“ഞാന്‍ ഈ ക്ലോക്ക് ടവര്‍ അങ്ങു വാനിഷ് ചെയ്താലോ?”
പെട്ടെന്ന് അത്രയും കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി. ജ്യൂസ് വാങ്ങാന്‍ നീട്ടിയ കൈ പെട്ടെന്ന് ഞാന്‍ പിന്നോട്ട് വലിച്ചതുകൊണ്ട് ജ്യുസ് കടക്കാരന്റെ ബാലന്‍സ് തെറ്റി ജ്യൂസ് പിടിച്ചിരുന്ന കൈ ഒന്നു വിറച്ചു.
“എന്താ പറഞ്ഞത്?” ക്ലോക്ക് ടവര്‍ വാര്‍ണിഷ് ചെയ്താലോ എന്നുള്ളത് ഞാന്‍ തെറ്റി കേട്ടതാവാനേ തരമുള്ളു എന്നു കരുതി വളരെ പ്രതീക്ഷയോടെ ക്ലോക്ക് ടവറിന്റെ മുകളിലേക്ക് നോക്കി നില്‍ക്കുന്ന സജീവണ്ണന്റെ മുഖത്തേക്ക് നോക്കി.
“അല്ല, ഈ ക്ലോക്ക് ടവര്‍ എങ്ങനെ വാനിഷ് ചെയ്യാം എന്ന് ആലോചിക്കുകയായിരുന്നു.” അദ്ദേഹം വിടാനുള്ള ഭാവം ഇല്ല.
ഞാന്‍ ജ്യൂസ് കടക്കാരന്റെ മുഖത്തേക്ക് നോക്കി. ഏതോ തീവ്രവാദികളെ കണ്ട ഭാവത്തിലാണ് പുള്ളിയുടെ നില്‍പ്പ്. തരം കിട്ടിയാല്‍ അയാള്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് ഓടുമെന്ന് എനിക്കു തോന്നി.
മര്യാദയ്ക്ക് ഓഫീസില്‍ അടങ്ങിയിരുന്നു ജോലി ചെയ്തുകൊണ്ടിരുന്ന എന്നെ ചിന്നക്കടയില്‍ കൊണ്ടുപോയി ജ്യൂസ് വാങ്ങിത്തരാമെന്ന് പറഞ്ഞ് വിളിച്ചിറക്കിക്കൊണ്ട് വന്നത് ഇതിനായിരുന്നോ ദൈവമേ എന്ന് അറിയാതെ ചിന്തിച്ചുപോയി ഞാന്‍.
എന്തായാലും തടി കേടാവുമെന്ന് മനസ്സിലായപ്പോള്‍ പതുക്കെ സജീവണ്ണനെയും വിളിച്ചോണ്ട് സ്ഥലം വിടുന്നതാണ് നല്ലതെന്ന് എനിക്കു തോന്നി.
“അല്ലെടാ.. മുതുകാട് സെക്രട്ടേറിയറ്റ് വാനിഷ് ചെയ്യാന്‍ പരിപാടി ഇടുന്നുണ്ടെന്ന് കേട്ടില്ലേ.. അപ്പൊ ഞാന്‍ മിനിമം ഈ ക്ലോക്ക് ടവര്‍ എങ്കിലും വാനിഷ് ചെയ്യേണ്ടേ?” നിഷ്ക്കളങ്കമായിരുന്നു ആ ചോദ്യം.
ഓഹ്...സമാധാനമായി. അപ്പൊ സംഗതി തീവ്രവാദമല്ല. അമേരിക്കയില്‍ രണ്ടു ടവറുകള്‍ പൊളിച്ചടുക്കിയിട്ട് അധികനാളായിട്ടില്ല. ഞാന്‍ ജ്യൂസ് കടക്കാരന്റെ മുഖത്തേക്ക് നോക്കി. അയാളുടെ തുറന്ന വായ് ഇപ്പോഴും അങ്ങനെ തന്നെ ഇരിക്കുന്നു.
“ചേട്ടാ, അണ്ണന്‍ മാജിക്ക് കാണിക്കുന്ന കാര്യമാ പറഞ്ഞത്.. അല്ലാതെ, അയ്യേ, ചേട്ടന്‍ വിചാരിക്കുന്ന മാതിരിയൊന്നുമല്ല...” ഞാന്‍ ഭയങ്കരമായ നിഷ്കളങ്കത അഭിനയിക്കാന്‍ ശ്രമിച്ചു.
കടക്കാരന്റെ നോട്ടത്തില്‍ ഒരു അയവു വന്നു. കഞ്ഞിയില്‍ പാറ്റയിടാന്‍ വന്ന കശ്മലന്മാര്‍ എന്നുള്ള ഭാവം മാറി പാവം രണ്ട് ഊളമ്പാറ നിവാസികള്‍ എന്നൊരു ഭാവം അവിടെ കണ്ടു.
ഇയാള്‍ക്ക് കുറച്ച് മാജിക്കിന്റെ അസ്കിത ഉണ്ടെന്ന് കേട്ടിട്ടുണ്ട്. എന്നാലും ഇങ്ങനെ മനുഷ്യനെ കുടുക്കുന്ന പണികള്‍ ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ കൂടെ ഇത്ര ധൈര്യമായി ഇറങ്ങിത്തിരിക്കില്ലായിരുന്നു.
“അതെ അണ്ണാ.. നമുക്കു ഇപ്പൊ പോയിട്ടു പിന്നെ വന്നു വാനിഷ് ചെയ്യാം. അതിനൊക്കെ അതിന്റേതായ സമയവും കാലവും ഇല്ലെ. ഇപ്പൊ ഈ ക്ലോക്ക് ടവര്‍ ഇവിടെ ഇല്ലെങ്കില്‍ ചിന്നക്കടക്കാര്‍ സമയം അറിയാതെ വലഞ്ഞു പോവും..” എങ്ങനെയെങ്കിലും ഈ മാരണത്തില്‍ നിന്നൊന്നു രക്ഷപെട്ടാല്‍ മതിയെന്നായി എനിക്ക്.
***************************************************
രണ്ടാഴ്ച കഴിഞ്ഞ ഒരു ഉച്ച സമയം. ഒരു പണിയും ഇല്ലാത്തതുകൊണ്ട് യാഹൂവിന്റെ ജങ്ക് മെയില്‍ ഫോള്‍ഡര്‍ തുറന്നു വച്ചു അതിലുള്ള വയാഗ്ര മെയിലുകള്‍ ഡിലീറ്റു ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. എനിക്കു വയാഗ്രയുടെ ആവശ്യമുണ്ടെന്ന് ലോകം മുഴുവന്‍ അറിഞ്ഞതുപോലെയാണ് മണിക്കൂറില്‍ ആറ് എണ്ണം വച്ച് എന്റെ ജങ്ക് മെയിലില്‍ വന്നു വീഴുന്ന മെസ്സേജുകള്‍.
ഫോണ്‍ ബെല്ലടിച്ചു.
“ഡാ, നീ തിരക്കിലാണോ?” അപ്പുറത്ത് മാജിക്ക് അണ്ണന്‍.
“ഇല്ലണ്ണാ.. അല്ലണ്ണാ.. അതെ അണ്ണാ...” ഞാന്‍ ഒന്നു വിക്കി. വീണ്ടുമൊരു ജ്യൂസ് കൂടി കുടിക്കാനുള്ള ധൈര്യം പോരായിരുന്നു.
“ഡാ, നീ തിരക്കിലല്ലെങ്കില്‍ ഒന്നു ടൌണ്‍ ഹാള്‍ വരെ വരണം. നമ്മുടെ വാനിഷിംഗ് പരിപാടി നടത്താനുള്ള പ്ലാനിംഗിലാണ്. ഒരു ചെറിയ റിഹേഴ്സല്‍.”
ഇയാളിത് എന്തു ഭാവിച്ചാ? ചിന്നക്കടയിലുള്ള ക്ലോക്ക് ടവര്‍ ഇദ്ദേഹം ടൌണ്‍ ഹാളില്‍ കൊണ്ടുപോയി വാനിഷ് ചെയ്യാനാണോ പരിപാടി. ഈ ക്ലോക്ക് ടവര്‍ താങ്ങിയെടുത്ത് അവിടെ വരെ കൊണ്ടുപോകാന്‍ ഒരു കൈ സഹായത്തിനായിരിക്കുമോ വിളിക്കുന്നത്. വിഹ്വലചിന്തകള്‍ തലയില്‍ കയറി എന്റെ കൈകള്‍ക്കും കാലുകള്‍ക്കും വിറയ്ക്കാനുള്ള സിഗ്നല്‍ കൊടുത്തു.
എന്തായാലും വരുന്നിടത്തു വച്ചു കാണാം എന്നു വിചാരിച്ച് ജങ്ക് മെയില്‍ ബോക്സ് ക്ലോസ് ചെയ്തു വച്ചിട്ട് ഓഫീസില്‍ നിന്നും ഇറങ്ങി.
ആദ്യം ഒന്നു ശങ്കിച്ചു. നേരെ ക്ലോക്ക് ടവറിന്റെ അടുത്തേക്ക് പോകണോ അതൊ ടൌണ്‍ ഹാളിലേക്ക് പോകണോ. പിന്നെ ടൌണ്‍ ഹാളിലേക്ക് പോകാന്‍ തീരുമാനിച്ചു. ക്ലോക്ക് ടവര്‍ പിന്നെ വന്നു ഇളക്കിയെടുക്കാമല്ലോ...
അവിടെ ചെന്നപ്പോള്‍ സജീവണ്ണന്‍ ഒരു കൂട്ടം ആളുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നു. പരിപാടി നടത്താനുള്ള സ്റ്റേജ് ഒരുക്കുന്നതിനെപ്പറ്റിയാണെന്ന് മനസ്സിലായി. പക്ഷെ ഈ ക്ലോക്ക് ടവര്‍ എങ്ങനെ സ്റ്റേജില്‍ കൊണ്ടുവയ്ക്കും എന്നു മാത്രം മനസ്സിലായില്ല.
“ഡാ, നീ വണ്ടിയില്‍ അല്ലേ വന്നത്? നമുക്ക് ശക്തികുളങ്ങര വരെ ഒന്നു പോകണം. ഒരു ആനയെ ഏര്‍പ്പാടാക്കാനാ.” സജീവണ്ണന്റെ ശബ്ദം എന്നെ ചിന്തയില്‍ നിന്നുമുണര്‍ത്തി.
എന്റെ ശ്വാസം നേരേ വീണു. അപ്പൊ ക്ലോക്ക് ടവര്‍ പൊക്കാന്‍ ഞാന്‍ സഹായിക്കേണ്ട. ആനയെക്കൊണ്ടു കെട്ടി വലിപ്പിക്കാനുള്ള പരിപാടിയാണ്. എന്തായാലും സമാധാനമായി. പക്ഷെ ഇത്രയും വലിയ ആ ക്ലോക്ക് ടവര്‍ എങ്ങനെ ഇളക്കും എന്നു അപ്പോഴും പിടികിട്ടിയില്ല.
ശക്തികുളങ്ങരയിലേക്ക് വണ്ടി ഓടിക്കുമ്പോഴും എന്റെ സംശയം വിട്ടുമാറിയിരുന്നില്ല.
“തിരിച്ചു വരുമ്പോള്‍ മേയറുടെ ഓഫീസില്‍ ഒന്നു കയറണം.”
ക്ലോക്ക് ടവര്‍ ഇളക്കിമാറ്റാനുള്ള അനുമതി വാങ്ങാനാവും. അക്കാര്യത്തില്‍ എനിക്ക് സംശയമുണ്ടായിരുന്നില്ല.
*************************************************
പരിപാടിയുടെ തലേന്നു നടന്ന റിഹേഴ്സല്‍ കാണാന്‍ ചെന്നപ്പോഴാണ് കാര്യങ്ങളുടെ സത്യാവസ്ഥ ബോധ്യമായത്.
ഇദ്ദേഹം ക്ലോക്ക് ടവറില്‍ നിന്നും പിടിവിട്ടു ഇപ്പൊ ഒരു ആനയെ വാനിഷ് ചെയ്യാനുള്ള പരിപാടിയാണ്. വാനിഷ് ആയില്ലെങ്കില്‍ സ്വന്തമായി നടന്നു പോവാന്‍ പറ്റുന്ന ഒരു സാധനം വാനിഷ് ചെയ്യാനുള്ള മാജിക്കേ നമ്മുടെ അണ്ണന്റെ കയ്യില്‍ തല്‍ക്കാലം ഉള്ളു. എന്തായാലും മേയര്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിക്ക് കൊല്ലത്ത് നല്ല ജനശ്രദ്ധ കിട്ടുമെന്ന് ഉറപ്പാണ്. ടിക്കറ്റ് വില്‍ക്കാന്‍ കുറെപ്പേരെ ഏല്‍പ്പിച്ചിട്ടുമുണ്ട്.
പരിപാടി തുടങ്ങുന്നതിനു ഒരു മണിക്കൂര്‍ മുമ്പ് തന്നെ ഞാന്‍ ടൌണ്‍ ഹാളില്‍ എത്തിച്ചേര്‍ന്നു. പതുക്കെപ്പതുക്കെ ഹാള്‍ നിറയാന്‍ തുടങ്ങി.
കൃത്യം ഏഴുമണിക്ക് മേയര്‍ എത്തി പരിപാടി ഔദ്ദ്യോഗികമായി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു.
അടുത്തതായി മാജിക്ക് അണ്ണന്‍ സ്റ്റേജില്‍ കയറി. ചുവന്ന ഒരു കര്‍ട്ടന്‍ ബാക്‍ഗ്രൌണ്ടില്‍ ഉണ്ട്. ആന കര്‍ട്ടനു മുന്നില്‍, അണ്ണന്‍ ആനയ്ക്കു മുന്നില്‍.
ആന ആവിയായി പോകുന്നതു കാണാനും അണ്ണനെ ആളുകള്‍ ആദരിക്കുന്നതു കാണാനും സൌകര്യത്തിനായി ഞാന്‍ സദസ്സിന്റെ ഏറ്റവും പിറകില്‍ സ്ഥാനം പിടിച്ചു.
അണ്ണന്‍ മാജിക്കിനു മുന്നോടിയായുള്ള പുളുവടി തുടങ്ങി. അമേരിക്കയിലും അന്‍റ്റാര്‍ട്ടിക്കയിലും അവതരിപ്പിക്കാന്‍ കഴിയാത്ത ഒരു മാജിക്ക് ആണ് ഇതെന്നും, ഇതു ആദ്യമായി കാണാനുള്ള ഭാഗ്യം കൊല്ലത്തുകാര്‍ക്ക് മാത്രം എക്സ്‌ക്ലൂസീവ് ആയി ലഭിച്ച ഒരു സുവര്‍ണ്ണാവസരമാണെന്നുമൊക്കെ വച്ചു കാച്ചി. അന്‍റ്റാര്‍ട്ടിക്കയില്‍ ആന ഇല്ലെന്നു കൊല്ലത്തുകാര്‍ക്ക് അറിയില്ലല്ലൊ.
മാജിക് തുടങ്ങാനുള്ള സിഗ്നല്‍ കൊടുത്തു. മാജിക്കുകാരുടെ ആ ചെറിയ വടി അണ്ണന്‍ കയ്യിലെടുത്തു. മാജിക്ക് ആനയെക്കൊണ്ടായതുകൊണ്ട് മിനിമം ഒരു തോട്ടിയെങ്കിലും പ്രതീക്ഷിച്ചു നിന്ന ഞാന്‍ ചെറുതായി ഒന്നു നിരാശപ്പെടാതിരുന്നില്ല.
അണ്ണന്‍ വടി വീശി. നേരത്തെ സെറ്റു ചെയ്തു വച്ചിരുന്ന വെടിയും പുകയുമൊക്കെ സ്റ്റേജില്‍ പ്രത്യക്ഷപ്പെട്ടു.
അടുത്ത വടി വീശലിനു ലൈറ്റുകള്‍ അണയും, പിന്നെ ഒരു അഞ്ചു സെക്കന്റില്‍ ലൈറ്റ് വരുമ്പോള്‍ ആന ആവിയായിട്ടുണ്ടാവും. ഞാന്‍ കണക്കു കൂട്ടി.
ദേ അണ്ണന്‍ വീണ്ടും വടി വീശി, അന്ധകാരം നിറഞ്ഞു. ഞാന്‍ സെക്കന്റുകള്‍ എണ്ണിത്തുടങ്ങി.
എനിക്ക് അധികം എണ്ണേണ്ടി വന്നില്ല. എണ്ണിത്തുടങ്ങിയപ്പോള്‍ തന്നെ പോയ വെളിച്ചം റബ്ബര്‍ പന്ത് അടിച്ചതുപോലെ തിരിച്ചുവന്നു. വെളിച്ചം വന്നപ്പോള്‍ ഞാന്‍ കണ്ടത് സ്റ്റേജില്‍ അന്തം വിട്ടു നില്‍ക്കുന്ന മാജിക്ക് അണ്ണനെയാണ്. ഒപ്പം റെയില്‍വേ സ്റ്റേഷനില്‍ ഓടിക്കിതച്ചു വരുമ്പോള്‍ സ്റ്റേഷന്‍ വിട്ട ട്രെയിനിന്റെ പിന്നിലുള്ള X കാണുന്നതു പോലെ സ്റ്റേജിനു പുറത്തേക്കു നടന്നു മറയുന്ന ആനയുടെ പിന്‍ഭാഗവും.
ഒരു നിമിഷം എനിക്കൊന്നും മനസ്സിലായില്ലെങ്കിലും സ്റ്റേജിലേക്ക് പറന്നു പോകുന്ന കുറെ ചെരിപ്പുകളും, പിന്നാലെ പോകുന്ന കസേരകളും അതിന്റെ പിന്നാലെ സ്കൂള്‍ വിട്ട പോലെ സ്റ്റേജിലേക്ക് പോകുന്ന മാജിക്കിനെ സ്നേഹിക്കുന്ന കൊല്ലത്തെ സഹൃദയലോകവും കണ്ടപ്പോള്‍ കാര്യങ്ങള്‍ ഏതാണ്ട് പിടികിട്ടി.
സഹൃദയന്മാരുടെ ആദരവ് മാജിക്ക് അണ്ണന്‍ താങ്ങുമോ എന്നൊരു സംശയം വന്നപ്പോള്‍ കൂടെയുണ്ടായിരുന്ന സുരേഷിനോട് അന്തം വിട്ട് സ്റ്റേജില്‍ തന്നെ നില്‍ക്കുന്ന അണ്ണനെ ചുമന്ന് സ്റ്റേജിന്റെ പിന്നിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം കൊടുത്തിട്ട് ഞാന്‍ കാര്‍ പാര്‍ക്കു ചെയ്തിരിക്കുന്നിടത്തേക്ക് ഓടി.
കാറുമായി സ്റ്റേജിനു പിന്നില്‍ എത്തിയപ്പോഴേക്കും സുരേഷ് മാജിക്ക് അണ്ണനെ സ്റ്റേജില്‍ നിന്നും വാനിഷ് ആക്കി സ്റ്റേജിനു പിന്നില്‍ എത്തിച്ചിരുന്നു. അണ്ണനെ ചുമന്ന് കാറില്‍ കയറ്റി കാറ് നീങ്ങിത്തുടങ്ങിയപ്പോഴേക്കും ആനയെത്തപ്പി പോയ ഒരു കൂട്ടം മാജിക്ക് പ്രേമികള്‍ ആനയെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ് ടൌണ്‍ ഹാളിനു ചുറ്റും പരക്കം പായുന്നതുകാണാമായിരുന്നു.
*********************************************
“ആഹ്.. എന്നോടാ കളി. അവന്മാര്‍ മഷിയിട്ടു നോക്കിയാല്‍ ആനയെ കണ്ടുപിടിക്കില്ല. അതിനെ ഞാനല്ലേ വാനിഷ് ആക്കിയത്.” അണ്ണന്റെ രോഷവും സങ്കടവും എല്ലാം കൂടി പുറത്തു വന്നു.
“കളയണ്ണാ.. നമുക്ക് ക്ലോക്ക് ടവര്‍ തന്നെ നോക്കാം. അതാവുമ്പോള്‍ തനിയെ നടന്നു പോവില്ലല്ലോ.” എങ്ങനെയാണ് അദ്ദേഹത്തെ സമാധാനിപ്പിക്കേണ്ടതെന്നറിയാതെ ഞാന്‍ പറഞ്ഞതും സുരേഷ് പൊട്ടിച്ചിരിച്ചതും ഒരുമിച്ചായിരുന്നു. അപ്പോഴാണ് പറഞ്ഞത് അബദ്ധമായെന്ന് എനിക്ക് മനസ്സിലായത്.
*********************************************
മാജിക്ക് അണ്ണനെ വീട്ടില്‍ വിട്ടു ബാക്കി കാര്യങ്ങള്‍ ഞങ്ങള്‍ തന്നെ സെറ്റില്‍ ചെയ്തോളാം എന്നു വാക്ക് കൊടുത്തിട്ട് ഞാനും സുരേഷും തിരിച്ചു ടൌണ്‍ ഹാളിലേക്ക് പോവാനിറങ്ങി. അപ്പോഴാണ് അണ്ണന്‍ പിന്നില്‍ നിന്നും വിളിച്ചത്.
“ഡാ, നിങ്ങള്‍ അങ്ങോട്ടാണോ പോകുന്നത്?”
“അതെ അണ്ണാ, എന്തുപറ്റി?”
“ഡാ, ആ ആന എങ്ങോട്ടു പോയെന്നു കണ്ടുപിടിയ്ക്കണം. ഇല്ലെങ്കില്‍ ഞാന്‍ നാളെ അതിന്റെ മുതലാളിയോട് സമാധാനം പറയേണ്ടി വരും.”
“അണ്ണാ, അപ്പൊ ആന വാനിഷ് ആയില്ലേ?” സുരേഷ് ആത്മാത്ഥമായാണോ അത് ചോദിച്ചതെന്നറിയാതെ, സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലം ഞാന്‍ പൊട്ടിച്ചിരിച്ചുപോയി.
**********************************************
Share