അപ്പൂപ്പന്റെ കാലന്‍ കുടയുമെടുത്ത് രാവിലെ വീട്ടില്‍ നിന്നറിങ്ങിയപ്പൊ മഴയൊന്നുമുണ്ടായിരുന്നില്ല. അമ്മ പിറകില്‍ നിന്നും വിളിച്ചു ചോദിച്ചതുമാണ് എങ്ങൊട്ടാ രാവിലെ സര്‍ക്കീട്ടെന്ന്. ക്രിക്കറ്റ് കളിക്കാന്‍ എന്നു വിളിച്ചു പറഞ്ഞപ്പൊ ചേച്ചിയുടെ വക പരിഹാസം.
“പിന്നെ, ഇപ്പൊ ബാറ്റിനു പകരം കുട വച്ചല്ലേ ക്രിക്കറ്റ് കളിക്കുന്നത്.”
കേട്ടില്ല എന്നു നടിച്ച് നടപ്പിനു വേഗം കൂട്ടി. ഇന്നു ഫൈനല്‍ മത്സരമാണ്. 250 രൂപയാണ് കിട്ടുന്നത്. അതും കൊണ്ട് എഴുകോണ്‍ തിരുവോണം റെസ്റ്റോറന്റില്‍ പെമ്പിള്ളേര്‍ സപ്ലൈ ചെയ്യുന്ന പൊറോട്ടയും ചായയും കഴിച്ചിട്ട് അധികം വൈക്കുന്നതിനു മുന്പ് തിരിച്ചെത്തണം. കഞ്ഞി കുടിച്ച് കിടന്നുറങ്ങാനുള്ളതാണ്.
നടപ്പിനു വേഗം കൂടുതാലായതുകൊണ്ട് അരമണിക്കൂറിനകം ഗ്രൌണ്ടിലെത്തി. കളി തുടങ്ങിയിട്ടില്ല. ഭാഗ്യം. കുട ഒരു മരത്തില്‍ ചാരി വച്ചിട്ട് രണ്ട് വട്ടയില പറിച്ച് തറയില്‍ വിരിച്ച് ചമ്രം പടിഞ്ഞിരുന്നു. ഇനിയിപ്പൊ വിശാലമായി കളി കാണാമല്ലോ.
ഞാന്‍ ബാറ്റു വീശിയാല്‍ പന്തില്‍ കൊള്ളാത്തതാണോ അതോ പന്ത് ബാറ്റിന്റെ കാറ്റുകൊണ്ട് ദിശ മാറി പോകുന്നതാണോ എന്നറിയില്ല, അന്നുവരെ എനിക്കു പന്തില്‍ ബാറ്റുകൊള്ളിക്കാന്‍ കഴിഞ്ഞിട്ടില്ല. ബൌള്‍ ചെയ്യാന്‍ തുടങ്ങിയാല്‍ അമ്പയര്‍ ഒരോവര്‍ മുഴുവന്‍ കുരിശില്‍ തറച്ച പോലെ കൈകള്‍ വിടര്‍ത്തി നില്‍ക്കേണ്ടി വരുന്നതുകൊണ്ടും വിക്കറ്റ് കീപ്പറുടെ അപ്പുറത്തും ഇപ്പുറത്തും ഒരോരുത്തരെ നിര്‍ത്തേണ്ടി വരുന്നതുകൊണ്ടും എനിക്കു ആ മേഖലയിലും തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഫീല്‍ഡിംഗാണെങ്കില്‍ സ്ലിപ് എന്നാല്‍ പന്ത് കൈയ്യില്‍ നിന്നും സ്ലിപ് ആയി പോവേണ്ട പൊസിഷനാണെന്നും, ലോങ്ങ് ഓഫ് എന്നാല്‍ കുറെ നേരം ഓഫായി നില്‍ക്കേണ്ട പൊസിഷനാണെന്നുമുള്ള തെറ്റിദ്ധാരണ എനിക്കുള്ളതിനാല്‍ അവിടെയും ക്ലച്ച് പിടിക്കാന്‍ കഴിഞ്ഞിട്ടില്ല.
ചുരുക്കത്തില്‍, ആമ്പിള്ളേര്‍ കളിക്കുന്ന സ്ഥലത്ത് വട്ടയില വിരിച്ചിട്ടിരുന്ന് കളിയുടെ പല സാങ്കേതിക വശങ്ങളേയും അവലോകനം ചെയ്ത്, സമ്മാനം കിട്ടുന്ന കാശുകൊണ്ട് ഭേഷായിട്ട് പുട്ടടിക്കാന്‍ കൂടി, വീട്ടില്‍ ചെന്ന് നാലു സിക്സ്, പത്ത് ഫോറ്, അഞ്ച് വിക്കറ്റ് എന്നൊക്കെ വീമ്പു പറഞ്ഞ് മോന്‍ കപില്‍ ദേവാവുന്നതും സ്വപ്നം കണ്ടുറങ്ങുന്ന അമ്മയെ പറ്റിക്കുക എന്നുള്ളതാണ് ക്രിക്കറ്റ് എന്നാല്‍ എനിക്ക്.
അപ്പൊ പറഞ്ഞു വന്നത്...അങ്ങനെ തിരുവോണത്തിലെ പൊറോട്ടയും സ്വപ്നം കണ്ട് വട്ടയിലയില്‍ കളി കാണാന്‍ ഇരുന്ന എന്റെ ചങ്കിനിട്ട് ചവിട്ടുന്നതുപോലെയാണ് ബിനു ആ തീരുമാനം പ്രഖ്യാപിച്ചത്.
“ജിജോ ഇന്നു കളിക്കാന്‍ വരുന്നില്ല. നമുക്ക് പത്തു പേരെ ഉള്ളൂ. ദിലീപ് കളിക്കട്ടെ.”
ദിലീപ് കൂടെ നിക്കട്ടെ എന്നായിരുന്നു പറഞ്ഞിരുന്നെങ്കില്‍ എനിക്ക് ഇത്രയും ഞെട്ടല്‍ ഉണ്ടാവേണ്ട കാര്യം ഇല്ലായിരുന്നു. ഇതിപ്പൊ കളിക്കട്ടെ എന്നൊക്കെ പറയുമ്പോള്‍, അതും ഈ കളി എനിക്കത്ര വഴങ്ങുന്ന ഒരു ഐറ്റമല്ല എന്നു അറിയാവുന്ന ബിനു തന്നെ അങ്ങനെ പറയുമ്പോള്‍...കുട്ടിമാമാ. ഞാന്‍ ഞെട്ടി മാമാ...
ഗ്രൌണ്ടിന്റെ കിഴക്കേമൂലയില്‍ പന്ത് അബദ്ധത്തില്‍ പോലും, അതും ഉരുണ്ടുപോലും വരാത്ത ഒരു പ്രാന്തപ്രദേശത്ത് എന്നെ കൊണ്ട് പ്രതിഷ്ഠിച്ചിട്ട് ബിനു പറഞ്ഞത് ഒരെയൊരു കാര്യം മാത്രം..
“ജീവനുണ്ടെങ്കില്‍ ഒരു പന്ത് പോലും വിടരുത്.“
ഇതിലും നല്ലത് നിന്ന നില്‍പ്പില്‍ ജീവന്‍ അങ്ങ് പോകുന്നതാ എന്നു പറയണമെന്നു തോന്നിയെങ്കിലും അപ്പൊ ഫ്രഷ് ആയിട്ടുണ്ടായ സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റില്‍ ആ തീരുമാനം ഉപേക്ഷിച്ചു.
കളി തുടങ്ങി. അന്നേവരെ പന്ത് പോകാന്‍ മടിച്ചിരുന്ന കിഴക്കേ മൂലയില്‍ക്കൂടി പതിനാറു പ്രാവശ്യം പന്ത് നെടുകെയും കുറുകെയും വച്ച എന്റെ കയ്യോ കാലോ വകവെയ്ക്കാതെ ബൌണ്ടറി ലൈന്‍ കടന്നു പോവുകയും ചെയ്തു.
ഇടയ്ക്കിടെ ബിനുവിന്റെ നോട്ടം കണ്ടപ്പോള്‍ കളി കഴിയട്ടെടാ നിന്നെ ഇന്നു കുറെ പൊറോട്ട തീറ്റിക്കാം എന്നൊരു ധ്വനി ഉണ്ടെന്നു തോന്നിച്ചെങ്കിലും സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റ് വീണ്ടും എന്റെ രക്ഷയ്ക്കെത്തി.
ഞങ്ങളുടെ ടീം ബാറ്റിംഗ് തുടങ്ങിയപ്പോള്‍ മുതല്‍ ആകെയുള്ള പ്രാര്‍ത്ഥന ഒന്‍പത് വിക്കറ്റില്‍ കൂടുതല്‍ വീഴല്ലേ എന്നായിരുന്നു. ടീം ജയിച്ചു കാണാനും പൊറോട്ട തിന്നാനും ഒക്കെ ആഗ്രഹമുണ്ടെങ്കിലും അതിലേറെ ആ ഗ്രൌണ്ടിന്റെ നടുക്ക് ഒരു ബാറ്റും പിടിച്ച് ഞാന്‍ നില്‍ക്കുന്നത് സങ്കല്‍പ്പിക്കാനുള്ള കെല്‍പ്പ് എനിക്കുണ്ടായിരുന്നില്ല.
ടീമില്‍ അത്യാവശ്യം കളി അറിയാവുന്നവര്‍ ഉണ്ടായിരുന്നത് കൊണ്ട് കളി തീരാന്‍ ഒരോവര്‍ ബാക്കി നില്‍ക്കെ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ ജയിക്കാന്‍ മൂന്നു റണ്‍സ് എന്ന നിലയില്‍ വന്നെത്തി. ഇനിയിപ്പൊ പേടിക്കാനൊന്നുമില്ല എന്നെനിക്ക് ഉറപ്പായി. മൂന്നു റണ്‍സല്ലേ, അതിവന്മാര്‍ പുട്ടു പോലെ അടിച്ചെടുക്കും. എന്റെ ചിന്ത വീണ്ടും പൊറോട്ടയിലേക്കും സപ്ലൈയര്‍മാരിലേക്കും പോയി.
ഒരു അലര്‍ച്ച കേട്ട് നോക്കുമ്പോള്‍ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു. അവസാന ഓവറിന്റെ ആദ്യ പന്തില്‍ മിഡില്‍ സ്റ്റമ്പ് തെറിച്ച നമ്മുടെ ഒന്പതാമത്തെ ബാറ്റ്സ്മാന്‍ അതാ തലകുനിച്ച് പവലിയനിലേക്ക് മടങ്ങുന്നു. പത്താമത്തെ ബാറ്റ്സ്മാന്‍ എതിര്‍ടീമംഗങ്ങളുടെ പരിഹാസശരങ്ങളേറ്റ് ഗ്രൌണ്ടിനു നടുവില്‍.
ആ രംഗം ഇപ്പൊഴോര്‍ക്കുമ്പോള്‍ നടുങ്ങുന്നു മാനസം എന്നു വയലാര്‍ പാടിയത് പോലെ വായും പൊളിച്ച് ഇരിക്കുന്ന എന്നോട് ബിനു ഒരു ഡയലോഗ് കാച്ചി.
“എന്തുവാ വായും പൊളിച്ച് ഇരിക്കുന്നത്? ബാറ്റും എടുത്തോണ്ട് ചെല്ല്. പത്തറുപത്തിനാലു റണ്‍സ് ദാനം കൊടുത്തതല്ലേ ഒരു റണ്‍ എങ്കിലും എടുത്ത് മറ്റേയാള്‍ക്ക് സ്റ്റ്രൈക്ക് കൊട്. ബാക്കി അവന്‍ നോക്കികൊള്ളും.“
എന്റെ അഭിമാനത്തിന്റെ മേല്‍ പാരഗണ്‍ ചെരിപ്പിട്ട് ചവിട്ടിയ ഒരു ഫീലിംഗ് കിട്ടിയപ്പൊ പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല. ബാറ്റും എടുത്ത് ഒരു ധീരയോദ്ധാവിനെപ്പോലെ നടന്നു. നടക്കുമ്പോള്‍ വീരമണിയുടെ കാലുകൊണ്ട് പെരുക്കുന്ന വലിയ ചെണ്ടയുടെ മുഴക്കം എന്റെ നെഞ്ചിന്‍കൂട്ടില്‍ നിന്നും കേള്‍ക്കാമായിരുന്നു.
എന്റെ ബാറ്റ് ബാള്‍ തിയറി വര്‍ക്ക് ചെയ്യാന്‍ തുടങ്ങി. ആദ്യത്തെ രണ്ടു പന്തുകള്‍ ബാറ്റിനു ഒരു ശല്യവുമുണ്ടാക്കാതെ വിക്കറ്റ് കീപ്പറുടെ കയ്യില്‍ സുരക്ഷിതം.
നാലാമത്തെ പന്തിനു മുന്‍പ് നോണ്‍ സ്റ്റ്രൈക്കര്‍ എന്‍ഡില്‍ നിന്നും സന്തോഷ് എന്നെ വിളിച്ചു.
“നീ പന്തു വരുമ്പോള്‍ കണ്ണടയ്ക്കുന്നു. പന്തില്‍ തന്നെ നോക്കണം. അപ്പൊ ബാറ്റില്‍ കണക്ഷന്‍ കിട്ടും.”
പിന്നെ, പന്ത് ബാറ്റില്‍ കണക്റ്റ് ചെയ്ത് വച്ചിട്ട് ഇവിടെ കറന്റ് ഉണ്ടാക്കാന്‍ പോകുവല്ലേ. ഒന്നു പോടെറുക്കാ...ഞാന്‍ ഇതൊക്കെ കുറെ കണ്ടതാ. മനസ്സില്‍ പറഞ്ഞിട്ട് അടുത്ത പന്ത് നേരിടാന്‍ തയ്യാറായി.
ബൌളര്‍ പന്തെറിഞ്ഞതും ഞാന്‍ ക്രീസില്‍ നിന്നും ഓടിയിറങ്ങിയതും ഒരുമിച്ച്. ഓടിയിറങ്ങിയപ്പോള്‍ പന്തിനെ ആക്രമിക്കാന്‍ പൊക്കിയ ബാറ്റില്‍ തട്ടി ബാറ്റും ഞാനും താഴെ. പന്ത് എന്റെ അടിയിലായതു കാരണം കീപ്പര്‍ക്കു അതെടുത്ത് സ്റ്റമ്പ് ചെയ്യാനുള്ള അവസരം കിട്ടിയില്ല.
രണ്ട് പന്തില്‍ നിന്നും മൂന്നു റണ്‍സ്. എന്റെ ഉത്തരവാദിത്വത്തിന്റെ ഭാരമേറി.
അഞ്ചാമത്തെ പന്ത് ഞാന്‍ ബാറ്റ് പൊക്കുന്നതിനു മുന്‍പ് തന്നെ എന്നെ കടന്നു പോയിരുന്നു. എന്റെ കുറ്റമല്ല എന്നു സമാധാനിച്ച് ഞാന്‍ പയറുപോലെ ക്രീസില്‍ നിന്നു.
അവസാന പന്ത് എറിയാന്‍ ബൌളര്‍ റെഡി. എന്റെ മികവാര്‍ന്ന പ്രകടനം കണ്ടിട്ടാവണം എലിക്കു ചുറ്റും പൂച്ചകള്‍ കൂടുന്നതുപോലെ ഫീല്‍ഡര്‍മാര്‍ എനിക്കു ചുറ്റും അടുത്തുകൂടി.
ബൌളര്‍ പന്തെറിയുന്നത് ഞാന്‍ കണ്ടു. പക്ഷെ അതു ഏതു ദിശയില്‍ പോവും എന്നു നോക്കാനുള്ള ശേഷി എനിക്കില്ലായിരുന്നു. കണ്ണുകള്‍ ഇറുക്കെയടച്ച് ഞാന്‍ സര്‍വ്വശക്തിയുമെടുത്ത് ബാറ്റ് വീശി.
കണ്ണ് തുറന്നു നോക്കിയ ഞാന്‍ ആദ്യം കണ്ടതു ഗ്രൌണ്ടിനു പുറത്തു നിന്ന എന്റെ ടീമംഗങ്ങള്‍ എല്ലാവരും കൂടി ബാറ്റുമൊക്കെ പൊക്കി എന്റെ നേരെ ഓടി വരുന്നതാണ്. അടി വീണു എന്നുറപ്പായ ആ നിമിഷം ഞാന്‍ ഒരു തീരുമാനമെടുത്തു. ഇനി ക്രിക്കറ്റ് ബാറ്റ് കൈകൊണ്ട് തൊടില്ല.
ബാറ്റ് താഴെയിട്ട് ഓടണോ അതൊ ബാറ്റു കൊണ്ട് അക്രമത്തെ നേരിടണോ എന്നു ചിന്തിക്കാന്‍ ഒരു സെക്കന്റ് എടുത്തു. അപ്പോഴേക്കും ജനക്കൂട്ടം എന്റെ അടുത്തെത്തിയിരുന്നു.
ഓടാന്‍ തീരുമാനിച്ച എന്റെ കാലുകള്‍ ഭൂമിയില്‍ നിന്നും പൊങ്ങി പോവുന്നത് മനസ്സിലാക്കാന്‍ അധിക നേരം വേണ്ടി വന്നില്ല. കാലുകള്‍ മാത്രമല്ല, ഞാന്‍ മൊത്തത്തില്‍ തറയില്‍ നിന്നും ഒരു ആറടി പൊക്കത്തിലാണെന്നു ഉടനെ തന്നെ എനിക്ക് മനസ്സിലായി.
താഴെ വീഴുന്നതിനു മുന്‍പു വീണ്ടും അവരെല്ലാം കൂടി എന്നെപ്പിടിച്ചു മുകളിലേക്കെറിഞ്ഞു. അങ്ങനെ അങ്ങനെ നാലഞ്ചു പ്രാവശ്യം ചെയ്തു മടുത്തപ്പോള്‍ അഞ്ചാമത്തെ പ്രാവശ്യം ലാന്‍ഡ് ചെയ്യാന്‍ വന്ന എന്നെ സ്വീകരിക്കാന്‍ ആളുണ്ടായില്ല.
നടു ഇടിച്ചു താഴെ വീണ എന്നെ പിടിച്ചെഴുന്നേല്‍പ്പിച്ചു ബിനു പറഞ്ഞു.
“നമ്മള്‍ കളി ജയിച്ചെടാ...”
“അതെന്ത്? മൂന്നു റണ്‍സ് അവര്‍ എഴുതിത്തള്ളിയോ?” ചോദിച്ചുപോയതാണ്.
“നിന്റെ ആ കവര്‍ ഡ്രൈവ്. കിടിലന്‍ ഷോട്ട്.”
“എതു ഷോട്ട്? എഹ്? ഓഹ്.. അതോ...അതൊക്കെ വെറും പിള്ളേരുകളി.” അപ്പൊ ഈ കണ്ണ് കവര്‍ ചെയ്തു അടിക്കുന്ന ഷോട്ടിനെയാണോ കവര്‍ ഡ്രൈവ് എന്ന് പറയുന്നത് എന്ന് ചോദിക്കാന്‍ അഭിമാനം അനുവദിച്ചില്ല.
ഞാനാണു താരം എന്ന്‍ പിടികിട്ടാന്‍ സ്വല്പം വൈകി, ആ ലാസ്റ്റ് പന്ത് ബാറ്റില്‍ കൊണ്ടു എന്നു മനസ്സിലാക്കാനും...
“അതു ഫോറ് പോവുമെന്ന് ഞാനൊട്ടും പ്രതീക്ഷിച്ചില്ല.” ബിനുവിന് അപ്പോഴും അത്ഭുതം.
“ഞാനേ പ്രതീക്ഷിച്ചില്ല, പിന്നയല്ലേ.” ആതമഗതം!
വാല്‍കക്ഷണം: ഹര്‍ഭജന്‍ സിംഗ് ഏഷ്യാകപ്പില്‍ സിക്സ് അടിച്ചു കളി ജയിപ്പിച്ചതും, സോക്കര്‍ വേള്‍ഡ്കപ്പില്‍ ചില ടീമുകളുടെ ഗോള്‍ അടിച്ചിട്ടുള്ള ആഹ്ലാദപ്രകടനങ്ങളും കണ്ടപ്പോള്‍ ഓര്‍മ്മ വന്നത്.
Share
തിരുവനന്തപുരത്ത് നിന്നും ജോലി രാജി വച്ച് വീട്ടില്‍ വന്ന ദിവസം തീരെ ഉറക്കം വന്നില്ല. ഭാവിയെ ഭൂതം പിടിച്ചു കുപ്പിയിലാക്കി വച്ചതു കൊണ്ട് ഇനിയെന്തു ചെയ്യും എന്നുള്ള ഒരു വിഷമം കൊണ്ടായിരുന്നില്ല. ഉണ്ടായിരുന്ന ഒരു നല്ല മെത്തയും പുതപ്പും സഹമുറിയനു കൊടുത്തിട്ടു വന്നതുകൊണ്ടായിരുന്നു ഉറക്കം വരാന്‍ സ്വല്‍പ്പം ബുദ്ധിമുട്ടിയത്.
ഒരാഴ്ച്ച അങ്ങനെ തിരിഞ്ഞും മറിഞ്ഞും ഒക്കെ കിടന്നു, ഉറക്കം വരാതെ കിടക്കുമ്പോള്‍ നൂറു മുതല്‍ താഴേക്ക് എണ്ണുന്നതിനേക്കാള്‍ നല്ലത് മോഹന്‍ലാലിന്റെ സിനിമകളുടെ പേര് ഓര്‍ക്കുന്നതായിരിക്കും എന്നുള്ള ഒരു കണ്ടുപിടിത്തം ഒക്കെ നടത്തിയും, പിന്നെയും ക്രിയേറ്റീവ് ആയി എന്തൊക്കെ ചെയ്യാം എന്നു ഗവേഷണം നടത്തിയും ചന്തിയില്‍ വെയിലടിക്കുന്നതുവരെ അട്ട ചുരുളുന്നതു പോലെ കിടന്നുറങ്ങിയും കാലം കഴിക്കവേ ഒരു ദിവസം...
രാവിലെ എന്നെ കാണാന്‍ ആരോ വന്നിട്ടുണ്ടെന്ന് അമ്മ വന്നു പറയുന്നു. ചെന്നപ്പോള്‍ ബിനു മുറ്റത്ത്.
കയ്യില്‍ ചുരുട്ടിപ്പിടിച്ച മെത്തയും പുതപ്പും എന്റെ മുന്നിലേക്കിട്ടിട്ടു അവന്‍ ഒരു പ്രസ്താവന നടത്തി.
“ഞാനും ജോലി രാജി വച്ചു അളിയാ...”
തിങ്കളാഴ്ച്ച രാവിലെയും ശനിയാഴ്ച വൈകിട്ടും കൊല്ലം തിരുവനന്തപുരം റൂട്ടില്‍ എന്റെ എണ്‍പത്തിയേഴു മോഡല്‍ ഒറിസ്സാ റജിസ്റ്റ്രേഷന്‍ ചേതക്കിന്റെ പിറകിലിരുന്ന്‍ യാത്ര ചെയ്യാന്‍ പറ്റാത്തതുകൊണ്ടോ അതോ എന്റെ മെത്തയിലും പുതപ്പിലും പതിയിരുന്നു എന്നോടുള്ള വിരോധം അവനോട് തീര്‍ത്ത മൂട്ടകളോടുള്ള പ്രതിഷേധസൂചകമായാണോ അവന്റെ ഈ തീരുമാനം എന്നു പെട്ടെന്നു മനസ്സിലാക്കാന്‍ പറ്റിയില്ല.
“എന്താ പ്രശ്നം? എന്താ സംഭവിച്ചത്?“ എന്റെ ജിജ്ഞാസ ഞാന്‍ മറച്ചു വച്ചില്ല.
“ഒന്നുമില്ലളിയാ.. അളിയന്‍ പറഞ്ഞതു ശരിയാ.. മറ്റുള്ളവരെ നന്നാക്കിയിട്ടു നമുക്കെന്തു കിട്ടാനാ?” നമുക്കു സ്വന്തമായി എന്തെങ്കിലും തുടങ്ങാം അളിയാ..”
ഞാന്‍ എപ്പൊഴാ അങ്ങനെ പറഞ്ഞത് എന്നൊരു ചോദ്യം മനസ്സില്‍ ഒരു ഏമ്പക്കം പോലെ പൊങ്ങി വന്നെങ്കിലും, അങ്ങനെ ഒരു ചിന്ത ഉള്ളില്‍ കിടക്കുന്നതുകൊണ്ട് ആ ഏമ്പക്കം അടക്കി ഞാന്‍ ഡീസന്റായി നിന്നു.
“അളിയന്റെ മനസ്സില്‍ എന്താ ഐഡിയ?”
“അങ്ങനെ ഐഡിയ ഒന്നുമില്ല അളിയാ. വെള്ളക്കച്ചവടം നല്ലൊരു ബിസിനസ്സ് ആണെന്ന് കേട്ടു. ഒന്നു നോക്കിയാലോ?”
വെറുംവയറ്റില്‍ വെള്ളമെന്നു കേട്ടപ്പോള്‍ ഞാന്‍ ഒന്നു ഞെട്ടി. ഇവന്‍ അബ്കാരി ലൈന്‍ പിടിക്കാനുള്ള പുറപ്പാടാണ്. നാട്ടിലെ അബ്കാരി പയ്യന്‍മാര്‍ സെന്നിലും സാന്‍ഡ്രോയിലുമൊക്കെ ചെത്തി നടക്കുന്നതു കണ്ടിട്ടുള്ള പൂതി തന്നെ.
“അതു വേണ്ട അളിയാ. ഒരുപാട് റിസ്ക് ആണ്. പിന്നെ ഒരു റേഞ്ച് പിടിക്കാന്‍ ലക്ഷങ്ങള്‍ വേണം.”
“അതെന്തിനാ അളിയാ മിനറല്‍ വാട്ടര്‍ വില്‍ക്കാന്‍ റേഞ്ച് പിടിക്കുന്നത്?” ബിനു കണ്‍ഫ്യൂഷനിലായി.
“അതു ശരി, മിനറല്‍ വാട്ടര്‍ ആയിരുന്നോ. ഞാന്‍ വിചാരിച്ചു...ബസ് സ്റ്റാന്റില്‍ വില്‍ക്കാനാണോ?”
“അല്ലെട കഴുതേ. നമുക്ക് അതിന്റെ ഡിസ്റ്റ്രിബ്യൂഷന്‍ എടുത്താലോ? ഇപ്പൊ വെള്ളം കവറില്‍ വരുന്നുണ്ട്. ഞാന്‍ അന്വേഷിച്ചപ്പോള്‍ അതിനു കൊല്ലത്ത് വിതരണത്തിന് ആളെ ആവശ്യമുണ്ടെന്ന് കേട്ടു.”
“അതു ശരി. അപ്പൊ കവറില്‍ ചാരായം മാത്രമല്ല, വെള്ളവും കിട്ടും അല്ലേ? എന്തായാലും ആ പരിപാടിക്ക് ഞാനില്ല.”
“പിന്നെ നീ തന്നെ എന്തെങ്കിലും ഐഡിയ പറയ്. നമുക്ക് ഉടനെ എന്തെങ്കിലും തുടങ്ങണം.”
“എന്റ്റെ അഭിപ്രായത്തില്‍ കമ്പ്യൂട്ടര്‍ റിലേറ്റഡ് ആയിട്ടെന്തെങ്കിലും തുടങ്ങുന്നതാ നല്ലത്. അതാവുമ്പോഴേ ഒരു വെയിറ്റ് ഉള്ളു.” ഞാന്‍ നയം വ്യക്തമാക്കി.
ഒരാഴ്ച്ചത്തെ കൂലംകഷമായ ചര്‍ച്ചയ്ക്കൊടുവില്‍ കുണ്ടറയില്‍ ഒരു ഡി.ടി.പി സെന്റര്‍ തുടങ്ങാനുള്ള ആശയം രൂപം കൊണ്ടു. കൂടുതല്‍ ആലോച്ചിച്ചും ചര്‍ച്ച ചെയ്തും കാര്യങ്ങള്‍ വഷളാക്കാനുള്ള മിടുക്ക് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഉള്ളതുകൊണ്ടും കാര്യങ്ങള്‍ നടന്നു കാണാന്‍ ആഗ്രഹമുള്ളതുകൊണ്ടും അപ്പൊ തന്നെ കുണ്ടറയില്‍ ഒരു മുറി കടയ്ക്ക് അഡ്വാന്‍സ് കൊടുക്കുന്നതു വരെ കാര്യങ്ങള്‍ കൊണ്ടെത്തിച്ചു.
കല്ലച്ചിന്റെ കച്ചറ അക്ഷരങ്ങളില്‍ നിന്നും കുണ്ടറക്കാര്‍ കമ്പ്യൂട്ടറിന്റെ മനോഹരമായ ലിപികളിലേക്ക് ഉണര്‍ന്നെഴുന്നേല്‍ക്കുന്നത് സ്വപ്നം കണ്ട് പിന്നീടുള്ള രാത്രികള്‍ വീണ്ടും എനിക്കു ഉറക്കമില്ലാത്തവയായിരുന്നു.
അങ്ങനെ ഒരു ഏപ്രില്‍ മാസം (ഒന്നാം തിയതിയല്ല) കുണ്ടറയ്ക്ക് തിലകക്കുറി ചാര്‍ത്തി ഒരു ഡി.ടി.പി സെന്ററ് നിലവില്‍ വന്നു. പേജ് മേക്കറും കോറല്‍ ഡ്രോയും ഫോട്ടോഷോപ്പും കേട്ടിട്ടു പോലുമില്ലാതിരുന്ന ഞാനും ബിനുവും കൂടി ആദ്യ ദിവസം വേഡ് പാഡില്‍ കല്ല്യാണക്കുറി ടൈപ്പ് ചെയ്തു കൊടുത്തു ബിസിനസ്സ് തുടങ്ങി ആദ്യ ദിവസം കസ്റ്റമറുടെ കയ്യില്‍ നിന്നും കൈനീട്ടി വാങ്ങിയവര്‍ എന്ന പേരില്‍ ചരിത്രം കുറിച്ചു.
കല്യാണക്കൂറി ടൈപ്പ് ചെയ്യാന്‍ പോയിട്ട് കൊലപാതകിയായി ജയിലില്‍ പോയി എന്നുള്ള പേരുദോഷം ഒരാള്‍ക്കും വരാതിരിക്കണമെങ്കില്‍ പണി അറിയാവുന്ന ആരെയെങ്കിലും വയ്ക്കുന്നതാണ് നല്ലതെന്ന വെളിപാട് ആദ്യ ദിവസം കട പൂട്ടുമ്പോള്‍ ബിനു ആണ് പറഞ്ഞത്.
പിറ്റേന്ന് മുതല്‍ അതിനുള്ള തിരച്ചിലായി. ചാത്തന്നൂരില്‍ ഒരു ഓഫ്സെറ്റ് പ്രസ്സില്‍ ഡി.ടി.പി ഓപ്പറേറ്ററായി ജോലി ചെയ്യുന്ന അനീഷിന്റെ കാര്യം പറഞ്ഞത് മറ്റൊരു സുഹൃത്താണ്. അന്നു തന്നെ അനീഷിനെ വീട്ടില്‍ പോയി കണ്ട് ആകര്‍ഷകമായ ഒരു പാക്കേജ് ഓഫര്‍ ചെയ്ത് കരാറുറപ്പിച്ചു.
അടുത്ത തിങ്കളാഴ്ച്ച വരെ ആരുടെയും കൈക്ക് അധികം പണിയുണ്ടാക്കാതെ ഞാനും ബിനുവും കൂടി ഒരു വിധത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തു കൊണ്ടു പോയി. ആ പേരില്‍ ഒരു ആഴ്ചത്തെ ഉറക്കവും പോയി.
തിങ്കളാഴ്ച അനീഷ് പത്തു മണിക്ക് വന്നപ്പോഴാണ് സമാധാനമായത്. കീബോറ്ഡും മൌസും അനീഷിനു ഹാന്ഡ് ഓവര്‍ ചെയ്തിട്ട് പതുക്കെ പുറത്തു വന്നു ഒരു ദീര്‍ഘനിശ്വാസം വിട്ടു.
അഞ്ചു മണിയായപ്പോള്‍ പേപ്പറൊക്കെ മടക്കി, പേജ് മേക്കറും കോറല്‍ഡ്രോയും ക്ലോസ് ചെയ്ത് അനീഷ് ബാഗുമെടുത്ത് പോവാനൊരുങ്ങി.
മുതലാളിയുടെ കസേരയില്‍ ഞെളിഞ്ഞിരുന്ന് ക്വട്ടേഷന്‍സ് അടിച്ചുകൊണ്ടിരുന്ന ഞാന്‍ രൂക്ഷമായി അനീഷിനെ നോക്കി ചോദിച്ചു: “എങ്ങോട്ടാ ഇത്ര നേരത്തേ?”
“വീട്ടിലേക്ക്. എനിക്ക് അഞ്ചു മണിവരെയെ ജോലി ചെയ്യാന്‍ പറ്റുള്ളൂ എന്നു ഞാന്‍ നേരത്തേ പറഞ്ഞതല്ലേ?”
“അതിനു ഇന്നു വന്നത് തന്നെ പത്തുമണിക്കല്ലേ.” ഞാന്‍ ഒന്നു കടുപ്പിച്ചു.
“അതുകൊണ്ട്?” അനീഷിന്റെ ശബ്ദവും ഒന്നു കടുത്തു.
“ഹല്ല, അതുകൊണ്ടൊന്നുമില്ല. ബസ്സ് വരാന്‍ നേരമായി. വേഗം ചെല്ല്. പൈസ വല്ലതും വേണോ?” ഞാന്‍ കാറ്റു പോയ ബലൂണായി.
“പൈസ ഒന്നും വേണ്ട. ശമ്പളം കൃത്യമായി ഇങ്ങു തന്നാല്‍ മതി.” അനീഷ് എന്നെ കടുപ്പിച്ചൊന്നു നോക്കിയിട്ട് ഇറങ്ങിപ്പോയി.
ഒരു മാസം കൊണ്ട് ഡി.ടി.പി സെന്റര്‍ പച്ചപിടിച്ചു. അനീഷ് എന്നെയും ബിനുവിനെയും പേജ്മേക്കര്‍, കോറല്‍ഡ്രോ, ഫോട്ടോഷോപ് എന്നിവ ഉപയോഗിക്കാന്‍ പഠിപ്പിച്ചു. ഞങ്ങള്‍ രണ്ടു നിരുപദ്രവകക്ഷികള്‍ ആണെന്ന് മനസ്സിലാക്കിയിട്ടോ, ഇവന്മാര്‍ ഇതു നടത്തിയാല്‍ തനിക്ക് പണിയാവും എന്നു കരുതിയിട്ടൊ, അനീഷ് അത് സ്വന്തം സ്ഥാപനം പോലെ നോക്കി നടത്താന്‍ തുടങ്ങി.
പകല്‍ മുഴുവന്‍ അനീഷ് കടയുടെ ചുക്കാന്‍ പിടിക്കാന്‍ തുടങ്ങിയപ്പോള്‍ വര്‍ക്ക് ക്യാന്‍വാസ് ചെയ്യാനും മറ്റുമായി ഞങ്ങള്‍ പുറത്ത് പോവാനും തുടങ്ങി.
ഒരു ദിവസം പകലത്തെ കറക്കം ഒക്കെ കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ അനീഷ് ഒരു വലിയ ഫയലൊക്കെ പിടിച്ച് ഇരിക്കുന്നു.
“ബിനുവേട്ടാ, നമുക്ക് ഒരു കമ്പ്യൂട്ടറ് കൂടി വാങ്ങണം. എന്നിട്ടു നിങ്ങള്‍ കൂടി വര്‍ക്ക് തുടങ്ങണം.” അനീഷ് ആകെ എക്സൈറ്റഡ് ആണ്.
“എന്താടാ സംഭവം? സര്‍ക്കാര്‍ ചോദ്യപ്പേപ്പര്‍ അടിക്കാന്‍ നമ്മളെ ഏല്‍പ്പിച്ചോ?” ഫയലൊക്കെ കണ്ട് ഞാന്‍ ചോദിച്ചു.
“അതല്ല. ഇന്നു ഇവിടെ ഒരു സിനിമാഡയറക്ടര്‍ വന്നിരുന്നു. അയാളുടെ പുതിയ സിനിമയുടെ തിരക്കഥ നമ്മളാണ് ഡി.ടി.പി ചെയ്യുന്നത്. ഇതു കഴിഞ്ഞാല്‍ എല്ലാ മാസവും അയാള്‍ തിരക്കഥയുടെ വര്‍ക്ക് തരാം എന്നു പറഞ്ഞിട്ടുണ്ട്.”
“അയാളെന്താ തിരക്കാഥാ ഫാക്ടറിയോ? എല്ലാ മാസവും തിരക്കഥ എഴുതാന്‍.” ഉള്ളില്‍ സന്തോഷം തോന്നിയെങ്കിലും ആദ്യം വായില്‍ വന്നത് വികടനായിരുന്നു.
എന്തായാലും നോക്കട്ടെ. ഞാന്‍ ഫയല്‍ കയ്യിലെടുത്തു.
“പ്രേതമാണെങ്കില്‍ സോറി, പ്രവേശനമില്ല - കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ശശി.” തലക്കെട്ടും പേരും കൂടി കണ്ടപ്പോള്‍ അറിയാതെ ചിരിച്ചു പോയി.
“ഇതെന്തുവാടെ ഇതു? യേത് ശശി? ഇയാളുടെ വേറെ ഏതു പടം ഇറങ്ങിയിട്ടുണ്ട്?” മലയാള സിനിമയില്‍ എനിക്കുള്ള പാണ്ഡിത്യം അറിയാവുന്ന ബിനു എന്റെ നേരെ നോക്കി.
“ശശി എന്നു പറയുമ്പോള്‍ ചിലപ്പോള്‍ ശശിധരന്‍ ആയിരിക്കും.” പെട്ടെന്നു ശശി എന്നു പേരുള്ള ഒരു സംവിധായന്‍ മനസ്സിലേക്ക് വരാത്തതുകൊണ്ട് ഉച്ചപ്പടത്തിന്റെ സംവിധായകന്മാരുടെ പേരുകള്‍ ഒക്കെ ഒന്നു ഓര്‍ത്തു നോക്കി. ആ സിനിമകളുടെ പോസ്റ്റര്‍ നോക്കുമ്പോള്‍ സംവിധായകന്റെ പേര് നോക്കാന്‍ സമയം കളയാത്തതില്‍ അപ്പൊഴാണ് ഖേദം തോന്നിയത്.
“ഇതു അയാളുടെ ആദ്യത്തെ സിനിമയാണ് അടുത്ത മാസം ഷൂട്ടിങ്ങ് തുടങ്ങും. അയാള്‍ക്ക് എഴുതാനുള്ള അന്തരീക്ഷത്തിനു വേണ്ടി ഇപ്പോള്‍ കുണ്ടറയിലാണ് താമസം. ഇവിടെ ഇഷ്ടപ്പെട്ടാല്‍ ഇവിടെ തന്നെ ഷൂട്ടിങ്ങ് നടത്താനും പ്ലാനുണ്ട്.“ അനീഷ് വിശദീകരിച്ചു.
“എന്തായാലും നീ വര്‍ക്കുകളുടെ ഇടയില്‍ കിട്ടുന്ന ഒഴിവു സമയത്ത് ടൈപ്പ് ചെയ്ത് തുടങ്ങ്. നമുക്ക് രണ്ടാഴ്ച സമയമുണ്ടല്ലോ. അത്യാവശ്യമാണെങ്കില്‍ ഞാനും ബിനുവും രാത്രി കൂടി ഇരുന്നു ടൈപ്പ് ചെയ്തു തീര്‍ത്തു കൊടുക്കാം. എന്തായാലും അടുത്ത തവണ വരുമ്പോള്‍ അദ്ദേഹത്തെ ഒന്നു പരിചയപ്പെടണം.” ഒരു വലിയ വര്‍ക്ക് കിട്ടിയതിന്റെ സന്തോഷത്തില്‍ ആയിരുന്നു ഞാന്‍.
“അഭിനയിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ അഭിനയിപ്പിക്കാം എന്നു പറഞ്ഞിട്ടുണ്ട് ശശിസാര്‍.” അനീഷ് അതു പറയുമ്പോള്‍ ഒരു സഹസംവിധായകന്റെ തൊപ്പി ഞാന്‍ മനസ്സില്‍ അണിഞ്ഞു കഴിഞ്ഞിരുന്നു. അന്നു മുതല്‍
ഉറക്കത്തില്‍ സ്റ്റാര്‍ട്ട്, ഏക്ഷന്‍, കട്ട് എന്നിങ്ങനെയുള്ള വാക്കുകള്‍ കേട്ട് ഞാന്‍ ഞെട്ടിയുണരാന്‍ തുടങ്ങി.
രണ്ടു ദിവസങ്ങള്‍ക്കു ശേഷം സാക്ഷാല്‍ സംവിധായകന്‍ പ്രത്യക്ഷപ്പെട്ടു. പരിചപ്പെടല്‍ സൌഹൃദസംഭാഷണങ്ങളിലൂടെ മുന്നോട്ട് നീങ്ങി. ഒന്നിലധികം സിഗരറ്റുകള്‍ പുകഞ്ഞു തീര്‍ന്നു. പുതിയ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുവാനുള്ള കരാറിലേര്‍പ്പെട്ടു.
ആഴ്ചയില്‍ അന്നു രണ്ടു ദിവസങ്ങളില്‍ അദ്ദേഹം പുരോഗതി അറിയാന്‍ വന്നു തുടങ്ങി. ഇടയ്ക്ക് ടൈപ്പ് ചെയ്തിടത്തോളം പ്രൂഫ് പ്രിന്റ് എടുത്ത് വായിച്ചു നോക്കി തെറ്റുകള്‍ തിരുത്തും. അങ്ങനെ ഒരു സിനിമയുടെ
നിര്‍മ്മാണത്തിന്റെ പ്രാരംഭഘട്ടങ്ങള്‍ പുരോഗമിക്കാന്‍ തുടങ്ങി.
കാര്യങ്ങള്‍ ഇങ്ങനെ സ്മൂത്തായി പൊയ്കൊണ്ടിരിക്കെ ഒരു വൈകുന്നേരം സംവിധായകന്‍ ഓടിപ്പിടിച്ച് കയറിവന്നു. ഏതെങ്കിലും സിനിമയുടെ പ്രൊഡ്യൂസര്‍ തല്ലാന്‍ ഓടിച്ചതാണെന്നാണ് ഞാന്‍ ആദ്യം വിചാരിച്ചത്. ബട്ട്, ഇദ്ദേഹം നേരത്തേ ഒരു സിനിമ പോലും പിടിച്ചിട്ടില്ലാത്ത ആളായതുകൊണ്ട് ആ പ്രതീക്ഷ വേണ്ട എന്നു ഞാന്‍ തന്നെ തീരുമാനിച്ചു.
“മാഷെ, ഒരു ആയിരം രൂപ വേണം. ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങിക്കഴിഞ്ഞിട്ടാണ് ഓര്‍ത്തത്, ഇന്നു വൈകുന്നേരം സ്ക്രിപ്റ്റ് ഡിസ്കഷന് ഒരു പ്രൊഡ്യൂസര്‍ വരുന്നുണ്ട്. പുള്ളിയെ ഒന്നു സല്‍ക്കരിച്ചു വിടണം. ഇനി വീട്ടില്‍ പോയി പൈസ എടുക്കാന്‍ സമയമില്ല.”
അതേതു കോത്താഴത്തെ പ്രൊഡ്യൂസറാ സാറേ കുണ്ടറ വന്നു കഥ കേള്‍ക്കുന്നത് എന്നു ചോദിക്കാന്‍ മുട്ടിയെങ്കിലും തല്‍ക്കാലം ഇദ്ദേഹവുമായി മുട്ടി ഉള്ള ചാന്‍സ് കളയണ്ട എന്നു കരുതി പൈസ എടുത്തുകൊടുത്തു.
അതിനു ശേഷം ഏതാണ്ട് പത്തു പ്രൊഡ്യൂസര്‍മാരെ അദ്ദേഹം സല്‍ക്കരിച്ചു, എന്റെ ഏകദേശം പതിനായിരം രൂപ ബീവറേജസ് കോര്‍പ്പറേഷനും കുണ്ടറ മോഡേണ്‍ ബാറിനും പോയി. ഞാനൊരു പ്രൊഡ്യൂസറേയും കണ്ടതുമില്ല, ഭാവിയിലെ സഹസംവിധായകന്‍ കഥയൊട്ടു കേട്ടതുമില്ല.
അങ്ങനെ പ്രൊഡ്യൂസര്‍മാരൊക്കെ വന്നുപോയിക്കഴിഞ്ഞപ്പോള്‍ ഒരു കാര്യം മനസ്സിലായി, ഇനി വല്ല പ്രേതങ്ങളെക്കൊണ്ടു തന്നെ ഈ സിനിമ പ്രൊഡ്യൂസ് ചെയ്യിക്കേണ്ടിവരും.
ഒരുദിവസം മുഴുവന്‍ സംവിധായകനും സഹസംവിധായകനും, സഹസംവിധായകന്റെ സുഹൃത്തും കൂടി ഇരുന്നു കൂലംകക്ഷമായി ചര്‍ച്ച ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ഒരു മുട്ടന്‍ ഐഡിയ പൊങ്ങിവന്നു.
താരങ്ങളുടെ ഡേറ്റുമായി കുണ്ടറ ആശുപത്രിമുക്കില്‍ വെറുതേ പോയി ഇരുന്നാല്‍ മതിയത്രേ, പ്രൊഡ്യൂസര്‍മാര്‍ വന്നു കാറില്‍ കയറ്റിക്കൊണ്ടു പോയി ക്യാമറയുടെ പിന്നില്‍ ഇരുത്തുമത്രേ...
സംഭവം കൊള്ളാം. എന്നാല്‍ പിന്നെ താരനിര്‍ണ്ണയം എന്ന ചടങ്ങായി അടുത്തത്. അന്നു മാര്‍ക്കറ്റ് ഉണ്ടായിരുന്ന ഇന്ദ്രന്‍സ് മുതല്‍ മുകളിലേക്കുള്ളവരുടെ ലിസ്റ്റ് എടുത്തപ്പോള്‍ (മുകളില്‍ നിന്നും താഴേക്കുള്ള ലിസ്റ്റ് എടുക്കാന്‍ സംവിധായകനു ധൈര്യം പോരായിരുന്നു. അതിന്റെ കാരണം എന്റെ പോക്കറ്റിന്റെ വലിപ്പം പോരാത്തതായിരുന്നു എന്നു പിന്നീട് മനസ്സിലായി) ബിജുമേനോനില്‍ എത്തി നിന്നു. എന്നാല്‍പ്പിന്നെ ചലോ തൃശ്ശൂര്‍ എന്നായി അടുത്ത സ്റ്റെപ്പ്.
തൃശ്ശുര്‍ പോകനുള്ള ടാക്സി റെഡിയായി. പക്ഷെ ടാക്സിയില്‍ കയറുന്നതിനു മുമ്പ് സംവിധായകന്‍ എന്നെ വിളിച്ചു മാറ്റി നിര്‍ത്തി ചോദിച്ചു. “കൈയ്യില്‍ പൈസ എത്രയുണ്ട്?”
“നിങ്ങള്‍ തൃശ്ശൂര്‍ പോകുന്നതിന് എന്റെ കയ്യിലുള്ള പൈസയുടെ കണക്കെന്തിനാ?” ഞാന്‍ സഹസംവിധായകന്റെ പണി രാജി വച്ചു എന്ന് പറഞ്ഞ് ഒരു ക്ലാപ്പ് ബോര്‍ഡ് എടുത്ത് അദ്ദേഹത്തിന്റെ കയ്യില്‍ കൊടുക്കണമെന്നാണ് ആദ്യം തോന്നിയതെങ്കിലും തല്‍ക്കാലം അത്രയേ ചോദിക്കാന്‍ പറ്റിയുള്ളു.
“അല്ല, ബിജുവിന് അഡ്വാന്‍സ് കൊടുക്കണമെങ്കില്‍ കുറച്ച് പൈസ കയ്യില്‍ കരുതണ്ടേ. ഇതിപ്പൊ ഒരു രണ്ടാഴ്ച. ഡേറ്റ് കിട്ടിയാല്‍ അപ്പൊ വരില്ലേ പ്രൊഡ്യൂസേര്‍സ് നമ്മളെ തപ്പി.”
“എന്നെ തപ്പി ആരും വരണ്ട. എന്തായാലും കുറച്ചു പൈസ എങ്ങനെയെങ്കിലും ഒപ്പിച്ചു തരാം. ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചു കൊടുക്കണം.”
ദേ പോയി അടുത്ത ഇരുപതിനായിരം രൂപ.
ബിജുമേനോനെ കാണാന്‍ പോയ സംവിധായകന്‍ തിരിച്ചു വന്നിട്ട് ഒരാഴ്ച പുറത്തിറങ്ങിയില്ല. ഒരു സഹസംവിധായകന്റെ ഭാരിച്ച ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുന്നത് ശരിയല്ല എന്നു തോന്നിയതുകൊണ്ട് ഞാന്‍ അങ്ങോട്ട് ചെന്നു കാണാന്‍ തീരുമാനിച്ചു.
ചെന്നപ്പോള്‍ സംവിധായകന്‍ ടിവിയുടെ മുന്നിലാണ്. അങ്ങോട്ടെന്തെകിലും ചോദിക്കുന്നതിനു മുന്‍പു തന്നെ അദ്ദേഹം വളരെ സന്തോഷത്തൊടെ പറഞ്ഞു:
“ഞാന്‍ ഒരാഴ്ച്ചയായി നിര്‍ത്താതെ സിനിമ കാണുകയാണ്. ഒരു ടി.വി.യും വീ.സീ.ആറും വാടകയ്ക്ക് എടുത്തു. എണ്‍പതുകളില്‍ ഇറങ്ങിയ ഒട്ടുമിക്ക സിനിമകളും കണ്ടു തീര്‍ത്തു. ഇനി തൊണ്ണൂറ് തുടങ്ങണം.”
പെട്ടെന്ന് വായില്‍ തോന്നിയത് ഒരു കുടുംബത്തില്‍ നിന്ന് പറയാന്‍ കൊള്ളാത്തതായതിനാല്‍ അതു വിഴുങ്ങേണ്ടിവന്നു. “ആഹ അപ്പൊ കഥ അടിച്ചു മാറ്റാനുള്ള പരിപാടിയാണോ.” എന്നു മാത്രം ചോദിച്ച് തൃപ്തിപ്പെടേണ്ടിവന്നു.
“നമ്മുടെ കഥയ്ക്ക് ഒരു ഇതു പോരാ എന്നാണ് ഒരു പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് പറഞ്ഞത്. അതുകൊണ്ട് പഴയ സിനിമകളുടെ ഒരു ട്രീറ്റ്മെന്റ് പഠിക്കുകയായിരുന്നു.”
ട്രീറ്റ്മെന്റ് പഠിച്ചുകൊണ്ടിരിക്കുന്ന ഒരു പാവം സിനിമാവിദ്യാര്‍ത്ഥിയെ കൂടുതല്‍ ഉപദ്രവിക്കേണ്ട എന്നു കരുതി കൂടുതല്‍ ഒന്നും മിണ്ടാതെ ഞാന്‍ സ്ഥലം കാലിയാക്കി.
ഒരാഴ്ചയ്ക്കു ശേഷം ഞാനും ബിനുവും ഇല്ലാതിരുന്ന സമയത്ത് സംവിധായകന്‍ ഓഫീസില്‍ വന്ന് സ്ക്രിപ്റ്റ് ഫയല്‍ അനീഷില്‍ നിന്നും വാങ്ങിക്കൊണ്ടുപോയി. സംവിധായകന്റെ വീട്ടില്‍ പോയെങ്കിലും അയാള്‍ വീടൊഴിഞ്ഞു പോയി എന്നുള്ള സന്തോഷവാര്‍ത്ത കേട്ടു മടങ്ങേണ്ടി വന്നു.
അവസാനം ഞാനും ബിനുവും കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ ദുരന്തകഥകള്‍ കൈമാറി ഇരിപ്പായി. ഇടയ്ക്ക് അനീഷിനു സമയം കിട്ടുമ്പോള്‍ കഥ കൈമാറാന്‍ അവനും സഹായിച്ചു. ഇപ്പൊ സ്ക്രിപ്റ്റുമില്ല, സംവിധായകനുമില്ല, കയ്യിലിരുന്ന പൈസയുമില്ല എന്ന അവസ്ഥയായി.
പാലിനു കരഞ്ഞോണ്ടിരുന്ന കൊച്ചിന്റെ തലയില്‍ പുന്നയ്ക്ക വീണ പോലെ ഡി.ടി.പി ചെയ്യാന്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്കും വടിയായി. ഒരുപാട് പ്രസ്സുകാരുടെ നൂറുകണക്കിന് പേജുകള്‍ വരുന്ന ടൈപ്പ് ചെയ്ത വര്‍ക്കുകള്‍ ശ്യൂനതയില്‍ ലയിച്ചു.
ഒരു പുതിയ ഹാര്‍ഡ് ഡിസ്ക് സംഘടിപ്പിച്ചു ഒരാഴ്ച രാത്രിയും പകലും പണിയെടുത്തു കാര്യങ്ങള്‍ പഴയ പടിയിലേക്ക് പുനസ്ഥാപിക്കുന്ന തിരക്കില്‍ സിനിമയേയും സഹസംവിധായകനേയും സ്ക്രിപ്റ്റുമൊക്കെ മറന്നു.
**********************************************************
കലണ്ടറില്‍ താളുകള്‍ പലതു മറിഞ്ഞു. ജീവിതം കിതച്ചും മൂളിയും കല്‍ക്കരി വണ്ടി പോലെ പൊയ്ക്കൊണ്ടീരിക്കെ ഒരു നാള്‍...
ഒരു രജിസ്റ്റേര്‍ഡ് പോസ്റ്റ് ഉണ്ടെന്ന്‍ അനീഷ് വിളിച്ചു പറഞ്ഞപ്പോള്‍ ആദ്യം ഒന്നമ്പരന്നു. സര്‍ക്കാര്‍ ജോലിക്ക് അപ്ലിക്കെഷന്‍ അയച്ചതായി ഓര്‍ക്കുന്നില്ല. പിന്നെ, ശരിക്കും സര്‍ക്കാര്‍ വല്ല ചോദ്യപ്പേപ്പറും അച്ചടിക്കുന്ന പണി നമ്മളെ ഏല്‍പ്പിച്ചോ? എന്തായാലും കേട്ടപാതി കേള്‍ക്കാത്തപാതി ജീവന്‍ കളഞ്ഞ് ഓടിപ്പിടിച്ച് പോസ്റ്റ് ഓഫീസിലെത്തി കത്ത് കൈപ്പറ്റി.
എറണാകുളത്തെ ഒരു പ്രമുഖ വക്കീലിന്റെ ഓഫീസില്‍ നിന്നും അയച്ച കുറിമാനം. തുറന്നു വായിച്ചതിങ്ങനെ:
“എന്റെ കക്ഷി ശശി നായരുടെ ഷൂട്ടിങ്ങ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന പ്രേതമാണെങ്കില്‍ സോറി പ്രവേശനമില്ല എന്ന സിനിമയുടെ സ്ക്രിപ്റ്റ് നിങ്ങളുടെ ഉടമസ്ഥതയിലുള്ള ഡി.ടി.പി സെന്ററില്‍ കമ്പ്യൂട്ടര്‍ ടൈപ്പ് സെറ്റ് ചെയ്യാന്‍ ഏല്‍പ്പിച്ചിട്ടുള്ളതും സ്ക്രിപ്റ്റ് നിങ്ങളുടെ കയ്യില്‍ ദീര്‍ഘനാള്‍ സൂക്ഷിച്ചിട്ടുള്ളതുമാകയാല്‍ ആ സിനിമയുമായി സാമ്യമുള്ളതോ അതിലെ കഥാപാത്രങ്ങളുമായി സാമ്യമുള്ളതോ ആയ എതെങ്കിലും സിനിമയോ കഥാപാത്രങ്ങളോ മലയാളത്തിലോ ഇതരഭാഷകളിലോ പ്രത്യക്ഷപ്പെട്ടാല്‍ അതിന്റെ സകലവിധ ഉത്തരവാദിത്വങ്ങളും നിങ്ങളില്‍ നിക്ഷിപ്തമാണെന്ന് ഇതിനാല്‍ തര്യപ്പെടുത്തുന്നു.”
“അളിയാ, ലോകത്തെവിടെയെങ്കിലും ഇനി പ്രേതമുള്ള സിനിമ ഇറങ്ങിയാല്‍ നീ അകത്താവുമോ?” ബിനുവിന്റെ ജനുവിന്‍ ചോദ്യം അന്തരീക്ഷത്തില്‍ അലയടിച്ചു.
*********************************************************
ചുരുട്ടിക്കൂട്ടിയെറിഞ്ഞ വക്കീല്‍ നോട്ടീസ് ചെന്നു വീണത് പ്രൂഫ് നോക്കാനെടുത്ത പഴയ പ്രിന്റ് ഔട്ട്കളുടെ ഇടയില്‍. അനീഷ് ആ കടലാസു കൂമ്പാരത്തില്‍ നിന്നും ഒരു കെട്ടു പേപ്പറുകള്‍ വലിച്ചെടുത്തു. എന്റെ കയ്യില്‍ നിന്നും സിഗരറ്റ് ലൈറ്ററും വാങ്ങി പുറത്തേക്ക് നടന്നു.
“ഇതയാളുടെ പ്രേതത്തിന്റെ പഴയ ലൌ ലെറ്ററുകളാണ്. ഇനി ഇതിവിടെ ഇരുന്നാല്‍ അയാളുടെ പ്രേതം ഇവിടെയൊക്കെ അലഞ്ഞു നടക്കും.” അനീഷ് അസാദ്ധ്യ കലിപ്പിലാണ്.
തിരിച്ചു വന്ന അനീഷിന്റെ കയ്യില്‍ ഒരു പേജ് മാത്രം അവശേഷിച്ചു. സെല്ലൊ ടേപ്പ് എടുത്ത് ഓഫീസിന്റെ കതകിനു മുകളില്‍ അനീഷ് അതു ഭംഗിയായി ഒട്ടിച്ചു വച്ചു.
“പ്രേതമാണെങ്കില്‍ സോറി, പ്രവേശനമില്ല”
Share
“ഞാന്‍ ഈ ക്ലോക്ക് ടവര്‍ അങ്ങു വാനിഷ് ചെയ്താലോ?”
പെട്ടെന്ന് അത്രയും കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി. ജ്യൂസ് വാങ്ങാന്‍ നീട്ടിയ കൈ പെട്ടെന്ന് ഞാന്‍ പിന്നോട്ട് വലിച്ചതുകൊണ്ട് ജ്യുസ് കടക്കാരന്റെ ബാലന്‍സ് തെറ്റി ജ്യൂസ് പിടിച്ചിരുന്ന കൈ ഒന്നു വിറച്ചു.
“എന്താ പറഞ്ഞത്?” ക്ലോക്ക് ടവര്‍ വാര്‍ണിഷ് ചെയ്താലോ എന്നുള്ളത് ഞാന്‍ തെറ്റി കേട്ടതാവാനേ തരമുള്ളു എന്നു കരുതി വളരെ പ്രതീക്ഷയോടെ ക്ലോക്ക് ടവറിന്റെ മുകളിലേക്ക് നോക്കി നില്‍ക്കുന്ന സജീവണ്ണന്റെ മുഖത്തേക്ക് നോക്കി.
“അല്ല, ഈ ക്ലോക്ക് ടവര്‍ എങ്ങനെ വാനിഷ് ചെയ്യാം എന്ന് ആലോചിക്കുകയായിരുന്നു.” അദ്ദേഹം വിടാനുള്ള ഭാവം ഇല്ല.
ഞാന്‍ ജ്യൂസ് കടക്കാരന്റെ മുഖത്തേക്ക് നോക്കി. ഏതോ തീവ്രവാദികളെ കണ്ട ഭാവത്തിലാണ് പുള്ളിയുടെ നില്‍പ്പ്. തരം കിട്ടിയാല്‍ അയാള്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് ഓടുമെന്ന് എനിക്കു തോന്നി.
മര്യാദയ്ക്ക് ഓഫീസില്‍ അടങ്ങിയിരുന്നു ജോലി ചെയ്തുകൊണ്ടിരുന്ന എന്നെ ചിന്നക്കടയില്‍ കൊണ്ടുപോയി ജ്യൂസ് വാങ്ങിത്തരാമെന്ന് പറഞ്ഞ് വിളിച്ചിറക്കിക്കൊണ്ട് വന്നത് ഇതിനായിരുന്നോ ദൈവമേ എന്ന് അറിയാതെ ചിന്തിച്ചുപോയി ഞാന്‍.
എന്തായാലും തടി കേടാവുമെന്ന് മനസ്സിലായപ്പോള്‍ പതുക്കെ സജീവണ്ണനെയും വിളിച്ചോണ്ട് സ്ഥലം വിടുന്നതാണ് നല്ലതെന്ന് എനിക്കു തോന്നി.
“അല്ലെടാ.. മുതുകാട് സെക്രട്ടേറിയറ്റ് വാനിഷ് ചെയ്യാന്‍ പരിപാടി ഇടുന്നുണ്ടെന്ന് കേട്ടില്ലേ.. അപ്പൊ ഞാന്‍ മിനിമം ഈ ക്ലോക്ക് ടവര്‍ എങ്കിലും വാനിഷ് ചെയ്യേണ്ടേ?” നിഷ്ക്കളങ്കമായിരുന്നു ആ ചോദ്യം.
ഓഹ്...സമാധാനമായി. അപ്പൊ സംഗതി തീവ്രവാദമല്ല. അമേരിക്കയില്‍ രണ്ടു ടവറുകള്‍ പൊളിച്ചടുക്കിയിട്ട് അധികനാളായിട്ടില്ല. ഞാന്‍ ജ്യൂസ് കടക്കാരന്റെ മുഖത്തേക്ക് നോക്കി. അയാളുടെ തുറന്ന വായ് ഇപ്പോഴും അങ്ങനെ തന്നെ ഇരിക്കുന്നു.
“ചേട്ടാ, അണ്ണന്‍ മാജിക്ക് കാണിക്കുന്ന കാര്യമാ പറഞ്ഞത്.. അല്ലാതെ, അയ്യേ, ചേട്ടന്‍ വിചാരിക്കുന്ന മാതിരിയൊന്നുമല്ല...” ഞാന്‍ ഭയങ്കരമായ നിഷ്കളങ്കത അഭിനയിക്കാന്‍ ശ്രമിച്ചു.
കടക്കാരന്റെ നോട്ടത്തില്‍ ഒരു അയവു വന്നു. കഞ്ഞിയില്‍ പാറ്റയിടാന്‍ വന്ന കശ്മലന്മാര്‍ എന്നുള്ള ഭാവം മാറി പാവം രണ്ട് ഊളമ്പാറ നിവാസികള്‍ എന്നൊരു ഭാവം അവിടെ കണ്ടു.
ഇയാള്‍ക്ക് കുറച്ച് മാജിക്കിന്റെ അസ്കിത ഉണ്ടെന്ന് കേട്ടിട്ടുണ്ട്. എന്നാലും ഇങ്ങനെ മനുഷ്യനെ കുടുക്കുന്ന പണികള്‍ ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ കൂടെ ഇത്ര ധൈര്യമായി ഇറങ്ങിത്തിരിക്കില്ലായിരുന്നു.
“അതെ അണ്ണാ.. നമുക്കു ഇപ്പൊ പോയിട്ടു പിന്നെ വന്നു വാനിഷ് ചെയ്യാം. അതിനൊക്കെ അതിന്റേതായ സമയവും കാലവും ഇല്ലെ. ഇപ്പൊ ഈ ക്ലോക്ക് ടവര്‍ ഇവിടെ ഇല്ലെങ്കില്‍ ചിന്നക്കടക്കാര്‍ സമയം അറിയാതെ വലഞ്ഞു പോവും..” എങ്ങനെയെങ്കിലും ഈ മാരണത്തില്‍ നിന്നൊന്നു രക്ഷപെട്ടാല്‍ മതിയെന്നായി എനിക്ക്.
***************************************************
രണ്ടാഴ്ച കഴിഞ്ഞ ഒരു ഉച്ച സമയം. ഒരു പണിയും ഇല്ലാത്തതുകൊണ്ട് യാഹൂവിന്റെ ജങ്ക് മെയില്‍ ഫോള്‍ഡര്‍ തുറന്നു വച്ചു അതിലുള്ള വയാഗ്ര മെയിലുകള്‍ ഡിലീറ്റു ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. എനിക്കു വയാഗ്രയുടെ ആവശ്യമുണ്ടെന്ന് ലോകം മുഴുവന്‍ അറിഞ്ഞതുപോലെയാണ് മണിക്കൂറില്‍ ആറ് എണ്ണം വച്ച് എന്റെ ജങ്ക് മെയിലില്‍ വന്നു വീഴുന്ന മെസ്സേജുകള്‍.
ഫോണ്‍ ബെല്ലടിച്ചു.
“ഡാ, നീ തിരക്കിലാണോ?” അപ്പുറത്ത് മാജിക്ക് അണ്ണന്‍.
“ഇല്ലണ്ണാ.. അല്ലണ്ണാ.. അതെ അണ്ണാ...” ഞാന്‍ ഒന്നു വിക്കി. വീണ്ടുമൊരു ജ്യൂസ് കൂടി കുടിക്കാനുള്ള ധൈര്യം പോരായിരുന്നു.
“ഡാ, നീ തിരക്കിലല്ലെങ്കില്‍ ഒന്നു ടൌണ്‍ ഹാള്‍ വരെ വരണം. നമ്മുടെ വാനിഷിംഗ് പരിപാടി നടത്താനുള്ള പ്ലാനിംഗിലാണ്. ഒരു ചെറിയ റിഹേഴ്സല്‍.”
ഇയാളിത് എന്തു ഭാവിച്ചാ? ചിന്നക്കടയിലുള്ള ക്ലോക്ക് ടവര്‍ ഇദ്ദേഹം ടൌണ്‍ ഹാളില്‍ കൊണ്ടുപോയി വാനിഷ് ചെയ്യാനാണോ പരിപാടി. ഈ ക്ലോക്ക് ടവര്‍ താങ്ങിയെടുത്ത് അവിടെ വരെ കൊണ്ടുപോകാന്‍ ഒരു കൈ സഹായത്തിനായിരിക്കുമോ വിളിക്കുന്നത്. വിഹ്വലചിന്തകള്‍ തലയില്‍ കയറി എന്റെ കൈകള്‍ക്കും കാലുകള്‍ക്കും വിറയ്ക്കാനുള്ള സിഗ്നല്‍ കൊടുത്തു.
എന്തായാലും വരുന്നിടത്തു വച്ചു കാണാം എന്നു വിചാരിച്ച് ജങ്ക് മെയില്‍ ബോക്സ് ക്ലോസ് ചെയ്തു വച്ചിട്ട് ഓഫീസില്‍ നിന്നും ഇറങ്ങി.
ആദ്യം ഒന്നു ശങ്കിച്ചു. നേരെ ക്ലോക്ക് ടവറിന്റെ അടുത്തേക്ക് പോകണോ അതൊ ടൌണ്‍ ഹാളിലേക്ക് പോകണോ. പിന്നെ ടൌണ്‍ ഹാളിലേക്ക് പോകാന്‍ തീരുമാനിച്ചു. ക്ലോക്ക് ടവര്‍ പിന്നെ വന്നു ഇളക്കിയെടുക്കാമല്ലോ...
അവിടെ ചെന്നപ്പോള്‍ സജീവണ്ണന്‍ ഒരു കൂട്ടം ആളുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നു. പരിപാടി നടത്താനുള്ള സ്റ്റേജ് ഒരുക്കുന്നതിനെപ്പറ്റിയാണെന്ന് മനസ്സിലായി. പക്ഷെ ഈ ക്ലോക്ക് ടവര്‍ എങ്ങനെ സ്റ്റേജില്‍ കൊണ്ടുവയ്ക്കും എന്നു മാത്രം മനസ്സിലായില്ല.
“ഡാ, നീ വണ്ടിയില്‍ അല്ലേ വന്നത്? നമുക്ക് ശക്തികുളങ്ങര വരെ ഒന്നു പോകണം. ഒരു ആനയെ ഏര്‍പ്പാടാക്കാനാ.” സജീവണ്ണന്റെ ശബ്ദം എന്നെ ചിന്തയില്‍ നിന്നുമുണര്‍ത്തി.
എന്റെ ശ്വാസം നേരേ വീണു. അപ്പൊ ക്ലോക്ക് ടവര്‍ പൊക്കാന്‍ ഞാന്‍ സഹായിക്കേണ്ട. ആനയെക്കൊണ്ടു കെട്ടി വലിപ്പിക്കാനുള്ള പരിപാടിയാണ്. എന്തായാലും സമാധാനമായി. പക്ഷെ ഇത്രയും വലിയ ആ ക്ലോക്ക് ടവര്‍ എങ്ങനെ ഇളക്കും എന്നു അപ്പോഴും പിടികിട്ടിയില്ല.
ശക്തികുളങ്ങരയിലേക്ക് വണ്ടി ഓടിക്കുമ്പോഴും എന്റെ സംശയം വിട്ടുമാറിയിരുന്നില്ല.
“തിരിച്ചു വരുമ്പോള്‍ മേയറുടെ ഓഫീസില്‍ ഒന്നു കയറണം.”
ക്ലോക്ക് ടവര്‍ ഇളക്കിമാറ്റാനുള്ള അനുമതി വാങ്ങാനാവും. അക്കാര്യത്തില്‍ എനിക്ക് സംശയമുണ്ടായിരുന്നില്ല.
*************************************************
പരിപാടിയുടെ തലേന്നു നടന്ന റിഹേഴ്സല്‍ കാണാന്‍ ചെന്നപ്പോഴാണ് കാര്യങ്ങളുടെ സത്യാവസ്ഥ ബോധ്യമായത്.
ഇദ്ദേഹം ക്ലോക്ക് ടവറില്‍ നിന്നും പിടിവിട്ടു ഇപ്പൊ ഒരു ആനയെ വാനിഷ് ചെയ്യാനുള്ള പരിപാടിയാണ്. വാനിഷ് ആയില്ലെങ്കില്‍ സ്വന്തമായി നടന്നു പോവാന്‍ പറ്റുന്ന ഒരു സാധനം വാനിഷ് ചെയ്യാനുള്ള മാജിക്കേ നമ്മുടെ അണ്ണന്റെ കയ്യില്‍ തല്‍ക്കാലം ഉള്ളു. എന്തായാലും മേയര്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിക്ക് കൊല്ലത്ത് നല്ല ജനശ്രദ്ധ കിട്ടുമെന്ന് ഉറപ്പാണ്. ടിക്കറ്റ് വില്‍ക്കാന്‍ കുറെപ്പേരെ ഏല്‍പ്പിച്ചിട്ടുമുണ്ട്.
പരിപാടി തുടങ്ങുന്നതിനു ഒരു മണിക്കൂര്‍ മുമ്പ് തന്നെ ഞാന്‍ ടൌണ്‍ ഹാളില്‍ എത്തിച്ചേര്‍ന്നു. പതുക്കെപ്പതുക്കെ ഹാള്‍ നിറയാന്‍ തുടങ്ങി.
കൃത്യം ഏഴുമണിക്ക് മേയര്‍ എത്തി പരിപാടി ഔദ്ദ്യോഗികമായി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു.
അടുത്തതായി മാജിക്ക് അണ്ണന്‍ സ്റ്റേജില്‍ കയറി. ചുവന്ന ഒരു കര്‍ട്ടന്‍ ബാക്‍ഗ്രൌണ്ടില്‍ ഉണ്ട്. ആന കര്‍ട്ടനു മുന്നില്‍, അണ്ണന്‍ ആനയ്ക്കു മുന്നില്‍.
ആന ആവിയായി പോകുന്നതു കാണാനും അണ്ണനെ ആളുകള്‍ ആദരിക്കുന്നതു കാണാനും സൌകര്യത്തിനായി ഞാന്‍ സദസ്സിന്റെ ഏറ്റവും പിറകില്‍ സ്ഥാനം പിടിച്ചു.
അണ്ണന്‍ മാജിക്കിനു മുന്നോടിയായുള്ള പുളുവടി തുടങ്ങി. അമേരിക്കയിലും അന്‍റ്റാര്‍ട്ടിക്കയിലും അവതരിപ്പിക്കാന്‍ കഴിയാത്ത ഒരു മാജിക്ക് ആണ് ഇതെന്നും, ഇതു ആദ്യമായി കാണാനുള്ള ഭാഗ്യം കൊല്ലത്തുകാര്‍ക്ക് മാത്രം എക്സ്‌ക്ലൂസീവ് ആയി ലഭിച്ച ഒരു സുവര്‍ണ്ണാവസരമാണെന്നുമൊക്കെ വച്ചു കാച്ചി. അന്‍റ്റാര്‍ട്ടിക്കയില്‍ ആന ഇല്ലെന്നു കൊല്ലത്തുകാര്‍ക്ക് അറിയില്ലല്ലൊ.
മാജിക് തുടങ്ങാനുള്ള സിഗ്നല്‍ കൊടുത്തു. മാജിക്കുകാരുടെ ആ ചെറിയ വടി അണ്ണന്‍ കയ്യിലെടുത്തു. മാജിക്ക് ആനയെക്കൊണ്ടായതുകൊണ്ട് മിനിമം ഒരു തോട്ടിയെങ്കിലും പ്രതീക്ഷിച്ചു നിന്ന ഞാന്‍ ചെറുതായി ഒന്നു നിരാശപ്പെടാതിരുന്നില്ല.
അണ്ണന്‍ വടി വീശി. നേരത്തെ സെറ്റു ചെയ്തു വച്ചിരുന്ന വെടിയും പുകയുമൊക്കെ സ്റ്റേജില്‍ പ്രത്യക്ഷപ്പെട്ടു.
അടുത്ത വടി വീശലിനു ലൈറ്റുകള്‍ അണയും, പിന്നെ ഒരു അഞ്ചു സെക്കന്റില്‍ ലൈറ്റ് വരുമ്പോള്‍ ആന ആവിയായിട്ടുണ്ടാവും. ഞാന്‍ കണക്കു കൂട്ടി.
ദേ അണ്ണന്‍ വീണ്ടും വടി വീശി, അന്ധകാരം നിറഞ്ഞു. ഞാന്‍ സെക്കന്റുകള്‍ എണ്ണിത്തുടങ്ങി.
എനിക്ക് അധികം എണ്ണേണ്ടി വന്നില്ല. എണ്ണിത്തുടങ്ങിയപ്പോള്‍ തന്നെ പോയ വെളിച്ചം റബ്ബര്‍ പന്ത് അടിച്ചതുപോലെ തിരിച്ചുവന്നു. വെളിച്ചം വന്നപ്പോള്‍ ഞാന്‍ കണ്ടത് സ്റ്റേജില്‍ അന്തം വിട്ടു നില്‍ക്കുന്ന മാജിക്ക് അണ്ണനെയാണ്. ഒപ്പം റെയില്‍വേ സ്റ്റേഷനില്‍ ഓടിക്കിതച്ചു വരുമ്പോള്‍ സ്റ്റേഷന്‍ വിട്ട ട്രെയിനിന്റെ പിന്നിലുള്ള X കാണുന്നതു പോലെ സ്റ്റേജിനു പുറത്തേക്കു നടന്നു മറയുന്ന ആനയുടെ പിന്‍ഭാഗവും.
ഒരു നിമിഷം എനിക്കൊന്നും മനസ്സിലായില്ലെങ്കിലും സ്റ്റേജിലേക്ക് പറന്നു പോകുന്ന കുറെ ചെരിപ്പുകളും, പിന്നാലെ പോകുന്ന കസേരകളും അതിന്റെ പിന്നാലെ സ്കൂള്‍ വിട്ട പോലെ സ്റ്റേജിലേക്ക് പോകുന്ന മാജിക്കിനെ സ്നേഹിക്കുന്ന കൊല്ലത്തെ സഹൃദയലോകവും കണ്ടപ്പോള്‍ കാര്യങ്ങള്‍ ഏതാണ്ട് പിടികിട്ടി.
സഹൃദയന്മാരുടെ ആദരവ് മാജിക്ക് അണ്ണന്‍ താങ്ങുമോ എന്നൊരു സംശയം വന്നപ്പോള്‍ കൂടെയുണ്ടായിരുന്ന സുരേഷിനോട് അന്തം വിട്ട് സ്റ്റേജില്‍ തന്നെ നില്‍ക്കുന്ന അണ്ണനെ ചുമന്ന് സ്റ്റേജിന്റെ പിന്നിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം കൊടുത്തിട്ട് ഞാന്‍ കാര്‍ പാര്‍ക്കു ചെയ്തിരിക്കുന്നിടത്തേക്ക് ഓടി.
കാറുമായി സ്റ്റേജിനു പിന്നില്‍ എത്തിയപ്പോഴേക്കും സുരേഷ് മാജിക്ക് അണ്ണനെ സ്റ്റേജില്‍ നിന്നും വാനിഷ് ആക്കി സ്റ്റേജിനു പിന്നില്‍ എത്തിച്ചിരുന്നു. അണ്ണനെ ചുമന്ന് കാറില്‍ കയറ്റി കാറ് നീങ്ങിത്തുടങ്ങിയപ്പോഴേക്കും ആനയെത്തപ്പി പോയ ഒരു കൂട്ടം മാജിക്ക് പ്രേമികള്‍ ആനയെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ് ടൌണ്‍ ഹാളിനു ചുറ്റും പരക്കം പായുന്നതുകാണാമായിരുന്നു.
*********************************************
“ആഹ്.. എന്നോടാ കളി. അവന്മാര്‍ മഷിയിട്ടു നോക്കിയാല്‍ ആനയെ കണ്ടുപിടിക്കില്ല. അതിനെ ഞാനല്ലേ വാനിഷ് ആക്കിയത്.” അണ്ണന്റെ രോഷവും സങ്കടവും എല്ലാം കൂടി പുറത്തു വന്നു.
“കളയണ്ണാ.. നമുക്ക് ക്ലോക്ക് ടവര്‍ തന്നെ നോക്കാം. അതാവുമ്പോള്‍ തനിയെ നടന്നു പോവില്ലല്ലോ.” എങ്ങനെയാണ് അദ്ദേഹത്തെ സമാധാനിപ്പിക്കേണ്ടതെന്നറിയാതെ ഞാന്‍ പറഞ്ഞതും സുരേഷ് പൊട്ടിച്ചിരിച്ചതും ഒരുമിച്ചായിരുന്നു. അപ്പോഴാണ് പറഞ്ഞത് അബദ്ധമായെന്ന് എനിക്ക് മനസ്സിലായത്.
*********************************************
മാജിക്ക് അണ്ണനെ വീട്ടില്‍ വിട്ടു ബാക്കി കാര്യങ്ങള്‍ ഞങ്ങള്‍ തന്നെ സെറ്റില്‍ ചെയ്തോളാം എന്നു വാക്ക് കൊടുത്തിട്ട് ഞാനും സുരേഷും തിരിച്ചു ടൌണ്‍ ഹാളിലേക്ക് പോവാനിറങ്ങി. അപ്പോഴാണ് അണ്ണന്‍ പിന്നില്‍ നിന്നും വിളിച്ചത്.
“ഡാ, നിങ്ങള്‍ അങ്ങോട്ടാണോ പോകുന്നത്?”
“അതെ അണ്ണാ, എന്തുപറ്റി?”
“ഡാ, ആ ആന എങ്ങോട്ടു പോയെന്നു കണ്ടുപിടിയ്ക്കണം. ഇല്ലെങ്കില്‍ ഞാന്‍ നാളെ അതിന്റെ മുതലാളിയോട് സമാധാനം പറയേണ്ടി വരും.”
“അണ്ണാ, അപ്പൊ ആന വാനിഷ് ആയില്ലേ?” സുരേഷ് ആത്മാത്ഥമായാണോ അത് ചോദിച്ചതെന്നറിയാതെ, സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലം ഞാന്‍ പൊട്ടിച്ചിരിച്ചുപോയി.
**********************************************
Share
ഓഫീസില്‍ നിന്നും ഓടിപ്പാഞ്ഞ് പാര്‍ക്കിങ് ലോട്ടിലേക്ക് പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് വഴിയില്‍ എതിരെ വന്ന വിനോദിനെ കണ്ടത്.
“ഹൈ വിനോദ്, ഹൌ ഈസ് ദ് കിഡ്?“ എന്തെങ്കിലും ഒന്നു ചോദിക്കണമല്ലോ എന്നു കരുതി ചോദിച്ചതാണ്. സെപ്തംബര്‍ അവസാനവാരം താനൊരു അച്ഛനാവുന്നു എന്നു നേരത്തെ പറഞ്ഞിരുന്നത് ഓര്‍ത്തു വെച്ചു ചോദിച്ചതാണ്.
“ഷീ ഇസ് എക്സൈറ്റ്ഡ് ടു കം ഔട്ട്.“ വിനോദ് വളരെ കാഷ്വല്‍ ആയി പറഞ്ഞിട്ട് നടന്നുപോയി. അപ്പോഴത്തെ ചമ്മല്‍ കാണാന്‍ ആരും അടുത്തില്ലാത്തതുകൊണ്ട് കൂടുതല്‍ ചമ്മിയില്ല. എന്റെ ചോദ്യം ഇത്തിരി നേരത്തേ ആയിപ്പോയി എന്നു മനസ്സിലായി.
സെപ്തംബര്‍ 27 ന് മറ്റൊരു സുഹൃത്ത് പറഞ്ഞാണ് അറിഞ്ഞത്, വിനോദ് ഒരു അച്ഛനായ വിവരം. വീക്കെന്റില്‍ ഒരു സന്ദര്‍ശനം നടത്താം എന്നു കരുതിയെങ്കിലും ചില തിരക്കുകള്‍ മൂലം അതിനു കഴിഞ്ഞില്ല. ഒന്നു വിളിച്ചു ഒരു കണ്‍ഗ്രാചുലേഷന്‍സ് പറയാം എന്നു കരുതി വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്‌ഡ് ഓഫ്. ലോകത്തിലെ തന്നെ ഏറ്റവും നല്ല കുട്ടികളുടെ ആശുപത്രികളില്‍ ഒന്നായ ടെക്സസ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ആയതുകൊണ്ട്, അവിടെ ഫോണ്‍ ഉപയോഗിക്കാനുള്ള ചില തടസ്സങ്ങള്‍ ഉണ്ടാവും എന്നു കേട്ടിട്ടുണ്ട്. അതുകൊണ്ട് കൂടുതല്‍ ശ്രമങ്ങള്‍ നടത്തിയില്ല. പറ്റേര്‍ണിറ്റി ലീവ് കഴിഞ്ഞ് വിനോദ് ഓഫീസില്‍ വരുമ്പോള്‍ നേരില്‍ കണ്ട് ആശംസകളറിയിക്കാം എന്നു കരുതി. ആദ്യത്തെ കുട്ടി പ്രസവത്തോടെ നഷ്ടപ്പെട്ട വിനോദിനും ഭാര്യക്കും ഈ കുട്ടിയുടെ ജനനം വളരെ സന്തോഷമേകിയിട്ടുണ്ടാവും എന്നതില്‍ യാതൊരു സംശയവും തോന്നിയില്ല.
തിങ്കളാഴ്ച രാവിലെ തന്നെ ആശംസകളറിയിക്കാന്‍ വേണ്ടി ഓഫീസ് കമ്മ്യൂണിക്കേറ്ററില്‍ നോക്കിയപ്പോള്‍ വിനോദ് വന്നിട്ടില്ല എന്നു മനസ്സിലായി. വിനോദിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ തന്നെ താമസിക്കുന്ന മറ്റൊരു സഹപ്രവര്‍ത്തകനോട് ചോദിച്ചപ്പോള്‍ കുട്ടി ഇപ്പോഴും ഇന്‍ക്യുബേറ്ററില്‍ തന്നെയാണെന്നും അതിനാല്‍ വിനോദ് ആശുപത്രിയില്‍ ആണെന്നും മറുപടി കിട്ടി.
പിറ്റേന്ന് കൂടുതല്‍ സങ്കടകരമായ വാര്‍ത്തകള്‍ ആണ് കേട്ടത്. കുട്ടിക്ക് തലച്ചോറിന് വളര്‍ച്ച കുറവായതുകൊണ്ട് ജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും കുട്ടിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റാന്‍ ആശുപത്രി അധികൃതര്‍ മാതാപിതാക്കളുടെ സമ്മതം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും. കേട്ടപ്പോള്‍ ആകെ മരവിച്ചു പോയി. വിണ്ടുമൊരു ദുര്‍വിധി വിനോദിന് എങ്ങനെ വന്നു എന്ന് അറിയാതെ ദൈവത്തോട് ചോദിച്ചു പോയി.
അവസാനം, വ്യാഴാഴ്ച്ച വൈകിട്ട് അവര്‍ ആ കുഞ്ഞിനെ വെന്റിലേറ്ററില്‍ നിന്നും നീക്കം ചെയ്തു. ജീവന്റെ അവസാന തുടിപ്പും തീരുന്നതുവരെ വിനോദും ഭാര്യയും മുറിക്കു പുറത്തു കാത്തുനിന്നു. പിന്നെ അവസാനമായി സ്വന്തം പിഞ്ചോമനയെ ഒരു നോക്ക് കണ്ടിട്ട് ആ ഹതഭാഗ്യരായ അച്ഛനമ്മമാര്‍ അവിടെ നിന്നും യാത്രയായി.
വെള്ളിയാഴ്ച്ച സൈപ്രസ് ഫെയര്‍ബാങ്ക്സ് ഫ്യൂണറല്‍ ഹോമില്‍ അന്ത്യദര്‍ശനത്തിനു വച്ച ആ കുഞ്ഞുശരീരം ഒരു നോക്കു കാണാനും പുഷ്പങ്ങളര്‍പ്പിക്കാനും എത്തിയ ആര്‍ക്കും ഒരിറ്റു കണ്ണീര്‍ പൊഴിക്കാതെ അവിടെ നിന്നും പോകാന്‍ കഴിഞ്ഞില്ല. വെള്ളത്തൂവാലകള്‍ കൊണ്ട് അലങ്കരിച്ച മനോഹരമായ ഒരു കൊച്ചുപേടകത്തില്‍ ഒരു കൊച്ചു ടെഡ്ഡി ബെയറിനെ നെഞ്ചില്‍ വച്ച് വെള്ളയും ചുവപ്പും റോസാപ്പൂക്കള്‍ക്ക് നടുവില്‍ അവള്‍ കിടന്നു. വിനോദിന്റെ കൊച്ചു സാന്‍വി. ഒരാഴ്ച്ച മാത്രം ഈ ഭൂമിയില്‍ അതിഥിയായി എത്തിയ കൊച്ചുസുന്ദരി.
നാലു മണിക്ക് ടോംബാള്‍ എന്ന സ്ഥലത്ത് സൂര്യകാന്തിപ്പൂക്കള്‍ പരവതാനി വിരിച്ചു നില്‍ക്കുന്ന ഒരു ചെറിയ കുന്നിന്‍ചരുവിലെ തടാകക്കരയില്‍ മണ്ണിലേക്കിറക്കി വച്ച ആ ചെറിയ വെള്ളപേടകത്തില്‍ ഒരു നുള്ള് മണ്ണും ഒരു തുള്ളി കണ്ണീരും അര്‍പ്പിച്ച് തിരിഞ്ഞു നടക്കുമ്പോള്‍ കൂടിനിന്നവരില്‍ ആരോ പറയുന്നതു കേട്ടു, സാന്‌വിയുടെ കുരുന്നുഹൃദയം ഇപ്പോള്‍ ഹ്യൂസ്റ്റണിലെ മറ്റേതോ കുട്ടിയുടെ കുഞ്ഞുനെഞ്ചില്‍ തുടിച്ചു തുടങ്ങിയിട്ടുണ്ടാവും എന്ന്. മനസ്സ് ഒരു നിമിഷം ഒന്നു പിടഞ്ഞു. വിനോദിനും ഭാര്യക്കും മനസ്സാ ഒരായിരം പ്രണാമങ്ങള്‍ അര്‍പ്പിച്ചു. തങ്ങളുടെ നഷ്ടത്തിലും സ്വാര്‍ത്ഥരാവാന്‍ അവര്‍ ശ്രമിച്ചില്ലല്ലോ.
വിനോദും ഭാര്യയും ഒരു പക്ഷേ പ്രോജക്റ്റ് കഴിയുമ്പോള്‍ ഇന്ത്യയിലേക്ക് മടങ്ങിയേക്കാം. അപ്പോള്‍ ആ കുന്നിന്‍ചരുവിലെ പുല്‍പ്പരപ്പില്‍ ഒരു ചെറിയ കുഴിമാടം അനാഥമാവാം. പക്ഷേ, സാന്‍വി ഇനിയും ജീവിക്കും. ദേശമോ ഭാഷയോ വര്‍ണ്ണമോ വര്‍ഗ്ഗമോ എതെന്നറിയാത്ത ഒരു കുട്ടിയുടെ ഹൃദയത്തിലൂടെ...ആ കുട്ടിക്ക് ഹൃദയവുമായെത്തിയ അതിഥിയായിരുന്നു സാന്‍വി. അതായിരുന്നു ഈ ഭൂമിയില്‍ സാന്‍വിയുടെ നിയോഗം.
കുറെ നാളായി പൊടിനിറഞ്ഞ് മാറാല പിടിച്ചു കിടന്ന വിളംബര താളുകള്‍ ഒരു ആഴ്ചത്തെ പ്രയത്നം കൊണ്ട് ഒന്നു പൊടിത്തട്ടിയെടുത്തു. അപ്പൊ ഒരു ആലോചന. വാല്‍മീകി എന്ന പേരു ഒന്നു മാറ്റി ഒരു സനോണി ആയാലോ എന്നു. എന്നാല്‍ പിന്നെ അങ്ങനെ തന്നെ ആയ്ക്കോട്ടെ എന്നു കരുതി. പേരു മാറ്റിയാല്‍ നഷ്ടപ്പെടാന്‍ വേണ്ടി അങ്ങനെ ഒരു വ്യക്തിമുദ്ര പതിപ്പിച്ച ഒരാള്‍ അല്ലാത്തതുകൊണ്ടും, ഒരുപാട് പോസ്റ്റുകള്‍ എഴുതിക്കൂട്ടി ആള്‍ക്കാരെ ബോറടിപ്പിച്ചിട്ടില്ലാത്തതുകൊണ്ടും ഒന്നും നഷ്ടപ്പെടാന്‍ ഇല്ലാത്തതുകൊണ്ടും ആ ചടങ്ങ് അങ്ങു നടത്തിയേക്കാം എന്നു വിചാരിച്ചു.
അപ്പൊ എല്ലാം പറഞ്ഞപോലെ. ഇനി വാല്‍മീകി ഇല്ല, ദിലീപ് വിശ്വനാഥ് മാത്രം.
ദേ വരുന്നു അടുത്തത്
Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍ അറിയിപ്പ്കേരളത്തില് ഒരു മാസം ഉണ്ടായിരുന്നു ഈ വര്‍ഷം. ജോലിയില്‍ നിന്നൊക്കെ അവധി എടുത്ത് കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ പോയതാ. ഒരു മാസത്തിനിടയില്‍ മൂന്നു ഹര്‍ത്താല്‍ ആഘോഷിക്കാനുള്ള അവസരം കിട്ടി. ഹാപ്പിയായി..
കേരളത്തിലെ ഹര്‍ത്താല്‍ പോലെയാണ് ടെക്സാസില്‍ കൊടുംകാറ്റ്. ജൂലൈ കഴിഞ്ഞാല്‍ ഒക്ടോബര്‍ വരെ മാസത്തില്‍ മുന്നു വീതം. ഹര്‍ത്താലിന് ഇല്ലാത്ത ഒരു ഗുണം കാറ്റിന് ഉണ്ട്. നല്ല സുന്ദരമായ പേരുകളിലാവും ഇതുങ്ങളൊക്കെ അറിയപ്പെടുന്നത്. മൂന്നു വര്‍ഷം മുന്‍പ് ഒരു കത്രീനയും റീത്തയും വന്നു ടെക്സാസിനെ കോള്‍മയിര്‍ കൊള്ളിച്ചതാണ്. എന്നിട്ടെന്താ ഇപ്പോള്‍ കൊടുംകാറ്റ് എന്ന് കേട്ടാല്‍ ഇവിടെയുള്ളവര്‍ക്ക് ഒരു ഇളക്കം ആണ്. പക്ഷെ ജീവിച്ചു കൊതി തീരാത്ത എന്നെപ്പോലെയുള്ളവര്‍ക്ക് അങ്ങനെ ഇക്കിളിയിട്ട് ഇവിടെ ഇരിക്കാന്‍ പറ്റുമോ? പറ്റുമോ എന്ന് നോക്കാന്‍ തന്നെയാണ് ഇത്തവണ എന്റെ തീരുമാനം.
ഐക്ക് എന്ന് കേട്ടപ്പോള്‍ തിന്നാന്‍ കൊള്ളാവുന്ന എന്തോ സാധനം ആണ് എന്നാണു ആദ്യം കരുതിയത്. പിന്നെ കൂടുതല്‍ കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ എന്നാല്‍ പിന്നെ എന്താ സംഭവം എന്ന് അറിഞ്ഞേക്കാം എന്ന് കരുതി. നോക്കിയപ്പോഴല്ലേ സംഭവം അറ്റ്ലാന്റികില്‍ എവിടെയോ രൂപം കൊണ്ട ഒരു കൊടുംകാറ്റാണെന്ന് മനസിലായത്. കാര്യമാക്കാനില്ല എന്ന് കരുതി പിന്നെ ഗൌനിച്ചതുമില്ല. കഴിഞ്ഞ ആഴ്ച ഗുസ്താവ് വരുന്നു എന്ന് പറഞ്ഞു നാടിളക്കിയതാണ്. ഒരു ചുക്കും സംഭവിച്ചില്ല. അപ്പോഴല്ലേ ദേ പുതിയ വാര്‍ത്ത! ഈ പുള്ളി ലക്ഷ്യം വച്ചിരിക്കുന്നത് ഹ്യൂസ്റ്റണ്‍ ആണ്.
വെള്ളിയാഴ്ച്ച വൈകിട്ട് പുള്ളി എത്തും എന്നാണു ഇപ്പോഴത്തെ നിഗമനം.
ആള് ചില്ലറക്കാരനൊന്നുമല്ല. കാറ്റഗറി 2 ആണ് ഇപ്പോള്‍. അധികം താമസിയാതെ അത് കാറ്റഗറി 4 ആവും എന്നാണ് വയ്പ്പ്. ആളുടെ സഞ്ചാരം കണ്ടിട്ട് എന്തെങ്കിലും ഒരു തീരുമാനത്തില്‍ എത്താതെ പോവില്ല എന്നാണു തോന്നുന്നത്. ഇവിടെ നോക്കിയെ..
എന്തായാലും ആളുകള്‍ നിര്‍ബന്ധമായി ഒഴിഞ്ഞു പോകണം എന്നൊരു വാക്കു മേയറുടെ വായില്‍ നിന്നു കേട്ടിട്ടകാം പലായനം എന്ന് തീരുമാനിച്ചു. അല്ലെങ്കില്‍ കഴിഞ്ഞ തവണത്തെ പോലെ ആയാലോ?
ഇനിയിപ്പോ കറന്റും വെള്ളവും ഇല്ലാതെ എങ്ങനെ ജീവിക്കും? ഇവിടെയാണെങ്കില്‍ മുടിഞ്ഞ ചൂടും. ഉച്ചക്ക് പെട്രോള്‍ അടിക്കാന്‍ അഞ്ചു പമ്പില്‍ കയറിയിട്ട് അവസാനം ഒരു കണ്‍ട്രി റോഡിലുള്ള ഒരു പെട്ടികട പമ്പില്‍ നിന്നാണ് പെട്രോള്‍ കിട്ടിയത്. കട്ടപൊക തന്നെ.. ഓണം ഐക്ക് കൊണ്ടുപോയി.
ഓഫീസ് നാളെ അവധിയാണെന്ന് അറിയിച്ചുകൊണ്ടുള്ള ഇമെയില്‍ ദേ ദിപ്പോ കിട്ടിയതേ ഉള്ളു. ഇനിയിപ്പോ പോയി എങ്ങിട്ടെങ്കിലും കെട്ടിയെടുക്കാന്‍ വേണ്ടി കെട്ടും ഭാണ്ഡവും മുറുക്കട്ടെ. എങ്ങോട്ട് പോണം? ഡാലസിലേക്ക് വിട്ടാലോ? ഏയ് അത് ശരിയാവില്ല, ഐക്ക് അങ്ങോട്ടും പോകാന്‍ പ്ലാന്‍ ഇട്ടിട്ടുണ്ട് എന്നാണു കേട്ടത്. അപ്പൊ ശരി, സമയം കളയാനില്ല, തിരിച്ചു വന്നിട്ട് കാണാം. അപ്പൊ വിശേഷങ്ങള്‍ എല്ലാം പറയാം.
വേറൊരു വാര്‍ത്ത അറിഞ്ഞോ? അടുത്ത കാറ്റ് ജോസേഫൈന്‍ ഇങ്ങോട്ട് വരാന്‍ റെഡി ആയി ബൂട്ട് കെട്ടി പ്രാക്ടീസ് ചെയ്തോണ്ടിരിക്കുകയാ അറ്റ്ലാന്റിക്കില്‍!
അപ്പൊ സയോനാരാ... ചാവാന്‍ പോവുമ്പോള്‍ ഏത് സയോനാരാ എന്ന് ചോദിക്കല്ലേ... ഗുഡ് ബൈ പറഞ്ഞപ്പോ ജാപ്പനീസ് ഭാഷയില്‍ ആയിപ്പോയതാ...
മൈ ഡിയര്‍ കുട്ടിച്ചാത്തന്‍
Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍ ഓര്മ്മക്കുറിപ്പ്രാവിലെ വിളിച്ചെഴുന്നേല്‍പ്പിച്ചു കായംകുളത്തു പോകണം എന്ന് അജിത്ത് പറഞ്ഞപ്പോഴേ കല്ലുകടിച്ചു. പഴയ കമ്പനിയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ കുറെ കമ്പ്യൂട്ടറും സോഫ്റ്റ്‌വെയറും വിറ്റ സ്ഥലമാണ്. എന്തൊക്കെ പുകിലാണോ ഉണ്ടാവാന്‍ പോകുന്നത് എന്നറിയില്ല. എന്നാലും കൊങ്ങ വരെ മുങ്ങിയാല്‍ എന്തര് കുളിരപ്പീ എന്നുള്ള തിരോന്തരം പോളിസി കയ്യിലുള്ളത് കൊണ്ട് എന്തരേലും വരട്ടെ എന്ന് നിരൂപിച്ച് എറങ്ങിപ്പുറപ്പെട്ടു.
ബൈക്കിന്റെ വിന്‍ഡോസീറ്റില്‍ കാറ്റ്കൊണ്ട് ഇരുന്നപ്പോഴാണ് ഓച്ചിറക്കടുത്തുള്ള ഒരു ഗൈനക്കോളജി ഹോസ്പിറ്റലിലേക്കാണ് യാത്ര എന്ന് അജിത്ത് പറഞ്ഞത്. ഞാന്‍ രണ്ടും കല്‍പ്പിച്ച് ഒന്നു ഞെട്ടി. ആ ഞെട്ടലിന്റെ ആഘാതത്തില്‍ ബൈക്കിന്റെ ഹാന്റില്‍ ഒന്നു വെട്ടി. ബൈക്ക് ഒതുക്കി നിര്‍ത്തി അജിത്ത് ചോദിച്ചു:
“എന്താടാ, എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചോ?”
“ഏയ്, അങ്ങനെയൊന്നുമില്ല, എന്നാലും അങ്ങോട്ട് ഞാന്‍ വരണോ?” ഞാന്‍ പതുക്കെ ഒഴിഞ്ഞു മാറാന്‍ ഒരു ശ്രമം നടത്തി.
“നീ കാര്യം പറ. എന്നിട്ട് തീരുമാനിക്കാം നീ വരണോ വേണ്ടയോ എന്ന്.”
“അല്ല, നമ്മള്‍ ഇപ്പോ എന്തിനാ അങ്ങോട്ട് പോകുന്നത്?” ഞാന്‍ കുറച്ച് നിഷ്ക്കളങ്കത അഭിനയിച്ചു.
“അതു ശരി. സാധാരണ എല്ലാവരും എന്തിനാ ഗൈനക്കോളജി ഹോസ്പിറ്റലില്‍ പോകുന്നത്?”
“അതിന് നീ എന്തിനാ എന്നെക്കൊണ്ട് പോകുന്നത്? ഞാന്‍ ആ ടൈപ്പല്ല.”
“അവിടെ നെറ്റ്വര്‍ക്കിങ് മുഴുവന്‍ താറുമാറായി കിടക്കുകയാണ്. അതൊന്നു ശരിയാക്കിക്കൊടുക്കണം, പിന്നെ രണ്ട് വര്‍ഷത്തേക്ക് സര്‍വ്വീസ് കോണ്ട്രാക്റ്റും തരാം എന്നു പറഞ്ഞിട്ടുണ്ട്.”
എന്റെ ശ്വാസം നേരെ വീണു. അവന് ദുരുദ്ദേശം ഒന്നുമില്ല. എന്നാലും അവിടെ പണ്ട് ഒരു സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു കൊടുത്തിട്ടുള്ളത് കൊണ്ടും, വളരെ നല്ല കസ്റ്റമര്‍ സപ്പോര്‍ട്ട് കൊടുത്തിട്ടുള്ളത് കൊണ്ടും ഇനി ആ ഏരിയയില്‍ പോകാതിരിക്കുന്നതാ ഭേദം എന്ന് മനസ്സിലിരുന്നാരോ പറഞ്ഞു.
അജിത്തിനോട് അതെങ്ങനെ പറയും എന്നുള്ള ഒരു ചെറിയ കണ്‍ഫ്യൂഷന്‍ ഉണ്ടെങ്കിലും, അജിത്തിനു കിട്ടേണ്ട രണ്ടു വര്‍ഷത്തെ കോണ്ട്രാക്റ്റ് ഞാന്‍ കൂടെ ഉള്ളതുകൊണ്ട് മാത്രം രണ്ടു മിനിറ്റ് കൊണ്ട് ചീറ്റിപോകുന്ന ഭീകരദൃശ്യം മനസ്സില്‍ ഇടയ്ക്കിടെ ഫ്ലാഷ് ചെയ്തുകൊണ്ടിരുന്നു.
ഹോസ്പിറ്റലില്‍ എത്തി ബൈക്കില്‍ നിന്നും ഇറങ്ങുമ്പോള്‍ ഒരിക്കല്‍ കൂടി അജിത്തിനോട് ചോദിച്ചു, ഞാന്‍ വരണോ എന്ന്. കണ്ണുരുട്ടിക്കാണിച്ച് എന്റെ കയ്യും പിടിച്ച് അവന്‍ റിസപ്ഷനില്‍ ചെന്ന് അവിടുത്തെ വലിയ ഡോക്ടറെ കാണണം എന്ന് പറഞ്ഞത് ക്ഷണനേരത്തിലായിരുന്നു. രക്ഷയില്ല, പെട്ടു എന്നു തന്നെ മനസ്സില്‍ പറഞ്ഞു ഞാന്‍ ധൈര്യം സംഭരിച്ചു.
എന്നെക്കണ്ടതും ഡോക്ടര്‍ ഒന്നു ചിരിച്ചു. ആ ഗൂഡമായ ചിരിയുടെ അര്‍ത്ഥം എനിക്കും ഡോക്ടര്‍ക്കും മനസ്സിലായെങ്കിലും മിഴിച്ചു നില്‍ക്കുന്ന അജിത്തിനെ നോക്കി ഡോക്ടര്‍ പറഞ്ഞു.
“ഈ മാന്യദേഹം പണ്ടൊരിക്കല്‍ എനിക്കൊരു സോഫ്റ്റ്‌വെയര്‍ ചെയ്തു തന്നിട്ടുണ്ട്. ദോഷം പറയരുതല്ലോ, സംഭവം ഇപ്പോഴും വര്‍ക്ക് ചെയ്യുന്നുണ്ട്. പക്ഷെ അതു ഉപയോഗിക്കുന്നവര്‍ക്ക് ചിരിക്കാനുള്ള വകയും ഉണ്ട് അതില്‍.”
ഡോക്ടര്‍ എന്നെ നാണം കെടുത്തിയേ അടങ്ങൂ എന്ന് എനിക്കു മനസ്സിലായി. ഒരു വളിച്ച ചിരിയും ചിരിച്ച് ഞാന്‍ അങ്ങനെ അനങ്ങാതെ നിന്നു.
“ഇവിടെ സിസ്റ്റം അഡ്മിന്‍ ആയിട്ട് ഒരാളെ പോസ്റ്റ് ചെയ്തിട്ടുണ്ട്. അയാള്‍ സെര്‍വര്‍ റൂമില്‍ ഉണ്ടാവും. അങ്ങോട്ട് പൊയ്ക്കോളൂ” എന്ന് പറഞ്ഞ് ഡോക്ടര്‍ ഞങ്ങളെ യാത്രയാക്കി.
ഡോക്ടറുടെ മുറിക്ക് പുറത്തെത്തിയപ്പോള്‍ ഞാന്‍ ശ്വാസം ഒന്നു വലിച്ചു വിട്ടു നിന്നു പോയ ഹൃദയത്തെ പമ്പ് ചെയ്ത് പൂര്‍വ്വ സ്ഥിതിയിലാക്കി. പക്ഷെ പുറകില്‍ നിന്നും കോളറില്‍ പിടി വീണപ്പോള്‍ ഹൃദയം വീണ്ടും ഒന്നു രണ്ട് മിടിപ്പൊക്കെ മിസ്സാക്കി കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ എഞ്ചിന്‍ പോലെ പതുങ്ങാന്‍ തുടങ്ങി.
“ഡാ, എന്താടാ നീ ഇവിടെ ഒപ്പിച്ചത്?” അജിത്തിന്റെ ശബ്ദം പെരുമ്പറ പോലെ മുഴങ്ങി.
“ഏയ്, അങ്ങനൊന്നുമില്ല. ഒന്നു രണ്ടു ചെറിയ ബഗ്ഗ്. അതൊന്ന് ശരിയാക്കിക്കൊടുക്കാനും പറ്റിയില്ല.”
“അതെന്താടാ ഇത്ര ചിരിക്കാനുള്ള ബഗ്ഗ്? നീയെന്താ സോഫ്റ്റ്‌വെയറില്‍ ഫലിതബിന്ദുക്കള്‍ ആഡ് ചെയ്തോ?”
“അതല്ലടാ, ഈ ഡാറ്റാ എന്‍ട്രി ചെയ്ത പിള്ളേരുടെ വിവരക്കേട് കൊണ്ട് പറ്റിയതാ. ലേബര്‍ റൂം ചെക്ക് ലിസ്റ്റ് എന്നൊരു സെക്ഷന്‍ ഉണ്ട്. അതില്‍ അവര്‍ Public Hair Removed Y/N എന്നു എന്‍ട്രി ചെയ്തു വച്ചു അവന്മാര്‍. ഒരക്ഷരം കൂടി പോയി. വേറെ പ്രശ്നമൊന്നുമില്ല.” ഞാന്‍ വളരെ കൂളായി.
അജിത്തിന്റെ പൊട്ടിച്ചിരി ഒരു മിനിറ്റ് നീണ്ടു. എന്തുപറയണമെന്നറിയാതെ ഞാന്‍ ഇതികര്‍ത്തവ്യമൂഡനായിനിന്നു.
രണ്ടു മണിക്കൂറുകൊണ്ട് അവിടത്തെ ജോലികളൊക്കെ തീര്‍ത്തു, രണ്ട് വര്‍ഷത്തെ കോണ്‍ട്രാകറ്റും സൈന്‍ ചെയ്തു ഇറങ്ങിയപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്.
തിരിച്ചുള്ള യാത്രയിലുടനീളം പുതിയതായി ഡീലര്‍ഷിപ്പെടുത്ത കല്ല്യാണ സൌഗന്ദികം സോഫറ്റ്വെയറിനെ പറ്റിയായിരുന്നു അജിത്തിന്റെ പ്രഭാഷണം. നാട്ടില്‍ മുഴുവന്‍ കള്ളുഷാപ്പ് പോലെ മുളച്ചു പൊങ്ങുന്ന കമ്പ്യൂട്ടറൈസ്‌ഡ് മാര്യേജ് ബ്യൂറോകള്‍, ബ്യൂറോകള്‍ക്കു മുന്നില്‍ ബിവറേജ് ഷോപ്പിനെക്കാള്‍ വലിയ ക്യൂവുകളില്‍ നില്‍ക്കുന്ന മാതാപിതാക്കള്‍, എന്നിവയൊക്കെ സ്വപ്നം കണ്ട് ബൈക്കോടിച്ച അജിത്തിന് മുന്നില്‍ വെള്ളം കെട്ടി കിടന്ന ഒരു കുഴി കാണാന്‍ പറ്റിയില്ല.
ലേറ്റ് ആയി ഗട്ടര്‍ കണ്ട അജിത്ത് വെയിറ്റിട്ട് ബ്രേക്ക് ചവിട്ടിയതും ആ 89 മോഡല്‍ ഹീറോ ഹോണ്ട ആദ്യം മുന്‍വീലില്‍ നിന്നും തുടങ്ങാം എന്നു കരുതിയിട്ടാവും, പിന്‍ചക്രം നിര്‍ത്തുന്നതിനു മുന്‍പ് മുന്‍ചക്രം നിര്‍ത്തിക്കളഞ്ഞത്. എന്തായാലും അജിത്തിന്റെ മുകളിലൂടെ എന്റെ പുതിയ എക്സിക്യൂട്ടീവ് ലതര്‍ബാഗും മാറോടടക്കിപ്പിടിച്ച് പറന്നു പോയി നാലുകാലില്‍ ലാന്റ് ചെയ്യുമ്പോള്‍ ബാഗ് എന്റെ കൈവിട്ടു പോയിരുന്നു.
വീണിടത്ത് നിന്നും എഴുന്നേറ്റ് ഇതിലും വലുതെന്തോ വരാനിരുന്നതാ എന്ന് ആത്മഗതം ചെയ്ത് ചുറ്റും നോക്കിയപ്പോള്‍ അതാ എന്റെ സുന്ദരന്‍ ബാഗ് ചെളിവെള്ളത്തില്‍ ഒഴുകി നടക്കുന്നു.
ചാടിച്ചെന്ന് ബാഗിനെ വെള്ളത്തില്‍ നിന്നും രക്ഷിച്ച് കര്‍ച്ചീഫെടുത്ത് തുടച്ച് വൃത്തിയാക്കി, വീണ്ടും അതിനെ മാറോടടക്കിപ്പിടിച്ച് അജിത്ത് എഴുന്നേറ്റുവരുന്നതും കാത്ത് ഞാന്‍ നിന്നു.
“നോക്കി നില്‍ക്കാതെ ഒന്നു പിടിച്ചെഴുന്നേപ്പിക്കെടാ *&^##&$”
ശബ്ദം കേട്ട് ഓടിവരുന്ന കുറെ ആളുകള്‍.
അതു ശരി, ഞങ്ങള്‍ ഇവിടെ നെടുമ്പാടെ വീണത് കണ്ടിട്ട് പിടിച്ചെഴുന്നേല്‍പ്പിക്കതെ നില്‍ക്കുന്നവനാരെടാ എന്ന ഒരു ആത്മഗതത്തോടെ ഞാന്‍ ചുറ്റും നോക്കി.
“ഡാ ^%&^%$# മോനെ, നിന്നോടാ പറഞ്ഞത്. ബാഗും കെട്ടിപ്പിടിച്ചു നില്‍ക്കാതെ ആ വണ്ടി അവന്റെ കാലില്‍ നിന്നും എടുത്ത് മാറ്റി അവനെ പിടിച്ചെഴുന്നേല്‍പ്പിക്കെടാ...”
അപ്പോഴാണ് ബൈക്ക് അജിത്തിന്റെ കാലിന്റെ മുകളിലാണ് കിടക്കുന്നത് എന്ന് ഞാന്‍ കണ്ടത് തന്നെ. ഞാന്‍ പരമാവധി ആത്മാര്‍ത്ഥത ഒക്കെ ആര്‍ജ്ജിച്ച് മുന്നോട്ട് ചെന്നപ്പോഴേക്കും നാട്ടുകാള്‍ വണ്ടിയേയും അജിത്തിനെയും പൊക്കിയെടുത്ത് കഴിഞ്ഞിരുന്നു.
ചെളിയും വെള്ളവുമൊക്കെ തുടച്ചുകളഞ്ഞ് ഞങ്ങള്‍ യാത്ര തുടരുമ്പോഴും അജിത്ത് ചിരിക്കുന്നുണ്ടായിരുന്നു. എനിക്കാണെങ്കില്‍ അന്നത്തെ ദിവസം കണികണ്ടവനെ കയ്യില്‍ കിട്ടിയാല്‍ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു.
ശാസ്താംകോട്ട ജംഗ്ഷന്‍ എത്തുന്നതിനു തൊട്ടുമുമ്പ് വഴിയരികില്‍ ചാത്തന്‍ സേവാമഠം എന്നൊരു ബോര്‍ഡ് കണ്ടപ്പോള്‍ അജിത്ത് വണ്ടി നിര്‍ത്തി.
“ഡാ, നമ്മുടെ കല്ല്യാണസൌഗന്ദികം ഇവിടെ ഒന്നു പരീക്ഷിച്ചാലോ? ഇങ്ങനെ മഠങ്ങളും ആശ്രമങ്ങളുമൊക്കെ നമ്മുടെ പൊട്ടന്‍ഷ്യല്‍ കസ്റ്റമേഴ്സ് ആണ്.”
ഒരു ദിവസം ആകെ കുളമായി ഇരിക്കുന്ന വിഷമത്തില്‍ ഞാന്‍ തിരിച്ചൊന്നും പറയാന്‍ പോയില്ല. അജിത്ത് വണ്ടി നേരെ വിട്ടു മഠത്തിലേക്ക്.
മഠത്തിനു മുന്നില്‍ കുട്ടിച്ചാത്തന്‍ ശരണം എന്നെഴുതിയ ഒരു വെള്ള മാരുതി കാര്‍. സ്വാമിയെ കാണാന്‍ അരമണിക്കൂര്‍ കാത്തിരിക്കേണ്ടിവന്നു.
സ്വാമിയുടെ മുന്നില്‍ താഴെ പായില്‍ ഇരുന്ന് അജിത്ത് ആഗമനോദ്ദേശ്യം വിവരിച്ചു. സ്വാമിക്ക് കല്ല്യാണസൌഗന്ദികത്തില്‍ വലിയ താല്പര്യമില്ലായിരുന്നെങ്കിലും പൂജാവിധികളും, പൂജയുടെ ക്രമങ്ങളും, വിവിധ സ്ഥലങ്ങളില്‍ നടത്തേണ്ട പൂജകളുടെ തിയതികളും മറ്റും സൂക്ഷിച്ചു വയ്ക്കാന്‍ ഒരു കമ്പ്യൂട്ടര്‍ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചു.
ദീര്‍ഘനേരത്തെ വിലപേശലിനൊടുവില്‍ പിറ്റേന്ന് തന്നെ ഒരു കമ്പ്യൂട്ടര്‍ കൊണ്ട് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സ്വാമി അനുവാദം തന്നു. ഒരാഴ്ചക്കുള്ളില്‍ മുഴുവന്‍ പണവും തന്നുകൊള്ളാമെന്നും സ്വാമിയുടെ അനുയായികളില്‍ ഒരാളെ അത്യാവശ്യം കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ പഠിപ്പിക്കാമെന്നുമുള്ള ഉറപ്പിന്മേല്‍ ഞങ്ങള്‍ കച്ചവടം ഉറപ്പിച്ച് സ്വാമിക്ക് വന്ദനവും ചൊല്ലി പടിയിറങ്ങി.
രണ്ട് ഗമണ്ടന്‍ ചമ്മല്‍ സീനുകളില്‍ ഹീറോ ആയി നടിച്ചെങ്കിലും കയ്യില്‍ക്കിട്ടിയ രണ്ട് ബിസിനസ് ഡീലുകള്‍ എന്നെയും ഉത്സാഹഭരിതനാക്കി. മൂളിപ്പാട്ടും പാടി നേരത്തെ കൂടണഞ്ഞ എന്നെക്കണ്ട് അമ്മ ഒന്ന് അമ്പരന്നത് ഞാന്‍ കണ്ടില്ലെന്ന് നടിച്ചു.
കാലത്ത് ടെലിഫോണ്‍ മണിനാദം കേട്ടാണ് ഉണര്‍ന്നത്. അജിത്ത് ആയിരിക്കും. കാലത്ത് തന്നെ പാര്‍ട്ട്സ് വാങ്ങി അസംബ്ബിള്‍ ചെയ്ത് ഉച്ചയോടെ മഠത്തില്‍ കൊണ്ടു പോയി ഇന്‍സ്റ്റാള്‍ ചെയ്യാമെന്ന് ഇന്നലെ പിരിയുന്നതിനുമുന്‍പ് തീരുമാനം എടുത്തിരുന്നതാണ്. അതിനാവും വിളിക്കുന്നത്.
കൈയ്യെത്തി ഫോണെടുത്ത് ചെവിയിലേക്ക് ചേര്‍ത്തതും ചെവിയില്‍ ഉറുമ്പ് കടിച്ചതും ഒന്നിച്ച്.
“ഹലോ, നീയെഴുന്നേറ്റില്ലേ..” അജിത്തിന്റെ ശബ്ദം.
“പിന്നെ, എപ്പോഴേ എഴുന്നേറ്റു. ഒമ്പത് മണിയാവുമ്പോള്‍ ഞാന്‍ ടൌണില്‍ എത്തിയിരിക്കും.” കൂടുതല്‍ ഒന്നും പറയാതെ ഫോണ്‍ കട്ട് ചെയ്ത്. ഉറുമ്പുകടിയേറ്റ ഭാഗം അമര്‍ത്തിത്തിരുമ്മിക്കൊണ്ട് ഡ്രോയിങ് റൂമിലേക്ക് നടക്കുമ്പോള്‍ ആരോടെന്നില്ലാതെ പറഞ്ഞു:
“ഫോണില്‍ മുഴുവന്‍ ഉറുമ്പ് കയറി. അതൊന്നു ശരിയാക്കി വയ്ക്കാന്‍ ഇവിടെ ആരും ഇല്ലല്ലോ...”
“ഫോണില്‍ക്കൂടിയുള്ള പഞ്ചാരയടി കുറച്ച് കുറച്ചാല്‍ മതി, ഉറുമ്പ് വരില്ല.” അച്ഛനും ആരോടെന്നില്ലാതെ പറയാന്‍ മിടുക്കാനായതുകൊണ്ട് അപ്പോള്‍ തന്നെ മറുപടി കിട്ടി.
നേരത്തേ സംശയമൊന്നുമില്ലായിരുന്നു, എന്നാലും ഇപ്പോള്‍ ഒന്നുകൂടി ഉറപ്പിച്ചു, എന്റെ പിതാജി തന്നെ.
അമ്മ കൊണ്ടു വന്ന കട്ടന്‍ചായയും കയ്യില്‍പ്പിടിച്ച് പത്രമെടുത്ത് നിവര്‍ത്തി.
മുന്‍പേജില്‍ താഴെ വലതുവശത്ത് പരിചയമുള്ള ഒരു മുഖം. തലക്കെട്ട് വായിച്ചു.
‘ചിട്ടിതട്ടിപ്പ്: ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍’
അതിനിപ്പൊ എനിക്കെന്താ, എനിക്ക് ചിട്ടിയും പാട്ടവുമൊന്നുമില്ലല്ലോ എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് വാര്‍ത്തയിലേക്ക് ഊളിയിട്ടു.
ശാസ്താംകോട്ട: തൃശൂരില്‍ ശ്രീ ബാലാജി ചിട്ട്സ് ആന്റ് ഇന്‍വെസ്റ്റ്മെന്റ്സ് എന്ന പേരില്‍ സ്ഥാപനം നടത്തി ഏതാണ്ട് ഒരു കോടിയോളം രൂപയുമായി മുങ്ങിയ രവിചന്ദ്രന്‍ എന്നയാളെ ശാസ്താംകോട്ടയിലെ ഒരു ആശ്രമത്തില്‍ നിന്നും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ചാത്തന്‍ സേവാമഠം എന്ന പേരില്‍ ഒരാശ്രമം നടത്തി ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.
ഹൃദയം വീണ്ടും മിടിപ്പിന്റെ കൌണ്ട് തെറ്റിച്ചു. കയ്യിലിരുന്ന ചായകപ്പ് വിറച്ചു. ഫോണ്‍ വീണ്ടും ബെല്ലടിച്ചു.
അച്ഛന്‍ ഫോണെടുത്ത് കയ്യില്‍ തന്നു, “അജിത്താ, നിന്നെ വിളിക്കുന്നു.”
“ഡാ, നീ കണ്ടോ? ഇന്നലെ നമ്മള്‍ പോന്ന ഉടനെയായിരുന്നു. ഒരു ദിവസം കൂടി കഴിഞ്ഞിരുന്നെങ്കില്‍ പണിയായേനേ” അജിത്തിന്റെ പരിഭ്രാന്തമായ ശബ്ദം.
കള്ളനോട്ടടിക്കാരനു കമ്പ്യൂട്ടര്‍ വിറ്റ് ഇടങ്ങേറിലായ ഒരു പഴയ ചങ്ങാതിയെ അനുസ്മരിച്ചപ്പോള്‍ മോണിറ്ററും സി.പി.യു.വും തലയിലേറ്റി പോലീസുകാരോടും സ്വാമിയോടും ഒപ്പം നടന്നു നീങ്ങുന്ന എന്നെയും അജിത്തിനെയും ഭാവനയില്‍ കാണുകയായിരുന്നു ഞാനപ്പോള്‍.
"മൈ ഡിയര്‍ കുട്ടിച്ചാത്താ..." ഞാനറിയാതെ പറഞ്ഞുപോയി.
ഒരു വണ്‍വേ പ്രണയകാലത്ത്
Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍ ഓര്മ്മക്കുറിപ്പ്ഞാനറിയാതെന് കരള്‍ കവര്‍ന്നോടിയ
പ്രാണനും പ്രാണനാം പെണ്‍കിടാവേ
നിന്നെത്തിരയുമെന്‍ ദൂതനാം കാറ്റിനോ-
ടെന്തേ നിന്ന ഗന്ധമെന്നോതിടേണ്ടൂ...
*************************************************
സോമരാജന്‍ സര്‍ കീറ്റ്സിന്റെ കവിതയില്‍ പിടിച്ച് ആകാശത്തേക്ക് കയറാനുള്ള ശ്രമമാണ്. ഞാനാണെങ്കില്‍ കോട്ടുവായില്‍ ഫോറും സിക്സുമടിച്ച് ഹാഫ് സെഞ്ച്വറി കഴിഞ്ഞു, പതുക്കെ സെഞ്ച്വറിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.
ക്ലാസ്സിനു പുറത്തൊരു ബഹളം കേട്ട് എന്നാപ്പിനെ ഇടപെട്ടുകളയാം എന്നു കരുതി ചാടി പുറത്തിറങ്ങി. അവിടെ പാര്‍ട്ടിഭേദമന്യേ ഒരു സമരത്തിനുള്ള തയ്യാറെടുപ്പ് നടക്കുന്നു. ആഹാ...
“സംഭവം എന്താ?” എസ്.എഫ്.ഐയുടെ ഒരു ചോട്ടാ നേതാവിനോട് ചോദിച്ചു.
“ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റിലെ ചന്ദ്രന്‍ സാറിനെ പൊലീസ് തല്ലി. അതും പൊലീസ് ക്ലബ്ബിന്റെ മുന്നില്‍ വച്ച്.”
“ഇതു ഞാന്‍ പ്രതീക്ഷിച്ചതാ. ഫൊണെറ്റിക്സ് ക്ലാസ്സില്‍ വന്ന് പുല്ലീസ് പുല്ലീസ് എന്ന് പറഞ്ഞപ്പോഴേ ഞാന്‍ വിചാരിചതാ. അങ്ങേര്‍ക്ക് മര്യാദയ്ക്ക് പോലീസ് എന്നു പറഞ്ഞൂടേ” പ്രമോദ് വാചാലനായി.
“അതിനു ശരിക്കുള്ള പ്രൊനണ്‍സിയേഷന്‍ അങ്ങനെയായത് സാറിന്റെ കുഴപ്പമാണോ? പുള്ളി വല്ല പൊലീസുകാരനേയും പോയി പുല്ലീസ് എന്നു വിളിച്ചിട്ടുണ്ടാവും.” ഞാന്‍ പറഞ്ഞു.
“സംഭവം എന്തായാലും ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല. വാ നമുക്ക് ചിന്നക്കടയിലേക്ക് പോവാം. അവിടെ ചെന്നിട്ട് ആലോചിക്കാം ഇനി എങ്ങോട്ടാണെന്ന്.” പ്രമോദിന്റെ സജഷന്‍.
ചിന്നക്കടയില്‍ ചെന്ന് ഒരു തീയറ്ററ് സര്‍വ്വേ നടത്തി നോക്കി. കൊള്ളാവുന്ന ഒരു സിനിമയില്ല. എന്നാല്‍ പിന്നെ ഞാന്‍ പോണടെ എന്നു പാഞ്ഞു പ്രമോദ് വീട്ടിലേക്ക് വിട്ടു.
കറങ്ങിത്തിരിഞ്ഞു നിന്നിട്ട് കാര്യമില്ല എന്നു തോന്നിയപ്പോള്‍ വീട്ടില്‍ പോയാലോ എന്നൊരു ആലോചന.
ഏയ് അതു ശരിയാവില്ല. വൈകിട്ട് കൊല്ലം-ചെങ്കോട്ട മീറ്റര്‍ ഗേജ് ട്രെയിനില്‍ത്തന്നെ വേണം വീട്ടില്‍ പോവാന്‍. കുറച്ചു ദിവസമായി ഒരു സുന്ദരിക്കോതയെ കണ്ണുകള്‍ കൊണ്ട് കറക്കി കറക്കി വളച്ച് വളച്ച് വച്ചിരിക്കുന്നു. അതു മിസ്സാക്കാനോ... ഏയ്, ശരിയാവില്ല.
എന്നാല്‍ പിന്നെ ക്ലബ്ബില്‍ പോയി കുറച്ചു സമയം വായിച്ചിരിക്കാം.
ക്ലബ്ബില്‍ എത്തിയപ്പോഴാണ് ഓര്‍ത്തത് വൈകിട്ട് പാട്ടു പ്രാക്റ്റീസും ഉള്ളതാണ്. പാട്ട് പാടാന്‍ ഒരു പെണ്‍കുട്ടിയെ കണ്ടുപിടിച്ചു കൊണ്ടുവരാം എന്ന് ഏറ്റിട്ടു പോയ വിനുവിനെക്കുറിച്ച് ഒരു വിവരവും ഇല്ല. എല്ലാം കയറി ഏല്‍ക്കും, എന്നിട്ട് അവസാനം കാലുമാറുകയും ചെയ്യും. ഇനി അതിനും ഞാന്‍ തന്നെ ഓടണോ എന്തോ.
ചിന്തകള്‍ കാടുകയറിയപ്പോള്‍, കാലുകള്‍ പൊക്കി മേശപ്പുറത്തേക്ക് വച്ചു. കസേരയില്‍ ഒന്നു നീണ്ടുനിവര്‍ന്ന് ഇരുന്നു. അറിയാതെ ഉറങ്ങിപ്പോയി.
ഉറക്കം അങ്ങനെ കണ്ടിന്യൂ ചെയ്തോണ്ടിരുന്നപ്പോഴാണ് ഒരു കിളിനാദം.
കണ്ണുതുറന്നു നോക്കിയപ്പോള്‍ മുന്നില്‍ ഒരു പെണ്‍കുട്ടി. ചന്ദനത്തിന്റെ നിറം, പട്ടു പാവാട, മുല്ലപ്പൂവിന്റെ മണം. കണ്ണു മഞ്ഞളിച്ചുപോയി.
ട്രെയിനിലെ സുന്ദരിയെ സ്വപ്നം ക്ണടതാണോ എന്ന് ഒരു നിമിഷം സംശയിച്ചു.
കണ്ണു തിരുമ്മി ഒന്നു കൂടി നോക്കി. അല്ല, സ്വപ്നമല്ല, യാഥാര്‍ത്ഥ്യം തന്നെ. ഇതേതാ ഈ സുന്ദരി?
“വിനു ഉണ്ടോ?” ചോദ്യം എന്നോടാണ്.
അതു ശരി. അപ്പോള്‍ ഇത് അവന്റെ ലീലാവിലാസത്തിന്റെ ഭാഗമാണല്ലേ?
“ഇല്ലല്ലോ. കുട്ടി ഏതാ?” എന്റെ ജിജ്ഞാസ ഉണര്‍ന്നു.
“ക്ലബ്ബിന്റെ ആരും ഇല്ലേ ഇവിടെ?” മറുചോദ്യം.
അതു ശരി. മുന്നിലുള്ള മേശയില്‍ കാലും കയറ്റി വച്ചിരുന്ന് ഉറങ്ങുന്ന എന്നെ കണ്ടപ്പോള്‍ സെക്യൂരിറ്റി ആണെന്ന് വിചാരിച്ചിട്ടുണ്ടാവും.
“ഞാന്‍ ക്ലബ്ബിന്റെ ആളാണ്. എന്താ കാര്യം?” ഞാന്‍ കുറച്ച് വെയിറ്റിട്ടു നോക്കി.
“വിനു പറഞ്ഞിട്ട് വന്നതാ, പാട്ടുപാടാന്‍.”
“ഹതു ശരി, ഇരിക്കൂ, ഹെന്താ പേര്? ഹെവിടാ വീട്? ഹേതു കോളേജിലാ?” ഞാന്‍ പരവശനായി.
“എന്റെ പേര് സുമിത്ര, വിമന്‍സ് കോളേജില്‍ സംഗീതം പഠിക്കുന്നു.”
“അതെന്താ വീട്ടില്‍ ഇരുന്നു സംഗീതം പഠിക്കാന്‍ പറ്റില്ലേ?”
“അല്ല, ബി.എ. മ്യൂസിക്.”
അതു ശരി, അപ്പോള്‍ സംഗീതത്തിനുമുണ്ട് ബി.എ. അല്ലേ? അതിപ്പോഴാണ് അറിയുന്നത്.
ഒന്നു വോയിസ്സ് ടെസ്റ്റ് ചെയ്തു നോക്കിയാലോ എന്നു മനസ്സിലിരുന്നു ആരോ പറഞ്ഞെങ്കിലും, അത്രയ്ക്ക് അത്യാഗ്രഹം വേണ്ട എന്ന് മനസ്സിന്റെ വേറൊരു മൂലയില്‍ ഇരുന്നു വേറെയാരോ പറഞ്ഞു.
എന്തായാലും വിനു വരുന്നതു വരെ ആ സുന്ദരിയെ അവിടെ പിടിച്ചിരുത്തി സംസാരിച്ച് ബയൊഡാറ്റ മുഴുവന്‍ പേജുകളും മനസ്സിലാക്കിയെടുക്കുകയും എന്റെ ബയോഡാറ്റയുടെ കുറച്ചു പേജുകള്‍ മാത്രം മനസ്സിലാക്കി കൊടുക്കുകയും ചെയ്തു.
വൈകിട്ട് വീട്ടിലേക്കുള്ള യാത്രയില്‍ ട്രെയിനിലെ സുന്ദരിക്ക് സൌന്ദര്യം പോരെന്നും, ഉയരം പോരെന്നും, നിറം പോരെന്നുമൊക്കെ എനിക്ക് തോന്നിയതെന്തുകൊണ്ടെന്ന് ഇപ്പോഴും എനിക്ക് വലിയ നിശ്ചയമില്ല.
പാടിപ്പാടി ചുണ്ടുകള്‍ തേഞ്ഞില്ലെങ്കിലും പാട്ടുകേള്‍ക്കാനും പാടുന്നവരെ കാണാനും നടന്ന് നടന്ന് എന്റെ ചെരുപ്പു തേഞ്ഞു.
അതുകൊണ്ടൊരു ഗുണം ഉണ്ടായി. മൂന്നു മാസം കൊണ്ട് സുമിയുമായി നല്ല സൌഹൃദം സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞു. മറ്റാരെക്കാള്‍ കൂടുതല്‍ സമയം അവള്‍ എന്നോടൊപ്പം ചിലവഴിക്കാന്‍ തുടങ്ങി.
അതോടുകൂടി എനിക്ക് ഒരു കാര്യം മനസ്സിലായി. എനിക്കെന്തോ കുഴപ്പമുണ്ട്. ഇപ്പോള്‍ കണ്ണടച്ചാല്‍, അവള്‍ പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം പാടാന്‍ തുടങ്ങി, ഞാന്‍ അതു ഒളിഞ്ഞു നോക്കുന്ന ജയറാമായി മാറി.
എന്നെങ്കിലും അവളുടെ മനസ്സിന്റെ പടി കടന്ന് ചെല്ലണമെന്ന് ഒരാഗ്രഹമുണ്ടെങ്കിലും അതു ഒന്നു തുറന്നു പറയണമെങ്കില്‍ ഒരു രണ്ട് പെഗ്ഗ് റമ്മും 2 വിത്സും വേണമെന്ന നിലപാടിലാണ് ഞാനിപ്പോള്‍. പക്ഷെ, വെള്ളമടിച്ചിട്ട് അവളുടെ അടുത്ത് ചെന്നാല്‍, പടി കടക്കാന്‍ പോയിട്ട്, പടിയടച്ച് പിണ്ഡം വെയ്ക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തും എന്ന് എനിക്കു മനസ്സിലായി.
എന്തായാലും ചുമ്മാ ഒന്നു നമ്പരിട്ടു നോക്കാം എന്നു വിചാരിച്ച് ഇരിക്കുമ്പോഴാണ് ക്ലബ്ബില്‍ നിന്നും എല്ലാവരും കൂടി ടെറ്റാനിക് കാണാന്‍ പോയത്.
പടം കണ്ടിട്ട് ഇറങ്ങിയപ്പോള്‍ തന്നെ ഞാന്‍ സുമിയെ ഒന്നു തോണ്ടിയിട്ട് പറഞ്ഞു: “നമുക്ക് റോസും ജാക്കുമാവാം. എന്നിട്ട് ക്ലബ്ബിന്റെ മുകളില്‍ കയറി ഇങ്ങനെ കൈവിരിച്ച് നില്ക്കാം.”
“നീ ചാക്കാവുന്നതാ നല്ലത്. എന്റെ അച്ചനും ചേട്ടന്മാര്‍ക്കും കൂട്ടി കെട്ടിത്തൂക്കിയിട്ട് ഇടിച്ചു പഠിക്കാം.”
“നീ ഒട്ടും റൊമാന്റിക്കല്ല.” ഞാന്‍ എന്റെ നിരാശ മറച്ചുവച്ചില്ല.
പിന്നിടൊരിക്കല്‍ ഒരു വിനോദയാത്രയില്‍ വച്ച് നാഗര്‍കോവിലിനടുത്തുള്ള തൃപ്പരപ്പ് വെള്ളച്ചാട്ടത്തിനടുത്തുള്ള ഒരു പാറപ്പുറത്ത് ചിതറിക്കിടന്ന ഇലഞ്ഞിപ്പൂക്കള്‍ പെറുക്കിയെടുത്ത് സുമിയുടെ മടിയിലിട്ടുകൊടുത്തിട്ട് ഞാന്‍ ചോദിച്ചു.
“ഈ ഇലഞ്ഞിപ്പൂക്കള്‍ക്കെന്തു മണമാണ് അല്ലേ?” മടിത്തട്ടില്‍ വീണ പൂക്കള്‍ വാരിയെടുത്ത് മണത്തു അവള്‍.
“നിനക്ക് താഴമ്പൂവിന്റെ സുഗന്ധമാണ്.” റൊമാന്റിക്കാവാന്‍ ഒരു ശ്രമം നടത്തി നോക്കി ഞാന്‍.
“നീയെന്റെ കണ്ണില്‍ എന്താ കാണുന്നത്?” അടുത്ത ചോദ്യമെറിഞ്ഞുകൊണ്ട് പിന്നെയും ചുറ്റും വീണു കിടക്കുന്ന ഇലഞ്ഞിപ്പൂക്കള്‍ പെറുക്കാനാരംഭിച്ചു ഞാന്‍.
“വെള്ളമടിച്ച് ചുവന്ന് കലങ്ങിയ രണ്ട് ഉണ്ടകണ്ണുകള്‍ അല്ലാതെ അവിടെ എന്താ ഉള്ളത് ഇത്ര കാണാന്‍?”
“അല്ല, എന്തെങ്കിലും ഒരു ഫീലിങ്? ഒരു പ്രതീക്ഷയുടെ തിരയിളക്കം?”
“ആ, നിനക്ക് ഈയിടെയായി ഇത്തിരി ഇളക്കം കൂടുതലാണ്. അസുഖം എനിക്ക് മനസ്സിലാവുന്നുണ്ട്.”
ക്ലബ്ബിന്റെ വാര്‍ഷിക കലാമേള.
സുമിയുടെ പാട്ടുകേള്‍ക്കാന്‍ മുന്‍നിരയില്‍ത്തന്നെ ഞാന്‍ സ്ഥാനം പിടിച്ചു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവള്‍ പാടി.
എന്തേ അറിഞ്ഞീല നീയെന്റെ ഓമലേ,
എന്തേ എന്‍ നിശ്വാസ സംഗീതം കേട്ടീല
എന്തേ, നിന്‍ പദസ്വനം കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കും
ഏകാന്തമനസ്സിനെ അറിഞ്ഞീല, ഒന്നും പറഞ്ഞീല...
എന്റെ നിശാന്ത സ്വപനങ്ങളില്‍ വന്നു നീ
ഏതോ പ്രണയശലാക പോലെ
എന്തെന്നറിയാത്ത നൊമ്പരത്തിന്‍ സുഖം
എന്തേ ഇനിയുമറിഞ്ഞീല...
പണ്ടെന്നോ കുത്തിക്കുറിച്ച് ഈണമിടാന്‍ അവളുടെ കയ്യില്‍ കൊടുത്തിരുന്ന ഒരു കവിത. അതിപ്പോള്‍ സംഗീതം കൊണ്ട് ജീവന്‍ വയ്പ്പിച്ച് അവളുടെ ശബ്ദത്തില്‍ എന്റെ കര്‍ണ്ണപുടങ്ങളില്‍...
പാടിക്കഴിഞ്ഞ് പുറത്തു വന്ന അവളെക്കണ്ടപ്പോള്‍ എന്തു പറയണമെന്നറിയാതെ ഞാന്‍ മിഴിച്ചു നിന്നു.
“ഡാ, നീ പുകവലിയും കള്ളുകുടിയും നിര്‍ത്തിയാല്‍ നിന്നെ ഞാന്‍ സ്നേഹിക്കാം.” ഒരു മുന്നറിയിപ്പില്ലാതെ അവള്‍ പറഞ്ഞു.
പെട്ടെന്ന് കണ്ണിലിരുട്ട് കയറിയതുപോലെ തോന്നി. കേള്‍ക്കാന്‍ കൊതിച്ചത്... ഒരിക്കല്‍ക്കൂടി...
“എന്താ? എന്താ പറഞ്ഞത്?” ഞാന്‍ അന്തംവിട്ട് ചോദിച്ചു.
“പുകവലിയും കള്ളുകുടിയും നിര്‍ത്താന്‍ ഞാന്‍ നിന്നെ സഹായിക്കാം.” അവള്‍ ആവര്‍ത്തിച്ചു.
“ആദ്യം പറഞ്ഞത് ഇതല്ലല്ലോ. അത് ഒരിക്കല്‍ കൂടി പറയ്.”
“ഞാന്‍ ഇതു തന്നെയാണ് പറഞ്ഞത്. വേറെ എന്താ നീ കേട്ടത്.”
“സ്നേഹിക്കാം എന്നല്ലേ നീ പറഞ്ഞത്?”
“പിന്നെ, എന്റെ സ്നേഹം കിട്ടിയാലേ നീ ഇതൊക്കെ നിര്‍ത്തുള്ളുവെങ്കില്‍, നീ നിര്‍ത്തണ്ട. നീ നന്നാവില്ലെടാ...”
കലാമേള കഴിഞ്ഞപ്പോള്‍ നേരം കുറെ ഇരുട്ടിയിരുന്നു. സുമിക്ക് കൂട്ടായി ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ ഹോട്ടല്‍ സുപ്രഭാതത്തിന്റെ മുന്നില്‍ എത്തിയപ്പോള്‍;
“നല്ല മസാലദോശയുടെ മണം.” അവള്‍ പറഞ്ഞു.
“നിനക്ക് ദോശ വേണമെങ്കില്‍ കഴിച്ചിട്ട് പോകാം.” ഞാന്‍ ഒരു ഫോര്‍മാലിറ്റിക്ക് പറഞ്ഞു നോക്കി. രാവിലെ അച്ഛന്‍ തന്നെ പത്തുരൂപ കോളേജ് കാന്റീനിലെ കല്ലരിച്ചോറിനായി ചിലവാക്കിയത് ഓര്‍മ്മയിലുണ്ട്. എന്നാലും അഭിമാനം വിട്ടുകളയാന്‍ പറ്റില്ലല്ലോ.
“വേണ്ട, ഇന്നിപ്പോള്‍ സമയമില്ല. പിന്നീടൊരിക്കലാവാം...”
സുമിയെ ബസ് കയറ്റിവിട്ട് തിരിച്ചു വരുമ്പോള്‍ സുപ്രഭാതത്തിനുമുന്നില്‍ നേരത്തെ കണ്ട ആ ചെറുപ്പക്കാരന്‍.
“അതു നിങ്ങളുടെ ഭാര്യ ആണോ?”
“അതെന്താ അങ്ങനെ ചോദിച്ചത്?”
“അല്ല, മസാലദോശയുടെ കാര്യം പറഞ്ഞതുകേട്ടു. അതുകൊണ്ട് ചോദിച്ചതാ.”
മസാലദോശ എന്നത് ഭാര്യമാര്‍ക്ക് ഭര്‍ത്താക്കന്മാരോട് മാത്രം സംസാരിക്കാന്‍ പറ്റിയ ഒരു സംഗതിയാണെന്നത് എനിക്കു പുതിയ അറിവായിരുന്നു. കാര്യം എന്താണെന്ന് മനസ്സിലായില്ലെങ്കിലും ഒരു ചിരിയും പാസാക്കി ഞാന്‍ നടന്നു.
പിറ്റേന്ന് സുമിയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ ഒരു ചിരി മാത്രമായിരുന്നു മറുപടി.
“വല്ല ഒട്ടത്തി ലുക്കുള്ള പട്ടത്തിയുമായിരുന്നെങ്കില്‍ ഞാന്‍ അല്ല എന്നു പറഞ്ഞേനേ. ഇതിപ്പോള്‍ അങ്ങനെയല്ലല്ലോ. അതുകൊണ്ട് ഞാന്‍ ഭാര്യ ആണെന്നാണ് അയാളോട് പറഞ്ഞത്.” ഞാന്‍ വെറുതെ ഒരു നമ്പരിട്ടു നോക്കി.
“നീ മനുഷ്യനെ നാണം കെടുത്തും. നിന്നോട് അങ്ങനെ ചോദിക്കാന്‍ തോന്നിയ ആ മഹാന്റെ കണ്ണിനെന്തെങ്കിലും കുഴപ്പമുണ്ടോ?”
“അതെന്താ, എനിക്കു നീ മാച്ചാവില്ലേ?” നിഷ്ക്കളങ്കമായി ഞാന്‍ ചോദിച്ചു.
“മാച്ചാവും, മാച്ചാവും. നമ്മള്‍ ഒരുമിച്ചു നടന്നാല്‍ ബ്ലാക്ക് ആന്റ് വൈറ്റ് ദമ്പതികള്‍ എന്നു പറയും കാണുന്നവര്‍.”
കോളേജ് വിട്ട് പ്രാരാബ്ധങ്ങളുടെ നടുവിലേക്ക്. ഉത്തരവാദിത്വത്തിന്റെ മാറാപ്പേന്തിയ കൌമാരത്തിന്റെ കാലം. ഏതു ജോലിയും ചെയ്യാനുള്ള സന്നദ്ധതയോടെ കിട്ടിയ മാര്‍ക്കറ്റിങ് ജോലിയുമായി എറണാകുളത്തേക്ക്.
എറണാകുളത്തുനിന്ന് സുമിക്ക് ആദ്യ കത്ത് എഴുതുമ്പോള്‍ പ്രതീക്ഷയുടെ ഒരു നൂറു നറുതിരി ഉള്ളില്‍ കത്തിച്ചു വച്ചിട്ടുണ്ടായിരുന്നു.
ഒരാഴ്ചകഴിഞ്ഞ് കിട്ടിയ സുമിയുടെ മറുപടിക്കത്ത് പൊട്ടിച്ച് വായിക്കാനിരുന്നപ്പോള്‍ മനസ്സില്‍ ആനന്ദത്തിന്റെ പൂത്തിരി.
“ഡാ, ഒരു സന്തോഷവര്‍ത്തമാനം പറയാനുണ്ട്. പിന്നെ, പറഞ്ഞില്ല കേട്ടില്ല എന്നൊന്നും പറയരുത്. എന്റെ കല്യാണം നിശ്ചയിച്ചു.....”
മുഴുവന്‍ വായിച്ചുതീര്‍ത്തു ഒരു നെടുവീര്‍പ്പിട്ട് സന്തോഷത്തോടെ ഞാന്‍ കസേരയിലേക്ക് ചാഞ്ഞു.
*******************************************************
വര്‍ഷങ്ങള്‍ ഒരുപാടു കഴിഞ്ഞു. പുതിയ ഒരു നൂറ്റാണ്ട് പിറന്നു. ഭൂമി സൂര്യനെ ചുറ്റിച്ചുറ്റി ക്ഷീണിച്ചു. കലണ്ടറുകള്‍ വിറ്റ് പലരും പണക്കാരായി...
കൊല്ലം റെയില്‍വേ സ്റ്റേഷന്റെ കല്‍ബഞ്ചില്‍ ഇരുന്ന് പക്ഷിനിരീക്ഷണം നടത്തുന്ന ഒരുച്ച നേരം. ഐലന്റ് എക്സ്പ്രസ്സ് വരാന്‍ ഇനിയും സമയം ഉണ്ട്.
തൊട്ടടുത്ത പ്ലാറ്റ്ഫോമില്‍ വന്നു നിന്ന ജയന്തി ജനത എക്സ്പ്രസ്സില്‍ നിന്നും രണ്ട് കൊച്ചു സുന്ദരികളെയും കൊണ്ട് ഇറങ്ങിയ സ്ത്രീയെ കണ്ടപ്പോള്‍ നല്ല പരിചയം തോന്നി.
ബാഗുമെടുത്ത് ഇപ്പുറത്തെ പ്ലാറ്റ്ഫോമില്‍ക്കൂടി കുറെ മുന്നോട്ട് ഓടി. അതെ അത് സുമി തന്നെ. ആളാകെ മാറിപ്പോയിരിക്കുന്നു.
തീവണ്ടിപ്പാത മുറിച്ചുകടന്ന് മുന്നില്‍ ചെന്ന് ചോദിച്ചു:“എന്നെ ഓര്‍മ്മയുണ്ടോ?”
അത്ഭുതത്തോടെ വിടര്‍ന്ന കണ്ണുകളില്‍ നീര്‍ക്കണങ്ങളുടെ തിളക്കം. “നിന്നെ അത്ര എളുപ്പം മറക്കാന്‍ പറ്റുമോ? മറ്റുള്ളവരെപ്പോലെയായിരുന്നില്ലല്ലോ നീയെനിക്ക്.”
മനസ്സില്‍ വിടര്‍ന്ന വിചാരങ്ങള്‍ വാക്കുകളിലേക്ക് മാറുന്നതിനുമുമ്പ് അവള്‍ നടന്നു തുടങ്ങിയിരുന്നു, കൂടെ തിരിഞ്ഞുനോക്കി നടന്നു പോകുന്ന ആ സുന്ദരിക്കുട്ടികളും.
*************************************************
വാടിയ താഴമ്പൂ വാസന പൂശിയ
കോടി പുടവതന്‍ പുതുമണമോ...
നിന്‍മടിക്കുത്തിലായ് വാരിനിറച്ചൊരു
പൊന്നിലഞ്ഞിപ്പൂവിന്‍ നറുമണമോ...
ഉമ്പായി പാടുന്നു....
കാറ് ബാറ് ദേഖോ...
Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍ ഓര്മ്മക്കുറിപ്പ്വീട്ടിലാദ്യമായി വാങ്ങിയ ആ ചുവപ്പ് മാരുതി കാറ് എന്റെ അധ്വാനഫലമായി വാങ്ങിയതാണോ എന്നു ചോദിച്ചാല്‍ അതെ എന്നു പറയേണ്ടി വരും. കാരണം അമ്മ വി.ആര്‍.എസ്. എടുക്കുന്നു എന്നു അറിഞ്ഞ അന്നു മുതല്‍ അതെന്തിനാണമ്മേ വി.ആര്‍. എസ്. എന്നൊരു വാക്കു പോലും ചോദിക്കാതെ, മാരുതി കാറ്, മാരുതി കാറ് എന്നു മാത്രം പറഞ്ഞു നടന്ന എന്റെ അധ്വാനം കുറച്ചു കാണിക്കാന്‍ ഞാന്‍ അത്രക്ക് വിശാലമനസ്കനൊന്നുമല്ല.
അമ്മയുടെ വി.ആര്‍. എസിന് എനിക്കറിയാവുന്ന ഒരേ ഒരു കാരണമേ ഉണ്ടായിരുന്നുള്ളൂ. അതിന്റെ തിരക്കഥ ഏതാണ്ട് ഇങ്ങനെയൊക്കെ:
അച്ഛനും അമ്മയും ഒരേ ഓഫീസില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഒരു ദിവസം.
തിരക്കിട്ട് ജോലി ചെയ്യുന്ന അമ്മ ജനലിലൂടെ പുറത്തേക്ക് പോകുന്ന അച്ഛനെ കാണുന്നു. അച്ഛന്‍ ജനലിലൂടെ പുറത്തേക്ക് പോയി എന്നല്ല. അമ്മ ജനലിലൂടെ അച്ഛനെ കാണുന്നു എന്നു വായിച്ചാല്‍ മതി.
സ്വാഭാവികമായും അച്ഛന്‍ പുറത്തുപോവുമ്പോള്‍ “നിങ്ങളെന്താ നിലാവത്ത് അഴിച്ചുവിട്ട കോഴിയെപ്പോലെ കറങ്ങി നടക്കുന്നത്“ എന്നു ചോദിച്ചിട്ടുണ്ടാവും.
“വെറുതെ ഒന്നു വലിക്കാനിറങ്ങിയതാ”, അച്ഛന്റെ മറുപടി.
സാധാരണ വീട്ടില്‍ വച്ചാണെങ്കില്‍ ഒരു മണിക്കൂറും, പുറത്തെവിടെയെങ്കിലുമാണെങ്കില്‍ അരമണിക്കൂറും നീളുന്ന സുവിശേഷപ്രസംഗ പരമ്പര അമ്മ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
പത്തു പതിനഞ്ച് മിനിട്ടായി മാറി നിന്ന് കുശുകുശുക്കുന്ന തല നരച്ച ആ യുവമിഥുനങ്ങളെക്കണ്ട് ടെലിഫോണിന് ജലദോഷമെന്നോ, കഴിഞ്ഞ തവണത്തെ ബില്ലില്‍ നാലു പൂജ്യം കൂടിപ്പോയി എന്നോ പരാതി പറയാന്‍ വന്ന ഒരു പാവം ഉപഭോക്താവ് “അവരെന്താ ലൈനാണോ” എന്ന് അവിടെ നിന്ന വാച്ച്‌മേനോട് ചോദിക്കുന്നു.
“ആ അവര് കഴിഞ്ഞ പത്തു മുപ്പത് വര്‍ഷമായിട്ട് ലൈനാണ്? എന്നു വാച്ച്‌മാന്‍ മറുപടി കൊടുക്കുന്നു.
വാച്ച്‌മാന്‍ ആ സംഭവം പൊടിപ്പും തൊങ്ങലും വച്ച് അച്ഛനെ അറിയിക്കുന്നു. ഇനി വി.ആര്‍.എസ്. നു വേറെ എന്തു കാരണം തപ്പാനാ?
എന്തായാലും കുരീപ്പള്ളിക്കാരന്‍ സലീമിന്റെ കയ്യില്‍ ഒരു രസ്യന്‍ കാറിരിപ്പുണ്ടെന്നും എഴുപത്തയ്യായിരം രൂപ കൊടുത്ത് ഒരു പാട്ടും പാടിയാല്‍ സാധനം നമ്മുടെ വീട്ടുമുറ്റത്ത് കിടക്കും എന്ന് ആരോ പറഞ്ഞപ്പോള്‍ പിന്നെ മറ്റൊന്നും ആലോചിക്കാന്‍ നിന്നില്ല. ജോലിയും കൂലിയുമൊന്നുമ്മില്ലതെ തെക്കു വടക്കു നടക്കുന്ന മോന്‍ നാളെ മുതല്‍ കാറില്‍ കയറി തെക്കു വടക്കു നടക്കട്ടെ എന്നു കരുതുന്ന മാതാപിതാക്കളുടെ ക്യാറ്റഗറിയില്‍ പെടാന്‍ വെമ്പി നിന്ന അച്ഛനുമമ്മയും എഴുപത്തയ്യായിരം രൂപ തരാനും പാട്ട് മോന്‍ തന്നെ പാടിക്കോ എന്നു പറയാനും തയ്യാറായി.
ദേ കാറ് വീട്ടുമുറ്റത്ത്.
കാറ് വാങ്ങുന്നതിനു മുമ്പ് തന്നെ ഞാന്‍ വിവാഹസ്വപ്നങ്ങള്‍ കണ്ടു തുടങ്ങിയിരുന്നു. വിവാഹസ്വപ്നം എന്നൊക്കെ പറയുമ്പോള്‍ പ്ലാസ്റ്റിക് പൂക്കള്‍ ഒട്ടിച്ചുവച്ച്, മൂന്നു നിറത്തിലുള്ള റിബ്ബണ്‍ കെട്ടി, പിന്നിലെ ചില്ലില്‍ കുമാരന്‍ വെഡ്സ് കുമാരി എന്ന് തെര്‍മോക്കോളില്‍ വെട്ടി ഒട്ടിച്ച്, ഒരു മണവാളനെ കാറിന്റെ മുന്‍സീറ്റില്‍ ഇരുത്തി, ചെക്കന്റെ അപ്പനേയും അമ്മയേയും സുന്ദരിയായ അനിയത്തിമാരെയും പിന്‍സീറ്റില്‍ ഇരുത്തി ആളുകള്‍ തിങ്ങിക്കൂടി നില്‍ക്കുന്ന ഒരു ഓഡിറ്റോറിയത്തിലേക്ക് താലമേന്തിയ സുന്ദരിമാരുടെ നടുവിലൂടെ കാറോടിച്ചു ചെല്ലുക. ഹൊ..അതാലോചിക്കുമ്പോള്‍ തന്നെ കുളിരു കോരും.
അങ്ങനെ വിവാഹസ്വപ്നങ്ങള്‍ നെയ്തു നെയ്തു നെയ്തുകാരുടെ പെന്‍ഷന്‍ കിട്ടാറായപ്പോള്‍ എന്റെ വിവാഹസ്വപ്നം പൂത്തുലഞ്ഞു. വലിയച്ഛന്റെ മകന്റെ കല്യാണം. ആനന്ദലബ്ധിക്കിനിയെന്തുവേണം?
കല്യാണത്തലേന്ന് കാറ് ഒന്നു നന്നായി കഴുകി തുടച്ചു. വൈകിട്ട് ചെറുക്കന്റെ വീട്ടില്‍ ആളുകള്‍ വന്നു തുടങ്ങിയപ്പോള്‍ തന്നെ കാറ് ഞാന്‍ അവിടെ കൊണ്ടുപോയി പ്രദര്‍ശനത്തിനിട്ടു. എന്നിട്ട് അതില്‍ ചാരി നിന്നു പന്തല്‍ക്കാര്‍ക്കും, ലൈറ്റ് ഇടുന്ന പയ്യനുമൊക്കെ നിര്‍ദ്ദേശങ്ങള്‍ കൊടുക്കാന്‍ തുടങ്ങി.
രാത്രിയായപ്പോള്‍ കല്യാണവീട്ടിലെ തിരക്കുകള്‍ കൂടി. അടുക്കളയില്‍ സ്ത്രീകളുടെ തിരക്ക്, മുറ്റത്ത് കുട്ടികളുടെ തിരക്ക്, വീടിനോട് ചേര്‍ന്നുള്ള പന്തലില്‍ അതിഥികളുടെ തിരക്ക്. അങ്ങനെ എല്ലായിടത്തും എല്ലാവര്‍ക്കും തിരക്കോട് തിരക്ക്.
കുറച്ചു കഴിഞ്ഞപ്പോള്‍ ഞാനും അങ്ങ് തിരക്കായിപ്പോയി. പന്തലിന്റെ ബാക്കി പണികള്‍ക്ക് ഒക്കെ മേല്‍നോട്ടം വഹിക്കാന്‍ ഞാന്‍ നിയോഗിക്കപ്പെട്ടു. ചുരുക്കം പറഞ്ഞാല്‍ എവിടെയെങ്കിലും ചുരുണ്ടുകൂടിക്കിടന്ന് ഉറങ്ങാമെന്നുള്ള എന്റെ സ്വപ്നം മുളയിലേ ക്രോപ്പ് ചെയ്തു കളഞ്ഞു.
നാട്ടിലെ കല്യാണമായാലും ചാക്കാല ആയാലും എന്തിനും ഏതിനും കൈക്കാരനായി പ്രവര്‍ത്തിച്ച് ജനകോടികളുടെ വിശ്വസ്തകൈക്കാരനായ സുഗതന്‍. സുഗതനെക്കൊണ്ട് അത്യാവശ്യം മുറ്റം ഒക്കെ ഒന്നു വൃത്തിയാക്കി പന്തലിന്റെ അരികിലുള്ള ചെടികള്‍ ഒക്കെ ഒന്നു ഒതുക്കികെട്ടി വെയ്പ്പിച്ചപ്പോഴാണ് പന്തലിനു മുന്നില്‍ പനയോല കൊണ്ടൊരു കമാനം എന്ന പുതുപുത്തന്‍ ആശയത്തിലേക്ക് എന്റെ മനസ്സ് കൂപ്പൂകുത്തിയത്.
പിന്നെ ഒട്ടും ആമാന്തിച്ചില്ല, സുഗതനെ ചട്ടം കെട്ടി വിട്ടു, പനയോല കൊണ്ടുവരാന്‍.
ഈ തിരക്കിനിടയ്ക്ക് കാറിനെക്കുറിച്ചു മറന്നു. ഇടയ്ക്കിടയ്ക്ക് രഘുവേട്ടന്‍ വന്ന് കാറിന്റെ താക്കോല്‍ വാങ്ങിക്കൊണ്ട് പോവും, അരമണിക്കൂര്‍ കഴിയുമ്പോള്‍ തിരികെ കൊണ്ടുവരും. കുറെനേരം ആ പ്രക്രിയ തുടര്‍ന്നപ്പോള്‍ ഞാന്‍ ഒന്നു ശ്രദ്ധിച്ചു. കല്യാണവീട്ടില്‍ പുരുഷന്മാരായ അതിഥികള്‍ വരുമ്പോള്‍ മാത്രമാണ് ഈ പ്രക്രിയ. കൂടുതല്‍ ചിന്തിക്കാതെ തന്നെ കാര്യം മനസ്സിലായി. രഘുവേട്ടന്‍ ആളുകളെ കാറ് കാണിക്കുകയാണ്. വരുന്ന അതിഥികളെ കാറിന്റെ അടുത്തു കൊണ്ടുപോയി കാറിന്റെ ചുറ്റും കാണിക്കും, അപ്പോള്‍ എന്നെ ചൂണ്ടി എന്തോ പറയുന്നുമുണ്ട്. പിന്നെ കാറിന്റെ ഉള്ളില്‍ ഇരുത്തി ഉള്‍വശം കാണിക്കും. രഘുവേട്ടന്‍ പോളിടെക്നിക്കില്‍ പഠിച്ചതുകൊണ്ട് കാര്യങ്ങളൊക്കെ നല്ല വെടിപ്പായി പറഞ്ഞുകൊടുക്കാന്‍ പറ്റും എന്നുള്ളതുകൊണ്ട് ഞാന്‍ പിന്നെ അങ്ങോട്ട് അധികം ശ്രദ്ധിക്കാന്‍ പോയില്ല. പക്ഷേ, കാറ് കണ്ടിട്ടു മടങ്ങിപോകുന്ന അതിഥികളുടെ നടപ്പിനു ലേശം ചന്തക്കുറവുണ്ടോ എന്നൊരു സംശയം എനിക്ക് തോന്നിയതേയില്ല.
കാര്യങ്ങള്‍ അങ്ങനെ പുരോഗമിക്കവേ വീട്ടിനുള്ളില്‍ നിന്നും വേലായുധന്‍മാമന്റെ അക്രോശം കേട്ടു.
ചെന്നു നോക്കിയപ്പോള്‍ സുഖമായി കമ്പിളി പുതച്ച് ഉറങ്ങുകയായിരുന്ന മാമന്റെ കമ്പിളിയുടെ ഒരറ്റം രഘുവേട്ടന്റെ കയ്യില്‍. മറ്റേ അറ്റത്ത് മാമന്‍ പിടിമുറുക്കിയിരിക്കുന്നു. മാമന്‍ രഘുവേട്ടനെ നല്ല തെറിയില്‍ കുളിപ്പിക്കുന്നു. അവസാനം കമ്പിളിയുടെ അവകാശം രഘുവേട്ടന്‍ സ്ഥാപിച്ചെടുത്തു,
കമ്പിളിയും കൊണ്ട് രഘുവേട്ടന്‍ പോയി. ഉറക്കം നഷ്ടപ്പെട്ട ഈര്‍ഷ്യയോടെ വേലായുധന്‍ മാമന്‍ പുറത്തേക്കും പോയി.
ഞാന്‍ പന്തലിന്റെ അവസാനത്തെ മിനുക്കു പണികളിലേക്ക് ശ്രദ്ധിച്ചു.
വേലായുധന്‍ മാമന്‍ പോയപോക്കില്‍ തെക്കേ വശത്തെ ഇടവഴിയില്‍ ചെന്നു അവിടെ കണ്ട ഒരു പോസ്റ്റിന്റെ ചുവട്ടില്‍ ജലസേചനത്തിനായി യന്ത്രം ഓണ്‍ ചെയ്തു പിടിച്ചു. യന്ത്രം പ്രവര്‍ത്തിപ്പിച്ചു നില്‍ക്കെ വേലായുധന്‍ മാമന്‍ ഇരുട്ടിലെന്തോ അനക്കം കേട്ട് ചുറ്റുമൊന്നു കണ്ണോടിച്ചു.
“ഹെന്റമ്മച്ചിയേ”, ഒരു നിലവിളിയുടെ പിന്നാലെ യന്ത്രം കയ്യില്‍പ്പിടിച്ച് ഇടവഴിയും ആ വശത്തെ കയ്യാലയും ചാടിക്കടന്ന് വീട്ടിനുള്ളിലേക്ക് ഓടുന്ന വേലായുധന്‍ മാമനെയാണ് പിന്നെ കണ്ടത്.
പിന്നാലെ ഞാനും ഓടി. ഓടിച്ചെന്ന് വേലായുധന്‍ മാമനെ പിടിച്ചുനിര്‍ത്തി കാര്യം തിരക്കി.
കിതപ്പിനിടയില്‍ എന്തോ പറയാന്‍ ശ്രമിച്ച് വേലായുധന്‍മാമന്‍ പുറത്തേക്ക് ചൂണ്ടി.
“പന...പന..ഹവിടെ...നടന്നു...വരുന്നു” എന്നൊരു വികൃതമായ ഒച്ചയും പുറത്തേക്ക് വന്നു.
പുറത്തിറങ്ങിപ്പോയി നോക്കിയ ഞാന്‍ കണ്ടത് തലയില്‍ ചുമന്നു വന്ന പനയോലകള്‍ താഴെയിട്ട് അന്തംവിട്ട് നില്ക്കുന്ന സുഗതനെ.
“വേലായുധനാശാന്‍ എന്നെ കണ്ട് എന്തിനാ ഓടിയത്?” സുഗതന്റെ നിഷ്ക്കളങ്കമായ ചോദ്യം.
************************************************
പുലര്‍ച്ചേ 5 മണിക്ക് പള്ളിമുക്കിലുള്ള പാണ്ടിയുടെ പൂക്കടയില്‍ കല്യാണ മാലയും ബൊക്കെയും പൂക്കളും എടുക്കാന്‍ പോകാന്‍ കുടുംബത്തിലെ ആകെയുള്ള കാറിന്റെ മൊതലാളി എന്ന് അറിയപ്പെട്ടിരുന്ന ഞാന്‍ തന്നെ നിയോഗികപ്പെട്ടു. രണ്ടു പോള കണ്ണും അടയ്ക്കാതെ കയ്യും മെയ്യും ബാക്കിയുള്ള അല്പം ബുദ്ധിയും പന്തല്‍ പണിയില്‍ വ്യാപൃതനായിരുന്നതുകൊണ്ട് ആ ദൌത്യം ആരെയെങ്കിലും ഏല്‍പ്പിക്കാന്‍ പറ്റുമോ എന്ന് നോക്കാതെയിരുന്നില്ല. കാക്കയ്ക്കും തന്‍ ഉറക്കം പൊന്‍ ഉറക്കം എന്നുള്ള മഹത്‌വചനങ്ങളെ അനുസ്മരിപ്പിക്കുമാറ് യുദ്ധം കഴിഞ്ഞ പടക്കളം പോലെ തലങ്ങും വിലങ്ങും വീണുകിടന്ന് ഉറങ്ങുന്ന ചെറുപ്പക്കാരെ ഒന്നു ഉണര്‍ത്താന്‍ ഞാന്‍ അശക്തനായിരുന്നു.
അവസാനം ഞാന്‍ തന്നെ കാറുമെടുത്ത് പുറപ്പെട്ടു.
കണ്ണ് ബലം പ്രയോഗിച്ച് തുറന്നു വച്ച് അങ്ങനെ കാറോടിച്ചു പോകവേ പൊലീസ് കൈകാണിച്ചു.
പതുക്കെ റോഡിന്റെ ഓരം ചേര്‍ത്തു വണ്ടി നിര്‍ത്തി.
“കൊച്ചുവെളുപ്പാന്‍കാലത്ത് എങ്ങോട്ടാ?”
“പള്ളിമുക്കില്‍, പൂ വാങ്ങാന്‍”. ഞാന്‍ മറുപടി കൊടുത്തു.
“എന്തിനാ ചെവിയില്‍ വെയ്ക്കാനാണോ?” പൊട്ടിച്ചിരിയോടൊപ്പം അടുത്ത ചോദ്യം.
ഞാന്‍ ഒരു വളിച്ച ചിരി ചിരിച്ചു.
“ഒന്നിങ്ങോട്ട് ഇറങ്ങണം. കാറൊന്ന് പരിശോധിക്കണം.” സ്പിരിറ്റ് പിടിക്കാനാണ് ഉറക്കമിളച്ചു അവര്‍ കാത്തു നിന്നതെന്ന് മനസ്സിലായി.
ഒരു പുച്ഛച്ചിരിയോടെ ഞാന്‍ കാറില്‍ നിന്നിറങ്ങി.
“ഈ ഡിക്കിയൊന്നു തുറന്നേ.”
“അതിലൊന്നുമില്ല സര്‍. സ്റ്റെപ്പിനി മാത്രമേയുള്ളൂ...”
“തെക്കിനിയാണോ വടക്കിനിയാണോ എന്ന് ഞങ്ങള്‍ നോക്കിയിട്ടു തീരുമാനിക്കാം. താന്‍ അധികം വാചകമടിക്കാതെ വേഗം തുറക്ക്.” പൊലീസുകാരന്‍ ദേഷ്യപ്പെടാന്‍ തുടങ്ങി.
ഞാന്‍ വീണ്ടും ആ പുച്ഛച്ചിരി പുറത്തേടുത്തു. പാതിയടഞ്ഞ കണ്ണില്‍ അസാമാന്യമായ ആത്മവിശ്വാസം കുത്തിനിറച്ച് ഞാന്‍ ചെന്നു തുറന്നു.
ദേ വിരിച്ചിട്ടിരിക്കുന്നു വേലായുധന്‍ മാമന്റെ കമ്പിളിപ്പുതപ്പ്. പുതപ്പിന്റെ നിമ്നോന്നതങ്ങളിലൂടെ ഞാന്‍ വിരലോടിച്ചു.
“എന്താടാ അതിനടിയില്‍?” എമാന്‍മാരുടെ ചോദ്യം.
“ഏയ് അവിടെ ഒന്നുമില്ല” എന്ന് പറഞ്ഞു ഞാന്‍ ആ പുതപ്പ് വലിച്ചെടുത്തു.
ഹണിബീ, മക്ഡൌവ്വത്സ്, കിങ്ഫിഷര്‍, സോഡ, ബിസ്‌ലേരി, ഗ്ലാസ്സ്, ഒഴിഞ്ഞ കുപ്പികള്‍, പാട്ടകള്‍...
“ഹെന്റെ രഘുവേട്ടാ...” ഞാന്‍ അറിയാതെ വിളിച്ചുപോയി.
“ഇതെന്താ ബാറോ? സ്പിരിറ്റില്‍ കളര്‍ മിക്സ് ചെയ്ത് കുപ്പിയിലാക്കിയാണല്ലേ ഇപ്പൊ കടത്ത്?” തലമൂത്ത ഒരേമാന്‍ അലറി.
************************************************
പ്ലാസ്റ്റിക് പൂക്കളൊട്ടിക്കാത്ത, മൂന്നു നിറത്തിലുള്ള റിബ്ബണ്‍ കെട്ടാത്ത, കുമാരന്‍ വെഡ്സ് കുമാരി എന്നെഴുതാത്ത, മുന്നിലും പിന്നിലും കാക്കി ഉടുപ്പിട്ട ഏമാന്മാര്‍ ഇരിക്കുന്ന കാര്‍ തോക്കേന്തിയ പൊലീസുകാരുടെ ഇടയിലൂടെ പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ചു കയറ്റുമ്പോള്‍ കുളിരുകോരാതെ തന്നെ ഞാന്‍ വിറയ്ക്കുന്നുണ്ടായിരുന്നു.
പാസഞ്ചേര്‍സ് യുവര്‍ അറ്റന്‍ഷന്‍ പ്ലീസ്...
Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍ ഓര്മ്മക്കുറിപ്പ്വിമാനം റണ്‍വേയില്‍ക്കൂടി മുന്നോട്ട് ഓടിത്തുടങ്ങി. അതിന്റെ വേഗത കൂടിക്കൊണ്ടിരുന്നു. പെട്ടെന്നു വിമാനത്തിനുള്ളിലെ വിളക്കുകളെല്ലാം അണഞ്ഞു. എന്‍. എല്‍.ബാലകൃഷ്ണന്‍ ഇന്ദ്രന്‍സിന്റെ ബൈക്കിന്റെ പിന്നില്‍ കയറിയാലെന്നപോലെ ചെറിയ ഒരു കുലുക്കത്തോടെ വിമാനത്തിന്റെ മുന്‍ചക്രം പൊങ്ങി.
പെട്ടെന്നു പിന്നോട്ടാഞ്ഞ ഞാന്‍ ചാടിപ്പിടിച്ചത് മുന്‍സീറ്റില്‍. പക്ഷേ, എന്റെ പേടി കൊണ്ടോ, അല്ലെങ്കില്‍ വിമാനം പൊങ്ങിയ സമയത്തായതുകൊണ്ട് ഗുരുത്വാകര്‍ഷണം ശരിക്കും വര്‍ക്ക് ചെയ്യാത്തതുകൊണ്ടോ, എനിക്കു ഗുരുത്വം ഇത്തിരി കുറവായതുകൊണ്ടോ മുന്‍സീറ്റില്‍ പിടിക്കാനാഞ്ഞ എന്റെ കൈ ഞാന്‍ ഉദ്ദേശിച്ചതിലും കുറച്ചു കൂടി മുന്നോട്ടു പോയാണ് പിടിച്ചത്.
“യൂ സ്കൌണ്ട്രല്‍, ട്രയിംഗ് റ്റു ടീസ് മീ? ഐ വില്‍ കാള്‍ ദ് പൊലീസ്, ഐ വില്‍ കാള്‍ ദ് പൊലീസ്!” ഒരു പെമ്പ്രന്നോത്തി ചാടിയെഴുന്നേറ്റ് എന്റെ നേരെ നോക്കി അലറാന്‍ തുടങ്ങി.
രണ്ടു മിനിറ്റിനുള്ളില്‍ എന്റെ ചുറ്റും ഒരു വലിയ ആള്‍ക്കൂട്ടം തന്നെ പ്രത്യക്ഷപ്പെട്ടു. അപ്പോഴേക്കും വിമാനം പൊക്കി ആകാശത്തുകൊണ്ടു പോയി ലംബമാക്കി വച്ചിട്ട്, ഇനിയതു തന്നേ ഓടിക്കൊള്ളും, അവിടെ കാണുന്ന സ്വിച്ചിലൊന്നും തൊടാതെ നോക്കിയിരുന്നാല്‍ മതി എന്നു കോ-പൈലറ്റിനെ ചട്ടം കെട്ടി പൈലറ്റും സംഭവസ്ഥലത്ത് ഓടിയെത്തി.
വീഴാന്‍ പോയപ്പൊ പിടിച്ചതാണെന്ന് എത്ര ആണയിട്ടു പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല. അവരെല്ലാം കൂടി ഉടനെ തന്നെ ഒരു പരാതി ഒക്കെ എഴുതിയുണ്ടാക്കി ആ പെമ്പ്രന്നോത്തിയെക്കൊണ്ട് ഒപ്പിടീപ്പിച്ച് അടുത്തു കാഴ്ചകാണാന്‍ നിന്ന രണ്ടു പേരെക്കൊണ്ട് സാക്ഷിയും ഒപ്പിടീപ്പിച്ചു വച്ചിട്ട് പൊലീസിനെ വിളിച്ചു. പൊലീസു വരുന്നതുവരെ ഞാന്‍ ചാടി പോവാതിരിക്കാനായി ഒന്നു രണ്ടു ചെറുപ്പക്കാര്‍ എന്റെയടുത്ത് ചുറ്റിപ്പറ്റി നില്‍ക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
കീയൂം കീയൂം കീയൂം കീയൂം....പൊലീസ് ജീപ്പിന്റെ സൈറണ്‍ ദൂരെ നിന്നും കേട്ടു തുടങ്ങി.
ഒരു മിനിറ്റ് കഴിഞ്ഞപ്പോള്‍ അതു നിലച്ചു.പത്തു സെക്കന്റ് കഴിഞ്ഞപ്പോള്‍ വീണ്ടും സൈറണ്‍. ഇത്തവണയും അത് ഒരു മിനിറ്റേ നീണ്ടു നിന്നുള്ളൂ. എന്തോ പന്തികേടു തോന്നി.
കീയൂം കീയൂം കീയൂം കീയൂം....ദേ വീണ്ടും. ഇത്തവണ കുറച്ചു കൂടി ഒന്നു ശ്രദ്ധിച്ചു നോക്കി. സംഗതി പിടികിട്ടി. എന്റെ സെല്‍ഫോണ്‍ മണിയടിക്കുന്ന ശബ്ദം!
ചാടിപ്പിടിച്ചു സെല്‍ഫോണ്‍ എടുത്തു ചെവിയില്‍ ചേര്‍ത്തു.
“ഇതു ഞാനാ. ഞാന്‍ ഇന്നങ്ങോട്ടു വരുന്നുണ്ട്.” മണിനാദത്തിനു പുറകേ ഒരു കിളിനാദം.
ഒരെണ്ണം നമ്മുടെ സീറ്റിന്റെ മുന്നില്‍ വന്നിരുന്നതിന്റെ കേട് മാറാതെ ഇങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് ദേ അടുത്തത്.
“അയ്യോ, ഇങ്ങോട്ടൊന്നും വരണ്ട. ഞാനിവിടെ ഇത്തിരി പ്രശ്നത്തിലാ.” ഞാന്‍ വളരെ പെട്ടെന്നു തന്നെ സമചിത്തത കൈവരിച്ചു.
“ഈ കൊച്ചുവെളുപ്പാന്‍ കാലത്ത് എന്തു പ്രശ്നം? മൂടിപ്പുതച്ചുകിടന്നായിരിക്കുമല്ലോ പ്രശ്നം സോള്‍വ് ചെയ്യുന്നത്?” ഉടനെ റിപ്ലേ വന്നു.
“ഞാനിവിടെ ഒരു പെണ്ണുകേസില്‍ പെട്ടിരിക്കുകയാ. പൊലീസ് ഇപ്പൊ വരും.” പറഞ്ഞു തീര്‍ന്നതും സീറ്റ് ബെല്‍റ്റ് ഊരിമാറ്റാന്‍ ഞന്‍ ഒരു ശ്രമം നടത്തി. പക്ഷേ നല്ല ബലമുള്ള ആ ബെല്‍റ്റ് എന്റെ നെഞ്ചിനു കുറുകേ ഒരു ചലനവും ഇല്ലാതെ ഇരിക്കുന്നു. ഞാന്‍ കുറച്ചു ബലം പ്രയോഗിച്ചു അതു ഒന്നു പൊക്കി. പക്ഷെ അതിന്റെ ഭാരം ഒറ്റക്കൈയ്യില്‍ താങ്ങാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഞാന്‍ ഒരു സെക്കന്റ് കയ്യൊന്നു വിട്ടു.
“എന്റമ്മോ....”
“എന്റള്ളോ...”
“അയ്യോ....”
മൂന്നു കരച്ചില്‍ ഞാന്‍ വ്യക്തമായി കേട്ടു. ആദ്യത്തേത്, പൊക്കിയ സീറ്റ് ബെല്‍റ്റ് തിരിച്ചു വന്നു എന്റെ നെഞ്ചത്ത് വീണപ്പോള്‍ ഞാന്‍ കരഞ്ഞുകൊണ്ട് ചാടിയെഴുന്നേറ്റത്. രണ്ടാമത്തേത്, ഞാന്‍ ചാടിയെഴുന്നേറ്റപ്പോള്‍ എന്റെ നെഞ്ചിനു കുറുകെ കാലു വച്ച് സുഖമായിക്കിടന്നുറങ്ങിയിരുന്ന ഷാനവാസ് കട്ടിലില്‍ നിന്നും തലയിടിച്ചു താഴെ വീണപ്പോള്‍ അലറിക്കരഞ്ഞത്. മൂന്നാമത്തേത് രണ്ട് അലര്‍ച്ച കേട്ട് പേടിച്ച് ഫോണിന്റെ മറ്റേത്തലയ്ക്കല്‍ നിന്നും വന്ന സ്ത്രീശബ്ദത്തിലുള്ള കരച്ചില്‍.
കൈയ്യില്‍ നിന്നും തെറിച്ചു പോയ ഫോണ്‍ തപ്പിപ്പിടിച്ചെടുത്ത് ചെവിയില്‍ വെയ്ക്കുമ്പോള്‍ ഡിസ്പ്ലേയില്‍ നോക്കി ആരാണെന്ന് ഉറപ്പുവരുത്തി.
“ഞാന്‍ ഒരു സ്വപ്നം കണ്ടതായിരുന്നു.” തെല്ലു ജാള്യതയോടെ ഞാന്‍ പറഞ്ഞു.
“അതു തന്നെ. കാണുമ്പോള്‍ മിനിമം പെണ്‍വാണിഭമെങ്കിലും കാണണം. അതു മാത്രമേയുള്ളല്ലോ ചിന്ത.” അങ്ങേതലയ്ക്കല്‍ നിന്നും കത്തിക്കയറാന്‍ തുടങ്ങി.
“അയ്യോ, ഒന്നു ക്ഷമീ...നീ വിളിച്ച കാര്യം പറ.”
“ഡാ, ഞാന്‍ നാളെ അങ്ങോട്ടു വരുന്നു. ഓഫീസില്‍ നിന്ന് കുറച്ചു പേപ്പേര്‍സ് കളക്ട് ചെയ്യാനുണ്ട്. നീ എന്നെ നാളെ രാവിലെ മഡിവാളയില്‍ നിന്നും ഒന്നു പിക്ക് ചെയ്യണം, എന്നിട്ട് വൈകിട്ട് എനിക്ക് മുംബൈക്ക് ഒരു ടിക്കറ്റ് ബുക്ക് ചെയ്തു വെക്കണം. ഏതെങ്കിലും നൈറ്റ് ഫ്ലൈറ്റ് മതി. അതാവുമ്പോള്‍ ചീപ്പ് ആയിരിക്കും.” ഒറ്റശ്വാസത്തില്‍ ബിന്ദു പറഞ്ഞു തീര്‍ത്തു.
ബിന്ദു എന്റെ ആത്മാര്‍ത്ഥ സുഹൃത്ത് ആയതുകൊണ്ടും, വളരെ നാളുകള്‍ പലസ്ഥലങ്ങളിലായി അലഞ്ഞു നടന്ന എന്നെ ബാംഗ്ലൂര്‍ കൂട്ടിക്കൊണ്ടു വന്ന് ഒരു ജോലി കിട്ടുന്നതുവരെ എന്റെ സര്‍വത്ര ചിലവും വഹിച്ച് എന്നെ സഹിച്ച് ക്ഷീണിച്ച ഒരു ജന്തു ആയതുകൊണ്ടും, ആ ഫ്ലൈറ്റിലെ പെണ്‍വാണിഭക്കേസില്‍ നിന്നും എന്നെ രക്ഷിച്ചതുകൊണ്ടും കൂടുതല്‍ ഒന്നും ചോദിക്കാനും പറയാനും നില്‍ക്കാതെ തലയും കുലുക്കി സമ്മതിച്ച് തലയും തടവി ഇരിക്കുന്ന ഷാനവാസിനെ നോക്കി ഒരു പുച്ഛചിരിയും പാസാക്കി ഒരു മൂളിപ്പാട്ടും പാടി ബാത്ത് റൂമിലേക്ക് കയറി.
അന്ന് ഓഫീസില്‍ ചെന്ന ഉടനെ തന്നെ സുഹൃത്തിന്റെ ട്രാവല്‍ ഏജന്‍സിയില്‍ വിളിച്ചു ടിക്കറ്റിന്റെ കാര്യം പറഞ്ഞു. രാത്രി ഫ്ലൈറ്റ് മതി എന്നുള്ള കാര്യം പ്രത്യേകം ഓര്‍മ്മിപ്പിക്കാനും മറന്നില്ല.
ഉച്ചഭക്ഷണസമയത്ത് സുഹൃത്ത് വിളിച്ച് രാത്രി 8.30 നു ഉള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ടിക്കറ്റ് ഉണ്ടെന്നും നാലായിരത്തി അഞ്ഞൂറ് രൂപയാവും എന്നും പറഞ്ഞപ്പോള്‍ കൂടുതല്‍ ഒന്നും ആലോചിക്കാന്‍ നിന്നില്ല. ബുക്ക് ചെയ്ത് ടിക്കറ്റ് ആരുടെയെങ്കിലും കൈയ്യില്‍ ഓഫീസിലേക്ക് കൊടുത്തുവിടാന്‍ പറഞ്ഞിട്ട് പള്ളനിറപ്പിലേക്ക് ശ്രദ്ധതിരിച്ചു.
മൂന്നുമണിക്ക് വീക്കിലി സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ അവസാനമിനുക്കു പണികള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ വീണ്ടും സൈറണ്‍ കേട്ടു തുടങ്ങി. കീയൂം കീയൂം കീയൂം....
രണ്ടായിരത്തി അഞ്ഞൂറ് രൂപയ്ക്ക് പതിനൊന്നു പത്തിനു ഒരു വിമാനമുണ്ടത്രേ. ബിന്ദുവിനെ വിളിച്ചു, കണ്‍ഫേം ചെയ്യാന്‍.
“നിനക്ക് എന്നെ എയര്‍പ്പോര്‍ട്ടില്‍ ഡ്രോപ്പ് ചെയ്യാന്‍ പറ്റുമെങ്കില്‍ ബുക്ക് ചെയ്തോ.” അവള്‍ നയം വ്യക്തമാക്കി.
ആഹാ.. എന്തൊരു വിശാലമനസ്കത. എന്തായാലും സുഹൃത്തിനെ വിളിച്ച് പതിനൊന്നു പത്തിന്റെ വിമാനത്തിന് ഓക്കെ പറഞ്ഞു. അരമണിക്കൂറിനുള്ളില്‍ ടിക്കറ്റും കൊടുത്ത് ഒരു പയ്യനെ വിട്ടു അവന്‍. ടിക്കറ്റ് നോക്കി എല്ലാം ശരിയാണെന്ന് ഉറപ്പുവരുത്തി.
പിറ്റേന്ന് കാലത്ത് ബിന്ദു പറഞ്ഞ സമയത്ത്, പറഞ്ഞ സ്ഥലത്ത് ലാന്‍ഡ് ചെയ്തു. അവിടെ നിന്നു പിക്ക് ചെയ്ത് ഒരു വര്‍ഷം മുന്‍പ് അവള്‍ താമസിച്ചിരുന്ന ഹോസ്റ്റലില്‍ വിട്ടു, വൈകിട്ട് എട്ട് മണിക്ക് കാണാമെന്നുള്ള ഉറപ്പും നല്‍കി.
വൈകിട്ട് എട്ടു മണിക്ക് കോറമംഗല ഫോര്‍ത്ത് ബ്ലോക്കില്‍ നിന്നും ബിന്ദുവിനെ പൊക്കി മാര്‍ത്തഹള്ളിയില്‍ അത്യാവശ്യം ഷോപ്പിങ് ഒക്കെ നടത്തി മല്ലേഷ്‌പാളയത്തുള്ള പുതിയ മലയാളി ഹോട്ടലില്‍ നിന്നും ഭക്ഷണവും കഴിച്ച് ഇറങ്ങി ഞാനൊരേമ്പക്കം വിട്ടു.
“കഴിച്ചു കഴിഞ്ഞപ്പൊ തലയ്ക്ക് ആകെയൊരു മന്ദഹാസം.” ബിന്ദു ഒരു പ്രസ്താവനയിറക്കി.
തമിഴ്‌നാട്ടില്‍ പഠിച്ച ആ മഹതിയോട് മലയാളത്തിലെ കട്ടി വാക്കുകള്‍ ഒന്നും ഉപയോഗിക്കരുത് എന്നു ഞാന്‍ പല പ്രാവശ്യം പറഞ്ഞിട്ടുള്ളതാണ്.
“തലയ്ക്ക് എന്തോന്ന്?” ഞാന്‍ വളരെ നിഷ്ക്കളങ്കമായി തന്നെ ചോദിച്ചു പോയി.
കൃത്യം പത്തുമണിക്കു തന്നെ ഞങ്ങള്‍ എയര്‍പ്പോര്‍ട്ടില്‍ എത്തി. ഭാഗ്യം, ഇതുവരെ അനൌണ്‍സ് ചെയ്തിട്ടില്ല. ഇനിയും സമയം ഉണ്ട്. പതിനൊന്നു പത്തിനുള്ള വിമാനം ആവുമ്പോള്‍ പത്ത് പത്തിനു അനൌണ്‍സ് ചെയ്യുമായിരിക്കും.
പത്തു മിനിറ്റ് കാത്തിരുന്നിട്ടും ഫ്ലൈറ്റ് അനൌണ്‍സ് ചെയ്യുന്ന ലക്ഷണമൊന്നും കാണുന്നില്ല. എന്നാല്‍ പിന്നെ ഒന്നു അന്വേഷിച്ചേക്കാം എന്നു കരുതി.
എയര്‍പോര്‍ട്ട് പരിസരത്തെ കമ്പ്ലീറ്റ് എയറും വലിച്ചു പിടിച്ച് നില്‍ക്കുന്ന സെക്യൂരിറ്റി ചേട്ടനോട് ചെന്നു പതുക്കെ ചോദിച്ചു:
“സാബ്, ഇന്ത്യന്‍ എയര്‍ലൈന്‍സ് മുംബൈ ഫ്ലൈറ്റ് ചെക്കിന്‍ സ്റ്റാര്‍ട്ടഡ്?”
“തേര്‍ ഈസ് നോ ഡൊമസ്റ്റിക് ഫ്ലൈറ്റ്സ് ആഫ്റ്റര്‍ ഇലവണ്‍ പി.എം.” ഹാവൂ സമാധാനമായി. ഇനിയും സമയമുണ്ടല്ലോ.
“അയ്യോ... എന്താ ചേട്ടാ പറഞ്ഞത്?” വായില്‍ നിന്നും അറിയാതെ വന്നത് മലയാളം!
“ഇന്നിനി മുംബൈലേക്ക് വിമാനമൊന്നുമില്ല. ഇനി നാളെ രാവിലെ ഏഴരയ്ക്കാണ് അടുത്ത ഫ്ലൈറ്റ്.” ദേ ചേട്ടനും മലയാളത്തില്‍!
കുറച്ചുമാറി ഞങ്ങളുടെ സംസാരം തന്നെ നോക്കി നില്‍ക്കുന്ന ബിന്ദു. ഇനി ഞാന്‍ അവളോട് എന്തു പറയും?
ഓടിച്ചെന്ന് ബിന്ദുവിന്റെ കയ്യില്‍ നിന്നും ടിക്കറ്റ് വാങ്ങി നോക്കി. അതില്‍ നല്ല വ്യക്തമായി 11.10 എന്നു പ്രിന്റ് ചെയ്തിട്ടുണ്ട്.
“എന്താ? എന്തു പറ്റി?” ബിന്ദു ടെന്‍ഷനായി.
“ഒന്നുമില്ല, നാളെ രാവിലെ പോയാല്‍ മതിയോ?” ഞാന്‍ വിവശനായി ചോദിച്ചു.
“ദേ, അനാവശ്യം പറയരുത്. കൊല്ലും നിന്നെ ഞാന്‍.” അവള്‍ ചൂടായിത്തുടങ്ങി.
“അല്ല, വിമാനം രാവിലെ തന്നെ പോയി. രാവിലെ 11.10 നായിരുന്നു. രാത്രിയാണെങ്കില്‍ 23.10 എന്നായിരുന്നു ടിക്കറ്റില്‍ ഉണ്ടാവേണ്ടത്. രാത്രി ഫ്ലൈറ്റ് എന്നു പറഞ്ഞു ബുക്ക് ചെയ്തതുകൊണ്ട്, ഞാന്‍ അതിനെക്കുറിച്ചോര്‍ത്തില്ല. ആ ഏജന്റ് ആണെങ്കില്‍ പകല്‍ പതിനൊന്ന് പത്ത് എന്നു പറഞ്ഞുമില്ല. സോറി” ഞാന്‍ കരയുന്ന പരുവത്തിലായിരുന്നു.
“നിന്നെ ഏല്‍പ്പിച്ചപ്പോഴേ എനിക്കു തോന്നി ഇതു കുളമാവുമെന്ന്.” അവിടെ പോയി എയര്‍ ഇന്ത്യയുടെ കണക്ഷന്‍ ഫ്ലൈറ്റ്സ് വല്ലതും ഉണ്ടോ എന്നു നോക്ക്, വാ പൊളിച്ചു നില്‍ക്കാതെ.”
എയര്‍ ഇന്ത്യയുടെ കൌണ്ടറില്‍പ്പോയി അന്വേഷിച്ചപ്പോള്‍ എല്ലാ ഫ്ലൈറ്റും ഫുള്‍. ഇനി എന്തു ചെയ്യും എന്നറിയാതെ ഇതികര്‍ത്തവ്യമൂഡനായി നില്‍ക്കുന്ന എന്നെ നോക്കി;
“നീ ദേ ആ തൂണ് എടുത്തോ, ഞാന്‍ ഇതു എടുത്തു, ചാരിയിരുന്നു ഉറങ്ങിക്കോ.” എന്നു പറഞ്ഞു അവള്‍ പോയി ഒരു തൂണും ചാരിയിരുന്നു ഉറങ്ങിത്തുടങ്ങി.
ബാംഗ്ലൂര്‍ എയര്‍പ്പോര്‍ട്ടില്‍ നിയോണ്‍ വിളക്കുകളുടെ താഴെ, ഇന്റര്‍നാഷണല്‍ ടെര്‍മിനലിലെ തിക്കും തിരക്കുമൊക്കെ കണ്ട് കുറച്ചു ബോറടിച്ചപ്പോള്‍ ഒരു തണുത്ത കാറ്റിന്റെ തലോടലില്‍ അറിയാതെ ഉറങ്ങിപ്പോയി. പണ്ട് കസ്റ്റമര്‍ സപ്പോര്‍ട്ടില്‍ ജോലി ചെയ്തുകൊണ്ടിരുന്നപ്പോള്‍ കൊട്ടാരക്കര, കൊല്ലം ബസ്‌സ്റ്റാന്റുകളിലും ചെങ്ങന്നൂര്‍, തിരുവല്ല റെയില്‍വേസ്റ്റേഷനിലും ഒക്കെ ഇരുന്നു നേരം വെളുപ്പിച്ചെടുത്ത ദിനങ്ങള്‍ ഞാന്‍ ഓര്‍ത്തുപോയി.
രാവിലെ ഏഴു മുപ്പത്തിയഞ്ചിന്റെ മുംബൈ ഫ്ലൈറ്റില്‍ ബിന്ദുവിനെ യാത്രയാക്കിയ ശേഷം തിരിച്ചു റൂമിലെത്തിയപ്പോഴേക്കും ബിന്ദുവിനെ വിളിച്ച് സംഭവം മുഴുവന്‍ മനസ്സിലാക്കിയ ഷാനവാസും കൂട്ടരും ഒരു വലിയ തിരക്കഥയൊരുക്കി കാത്തിരിക്കുന്നുണ്ടായിരുന്നു.
