ഒരു സൈഡ് പിടിച്ച് നടന്നു പൊയ്ക്കോ...

Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍

ശനിയാഴ്ച വൈകുന്നേരം ഹോട്ടല്‍ കുടപ്പനക്കുന്ന് ഇന്റര്‍നാഷണലിന്റെ വരാന്തയില്‍ നിന്ന് വിരലിടാത്ത ചായ ഒരു നില്പ്പനടിച്ച്, തൊട്ടടുത്ത പെട്ടിക്കടയില്‍ നിന്ന് ഒരു വില്‍സും കത്തിച്ച്, കൊല്ലം ചെങ്കോട്ട റൂട്ടിലോടുന്ന മീറ്റര്‍ഗേജ് തീവണ്ടി പോലെ പുകയും വിട്ട് തെക്കോട്ട് വച്ച് പിടിക്കുകയായിരുന്ന എന്നെ ഞെട്ടിച്ചുകൊണ്ട് അരയിലെ ബെല്‍ട്ടില്‍ കൊളുത്തിയിട്ടിരുന്ന പേജര്‍ ഒന്നു ചിലച്ചു...

"കം റ്റു ക്ലബ്ബ് ഇമ്മീഡിയറ്റ്ലി" - ബോസിന്റെ മെസേജ്.

വല്ല ബിസിനസ്സ് മീറ്റിംഗിനാണ് എന്ന് കരുതിയെങ്കില്‍ തെറ്റി. ശനിയാഴ്ച വൈകിട്ട് ക്ലബ്ബില്‍ എന്താ ബിസിനസ്സ് എന്ന് അത്യാവശ്യം വിവരമുള്ള കള്ളുകുടിയന്മാര്‍ക്കൊക്കെ മനസ്സിലായിട്ടുണ്ടാവും. അതു തന്നെ, രണ്ടു പെഗ്ഗടിക്കാന്‍ ഒരു കമ്പനിക്കു വിളിക്കുകയാണ്. എന്തൊരു സ്നേഹം. എന്തായാലും ഓസിനു കിട്ടിയാല്‍ പോയിസണും അടിക്കുമെന്നുള്ള വിനയപ്രസാദ് പോളിസിയും കൊണ്ടു നടക്കുന്ന എനിക്ക് ആര് എവിടെ എപ്പോള്‍ വിളിച്ചാലും ഹാപ്പി.

അടുത്ത നിമിഷം കമ്പനി വകയായ ചേതക്ക് എന്നെയും കൊണ്ട് കുളമ്പടിയൊച്ചയുടെ അകമ്പടിയോടെ തലസ്ഥാനനഗരിയുടെ വിരിമാറിലൂടെ വഴുതക്കാട്ടുള്ള ശ്രീമൂലം ക്ലബ്ബിലേക്കു പാഞ്ഞുപോയി.

രണ്ടാമത്തെ പെഗ്ഗ് ഊറ്റിക്കുടിച്ച് ഗ്ലാസ്സ് താഴെവെക്കുമ്പോള്‍ കഴിഞ്ഞ ആറ് മാസമായുള്ള കമ്പനിയുടെ പുരോഗതിയെക്കുറിച്ച് ബോസ് വാചാലനാവുകയായിരുന്നു. നാലാമത്തെ പെഗ്ഗില്‍ ഐസ് ക്യൂബ്
വീഴുന്നതിനുമുന്‍പു എന്റെ അത്യാഗ്രഹം സടകുടഞ്ഞെഴുന്നേല്‍ക്കുകയും എന്തുകൊണ്ട് എനിക്കും ഇതുപോലൊന്ന് തുടങ്ങിക്കൂടാ എന്ന് അഞ്ചാമത്തെ പെഗ്ഗ് എന്നെക്കൊണ്ട് തോന്നിപ്പിക്കുകയും ചെയ്തു. അങ്ങനെ ഒരു മാസത്തിനുള്ളില്‍ എല്ലാവരുടെയും അനുവാദത്തോടെ കൊല്ലത്ത് ഒരു സ്ഥാപനം തുടങ്ങാനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തു.

ഒരു ബൈക്ക് എടുക്കാം എന്നാണ് ആദ്യം തീരുമാനിച്ചത്. ഹെല്‍മറ്റ് നിര്‍ബന്ധമല്ലെങ്കില്‍ക്കൂടി ഒരെണ്ണം വാങ്ങാം എന്ന് വിചാരിച്ചത് ആക്സിഡന്റ് പറ്റി അങ്ങ് തട്ടിപ്പോയാലും തലക്കും മുഖത്തിനും ഒന്നും പറ്റണ്ട എന്നു കരുതിയിട്ടും. എന്തായാലും ഒരു ദിവസം തന്നെ രണ്ടും സാധിച്ച്, ഫോര്‍ രജിസ്റ്റ്ടേഷന്‍ സ്റ്റിക്കര്‍ ഒട്ടിച്ച് ബൈക്കും ബൈക്കിന്റെ കളറിലുള്ള ഹെല്‍മറ്റും കൊണ്ട് വീട്ടില്‍ എത്തിയപ്പോള്‍ സെഞ്ച്വറി അടിക്കാറായ എന്റെ അപ്പൂപ്പന്‍ വലിക്കാന്‍ വയ്യേ എന്നും പറഞ്ഞ് നടുവിന് കൈയ്യും കൊടുത്ത് ഇരിക്കുന്നു.

വീട്ടില്‍ സ്വന്തമായി ഒരു മുച്ചക്രവാഹനം ഉണ്ടായതുകൊണ്ട് എന്നാല്‍‌പ്പിന്നെ അപ്പൂപ്പനെ ഒന്നു ആശുപത്രിയില്‍ കൊണ്ട്പോകാം എന്ന് ഞാനങ്ങ് തീരുമാനിച്ചു. അത് സ്നേഹം കൊണ്ടന്നുമല്ല എന്ന് അമ്മ പറയുമെങ്കിലും ആഞ്ഞിലിത്തടിയില്‍ ഈര്‍ച്ചവാളുകൊണ്ട് അറുക്കുന്നതുപോലെയുള്ള അപ്പൂപ്പന്റെ ശ്വാസനിശ്വാസങ്ങളുടെ സംഗീതം ഒന്നു മാറിക്കിട്ടാന്‍ വേണ്ടി എന്തും ചെയ്യാന്‍ ഞാന്‍ ഒരുക്കമായിരുന്നു എന്നുള്ളത് എന്റെ ഫാമിലി സര്‍ക്കിളില്‍ പരസ്യമായ രഹസ്യമായതുകൊണ്ട് പിന്നെ ഞാന്‍ തര്‍ക്കിക്കാനൊന്നും പോയില്ല.

എന്തായാലും ആശുപത്രിയില്‍ നിന്നും തിരിച്ചു വരുന്ന വഴിക്ക് ഡ്രൈവര്‍ക്ക് സോഡ കുടിക്കാന്‍ തോന്നിയതും എനിക്ക് ഓട്ടോറിക്ഷ ഓടിക്കാന്‍ തോന്നിയതും ഏതാണ്ട് ഒരേ സമയത്ത്. ഓട്ടോ നിര്‍ത്തി പുള്ളിക്കാരന്‍ സോഡ കുടിക്കാന്‍ പോയ തക്കത്തിന് ഞാന്‍ ഡ്രൈവിങ് സീറ്റിലെത്തി.

മുതലാളിയുടെ മോനോട് മാറിയിരിക്കെടാ എന്നു പറയാന്‍ കെല്പ്പില്ലാത്ത ഒരു പാവം 'ഏഴക്കെല്ലാം സ്വന്തക്കാരന്‍' ആയതുകൊണ്ട് നമ്മുടെ പാവം ഡ്രൈവ‌ര്‍ ഒന്നും മിണ്ടാതെ ഡ്രൈവിങ് സീറ്റിന്റെ ഒരരുകില്‍ ഒറ്റച്ചന്തികൊണ്ട് ബാലന്‍സ് ചെയ്ത് ഇരുന്നു.

അങ്ങനെ ആ യാത്ര പുരോഗമിക്കവേ, എപ്പോഴോ വണ്ടിക്കല്പ്പം സ്പീഡ് കൂടുതലല്ലേ എന്നെനിക്കൊരു സംശയം ഉണ്ടായി. എന്തായാലും സംശയമല്ലേ, അര്‍ഹിക്കുന്ന പ്രാധാന്യം കൊടുക്കാം എന്ന് ഞാനങ്ങ് തീരുമാനിച്ചു. കാലു പൊക്കി, ബ്രേക്കില്‍ ചവിട്ടാന്‍. പക്ഷെ ബ്രേക്കില്‍ ചവിട്ടുന്നതിനു മുന്‍പ് എന്റെ കാല്‍മുട്ട് ഓട്ടോയുടെ ഹാന്‍ഡിലില്‍ ശക്തിയായി ഇടിച്ചു. അപ്പോള്‍ തന്നെ അനുസരണയില്ലാത്ത ആ മുക്കാലി കരിങ്കാലി ആവുകയും റോഡിന്റെ സൈഡില്‍ വെറുതെ നിന്ന ഒരു ടെലിഫോണ്‍ പോസ്റ്റില്‍ പോയി ചാമ്പുകയും ചെയ്തു.

എന്തു സംഭവിച്ചു എന്നു എനിക്ക് ബോധം വരാന്‍ കുറച്ച് സമയം ഏടുത്തു. ഇഹലോകത്തിലേക്ക് മടങ്ങി വന്നപ്പോള്‍ തന്നെ ആദ്യം ആലോചിച്ചത് അപ്പൂപ്പനെക്കുറിച്ചാണ്. നോക്കിയപ്പോള്‍ അപ്പു വലിയ പ്രശ്നം ഒന്നു ഇല്ലാതെ ഓട്ടോയുടെ ഒരു കമ്പിയില്‍ തൂങ്ങിക്കിടപ്പുണ്ട്. ഡ്രൈവറാണെങ്കില്‍ ഒരു കണ്ണും തപ്പിപ്പിടിച്ച് റോഡ്‌സൈഡില്‍ മലര്‍ന്നു കിടക്കുന്നു. ഞാന്‍ പതുക്കെ ഓട്ടോയില്‍ നിന്നും പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോഴാണ് സംഭവത്തിന്റെ ഇരിപ്പുവശവും ഓട്ടോയുടെ കിടപ്പുവശവും ഞാന്‍ മനസ്സിലാക്കിയത്. ഞാന്‍ കുരുങ്ങിക്കിടക്കുകയാണ്! അല്ല, കുരുങ്ങിയിരിക്കുകയാണ്!

പിന്നെ കിട്ടാവുന്നിടത്തുന്നൊക്കെ ധൈര്യം കടം വാങ്ങിച്ച് രണ്ടും മൂന്നും നാലുമൊക്കെ കല്പ്പിച്ച് ഞാന്‍ കൈയും കാലുമൊക്കെ ഒരു വിധം വലിച്ചൂരിയെടുത്തു. കുറച്ച് തൊലിയും മാംസവും ചോരയും ഒഴിച്ച് ബാക്കിയെല്ലാം എനിക്കു തന്നെ കിട്ടി. അടുത്ത ചോദ്യം, ഇനിയെങ്ങനെ പുറത്തിറങ്ങും എന്നള്ളതാണെന്ന് ചോദ്യം വരുന്നതിനു മുന്‍പു തന്നെ എനിക്കു മനസ്സിലായി. ആഞ്ജനേയനെ മനസ്സില്‍ നല്ലവണ്ണം ധ്യാനിച്ച് ഓട്ടോയുടെ മുകളിലുള്ള ടാര്‍പോളിന്‍ കീറി മാറ്റി, എങ്ങനെയൊക്കെയോ ഞാന്‍ പുറത്തുവന്നു.

കണ്ണില്‍ തപ്പിപ്പിടിച്ച് താഴെ ബോധമില്ലതെ കിടക്കുന്ന ഡ്രൈവറും കമ്പിയില്‍ തൂങ്ങി ബോധമില്ലതെ കിടക്കുന്ന അപ്പൂപ്പനും ബോധമില്ലാതെ ഓട്ടോ ഓടിച്ച് ബോധം പോകാതെ നില്‍ക്കുന്ന ഞാനും. ചുറ്റും നോക്കിയപ്പോള്‍ മനസ്സിലായി കുണ്ടറ ഫയ‌ര്‍ സ്റ്റേഷനിലേക്ക് അമ്പത് മീറ്റര്‍ ദൂരമേയുള്ളൂ എന്ന്. നേരെ അങ്ങോട്ടോടി. നല്ല മഴ പെയ്യുന്നുണ്ടായിരുന്നു, എന്റെ തലയില്‍ക്കൂടി മാത്രം. അതു തലയില്‍ നിന്നൊഴുകുന്ന ചോരയാണെന്നറിയാനുള്ള ബോധം പോലും എനിക്കില്ലായിരുന്നു എന്നു പറയുന്നതാവും ശരി.

ഫയര്‍ സ്റ്റേഷനില്‍ നിന്നും ആംബുലന്‍സ് കൊണ്ടുവന്നു. വീണിതല്ലോ കിടക്കുന്നു ധരണിയില്‍ ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ എന്നുള്ള നിലയില്‍ കിടക്കുന്ന ഡ്രൈവറെയും, കോണകവുമഴിഞ്ഞയ്യോ ശിവ ശിവ എന്നുള്ള നിലയിലുള്ള അപ്പൂപ്പനെയും താങ്ങിയെടുത്ത് അതില്‍ കയറ്റി, ഞാനും കയറി, അധികം താമസിയാതെ തന്നെ ഞാനങ്ങു പോയി, എന്ന് വെച്ചാല്‍ , എന്റെ ഉള്ള ബോധം പോയിക്കിട്ടി.

ബോധം തെളിഞ്ഞപ്പോള്‍ ഞാന്‍ ഒരു മേശപ്പുറത്ത് കിടക്കുന്നു. എന്റെ മുന്നില്‍ നില്‍ക്കുന്നത് ഒരു കാക്കിധാരി. കയ്യില്‍ സൂചിയും നൂലും. പൊലീസല്ല, ഭാഗ്യം. സൂചിയും നൂലും ഉണ്ടായതുകൊണ്ട് തയ്യല്‍കാരനായിരിക്കും. പക്ഷെ തയ്യല്‍ക്കാര്‍ക്കെന്തിനാ കാക്കി യൂണിഫോം? അയാള്‍ കയ്യിലിരുന്ന സൂചി എന്റെ നെറ്റിയില്‍ പ്രയോഗിക്കാന്‍ തുടങ്ങിയപ്പൊഴല്ലേ കാര്യം മനസ്സിലായത്. കമ്പോണ്ടര്‍!

ചാടിയെഴുന്നേറ്റ് നോക്കിയപ്പോള്‍ ആദ്യം ബോധരഹിതനായ ഡ്രൈവറുടെ പുരികത്തില്‍ പറ്റിയ ചെറിയ മുറിവില്‍ എന്തോ ഓയിന്മെന്റ് പുരട്ടിയിരിക്കുന്നു. രണ്ടാമത് ബോധരഹിതനായ അപ്പൂപ്പനാണെങ്കില്‍ പയറുപോലെ, ഈ‌ര്‍ച്ചവാളും ആഞ്ഞിലിത്തടിയുമായി എന്തോ ആലോചിച്ചിരിക്കുന്നു. നെക്സ്റ്റ്, ഞാന്‍ എന്നെത്തന്നെ ഒന്നു നോക്കി. ഞെട്ടിപ്പോയി. അപ്പോള്‍ അമേരിക്കക്കാര്‍ ആരെങ്കിലും എന്നെ കണ്ടിരുന്നുവെങ്കില്‍ റെഡ് ഇന്ത്യന്‍ എന്നു വിളിച്ചേനെ. അത്രയ്ക്കുണ്ട് ചുമപ്പ്.

വിവരമറിഞ്ഞ് അച്ഛന്‍ വന്നു. അവിടുത്തെ സ്ഥിതി കണ്ട് പന്തിയല്ല എന്ന് തോന്നിയത്കൊണ്ട് ഉടന്‍ തന്നെ എന്നെ തൊട്ടടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ ആക്കി. അവിടെ എത്തിയപ്പോള്‍ തന്നെ അവര്‍ തന്ന ഇഞ്ചക്ഷന്റെ ഫലമാണോ അതോ എന്റെ ബോധത്തിന്റെ സര്‍ക്യൂട്ടിലെ എന്തെങ്കിലും മിസ്റ്റേക്ക് ആണോ എന്നറിയില്ല അരമണിക്കൂറിനുള്ളില്‍ എന്റെ ബോധം വീണ്ടും പോയി.

പിറ്റേന്ന് കിഴക്കന്‍ നീലാകാശത്ത് വെള്ളകീറിയപ്പോള്‍ തൊള്ളകീറിക്കൊണ്ട് ഞാനും ഉണര്‍ന്നു. തൊട്ടടുത്ത് കരഞ്ഞുകലങ്ങിയ കണ്ണുകളോടെ നിന്ന അമ്മയില്‍ നിന്നും സെന്‍സസ് എടുത്തു. ഒരു ഒടിവ്, നാലു ചതവ്, മുപ്പത് തയ്യല്‍, അതില്‍ മുഖത്തു മാത്രം പതിനാറെണ്ണം, പിന്നെ മൂക്കിന്റെ പാലം തകര്‍ന്നു പോയത്രെ. എല്ലാം കൂടി കേട്ടപ്പോള്‍ ഞാനും തകര്‍ന്നു. ചുരുട്ടിക്കൂട്ടി പറഞ്ഞാല്‍ കിലുക്കത്തിലെ ജഗതി സ്റ്റൈലില്‍ ഞാന്‍ അങ്ങനെ രാജകീയമായി മൂന്നാഴ്ച കിടന്നു. ഇടയ്ക്കെപ്പോഴൊ എന്റെ പുതിയ ബൈക്കും, തലയ്ക്കും മുഖത്തിനും കേടുപറ്റാതിരിക്കാന്‍ ഞാന്‍ വാങ്ങി വച്ചിരിക്കുന്ന ബൈക്കിന്റെ കളറുള്ള പുതിയ ഹെല്‍മറ്റും ഓര്‍ത്തു ഞാന്‍ കോള്‍മയിര്‍കൊണ്ടു.

മൂന്നാഴ്ച കഴിഞ്ഞ് ഒരു ദിവസം ആശുപത്രിയില്‍ പോയി പ്ലാസ്റ്ററൊഴിച്ചുള്ള എല്ലാ ആടയാഭരണങ്ങളും നീക്കം ചെയ്ത് തിരിച്ചെത്തിയപ്പോള്‍ തിരുവനന്തപുരത്തു നിന്നും ഒരു ഫോണ്‍കോള്‍. പുതുതായി തുടങ്ങുന്ന ഒരു കമ്പ്യൂട്ട‌ര്‍ സെന്ററിലേക്ക് പതിനഞ്ച് കമ്പ്യൂട്ടര്‍ വേണം. ഓര്‍ഡര്‍ റെഡിയാണ്. പോയി ചെക്ക് വാങ്ങുക, കമ്പ്യൂട്ട‌ര്‍ കൊണ്ടുപോയി ഇന്‍സ്റ്റാള്‍ ചെയ്യുക. ഒരു വേണ്ടപ്പെട്ട സുഹൃത്തിന്റെ വളരെ വേണ്ടപ്പെട്ട വകയിലൊരമ്മാവന്റെ സ്ഥാപനം. വളരെ സന്തോഷത്തോടെ പോയി ചെക്ക് വാങ്ങി, കൊല്ലത്ത് വന്ന് ഒരു സുഹൃത്തിനെയും കൂട്ടി ഒരു ജീപ്പും വിളിച്ച് നേരെ വിട്ടു എറണാകുളത്തേക്ക്. അവിടെ പരിചയമുള്ള ഒന്നു രണ്ടു സുഹൃത്തുക്കള്‍ വഴി അത്യാവശ്യം ചീളു വിലയ്ക്ക് കൊള്ളാവുന്ന സാധനങ്ങളൊക്കെ വച്ച് പതിനഞ്ച് കമ്പ്യൂട്ട‌ര്‍ അസംബിള്‍ ചെയ്യിച്ചെടുത്തു. അതുമായി ജീപ് വീണ്ടും തെക്കോട്ട്. തിരുവനന്തപുരത്ത് ചെന്ന് കമ്പ്യൂട്ടര്‍ എല്ലാം ഇറക്കിവച്ച് ഭക്ഷണവും കഴിച്ച് അവിടെ നിന്നും തിരിക്കുമ്പോള്‍ രാത്രി പതിനൊന്ന് മണി.

ചെറിയ ചാറ്റല്‍ മഴയുള്ള ആ തണുത്ത പാതിരാത്രിക്ക് ഒരുപാട് കഥകള്‍ പറയാനുണ്ടാവും. ഉണ്ടാവും എന്നല്ല, ഉണ്ട്. പ്ലാസ്റ്ററിട്ട ഇടതുകൈ കഴുത്തില്‍ തൂക്കിയിട്ട് ഞാന്‍ അങ്ങനെ ജീപ്പിന്റെ മുന്‍സീറ്റില്‍ ഇരുന്നു ഉറങ്ങി, ഉറങ്ങിയില്ല എന്ന മട്ടില്‍ ചാഞ്ചാടിയാടി ഇരിക്കുന്നു. അങ്ങനെ ഒന്നു കണ്ണു ചിമ്മുക പോലും ചെയ്യാതെ ഉറക്കത്തില്‍ മാത്രം ശ്രദ്ധപതിപ്പിച്ചുകൊണ്ടിരുന്ന ഞാന്‍ ഒരു ചെയ്ഞ്ചിനു വേണ്ടി ഒന്നു കണ്ണുചിമ്മാം എന്നു വിചാരിക്കുന്നു. അങ്ങനെ ചിമ്മിയ കണ്ണിനു മുന്നില്‍ ഒരു കറുപ്പും, അതിന്റെ മുകളില്‍ ഒരു വെളുപ്പും, താഴെ ഒരു ചുവപ്പും മിന്നിമാഞ്ഞു. എന്തോ ഒരു ഒച്ച കേട്ടു, എന്റെ നെറ്റിയില്‍ എന്തോ ശക്തിയായി ഇടിച്ചു. ജീപ്പ് കുറച്ചുകൂടി മുന്നോട്ടോടി ബ്രേക്കിട്ടു നിന്നു.

ചാടിയിറങ്ങിയ ഞാന്‍ കണ്ടത് ഒരാന റോഡില്‍ നില്‍ക്കുന്നു. പാപ്പാന്‍ താഴെ കിടക്കുന്നു, ഒരാള്‍ ആനപ്പുറത്തിരിക്കുന്നു. എന്തു പറ്റി എന്നു ഡ്രൈവറോട് ചോദിച്ചപ്പോള്‍, "ആനയക്ക് റിഫ്ലക്റ്റ‌ര്‍ ഇല്ലായിരുന്നു" എന്ന് മാത്രം പറഞ്ഞ് അയാള്‍ സ്റ്റിയറിംഗിലേക്ക് മറിഞ്ഞു.

അയാളുടെ ബോധം പോയി എന്നുറപ്പായപ്പോള്‍ കൂടുതലൊന്നും ആലോചിക്കാന്‍ നില്‍ക്കാതെ ജീപ്പിന്റെ ഡ്രൈവറെയും ആനയുടെ ഡ്രൈവറെയും നാട്ടുകാരുടെ സഹായത്തോട അതുവഴി വന്ന ഒന്നു രണ്ട് ഓട്ടോറിക്ഷയില്‍ കയറ്റി തൊട്ടടുത്തു‌ള്ള ഒരു ആശുപത്രിയില്‍ എത്തിച്ചു.

പാപ്പാന്‍ ജീപ്പിന്റെ കാറ്റടിച്ച് താഴെ വീണതാണെങ്കില്‍ ജീപ്പ് ഡ്രൈവര്‍ പേടിച്ച് ബോധം കെട്ടതാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ ഡോക്ടര്‍ക്ക് മനസ്സിലായി. രണ്ടു പേര്‍ക്കും പേരിനു പോലും ഒരു പരിക്കും ഇല്ലായിരുന്നു. എനിക്കാണെങ്കില്‍ തലയ്ക്ക് കിട്ടിയ ഒരു തട്ടും, തട്ടില്‍ കിട്ടിയ മുട്ട പോലെ നെറ്റിയില്‍ ഒരു മുഴയും ഒഴികെ വേറെ കുഴപ്പമൊന്നുമില്ലായിരുന്നു. പക്ഷേ...

ബോധം കെട്ടു കിടക്കുന്ന ടീമുകളുടെ ബോധം വീണ്ടെടുക്കാന്‍ വേണ്ടി തെക്കുവടക്കു ഓടുന്ന ഒരു നേഴ്സിന്റെ നോട്ടത്തില്‍ എന്തോ ഒരു പന്തികേട്. കുറെ പ്രാവശ്യം അവരുടെ ആ നോട്ടം കണ്ടപ്പോള്‍ ചോദിക്കാതിരിക്കാന്‍ എനിക്കും പറ്റിയില്ല. ഇനി നമ്മുടെ ഡ്രൈവറെങ്ങാനും തട്ടിപ്പോയോ?

"എന്താ സിസ്റ്ററെ, എന്താ പ്രശ്നം?"

"നിങ്ങളാരാ അയാളുടെ?"

"ഞാന്‍ ആരുമല്ല. ഞാന്‍ ഓട്ടം വിളിച്ചുകൊണ്ടുപോയ ജീപ്പിന്റെ ഡ്രൈവറാണ് അത്."

"അതു ശരി. അതുകൊണ്ടാണല്ലേ ആക്സിഡന്റ് കഴിഞ്ഞ് നിങ്ങള്‍ എവിടെയെങ്കിലും പോയി കയ്യില്‍ പ്ലാസ്റ്റര്‍ ഒക്കെ ഇട്ടിട്ട് ഈ പാവത്തിനെ ഇപ്പോ ഇങ്ങോട്ട് കൊണ്ടവന്നത്?"

"അത് സിസ്റ്ററെ ഞാന്‍..."

കൂടുതല്‍ ഒന്നും പറയാന്‍ എനിക്കു പറ്റിയില്ല. എന്റെ ബോധമണ്ഡലത്തില്‍ ഒരു വെള്ളിടി വെട്ടി. തലയ്ക്ക് രണ്ടുകൈയ്യും കൊടുത്ത് താഴെ ഇരിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, തല്‍ക്കാലം ഒരു കൈ വച്ച് അഡ്ജസ്റ്റ് ചെയ്തു ഞാനിരുന്നു.പുലിവാല്‍ പീസ്: ഒരാഴ്ച്ചയ്ക്കു ശേഷം കമ്പ്യൂട്ടര്‍ ഒക്കെ ഒന്നു ഇന്‍സ്റ്റാള്‍ ചെയ്തു കൊടുക്കാം എന്നു കരുതി വീണ്ടും തിരുവനന്തപുരത്തു പോയ ഞാന്‍ ഉച്ചയ്ക്ക് ഊണു കഴിക്കാന്‍ കയറിയ ഹോട്ടലില്‍ കൂടെയുള്ള തടിമാടന്മാരൊക്കെ ഇരുന്നു കഴിഞ്ഞ് കിട്ടിയ കസേരയില്‍ ഇരുന്നതും കസേര ഒടിഞ്ഞ് ഞാന്‍ നടുവുംകുത്തി താഴെ വീണതും, അതിനു മുന്‍പ് പ്രസ്തൂത രംഗത്തുള്ള എന്റെ അനുഭവജ്ഞാനവും, അറിഞ്ഞ ജീവനില്‍ കൊതിയുള്ള ഒരു സുഹൃത്തിനോട് കേശവദാസപുരത്തു നിന്നും ആയു‌ര്‍‌വേദ കോളേജ് ജംഗ്ഷന്‍ വരെ ഒരു ലിഫ്റ്റ് ചോദിച്ചപ്പോള്‍ കേട്ട വാചകമാണ് ഇതിന്റെ തലക്കെട്ട്.ഡെഡിക്കേഷന്‍: ആദ്യത്തെ അപകടം കഴിഞ്ഞ് ആറു മാസത്തിനുള്ളില്‍ ഞങ്ങളെ വിട്ട് യാത്രയായ എന്റെ അപ്പൂപ്പന്.

അന്റാര്‍ട്ടിക്കയില്‍ ഫ്രിഡ്ജ് വില്പ്പന

Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍

ഉത്തരവാദിത്വമില്ലാത്തവന്‍ എന്ന് അമ്മ പറഞ്ഞതു ജോലി കളയുന്നതിനു മുമ്പാണോ അതിനു ശേഷമാണോ എന്ന് നല്ല ഓര്‍മയില്ല. എന്തായാലും കമ്പ്യൂട്ടര്‍ വിറ്റു ജീവിക്കാം എന്ന് തീരുമാനം എടുത്തത്‌ കമ്പ്യൂട്ടറില്‍ വലിയ പരിജ്ഞാനം ഉള്ളതുകൊണ്ടും കേരളത്തെ ഒരു കമ്പ്യൂട്ടേഴ്സ് ഓണ്‍ കണ്‍ട്രി ആക്കി തീര്‍ക്കാം എന്ന് കരുതിയിട്ടും അല്ല.

ബല്ല്യ പഠിത്തം ഒക്കെ കഴിഞ്ഞു അതിന്റെ ക്ഷീണത്തില്‍ വീട്ടില്‍ വന്നു റെസ്റ്റ് എടുക്കുന്ന സമയം. അച്ഛന്റെ സ്വാധീനവും അമ്മയുടെ പിന്തുണയും കൂട്ടികെട്ടി ഒരു കുരുക്കുണ്ടാക്കി എന്റെ കഴുത്തിലിട്ടു അതിന്റെ ഒരറ്റം അച്ഛന്റെ സുഹൃത്തും ഒരു തലമൂത്ത വ്യവസായ കാന്തനുമായ എന്റെ ആദ്യത്തെ ബോസിനു കൈമാറുമ്പോള്‍ എനിക്ക് കമ്പ്യൂട്ടറിനെക്കുറിച്ചറിയുന്നതു അന്നത്തെ ഡി.വൈ.എഫ്.ഐ തിയറി (കമ്പ്യൂട്ടര്‍ മൂരാച്ചി....) മാത്രം. ഓഫീസില്‍ കുഷ്യനിട്ട കസേരകളില്‍ മാറി മാറി ഇരുന്നു മറ്റുള്ളവരെ മെനക്കെടുത്തുന്ന ഞാന്‍, ബോസിനും ഭാര്യക്കും ഒരു കൌതുകകാഴ്ചയായി മാറിയത് വളരെ പെട്ടെന്നായിരുന്നു. അധികം താമസിയാതെ തന്നെ അവര്‍ അതിനൊരു പോംവഴി കണ്ടെത്തി. എറണാകുളത്ത്‌ പുതുതായി തുടങ്ങാന്‍ പോകുന്ന ഓഫീസിലേക്ക്‌ എന്നെ പതുക്കെ പറിച്ചു നടാന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെ ഒരു ദിവസം ബോസിന്റെ കൂടെ ജയന്തി ജനതയില്‍ കൊല്ലത്തു നിന്നും കയറുമ്പോള്‍ ഞാന്‍ വലിയ സന്തോഷത്തില്‍ ആയിരുന്നു. എറണാകുളം സൗത്തില്‍ ഇറങ്ങണം എന്ന് നിര്‍ദേശം തന്നു ബോസ് എ സി കമ്പാര്‍ട്ട്മെന്റില്‍ കയറാന്‍ പോയി. ഞാന്‍ ഒരു ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ ബാഗൊക്കെ മാറത്തടക്കിപ്പിടിച്ചു ഇരിപ്പായി എറണാകുളം സൗത്ത് സ്റ്റേഷന്‍ എത്തുന്നതും നോക്കി. ആദ്യമായി ഒറ്റക്കു യാത്ര ചെയ്യുന്നതിന്റെയും ബോസിനോടു ഞാന്‍ ഒരു പുലിയാണ്, എറണാകുളം ഒക്കെ എത്ര കണ്ടിരിക്കുന്നു എന്നു ബഡായി പറഞ്ഞതിന്റെയും ടെന്‍ഷന്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്നെങ്കിലും മുഖത്തു വരാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു.

അങ്ങനെ നാലു മണിക്കൂര്‍ യാത്രക്കു ശേഷം എറണാകുളം ജംഗ്ഷന്‍ സ്റ്റേഷന്‍ എത്തി. എറണാകുളത്തു രണ്ടു റെയില്‍വേ സ്റ്റേഷന്‍ ഉണ്ടെന്നും ഒരു സ്റ്റേഷനില്‍ ട്രെയിന്‍ എഞ്ചിന്‍ മാറ്റി, എതിര്‍ദിശയിലേക്കു പോകുന്നതു അച്ഛനോടും അമ്മയോടുമൊപ്പം തൃശൂരില്‍ അമ്മയുടെ വീട്ടില്‍ പോകുമ്പോള്‍ പലപ്രാവശ്യം ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് എറണാകുളം ജംഗ്ഷന്‍ കഴിഞ്ഞ് വണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍ത്തന്നെ പെട്ടിയും പ്രമാണവുമൊക്കെ എടുത്തു ഞാന്‍ റെഡിയായി. അങ്ങനെ റെഡിയായി ഇരുന്ന എന്റെ മുന്നിലൂടെ പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ എറണാകുളം ടൗണ്‍ എന്ന റെയില്‍വേ സ്റ്റേഷന്‍ ബോര്‍ഡ് ഓടിപ്പോയി. ഇതികര്‍ത്തവ്യമൂഡനായി നില്‍ക്കുന്ന എന്നെ നോക്കി അടുത്തുനിന്നയാള്‍ "ആലുവ ഇറങ്ങാനാണോ" എന്നു ചോദിച്ചപ്പോഴാണ് എനിക്കു മനസ്സിലായത് ഞാന്‍ ഫിനിഷിങ് പോയിന്റ് കഴിഞ്ഞു കുറെ ഓടിപ്പോയി എന്ന്. അന്നെനിക്കാദ്യമായി മനസിലായി എറണാകുളം ജംഗ്ഷന്‍ എന്നാല്‍ സൗത്ത് ആണെന്നും, എറണാകുളം ടൗണ്‍ എന്നാല്‍ നോര്‍ത്ത് ആണെന്നും.

പിന്നെ അധികമൊന്നും ആലോചിക്കാന്‍ നിന്നില്ല. ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി അവിടെ നിന്നും ഒരു ടാക്സി പിടിച്ച് കയ്യില്‍ കരുതിയിരുന്ന ഓഫീസ് അഡ്രസ്സ് നോക്കി പാലാരിവട്ടത്ത് എത്തി ഓഫീസ് കണ്ടുപിടിച്ച് കയറിച്ചെല്ലുമ്പോള്‍ ബോസ് അവിടെ എത്തിയിരുന്നു. "സാറിതെവിടെ പോയിരുന്നു? ഞാന്‍ സൗത്ത് റെയില്‍വേ സ്റ്റേഷനുമുന്നില്‍ സാറിനെ അന്വേഷിച്ച് ഇത്രയും നേരം നിന്നു, പിന്നെ കാണാഞ്ഞ് ബസ്സില്‍ കയറി ഇങ്ങു പോന്നു" എന്നു പറഞ്ഞപ്പോള്‍, "ഞാന്‍ തന്നെ നോക്കി അകത്തുതന്നെ നിന്നു, പിന്നെ കാണാത്തതുകൊണ്ട് ഇങ്ങു പോന്നു", എന്നുള്ള മറുപടിയായിരുന്നു വന്നത്. ആശ്വാസം, കൂടുതലൊന്നും ചോദിച്ചില്ല. അച്ഛന്റെ ഒരു സുഹൃത്ത് ഏര്‍പ്പാടാക്കിത്തന്ന ഒരു ലോഡ്ജ്മ് മുറിയില്‍ താമസവും, ഹോട്ടലില്‍ ഭക്ഷണവുമൊക്കെയായി ഞാന്‍ അങ്ങനെ എന്റെ എറണാകുളം ജീവിതം തുടങ്ങി.

പകല്‍ മുഴുവന്‍ വെറുതെ ഇരിക്കല്‍ ആണ് എന്റെ ജോലി എന്നുള്ള സത്യം മനസ്സിലാക്കി എന്നും രാവിലെ ഒരു പത്രവും വാങ്ങി ഞാന്‍ ഓഫീസില്‍ കയറും. ഓഫീസില്‍ ഇരുന്നു പകല്‍ മുഴുവന്‍ പത്രം വായനയും പിന്നെ ചിലപ്പോള്‍ മാത്രം ബെല്ലടിക്കുന്ന ഫോണ്‍ അറ്റെന്റ് ചെയ്യലും ഒക്കെയായി ദിവസങ്ങള്‍ തള്ളിനീക്കുമ്പോഴാണ് ഒരു പുതിയ മാര്‍ക്കറ്റിംഗ് മാനേജര്‍ ഓഫീസില്‍ ചാര്‍ജ്ജെടുക്കുന്നത്.

ഞാന്‍ ഇങ്ങനെ വെറുതെ പത്രവും വായിച്ചിരിക്കുന്നതുകണ്ടിട്ട് സഹിക്കാഞ്ഞതുകൊണ്ടാണോ എന്തോ ഒരു സുപ്രഭാതത്തില്‍ അദ്ദേഹത്തിന്റെ മാര്‍ക്കറ്റിംഗ് ബുദ്ധിയില്‍ തെളിഞ്ഞ ഐഡിയയുടെ വെളിച്ചത്തില്‍ എനിക്ക് ഒരു പെട്ടിയും കുറെ കമ്പ്യൂട്ടറിന്റെ ബ്രോഷറും, ദോഷം പറയരുതല്ലോ, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് എന്ന് അച്ചടിച്ച കുറെ വിസിറ്റിംഗ് കാര്‍ഡും തന്നു. ആനന്ദലബ്ധിക്കിനിയെന്തു വേണം?

ഒന്നു രണ്ടു ദിവസം ചില സ്ഥലങ്ങളില്‍ കയറി 'കമ്പ്യൂട്ടര്‍ വേണോ' എന്ന് ഞാന്‍ ചോദിച്ചു, 'വേണ്ട' എന്ന് ഉത്തരവും കിട്ടി. ഞാന്‍ ഹാപ്പി, എന്റെ മാനേജരും ഹാപ്പി. പിന്നീടുള്ള ദിവസങ്ങളില്‍ 'വേണ്ട' എന്നുള്ള ഉത്തരം കേള്‍ക്കാന്‍ വേണ്ടി എന്തിന് ഞാന്‍ 'കമ്പ്യൂട്ടര്‍ വേണോ' എന്ന് ചോദിക്കണം എന്നുള്ള ഒരു ചിന്ത എന്റെ മനസില്‍ ഉടലെടുത്തു. എന്തിനധികം, ആ ചിന്തയുടെ മാസ്മരികതയില്‍ പാലാരിവട്ടം മുതല്‍ ജോസ് ജംഗ്ഷന്‍ വരെ മേനക വഴിയും പത്മ വഴിയും ബസ്സില്‍ യാത്ര ചെയ്തു റോഡിനിരുവശവും ഉള്ള ഒരുമാതിരി നല്ല ഓഫീസുകളുടെയും കടകളുടെയും പേരുകള്‍ കുറിച്ചു വെയ്ക്കുകയും എന്നും വൈകിട്ട് മാനേജര്‍ക്കു കൊടുക്കുന്ന റിപ്പോര്‍ട്ട് ഷീറ്റില്‍ അവയും അവയ്ക്കു നേരെ, "ഏയ് ഞങ്ങള്‍ക്കു കമ്പ്യൂട്ടറൊന്നും വേണ്ട" എന്നുള്ള പ്രതീക്ഷാനിര്‍ഭരമായ വരികള്‍ സ്ഥാനം പിടിക്കുകയും ചെയ്തു. ഇതൊക്കെകണ്ടു എന്നേക്കാള്‍ ബുദ്ധിയുണ്ടായിരുന്ന എന്റെ മാനേജര്‍ക്കു വളരെ സന്തോഷമാവുകയും അദ്ദേഹം ആ സന്തോഷം പങ്കിടാന്‍ എന്റെ റിപ്പോര്‍ട്ടില്‍ കണ്ട ഒന്നു രണ്ടു കമ്പനികളിലേക്ക് വിളിച്ചു ചോദിക്കുകയും ചെയുന്നതോടുകൂടി കഥയുടെ രണ്ടാം ഭാഗം തുടങ്ങുകയായി.

ഇതിനിടയില്‍ പേരിനു ഒരിക്കല്‍ കലൂര്‍ ബസ്സ് സ്റ്റാന്റിനടുത്തുള്ള ഒരു കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ചെന്നു കയറി. ജീവിതത്തിലെ ഏറ്റവും നല്ല ഒരു മാര്‍ക്കറ്റിംഗ് പെര്‍ഫോര്‍മന്‍സ് കാഴ്ചവെക്കാന്‍ കഴിഞ്ഞു എന്നുള്ള ചാരിതാര്‍ഥ്യത്തോടുകൂടി അവിടെ നിന്നും ഇറങ്ങുമ്പോള്‍ ഞാന്‍ ആകെ വിയര്‍ത്തിട്ടുണ്ടായിരുന്നു. അവിടെ നടന്ന സംഭവങ്ങള്‍ ഇങ്ങനെ ചുരുക്കിപ്പറയാം.

ഞാന്‍: ഗുഡ് മോര്‍ണിംഗ് സര്‍.

അദ്ദേഹം: വരൂ, ഇരിക്കൂ.

ഞാന്‍: താങ്ക് യൂ സര്‍.

അദ്ദേഹം: ഏതു കമ്പനിയാ?

ഞാന്‍ കമ്പനിയുടെ പേരു പറഞ്ഞു. ഞങ്ങള്‍ തന്നെയാണ് ലോകം മുഴുവന്‍ കമ്പ്യൂട്ടര്‍ ഉണ്ടാക്കി സപ്ലൈ ചെയ്യുന്നത് എന്നൊരു ധാരണ എനിക്കു അന്ന് ഉണ്ടായിരുന്നതു ഞാന്‍ അതിന്റെ അന്തസത്ത ഒട്ടും ചോര്‍ന്നു പോവാതെ അദ്ദേഹത്തിനു ട്രാന്‍സ്ഫര്‍ ചെയ്തു കൊടുത്തു.

അതുകേട്ടപ്പോള്‍ അദ്ദേഹം ഒന്നു ചിരിച്ചതു എന്തിനാണെന്ന് അപ്പോള്‍ എനിക്കു മനസ്സിലായില്ല. അടുത്ത ചോദ്യം.

അദ്ദേഹം: ഏതൊക്കെയാണ് ലേറ്റസ്റ്റ് കോണ്‍ഫിഗറേഷന്‍?

ഞാന്‍ ഒന്നു ഞെട്ടി. ഇയാളിതെന്തൊക്കെയാ ചോദിക്കുന്നതു? ഇടങ്ങേറാവുമോ?

ഞാന്‍ ഗൗരവം ഒട്ടും വിടാതെ പറഞ്ഞു. "മോണിറ്ററും, സി.പി.യു.വും കീബോര്‍ഡും ഉണ്ട് സര്‍." (സ്കൂളില്‍ ഫിസിക്സ് പഠിപ്പിച്ചപ്പോള്‍ ഇതൊക്കെ ഞാന്‍ എന്തു ശ്രദ്ധയോടെയാണ് പഠിച്ചത് എന്നോര്‍ത്തു ഞാന്‍ അഭിമാനം പൂണ്ടു.)

അങ്ങനെ അഭിമാനപുളകിതനായി ഇരിക്കുമ്പോഴാണ് അദ്ദേഹം അടുത്ത ചോദ്യം തൊടുത്തുവിട്ടത്.

"എത്രനാളായി ഇതു തുടങ്ങിയിട്ട്?"

"എന്തു?"

"കമ്പ്യൂട്ടര്‍ മാര്‍ക്കറ്റിംഗ്"

ഒട്ടും കുറയ്ക്കണ്ട എന്നു കരുതി ഞാന്‍ പറഞ്ഞു. "ഒന്നു രണ്ടു വര്‍ഷമായി".

താങ്കള്‍ ദയവുചെയ്തു എഴുന്നേല്‍ക്കൂ, ദയവുചെയ്തു പുറത്തുപോകൂ എന്നൊക്കെ അദ്ദേഹം വളരെ സൗമ്യനായി എന്നോടു പറഞ്ഞത് എന്തിനായിരുന്നു എന്നും എനിക്കപ്പോള്‍ മനസ്സിലായില്ല. പുറത്തിറങ്ങി വാതില്‍ അടയ്ക്കുമ്പോള്‍ "ഒരോത്തന്മാര്‍ പെട്ടിയും തൂക്കി ഇറങ്ങിക്കോളും...." എന്നൊരു അശരീരി ഞാന്‍ കേട്ടോ എന്നൊന്ന് സംശയിച്ചു ഞാന്‍.‍

അന്ന് മാര്‍ക്കറ്റിംഗ് ഒക്കെ ചെയ്തു ക്ഷീണിച്ചു വൈകിട്ട് ഓഫീസില്‍ എത്തിയപ്പോള്‍ മാനേജര്‍ ചിരിച്ചുകൊണ്ട്‌ (ബു, ഹ ഹ ഹ എന്നുള്ള ചിരിയല്ല) എതിരേറ്റു സന്തോഷത്തോടെ അന്നത്തെ റിപ്പോര്‍ട്ട് വാങ്ങി നാലു കഷ്ണമാക്കി വേസ്റ്റ് ബിന്നില്‍ ഫയല്‍ ചെയ്തു. എന്നിട്ട് വിളിച്ചു അകത്തു കൊണ്ടു പോയി കുറെ നേരം അശംസാവചനങ്ങള്‍ കൊണ്ടു പൊതിഞ്ഞുകെട്ടി. പത്തുമിനിട്ട് ആശംസകളും പത്തു മിനിട്ട് മറ്റു പ്രഭാഷണങ്ങളും കേട്ടപ്പോള്‍ ഒരു കാര്യം ഉറപ്പായി, പെട്ടി തെറിക്കാന്‍ വലിയ താമസമില്ലെന്ന്.

അങ്ങനെ അന്ന് ഞാന്‍ നാലു കാര്യങ്ങള്‍ പഠിച്ചു: 1. ജോലി എന്ന് പറയുന്നതു ഒരു നീര്‍കുമിള ആണെന്ന്. 2. കമ്പ്യൂട്ടറിന് കോണ്‍ഫിഗറേഷന്‍ എന്നൊരു കുന്ത്രാണ്ടം ഉണ്ടെന്ന്‍. 3. ബ്രോഷറിന്റെ പിന്നില്‍ കോണ്‍ഫിഗറേഷന്‍ എഴുതിയിട്ടുണ്ടെന്ന്. 4. എല്ലാ വില്ലന്മാരും ബു ഹ ഹ ഹ എന്ന് ചിരിക്കില്ലെന്ന്.

അന്നു വരെ പകല്‍ മാര്‍ക്കറ്റിംഗ് ഒക്കെ നടത്തി ക്ഷീണിച്ച് ഓഫീസില്‍ എത്തി, റിപ്പോര്‍ട്ട് ഒക്കെ കൊടുത്തു, പെട്ടി എതെങ്കിലും മൂലയ്ക്ക് വലിച്ചെറിഞ്ഞ് ലോഡ്ജ് മുറിയില്‍ പൊയ്ക്കൊണ്ടിരുന്ന ഞാന്‍, അന്നുമുതല്‍ പെട്ടിയുമായി മുറിയില്‍ പോയി ബ്രോഷറുകള്‍ എടുത്ത് അതിന്റെ പിന്നില്‍ എഴുതിയതുമുഴുവന്‍ വായിച്ച് പഠിച്ചു. ഒന്നു രണ്ടു ദിവസത്തിനുള്ളില്‍ ഞാന്‍ കമ്പ്യൂട്ടര്‍ മുഴുവന്‍ പഠിച്ചുകഴിഞ്ഞു എന്നൊരു തോന്നല്‍ ഉണ്ടായപ്പോള്‍ കുതിരവട്ടം പപ്പു പറയുന്നതുപോലെ "ഇപ്പൊ ശരിയാക്കിത്തരാം" എന്നു പറഞ്ഞു ഒരു ദിവസം രാവിലെ ഞാന്‍ പെട്ടിയുമെടുത്ത് ഓഫീസില്‍ നിന്നും ഇറങ്ങി.

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം കളത്തിപ്പറമ്പില്‍ റോഡിലുള്ള ഒരു വലിയ ചെരുപ്പുകടയില്‍ കയറുമ്പോള്‍ ലോഡ്ജില്‍ എന്റെ അയല്‍മുറിയനായ ഹംസയെ അവിടെ കണ്ടുമുട്ടും എന്നു ഞാന്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചില്ല. ഹംസ എന്നെ സ്നേഹപൂര്‍വ്വം സ്വീകരിച്ച് അവന്റെ മുതലാളിയുടെ മുന്നില്‍ കൊണ്ടാക്കി. അദ്ദേഹം എന്റെ ആഗമനലക്ഷ്യം ഒക്കെ ചോദിച്ചുമനസിലാക്കി എന്നോട് വളരെ ഊഷ്മളമായ ഭാഷയില്‍ സലാം ഒക്കെ പറഞ്ഞ് യാത്രയാക്കുന്നതിനു മുന്‍പു ഞങ്ങള്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവിസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു 'ലീഡ്' എന്റെ മുന്നിലേക്കിട്ടുതന്നു.

ചെരുപ്പുകടയുടെ മുകലിലത്തെ നിലയില്‍ ഒരു കമ്പ്യൂട്ടര്‍ സെന്റര്‍ ഉണ്ടെന്നും, ഇടയ്ക്കിടയ്ക്ക് മാര്‍ക്കറ്റിങ് എക്സിക്യുട്ടീവ്സ് അങ്ങോട്ടമിങ്ങോട്ടും പോകുന്നതു കാണാറൂണ്ടെന്നും പറഞ്ഞപ്പോള്‍, എലി പുന്നെല്ലു കണ്ടപോലെ എന്റെ മുഖം വികസിച്ചു. കൂടുതലൊന്നും ആലോചിക്കാന്‍ നിന്നില്ല. കമ്പ്യൂട്ടര്‍ സെന്ററിന്റെ പേരു പോലും നോക്കാന്‍ നില്‍ക്കാതെ , രണ്ടു പടികള്‍ വച്ച് ചാടിക്കയറി ഞാന്‍ കമ്പ്യൂട്ടര്‍ സെന്ററിലെത്തി.

എന്റെ രംഗപ്രവേശം കണ്ട് വിരണ്ട റിസപ്ഷന്‍ പെണ്മണി, അപ്പോള്‍ത്തന്നെ എനിക്ക് അകത്തേക്കുപോവാന്‍ അനുവാദം തന്നു. അകത്തു ചെന്ന ഞാന്‍ ചുറ്റും ഇരിക്കുന്ന ടൈ കെട്ടിയ മാന്യന്മാരെ ഒന്നും മൈന്റ് ചെയ്യാതെ മുന്നില്‍ കണ്ട ഒരു ക്യാബിനില്‍ ചെന്നു മുട്ടി, ചെറുതായി കതക് തുറന്നു തല മാത്രം അകത്തേക്കിട്ടു "മേ ഐ കമിന്‍ സര്‍?" എന്നൊരു ചോദ്യം എറിഞ്ഞു.

"പ്ലീസ്" എന്നു പറഞ്ഞു എന്നെ എതിരേറ്റ ആ മഹാന്‍ ഒരു ഉത്തരേന്ത്യക്കാരനാണെന്ന് മനസ്സിലാക്കാന്‍ എനിക്കു അയാളോട് ഒരക്ഷരം പോലും സംസാരിക്കേണ്ടിവന്നില്ല.

നോര്‍ത്തിന്ത്യക്കാരൊക്കെ ഇവിടെ വന്നു ബിസിനസ്സ് തൊടങ്ങ്യേ? എന്നു ആലോചിച്ച് സംശയിച്ചു നിന്ന എന്നോട് അദ്ദേഹം ഇരിക്കാന്‍ പറഞ്ഞു. പിന്നീടങ്ങോട്ടുള്ള സംഭാഷണങ്ങള്‍ ആംഗലേയത്തില്‍ ആയിരുന്നെങ്കിലും, അന്ന് എന്റെ ആംഗലേയ പരിജ്ഞാനം വളരെ കൂടുതല്‍ ആയിരുന്നതിനാലും, അതൊക്കെ ഇപ്പോള്‍ ഓര്‍മ്മയില്ലാത്തതിനാലും, സംഭവം മലയാളത്തില്‍ ഏകദേശം ഇങ്ങനെയൊക്കെയായിരുന്നു എന്നു തോന്നുന്നു.

"എന്താ കാര്യം?"

"സര്‍, ഞാനൊരു കമ്പ്യൂട്ടര്‍ കമ്പനിയില്‍ നിന്നാണ്. ഞങ്ങള്‍ ആണ് ഈ ലോകത്തുള്ള കമ്പ്യൂട്ടര്‍ എല്ലാം ഉണ്ടാക്കുന്നത്. സാറിന്റെ കമ്പ്യൂട്ടര്‍ സെന്ററില്‍ പുതിയ കമ്പ്യൂട്ടറുകള്‍ വാങ്ങാന്‍ ഉദ്ദേശ്യം ഉണ്ടെങ്കില്‍ ഓര്‍ഡര്‍ എനിക്കു തന്നെ തരണം."

ഇതു പറയലും, പെട്ടി തുറന്ന് ബ്രോഷറുകള്‍ മുഴുവന്‍ വലിച്ചു ഞാന്‍ പുറത്തിട്ടതും ഒന്നിച്ച്. ബ്രോഷറുകള്‍ കണ്ട് അദ്ദേഹത്തിന്റെ കണ്ണുകള്‍ വികസിച്ചപ്പോള്‍ ഞാന്‍ ഉറപ്പിച്ചു, എന്റെ സമയം തെളിഞ്ഞു എന്നു. വൈകിട്ട് ഓഫീസില്‍ ചെന്ന് ഒരു പത്ത് കമ്പ്യൂട്ടറിന്റെ ഓര്‍ഡര്‍ എന്റെ മാനേജരുടെ മുഖത്ത് വലിച്ചെറിയുന്ന രംഗം ആലോചിച്ചപ്പോള്‍ എനിക്കു കുളിരുകോരി.

"എന്താ പേര്?"

അദ്ദേഹത്തിന്റെ ചോദ്യം എന്നെ മടക്കിക്കൊണ്ടുവന്നു. ഞാന്‍ പേരു പറഞ്ഞു.

"മിടുക്കന്‍. ഈ കമ്പനിയുടെ പേരെന്താണെന്ന് അറിയുമോ?"

അപ്പോഴാണ് ഞാന്‍ അതിനെക്കുറിച്ച് ഓര്‍ത്തതുതന്നെ. ഞാന്‍ ചുറ്റും നോക്കി. ക്യാബിന്റെ കണ്ണാടിക്കുള്ളിലൂടെ പുറത്തെ ചുമരില്‍ 'പെര്‍ട്ടെക്ക് കമ്പ്യൂട്ടേഴ്സ് ലിമിറ്റഡ് ' എന്ന് എഴുതിയിരിക്കുന്നതു ഞാന്‍ കണ്ടു. അപ്പോള്‍ത്തന്നെ ഞാന്‍ അതു അദ്ദേഹത്തിനു പറഞ്ഞു മനസിലാക്കിക്കൊടുക്കുകയും ചെയ്തു. ഒപ്പം "സ്വന്തം കമ്പനിയുടെ പേരറിയാത്ത മാന്യന്‍" എന്നൊരു ആത്മഗതവും.

"നിങ്ങള്‍ വില്‍ക്കുന്നതു എതു കമ്പനിയുടെ കമ്പ്യൂട്ടര്‍ ആണെന്നറിയാമോ?" അടുത്ത ചോദ്യം.

"എന്നോടാണോ കളി? ഞാന്‍ ഉറക്കം കളഞ്ഞ് പഠിച്ചതാ അണ്ണാ" എന്നു മനസ്സില്‍ പറഞ്ഞ് ഞാന്‍ വളരെ കോണ്‍ഫിഡന്റ് ആയി കാച്ചി. "പി.സി.എല്‍."

പെട്ടെന്നാണ് എന്റെ കണ്ണുകള്‍ അദ്ദേഹത്തിന്റെ മുന്നില്‍ ഇരിക്കുന്ന ഡെസ്ക് കലണ്ടറില്‍ പതിഞ്ഞത്. അതില്‍ പി.സി.എല്‍. എന്നും, കൂടെ 'പെര്‍ട്ടെക്ക് കമ്പ്യൂട്ടേഴ്സ് ലിമിറ്റഡ് ' എന്നും ഒരേ അക്ഷരത്തില്‍, ഒരേ നിറത്തില്‍ എഴുതിയിരിക്കുന്നതു കണ്ടപ്പോള്‍, സെമിത്തേരിയില്‍ ആര്‍. ഐ. പി. എന്ന് എഴുതി വച്ചിരിക്കുന്നത് ഞാന്‍ ഓര്‍ത്തത് എന്തിനാണെന്ന് ഇപ്പോഴും എനിക്ക് ഉത്തരം കിട്ടാത്ത ചോദ്യം ആണ്.

ഞാന്‍ ഒരു കമ്പ്യൂട്ടര്‍ ഡീലറുടെ കീഴിലാണ് ജോലി ചെയ്യുന്നതെന്നും എന്റെ കമ്പനി പി.സി.എല്‍. എന്ന പെര്‍ട്ടെക്ക് കമ്പ്യൂട്ടേഴ്സ് ലിമിറ്റഡിന്റെ കമ്പ്യൂട്ടര്‍ ആണ് മാര്‍ക്കറ്റ് ചെയ്യുന്നതെന്നും കേരളത്തില്‍ പി.സി.എല്‍. ന്റെ റീജിയണല്‍ ഓഫീസ് അതാണെന്നും, അദ്ദേഹം അതിന്റെ റീജിയണല്‍ മാനേജര്‍ ആണെന്നുമൊക്കെ അദ്ദേഹം ഘോരഘോരം പ്രസംഗിക്കുമ്പോള്‍ അവിടെ നിന്നും എങ്ങനെ ഒന്നു രക്ഷപെടും എന്നതിനെക്കുറിച്ചു ആലോചിക്കുകയായിരുന്നു ഞാന്‍.