ക്യാപ്റ്റന്‍സി

Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍

വാസന്തപഞ്ചമി നാളില്‍
‍വരുമെന്നൊരു കിനാവു കണ്ടു
കിളിവാതിലില്‍ മിഴിയും നട്ടു
കാത്തിരുന്നു ഞാന്‍...

ഭാര്‍ഗവിനിലയത്തിലെ പാട്ടിത്തിരി ഉറക്കെപ്പാടി ബൈക്ക് സ്റ്റാന്റില്‍ കയറ്റി വച്ച് വഴിഞ്ഞൊഴുകുന്ന മുഖസൗന്ദര്യം നെറ്റിയില്‍ ഇത്തിരി കൂടിപ്പോയോ എന്നുള്ള സംശയം കൊണ്ട് ചൂണ്ടുവിരല്‍ മടക്കി വടിച്ചു കളഞ്ഞ് പാട്ടിന്റെ വോ‌ളിയം ഇത്തിരി കുറച്ച് മുന്നില്‍ കണ്ട ഒരു ഗ്ലാസ്സ് ഡോ‌ര്‍ തള്ളിത്തുറന്ന് അകത്തുകയറിയപ്പോള്‍...

എന്നെത്തന്നെ നോക്കി കിളിവാതിലില്‍ മിഴികള്‍ നട്ട് കാത്തിരുന്നതുപോലെ നൂറോളം ലലനാമണികളുടെ കണ്ണുകള്‍ എന്റെ നേരെ തിരിഞ്ഞു. കൈയ്യില്‍ ഫയലും പിടിച്ച് കടമിഴികടാക്ഷമേറ്റ് നില്‍ക്കുന്ന എനിക്ക് സംഭവം എന്താണെന്ന് ആദ്യം മനസ്സിലായില്ല.

ഞാന്‍ അന്വേഷിച്ചു വന്ന ഓഫീസ് ഇതല്ല എന്ന് മനസിലാവാന്‍ തയ്യല്‍ മെഷീനുകളും, വെട്ടിയ തുണികളും, കന്നട പെണ്‍കുട്ടിക‌ളും ചിതറിക്കിടക്കുന്ന ആ മുറിയിലാകെ ഒന്നു നോക്കിയ എനിക്ക് കുറച്ചുസമയമേ വേണ്ടിവന്നുള്ളൂ...

റബ്ബര്‍ പന്ത് അടിച്ചത് തിരിച്ചുവന്നതുപോലെ ഞാന്‍ ചാടി പുറത്തിറങ്ങി. ചുറ്റും ഒന്നു നോക്കിയപ്പോള്‍ തൊട്ടടുത്ത കെട്ടിടത്തിന്റെ മുന്നില്‍ കുറെ ബൈക്കുകള്‍ പാര്‍ക്കു ചെയ്തു വച്ചിരിക്കുന്നതു കണ്ടു അങ്ങോട്ടു നടന്നു.

ചാരി വച്ചിരിക്കുന്ന ഒരു ബൈക്കിന്റെ പുറത്ത് ചാഞ്ഞു നിന്നുകൊണ്ട് ഒരു അഞ്ചടി എട്ടിഞ്ചുകാരന്‍ ആത്മാവിനു പുക കൊടുക്കുന്നു. അയാളോട് ചോദിച്ചു:

"കമ്പ്യൂട്ട‌ര്‍ ......."

കമ്പനിപ്പടി കത്തി നില്‍ക്കുന്ന സിഗററ്റില്‍ നിന്നും ഒരു പുക കൂടി വലിച്ചെടുത്തു വിട്ടുകൊണ്ട് അയാള്‍ അകത്തേക്ക് കൈചൂണ്ടി.

അകത്തുചെന്നപ്പോള്‍ അടൂര്‍ പങ്കജം കഥകളിക്ക് മേക്കപ്പിട്ടതുപോലെ ഒരു മധുര മുപ്പതുകാരി റിസപ്ഷനില്‍ ഇരിക്കുന്നു.

"ഐ വാണ്ട് ടു മീറ്റ് വാസിലി ജോര്‍ജ്ജ്." വാസിലി ജോര്‍ജ്ജ് മിസ് ആണോ മിസിസ്സ് ആണോ എന്ന് തീര്‍ച്ചയില്ലാത്തത്കൊണ്ട് റിസ്കെടുക്കാന്‍ നിന്നില്ല. ആഗമനോദ്ദേശ്യം ചുരുട്ടിക്കൂട്ടി വിവരിച്ചുകൊടുത്തു.

മേല്‍ച്ചുണ്ടും കീഴ്ച്ചുണ്ടും തമ്മില്‍ മുട്ടിയാല്‍ ലിപ്‌സ്റ്റിക്കില്‍ ഉണ്ടായേക്കാവുന്ന രാസപ്രവര്‍ത്തനം ഭയന്ന് വായ മാക്സിമം തുറന്ന് ചേട്ടത്തി ഇരിക്കാന്‍ പറഞ്ഞു.

അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ അകത്തേക്ക് വിളിച്ചു. ഇന്റര്‍‌വ്യൂ റൂമിന്റെ മുന്നില്‍ ചെന്ന് മുട്ടിയപ്പോള്‍ അകത്തുനിന്ന് ഒരു പുരുഷശബ്ദം: "കമിന്‍."

അകത്ത് ചെന്നപ്പോള്‍ നേരത്തേ പുറത്തുനിന്ന് ആത്മാവിനു പുക കൊടുത്തുകൊണ്ടിരുന്ന ആ മനുഷ്യന്‍.

"പ്ലീസ് ബീ സീറ്റഡ്. ഐ ആം വാസിലി ജോര്‍ജ്ജ്."

ഇരിക്കുന്നതിനു മുന്‍പ് തന്നെ വന്നു ആദ്യത്തെ ചോദ്യം. പിന്നെ പാട്ടുപാടി വെള്ളി വീണ ഗാനമേളക്കാരനിട്ട് ചീമുട്ട എറിയുന്നതുപോലെ തലങ്ങും വിലങ്ങും ചോദ്യങ്ങള്‍ തുടങ്ങി. ഞാന്‍ ആണെങ്കില്‍ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ ഇരിക്കുന്നു. കാരണം വേറൊന്നുമല്ല, ചോദിച്ചതൊക്കെ എനിക്കറിയാത്ത കാര്യങ്ങളായിരുന്നു. അതുകൊണ്ട് തന്നെ "അരിയെത്രയാ? പയറഞ്ഞാഴി" ടൈപ്പ് കുറെ ഉത്തരങ്ങളും കൊടുത്തു.

എന്തായാലും പത്തു പതിനഞ്ച് ചോദ്യങ്ങള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ക്കു മനസ്സിലായിട്ടുണ്ടാവും ഞാന്‍ ഈ പണിക്ക് പറ്റിയ ആള്‍ തന്നെ എന്ന്. എന്നാല്‍ ശരി,അറിയിക്കാം എന്നു പറഞ്ഞു അയാള്‍ എഴുന്നേറ്റു. മനുഷ്യന് ഇത്ര ജാഡ പാടില്ല എന്നു മനസ്സില്‍ പറഞ്ഞു ഫയലൊക്കെ എടുത്ത് മൂട്ടിലെ പൊടിയും തട്ടി ഞാനും എഴുന്നേറ്റു പുറത്തിറങ്ങി.

ജോലി കിട്ടി. ഓഫീസില്‍ പുതിയ സുഹൃത്തുക്കളെക്കിട്ടി. വാസിലി ജോര്‍ജ്ജ് എന്ന മനുഷ്യനില്‍ നിന്നും ഒരുപാട് നെറ്റ്വര്‍ക്കിംഗ് പഠിച്ചു. അന്നുവരെ മാക്സിമം രണ്ട് പെഗ്ഗ് ഗ്രീന്‍ ലേബല്‍ കഴിച്ചിരുന്ന വാസിലിയെ അഞ്ച് പെഗ്ഗ് അടിക്കാന്‍ പഠിപ്പിച്ച് ഞാന്‍ ഗുരുദക്ഷിണ കൊടുത്തു.

എല്ലാവരും ക്യാപ്റ്റന്‍ എന്നു വിളിക്കുന്ന വാസിലി മലയാളിയാണെന്ന് വളരെ വൈകി ആണ് മനസ്സിലായത്. ഭാര്യ ഭരണി കന്നടക്കാരിയും. നാലു വയസ്സുള്ള മകന്‍ ഷോണ്‍‍.

മധ്യതിരവിതാംകൂര്‍ അച്ചായന്മാര്‍ക്ക് പൊതുവേയുള്ള അപ്പം, ബീഫ് ഫ്രൈ പ്രേമം കാരണം ക്യാപ്റ്റന്‍ ഇടയ്ക്കിടെ എന്നെ കാണാന്‍ ഞാന്‍ താമസിക്കുന്ന തിപ്പസാന്ദ്രയില്‍ വരും. മോട്ടിസ് എന്ന കേരള മെസ്സില്‍ നിന്നും അപ്പവും ബീഫ് ഫ്രൈയ്യും മൂക്കുമുട്ടെ തട്ടി, ഒരു സിഗററ്റും ഒരു ചായയും ബൈ ടു അടിച്ച് ഞാനും ക്യാപ്റ്റനും നെറ്റ്‌വര്‍ക്കിംഗ് തത്വശാസ്ത്രങ്ങളുടെ കുരുക്കുകള്‍ അഴിച്ചു, അടിച്ചുപൊളിച്ചു.

മൂന്നു വര്‍ഷം മുന്‍പ് ഡിസംബറിലെ ഒരു തണുത്ത രാത്രി. പിറ്റേന്ന് ക്രിസ്തുമസ് ആണ്. എങ്ങും വര്‍ണ്ണവിളക്കുകളുടെ മായാപ്രപഞ്ചം. ‍

മൊബൈലില്‍ ജിംഗിള്‍ ബെല്‍സ് തകര്‍ത്തടിക്കുന്നു, ക്യാപ്റ്റന്റെ കോള്‍.

"ഗുരോ, മോട്ടിസിലേക്ക് വാ. ഞങ്ങള്‍ ഇവിടെ ഉണ്ട്."

ക്യാപ്റ്റനും ഭാര്യയും മകനും കൂടി ക്രിസ്തുമസ് ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ് മടങ്ങുന്ന വഴി മോട്ടിസില്‍ നിന്നും അപ്പവും ബീഫ് ഫ്രൈയ്യും കഴിക്കാം എന്നു കരുതി വന്നതാണ്.

അവരോടൊപ്പം കുശലം പറഞ്ഞ്, അവരുടെ ചെറിയ ഇണക്കങ്ങളിലും പിണക്കങ്ങളിലും പങ്കുചേര്‍ന്ന്, ഷോണിനോടൊപ്പം കളിച്ച് ആ മഞ്ഞുപെയ്യുന്ന ക്രിസ്തുമസ് രാവ് ഞങ്ങള്‍ സുന്ദരമാക്കി.

കഴിച്ചു കഴിഞ്ഞ് പുറത്തു വന്നപ്പോഴാണ് ക്യാപ്റ്റന്റെ കാറില്‍ ഒട്ടിച്ച 'എല്‍' എന്റെ ശ്രദ്ധയില്‍‌പ്പെട്ടത്. ക്യാപ്റ്റന്റെ ഭാര്യ ഡ്രൈവിംഗ് സീറ്റില്‍ കയറിയിരുന്നപ്പോള്‍ കാര്യം മനസ്സിലായി. എന്തായാലും ഒന്നു കണ്ടിട്ടു തന്നെ കാര്യം എന്ന് ഞാനും കരുതി.

പാര്‍ക്കിംഗ് പരിമിതമായ തിപ്പസാന്ദ്ര റോഡില്‍ നിരത്തിവച്ചിരിക്കുന്ന കുറെ ബൈക്കുകളുടെ അരികില്‍ ചേര്‍ത്തു നിര്‍ത്തിയിരുന്ന കാ‌ര്‍ ഒന്നു പിന്നോട്ടെടുക്കാന്‍ ശ്രമിക്കുന്നു ഭരണി. ഞാനും ക്യാപ്റ്റനും നന്നായി പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

പിന്നോട്ടെടുത്ത കാര്‍ ഗിയ‌ര്‍ മാറ്റാതെ മുന്നോട്ടെടുത്ത് പരീക്ഷണം നടത്താന്‍ ഭരണിക്ക് തോന്നിയത് വളരെ പെട്ടെന്നായിരുന്നു. പിന്നോട്ടു തന്നെ വന്ന കാര്‍ ഏറ്റവും അറ്റത്തായി ഇരുന്ന ബൈക്കിന്റെ മുകളില്‍ ചെന്നു ഒരു ചെറിയ ശബ്ദത്തോടെ മുട്ടി. ബൈക്ക് മറിഞ്ഞു തൊട്ടടുത്ത പോസ്റ്റിലേക്ക് വീണു. ഇരുട്ടായതുകൊണ്ടും, ആരും കണ്ടില്ല എന്ന് ബോധ്യമുള്ളതുകൊണ്ടും വാസിലി ബൈക്ക് പൊക്കി നേരെ വച്ചു കാറില്‍ കയറി എന്നോട് ശുഭരാത്രിയും പറഞ്ഞ് സ്ഥലം കാലിയാക്കി.

മോട്ടി‍സിലെ ബില്ല് സെറ്റില്‍ ചെയ്ത് ഒരു ക്രിസ്തുമസ് കര്‍ട്ടണ്‍ റൈസര്‍ അടിച്ചുപൊളിച്ച ചാരിതാര്‍‌ഥ്യത്തോടെ ഞാന്‍ എന്റെ ബൈക്കിന്റെ അടുത്തേക്ക് നടന്നു.

ദാ, അവിടെ പോസ്റ്റിന്റെ മുകളില്‍ വീണു ചളുങ്ങിയ പെട്രോള്‍ ടാങ്കുമായി കൃഷ്ണന്‍‌കുട്ടി നായരുടെ മുഖഛായയോടെ ഇരിക്കുന്നു എന്റെ ബജാജ് കാലിബര്‍.

ക്യാപ്റ്റനെ തെറി വിളിക്കണോ അതോ "ആരും കണ്ടില്ല, വേഗം വിട്ടോ" എന്നുപറഞ്ഞു അവരെ രക്ഷപെടുത്തിയ എന്നെത്തന്നെ തെറി വിളിക്കണോ എന്ന് ഒരു കണ്‍ഫ്യൂഷനിലായിരുന്നു ഞാന്‍.

ഞാന്‍ ജോലി മാറി. എന്നിട്ടും ക്യാപ്റ്റന്‍ നിനയ്ക്കുമ്പോഴും നിനയ്ക്കാത്തപ്പോഴും പുഞ്ചിരിയോടെ ഗുരോ എന്നു വിളിച്ചു കയറിവന്നു.

ഫെബ്രുവരിയില്‍ അമേരിക്കയിലേക്ക് പോവാന്‍ വിസ കിട്ടിയപ്പോള്‍ ക്യാപ്റ്റനെ വിളിച്ചു ഒന്നു ആഘോഷിക്കാന്‍ തീരുമാനിച്ചു. എയര്‍പ്പോര്‍ട്ട് റോഡില്‍ ഓപിയം എന്ന പഞ്ചനക്ഷത്ര ബാറിന്റെ അരികില്‍ ആയി മുരുകേശ്‌പാളയംകാരന്‍ ഗോപി നടത്തുന്ന ഗോപിയം എന്ന് ഞങ്ങള്‍ ഓമനപ്പേരിട്ടു വിളിക്കുന്ന അരനക്ഷത്ര ബാറില്‍ ഞാനും ക്യാപ്റ്റനും. അന്ന് ഈ ബൈക്ക് കഥ പറഞ്ഞ് ഞാനും ക്യാപ്റ്റനും ഒരുപാട് ചിരിച്ചു.

ഒരു സായാഹ്നം മുഴുവന്‍ ഒന്നിച്ചു ചിലവഴിച്ച്, ഒരുപാട് ചിരിച്ച്, ഒരുപാട് ചിന്തിപ്പിച്ച്, എന്റെ ആദ്യത്തെ ഇന്റര്‍‌വ്യൂവിനെ ഓര്‍മ്മിപ്പിച്ച്, ഒടുക്കം എന്നെ കെട്ടിപ്പിടിച്ച് "യൂ നോ ഹൗ ടു ടോക്ക് ബുള്‍ഷിറ്റ്" എന്ന് പറഞ്ഞ് പൊട്ടിച്ചിരിച്ചു, ക്യാപ്റ്റന്‍.

*************************************************
അക്കൊല്ലത്തെ ഡിസംബര്‍. മഞ്ഞുപെയ്യുന്ന ന്യൂ‌യോര്‍ക്ക് തെരുവീഥികളിലൂടെ ക്രിസ്തുമസ് വിളക്കുകള്‍ കണ്ട്, തെരുവില്‍ ചിത്രങ്ങള്‍ വരയ്ക്കുന്ന കലാകാരന്മാരെക്കണ്ട് നടന്നപ്പോള്‍ ഒരു കൗതുകം. പരുക്കന്‍ രോമക്കുപ്പായം ധരിച്ച് വരയ്ക്കാന്‍ ഒരു മുഖം അന്വേഷിച്ച് നടന്നുപോകുന്ന എല്ലാവരേയും പ്രതീക്ഷയോടെ നോക്കുന്ന ഒരു ചിത്രകാരി. അവരുടെ കണ്ണിലെ നിസ്സഹായത കണ്ട് വരയ്ക്കാനായി അവരുടെ മുന്നില്‍ ഇരുന്നു കൊടുത്തു.

സെല്‍ഫോണ്‍ ബെല്ലടിക്കുന്നു. ബാംഗ്ലൂരില്‍ നിന്നും പ്രശാന്ത്.

പ്രശാന്തിന്റെ ശബ്ദത്തില്‍ പരിഭ്രാന്തി. പറഞ്ഞത് ക്യാപ്റ്റനെക്കുറിച്ച്. തൊട്ടുമുന്‍പുള്ള നിമിഷം വരെ എന്റെ മനസ്സില്‍ എന്നെ നയിച്ച ക്യാപ്റ്റന്‍ എന്നെന്നേക്കുമായി ഈ ലോകത്തിനോട് വിടപറഞ്ഞിരിക്കുന്നു, പ്രിയപ്പെട്ട ഭാര്യയോടും മകനോടുമൊപ്പം.

ബാംഗ്ലൂരിലെ കനകപുര റോഡില്‍ ഒരു സുഹൃത്തിനോടും കുടുംബത്തോടുമൊപ്പം ക്രിസ്തുമസിന്റെ തലേദിവസം പുറത്തുപ്പോയി ഭക്ഷണം കഴിച്ച് വരികയായിരുന്ന ക്യാപ്റ്റനും ഭരണിയും ഷോണും, ആ സുഹൃത്തിന്റെ കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ഒരു ട്രക്കിന്റെ മുന്നില്‍...

*************************************************
ആഴ്ചകള്‍ക്കു ശേഷം, ക്യാപ്റ്റന്റെയും ഭരണിയുടെയും ബന്ധുക്കള്‍ പങ്കിട്ടെടുത്ത സാധനങ്ങള്‍ എല്ലാം കൊണ്ടുപോയിക്കഴിഞ്ഞ് ആളൊഴിഞ്ഞ ക്യാപ്റ്റന്റെ വീട്ടില്‍ ആര്‍ക്കും വേണ്ടാതെ കിടന്ന ക്യാപ്റ്റന്റെ ആല്‍ബത്തില്‍ നിന്നും കിട്ടിയ നിശ്ചയദാര്‍ഡ്യം തുടിക്കുന്ന ആ സുന്ദരമുഖത്തിന്റെ ചില നല്ല ചിത്രങ്ങള്‍ സ്കാന്‍ ചെയ്ത് അയച്ചു തന്നു പ്രശാന്ത്.

പക്ഷെ, അഞ്ച് പെഗ്ഗ് ഗ്രീന്‍ ലേബലിന്റെ ലഹരിയില്‍ എന്നെ കെട്ടിപിടിച്ച് "യൂ നോ ഹൗ ടു ടോക്ക് ബുള്‍ഷിറ്റ്" എന്ന് പറയുന്ന ക്യാപ്റ്റന്റെ മുഖത്തിനു പകരം വയ്ക്കാന്‍ ഇന്നും ആ ചിത്രങ്ങള്‍ക്കാവുന്നില്ല.

ബൈക്കും ടാക്സും പിന്നെ ഞാനും

Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍

വണ്ടി ഹൊസൂര്‍ എത്തിയപ്പോള്‍ത്തന്നെ ഉണര്‍ന്നു. ഇനി കൂടിയാല്‍ അരമണിക്കൂര്‍ മഡിവാള എത്താന്‍. ആകെ ഒരു സന്തോഷം തോന്നി. പുതിയ ജോലിക്ക് ജോയിന്‍ ചെയ്യാന്‍ പോകുന്ന ദിവസം. വണ്ടിയിറങ്ങി വണ്ടിയെടുത്ത് വീട്ടില്‍‌പ്പോയി ഒന്നു കുളിച്ചു റെഡിയായി ഓഫീസില്‍ പോകാന്‍ സമയം ഉണ്ട്. സമാധാനം.

ഒരു മാസത്തെ അക്ഷീണപരിശ്രമത്തിനൊടുവില്‍ കഷ്ടപ്പെട്ട് കിട്ടിയ ജോലിയാണ്. ജോലി ഉറപ്പായത് വെള്ളിയാഴ്ച. അന്നു തന്നെ നാട്ടില്‍പ്പോയി ബൈക്കുമായി തിരിച്ചുവരികയാണ്. എ.സി. വോള്‍‌വോ ബസ്സില്‍ ബൈക്കും കയറ്റി ഞായറാഴ്ച തന്നെ കൊല്ലത്തുനിന്നും തിരിച്ചു. തിങ്കളാഴ്ച രാവിലെ ആറ് മണിക്ക് മഡിവാള എത്തിയാല്‍ തിപ്പസാന്ദ്രയിലുള്ള വീട്ടില്‍ പോയി കുളിച്ചു റെഡിയായി ബൊമ്മസാന്ദ്രയുള്ള ഓഫീസില്‍ ഒമ്പത് മണിക്കുമുന്‍പ് എത്താം എന്നാണ് കണക്കുക്കൂട്ടല്‍.

മഡിവാള മഡിവാള എന്നു കിളിച്ചെറുക്കന്‍ ഉറക്കെ വിളിച്ചുപറയുന്നതുകേട്ടാണ് ചിന്തയില്‍നിന്നും ഉണര്‍ന്നത്. ബാഗുമെടുത്ത് എഴുന്നേറ്റു. ബസ് നിന്ന ഉടനെ ഇറങ്ങാനായി ഫുട്ട്ബോ‌ര്‍ഡില്‍ കാലെടുത്തുവച്ചപ്പോള്‍ ആരോ ഒരാള്‍ വന്നു കൈനീട്ടി. കിലുക്കത്തില്‍ ജഗതി ഇടിച്ചുകയറുന്നതുപോലെ, "വെല്‍കം ടു ബാം‌ഗ്ലൂര്‍, നൈസ് ടു മീറ്റ് യു" എന്നൊക്കെ പറയുന്ന ഗൈഡ് ആയിരിക്കും എന്നു വിചാരിച്ച് ഞാനും കൈനീട്ടി. ഒരുപക്ഷേ എന്നെക്കണ്ടപ്പോള്‍ അങ്കമാലിയിലെ പ്രധാനമന്ത്രിയുടെ അനന്തവനാണെന്ന് തോന്നിയിട്ടുണ്ടാവും.

ഒരു മിനിറ്റ് കഴിഞ്ഞ് നോക്കിയപ്പോള്‍ ഞാന്‍ ഒരു ഫ്രണ്ട് എഞ്ചിന്‍ ഓട്ടോറിക്ഷയുടെ ബാക്ക്സീറ്റില്‍ ഇരിക്കുന്നു. എന്നെ അയാള്‍ ചുമന്ന് അവിടെക്കൊണ്ട് വച്ചതാണ്. അപ്പോള്‍ കാര്യം പിടികിട്ടി. ഓട്ടോ ഡ്രൈവറാണ്. ഇതിവിടെ പതിവുമാണ്. ചുറ്റും നോക്കിയപ്പോള്‍ ബസ്സിറങ്ങി വരുന്നവരെ ഓടിച്ചിട്ടു പിടിക്കുന്ന ഓട്ടോ ഡ്രൈവര്‍മാര്‍.

"എല്ലി ഹോഗ്‌ബേക്കാ?", ഞെട്ടിപ്പോയി ഞാന്‍. എന്താണെന്നൊന്നും മനസ്സിലായില്ല. അയാള്‍ കന്നടയില്‍ എന്തോ ചോദിക്കുകയാണ്. എന്തോ പ്രശ്നമുണ്ടെന്ന് മനസ്സിലായി.

"എന്താ?"

"എല്ലി ഹോഗ്‌ബേക്കാ?" ദേ വീണ്ടും അയാള്. ഇത്തവണ ആയാളുടെ ശബ്ദം കുറച്ചുകൂടി ഉച്ചത്തിലായി.

"ഏയ്, ഞാനത്തരക്കാരനൊന്നുമല്ല." അയാള്‍ എന്നെ ഏടുത്ത് ഓട്ടോയില്‍ക്കൊണ്ടിരുത്തി തെറിവിളിക്കുകയാണെന്നാണ് ആദ്യം എനിക്കു തോന്നിയത്.

പെട്ടെന്നാണ് ബസ്സില്‍ ഇരിക്കുന്ന എന്റെ ബൈക്കിനെക്കുറിച്ച് ഓര്‍മ്മ വന്നത്. അയ്യോ എന്നു വിളിച്ചുകൊണ്ട് ഞാന്‍ ചാടിയിറങ്ങി ഓടി. തിരിച്ചു ബസ്സിന്റെ അടുത്ത് എത്തിയപ്പോള്‍ കിളിപ്പയ്യന്‍ ബൈക്ക് ഏടുത്ത് പുറത്ത് വെച്ച് ഉടമസ്ഥനെക്കാത്ത് നില്‍ക്കുന്നു.

പയ്യനൊരു പത്ത് രൂപയും കൊടുത്ത് ബൈക്ക് തള്ളി തൊട്ടടുത്ത പമ്പില്‍ നിന്നും പെട്രോള്‍ അടിച്ച് നേരെ വിട്ടു തിപ്പസാന്ദ്രക്ക്. കുളിയും തേവാരവുമെല്ലാം കഴിഞ്ഞ് എട്ട് മണിക്ക് ഇറങ്ങി ജോലിക്കു പോവാന്‍. താമസിച്ചുപോയതുകൊണ്ട് ഒരിത്തിരി സ്പീഡില്‍ തന്നെയാണ് പോയത്. അങ്ങനെ തടസ്സങ്ങളൊന്നുമില്ലാതെ മുന്നോട്ട് പോകവേ സില്‍ക്ക് ബോര്‍ഡ് ജംഗ്ഷനില്‍ എത്തിയപ്പോള്‍ പൊലീസ് കൈകാണിച്ചു.

അടുത്ത മാരണം. ജോലിക്ക് പോകുന്ന നേരത്തു തന്നെ വേണോ ഇവനൊക്കെ വണ്ടി ചെക്ക് ചെയ്യാന്‍ എന്നു മനസ്സില്‍ പ്രാകിക്കൊണ്ട്, ലൈസന്‍സും ബുക്കും പേപ്പറുമായി ചെന്നു. എല്ലാം വാങ്ങി ഒന്നു നോക്കിയിട്ട് അയാള്‍ കന്നടയില്‍ എന്തോ പറഞ്ഞു. എന്താണെന്ന് മനസ്സിലായില്ലെങ്കിലും ടാക്സ് എന്നു ഇടയ്ക്ക് കേട്ടതുപോലെ തോന്നി. ഞാന്‍ ടാക്സ് അടച്ച രസീത് എടുത്ത് കാണിച്ചു.

അരമണിക്കൂര്‍ അയാള്‍ കന്നടയിലും ഞാന്‍ മലയാളത്തിലും സംസാരിച്ചു ഒരു തീരുമാനത്തിലെത്തി. ഞാന്‍ ടാക്സ് അടച്ചത് ഉമ്മന്‍ ചാണ്ടി പുള്ളിക്കാരന്റെ കുടുംബസ്വത്തിലേക്ക് മുതല്‍ക്കൂട്ടി. ബാംഗ്ലൂര്‍ വണ്ടിയോടിക്കണമെങ്കില്‍ എസ്.എം.കൃഷ്ണയ്ക്ക് ഇനി വേറേ കൊടുക്കണം. കൊടുക്കാന്‍ താല്പര്യം ഇല്ലെങ്കില്‍ എന്നെ പിടിച്ച പൊലീസുകാരന് നൂറു രൂപ കൊടുക്കണം. അപ്പോള്‍ എല്ലാം ശരിയാവും. കലികാലം, അല്ലാതെന്ത് പറയേണ്ടൂ. അന്ന് മനസ്സിലായി കര്‍ണ്ണാടകത്തില്‍ വണ്ടിയോടണമെങ്കില്‍ കേരളത്തില്‍ ടാക്സ് അടച്ചാല്‍ പോരാ എന്നു.

ജോലിയില്‍ ജോയിന്‍ ചെയ്യേണ്ട ദിവസമായതുകൊണ്ട് കൂടുതല്‍ സുരേഷ് ഗോപി കളിക്കാന്‍ നിന്നില്ല. അമ്പത് രൂപ കൊടുത്ത് അവിടെ നിന്ന് തടിയൂരി.

രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ എന്നെ ഡൊംളൂ‌‌ര്‍ ഓഫീസിലേക്ക് മാറ്റി. കസ്റ്റമര്‍ സപ്പോര്‍ട്ടില്‍ ആയതുകൊണ്ട് പകല്‍ മുഴുവന്‍ ബാംഗ്ലൂര്‍ സിറ്റിയുടെ പല ഭാഗത്തായി കറക്കം. മൂന്നു മാസം കറങ്ങിയ വകയില്‍ ക‌ര്‍ണ്ണാടകത്തിലെ ഖജനാവിലേക്ക് പോവേണ്ടിയിരുന്ന കുറെ കാശ് ഞാന്‍ രണ്ട് മൂന്ന് പൊലീസുകാര്‍ക്ക് വീതം വച്ചു കൊടുത്തു.

ഒരു ദിവസം ജോലി ഒക്കെ കഴിഞ്ഞു ഓഫീസില്‍ നിന്നും ഇറങ്ങി വണ്ടിയുമെടുത്ത് പുറപ്പെട്ടു ഡൊംളൂ‌ര്‍ ശാന്തി സാഗറിന്റെ മുന്നില്‍ എത്തിയപ്പോള്‍ ഒരാള്‍ റോഡില്‍ നിന്ന് കൈകാണിച്ചു. ലിഫ്റ്റ് ചോദിക്കുകയാവും എന്ന് കരുതി ചേതമില്ലാത്ത ഒരുപകാരം അല്ലേ എന്നു മനസ്സില്‍ വിചാരിച്ച് വണ്ടി നിര്‍ത്തി. ഓടി വന്ന അയാള്‍ വണ്ടി ഓഫ് ചെയ്തു ചാവി ഊരിയെടുത്തു.

അയാള്‍ കന്നടയില്‍ എന്തോ ഒന്നു പറഞ്ഞു. ഇതിപ്പോള്‍ നല്ല പരിചയം ആയതുകൊണ്ട് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. പൊലീസല്ലെങ്കിലും അതുപോലെ എന്തോ ഒരു വകുപ്പാണെന്ന് മനസ്സിലായി. കൈയ്യില്‍ ഒരു ഫയല്‍, ഒരു വയ‌ര്‍ലെസ്സ് സെറ്റ്. ഇതു അതു തന്നെ, ആര്‍. ടി. ഓ. സ്ക്വാഡ്. ഇതു അമ്പത് രൂപയില്‍ നില്‍ക്കുന്ന കേസല്ല. എന്റെ കേരള രജിസ്ടേഷന്‍ ബൈക്ക് എന്റെ പൊക കണ്ടിട്ടേ അടങ്ങൂ.

ദോഷം പറയരുതല്ലോ, ഞാന്‍ ഒരു പ്രാവശ്യം ഇന്ദിരാനഗര്‍ ആര്‍.ടി.ഓ. ഓഫീസില്‍ പോയതാ ടാക്സ് അടയ്ക്കാന്‍. കൊല്ലം ആര്‍.ടി.ഓ.യുടെ ഒരു എന്‍.ഓ.സി. ഇല്ലാതെ ഇവിടെ ടാക്സ് അടയ്ക്കാന്‍ പറ്റില്ല എന്നു പറഞ്ഞ് ഒരു ഉദ്യോഗസ്ഥന്‍ എന്നെ നിരുത്സാഹപ്പെടുത്തി. എന്‍.ഓ.സി.വാങ്ങണമെങ്കില്‍ ഒരു ദിവസം ലീവ് എടുത്ത് പോകണം. ഒരു മാസം കൂടി കഴിയട്ടെ എന്നു കരുതി മാറ്റി വച്ചതാണ്. അതിപ്പൊ ഇങ്ങനെ ഒരു പാരയും ആയി.

എന്തായാലും എന്റെ മുറി തമിഴും, മലയാളവും, ഇംഗ്ലീഷും അയാളുടെ കന്നടയും കൂടി ഏറ്റുമുട്ടി. ഒരു കാര്യം മനസ്സിലായി. അന്നു എനിക്കു ബൈക്കില്‍ വീട്ടില്‍ പോകാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ ഇരുന്നൂറ്റന്‍പത് രൂപാ വേണം. അല്ലെങ്കില്‍ ബൈക്ക് അയാള്‍ കൊണ്ടുപോകും, പിറ്റേന്ന് ആര്‍.ഡി.ഓ. ഓഫീസില്‍ പോയി എടുക്കണം. എന്തായാലും ഇരുന്നൂറ്റന്‍പത് രൂപയ്ക്കു വേണ്ടി ബൈക്ക് ഉപേക്ഷിക്കാന്‍ മനസ്സു വന്നില്ല. അതുകൊണ്ട് ഇരുന്നൂറ്റന്‍പത് രൂപ കൊടുത്ത് ബൈക്കുമെടുത്ത് സ്ഥലം വിട്ടു.

പോകുന്ന വഴിക്ക് ഒരു ചിന്ത തലപൊക്കി. ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല. എങ്ങനെയെങ്കിലും ടാക്സ് അടയ്ക്കണം. എന്‍.ഓ.സി. ഇല്ലാതെ സാധിക്കാന്‍ എന്തെങ്കിലും ഒരു വഴി കണ്ടെത്തണം. ഇല്ലെങ്കില്‍ കിട്ടുന്ന ശമ്പളം പൊലീസിനും ആര്‍.ടി.ഓ. സ്ക്വാഡിനും കൊടുക്കാനേ തികയൂ.. നേരെ വച്ചു പിടിച്ചു, തിപ്പസാന്ദ്രയിലുള്ള ജയശ്രീ ബാറിലേക്ക്.

ബാറില്‍ പോയത് രണ്ടെണ്ണം അടിച്ചിട്ട് ടാക്സ് അടയ്ക്കുന്ന കാര്യം ആലോചിക്കാനല്ല. വല്യച്ചന്റെ മകനൊരാള്‍, എന്റെ ചേട്ടന്‍, ബാംഗ്ലൂര്‍ ജനിച്ചു വളര്‍ന്ന ആ പുലിയുടെ സഹായം തേടാന്‍.

കണ്ടുപിടിക്കാന്‍ അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല. ബാറിന്റെ ഒന്നാമത്തെ നിലയില്‍ കയറിച്ചെല്ലുന്നവര്‍ക്കൊക്കെ കാണത്തക്ക നിലയില്‍ ഒരു മൂലയില്‍ ഭിത്തിയില്‍ ചാരി വച്ചതുപോലെ ഇരിപ്പുണ്ട് നമ്മുടെ കക്ഷി.

അടുത്തുചെന്നു വിളിച്ചു... "അണ്ണാ... പൂയ്."

"ആഹ്. നീ ഇരിക്ക്."

"ഇരിക്കാനൊന്നും സമയമില്ലണ്ണാ. ആ‌ര്‍.ടി.ഓ. സ്ക്വാഡ്."

"അതൊന്നും ഇവിടെ കിട്ടില്ല. നീ വല്ല ഓ.സി.ആര്‍. റമ്മും വാങ്ങി അടിക്ക്. ഇരിക്കാന്‍ സമയമില്ലെങ്കില്‍ താഴെ കൗണ്ടറില്‍ പോയി ഒരു നിപ്പനടിച്ചിട്ട് എന്റെ പേരു പറഞ്ഞാല്‍ മതി."

പിടിച്ചതിലും വലുതാണ് ബാറിലുള്ളത് എന്നു ബോധ്യമായതുകൊണ്ട് കൂടുതല്‍ നേരം അവിടെ നിന്ന് സമയം മിനക്കെടുത്തിയില്ല.

പിറ്റേന്ന് കുറച്ചു നേരത്തേ ഓഫീസില്‍ നിന്നും ഇറങ്ങി. ചേട്ടന്‍ ബാറില്‍ പോകുന്നതിനുമുമ്പ് പിടിക്കണം എന്ന ഉദ്ദേശ്യത്തോടെ. പുള്ളി ഓഫീസില്‍ നിന്നും ഇറങ്ങുന്ന സമയത്തുതന്നെ കൈയ്യോടെ പിടികൂടി. കാര്യം പറഞ്ഞു.

"ഇത്രയേ ഉള്ളോ കാര്യം. എന്റെ കൂടെ പഠിച്ച രവി ഇപ്പോള്‍ ആ‌‌‌ര്‍.ടി.ഓ. ഏജന്റ് ആണ്. അവനെക്കൊണ്ട് നമുക്ക് കാര്യം സാധിക്കാം. നീ വാ." എന്ന് പറഞ്ഞ് എന്നെക്കാള്‍ മുമ്പേ വണ്ടിയില്‍ക്കയറി ഇരിപ്പായി ചേട്ടന്‍.

ഞങ്ങള്‍ ചെല്ലുമ്പോള്‍ രവി അവിടെ ഇല്ലായിരുന്നു. കുറച്ചുനേരം കാത്തിരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇരുപത് മിനിറ്റ് കഴിഞ്ഞപ്പോള്‍ രവി വന്നു.

രവിയെക്കണ്ട് ഞാന്‍ ചുവന്ന തുണി കണ്ട കാളയെപ്പോലെ അസ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങി. ഇടയ്ക്ക് "അയ്യോ" എന്ന് വിളിച്ചത് ഇത്തിരി ഉറക്കെ ആയിപ്പോയി. ചേട്ടന്‍ ആകെ അമ്പരന്ന് എന്നെയും രവിയേയും മാറി മാറി നോക്കി.

"ഇയാളാ അണ്ണാ ഇന്നലെ എന്നെ പിടിച്ചു നിര്‍ത്തി ഇരുന്നൂറ്റന്‍പത് രൂപ വാങ്ങിയത്." ഞാന്‍ ചേട്ടനോട് രഹസ്യമായി പ‌റഞ്ഞു.

രവിയ്ക്കാണെങ്കില്‍ എന്നെ ആലുവാ മണപ്പുറത്ത് വച്ച് കണ്ട പരിചയം പോലും ഇല്ല. ചേട്ടന്‍ സംസാരിച്ചു തുടങ്ങിയപ്പോഴാണ് ഞെട്ടിക്കുന്ന വേറൊരു സത്യം ഞാന്‍ മനസ്സിലാക്കിയത്. രവി മലയാളിയാണ്!

എന്തായാലും എന്‍.ഓ.സി. ഇല്ലാതെ ടാക്സ് അടച്ചൂതരാം എന്നു രവി ഏറ്റു. അതനുസരിച്ച് ടാക്സ് ആയ രണ്ടായിരത്തി എഴുന്നൂറ് രൂപയും, ടാക്സ് അടയ്കാന്‍ ഉള്ള ആരോഗ്യത്തിനു വേണ്ടി അടയ്ക്കുന്ന ആള്‍ക്കും കണ്ടുനില്‍ക്കുന്നവര്‍ക്കും കോം‌പ്ലാന്‍ കഴിക്കാന്‍ ആയിരം രൂപയും രവിയുടെ കയ്യില്‍ കൊടുത്തു.

പറഞ്ഞതുപോലെ തന്നെ പിറ്റേന്ന് വൈകുന്നേരം ടാക്സ് അടച്ച രസീതും ടാക്സ് ടോക്കണും രവി ചേട്ടനെ ഏല്പ്പിച്ചു.

നാലായിരം രൂപ പോയെങ്കിലെന്താ, ഇനി തല ഉയര്‍ത്തിപ്പിടിച്ച് ബാംഗ്ലൂര്‍ സിറ്റിയിലൂടെ വണ്ടി ഓടിക്കാമല്ലോ. ഞാന്‍ ആഹ്ലാദപുളകിതനായി.

പിറ്റേന്ന് മുതല്‍ വണ്ടിയുടെ സ്പീഡ് കൂടി. ട്രാഫിക്ക് സിഗ്നലുകളില്‍ നിര്‍ത്തേണ്ടി വരുമ്പോള്‍ അല്പം പുറകോട്ട് മാറ്റി നിര്‍ത്തിയിരുന്ന ഞാന്‍ ഇപ്പോള്‍ ഏറ്റവും മുന്‍‌നിരയില്‍ തന്നെ നിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിച്ചു.

കാലം മാറി, ജോലി മാറി, ഓഫീസ് മാറി.

മൂന്നു മാസത്തിനു ശേഷം ഒരു വൈകുന്നേരം. കോറമംഗല ഫോര്‍ത്ത് ബ്ലോക്കിലൂടെ വരികയായിരുന്ന എന്റെ കേരള രജിസ്‌ട്രേഷന്‍ ബൈക്കിന്റെ മുന്നിലേക്ക് ഒരാള്‍ ചാടിവീണു. ഞാന്‍ ബൈക്ക് നിര്‍ത്തി. അദ്ദേഹം പിന്നില്‍ കയറിയിരുന്നു.

"സ്വല്പ മുന്തേ ഹോഗി സ്റ്റോപ് മാടു."

ഞാന്‍ അയാള്‍ പറഞ്ഞ സ്ഥലത്ത് വണ്ടി നിര്‍ത്തി. അയാള്‍ ചാടിയിറങ്ങി.

"ടാക്സ് പേപ്പേര്‍സ് എല്ലി?" ടാക്സ് അടച്ച കടലാസുകള്‍ ചോദിക്കുകയാണ്.

ഞാന്‍ ഹെല്‍മറ്റ് ഊരി. "എന്തൊക്കെയുണ്ട് രവിയണ്ണാ വിശേഷങ്ങള്‍?"

"ഏയ്, അങ്ങനെയൊന്നുമില്ല...ഞാന്‍ വെറുതെ..." നിന്ന നില്‍പ്പില്‍ രവിയണ്ണന്‍ സ്കൂട്ട് ആയി.

വഴിയരികില്‍ അന്തം വിട്ടു ഞാനും.

ഒരു സൈഡ് പിടിച്ച് നടന്നു പൊയ്ക്കോ...

Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍

ശനിയാഴ്ച വൈകുന്നേരം ഹോട്ടല്‍ കുടപ്പനക്കുന്ന് ഇന്റര്‍നാഷണലിന്റെ വരാന്തയില്‍ നിന്ന് വിരലിടാത്ത ചായ ഒരു നില്പ്പനടിച്ച്, തൊട്ടടുത്ത പെട്ടിക്കടയില്‍ നിന്ന് ഒരു വില്‍സും കത്തിച്ച്, കൊല്ലം ചെങ്കോട്ട റൂട്ടിലോടുന്ന മീറ്റര്‍ഗേജ് തീവണ്ടി പോലെ പുകയും വിട്ട് തെക്കോട്ട് വച്ച് പിടിക്കുകയായിരുന്ന എന്നെ ഞെട്ടിച്ചുകൊണ്ട് അരയിലെ ബെല്‍ട്ടില്‍ കൊളുത്തിയിട്ടിരുന്ന പേജര്‍ ഒന്നു ചിലച്ചു...

"കം റ്റു ക്ലബ്ബ് ഇമ്മീഡിയറ്റ്ലി" - ബോസിന്റെ മെസേജ്.

വല്ല ബിസിനസ്സ് മീറ്റിംഗിനാണ് എന്ന് കരുതിയെങ്കില്‍ തെറ്റി. ശനിയാഴ്ച വൈകിട്ട് ക്ലബ്ബില്‍ എന്താ ബിസിനസ്സ് എന്ന് അത്യാവശ്യം വിവരമുള്ള കള്ളുകുടിയന്മാര്‍ക്കൊക്കെ മനസ്സിലായിട്ടുണ്ടാവും. അതു തന്നെ, രണ്ടു പെഗ്ഗടിക്കാന്‍ ഒരു കമ്പനിക്കു വിളിക്കുകയാണ്. എന്തൊരു സ്നേഹം. എന്തായാലും ഓസിനു കിട്ടിയാല്‍ പോയിസണും അടിക്കുമെന്നുള്ള വിനയപ്രസാദ് പോളിസിയും കൊണ്ടു നടക്കുന്ന എനിക്ക് ആര് എവിടെ എപ്പോള്‍ വിളിച്ചാലും ഹാപ്പി.

അടുത്ത നിമിഷം കമ്പനി വകയായ ചേതക്ക് എന്നെയും കൊണ്ട് കുളമ്പടിയൊച്ചയുടെ അകമ്പടിയോടെ തലസ്ഥാനനഗരിയുടെ വിരിമാറിലൂടെ വഴുതക്കാട്ടുള്ള ശ്രീമൂലം ക്ലബ്ബിലേക്കു പാഞ്ഞുപോയി.

രണ്ടാമത്തെ പെഗ്ഗ് ഊറ്റിക്കുടിച്ച് ഗ്ലാസ്സ് താഴെവെക്കുമ്പോള്‍ കഴിഞ്ഞ ആറ് മാസമായുള്ള കമ്പനിയുടെ പുരോഗതിയെക്കുറിച്ച് ബോസ് വാചാലനാവുകയായിരുന്നു. നാലാമത്തെ പെഗ്ഗില്‍ ഐസ് ക്യൂബ്
വീഴുന്നതിനുമുന്‍പു എന്റെ അത്യാഗ്രഹം സടകുടഞ്ഞെഴുന്നേല്‍ക്കുകയും എന്തുകൊണ്ട് എനിക്കും ഇതുപോലൊന്ന് തുടങ്ങിക്കൂടാ എന്ന് അഞ്ചാമത്തെ പെഗ്ഗ് എന്നെക്കൊണ്ട് തോന്നിപ്പിക്കുകയും ചെയ്തു. അങ്ങനെ ഒരു മാസത്തിനുള്ളില്‍ എല്ലാവരുടെയും അനുവാദത്തോടെ കൊല്ലത്ത് ഒരു സ്ഥാപനം തുടങ്ങാനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തു.

ഒരു ബൈക്ക് എടുക്കാം എന്നാണ് ആദ്യം തീരുമാനിച്ചത്. ഹെല്‍മറ്റ് നിര്‍ബന്ധമല്ലെങ്കില്‍ക്കൂടി ഒരെണ്ണം വാങ്ങാം എന്ന് വിചാരിച്ചത് ആക്സിഡന്റ് പറ്റി അങ്ങ് തട്ടിപ്പോയാലും തലക്കും മുഖത്തിനും ഒന്നും പറ്റണ്ട എന്നു കരുതിയിട്ടും. എന്തായാലും ഒരു ദിവസം തന്നെ രണ്ടും സാധിച്ച്, ഫോര്‍ രജിസ്റ്റ്ടേഷന്‍ സ്റ്റിക്കര്‍ ഒട്ടിച്ച് ബൈക്കും ബൈക്കിന്റെ കളറിലുള്ള ഹെല്‍മറ്റും കൊണ്ട് വീട്ടില്‍ എത്തിയപ്പോള്‍ സെഞ്ച്വറി അടിക്കാറായ എന്റെ അപ്പൂപ്പന്‍ വലിക്കാന്‍ വയ്യേ എന്നും പറഞ്ഞ് നടുവിന് കൈയ്യും കൊടുത്ത് ഇരിക്കുന്നു.

വീട്ടില്‍ സ്വന്തമായി ഒരു മുച്ചക്രവാഹനം ഉണ്ടായതുകൊണ്ട് എന്നാല്‍‌പ്പിന്നെ അപ്പൂപ്പനെ ഒന്നു ആശുപത്രിയില്‍ കൊണ്ട്പോകാം എന്ന് ഞാനങ്ങ് തീരുമാനിച്ചു. അത് സ്നേഹം കൊണ്ടന്നുമല്ല എന്ന് അമ്മ പറയുമെങ്കിലും ആഞ്ഞിലിത്തടിയില്‍ ഈര്‍ച്ചവാളുകൊണ്ട് അറുക്കുന്നതുപോലെയുള്ള അപ്പൂപ്പന്റെ ശ്വാസനിശ്വാസങ്ങളുടെ സംഗീതം ഒന്നു മാറിക്കിട്ടാന്‍ വേണ്ടി എന്തും ചെയ്യാന്‍ ഞാന്‍ ഒരുക്കമായിരുന്നു എന്നുള്ളത് എന്റെ ഫാമിലി സര്‍ക്കിളില്‍ പരസ്യമായ രഹസ്യമായതുകൊണ്ട് പിന്നെ ഞാന്‍ തര്‍ക്കിക്കാനൊന്നും പോയില്ല.

എന്തായാലും ആശുപത്രിയില്‍ നിന്നും തിരിച്ചു വരുന്ന വഴിക്ക് ഡ്രൈവര്‍ക്ക് സോഡ കുടിക്കാന്‍ തോന്നിയതും എനിക്ക് ഓട്ടോറിക്ഷ ഓടിക്കാന്‍ തോന്നിയതും ഏതാണ്ട് ഒരേ സമയത്ത്. ഓട്ടോ നിര്‍ത്തി പുള്ളിക്കാരന്‍ സോഡ കുടിക്കാന്‍ പോയ തക്കത്തിന് ഞാന്‍ ഡ്രൈവിങ് സീറ്റിലെത്തി.

മുതലാളിയുടെ മോനോട് മാറിയിരിക്കെടാ എന്നു പറയാന്‍ കെല്പ്പില്ലാത്ത ഒരു പാവം 'ഏഴക്കെല്ലാം സ്വന്തക്കാരന്‍' ആയതുകൊണ്ട് നമ്മുടെ പാവം ഡ്രൈവ‌ര്‍ ഒന്നും മിണ്ടാതെ ഡ്രൈവിങ് സീറ്റിന്റെ ഒരരുകില്‍ ഒറ്റച്ചന്തികൊണ്ട് ബാലന്‍സ് ചെയ്ത് ഇരുന്നു.

അങ്ങനെ ആ യാത്ര പുരോഗമിക്കവേ, എപ്പോഴോ വണ്ടിക്കല്പ്പം സ്പീഡ് കൂടുതലല്ലേ എന്നെനിക്കൊരു സംശയം ഉണ്ടായി. എന്തായാലും സംശയമല്ലേ, അര്‍ഹിക്കുന്ന പ്രാധാന്യം കൊടുക്കാം എന്ന് ഞാനങ്ങ് തീരുമാനിച്ചു. കാലു പൊക്കി, ബ്രേക്കില്‍ ചവിട്ടാന്‍. പക്ഷെ ബ്രേക്കില്‍ ചവിട്ടുന്നതിനു മുന്‍പ് എന്റെ കാല്‍മുട്ട് ഓട്ടോയുടെ ഹാന്‍ഡിലില്‍ ശക്തിയായി ഇടിച്ചു. അപ്പോള്‍ തന്നെ അനുസരണയില്ലാത്ത ആ മുക്കാലി കരിങ്കാലി ആവുകയും റോഡിന്റെ സൈഡില്‍ വെറുതെ നിന്ന ഒരു ടെലിഫോണ്‍ പോസ്റ്റില്‍ പോയി ചാമ്പുകയും ചെയ്തു.

എന്തു സംഭവിച്ചു എന്നു എനിക്ക് ബോധം വരാന്‍ കുറച്ച് സമയം ഏടുത്തു. ഇഹലോകത്തിലേക്ക് മടങ്ങി വന്നപ്പോള്‍ തന്നെ ആദ്യം ആലോചിച്ചത് അപ്പൂപ്പനെക്കുറിച്ചാണ്. നോക്കിയപ്പോള്‍ അപ്പു വലിയ പ്രശ്നം ഒന്നു ഇല്ലാതെ ഓട്ടോയുടെ ഒരു കമ്പിയില്‍ തൂങ്ങിക്കിടപ്പുണ്ട്. ഡ്രൈവറാണെങ്കില്‍ ഒരു കണ്ണും തപ്പിപ്പിടിച്ച് റോഡ്‌സൈഡില്‍ മലര്‍ന്നു കിടക്കുന്നു. ഞാന്‍ പതുക്കെ ഓട്ടോയില്‍ നിന്നും പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോഴാണ് സംഭവത്തിന്റെ ഇരിപ്പുവശവും ഓട്ടോയുടെ കിടപ്പുവശവും ഞാന്‍ മനസ്സിലാക്കിയത്. ഞാന്‍ കുരുങ്ങിക്കിടക്കുകയാണ്! അല്ല, കുരുങ്ങിയിരിക്കുകയാണ്!

പിന്നെ കിട്ടാവുന്നിടത്തുന്നൊക്കെ ധൈര്യം കടം വാങ്ങിച്ച് രണ്ടും മൂന്നും നാലുമൊക്കെ കല്പ്പിച്ച് ഞാന്‍ കൈയും കാലുമൊക്കെ ഒരു വിധം വലിച്ചൂരിയെടുത്തു. കുറച്ച് തൊലിയും മാംസവും ചോരയും ഒഴിച്ച് ബാക്കിയെല്ലാം എനിക്കു തന്നെ കിട്ടി. അടുത്ത ചോദ്യം, ഇനിയെങ്ങനെ പുറത്തിറങ്ങും എന്നള്ളതാണെന്ന് ചോദ്യം വരുന്നതിനു മുന്‍പു തന്നെ എനിക്കു മനസ്സിലായി. ആഞ്ജനേയനെ മനസ്സില്‍ നല്ലവണ്ണം ധ്യാനിച്ച് ഓട്ടോയുടെ മുകളിലുള്ള ടാര്‍പോളിന്‍ കീറി മാറ്റി, എങ്ങനെയൊക്കെയോ ഞാന്‍ പുറത്തുവന്നു.

കണ്ണില്‍ തപ്പിപ്പിടിച്ച് താഴെ ബോധമില്ലതെ കിടക്കുന്ന ഡ്രൈവറും കമ്പിയില്‍ തൂങ്ങി ബോധമില്ലതെ കിടക്കുന്ന അപ്പൂപ്പനും ബോധമില്ലാതെ ഓട്ടോ ഓടിച്ച് ബോധം പോകാതെ നില്‍ക്കുന്ന ഞാനും. ചുറ്റും നോക്കിയപ്പോള്‍ മനസ്സിലായി കുണ്ടറ ഫയ‌ര്‍ സ്റ്റേഷനിലേക്ക് അമ്പത് മീറ്റര്‍ ദൂരമേയുള്ളൂ എന്ന്. നേരെ അങ്ങോട്ടോടി. നല്ല മഴ പെയ്യുന്നുണ്ടായിരുന്നു, എന്റെ തലയില്‍ക്കൂടി മാത്രം. അതു തലയില്‍ നിന്നൊഴുകുന്ന ചോരയാണെന്നറിയാനുള്ള ബോധം പോലും എനിക്കില്ലായിരുന്നു എന്നു പറയുന്നതാവും ശരി.

ഫയര്‍ സ്റ്റേഷനില്‍ നിന്നും ആംബുലന്‍സ് കൊണ്ടുവന്നു. വീണിതല്ലോ കിടക്കുന്നു ധരണിയില്‍ ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ എന്നുള്ള നിലയില്‍ കിടക്കുന്ന ഡ്രൈവറെയും, കോണകവുമഴിഞ്ഞയ്യോ ശിവ ശിവ എന്നുള്ള നിലയിലുള്ള അപ്പൂപ്പനെയും താങ്ങിയെടുത്ത് അതില്‍ കയറ്റി, ഞാനും കയറി, അധികം താമസിയാതെ തന്നെ ഞാനങ്ങു പോയി, എന്ന് വെച്ചാല്‍ , എന്റെ ഉള്ള ബോധം പോയിക്കിട്ടി.

ബോധം തെളിഞ്ഞപ്പോള്‍ ഞാന്‍ ഒരു മേശപ്പുറത്ത് കിടക്കുന്നു. എന്റെ മുന്നില്‍ നില്‍ക്കുന്നത് ഒരു കാക്കിധാരി. കയ്യില്‍ സൂചിയും നൂലും. പൊലീസല്ല, ഭാഗ്യം. സൂചിയും നൂലും ഉണ്ടായതുകൊണ്ട് തയ്യല്‍കാരനായിരിക്കും. പക്ഷെ തയ്യല്‍ക്കാര്‍ക്കെന്തിനാ കാക്കി യൂണിഫോം? അയാള്‍ കയ്യിലിരുന്ന സൂചി എന്റെ നെറ്റിയില്‍ പ്രയോഗിക്കാന്‍ തുടങ്ങിയപ്പൊഴല്ലേ കാര്യം മനസ്സിലായത്. കമ്പോണ്ടര്‍!

ചാടിയെഴുന്നേറ്റ് നോക്കിയപ്പോള്‍ ആദ്യം ബോധരഹിതനായ ഡ്രൈവറുടെ പുരികത്തില്‍ പറ്റിയ ചെറിയ മുറിവില്‍ എന്തോ ഓയിന്മെന്റ് പുരട്ടിയിരിക്കുന്നു. രണ്ടാമത് ബോധരഹിതനായ അപ്പൂപ്പനാണെങ്കില്‍ പയറുപോലെ, ഈ‌ര്‍ച്ചവാളും ആഞ്ഞിലിത്തടിയുമായി എന്തോ ആലോചിച്ചിരിക്കുന്നു. നെക്സ്റ്റ്, ഞാന്‍ എന്നെത്തന്നെ ഒന്നു നോക്കി. ഞെട്ടിപ്പോയി. അപ്പോള്‍ അമേരിക്കക്കാര്‍ ആരെങ്കിലും എന്നെ കണ്ടിരുന്നുവെങ്കില്‍ റെഡ് ഇന്ത്യന്‍ എന്നു വിളിച്ചേനെ. അത്രയ്ക്കുണ്ട് ചുമപ്പ്.

വിവരമറിഞ്ഞ് അച്ഛന്‍ വന്നു. അവിടുത്തെ സ്ഥിതി കണ്ട് പന്തിയല്ല എന്ന് തോന്നിയത്കൊണ്ട് ഉടന്‍ തന്നെ എന്നെ തൊട്ടടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ ആക്കി. അവിടെ എത്തിയപ്പോള്‍ തന്നെ അവര്‍ തന്ന ഇഞ്ചക്ഷന്റെ ഫലമാണോ അതോ എന്റെ ബോധത്തിന്റെ സര്‍ക്യൂട്ടിലെ എന്തെങ്കിലും മിസ്റ്റേക്ക് ആണോ എന്നറിയില്ല അരമണിക്കൂറിനുള്ളില്‍ എന്റെ ബോധം വീണ്ടും പോയി.

പിറ്റേന്ന് കിഴക്കന്‍ നീലാകാശത്ത് വെള്ളകീറിയപ്പോള്‍ തൊള്ളകീറിക്കൊണ്ട് ഞാനും ഉണര്‍ന്നു. തൊട്ടടുത്ത് കരഞ്ഞുകലങ്ങിയ കണ്ണുകളോടെ നിന്ന അമ്മയില്‍ നിന്നും സെന്‍സസ് എടുത്തു. ഒരു ഒടിവ്, നാലു ചതവ്, മുപ്പത് തയ്യല്‍, അതില്‍ മുഖത്തു മാത്രം പതിനാറെണ്ണം, പിന്നെ മൂക്കിന്റെ പാലം തകര്‍ന്നു പോയത്രെ. എല്ലാം കൂടി കേട്ടപ്പോള്‍ ഞാനും തകര്‍ന്നു. ചുരുട്ടിക്കൂട്ടി പറഞ്ഞാല്‍ കിലുക്കത്തിലെ ജഗതി സ്റ്റൈലില്‍ ഞാന്‍ അങ്ങനെ രാജകീയമായി മൂന്നാഴ്ച കിടന്നു. ഇടയ്ക്കെപ്പോഴൊ എന്റെ പുതിയ ബൈക്കും, തലയ്ക്കും മുഖത്തിനും കേടുപറ്റാതിരിക്കാന്‍ ഞാന്‍ വാങ്ങി വച്ചിരിക്കുന്ന ബൈക്കിന്റെ കളറുള്ള പുതിയ ഹെല്‍മറ്റും ഓര്‍ത്തു ഞാന്‍ കോള്‍മയിര്‍കൊണ്ടു.

മൂന്നാഴ്ച കഴിഞ്ഞ് ഒരു ദിവസം ആശുപത്രിയില്‍ പോയി പ്ലാസ്റ്ററൊഴിച്ചുള്ള എല്ലാ ആടയാഭരണങ്ങളും നീക്കം ചെയ്ത് തിരിച്ചെത്തിയപ്പോള്‍ തിരുവനന്തപുരത്തു നിന്നും ഒരു ഫോണ്‍കോള്‍. പുതുതായി തുടങ്ങുന്ന ഒരു കമ്പ്യൂട്ട‌ര്‍ സെന്ററിലേക്ക് പതിനഞ്ച് കമ്പ്യൂട്ടര്‍ വേണം. ഓര്‍ഡര്‍ റെഡിയാണ്. പോയി ചെക്ക് വാങ്ങുക, കമ്പ്യൂട്ട‌ര്‍ കൊണ്ടുപോയി ഇന്‍സ്റ്റാള്‍ ചെയ്യുക. ഒരു വേണ്ടപ്പെട്ട സുഹൃത്തിന്റെ വളരെ വേണ്ടപ്പെട്ട വകയിലൊരമ്മാവന്റെ സ്ഥാപനം. വളരെ സന്തോഷത്തോടെ പോയി ചെക്ക് വാങ്ങി, കൊല്ലത്ത് വന്ന് ഒരു സുഹൃത്തിനെയും കൂട്ടി ഒരു ജീപ്പും വിളിച്ച് നേരെ വിട്ടു എറണാകുളത്തേക്ക്. അവിടെ പരിചയമുള്ള ഒന്നു രണ്ടു സുഹൃത്തുക്കള്‍ വഴി അത്യാവശ്യം ചീളു വിലയ്ക്ക് കൊള്ളാവുന്ന സാധനങ്ങളൊക്കെ വച്ച് പതിനഞ്ച് കമ്പ്യൂട്ട‌ര്‍ അസംബിള്‍ ചെയ്യിച്ചെടുത്തു. അതുമായി ജീപ് വീണ്ടും തെക്കോട്ട്. തിരുവനന്തപുരത്ത് ചെന്ന് കമ്പ്യൂട്ടര്‍ എല്ലാം ഇറക്കിവച്ച് ഭക്ഷണവും കഴിച്ച് അവിടെ നിന്നും തിരിക്കുമ്പോള്‍ രാത്രി പതിനൊന്ന് മണി.

ചെറിയ ചാറ്റല്‍ മഴയുള്ള ആ തണുത്ത പാതിരാത്രിക്ക് ഒരുപാട് കഥകള്‍ പറയാനുണ്ടാവും. ഉണ്ടാവും എന്നല്ല, ഉണ്ട്. പ്ലാസ്റ്ററിട്ട ഇടതുകൈ കഴുത്തില്‍ തൂക്കിയിട്ട് ഞാന്‍ അങ്ങനെ ജീപ്പിന്റെ മുന്‍സീറ്റില്‍ ഇരുന്നു ഉറങ്ങി, ഉറങ്ങിയില്ല എന്ന മട്ടില്‍ ചാഞ്ചാടിയാടി ഇരിക്കുന്നു. അങ്ങനെ ഒന്നു കണ്ണു ചിമ്മുക പോലും ചെയ്യാതെ ഉറക്കത്തില്‍ മാത്രം ശ്രദ്ധപതിപ്പിച്ചുകൊണ്ടിരുന്ന ഞാന്‍ ഒരു ചെയ്ഞ്ചിനു വേണ്ടി ഒന്നു കണ്ണുചിമ്മാം എന്നു വിചാരിക്കുന്നു. അങ്ങനെ ചിമ്മിയ കണ്ണിനു മുന്നില്‍ ഒരു കറുപ്പും, അതിന്റെ മുകളില്‍ ഒരു വെളുപ്പും, താഴെ ഒരു ചുവപ്പും മിന്നിമാഞ്ഞു. എന്തോ ഒരു ഒച്ച കേട്ടു, എന്റെ നെറ്റിയില്‍ എന്തോ ശക്തിയായി ഇടിച്ചു. ജീപ്പ് കുറച്ചുകൂടി മുന്നോട്ടോടി ബ്രേക്കിട്ടു നിന്നു.

ചാടിയിറങ്ങിയ ഞാന്‍ കണ്ടത് ഒരാന റോഡില്‍ നില്‍ക്കുന്നു. പാപ്പാന്‍ താഴെ കിടക്കുന്നു, ഒരാള്‍ ആനപ്പുറത്തിരിക്കുന്നു. എന്തു പറ്റി എന്നു ഡ്രൈവറോട് ചോദിച്ചപ്പോള്‍, "ആനയക്ക് റിഫ്ലക്റ്റ‌ര്‍ ഇല്ലായിരുന്നു" എന്ന് മാത്രം പറഞ്ഞ് അയാള്‍ സ്റ്റിയറിംഗിലേക്ക് മറിഞ്ഞു.

അയാളുടെ ബോധം പോയി എന്നുറപ്പായപ്പോള്‍ കൂടുതലൊന്നും ആലോചിക്കാന്‍ നില്‍ക്കാതെ ജീപ്പിന്റെ ഡ്രൈവറെയും ആനയുടെ ഡ്രൈവറെയും നാട്ടുകാരുടെ സഹായത്തോട അതുവഴി വന്ന ഒന്നു രണ്ട് ഓട്ടോറിക്ഷയില്‍ കയറ്റി തൊട്ടടുത്തു‌ള്ള ഒരു ആശുപത്രിയില്‍ എത്തിച്ചു.

പാപ്പാന്‍ ജീപ്പിന്റെ കാറ്റടിച്ച് താഴെ വീണതാണെങ്കില്‍ ജീപ്പ് ഡ്രൈവര്‍ പേടിച്ച് ബോധം കെട്ടതാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ ഡോക്ടര്‍ക്ക് മനസ്സിലായി. രണ്ടു പേര്‍ക്കും പേരിനു പോലും ഒരു പരിക്കും ഇല്ലായിരുന്നു. എനിക്കാണെങ്കില്‍ തലയ്ക്ക് കിട്ടിയ ഒരു തട്ടും, തട്ടില്‍ കിട്ടിയ മുട്ട പോലെ നെറ്റിയില്‍ ഒരു മുഴയും ഒഴികെ വേറെ കുഴപ്പമൊന്നുമില്ലായിരുന്നു. പക്ഷേ...

ബോധം കെട്ടു കിടക്കുന്ന ടീമുകളുടെ ബോധം വീണ്ടെടുക്കാന്‍ വേണ്ടി തെക്കുവടക്കു ഓടുന്ന ഒരു നേഴ്സിന്റെ നോട്ടത്തില്‍ എന്തോ ഒരു പന്തികേട്. കുറെ പ്രാവശ്യം അവരുടെ ആ നോട്ടം കണ്ടപ്പോള്‍ ചോദിക്കാതിരിക്കാന്‍ എനിക്കും പറ്റിയില്ല. ഇനി നമ്മുടെ ഡ്രൈവറെങ്ങാനും തട്ടിപ്പോയോ?

"എന്താ സിസ്റ്ററെ, എന്താ പ്രശ്നം?"

"നിങ്ങളാരാ അയാളുടെ?"

"ഞാന്‍ ആരുമല്ല. ഞാന്‍ ഓട്ടം വിളിച്ചുകൊണ്ടുപോയ ജീപ്പിന്റെ ഡ്രൈവറാണ് അത്."

"അതു ശരി. അതുകൊണ്ടാണല്ലേ ആക്സിഡന്റ് കഴിഞ്ഞ് നിങ്ങള്‍ എവിടെയെങ്കിലും പോയി കയ്യില്‍ പ്ലാസ്റ്റര്‍ ഒക്കെ ഇട്ടിട്ട് ഈ പാവത്തിനെ ഇപ്പോ ഇങ്ങോട്ട് കൊണ്ടവന്നത്?"

"അത് സിസ്റ്ററെ ഞാന്‍..."

കൂടുതല്‍ ഒന്നും പറയാന്‍ എനിക്കു പറ്റിയില്ല. എന്റെ ബോധമണ്ഡലത്തില്‍ ഒരു വെള്ളിടി വെട്ടി. തലയ്ക്ക് രണ്ടുകൈയ്യും കൊടുത്ത് താഴെ ഇരിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, തല്‍ക്കാലം ഒരു കൈ വച്ച് അഡ്ജസ്റ്റ് ചെയ്തു ഞാനിരുന്നു.



പുലിവാല്‍ പീസ്: ഒരാഴ്ച്ചയ്ക്കു ശേഷം കമ്പ്യൂട്ടര്‍ ഒക്കെ ഒന്നു ഇന്‍സ്റ്റാള്‍ ചെയ്തു കൊടുക്കാം എന്നു കരുതി വീണ്ടും തിരുവനന്തപുരത്തു പോയ ഞാന്‍ ഉച്ചയ്ക്ക് ഊണു കഴിക്കാന്‍ കയറിയ ഹോട്ടലില്‍ കൂടെയുള്ള തടിമാടന്മാരൊക്കെ ഇരുന്നു കഴിഞ്ഞ് കിട്ടിയ കസേരയില്‍ ഇരുന്നതും കസേര ഒടിഞ്ഞ് ഞാന്‍ നടുവുംകുത്തി താഴെ വീണതും, അതിനു മുന്‍പ് പ്രസ്തൂത രംഗത്തുള്ള എന്റെ അനുഭവജ്ഞാനവും, അറിഞ്ഞ ജീവനില്‍ കൊതിയുള്ള ഒരു സുഹൃത്തിനോട് കേശവദാസപുരത്തു നിന്നും ആയു‌ര്‍‌വേദ കോളേജ് ജംഗ്ഷന്‍ വരെ ഒരു ലിഫ്റ്റ് ചോദിച്ചപ്പോള്‍ കേട്ട വാചകമാണ് ഇതിന്റെ തലക്കെട്ട്.



ഡെഡിക്കേഷന്‍: ആദ്യത്തെ അപകടം കഴിഞ്ഞ് ആറു മാസത്തിനുള്ളില്‍ ഞങ്ങളെ വിട്ട് യാത്രയായ എന്റെ അപ്പൂപ്പന്.

അന്റാര്‍ട്ടിക്കയില്‍ ഫ്രിഡ്ജ് വില്പ്പന

Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍

ഉത്തരവാദിത്വമില്ലാത്തവന്‍ എന്ന് അമ്മ പറഞ്ഞതു ജോലി കളയുന്നതിനു മുമ്പാണോ അതിനു ശേഷമാണോ എന്ന് നല്ല ഓര്‍മയില്ല. എന്തായാലും കമ്പ്യൂട്ടര്‍ വിറ്റു ജീവിക്കാം എന്ന് തീരുമാനം എടുത്തത്‌ കമ്പ്യൂട്ടറില്‍ വലിയ പരിജ്ഞാനം ഉള്ളതുകൊണ്ടും കേരളത്തെ ഒരു കമ്പ്യൂട്ടേഴ്സ് ഓണ്‍ കണ്‍ട്രി ആക്കി തീര്‍ക്കാം എന്ന് കരുതിയിട്ടും അല്ല.

ബല്ല്യ പഠിത്തം ഒക്കെ കഴിഞ്ഞു അതിന്റെ ക്ഷീണത്തില്‍ വീട്ടില്‍ വന്നു റെസ്റ്റ് എടുക്കുന്ന സമയം. അച്ഛന്റെ സ്വാധീനവും അമ്മയുടെ പിന്തുണയും കൂട്ടികെട്ടി ഒരു കുരുക്കുണ്ടാക്കി എന്റെ കഴുത്തിലിട്ടു അതിന്റെ ഒരറ്റം അച്ഛന്റെ സുഹൃത്തും ഒരു തലമൂത്ത വ്യവസായ കാന്തനുമായ എന്റെ ആദ്യത്തെ ബോസിനു കൈമാറുമ്പോള്‍ എനിക്ക് കമ്പ്യൂട്ടറിനെക്കുറിച്ചറിയുന്നതു അന്നത്തെ ഡി.വൈ.എഫ്.ഐ തിയറി (കമ്പ്യൂട്ടര്‍ മൂരാച്ചി....) മാത്രം. ഓഫീസില്‍ കുഷ്യനിട്ട കസേരകളില്‍ മാറി മാറി ഇരുന്നു മറ്റുള്ളവരെ മെനക്കെടുത്തുന്ന ഞാന്‍, ബോസിനും ഭാര്യക്കും ഒരു കൌതുകകാഴ്ചയായി മാറിയത് വളരെ പെട്ടെന്നായിരുന്നു. അധികം താമസിയാതെ തന്നെ അവര്‍ അതിനൊരു പോംവഴി കണ്ടെത്തി. എറണാകുളത്ത്‌ പുതുതായി തുടങ്ങാന്‍ പോകുന്ന ഓഫീസിലേക്ക്‌ എന്നെ പതുക്കെ പറിച്ചു നടാന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെ ഒരു ദിവസം ബോസിന്റെ കൂടെ ജയന്തി ജനതയില്‍ കൊല്ലത്തു നിന്നും കയറുമ്പോള്‍ ഞാന്‍ വലിയ സന്തോഷത്തില്‍ ആയിരുന്നു. എറണാകുളം സൗത്തില്‍ ഇറങ്ങണം എന്ന് നിര്‍ദേശം തന്നു ബോസ് എ സി കമ്പാര്‍ട്ട്മെന്റില്‍ കയറാന്‍ പോയി. ഞാന്‍ ഒരു ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ ബാഗൊക്കെ മാറത്തടക്കിപ്പിടിച്ചു ഇരിപ്പായി എറണാകുളം സൗത്ത് സ്റ്റേഷന്‍ എത്തുന്നതും നോക്കി. ആദ്യമായി ഒറ്റക്കു യാത്ര ചെയ്യുന്നതിന്റെയും ബോസിനോടു ഞാന്‍ ഒരു പുലിയാണ്, എറണാകുളം ഒക്കെ എത്ര കണ്ടിരിക്കുന്നു എന്നു ബഡായി പറഞ്ഞതിന്റെയും ടെന്‍ഷന്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്നെങ്കിലും മുഖത്തു വരാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു.

അങ്ങനെ നാലു മണിക്കൂര്‍ യാത്രക്കു ശേഷം എറണാകുളം ജംഗ്ഷന്‍ സ്റ്റേഷന്‍ എത്തി. എറണാകുളത്തു രണ്ടു റെയില്‍വേ സ്റ്റേഷന്‍ ഉണ്ടെന്നും ഒരു സ്റ്റേഷനില്‍ ട്രെയിന്‍ എഞ്ചിന്‍ മാറ്റി, എതിര്‍ദിശയിലേക്കു പോകുന്നതു അച്ഛനോടും അമ്മയോടുമൊപ്പം തൃശൂരില്‍ അമ്മയുടെ വീട്ടില്‍ പോകുമ്പോള്‍ പലപ്രാവശ്യം ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് എറണാകുളം ജംഗ്ഷന്‍ കഴിഞ്ഞ് വണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍ത്തന്നെ പെട്ടിയും പ്രമാണവുമൊക്കെ എടുത്തു ഞാന്‍ റെഡിയായി. അങ്ങനെ റെഡിയായി ഇരുന്ന എന്റെ മുന്നിലൂടെ പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ എറണാകുളം ടൗണ്‍ എന്ന റെയില്‍വേ സ്റ്റേഷന്‍ ബോര്‍ഡ് ഓടിപ്പോയി. ഇതികര്‍ത്തവ്യമൂഡനായി നില്‍ക്കുന്ന എന്നെ നോക്കി അടുത്തുനിന്നയാള്‍ "ആലുവ ഇറങ്ങാനാണോ" എന്നു ചോദിച്ചപ്പോഴാണ് എനിക്കു മനസ്സിലായത് ഞാന്‍ ഫിനിഷിങ് പോയിന്റ് കഴിഞ്ഞു കുറെ ഓടിപ്പോയി എന്ന്. അന്നെനിക്കാദ്യമായി മനസിലായി എറണാകുളം ജംഗ്ഷന്‍ എന്നാല്‍ സൗത്ത് ആണെന്നും, എറണാകുളം ടൗണ്‍ എന്നാല്‍ നോര്‍ത്ത് ആണെന്നും.

പിന്നെ അധികമൊന്നും ആലോചിക്കാന്‍ നിന്നില്ല. ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി അവിടെ നിന്നും ഒരു ടാക്സി പിടിച്ച് കയ്യില്‍ കരുതിയിരുന്ന ഓഫീസ് അഡ്രസ്സ് നോക്കി പാലാരിവട്ടത്ത് എത്തി ഓഫീസ് കണ്ടുപിടിച്ച് കയറിച്ചെല്ലുമ്പോള്‍ ബോസ് അവിടെ എത്തിയിരുന്നു. "സാറിതെവിടെ പോയിരുന്നു? ഞാന്‍ സൗത്ത് റെയില്‍വേ സ്റ്റേഷനുമുന്നില്‍ സാറിനെ അന്വേഷിച്ച് ഇത്രയും നേരം നിന്നു, പിന്നെ കാണാഞ്ഞ് ബസ്സില്‍ കയറി ഇങ്ങു പോന്നു" എന്നു പറഞ്ഞപ്പോള്‍, "ഞാന്‍ തന്നെ നോക്കി അകത്തുതന്നെ നിന്നു, പിന്നെ കാണാത്തതുകൊണ്ട് ഇങ്ങു പോന്നു", എന്നുള്ള മറുപടിയായിരുന്നു വന്നത്. ആശ്വാസം, കൂടുതലൊന്നും ചോദിച്ചില്ല. അച്ഛന്റെ ഒരു സുഹൃത്ത് ഏര്‍പ്പാടാക്കിത്തന്ന ഒരു ലോഡ്ജ്മ് മുറിയില്‍ താമസവും, ഹോട്ടലില്‍ ഭക്ഷണവുമൊക്കെയായി ഞാന്‍ അങ്ങനെ എന്റെ എറണാകുളം ജീവിതം തുടങ്ങി.

പകല്‍ മുഴുവന്‍ വെറുതെ ഇരിക്കല്‍ ആണ് എന്റെ ജോലി എന്നുള്ള സത്യം മനസ്സിലാക്കി എന്നും രാവിലെ ഒരു പത്രവും വാങ്ങി ഞാന്‍ ഓഫീസില്‍ കയറും. ഓഫീസില്‍ ഇരുന്നു പകല്‍ മുഴുവന്‍ പത്രം വായനയും പിന്നെ ചിലപ്പോള്‍ മാത്രം ബെല്ലടിക്കുന്ന ഫോണ്‍ അറ്റെന്റ് ചെയ്യലും ഒക്കെയായി ദിവസങ്ങള്‍ തള്ളിനീക്കുമ്പോഴാണ് ഒരു പുതിയ മാര്‍ക്കറ്റിംഗ് മാനേജര്‍ ഓഫീസില്‍ ചാര്‍ജ്ജെടുക്കുന്നത്.

ഞാന്‍ ഇങ്ങനെ വെറുതെ പത്രവും വായിച്ചിരിക്കുന്നതുകണ്ടിട്ട് സഹിക്കാഞ്ഞതുകൊണ്ടാണോ എന്തോ ഒരു സുപ്രഭാതത്തില്‍ അദ്ദേഹത്തിന്റെ മാര്‍ക്കറ്റിംഗ് ബുദ്ധിയില്‍ തെളിഞ്ഞ ഐഡിയയുടെ വെളിച്ചത്തില്‍ എനിക്ക് ഒരു പെട്ടിയും കുറെ കമ്പ്യൂട്ടറിന്റെ ബ്രോഷറും, ദോഷം പറയരുതല്ലോ, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് എന്ന് അച്ചടിച്ച കുറെ വിസിറ്റിംഗ് കാര്‍ഡും തന്നു. ആനന്ദലബ്ധിക്കിനിയെന്തു വേണം?

ഒന്നു രണ്ടു ദിവസം ചില സ്ഥലങ്ങളില്‍ കയറി 'കമ്പ്യൂട്ടര്‍ വേണോ' എന്ന് ഞാന്‍ ചോദിച്ചു, 'വേണ്ട' എന്ന് ഉത്തരവും കിട്ടി. ഞാന്‍ ഹാപ്പി, എന്റെ മാനേജരും ഹാപ്പി. പിന്നീടുള്ള ദിവസങ്ങളില്‍ 'വേണ്ട' എന്നുള്ള ഉത്തരം കേള്‍ക്കാന്‍ വേണ്ടി എന്തിന് ഞാന്‍ 'കമ്പ്യൂട്ടര്‍ വേണോ' എന്ന് ചോദിക്കണം എന്നുള്ള ഒരു ചിന്ത എന്റെ മനസില്‍ ഉടലെടുത്തു. എന്തിനധികം, ആ ചിന്തയുടെ മാസ്മരികതയില്‍ പാലാരിവട്ടം മുതല്‍ ജോസ് ജംഗ്ഷന്‍ വരെ മേനക വഴിയും പത്മ വഴിയും ബസ്സില്‍ യാത്ര ചെയ്തു റോഡിനിരുവശവും ഉള്ള ഒരുമാതിരി നല്ല ഓഫീസുകളുടെയും കടകളുടെയും പേരുകള്‍ കുറിച്ചു വെയ്ക്കുകയും എന്നും വൈകിട്ട് മാനേജര്‍ക്കു കൊടുക്കുന്ന റിപ്പോര്‍ട്ട് ഷീറ്റില്‍ അവയും അവയ്ക്കു നേരെ, "ഏയ് ഞങ്ങള്‍ക്കു കമ്പ്യൂട്ടറൊന്നും വേണ്ട" എന്നുള്ള പ്രതീക്ഷാനിര്‍ഭരമായ വരികള്‍ സ്ഥാനം പിടിക്കുകയും ചെയ്തു. ഇതൊക്കെകണ്ടു എന്നേക്കാള്‍ ബുദ്ധിയുണ്ടായിരുന്ന എന്റെ മാനേജര്‍ക്കു വളരെ സന്തോഷമാവുകയും അദ്ദേഹം ആ സന്തോഷം പങ്കിടാന്‍ എന്റെ റിപ്പോര്‍ട്ടില്‍ കണ്ട ഒന്നു രണ്ടു കമ്പനികളിലേക്ക് വിളിച്ചു ചോദിക്കുകയും ചെയുന്നതോടുകൂടി കഥയുടെ രണ്ടാം ഭാഗം തുടങ്ങുകയായി.

ഇതിനിടയില്‍ പേരിനു ഒരിക്കല്‍ കലൂര്‍ ബസ്സ് സ്റ്റാന്റിനടുത്തുള്ള ഒരു കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ചെന്നു കയറി. ജീവിതത്തിലെ ഏറ്റവും നല്ല ഒരു മാര്‍ക്കറ്റിംഗ് പെര്‍ഫോര്‍മന്‍സ് കാഴ്ചവെക്കാന്‍ കഴിഞ്ഞു എന്നുള്ള ചാരിതാര്‍ഥ്യത്തോടുകൂടി അവിടെ നിന്നും ഇറങ്ങുമ്പോള്‍ ഞാന്‍ ആകെ വിയര്‍ത്തിട്ടുണ്ടായിരുന്നു. അവിടെ നടന്ന സംഭവങ്ങള്‍ ഇങ്ങനെ ചുരുക്കിപ്പറയാം.

ഞാന്‍: ഗുഡ് മോര്‍ണിംഗ് സര്‍.

അദ്ദേഹം: വരൂ, ഇരിക്കൂ.

ഞാന്‍: താങ്ക് യൂ സര്‍.

അദ്ദേഹം: ഏതു കമ്പനിയാ?

ഞാന്‍ കമ്പനിയുടെ പേരു പറഞ്ഞു. ഞങ്ങള്‍ തന്നെയാണ് ലോകം മുഴുവന്‍ കമ്പ്യൂട്ടര്‍ ഉണ്ടാക്കി സപ്ലൈ ചെയ്യുന്നത് എന്നൊരു ധാരണ എനിക്കു അന്ന് ഉണ്ടായിരുന്നതു ഞാന്‍ അതിന്റെ അന്തസത്ത ഒട്ടും ചോര്‍ന്നു പോവാതെ അദ്ദേഹത്തിനു ട്രാന്‍സ്ഫര്‍ ചെയ്തു കൊടുത്തു.

അതുകേട്ടപ്പോള്‍ അദ്ദേഹം ഒന്നു ചിരിച്ചതു എന്തിനാണെന്ന് അപ്പോള്‍ എനിക്കു മനസ്സിലായില്ല. അടുത്ത ചോദ്യം.

അദ്ദേഹം: ഏതൊക്കെയാണ് ലേറ്റസ്റ്റ് കോണ്‍ഫിഗറേഷന്‍?

ഞാന്‍ ഒന്നു ഞെട്ടി. ഇയാളിതെന്തൊക്കെയാ ചോദിക്കുന്നതു? ഇടങ്ങേറാവുമോ?

ഞാന്‍ ഗൗരവം ഒട്ടും വിടാതെ പറഞ്ഞു. "മോണിറ്ററും, സി.പി.യു.വും കീബോര്‍ഡും ഉണ്ട് സര്‍." (സ്കൂളില്‍ ഫിസിക്സ് പഠിപ്പിച്ചപ്പോള്‍ ഇതൊക്കെ ഞാന്‍ എന്തു ശ്രദ്ധയോടെയാണ് പഠിച്ചത് എന്നോര്‍ത്തു ഞാന്‍ അഭിമാനം പൂണ്ടു.)

അങ്ങനെ അഭിമാനപുളകിതനായി ഇരിക്കുമ്പോഴാണ് അദ്ദേഹം അടുത്ത ചോദ്യം തൊടുത്തുവിട്ടത്.

"എത്രനാളായി ഇതു തുടങ്ങിയിട്ട്?"

"എന്തു?"

"കമ്പ്യൂട്ടര്‍ മാര്‍ക്കറ്റിംഗ്"

ഒട്ടും കുറയ്ക്കണ്ട എന്നു കരുതി ഞാന്‍ പറഞ്ഞു. "ഒന്നു രണ്ടു വര്‍ഷമായി".

താങ്കള്‍ ദയവുചെയ്തു എഴുന്നേല്‍ക്കൂ, ദയവുചെയ്തു പുറത്തുപോകൂ എന്നൊക്കെ അദ്ദേഹം വളരെ സൗമ്യനായി എന്നോടു പറഞ്ഞത് എന്തിനായിരുന്നു എന്നും എനിക്കപ്പോള്‍ മനസ്സിലായില്ല. പുറത്തിറങ്ങി വാതില്‍ അടയ്ക്കുമ്പോള്‍ "ഒരോത്തന്മാര്‍ പെട്ടിയും തൂക്കി ഇറങ്ങിക്കോളും...." എന്നൊരു അശരീരി ഞാന്‍ കേട്ടോ എന്നൊന്ന് സംശയിച്ചു ഞാന്‍.‍

അന്ന് മാര്‍ക്കറ്റിംഗ് ഒക്കെ ചെയ്തു ക്ഷീണിച്ചു വൈകിട്ട് ഓഫീസില്‍ എത്തിയപ്പോള്‍ മാനേജര്‍ ചിരിച്ചുകൊണ്ട്‌ (ബു, ഹ ഹ ഹ എന്നുള്ള ചിരിയല്ല) എതിരേറ്റു സന്തോഷത്തോടെ അന്നത്തെ റിപ്പോര്‍ട്ട് വാങ്ങി നാലു കഷ്ണമാക്കി വേസ്റ്റ് ബിന്നില്‍ ഫയല്‍ ചെയ്തു. എന്നിട്ട് വിളിച്ചു അകത്തു കൊണ്ടു പോയി കുറെ നേരം അശംസാവചനങ്ങള്‍ കൊണ്ടു പൊതിഞ്ഞുകെട്ടി. പത്തുമിനിട്ട് ആശംസകളും പത്തു മിനിട്ട് മറ്റു പ്രഭാഷണങ്ങളും കേട്ടപ്പോള്‍ ഒരു കാര്യം ഉറപ്പായി, പെട്ടി തെറിക്കാന്‍ വലിയ താമസമില്ലെന്ന്.

അങ്ങനെ അന്ന് ഞാന്‍ നാലു കാര്യങ്ങള്‍ പഠിച്ചു: 1. ജോലി എന്ന് പറയുന്നതു ഒരു നീര്‍കുമിള ആണെന്ന്. 2. കമ്പ്യൂട്ടറിന് കോണ്‍ഫിഗറേഷന്‍ എന്നൊരു കുന്ത്രാണ്ടം ഉണ്ടെന്ന്‍. 3. ബ്രോഷറിന്റെ പിന്നില്‍ കോണ്‍ഫിഗറേഷന്‍ എഴുതിയിട്ടുണ്ടെന്ന്. 4. എല്ലാ വില്ലന്മാരും ബു ഹ ഹ ഹ എന്ന് ചിരിക്കില്ലെന്ന്.

അന്നു വരെ പകല്‍ മാര്‍ക്കറ്റിംഗ് ഒക്കെ നടത്തി ക്ഷീണിച്ച് ഓഫീസില്‍ എത്തി, റിപ്പോര്‍ട്ട് ഒക്കെ കൊടുത്തു, പെട്ടി എതെങ്കിലും മൂലയ്ക്ക് വലിച്ചെറിഞ്ഞ് ലോഡ്ജ് മുറിയില്‍ പൊയ്ക്കൊണ്ടിരുന്ന ഞാന്‍, അന്നുമുതല്‍ പെട്ടിയുമായി മുറിയില്‍ പോയി ബ്രോഷറുകള്‍ എടുത്ത് അതിന്റെ പിന്നില്‍ എഴുതിയതുമുഴുവന്‍ വായിച്ച് പഠിച്ചു. ഒന്നു രണ്ടു ദിവസത്തിനുള്ളില്‍ ഞാന്‍ കമ്പ്യൂട്ടര്‍ മുഴുവന്‍ പഠിച്ചുകഴിഞ്ഞു എന്നൊരു തോന്നല്‍ ഉണ്ടായപ്പോള്‍ കുതിരവട്ടം പപ്പു പറയുന്നതുപോലെ "ഇപ്പൊ ശരിയാക്കിത്തരാം" എന്നു പറഞ്ഞു ഒരു ദിവസം രാവിലെ ഞാന്‍ പെട്ടിയുമെടുത്ത് ഓഫീസില്‍ നിന്നും ഇറങ്ങി.

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം കളത്തിപ്പറമ്പില്‍ റോഡിലുള്ള ഒരു വലിയ ചെരുപ്പുകടയില്‍ കയറുമ്പോള്‍ ലോഡ്ജില്‍ എന്റെ അയല്‍മുറിയനായ ഹംസയെ അവിടെ കണ്ടുമുട്ടും എന്നു ഞാന്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചില്ല. ഹംസ എന്നെ സ്നേഹപൂര്‍വ്വം സ്വീകരിച്ച് അവന്റെ മുതലാളിയുടെ മുന്നില്‍ കൊണ്ടാക്കി. അദ്ദേഹം എന്റെ ആഗമനലക്ഷ്യം ഒക്കെ ചോദിച്ചുമനസിലാക്കി എന്നോട് വളരെ ഊഷ്മളമായ ഭാഷയില്‍ സലാം ഒക്കെ പറഞ്ഞ് യാത്രയാക്കുന്നതിനു മുന്‍പു ഞങ്ങള്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവിസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു 'ലീഡ്' എന്റെ മുന്നിലേക്കിട്ടുതന്നു.

ചെരുപ്പുകടയുടെ മുകലിലത്തെ നിലയില്‍ ഒരു കമ്പ്യൂട്ടര്‍ സെന്റര്‍ ഉണ്ടെന്നും, ഇടയ്ക്കിടയ്ക്ക് മാര്‍ക്കറ്റിങ് എക്സിക്യുട്ടീവ്സ് അങ്ങോട്ടമിങ്ങോട്ടും പോകുന്നതു കാണാറൂണ്ടെന്നും പറഞ്ഞപ്പോള്‍, എലി പുന്നെല്ലു കണ്ടപോലെ എന്റെ മുഖം വികസിച്ചു. കൂടുതലൊന്നും ആലോചിക്കാന്‍ നിന്നില്ല. കമ്പ്യൂട്ടര്‍ സെന്ററിന്റെ പേരു പോലും നോക്കാന്‍ നില്‍ക്കാതെ , രണ്ടു പടികള്‍ വച്ച് ചാടിക്കയറി ഞാന്‍ കമ്പ്യൂട്ടര്‍ സെന്ററിലെത്തി.

എന്റെ രംഗപ്രവേശം കണ്ട് വിരണ്ട റിസപ്ഷന്‍ പെണ്മണി, അപ്പോള്‍ത്തന്നെ എനിക്ക് അകത്തേക്കുപോവാന്‍ അനുവാദം തന്നു. അകത്തു ചെന്ന ഞാന്‍ ചുറ്റും ഇരിക്കുന്ന ടൈ കെട്ടിയ മാന്യന്മാരെ ഒന്നും മൈന്റ് ചെയ്യാതെ മുന്നില്‍ കണ്ട ഒരു ക്യാബിനില്‍ ചെന്നു മുട്ടി, ചെറുതായി കതക് തുറന്നു തല മാത്രം അകത്തേക്കിട്ടു "മേ ഐ കമിന്‍ സര്‍?" എന്നൊരു ചോദ്യം എറിഞ്ഞു.

"പ്ലീസ്" എന്നു പറഞ്ഞു എന്നെ എതിരേറ്റ ആ മഹാന്‍ ഒരു ഉത്തരേന്ത്യക്കാരനാണെന്ന് മനസ്സിലാക്കാന്‍ എനിക്കു അയാളോട് ഒരക്ഷരം പോലും സംസാരിക്കേണ്ടിവന്നില്ല.

നോര്‍ത്തിന്ത്യക്കാരൊക്കെ ഇവിടെ വന്നു ബിസിനസ്സ് തൊടങ്ങ്യേ? എന്നു ആലോചിച്ച് സംശയിച്ചു നിന്ന എന്നോട് അദ്ദേഹം ഇരിക്കാന്‍ പറഞ്ഞു. പിന്നീടങ്ങോട്ടുള്ള സംഭാഷണങ്ങള്‍ ആംഗലേയത്തില്‍ ആയിരുന്നെങ്കിലും, അന്ന് എന്റെ ആംഗലേയ പരിജ്ഞാനം വളരെ കൂടുതല്‍ ആയിരുന്നതിനാലും, അതൊക്കെ ഇപ്പോള്‍ ഓര്‍മ്മയില്ലാത്തതിനാലും, സംഭവം മലയാളത്തില്‍ ഏകദേശം ഇങ്ങനെയൊക്കെയായിരുന്നു എന്നു തോന്നുന്നു.

"എന്താ കാര്യം?"

"സര്‍, ഞാനൊരു കമ്പ്യൂട്ടര്‍ കമ്പനിയില്‍ നിന്നാണ്. ഞങ്ങള്‍ ആണ് ഈ ലോകത്തുള്ള കമ്പ്യൂട്ടര്‍ എല്ലാം ഉണ്ടാക്കുന്നത്. സാറിന്റെ കമ്പ്യൂട്ടര്‍ സെന്ററില്‍ പുതിയ കമ്പ്യൂട്ടറുകള്‍ വാങ്ങാന്‍ ഉദ്ദേശ്യം ഉണ്ടെങ്കില്‍ ഓര്‍ഡര്‍ എനിക്കു തന്നെ തരണം."

ഇതു പറയലും, പെട്ടി തുറന്ന് ബ്രോഷറുകള്‍ മുഴുവന്‍ വലിച്ചു ഞാന്‍ പുറത്തിട്ടതും ഒന്നിച്ച്. ബ്രോഷറുകള്‍ കണ്ട് അദ്ദേഹത്തിന്റെ കണ്ണുകള്‍ വികസിച്ചപ്പോള്‍ ഞാന്‍ ഉറപ്പിച്ചു, എന്റെ സമയം തെളിഞ്ഞു എന്നു. വൈകിട്ട് ഓഫീസില്‍ ചെന്ന് ഒരു പത്ത് കമ്പ്യൂട്ടറിന്റെ ഓര്‍ഡര്‍ എന്റെ മാനേജരുടെ മുഖത്ത് വലിച്ചെറിയുന്ന രംഗം ആലോചിച്ചപ്പോള്‍ എനിക്കു കുളിരുകോരി.

"എന്താ പേര്?"

അദ്ദേഹത്തിന്റെ ചോദ്യം എന്നെ മടക്കിക്കൊണ്ടുവന്നു. ഞാന്‍ പേരു പറഞ്ഞു.

"മിടുക്കന്‍. ഈ കമ്പനിയുടെ പേരെന്താണെന്ന് അറിയുമോ?"

അപ്പോഴാണ് ഞാന്‍ അതിനെക്കുറിച്ച് ഓര്‍ത്തതുതന്നെ. ഞാന്‍ ചുറ്റും നോക്കി. ക്യാബിന്റെ കണ്ണാടിക്കുള്ളിലൂടെ പുറത്തെ ചുമരില്‍ 'പെര്‍ട്ടെക്ക് കമ്പ്യൂട്ടേഴ്സ് ലിമിറ്റഡ് ' എന്ന് എഴുതിയിരിക്കുന്നതു ഞാന്‍ കണ്ടു. അപ്പോള്‍ത്തന്നെ ഞാന്‍ അതു അദ്ദേഹത്തിനു പറഞ്ഞു മനസിലാക്കിക്കൊടുക്കുകയും ചെയ്തു. ഒപ്പം "സ്വന്തം കമ്പനിയുടെ പേരറിയാത്ത മാന്യന്‍" എന്നൊരു ആത്മഗതവും.

"നിങ്ങള്‍ വില്‍ക്കുന്നതു എതു കമ്പനിയുടെ കമ്പ്യൂട്ടര്‍ ആണെന്നറിയാമോ?" അടുത്ത ചോദ്യം.

"എന്നോടാണോ കളി? ഞാന്‍ ഉറക്കം കളഞ്ഞ് പഠിച്ചതാ അണ്ണാ" എന്നു മനസ്സില്‍ പറഞ്ഞ് ഞാന്‍ വളരെ കോണ്‍ഫിഡന്റ് ആയി കാച്ചി. "പി.സി.എല്‍."

പെട്ടെന്നാണ് എന്റെ കണ്ണുകള്‍ അദ്ദേഹത്തിന്റെ മുന്നില്‍ ഇരിക്കുന്ന ഡെസ്ക് കലണ്ടറില്‍ പതിഞ്ഞത്. അതില്‍ പി.സി.എല്‍. എന്നും, കൂടെ 'പെര്‍ട്ടെക്ക് കമ്പ്യൂട്ടേഴ്സ് ലിമിറ്റഡ് ' എന്നും ഒരേ അക്ഷരത്തില്‍, ഒരേ നിറത്തില്‍ എഴുതിയിരിക്കുന്നതു കണ്ടപ്പോള്‍, സെമിത്തേരിയില്‍ ആര്‍. ഐ. പി. എന്ന് എഴുതി വച്ചിരിക്കുന്നത് ഞാന്‍ ഓര്‍ത്തത് എന്തിനാണെന്ന് ഇപ്പോഴും എനിക്ക് ഉത്തരം കിട്ടാത്ത ചോദ്യം ആണ്.

ഞാന്‍ ഒരു കമ്പ്യൂട്ടര്‍ ഡീലറുടെ കീഴിലാണ് ജോലി ചെയ്യുന്നതെന്നും എന്റെ കമ്പനി പി.സി.എല്‍. എന്ന പെര്‍ട്ടെക്ക് കമ്പ്യൂട്ടേഴ്സ് ലിമിറ്റഡിന്റെ കമ്പ്യൂട്ടര്‍ ആണ് മാര്‍ക്കറ്റ് ചെയ്യുന്നതെന്നും കേരളത്തില്‍ പി.സി.എല്‍. ന്റെ റീജിയണല്‍ ഓഫീസ് അതാണെന്നും, അദ്ദേഹം അതിന്റെ റീജിയണല്‍ മാനേജര്‍ ആണെന്നുമൊക്കെ അദ്ദേഹം ഘോരഘോരം പ്രസംഗിക്കുമ്പോള്‍ അവിടെ നിന്നും എങ്ങനെ ഒന്നു രക്ഷപെടും എന്നതിനെക്കുറിച്ചു ആലോചിക്കുകയായിരുന്നു ഞാന്‍.

ഏയ്, ഇവിടെ കൊടുങ്കാറ്റടിക്കില്ല!

Author: ദിലീപ് വിശ്വനാഥ് /

ശരിക്കും ഭീകരം. ഇതു വച്ചു നോക്കുമ്പോള്‍ ഞാന്‍ കണ്ട കാറ്റ് എത്ര ചെറുത്‌...

ഇഞ്ചിപ്പെണ്ണിന്റെ അനുവാദത്തോടു കൂടി ഞാന്‍ ഇതു ഇവിടെ ലിങ്ക് ചെയ്യുന്നു. എന്റെ പോസ്റ്റ് വായിച്ചു ആരെങ്കിലും കാറ്റിനെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ഒന്നു വായിച്ചു ഞെട്ടാന്‍.

ഏയ്, ഇവിടെ കൊടുങ്കാറ്റടിക്കില്ല!

റീത്തയോടൊപ്പം ഒരു രാത്രി - 3

Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍

സഹപ്രവര്‍ത്തകന്റെ വീട്ടില്‍ ചെന്ന് അദ്ദേഹം ഞങ്ങള്‍ക്കുവേണ്ടി ചെയ്തിട്ടുള്ള സൗകര്യങ്ങള്‍ കണ്ടപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായി. വീട്ടിലെ ഏറ്റവും അടച്ചുറപ്പുള്ള മുറികളിലെല്ലാം കാര്‍പ്പറ്റുകള്‍ വൃത്തിയാക്കി വിരിച്ചിരുന്നു. എല്ലാ മുറികളിലും ആവശ്യത്തിനു കിടക്കകളും, വിരിപ്പുകളും തലയിണകളും വച്ചിരുന്നു. പക്ഷെ, ലൈഫ് കയ്യാലപ്പുറത്തെ തേങ്ങ പോലെ അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ ഇരിക്കുന്ന ഞങ്ങള്‍ "ഓ, ഇതൊക്കെ ഞങ്ങള്‍ എത്ര കണ്ടിരിക്കുന്നു" എന്നുള്ള സ്റ്റൈലില് മോഹന്‍ലാല്‍ നോക്കുന്നതുപോലെ തല ചരിച്ച് ഒന്നു നോക്കി, റീത്ത വരുന്നതും കാത്ത് ആ വലിയ വീടിന്റെ സ്വീകരണമുറിയില്‍ തെക്കോട്ടും വടക്കോട്ടും തല വച്ച് തലങ്ങും വിലങ്ങും പാടിപ്പാടി കിടന്നു!

കുറെ നേരം വെയിറ്റ് ചെയ്തപ്പോള്‍ ഒന്നു രണ്ടു പേര്‍ക്ക് ഒരു സംശയം. ഇനി റീത്ത വരാതിരിക്കുമോ? സംശയം തീര്‍ക്കാനായി ടി.വി. ഓണ്‍ ചെയ്തു നോക്കി. അപ്പോഴല്ലേ ഒരു കാര്യം മനസിലായത്. ലോകത്തുള്ള സകലമാന ചാനലുകാരും ഹ്യൂസ്റ്റണിലുണ്ട്. അവരെല്ലാം റീത്തയുടെ വരവിനായി ക്യാമറയൊക്കെ മുക്കാലിയില്‍ കെട്ടിവച്ച് വടി പോലുള്ള മൈക്കുമൊക്കെയായി ഉറക്കമിളച്ച് കാത്തിരിക്കുകയാണ്. കണ്ടപ്പോള്‍ എല്ലാവര്‍ക്കും കോരിത്തരിപ്പുണ്ടായി. എനിക്കും തരിച്ചു, ക്യാമറയും മുക്കാലിയുമൊക്കെ ഏടുത്തു പുറത്തിറങ്ങാന്‍. പക്ഷെ, കൂടെയുള്ളവരുടെ സ്നേഹപൂര്‍ണ്ണമായ പിന്തിരിപ്പന്‍ പ്രസംഗങ്ങളും പിന്നെ എന്റെ അപാരമായ ധൈര്യവും കാരണം തല്ക്കാലം അതിനുവച്ച വെള്ളം ഞാന്‍ അടുപ്പില്‍ നിന്നും താഴെ ഇറക്കി മാറ്റിവച്ചു.

റീത്ത വരുന്നതുകാത്ത് അക്ഷമരായി ഇരിക്കുന്ന എന്റെ സഹപ്രവര്‍ത്തകരെക്കണ്ടാല്‍, വരുന്നതു ഏതോ അമറന്‍ പെണ്‍കിടാവാണ് എന്നു തോന്നും. "താമസമെന്തേ വരുവാന്‍..." എന്ന പാട്ടിന്റെ മ്യൂസിക് മാത്രം എടുത്ത് ബാക്ക്ഗ്രൗണ്ട് ആയി ഇട്ട് ഇവരുടെ കിടപ്പ് വീഡിയോയില്‍ എടുത്താല്‍ നല്ല ഒരു ഡോക്ക്യുമെന്ററിക്കു സ്ക്കോപ്പ് ഉണ്ടെന്ന് തോന്നിയെങ്കിലും അവസരം മോശമാകയാല്‍ അതു വേണ്ട എന്നു വെച്ചു ഞാനും അവരുടെ കൂടെ കൂടി വെയിറ്റ് ഇട്ട് ഇരിക്കാന്‍ തുടങ്ങി.

അടുത്ത കോരിത്തരിപ്പുണ്ടായത് ടി.വി. യില്‍ റീത്ത ആദ്യം വരും എന്നു പറയപ്പെടുന്ന ഗാല്‍വെസ്റ്റണില്‍ സാഹസികരായ ചില ചെറുപ്പക്കാര്‍ ചക്രങ്ങള്‍ ഘടിപ്പിച്ച ബോര്‍ഡുകളില്‍ കയറി റോഡുകളില്‍ക്കൂടി തെന്നിപ്പായുന്നതു കണ്ടപ്പോഴാണ്. "ആഹാ" എന്നു പറഞ്ഞതിനോടൊപ്പം ഞാന്‍ പുറത്തേക്കു ചാടിയിറങ്ങി. എന്തായാലും റീത്ത വരുന്നതു നേരില്‍ കണ്ടിട്ടുതന്നെ ബാക്കി കാര്യം എന്നു മനസ്സില്‍ വിചാരിച്ചാണ് ഞാന്‍ ഇറങ്ങിയതെങ്കിലും,വീശിയടിക്കാന്‍ തുടങ്ങിയ ഒരു കാറ്റും തകര്‍പെയ്യാന്‍ തുടങ്ങിയ മഴയും എന്റെ ധൈര്യസംഭരണി പൊട്ടിച്ചുകളഞ്ഞു. എന്തിനധികം പറയുന്നു, ഏറുകൊണ്ട നായയെപ്പോലെ ഞാന്‍ ഇതാ വാലും ചുരുട്ടി വീടിനുള്ളില്‍.

പക്ഷെ, അങ്ങനെ വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ ഒരുക്കമായിരുന്നില്ല. ഹ്യൂസ്റ്റണിലെ ചെറുപ്പക്കാരുടെ സാഹസികതയും കായികക്ഷമതയും കണ്ട് മനം കുളിര്‍ത്ത ഞങ്ങള്‍ ‍അവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കായികക്ഷമതയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന കേരളത്തിന്റെ ദേശീയകായിക വിനോദമായ ചീട്ടുകളി ആരംഭിച്ചു.

പുറത്ത് കാറ്റും മഴയും ശക്തിയാര്‍ജ്ജിച്ചു തുടങ്ങി, അകത്ത് സംഭ്രമവും ശക്തിയാര്‍ജ്ജിക്കുന്നുണ്ടായിരുന്നു. ടി.വി യില്‍ മാത്രമായി എല്ലാവരുടെയും ശ്രദ്ധ. ചാനലുകാരെല്ലാം ഇപ്പോള്‍ കുറച്ചുകൂടി സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിയിരിക്കുന്നു. സാഹസികന്മാര്‍ സാഹസികത ഒക്കെ നിര്‍ത്തി സീന്‍ വിട്ടുപോയിരിക്കുന്നു. വീശിയടിക്കുന്ന കാറ്റും തകര്‍ത്തുപെയ്യുന്ന മഴയും മാത്രം ഇരുട്ടിന്റെ ബാക്ക്ഗ്രൗണ്ടില്‍ കാണാം.

റീത്തയുടെ വരവറിയിച്ചുകൊണ്ട് മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന കാറ്റും മഴയും. വീടിന്റെ സുരക്ഷിതമായ ചുവരുകള്‍ക്കുള്ളില്‍ ഇരുന്നുകൊണ്ട് ഞങ്ങള്‍ റീത്തയുടെ വരവറിഞ്ഞു, ടി.വി. യിലൂടെ കണ്ടു. വാര്‍ത്താചാനലുകളില്‍ കാണുന്ന സാറ്റലൈറ്റ് അനിമേറ്റഡ് ഇമേജുകളിള്‍ പമ്പരം പോലെ കറങ്ങിത്തിരിയുന്ന കാറ്റിന്റെ നിഴലും. കാത്തിരിപ്പിന്റെ അവസാനം റീത്ത എത്തി.

ഒരാഴച മുന്‍പ് അറ്റ്ലാന്റിക് സമുദ്രത്തില്‍ നിന്നും ഉഗ്രരൂപിണിയായി പുറപ്പെട്ട റീത്ത അവിടെ നിന്നും ഓടിക്കിതച്ച് ടെക്സാസ് തീരത്തെത്തിയപ്പോഴേക്കും ക്ഷീണിതയായിരുന്നു. ആര്‍ത്തലച്ചു വന്നു ടെക്സാസ് - ലൂസിയാന അതിര്‍ത്തിയില്‍ കര തൊടുമ്പോള്‍ റീത്തയുടെ ശക്തി നന്നേ ക്ഷയിച്ചിരുന്നു. ഒരു സാധാരണ കാറ്റിന്റെ ശൗര്യത്തോടെ തീരത്തണയുമ്പോള്‍ റീത്ത കാറ്റഗറി 3 ലേക്ക് മാറിയിട്ടുണ്ടായിരുന്നു. ചെറിയ ചെറിയ നാശനഷ്ടങ്ങളുണ്ടാക്കി ഒരു ജീവനുമെടുത്ത് റീത്ത മറയുമ്പോള്‍ ചാനലുകാര്‍ വീണ്ടും മുക്കാലിക്യാമറകളും വടിമൈക്കുകളുമായി അവിടെയുമിവിടെയും മറിഞ്ഞുവീണ കെട്ടിടാവശിഷ്ടങ്ങള്‍ടയിലൂടെ ഓടിനടക്കുന്നുണ്ടായിരുന്നു. സാഹസികന്മാര്‍ വീണ്ടും തെരുവുകളില്‍ പ്രത്യക്ഷപ്പെട്ടു. ഒരുപാട് ദീര്‍ഘനിശ്വാസങ്ങളും പ്രാര്‍ത്ഥനകളും നാട്ടിലേക്കുള്ള ഫോണ്‍ വിളികളുമായി ഉറങ്ങാതെ ഞങ്ങളും.

റീത്ത ചരിത്രമായി. ഇനിയൊരു കാറ്റിനും റീത്ത എന്നു പേരു വരില്ല. തീരത്ത് അപകടം വാരിയെറിഞ്ഞ് വീശിയടിച്ച ഏതൊരു കാറ്റും പോലെ, റീത്തയും സര്‍ക്കാര്‍ പട്ടികയില്‍ സ്ഥാനം പിടിച്ചു, ആരെയും നോവിക്കാതെ...

പ്രകൃതിക്ഷോഭങ്ങള്‍ക്കു മുന്നില്‍ എന്നും പകച്ചു നില്ക്കാന്‍ മാത്രമേ മനുഷ്യനു കഴിയാറുള്ളു. ഒരോ പ്രകൃതിദുരന്തങ്ങള്‍ കഴിയുമ്പോഴും മനുഷ്യന്റെ നിസ്സഹായത അവനു തന്നെ ബോധ്യമാവുന്നു. ദുരന്തങ്ങള്‍ക്കു മുന്നില്‍ ജാതി-മത വ്യത്യാസങ്ങളൊന്നുമില്ല, പണ്ഡിതനെന്നോ പാമരനെന്നോ ഇല്ല, പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഇല്ല, അമേരിക്കകാരനെന്നോ, ഇന്ത്യക്കാരനെന്നോ, കറുത്തവനെന്നോ വെളുത്തവനെന്നോ ഇല്ല, എല്ലാവരും തുല്ല്യര്‍. നഷ്ടപ്പെടാന്‍ പോകുന്ന ജീവന്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. ഓരോ ദുരന്തവും മനുഷ്യര്‍ക്ക് ഓരോ പാഠങ്ങളാണ്. സഹജീവികളെ സ്നേഹിക്കാനുള്ള പാഠം, വിശ്വസിക്കാനുള്ള പാഠം.

തിരിച്ചുകിട്ടിയ ജീവനും കൊണ്ട് വീട്ടിലേക്ക് മടങ്ങുമ്പോള്‍ മഴ മാറി ആകാശം തെളിഞ്ഞിരുന്നു. മറിഞ്ഞുവീണ ഒന്നു രണ്ടു മരങ്ങള്‍ മാത്രമാണ് ഇത്തവണ ഞങ്ങള്‍ക്ക് മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചത്. മടങ്ങിവരുന്നവരുടെ തിരക്കായിരുന്നു റോഡിലെങ്ങും. ജീവനും ജീവിതവും നഷ്ടപ്പെട്ടു എന്നുറപ്പിച്ച പലര്‍ക്കും അതു തിരിച്ചു കിട്ടിയതിന്റെ സന്തോഷമായിരുന്നു മുഖത്ത്. വെള്ളം തളം കെട്ടിക്കിടന്ന ഒരു ചാല്‍ മുറിച്ചു കടന്നു വീട്ടിലേക്കു കയറുമ്പോള്‍ കത്രീന നാശം വിതച്ച പ്രദേശങ്ങളെക്കുറിച്ചോര്‍ത്തു, നഷ്ടങ്ങളെക്കുറിച്ചോര്‍ത്തു, കത്രീന കൂട്ടിക്കൊണ്ടുപോയ ജീവനുകളെ ഓര്‍ത്തു, അവിടെ ജീവിച്ചിരിക്കുന്ന മനുഷ്യരെക്കുറിച്ചോര്‍ത്തു.

അവര്‍ക്കും പറയാനുണ്ടാവും ഏറെ കഥകള്‍. പ്രിയപ്പെട്ടവരുടെ വേര്‍പാടിനെക്കുറിച്ച്, നഷ്ടപ്പെട്ട അമൂല്യസമ്പത്തുകളെക്കുറിച്ച്, ദാനം പോലെ കിട്ടിയ ജീവനും, ദുരന്തം ബാക്കിവച്ച ജീവിതവും പെറുക്കിക്കൂട്ടിയതിനെക്കുറിച്ച്. അവര്‍ക്കുവേണ്ടി ഞാനിതു സമര്‍പ്പിക്കുന്നു.

റീത്തയോടൊപ്പം ഒരു രാത്രി - 2

Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍

അപ്പാര്‍ട്ട്മെന്റില്‍ നിന്നും റോഡിലേക്ക് ഇറങ്ങിയപ്പോള്‍ തന്നെ എന്തോ ഒരു പന്തികേട്. വണ്ടികളായ വണ്ടികളെല്ലാം റോഡിന്റെ നടുക്ക് തന്നെ പാര്‍ക്ക് ചെയ്തിരിക്കുന്നു. അഹങ്കാരമേ, മനുഷ്യന്‍ നല്ല ജീവനും കൊണ്ട് പലായനം ചെയ്യാന്‍ തുടങ്ങുമ്പോഴാണ് ഒരോരുത്തരുടെ കുട്ടിക്കളി.

ഇവന്മാര്‍ക്കിട്ടു നാലു തെറി വിളിക്കാം എന്നു വിചാരിച്ചു ചാടിയിറങ്ങിയപ്പോഴല്ലെ വണ്ടികളുടെയും സംഭവത്തിന്റെയും കിടപ്പുവശം മനസ്സിലായത്. ഓടിക്കോ എന്നു മേയര്‍ പറഞ്ഞതു കേട്ട്, കെട്ടും ഭാണ്ഡവുമെടുത്ത് നാടുവിടാന്‍ ശ്രമിക്കുന്നവര്‍ ഉണ്ടാക്കിയ ട്രാഫിക്ക് ബ്ലോക്ക് ആയിരുന്നു അത്. എങ്കില്‍ ബ്ലോക്ക് മാറിയിട്ട് പോകാം എന്നു വിചാരിച്ച് കാറുകള്‍ തിരിക്കാന്‍ നോക്കിയപ്പോള്‍ ഞങ്ങള്‍ക്ക് കുറെ പിന്‍ഗാമികള്‍ കൂടി ഉണ്ടായിരിക്കുന്നു എന്നുള്ള നഗ്നവും ഞെട്ടിക്കുന്നതുമായ സത്യം ഞങ്ങള്‍ മനസ്സിലാക്കി.

എന്തായാലും പെട്ടുപോയി. ഇനി എന്തു ചെയ്യാന്‍? വരുന്നതു വരട്ടെ എന്നു കരുതി മുന്നോട്ടു തന്നെ പോകാന്‍ തീരമാനിച്ചു. ഹൈവേയിലെ ട്രാഫിക് മുന്നോട്ടു നീങ്ങുന്നതേയില്ല എന്നു മനസിലായപ്പോള്‍ ഫീഡറില്‍ക്കൂടിത്തന്നെ പോകാനായി അടുത്ത തീരുമാനം.

എങ്ങോട്ടു പോവാന്‍? കയ്യില്‍ പൊതിഞ്ഞു കരുതിയിരുന്ന കുറച്ചു ചോറ് ചാറും കൂട്ടി കഴിക്കുമ്പോള്‍ സമയം ഒരു മണി. റോഡില്‍ കയറിയിട്ടു മൂന്നു മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. തിരിഞ്ഞു നോക്കിയപ്പോള്‍ ദൂരെ ഞങ്ങളുടെ അപ്പാര്‍ട്ടുമെന്റ് കാണാം.

വൈകിട്ട് അഞ്ച് മണിയായപ്പോഴേക്കും ഞങ്ങള്‍ ഏഴു മൈല്‍ പിന്നിട്ടു കഴിഞ്ഞിരുന്നു. ഈ പോക്കു പോയാല്‍ റീത്ത വരുന്ന സമയത്ത് ഞങ്ങള്‍ ഹ്യൂസ്റ്റണ്‍ന്റെ തന്നെ ഏതെങ്കിലും ഒരു മൂലയില്‍ കാറിനള്ളില്‍ത്തന്നെ ഇരുന്നു പണ്ടാരമടങ്ങും എന്നുള്ള തോന്നല്‍ വണ്‍ ബൈ വണ്‍ ആയി എല്ലാവരുടെയും തലയില്‍ കത്താന്‍ തുടങ്ങി.

മൊബൈല്‍ ഫോണുകള്‍ ശബ്ദിച്ചുതുടങ്ങി. കോണ്‍ഫറന്‍സ് കോളുകള്‍. എട്ടു കാറുകളും പത്തു മുപ്പത് വലിയ ജീവനും, രണ്ട് മൂന്നു കുഞ്ഞു ജീവനും. അവസാനം ഒഴിഞ്ഞു കിടക്കുന്ന എതിര്‍ദിശയിലേക്കുള്ള റോഡിലേക്ക് നോക്കി ഞങ്ങള്‍ ഒരു തീരുമാനത്തില്‍ എത്തി. പീച്ചേ മൂട്ട്.

ആത്മഹത്യക്കും കൊലക്കുമിടയിലൂടാര്‍ത്തനാദം പോലെ പായുന്ന ഈ ജീവിതം എന്നാല്‍ പിന്നെ റീത്ത എടുത്തോട്ടെ എന്നു വിചാരിക്കുമ്പോള്‍ നാട്ടിലുള്ള കുടുംബത്തെ ഓര്‍ത്തു, കുടുംബം കൂടെ ഉള്ളവര്‍ ദൈവത്തെ ഓര്‍ത്തു, ദൈവവിശ്വാസം ഇല്ലാത്തവര്‍ മറ്റു പലതും ഓര്‍ത്തു.

ഏഴു മണിക്കൂര്‍ കൊണ്ട് ഏഴു മൈല്‍ സഞ്ചരിച്ച ഞങ്ങള്‍ ഏഴു മിനിറ്റ് കൊണ്ട് തിരിച്ച് അപ്പാര്‍ട്ട്മന്റില്‍ എത്തി!

തിരിച്ചെത്തിക്കഴിഞ്ഞപ്പോഴാണ് മഹാമേരുപോലെയുള്ള അടുത്ത പ്രശ്നം അപ്പാര്‍ട്ടുമെന്റിന്റെ രൂപത്തില്‍ ഞങ്ങളുടെ മുന്നില്‍ അവതരിച്ചത്. ഇവിടെ എല്ലാ അപ്പാര്‍ട്ടുമെന്റുകളും, ഇവിടുത്തെ നിയമം അനുസരിച്ച്, തടി കൊണ്ടുണ്ടാക്കിയതാണ്. മാത്രമല്ല, ഞങ്ങളില്‍ ഭൂരിഭാഗവും രണ്ടാം നിലയില്‍ ആണു താമസിക്കുന്നത്. പണ്ടേ ദുര്‍ബല, പിന്നെ ഗര്‍ഭിണി എന്നുള്ള അവസ്ഥയില്‍ ഉള്ള ഈ അപ്പാര്‍ട്ടുമെന്റില്‍ ഇരുന്നാല്‍ അഥവാ ഞങ്ങളോടു കരുണ തോന്നി റീത്ത കുറച്ചു ദിശ മാറി പോയാല്‍ പോലും ഞങ്ങള്‍ രക്ഷപ്പെടും എന്നു യാതൊരു പ്രതീക്ഷയും ഞങ്ങള്‍ക്കില്ലായിരുന്നു.

അപ്പോള്‍ വീണ്ടും അതാ വണ്‍ ബൈ വണ്‍ ആയി തലയിലെ ബള്‍ബുകള്‍ കത്തിത്തുടങ്ങി.

"നമുക്ക് എല്ലവര്‍ക്കും കൂടി അടച്ചുറപ്പുള്ള എങ്ങോട്ടെങ്കിലും മാറിയാലോ?"

അതൊരു മില്ല്യണ്‍ ഡോളര്‍ ചോദ്യവും അര ബില്ല്യണ്‍ ഡോളര്‍ ഉത്തരവും ആണെന്ന് മറ്റാരും പറയാതെ തന്നെ എല്ലാവര്‍ക്കും മനസ്സിലായി.

അടച്ചുറപ്പുള്ള സ്ഥലം ഏത് എന്നുള്ള ചോദ്യത്തിന്റെ അമ്പെടുത്ത് വില്ലില്‍ കുലയ്ക്കുന്നതിനു മുന്‍പു തന്നെ കൂട്ടത്തിലെ മൂത്താശാരിമാര്‍ തച്ചുശാസ്ത്രം വച്ചു ഒന്നുരണ്ടു സ്ഥലങ്ങള്‍ തപ്പിയെടുത്തു. അതിലൊന്ന് റീത്ത വരുന്നു എന്ന് മുന്നറിയിപ്പ് കേട്ട് പലായന മീറ്റിംഗില്‍പ്പോലും പങ്കെടുക്കാതെ, ഭാര്യയെയും മക്കളെയും കൊണ്ട് അന്നുതന്നെ രക്ഷപെട്ട ഭാഗ്യവാനായ ഒരു സഹപ്രവര്‍ത്തകന്റെ വീടായിരുന്നു. രക്ഷപ്പെടുന്നതിനു മുന്‍പ് ഇങ്ങനെ ഒരു സാധ്യത മുന്നില്‍ക്കണ്ടാണോ എന്നറിയില്ല ആ പാവം വീടിന്റെ ഒരു സെറ്റ് താക്കോല്‍ ഞങ്ങളുടെ കൂട്ടത്തില്‍ ഒരാളെ ഏല്പ്പിക്കാന്‍ മറന്നില്ല.

ശനിയാഴ്ച്ച പത്തുപതിനഞ്ച് പേരുടെ ഒരു ഗ്രൂപ്പ് ഒരു ദിക്കിലേക്കും അത്രയുംതന്നെ ആള്‍ക്കാരും ഞാനും അടങ്ങുന്ന മറ്റൊരു ഗ്രൂപ്പ് മേല്‍പ്പറഞ്ഞ വീട്ടിലും ചേക്കേറി.

(തുടരും...)

റീത്തയോടൊപ്പം ഒരു രാത്രി - 1

Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍

വാക്കു തന്നതുപോലെ ഞാനിതാ മടങ്ങി വന്നിരിക്കുന്നു.

കുണ്ടറയില്‍ നിന്നുള്ള വണ്ടര്‍ഫുള്‍ മുത്തുകള്‍ പെറുക്കാന്‍ ഇറങ്ങിത്തിരിച്ച എന്റെ മനസ്സില്‍ ആദ്യം വന്നത് അമേരിക്കയിലെ ഉദ്ദ്വേഗജനകമായ ഒരു രാത്രി ആയിരുന്നു. റീത്തയോടൊപ്പമുള്ള രാത്രി.

അമേരിക്കയില്‍ എത്തി ഒന്നു പച്ചയും ചുവപ്പും ഒക്കെ പിടിച്ചു വരുന്നതെ ഉണ്ടായിരുന്നുള്ളു. ഇവിടുത്തെ ബര്‍ഗറും, സബ്ബും, പിസ്സായും ഒക്കെ കഴിച്ച് ശരീരം ഒന്നു പുഷ്ടിപ്പെട്ടു വന്നുകൊണ്ടിരിക്കുമ്പോഴാണ് റീത്ത വരുന്നു എന്നുള്ള വാര്‍ത്ത കേട്ട് ഞെട്ടിയത്.

റീത്ത ഒരു സുന്ദരിപെണ്ണല്ലേയെന്നും, അവളുടെ ആഗമനവാര്‍ത്ത കേട്ട് ഞെട്ടാന്‍ ഇവന്‍ ഏത് കോത്താഴത്തുകാരന്‍ എന്നും മനസ്സില്‍ എവിടെയെങ്കിലും ചിന്തിച്ചു പോയിട്ടുണ്ടെങ്കില്‍ ആ ചിന്തകള്‍ തത്ക്കാലം ഡിലീറ്റ് ചെയ്തുകളയുന്നതു നന്നായിരിക്കും.

റീത്ത വരുന്നത് കാറ്റായിട്ടാണ്. ഇതൊരു പ്രേതകഥയാണെന്നു തെറ്റിദ്ധരിക്കാന്‍ വരട്ടെ. റിത്ത ചുഴലിക്കാറ്റാണ്. കത്രീനയെപ്പൊലെ. കാറ്റഗറി 5 കാറ്റ്. മണിക്കൂറില്‍ 125 മൈല്‍ വേഗതയില്‍ വീശുന്ന കാറ്റിനെ ആണ് കാറ്റഗറി 5 ല്‍ പെടുത്തുന്നത്.

ഇത്രയും നാള്‍ ഇന്ത്യയില്‍ ആയിരുന്നതുകൊണ്ട് കാറ്റിനെക്കുറിച്ച് കൂടുതല്‍ ഇന്‍ഫൊര്‍മേഷന്‍ ഒന്നും എന്റെ ഡാറ്റാബേസില്‍ ഇല്ലായിരുന്നു. ഇന്‍ഡ്യയില്‍ ആകെ ഞാന്‍ കേട്ടിട്ടുള്ളത് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദവും അതിന്റെ അനന്തരവന്‍ ആയി രൂപം കൊള്ളുന്ന ചിന്ന ചുഴലിക്കാറ്റും ഒക്കെയാണ്. അതിനു കേരളത്തില്‍ പാര്‍ക്കുന്ന നമുക്കെന്താ? രണ്ട് ദിവസം മഴ പെയ്യും. പിന്നെ വാര്‍ത്ത വായിക്കുന്ന പെണ്ണ് ഞ്യൂഞമര്‍ത്തം എന്നു പറയുന്നതു കേട്ടു ചിരിക്കാം. അവിടെ തീരുന്നു ചുഴലിക്കാറ്റിനെക്കുറിച്ചള്ള എന്റെ അറിവുകള്‍.

സംഭവം ഇങ്ങനെ ആണെങ്കിലും കാറ്റ് എന്നു കേട്ടപ്പോള്‍ ആദ്യം ഒരു സുഖം ഒക്കെ തോന്നി. കാറ്റടിക്കുമ്പോള്‍ ചാഞ്ചാടുന്ന മരത്തലപ്പുകളും, പൊങ്ങിപ്പറക്കുന്ന ഇലകളും തുണികളും (തെറ്റിദ്ധരിക്കരുത്, ഉണക്കാനിട്ട തുണികള്‍) ഒക്കെ പടം പിടിക്കാന്‍ പറ്റിയ സംഭവങ്ങള്‍ ആണെല്ലോ എന്നോര്‍ത്തു ഒന്നു കോരിത്തരിച്ചുവെന്നുളളതും, ക്യാമറയുടെ ബാറ്ററി ചാര്‍ജ്ജ് ചെയ്യാന്‍ വച്ചു എന്നുള്ളതും സത്യം. പക്ഷെ, അതിനുമുമ്പ് മറ്റ് ചില സ്ഥലങ്ങളില്‍ കത്രീന എന്ന സുന്ദരിക്കാറ്റ് ഉണ്ടാക്കിയ പുകിലുകള്‍ കേട്ടപ്പോള്‍ ആദ്യം ഉണ്ടായ കോരിത്തരിപ്പ് ചങ്കിടിപ്പിനു വഴിമാറി.

റീത്ത രൂപം കൊണ്ടത് ഒരു തിങ്കളാഴ്ച പുലര്‍ച്ചെ ആയിരുന്നു. അറ്റ്ലാന്റിക് സമുദ്രത്തിന്റെ മധ്യത്തില്‍ എവിടെയൊ ആണ് ഇതു ഉണ്ടാവുന്നതെന്നും അതു ഇത്രയും ദൂരം യാത്ര ഒക്കെ ചെയ്തു ക്ഷീണിച്ച് അമേരിക്കയിലൊ മെക്സിക്കന്‍ തീരങ്ങളിലൊ വന്നണയുമ്പോഴേക്കും ആഴ്ച ഒന്ന് എടുക്കും എന്ന് കേട്ടപ്പോള്‍ പാവപ്പെട്ട മെക്സിക്കോ, ഫ്ലോറിഡ, ലൂസിയാനാ (അവിടെയൊക്കെയാണ് സ്ഥിരമായി ചുഴലിക്കാറ്റ് നാശം വിതക്കറുള്ളത്) നിവാസികളെ ദൈവം രക്ഷിക്കട്ടെ എന്നു പ്രാര്‍ത്ഥിച്ച് സ്വന്തം കാര്യം സിന്ദാബാദ് എന്ന തത്വശാസ്ത്രത്തില്‍ വിശ്വാസമര്‍പ്പിച്ച് ജീവിതം തള്ളാന്‍ തുടങ്ങുമ്പോള്‍...

വ്യാഴാഴ്ച്ച ഉച്ചയോടെ വന്ന ഓഫീസ് ഇ-മെയിലില്‍ സാധാരണപോലെ നമുക്കു സുഖിക്കുന്ന കാര്യങ്ങള്‍ ഒന്നും ഉണ്ടാവില്ലെന്ന മുന്‍വിധിയോടെ തീര്‍ത്തും അവഗണിച്ച് ആത്മാര്‍ത്ഥമായി ജോലിചെയ്യുന്നതായി ഭാവിക്കുന്നതിനിടയില്‍ എന്റെ സഹമുറിയന്റെ കോള്‍ ഓഫീസ് ഫോണില്‍.

"എന്താ പോകണ്ടേ?"

"എവിടെ?"

"വീട്ടില്‍. ഉടനെ ഷോപ്പില്‍ പോയി എന്തെങ്കിലും തിന്നാനും കുടിക്കാനും വാങ്ങിയില്ലെങ്കില്‍ പിന്നെ കിട്ടി എന്നു വരില്ല."

ഇയാള്‍ക്കെന്താ വട്ടായോ എന്നാണ് ആദ്യം ചിന്തിച്ചത്. സാധാരണ ശനിയാഴ്ച്ചകളില്‍ ആണ് ഷോപ്പിങ്ങിനു പോകുന്നത്. ഇതെന്താ വ്യാഴാഴ്ച ഉച്ചക്ക്.
പക്ഷെ പെട്ടെന്ന് എന്തോ ഒരു പന്തികേട് തോന്നാതിരുന്നില്ല. സംശയം തീര്‍ക്കാന്‍ പുള്ളിയോടുതന്നെ ചോദിച്ചു:

"അതെന്താ ഇപ്പോള്‍?"

"ഹ്യൂസ്റ്റന്‍ സൈറ്റ് കമ്മ്യൂണിക്കേഷന്‍ ഇ-മെയില്‍ വായിച്ചില്ലേ? റീത്ത ശനിയാഴ്ച വൈകിട്ട് ഹ്യൂസ്റ്റനില്‍ ഹിറ്റ് ചെയ്യും എന്നാണ് ലേറ്റസ്റ്റ് ഫോര്‍ക്കാസ്റ്റ്. തീറ്റയും കുടിയും സ്റ്റോക്ക് ചെയ്തില്ലെങ്കില്‍ വിവരം അറിയും."

അപ്പൊഴാണ് എന്റെ മെയില്‍ ബോക്സില്‍ എന്റെ മൗസ് സ്പര്‍ശത്തിനായി കാത്തു കിടക്കുന്ന മെയിലിനെ കുറിച്ചോര്‍ത്തതുതന്നെ. വേഗം അതു തുറന്നു. അപ്പോഴാണ് സംഗതിയുടെ കിടപ്പുവശം കുറച്ചു കുഴപ്പമാണെന്നു മനസ്സിലായത്.

റീത്ത വരുന്നു. ഉഗ്രരൂപിണിയായി. ശനിയാഴ്ച്ച വൈകിട്ട് ഹ്യൂസ്റ്റണിലൂടെ കടന്നുപോകും. ഓഫീസ് നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നു.

കിടുങ്ങിപ്പോയി...

മുന്നോട്ടു തള്ളാന്‍ തുടങ്ങിയ ജീവിതം തുടങ്ങിയിടത്തുതന്നെ നില്‍ക്കുകയാണ്. ഇനി ബാക്കി ആരു തള്ളൂം എന്നു ആലോചിച്ചപ്പോള്‍ ശരിക്കും എന്റെ കണ്ണുതള്ളിപ്പോയി.

അരമണിക്കൂര്‍ കഴിഞ്ഞ് സഹമുറിയന്‍ വിളിക്കാന്‍ വന്നപ്പോള്‍ തള്ളിയ കണ്ണുമായി ഞാന്‍ അങ്ങനെതന്നെ ഇരിക്കുകയാണ്. അദ്ദേഹം വന്നത് പുതിയ ഒരു ന്യൂസുമായാണ്. ജനങ്ങളോട് ഹ്യൂസ്റ്റണ്‍ വിട്ടുപോകാന്‍ മേയര്‍ ഉത്തരവിട്ടിരിക്കുന്നു.

അപ്പോള്‍ സംഗതി കൈവിട്ടുപോയിരിക്കുന്നു. ഇനിയെന്തു ചെയ്യും എന്നായി അടുത്ത ചിന്ത.

ഓഫീസിലെ സഹപ്രവര്‍ത്തകര്‍ ഒരു മീറ്റിങ് വിളിച്ചുക്കൂട്ടി. പലായനം പ്ലാന്‍ ചെയ്യാന്‍ ഒരു മീറ്റിങ്! പ്ലാനിങ് എല്ലാം കഴിഞ്ഞപ്പോള്‍ ഒരു കാര്യം ഉറപ്പായി. പിറ്റേന്ന് കാലത്ത് ജീവന്‍ ഉണ്ടെങ്കില്‍ അതും കൈയ്യില്‍ പിടിച്ച് ഹ്യൂസ്റ്റ്ണ്‍ വിടണം.

കാറുള്ളവരുടെ ഏണ്ണവും ഇല്ലാത്തവരുടെ ഏണ്ണവും കണക്കാക്കി, ഇല്ലാത്തവരെ ഉള്ളവരുടെ കൂടെ തിരുകികയറ്റാന്‍ ധാരണ ആയി മീറ്റിങ് പിരിഞ്ഞു. ഈയുള്ളവനും സഹമുറിയനും അക്കാലത്തു രണ്ടാമത്തെ ലിസ്റ്റില്‍ പെട്ടതിനാല്‍ ഒരു മലയാളി സുഹ്രുത്തിനോടും കുടുംബത്തോടുമൊപ്പം ലയിക്കുവാന്‍ തീരുമാനിച്ചു. മീറ്റിങ് കഴിഞ്ഞയുടനെ, പുര കത്തുമ്പോള്‍ ബീഡി കത്തിക്കുക, റോം കത്തുമ്പോള്‍ വീണ വായിക്കുക തുടങ്ങിയ ബിരുദങ്ങള്‍ ഉള്ളവര്‍ അവസരം മുതലാക്കി അപ്പോള്‍ തന്നെ സ്കൂട്ട് ആയി. ബാക്കിയുള്ളവര്‍ നേരം ഇരുന്നും കിടന്നും കൈയ്യില്‍ എടുത്തു പിടിച്ചും വെളുപ്പിച്ചെടുത്തു.

ഹ്യൂസ്റ്റണില്‍ നിന്നും നൂറ്റന്‍പതു മൈല്‍ അകലെ, സാധാരണ സ്പീഡില്‍ പോയാല്‍ ഒന്നര മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാവുന്ന ഒരു സ്ഥലത്ത് പഴയ പരിചയം ഒക്കെ പുതുക്കി കുറച്ചു പേര്‍ക്കു താമസിക്കാന്‍ സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടായിരുന്നു. അവിടെ എത്തിച്ചേരാനുള്ള സമയം കണക്കാക്കി തിന്നാനും കുടിക്കാനും ഉള്ളതൊക്കെ കാറില്‍ ഏടുത്തു വെച്ചു. എല്ലാവരും ഒന്നിച്ചു പുറപ്പെടാം എന്നും, കൂട്ടം തെറ്റിയാല്‍ വിളിക്കാന്‍ വേണ്ടി എല്ലാ വണ്ടിയിലും മൊബൈല്‍ ഉള്ള ഒരാള്‍ വീതം എന്നുമൊക്കെയുള്ള പ്ലാനിംഗോടു കൂടി രാവിലെ ഏഴു മണിക്കു പുറപ്പെടാന്‍ ഉദ്ദേശിച്ചിരുന്ന ഞങ്ങള്‍ പുറപ്പെട്ടപ്പോള്‍ പത്ത് മണിയായി.

(തുടരും...അധികം വൈകില്ല.)

ആദ്യ വിളംബരം

Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍

ഇതാ എന്റെ ആദ്യ വിളംബരം. എന്തിനും വേണമല്ലോ ഒരു ആദ്യത്തേത്. അതു ഇങ്ങനെ ആവട്ടെ എന്നു വിചാരിച്ചു. ഹിസ്റ്ററി ക്ലാസ്സില്‍ കയറാതെ മാവില്‍ കല്ലെറിയാന്‍ പോയി വേലുത്തമ്പി ദളവയുടെ കുണ്ടറ വിളംബരം മിസ്സ് ആയ മാന്യന്മാര്‍ ഉണ്ടെങ്കില്‍ ഇവിടെ പോവുക.

വിശാലമനസ്ക്കന്റെ കൊടകരപുരാണവും, കുറുമാന്റെ യൂറോപ്യന്‍ സ്വപ്നങ്ങളും, മുരളിയുടെ കോമരവും നക്കി തുടച്ചു വായിച്ചു തീര്‍ത്തിട്ടാണ് ഈ പുറപ്പാട്. എന്താവുമോ എന്തോ? എനിവേ, നനഞ്ഞിറങ്ങി, ഇനി കുളിച്ചുകയറാം.

കുണ്ടറ ഈസ് ഏ വണ്ടര്‍ഫുള്‍ കണ്ട്രി അണ്ടര്‍ ദി കണ്‍ട്രോള്‍ ഓഫ് സെന്‍ട്രല്‍ ഗവര്‍മെന്റ് എന്നു കണ്ടുപിടിത്തം നടത്തിയത് ആരായാലും ശരി, ആ മാന്യദേഹത്തിനു നമോവാകം. ആ സുഹ്രത്ത് പറഞ്ഞതില്‍ അല്പ്പം കാര്യം ഒക്കെ ഉണ്ട് കേട്ടൊ. സെന്‍ട്രല്‍ ഗവര്‍മെണ്ടിന്റെ ടെലിഫോണ്‍ എക്സ്ചേഞ്ച്, പോസ്റ്റ് ഓഫീസ് എന്നുള്ള രണ്ടെ രണ്ട് പ്രസ്ഥാനങ്ങള്‍ അല്ലാതെ വേറെ ഒന്നും ഇല്ലാത്ത കുണ്ടറ വണ്ടര്‍ഫുള്‍ ആണെന്നുള്ളതില്‍ രണ്ടഭിപ്രായം വരാന്‍ വഴിയില്ല.

എന്തായാലും കണ്ടറയില്‍ നിന്നും കണ്ടെടുത്ത ആ വണ്ടര്‍ഫുള്‍ മുത്തുകളുമായി ഇവിടെ സ്ഥിരതാമസം ആക്കുന്നതിനെകുറിച്ച് ഞാന്‍ തലപുകഞ്ഞ് ആലോചിക്കുന്ന ഈ വേളയില്‍ നിങ്ങളുടെ വിലയേറിയ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും കൊതിച്ചുകൊണ്ട് വീണ്ടും കാണാം എന്നു വാക്കു പറഞ്ഞ് ഞാന്‍ തല്‍ക്കാലം പോകുന്നു.