിയിരിക്കുന്നു. സാഹസികന്മാര്‍ സാഹസികത ഒക്കെ നിര്‍ത്തി സീന്‍ വിട്ടുപോയിരിക്കുന്നു. വീശിയടിക്കുന്ന കാറ്റും തകര്‍ത്തുപെയ്യുന്ന മഴയും മാത്രം ഇരുട്ടിന്റെ ബാക്ക്ഗ്രൗണ്ടില്‍ കാണാം.

റീത്തയുടെ വരവറിയിച്ചുകൊണ്ട് മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന കാറ്റും മഴയും. വീടിന്റെ സുരക്ഷിതമായ ചുവരുകള്‍ക്കുള്ളില്‍ ഇരുന്നുകൊണ്ട് ഞങ്ങള്‍ റീത്തയുടെ വരവറിഞ്ഞു, ടി.വി. യിലൂടെ കണ്ടു. വാര്‍ത്താചാനലുകളില്‍ കാണുന്ന സാറ്റലൈറ്റ് അനിമേറ്റഡ് ഇമേജുകളിള്‍ പമ്പരം പോലെ കറങ്ങിത്തിരിയുന്ന കാറ്റിന്റെ നിഴലും. കാത്തിരിപ്പിന്റെ അവസാനം റീത്ത എത്തി.

ഒരാഴച മുന്‍പ് അറ്റ്ലാന്റിക് സമുദ്രത്തില്‍ നിന്നും ഉഗ്രരൂപിണിയായി പുറപ്പെട്ട റീത്ത അവിടെ നിന്നും ഓടിക്കിതച്ച് ടെക്സാസ് തീരത്തെത്തിയപ്പോഴേക്കും ക്ഷീണിതയായിരുന്നു. ആര്‍ത്തലച്ചു വന്നു ടെക്സാസ് - ലൂസിയാന അതിര്‍ത്തിയില്‍ കര തൊടുമ്പോള്‍ റീത്തയുടെ ശക്തി നന്നേ ക്ഷയിച്ചിരുന്നു. ഒരു സാധാരണ കാറ്റിന്റെ ശൗര്യത്തോടെ തീരത്തണയുമ്പോള്‍ റീത്ത കാറ്റഗറി 3 ലേക്ക് മാറിയിട്ടുണ്ടായിരുന്നു. ചെറിയ ചെറിയ നാശനഷ്ടങ്ങളുണ്ടാക്കി ഒരു ജീവനുമെടുത്ത് റീത്ത മറയുമ്പോള്‍ ചാനലുകാര്‍ വീണ്ടും മുക്കാലിക്യാമറകളും വടിമൈക്കുകളുമായി അവിടെയുമിവിടെയും മറിഞ്ഞുവീണ കെട്ടിടാവശിഷ്ടങ്ങള്‍ടയിലൂടെ ഓടിനടക്കുന്നുണ്ടായിരുന്നു. സാഹസികന്മാര്‍ വീണ്ടും തെരുവുകളില്‍ പ്രത്യക്ഷപ്പെട്ടു. ഒരുപാട് ദീര്‍ഘനിശ്വാസങ്ങളും പ്രാര്‍ത്ഥനകളും നാട്ടിലേക്കുള്ള ഫോണ്‍ വിളികളുമായി ഉറങ്ങാതെ ഞങ്ങളും.

റീത്ത ചരിത്രമായി. ഇനിയൊരു കാറ്റിനും റീത്ത എന്നു പേരു വരില്ല. തീരത്ത് അപകടം വാരിയെറിഞ്ഞ് വീശിയടിച്ച ഏതൊരു കാറ്റും പോലെ, റീത്തയും സര്‍ക്കാര്‍ പട്ടികയില്‍ സ്ഥാനം പിടിച്ചു, ആരെയും നോവിക്കാതെ...

പ്രകൃതിക്ഷോഭങ്ങള്‍ക്കു മുന്നില്‍ എന്നും പകച്ചു നില്ക്കാന്‍ മാത്രമേ മനുഷ്യനു കഴിയാറുള്ളു. ഒരോ പ്രകൃതിദുരന്തങ്ങള്‍ കഴിയുമ്പോഴും മനുഷ്യന്റെ നിസ്സഹായത അവനു തന്നെ ബോധ്യമാവുന്നു. ദുരന്തങ്ങള്‍ക്കു മുന്നില്‍ ജാതി-മത വ്യത്യാസങ്ങളൊന്നുമില്ല, പണ്ഡിതനെന്നോ പാമരനെന്നോ ഇല്ല, പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഇല്ല, അമേരിക്കകാരനെന്നോ, ഇന്ത്യക്കാരനെന്നോ, കറുത്തവനെന്നോ വെളുത്തവനെന്നോ ഇല്ല, എല്ലാവരും തുല്ല്യര്‍. നഷ്ടപ്പെടാന്‍ പോകുന്ന ജീവന്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. ഓരോ ദുരന്തവും മനുഷ്യര്‍ക്ക് ഓരോ പാഠങ്ങളാണ്. സഹജീവികളെ സ്നേഹിക്കാനുള്ള പാഠം, വിശ്വസിക്കാനുള്ള പാഠം.

തിരിച്ചുകിട്ടിയ ജീവനും കൊണ്ട് വീട്ടിലേക്ക് മടങ്ങുമ്പോള്‍ മഴ മാറി ആകാശം തെളിഞ്ഞിരുന്നു. മറിഞ്ഞുവീണ ഒന്നു രണ്ടു മരങ്ങള്‍ മാത്രമാണ് ഇത്തവണ ഞങ്ങള്‍ക്ക് മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചത്. മടങ്ങിവരുന്നവരുടെ തിരക്കായിരുന്നു റോഡിലെങ്ങും. ജീവനും ജീവിതവും നഷ്ടപ്പെട്ടു എന്നുറപ്പിച്ച പലര്‍ക്കും അതു തിരിച്ചു കിട്ടിയതിന്റെ സന്തോഷമായിരുന്നു മുഖത്ത്. വെള്ളം തളം കെട്ടിക്കിടന്ന ഒരു ചാല്‍ മുറിച്ചു കടന്നു വീട്ടിലേക്കു കയറുമ്പോള്‍ കത്രീന നാശം വിതച്ച പ്രദേശങ്ങളെക്കുറിച്ചോര്‍ത്തു, നഷ്ടങ്ങളെക്കുറിച്ചോര്‍ത്തു, കത്രീന കൂട്ടിക്കൊണ്ടുപോയ ജീവനുകളെ ഓര്‍ത്തു, അവിടെ ജീവിച്ചിരിക്കുന്ന മനുഷ്യരെക്കുറിച്ചോര്‍ത്തു.

അവര്‍ക്കും പറയാനുണ്ടാവും ഏറെ കഥകള്‍. പ്രിയപ്പെട്ടവരുടെ വേര്‍പാടിനെക്കുറിച്ച്, നഷ്ടപ്പെട്ട അമൂല്യസമ്പത്തുകളെക്കുറിച്ച്, ദാനം പോലെ കിട്ടിയ ജീവനും, ദുരന്തം ബാക്കിവച്ച ജീവിതവും പെറുക്കിക്കൂട്ടിയതിനെക്കുറിച്ച്. അവര്‍ക്കുവേണ്ടി ഞാനിതു സമര്‍പ്പിക്കുന്നു.

റീത്തയോടൊപ്പം ഒരു രാത്രി - 2

Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍

അപ്പാര്‍ട്ട്മെന്റില്‍ നിന്നും റോഡിലേക്ക് ഇറങ്ങിയപ്പോള്‍ തന്നെ എന്തോ ഒരു പന്തികേട്. വണ്ടികളായ വണ്ടികളെല്ലാം റോഡിന്റെ നടുക്ക് തന്നെ പാര്‍ക്ക് ചെയ്തിരിക്കുന്നു. അഹങ്കാരമേ, മനുഷ്യന്‍ നല്ല ജീവനും കൊണ്ട് പലായനം ചെയ്യാന്‍ തുടങ്ങുമ്പോഴാണ് ഒരോരുത്തരുടെ കുട്ടിക്കളി.

ഇവന്മാര്‍ക്കിട്ടു നാലു തെറി വിളിക്കാം എന്നു വിചാരിച്ചു ചാടിയിറങ്ങിയപ്പോഴല്ലെ വണ്ടികളുടെയും സംഭവത്തിന്റെയും കിടപ്പുവശം മനസ്സിലായത്. ഓടിക്കോ എന്നു മേയര്‍ പറഞ്ഞതു കേട്ട്, കെട്ടും ഭാണ്ഡവുമെടുത്ത് നാടുവിടാന്‍ ശ്രമിക്കുന്നവര്‍ ഉണ്ടാക്കിയ ട്രാഫിക്ക് ബ്ലോക്ക് ആയിരുന്നു അത്. എങ്കില്‍ ബ്ലോക്ക് മാറിയിട്ട് പോകാം എന്നു വിചാരിച്ച് കാറുകള്‍ തിരിക്കാന്‍ നോക്കിയപ്പോള്‍ ഞങ്ങള്‍ക്ക് കുറെ പിന്‍ഗാമികള്‍ കൂടി ഉണ്ടായിരിക്കുന്നു എന്നുള്ള നഗ്നവും ഞെട്ടിക്കുന്നതുമായ സത്യം ഞങ്ങള്‍ മനസ്സിലാക്കി.

എന്തായാലും പെട്ടുപോയി. ഇനി എന്തു ചെയ്യാന്‍? വരുന്നതു വരട്ടെ എന്നു കരുതി മുന്നോട്ടു തന്നെ പോകാന്‍ തീരമാനിച്ചു. ഹൈവേയിലെ ട്രാഫിക് മുന്നോട്ടു നീങ്ങുന്നതേയില്ല എന്നു മനസിലായപ്പോള്‍ ഫീഡറില്‍ക്കൂടിത്തന്നെ പോകാനായി അടുത്ത തീരുമാനം.

എങ്ങോട്ടു പോവാന്‍? കയ്യില്‍ പൊതിഞ്ഞു കരുതിയിരുന്ന കുറച്ചു ചോറ് ചാറും കൂട്ടി കഴിക്കുമ്പോള്‍ സമയം ഒരു മണി. റോഡില്‍ കയറിയിട്ടു മൂന്നു മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. തിരിഞ്ഞു നോക്കിയപ്പോള്‍ ദൂരെ ഞങ്ങളുടെ അപ്പാര്‍ട്ടുമെന്റ് കാണാം.

വൈകിട്ട് അഞ്ച് മണിയായപ്പോഴേക്കും ഞങ്ങള്‍ ഏഴു മൈല്‍ പിന്നിട്ടു കഴിഞ്ഞിരുന്നു. ഈ പോക്കു പോയാല്‍ റീത്ത വരുന്ന സമയത്ത് ഞങ്ങള്‍ ഹ്യൂസ്റ്റണ്‍ന്റെ തന്നെ ഏതെങ്കിലും ഒരു മൂലയില്‍ കാറിനള്ളില്‍ത്തന്നെ ഇരുന്നു പണ്ടാരമടങ്ങും എന്നുള്ള തോന്നല്‍ വണ്‍ ബൈ വണ്‍ ആയി എല്ലാവരുടെയും തലയില്‍ കത്താന്‍ തുടങ്ങി.

മൊബൈല്‍ ഫോണുകള്‍ ശബ്ദിച്ചുതുടങ്ങി. കോണ്‍ഫറന്‍സ് കോളുകള്‍. എട്ടു കാറുകളും പത്തു മുപ്പത് വലിയ ജീവനും, രണ്ട് മൂന്നു കുഞ്ഞു ജീവനും. അവസാനം ഒഴിഞ്ഞു കിടക്കുന്ന എതിര്‍ദിശയിലേക്കുള്ള റോഡിലേക്ക് നോക്കി ഞങ്ങള്‍ ഒരു തീരുമാനത്തില്‍ എത്തി. പീച്ചേ മൂട്ട്.

ആത്മഹത്യക്കും കൊലക്കുമിടയിലൂടാര്‍ത്തനാദം പോലെ പായുന്ന ഈ ജീവിതം എന്നാല്‍ പിന്നെ റീത്ത എടുത്തോട്ടെ എന്നു വിചാരിക്കുമ്പോള്‍ നാട്ടിലുള്ള കുടുംബത്തെ ഓര്‍ത്തു, കുടുംബം കൂടെ ഉള്ളവര്‍ ദൈവത്തെ ഓര്‍ത്തു, ദൈവവിശ്വാസം ഇല്ലാത്തവര്‍ മറ്റു പലതും ഓര്‍ത്തു.

ഏഴു മണിക്കൂര്‍ കൊണ്ട് ഏഴു മൈല്‍ സഞ്ചരിച്ച ഞങ്ങള്‍ ഏഴു മിനിറ്റ് കൊണ്ട് തിരിച്ച് അപ്പാര്‍ട്ട്മന്റില്‍ എത്തി!

തിരിച്ചെത്തിക്കഴിഞ്ഞപ്പോഴാണ് മഹാമേരുപോലെയുള്ള അടുത്ത പ്രശ്നം അപ്പാര്‍ട്ടുമെന്റിന്റെ രൂപത്തില്‍ ഞങ്ങളുടെ മുന്നില്‍ അവതരിച്ചത്. ഇവിടെ എല്ലാ അപ്പാര്‍ട്ടുമെന്റുകളും, ഇവിടുത്തെ നിയമം അനുസരിച്ച്, തടി കൊണ്ടുണ്ടാക്കിയതാണ്. മാത്രമല്ല, ഞങ്ങളില്‍ ഭൂരിഭാഗവും രണ്ടാം നിലയില്‍ ആണു താമസിക്കുന്നത്. പണ്ടേ ദുര്‍ബല, പിന്നെ ഗര്‍ഭിണി എന്നുള്ള അവസ്ഥയില്‍ ഉള്ള ഈ അപ്പാര്‍ട്ടുമെന്റില്‍ ഇരുന്നാല്‍ അഥവാ ഞങ്ങളോടു കരുണ തോന്നി റീത്ത കുറച്ചു ദിശ മാറി പോയാല്‍ പോലും ഞങ്ങള്‍ രക്ഷപ്പെടും എന്നു യാതൊരു പ്രതീക്ഷയും ഞങ്ങള്‍ക്കില്ലായിരുന്നു.

അപ്പോള്‍ വീണ്ടും അതാ വണ്‍ ബൈ വണ്‍ ആയി തലയിലെ ബള്‍ബുകള്‍ കത്തിത്തുടങ്ങി.

"നമുക്ക് എല്ലവര്‍ക്കും കൂടി അടച്ചുറപ്പുള്ള എങ്ങോട്ടെങ്കിലും മാറിയാലോ?"

അതൊരു മില്ല്യണ്‍ ഡോളര്‍ ചോദ്യവും അര ബില്ല്യണ്‍ ഡോളര്‍ ഉത്തരവും ആണെന്ന് മറ്റാരും പറയാതെ തന്നെ എല്ലാവര്‍ക്കും മനസ്സിലായി.

അടച്ചുറപ്പുള്ള സ്ഥലം ഏത് എന്നുള്ള ചോദ്യത്തിന്റെ അമ്പെടുത്ത് വില്ലില്‍ കുലയ്ക്കുന്നതിനു മുന്‍പു തന്നെ കൂട്ടത്തിലെ മൂത്താശാരിമാര്‍ തച്ചുശാസ്ത്രം വച്ചു ഒന്നുരണ്ടു സ്ഥലങ്ങള്‍ തപ്പിയെടുത്തു. അതിലൊന്ന് റീത്ത വരുന്നു എന്ന് മുന്നറിയിപ്പ് കേട്ട് പലായന മീറ്റിംഗില്‍പ്പോലും പങ്കെടുക്കാതെ, ഭാര്യയെയും മക്കളെയും കൊണ്ട് അന്നുതന്നെ രക്ഷപെട്ട ഭാഗ്യവാനായ ഒരു സഹപ്രവര്‍ത്തകന്റെ വീടായിരുന്നു. രക്ഷപ്പെടുന്നതിനു മുന്‍പ് ഇങ്ങനെ ഒരു സാധ്യത മുന്നില്‍ക്കണ്ടാണോ എന്നറിയില്ല ആ പാവം വീടിന്റെ ഒരു സെറ്റ് താക്കോല്‍ ഞങ്ങളുടെ കൂട്ടത്തില്‍ ഒരാളെ ഏല്പ്പിക്കാന്‍ മറന്നില്ല.

ശനിയാഴ്ച്ച പത്തുപതിനഞ്ച് പേരുടെ ഒരു ഗ്രൂപ്പ് ഒരു ദിക്കിലേക്കും അത്രയുംതന്നെ ആള്‍ക്കാരും ഞാനും അടങ്ങുന്ന മറ്റൊരു ഗ്രൂപ്പ് മേല്‍പ്പറഞ്ഞ വീട്ടിലും ചേക്കേറി.

(തുടരും...)

റീത്തയോടൊപ്പം ഒരു രാത്രി - 1

Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍

വാക്കു തന്നതുപോലെ ഞാനിതാ മടങ്ങി വന്നിരിക്കുന്നു.

കുണ്ടറയില്‍ നിന്നുള്ള വണ്ടര്‍ഫുള്‍ മുത്തുകള്‍ പെറുക്കാന്‍ ഇറങ്ങിത്തിരിച്ച എന്റെ മനസ്സില്‍ ആദ്യം വന്നത് അമേരിക്കയിലെ ഉദ്ദ്വേഗജനകമായ ഒരു രാത്രി ആയിരുന്നു. റീത്തയോടൊപ്പമുള്ള രാത്രി.

അമേരിക്കയില്‍ എത്തി ഒന്നു പച്ചയും ചുവപ്പും ഒക്കെ പിടിച്ചു വരുന്നതെ ഉണ്ടായിരുന്നുള്ളു. ഇവിടുത്തെ ബര്‍ഗറും, സബ്ബും, പിസ്സായും ഒക്കെ കഴിച്ച് ശരീരം ഒന്നു പുഷ്ടിപ്പെട്ടു വന്നുകൊണ്ടിരിക്കുമ്പോഴാണ് റീത്ത വരുന്നു എന്നുള്ള വാര്‍ത്ത കേട്ട് ഞെട്ടിയത്.

റീത്ത ഒരു സുന്ദരിപെണ്ണല്ലേയെന്നും, അവളുടെ ആഗമനവാര്‍ത്ത കേട്ട് ഞെട്ടാന്‍ ഇവന്‍ ഏത് കോത്താഴത്തുകാരന്‍ എന്നും മനസ്സില്‍ എവിടെയെങ്കിലും ചിന്തിച്ചു പോയിട്ടുണ്ടെങ്കില്‍ ആ ചിന്തകള്‍ തത്ക്കാലം ഡിലീറ്റ് ചെയ്തുകളയുന്നതു നന്നായിരിക്കും.

റീത്ത വരുന്നത് കാറ്റായിട്ടാണ്. ഇതൊരു പ്രേതകഥയാണെന്നു തെറ്റിദ്ധരിക്കാന്‍ വരട്ടെ. റിത്ത ചുഴലിക്കാറ്റാണ്. കത്രീനയെപ്പൊലെ. കാറ്റഗറി 5 കാറ്റ്. മണിക്കൂറില്‍ 125 മൈല്‍ വേഗതയില്‍ വീശുന്ന കാറ്റിനെ ആണ് കാറ്റഗറി 5 ല്‍ പെടുത്തുന്നത്.

ഇത്രയും നാള്‍ ഇന്ത്യയില്‍ ആയിരുന്നതുകൊണ്ട് കാറ്റിനെക്കുറിച്ച് കൂടുതല്‍ ഇന്‍ഫൊര്‍മേഷന്‍ ഒന്നും എന്റെ ഡാറ്റാബേസില്‍ ഇല്ലായിരുന്നു. ഇന്‍ഡ്യയില്‍ ആകെ ഞാന്‍ കേട്ടിട്ടുള്ളത് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദവും അതിന്റെ അനന്തരവന്‍ ആയി രൂപം കൊള്ളുന്ന ചിന്ന ചുഴലിക്കാറ്റും ഒക്കെയാണ്. അതിനു കേരളത്തില്‍ പാര്‍ക്കുന്ന നമുക്കെന്താ? രണ്ട് ദിവസം മഴ പെയ്യും. പിന്നെ വാര്‍ത്ത വായിക്കുന്ന പെണ്ണ് ഞ്യൂഞമര്‍ത്തം എന്നു പറയുന്നതു കേട്ടു ചിരിക്കാം. അവിടെ തീരുന്നു ചുഴലിക്കാറ്റിനെക്കുറിച്ചള്ള എന്റെ അറിവുകള്‍.

സംഭവം ഇങ്ങനെ ആണെങ്കിലും കാറ്റ് എന്നു കേട്ടപ്പോള്‍ ആദ്യം ഒരു സുഖം ഒക്കെ തോന്നി. കാറ്റടിക്കുമ്പോള്‍ ചാഞ്ചാടുന്ന മരത്തലപ്പുകളും, പൊങ്ങിപ്പറക്കുന്ന ഇലകളും തുണികളും (തെറ്റിദ്ധരിക്കരുത്, ഉണക്കാനിട്ട തുണികള്‍) ഒക്കെ പടം പിടിക്കാന്‍ പറ്റിയ സംഭവങ്ങള്‍ ആണെല്ലോ എന്നോര്‍ത്തു ഒന്നു കോരിത്തരിച്ചുവെന്നുളളതും, ക്യാമറയുടെ ബാറ്ററി ചാര്‍ജ്ജ് ചെയ്യാന്‍ വച്ചു എന്നുള്ളതും സത്യം. പക്ഷെ, അതിനുമുമ്പ് മറ്റ് ചില സ്ഥലങ്ങളില്‍ കത്രീന എന്ന സുന്ദരിക്കാറ്റ് ഉണ്ടാക്കിയ പുകിലുകള്‍ കേട്ടപ്പോള്‍ ആദ്യം ഉണ്ടായ കോരിത്തരിപ്പ് ചങ്കിടിപ്പിനു വഴിമാറി.

റീത്ത രൂപം കൊണ്ടത് ഒരു തിങ്കളാഴ്ച പുലര്‍ച്ചെ ആയിരുന്നു. അറ്റ്ലാന്റിക് സമുദ്രത്തിന്റെ മധ്യത്തില്‍ എവിടെയൊ ആണ് ഇതു ഉണ്ടാവുന്നതെന്നും അതു ഇത്രയും ദൂരം യാത്ര ഒക്കെ ചെയ്തു ക്ഷീണിച്ച് അമേരിക്കയിലൊ മെക്സിക്കന്‍ തീരങ്ങളിലൊ വന്നണയുമ്പോഴേക്കും ആഴ്ച ഒന്ന് എടുക്കും എന്ന് കേട്ടപ്പോള്‍ പാവപ്പെട്ട മെക്സിക്കോ, ഫ്ലോറിഡ, ലൂസിയാനാ (അവിടെയൊക്കെയാണ് സ്ഥിരമായി ചുഴലിക്കാറ്റ് നാശം വിതക്കറുള്ളത്) നിവാസികളെ ദൈവം രക്ഷിക്കട്ടെ എന്നു പ്രാര്‍ത്ഥിച്ച് സ്വന്തം കാര്യം സിന്ദാബാദ് എന്ന തത്വശാസ്ത്രത്തില്‍ വിശ്വാസമര്‍പ്പിച്ച് ജീവിതം തള്ളാന്‍ തുടങ്ങുമ്പോള്‍...

വ്യാഴാഴ്ച്ച ഉച്ചയോടെ വന്ന ഓഫീസ് ഇ-മെയിലില്‍ സാധാരണപോലെ നമുക്കു സുഖിക്കുന്ന കാര്യങ്ങള്‍ ഒന്നും ഉണ്ടാവില്ലെന്ന മുന്‍വിധിയോടെ തീര്‍ത്തും അവഗണിച്ച് ആത്മാര്‍ത്ഥമായി ജോലിചെയ്യുന്നതായി ഭാവിക്കുന്നതിനിടയില്‍ എന്റെ സഹമുറിയന്റെ കോള്‍ ഓഫീസ് ഫോണില്‍.

"എന്താ പോകണ്ടേ?"

"എവിടെ?"

"വീട്ടില്‍. ഉടനെ ഷോപ്പില്‍ പോയി എന്തെങ്കിലും തിന്നാനും കുടിക്കാനും വാങ്ങിയില്ലെങ്കില്‍ പിന്നെ കിട്ടി എന്നു വരില്ല."

ഇയാള്‍ക്കെന്താ വട്ടായോ എന്നാണ് ആദ്യം ചിന്തിച്ചത്. സാധാരണ ശനിയാഴ്ച്ചകളില്‍ ആണ് ഷോപ്പിങ്ങിനു പോകുന്നത്. ഇതെന്താ വ്യാഴാഴ്ച ഉച്ചക്ക്.
പക്ഷെ പെട്ടെന്ന് എന്തോ ഒരു പന്തികേട് തോന്നാതിരുന്നില്ല. സംശയം തീര്‍ക്കാന്‍ പുള്ളിയോടുതന്നെ ചോദിച്ചു:

"അതെന്താ ഇപ്പോള്‍?"

"ഹ്യൂസ്റ്റന്‍ സൈറ്റ് കമ്മ്യൂണിക്കേഷന്‍ ഇ-മെയില്‍ വായിച്ചില്ലേ? റീത്ത ശനിയാഴ്ച വൈകിട്ട് ഹ്യൂസ്റ്റനില്‍ ഹിറ്റ് ചെയ്യും എന്നാണ് ലേറ്റസ്റ്റ് ഫോര്‍ക്കാസ്റ്റ്. തീറ്റയും കുടിയും സ്റ്റോക്ക് ചെയ്തില്ലെങ്കില്‍ വിവരം അറിയും."

അപ്പൊഴാണ് എന്റെ മെയില്‍ ബോക്സില്‍ എന്റെ മൗസ് സ്പര്‍ശത്തിനായി കാത്തു കിടക്കുന്ന മെയിലിനെ കുറിച്ചോര്‍ത്തതുതന്നെ. വേഗം അതു തുറന്നു. അപ്പോഴാണ് സംഗതിയുടെ കിടപ്പുവശം കുറച്ചു കുഴപ്പമാണെന്നു മനസ്സിലായത്.

റീത്ത വരുന്നു. ഉഗ്രരൂപിണിയായി. ശനിയാഴ്ച്ച വൈകിട്ട് ഹ്യൂസ്റ്റണിലൂടെ കടന്നുപോകും. ഓഫീസ് നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നു.

കിടുങ്ങിപ്പോയി...

മുന്നോട്ടു തള്ളാന്‍ തുടങ്ങിയ ജീവിതം തുടങ്ങിയിടത്തുതന്നെ നില്‍ക്കുകയാണ്. ഇനി ബാക്കി ആരു തള്ളൂം എന്നു ആലോചിച്ചപ്പോള്‍ ശരിക്കും എന്റെ കണ്ണുതള്ളിപ്പോയി.

അരമണിക്കൂര്‍ കഴിഞ്ഞ് സഹമുറിയന്‍ വിളിക്കാന്‍ വന്നപ്പോള്‍ തള്ളിയ കണ്ണുമായി ഞാന്‍ അങ്ങനെതന്നെ ഇരിക്കുകയാണ്. അദ്ദേഹം വന്നത് പുതിയ ഒരു ന്യൂസുമായാണ്. ജനങ്ങളോട് ഹ്യൂസ്റ്റണ്‍ വിട്ടുപോകാന്‍ മേയര്‍ ഉത്തരവിട്ടിരിക്കുന്നു.

അപ്പോള്‍ സംഗതി കൈവിട്ടുപോയിരിക്കുന്നു. ഇനിയെന്തു ചെയ്യും എന്നായി അടുത്ത ചിന്ത.

ഓഫീസിലെ സഹപ്രവര്‍ത്തകര്‍ ഒരു മീറ്റിങ് വിളിച്ചുക്കൂട്ടി. പലായനം പ്ലാന്‍ ചെയ്യാന്‍ ഒരു മീറ്റിങ്! പ്ലാനിങ് എല്ലാം കഴിഞ്ഞപ്പോള്‍ ഒരു കാര്യം ഉറപ്പായി. പിറ്റേന്ന് കാലത്ത് ജീവന്‍ ഉണ്ടെങ്കില്‍ അതും കൈയ്യില്‍ പിടിച്ച് ഹ്യൂസ്റ്റ്ണ്‍ വിടണം.

കാറുള്ളവരുടെ ഏണ്ണവും ഇല്ലാത്തവരുടെ ഏണ്ണവും കണക്കാക്കി, ഇല്ലാത്തവരെ ഉള്ളവരുടെ കൂടെ തിരുകികയറ്റാന്‍ ധാരണ ആയി മീറ്റിങ് പിരിഞ്ഞു. ഈയുള്ളവനും സഹമുറിയനും അക്കാലത്തു രണ്ടാമത്തെ ലിസ്റ്റില്‍ പെട്ടതിനാല്‍ ഒരു മലയാളി സുഹ്രുത്തിനോടും കുടുംബത്തോടുമൊപ്പം ലയിക്കുവാന്‍ തീരുമാനിച്ചു. മീറ്റിങ് കഴിഞ്ഞയുടനെ, പുര കത്തുമ്പോള്‍ ബീഡി കത്തിക്കുക, റോം കത്തുമ്പോള്‍ വീണ വായിക്കുക തുടങ്ങിയ ബിരുദങ്ങള്‍ ഉള്ളവര്‍ അവസരം മുതലാക്കി അപ്പോള്‍ തന്നെ സ്കൂട്ട് ആയി. ബാക്കിയുള്ളവര്‍ നേരം ഇരുന്നും കിടന്നും കൈയ്യില്‍ എടുത്തു പിടിച്ചും വെളുപ്പിച്ചെടുത്തു.

ഹ്യൂസ്റ്റണില്‍ നിന്നും നൂറ്റന്‍പതു മൈല്‍ അകലെ, സാധാരണ സ്പീഡില്‍ പോയാല്‍ ഒന്നര മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാവുന്ന ഒരു സ്ഥലത്ത് പഴയ പരിചയം ഒക്കെ പുതുക്കി കുറച്ചു പേര്‍ക്കു താമസിക്കാന്‍ സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടായിരുന്നു. അവിടെ എത്തിച്ചേരാനുള്ള സമയം കണക്കാക്കി തിന്നാനും കുടിക്കാനും ഉള്ളതൊക്കെ കാറില്‍ ഏടുത്തു വെച്ചു. എല്ലാവരും ഒന്നിച്ചു പുറപ്പെടാം എന്നും, കൂട്ടം തെറ്റിയാല്‍ വിളിക്കാന്‍ വേണ്ടി എല്ലാ വണ്ടിയിലും മൊബൈല്‍ ഉള്ള ഒരാള്‍ വീതം എന്നുമൊക്കെയുള്ള പ്ലാനിംഗോടു കൂടി രാവിലെ ഏഴു മണിക്കു പുറപ്പെടാന്‍ ഉദ്ദേശിച്ചിരുന്ന ഞങ്ങള്‍ പുറപ്പെട്ടപ്പോള്‍ പത്ത് മണിയായി.

(തുടരും...അധികം വൈകില്ല.)

ആദ്യ വിളംബരം

Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍

ഇതാ എന്റെ ആദ്യ വിളംബരം. എന്തിനും വേണമല്ലോ ഒരു ആദ്യത്തേത്. അതു ഇങ്ങനെ ആവട്ടെ എന്നു വിചാരിച്ചു. ഹിസ്റ്ററി ക്ലാസ്സില്‍ കയറാതെ മാവില്‍ കല്ലെറിയാന്‍ പോയി വേലുത്തമ്പി ദളവയുടെ കുണ്ടറ വിളംബരം മിസ്സ് ആയ മാന്യന്മാര്‍ ഉണ്ടെങ്കില്‍ ഇവിടെ പോവുക.

വിശാലമനസ്ക്കന്റെ കൊടകരപുരാണവും, കുറുമാന്റെ യൂറോപ്യന്‍ സ്വപ്നങ്ങളും, മുരളിയുടെ കോമരവും നക്കി തുടച്ചു വായിച്ചു തീര്‍ത്തിട്ടാണ് ഈ പുറപ്പാട്. എന്താവുമോ എന്തോ? എനിവേ, നനഞ്ഞിറങ്ങി, ഇനി കുളിച്ചുകയറാം.

കുണ്ടറ ഈസ് ഏ വണ്ടര്‍ഫുള്‍ കണ്ട്രി അണ്ടര്‍ ദി കണ്‍ട്രോള്‍ ഓഫ് സെന്‍ട്രല്‍ ഗവര്‍മെന്റ് എന്നു കണ്ടുപിടിത്തം നടത്തിയത് ആരായാലും ശരി, ആ മാന്യദേഹത്തിനു നമോവാകം. ആ സുഹ്രത്ത് പറഞ്ഞതില്‍ അല്പ്പം കാര്യം ഒക്കെ ഉണ്ട് കേട്ടൊ. സെന്‍ട്രല്‍ ഗവര്‍മെണ്ടിന്റെ ടെലിഫോണ്‍ എക്സ്ചേഞ്ച്, പോസ്റ്റ് ഓഫീസ് എന്നുള്ള രണ്ടെ രണ്ട് പ്രസ്ഥാനങ്ങള്‍ അല്ലാതെ വേറെ ഒന്നും ഇല്ലാത്ത കുണ്ടറ വണ്ടര്‍ഫുള്‍ ആണെന്നുള്ളതില്‍ രണ്ടഭിപ്രായം വരാന്‍ വഴിയില്ല.

എന്തായാലും കണ്ടറയില്‍ നിന്നും കണ്ടെടുത്ത ആ വണ്ടര്‍ഫുള്‍ മുത്തുകളുമായി ഇവിടെ സ്ഥിരതാമസം ആക്കുന്നതിനെകുറിച്ച് ഞാന്‍ തലപുകഞ്ഞ് ആലോചിക്കുന്ന ഈ വേളയില്‍ നിങ്ങളുടെ വിലയേറിയ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും കൊതിച്ചുകൊണ്ട് വീണ്ടും കാണാം എന്നു വാക്കു പറഞ്ഞ് ഞാന്‍ തല്‍ക്കാലം പോകുന്നു.