പ്രേതമാണെങ്കില്‍ സോറി, പ്രവേശനമില്ല

Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍ ,

തിരുവനന്തപുരത്ത് നിന്നും ജോലി രാജി വച്ച് വീട്ടില്‍ വന്ന ദിവസം തീരെ ഉറക്കം വന്നില്ല. ഭാവിയെ ഭൂതം പിടിച്ചു കുപ്പിയിലാക്കി വച്ചതു കൊണ്ട് ഇനിയെന്തു ചെയ്യും എന്നുള്ള ഒരു വിഷമം കൊണ്ടായിരുന്നില്ല. ഉണ്ടായിരുന്ന ഒരു നല്ല മെത്തയും പുതപ്പും സഹമുറിയനു കൊടുത്തിട്ടു വന്നതുകൊണ്ടായിരുന്നു ഉറക്കം വരാന്‍ സ്വല്‍പ്പം ബുദ്ധിമുട്ടിയത്.

ഒരാഴ്ച്ച അങ്ങനെ തിരിഞ്ഞും മറിഞ്ഞും ഒക്കെ കിടന്നു, ഉറക്കം വരാതെ കിടക്കുമ്പോള്‍ നൂറു മുതല്‍ താഴേക്ക് എണ്ണുന്നതിനേക്കാള്‍ നല്ലത് മോഹന്‍ലാലിന്റെ സിനിമകളുടെ പേര് ഓര്‍ക്കുന്നതായിരിക്കും എന്നുള്ള ഒരു കണ്ടുപിടിത്തം ഒക്കെ നടത്തിയും, പിന്നെയും ക്രിയേറ്റീവ് ആയി എന്തൊക്കെ ചെയ്യാം എന്നു ഗവേഷണം നടത്തിയും ചന്തിയില്‍ വെയിലടിക്കുന്നതുവരെ അട്ട ചുരുളുന്നതു പോലെ കിടന്നുറങ്ങിയും കാലം കഴിക്കവേ ഒരു ദിവസം...

രാവിലെ എന്നെ കാണാന്‍ ആരോ വന്നിട്ടുണ്ടെന്ന് അമ്മ വന്നു പറയുന്നു. ചെന്നപ്പോള്‍ ബിനു മുറ്റത്ത്.

കയ്യില്‍ ചുരുട്ടിപ്പിടിച്ച മെത്തയും പുതപ്പും എന്റെ മുന്നിലേക്കിട്ടിട്ടു അവന്‍ ഒരു പ്രസ്താവന നടത്തി.

“ഞാനും ജോലി രാജി വച്ചു അളിയാ...”

തിങ്കളാഴ്ച്ച രാവിലെയും ശനിയാഴ്ച വൈകിട്ടും കൊല്ലം തിരുവനന്തപുരം റൂട്ടില്‍ എന്റെ എണ്‍പത്തിയേഴു മോഡല്‍ ഒറിസ്സാ റജിസ്റ്റ്രേഷന്‍ ചേതക്കിന്റെ പിറകിലിരുന്ന്‍ യാത്ര ചെയ്യാന്‍ പറ്റാത്തതുകൊണ്ടോ അതോ എന്റെ മെത്തയിലും പുതപ്പിലും പതിയിരുന്നു എന്നോടുള്ള വിരോധം അവനോട് തീര്‍ത്ത മൂട്ടകളോടുള്ള പ്രതിഷേധസൂചകമായാണോ അവന്റെ ഈ തീരുമാനം എന്നു പെട്ടെന്നു മനസ്സിലാക്കാന്‍ പറ്റിയില്ല.

“എന്താ പ്രശ്നം? എന്താ സംഭവിച്ചത്?“ എന്റെ ജിജ്ഞാസ ഞാന്‍ മറച്ചു വച്ചില്ല.

“ഒന്നുമില്ലളിയാ.. അളിയന്‍ പറഞ്ഞതു ശരിയാ.. മറ്റുള്ളവരെ നന്നാക്കിയിട്ടു നമുക്കെന്തു കിട്ടാനാ?” നമുക്കു സ്വന്തമായി എന്തെങ്കിലും തുടങ്ങാം അളിയാ..”

ഞാന്‍ എപ്പൊഴാ അങ്ങനെ പറഞ്ഞത് എന്നൊരു ചോദ്യം മനസ്സില്‍ ഒരു ഏമ്പക്കം പോലെ പൊങ്ങി വന്നെങ്കിലും, അങ്ങനെ ഒരു ചിന്ത ഉള്ളില്‍ കിടക്കുന്നതുകൊണ്ട് ആ ഏമ്പക്കം അടക്കി ഞാന്‍ ഡീസന്റായി നിന്നു.

“അളിയന്റെ മനസ്സില്‍ എന്താ ഐഡിയ?”

“അങ്ങനെ ഐഡിയ ഒന്നുമില്ല അളിയാ. വെള്ളക്കച്ചവടം നല്ലൊരു ബിസിനസ്സ് ആണെന്ന് കേട്ടു. ഒന്നു നോക്കിയാലോ?”

വെറുംവയറ്റില്‍ വെള്ളമെന്നു കേട്ടപ്പോള്‍ ഞാന്‍ ഒന്നു ഞെട്ടി. ഇവന്‍ അബ്കാരി ലൈന്‍ പിടിക്കാനുള്ള പുറപ്പാടാണ്. നാട്ടിലെ അബ്കാരി പയ്യന്‍മാര്‍ സെന്നിലും സാന്‍ഡ്രോയിലുമൊക്കെ ചെത്തി നടക്കുന്നതു കണ്ടിട്ടുള്ള പൂതി തന്നെ.

“അതു വേണ്ട അളിയാ. ഒരുപാട് റിസ്ക് ആണ്. പിന്നെ ഒരു റേഞ്ച് പിടിക്കാന്‍ ലക്ഷങ്ങള്‍ വേണം.”

“അതെന്തിനാ അളിയാ മിനറല്‍ വാട്ടര്‍ വില്‍ക്കാന്‍ റേഞ്ച് പിടിക്കുന്നത്?” ബിനു കണ്‍ഫ്യൂഷനിലായി.

“അതു ശരി, മിനറല്‍ വാട്ടര്‍ ആയിരുന്നോ. ഞാന്‍ വിചാരിച്ചു...ബസ് സ്റ്റാന്റില്‍ വില്‍ക്കാനാണോ?”

“അല്ലെട കഴുതേ. നമുക്ക് അതിന്റെ ഡിസ്റ്റ്രിബ്യൂഷന്‍ എടുത്താലോ? ഇപ്പൊ വെള്ളം കവറില്‍ വരുന്നുണ്ട്. ഞാ‍ന്‍ അന്വേഷിച്ചപ്പോള്‍ അതിനു കൊല്ലത്ത് വിതരണത്തിന് ആളെ ആവശ്യമുണ്ടെന്ന് കേട്ടു.”

“അതു ശരി. അപ്പൊ കവറില്‍ ചാരായം മാത്രമല്ല, വെള്ളവും കിട്ടും അല്ലേ? എന്തായാലും ആ പരിപാടിക്ക് ഞാനില്ല.”

“പിന്നെ നീ തന്നെ എന്തെങ്കിലും ഐഡിയ പറയ്. നമുക്ക് ഉടനെ എന്തെങ്കിലും തുടങ്ങണം.”

“എന്റ്റെ അഭിപ്രായത്തില്‍ കമ്പ്യൂട്ടര്‍ റിലേറ്റഡ് ആയിട്ടെന്തെങ്കിലും തുടങ്ങുന്നതാ നല്ലത്. അതാവുമ്പോഴേ ഒരു വെയിറ്റ് ഉള്ളു.” ഞാന്‍ നയം വ്യക്തമാക്കി.

ഒരാഴ്ച്ചത്തെ കൂലംകഷമായ ചര്‍ച്ചയ്ക്കൊടുവില്‍ കുണ്ടറയില്‍ ഒരു ഡി.ടി.പി സെന്റര്‍ തുടങ്ങാനുള്ള ആശയം രൂപം കൊണ്ടു. കൂടുതല്‍ ആലോച്ചിച്ചും ചര്‍ച്ച ചെയ്തും കാര്യങ്ങള്‍ വഷളാക്കാനുള്ള മിടുക്ക് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഉള്ളതുകൊണ്ടും കാര്യങ്ങള്‍ നടന്നു കാണാന്‍ ആഗ്രഹമുള്ളതുകൊണ്ടും അപ്പൊ തന്നെ കുണ്ടറയില്‍ ഒരു മുറി കടയ്ക്ക് അഡ്വാന്‍സ് കൊടുക്കുന്നതു വരെ കാര്യങ്ങള്‍ കൊണ്ടെത്തിച്ചു.

കല്ലച്ചിന്റെ കച്ചറ അക്ഷരങ്ങളില്‍ നിന്നും കുണ്ടറക്കാര്‍ കമ്പ്യൂട്ടറിന്റെ മനോഹരമായ ലിപികളിലേക്ക് ഉണര്‍ന്നെഴുന്നേല്‍ക്കുന്നത് സ്വപ്നം കണ്ട് പിന്നീടുള്ള രാത്രികള്‍ വീണ്ടും എനിക്കു ഉറക്കമില്ലാത്തവയായിരുന്നു.

അങ്ങനെ ഒരു ഏപ്രില്‍ മാസം (ഒന്നാം തിയതിയല്ല)‌ കുണ്ടറയ്ക്ക് തിലകക്കുറി ചാര്‍ത്തി ഒരു ഡി.ടി.പി സെന്ററ് നിലവില്‍ വന്നു. പേജ് മേക്കറും കോറല്‍ ഡ്രോയും ഫോട്ടോഷോപ്പും കേട്ടിട്ടു പോലുമില്ലാതിരുന്ന ഞാനും ബിനുവും കൂടി ആദ്യ ദിവസം വേഡ് പാഡില്‍ കല്ല്യാണക്കുറി ടൈപ്പ് ചെയ്തു കൊടുത്തു ബിസിനസ്സ് തുടങ്ങി ആദ്യ ദിവസം കസ്റ്റമറുടെ കയ്യില്‍ നിന്നും കൈനീട്ടി വാങ്ങിയവര്‍ എന്ന പേരില്‍ ചരിത്രം കുറിച്ചു.

കല്യാണക്കൂറി ടൈപ്പ് ചെയ്യാന്‍ പോയിട്ട് കൊലപാതകിയായി ജയിലില്‍ പോയി എന്നുള്ള പേരുദോഷം ഒരാള്‍ക്കും വരാതിരിക്കണമെങ്കില്‍ പണി അറിയാവുന്ന ആരെയെങ്കിലും വയ്ക്കുന്നതാണ് നല്ലതെന്ന വെളിപാട് ആദ്യ ദിവസം കട പൂട്ടുമ്പോള്‍ ബിനു ആണ് പറഞ്ഞത്.

പിറ്റേന്ന് മുതല്‍ അതിനുള്ള തിരച്ചിലായി. ചാത്തന്നൂരില്‍ ഒരു ഓഫ്സെറ്റ് പ്രസ്സില്‍ ഡി.ടി.പി ഓപ്പറേറ്ററായി ജോലി ചെയ്യുന്ന അനീഷിന്റെ കാര്യം പറഞ്ഞത് മറ്റൊരു സുഹൃത്താണ്. അന്നു തന്നെ അനീഷിനെ വീട്ടില്‍ പോയി കണ്ട് ആകര്‍ഷകമായ ഒരു പാക്കേജ് ഓഫര്‍ ചെയ്ത് കരാറുറപ്പിച്ചു.

അടുത്ത തിങ്കളാഴ്ച്ച വരെ ആരുടെയും കൈക്ക് അധികം പണിയുണ്ടാക്കാതെ ഞാനും ബിനുവും കൂടി ഒരു വിധത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തു കൊണ്ടു പോയി. ആ പേരില്‍ ഒരു ആഴ്ചത്തെ ഉറക്കവും പോയി.

തിങ്കളാഴ്ച അനീഷ് പത്തു മണിക്ക് വന്നപ്പോഴാണ് സമാധാനമായത്. കീബോറ്ഡും മൌസും അനീഷിനു ഹാന്ഡ് ഓവര്‍ ചെയ്തിട്ട് പതുക്കെ പുറത്തു വന്നു ഒരു ദീര്‍ഘനിശ്വാസം വിട്ടു.

അഞ്ചു മണിയായപ്പോള്‍ പേപ്പറൊക്കെ മടക്കി, പേജ് മേക്കറും കോറല്‍ഡ്രോയും ക്ലോസ് ചെയ്ത് അനീഷ് ബാഗുമെടുത്ത് പോവാനൊരുങ്ങി.

മുതലാളിയുടെ കസേരയില്‍ ഞെളിഞ്ഞിരുന്ന് ക്വട്ടേഷന്‍സ് അടിച്ചുകൊണ്ടിരുന്ന ഞാന്‍ രൂക്ഷമായി അനീഷിനെ നോക്കി ചോദിച്ചു: “എങ്ങോട്ടാ ഇത്ര നേരത്തേ?”

“വീട്ടിലേക്ക്. എനിക്ക് അഞ്ചു മണിവരെയെ ജോലി ചെയ്യാന്‍ പറ്റുള്ളൂ എന്നു ഞാന്‍ നേരത്തേ പറഞ്ഞതല്ലേ?”

“അതിനു ഇന്നു വന്നത് തന്നെ പത്തുമണിക്കല്ലേ.” ഞാന്‍ ഒന്നു കടുപ്പിച്ചു.

“അതുകൊണ്ട്?” അനീഷിന്റെ ശബ്ദവും ഒന്നു കടുത്തു.

“ഹല്ല, അതുകൊണ്ടൊന്നുമില്ല. ബസ്സ് വരാന്‍ നേരമായി. വേഗം ചെല്ല്. പൈസ വല്ലതും വേണോ?” ഞാന്‍ കാറ്റു പോയ ബലൂണായി.

“പൈസ ഒന്നും വേണ്ട. ശമ്പളം കൃത്യമായി ഇങ്ങു തന്നാല്‍ മതി.” അനീഷ് എന്നെ കടുപ്പിച്ചൊന്നു നോക്കിയിട്ട് ഇറങ്ങിപ്പോയി.

ഒരു മാസം കൊണ്ട് ഡി.ടി.പി സെന്റര്‍ പച്ചപിടിച്ചു. അനീഷ് എന്നെയും ബിനുവിനെയും പേജ്മേക്കര്‍, കോറല്‍ഡ്രോ, ഫോട്ടോഷോപ് എന്നിവ ഉപയോഗിക്കാന്‍ പഠിപ്പിച്ചു. ഞങ്ങള്‍ രണ്ടു നിരുപദ്രവകക്ഷികള്‍ ആണെന്ന് മനസ്സിലാക്കിയിട്ടോ, ഇവന്മാര്‍ ഇതു നടത്തിയാല്‍ തനിക്ക് പണിയാവും എന്നു കരുതിയിട്ടൊ, അനീഷ് അത് സ്വന്തം സ്ഥാപനം പോലെ നോക്കി നടത്താന്‍ തുടങ്ങി.

പകല്‍ മുഴുവന്‍ അനീഷ് കടയുടെ ചുക്കാന്‍ പിടിക്കാന്‍ തുടങ്ങിയപ്പോള്‍ വര്‍ക്ക് ക്യാന്‍‌വാസ് ചെയ്യാനും മറ്റുമായി ഞങ്ങള്‍ പുറത്ത് പോവാനും തുടങ്ങി.

ഒരു ദിവസം പകലത്തെ കറക്കം ഒക്കെ കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ അനീഷ് ഒരു വലിയ ഫയലൊക്കെ പിടിച്ച് ഇരിക്കുന്നു.

“ബിനുവേട്ടാ, നമുക്ക് ഒരു കമ്പ്യൂട്ടറ് കൂടി വാങ്ങണം. എന്നിട്ടു നിങ്ങള്‍ കൂടി വര്‍ക്ക് തുടങ്ങണം.” അനീഷ് ആകെ എക്സൈറ്റഡ് ആണ്.

“എന്താടാ സംഭവം? സര്‍ക്കാര്‍ ചോദ്യപ്പേപ്പര്‍ അടിക്കാന്‍ നമ്മളെ ഏല്‍പ്പിച്ചോ?” ഫയലൊക്കെ കണ്ട് ഞാന്‍ ചോദിച്ചു.

“അതല്ല. ഇന്നു ഇവിടെ ഒരു സിനിമാഡയറക്ടര്‍ വന്നിരുന്നു. അയാളുടെ പുതിയ സിനിമയുടെ തിരക്കഥ നമ്മളാണ് ഡി.ടി.പി ചെയ്യുന്നത്. ഇതു കഴിഞ്ഞാല്‍ എല്ലാ മാസവും അയാള്‍ തിരക്കഥയുടെ വര്‍ക്ക് തരാം എന്നു പറഞ്ഞിട്ടുണ്ട്.”

“അയാളെന്താ തിരക്കാഥാ ഫാക്ടറിയോ? എല്ലാ മാസവും തിരക്കഥ എഴുതാന്‍.” ഉള്ളില്‍ സന്തോഷം തോന്നിയെങ്കിലും ആദ്യം വായില്‍ വന്നത് വികടനായിരുന്നു.

എന്തായാലും നോക്കട്ടെ. ഞാന്‍ ഫയല്‍ കയ്യിലെടുത്തു.

“പ്രേതമാണെങ്കില്‍ സോറി, പ്രവേശനമില്ല - കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ശശി.” തലക്കെട്ടും പേരും കൂടി കണ്ടപ്പോള്‍ അറിയാതെ ചിരിച്ചു പോയി.

“ഇതെന്തുവാടെ ഇതു? യേത് ശശി? ഇയാളുടെ വേറെ ഏതു പടം ഇറങ്ങിയിട്ടുണ്ട്?” മലയാള സിനിമയില്‍ എനിക്കുള്ള പാണ്ഡിത്യം അറിയാവുന്ന ബിനു എന്റെ നേരെ നോക്കി.

“ശശി എന്നു പറയുമ്പോള്‍ ചിലപ്പോള്‍ ശശിധരന്‍ ആയിരിക്കും.” പെട്ടെന്നു ശശി എന്നു പേരുള്ള ഒരു സംവിധായന്‍ മനസ്സിലേക്ക് വരാത്തതുകൊണ്ട് ഉച്ചപ്പടത്തിന്റെ സംവിധായകന്മാരുടെ പേരുകള്‍ ഒക്കെ ഒന്നു ഓര്‍ത്തു നോക്കി. ആ സിനിമകളുടെ പോസ്റ്റര്‍ നോക്കുമ്പോള്‍ സംവിധായകന്റെ പേര് നോക്കാന്‍ സമയം കളയാത്തതില്‍ അപ്പൊഴാണ് ഖേദം തോന്നിയത്.

“ഇതു അയാളുടെ ആദ്യത്തെ സിനിമയാണ് അടുത്ത മാസം ഷൂട്ടിങ്ങ് തുടങ്ങും. അയാള്‍ക്ക് എഴുതാനുള്ള അന്തരീക്ഷത്തിനു വേണ്ടി ഇപ്പോള്‍ കുണ്ടറയിലാണ് താമസം. ഇവിടെ ഇഷ്ടപ്പെട്ടാല്‍ ഇവിടെ തന്നെ ഷൂട്ടിങ്ങ് നടത്താനും പ്ലാനുണ്ട്.“ അനീഷ് വിശദീകരിച്ചു.

“എന്തായാലും നീ വര്‍ക്കുകളുടെ ഇടയില്‍ കിട്ടുന്ന ഒഴിവു സമയത്ത് ടൈപ്പ് ചെയ്ത് തുടങ്ങ്. നമുക്ക് രണ്ടാഴ്ച സമയമുണ്ടല്ലോ. അത്യാവശ്യമാണെങ്കില്‍ ഞാനും ബിനുവും രാത്രി കൂടി ഇരുന്നു ടൈപ്പ് ചെയ്തു തീര്‍ത്തു കൊടുക്കാം. എന്തായാലും അടുത്ത തവണ വരുമ്പോള്‍ അദ്ദേഹത്തെ ഒന്നു പരിചയപ്പെടണം.” ഒരു വലിയ വര്‍ക്ക് കിട്ടിയതിന്റെ സന്തോഷത്തില്‍ ആയിരുന്നു ഞാന്‍.

“അഭിനയിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ അഭിനയിപ്പിക്കാം എന്നു പറഞ്ഞിട്ടുണ്ട് ശശിസാര്‍.” അനീഷ് അതു പറയുമ്പോള്‍ ഒരു സഹസംവിധായകന്റെ തൊപ്പി ഞാന്‍ മനസ്സില്‍ അണിഞ്ഞു കഴിഞ്ഞിരുന്നു. അന്നു മുതല്‍
ഉറക്കത്തില്‍ സ്റ്റാര്‍ട്ട്, ഏക്ഷന്‍, കട്ട് എന്നിങ്ങനെയുള്ള വാക്കുകള്‍ കേട്ട് ഞാന്‍ ഞെട്ടിയുണരാന്‍ തുടങ്ങി.

രണ്ടു ദിവസങ്ങള്‍ക്കു ശേഷം സാക്ഷാല്‍ സംവിധായകന്‍ പ്രത്യക്ഷപ്പെട്ടു. പരിചപ്പെടല്‍ സൌഹൃദസംഭാഷണങ്ങളിലൂടെ മുന്നോട്ട് നീങ്ങി. ഒന്നിലധികം സിഗരറ്റുകള്‍ പുകഞ്ഞു തീര്‍ന്നു. പുതിയ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുവാനുള്ള കരാറിലേര്‍പ്പെട്ടു.

ആഴ്ചയില്‍ അന്നു രണ്ടു ദിവസങ്ങളില്‍ അദ്ദേഹം പുരോഗതി അറിയാന്‍ വന്നു തുടങ്ങി. ഇടയ്ക്ക് ടൈപ്പ് ചെയ്തിടത്തോളം പ്രൂഫ് പ്രിന്റ് എടുത്ത് വായിച്ചു നോക്കി തെറ്റുകള്‍ തിരുത്തും. അങ്ങനെ ഒരു സിനിമയുടെ
നിര്‍മ്മാണത്തിന്റെ പ്രാരംഭഘട്ടങ്ങള്‍ പുരോഗമിക്കാന്‍ തുടങ്ങി.

കാര്യങ്ങള്‍ ഇങ്ങനെ സ്മൂത്തായി പൊയ്കൊണ്ടിരിക്കെ ഒരു വൈകുന്നേരം സംവിധായകന്‍ ഓടിപ്പിടിച്ച് കയറിവന്നു. ഏതെങ്കിലും സിനിമയുടെ പ്രൊഡ്യൂസര്‍ തല്ലാന്‍ ഓടിച്ചതാണെന്നാണ് ഞാന്‍ ആദ്യം വിചാരിച്ചത്. ബട്ട്, ഇദ്ദേഹം നേരത്തേ ഒരു സിനിമ പോലും പിടിച്ചിട്ടില്ലാത്ത ആളായതുകൊണ്ട് ആ പ്രതീക്ഷ വേണ്ട എന്നു ഞാന്‍ തന്നെ തീരുമാനിച്ചു.

“മാഷെ, ഒരു ആയിരം രൂപ വേണം. ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങിക്കഴിഞ്ഞിട്ടാ‍ണ് ഓര്‍ത്തത്, ഇന്നു വൈകുന്നേരം സ്ക്രിപ്റ്റ് ഡിസ്കഷന് ഒരു പ്രൊഡ്യൂസര്‍ വരുന്നുണ്ട്. പുള്ളിയെ ഒന്നു സല്‍ക്കരിച്ചു വിടണം. ഇനി വീട്ടില്‍ പോയി പൈസ എടുക്കാന്‍ സമയമില്ല.”

അതേതു കോത്താഴത്തെ പ്രൊഡ്യൂസറാ സാറേ കുണ്ടറ വന്നു കഥ കേള്‍ക്കുന്നത് എന്നു ചോദിക്കാന്‍ മുട്ടിയെങ്കിലും തല്‍ക്കാലം ഇദ്ദേഹവുമായി മുട്ടി ഉള്ള ചാന്‍സ് കളയണ്ട എന്നു കരുതി പൈസ എടുത്തുകൊടുത്തു.

അതിനു ശേഷം ഏതാണ്ട് പത്തു പ്രൊഡ്യൂസര്‍മാരെ അദ്ദേഹം സല്‍ക്കരിച്ചു, എന്റെ ഏകദേശം പതിനായിരം രൂപ ബീവറേജസ് കോര്‍പ്പറേഷനും കുണ്ടറ മോഡേണ്‍ ബാറിനും പോയി. ഞാനൊരു പ്രൊഡ്യൂസറേയും കണ്ടതുമില്ല, ഭാവിയിലെ സഹസംവിധായകന്‍ കഥയൊട്ടു കേട്ടതുമില്ല.

അങ്ങനെ പ്രൊഡ്യൂസര്‍മാരൊക്കെ വന്നുപോയിക്കഴിഞ്ഞപ്പോള്‍ ഒരു കാര്യം മനസ്സിലായി, ഇനി വല്ല പ്രേതങ്ങളെക്കൊണ്ടു തന്നെ ഈ സിനിമ പ്രൊഡ്യൂസ് ചെയ്യിക്കേണ്ടിവരും.

ഒരുദിവസം മുഴുവന്‍ സംവിധായകനും സഹസംവിധായകനും, സഹസംവിധായകന്റെ സുഹൃത്തും കൂടി ഇരുന്നു കൂലംകക്ഷമായി ചര്‍ച്ച ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ഒരു മുട്ടന്‍ ഐഡിയ പൊങ്ങിവന്നു.

താരങ്ങളുടെ ഡേറ്റുമായി കുണ്ടറ ആശുപത്രിമുക്കില്‍ വെറുതേ പോയി ഇരുന്നാല്‍ മതിയത്രേ, പ്രൊഡ്യൂസര്‍മാര്‍ വന്നു കാറില്‍ കയറ്റിക്കൊണ്ടു പോയി ക്യാമറയുടെ പിന്നില്‍ ഇരുത്തുമത്രേ...

സംഭവം കൊള്ളാം. എന്നാല്‍ പിന്നെ താരനിര്‍ണ്ണയം എന്ന ചടങ്ങായി അടുത്തത്. അന്നു മാര്‍ക്കറ്റ് ഉണ്ടായിരുന്ന ഇന്ദ്രന്‍സ് മുതല്‍ മുകളിലേക്കുള്ളവരുടെ ലിസ്റ്റ് എടുത്തപ്പോള്‍ (മുകളില്‍ നിന്നും താഴേക്കുള്ള ലിസ്റ്റ് എടുക്കാന്‍ സംവിധായകനു ധൈര്യം പോരായിരുന്നു. അതിന്റെ കാരണം എന്റെ പോക്കറ്റിന്റെ വലിപ്പം പോരാത്തതായിരുന്നു എന്നു പിന്നീട് മനസ്സിലായി) ബിജുമേനോനില്‍ എത്തി നിന്നു. എന്നാല്‍പ്പിന്നെ ചലോ തൃശ്ശൂര്‍ എന്നായി അടുത്ത സ്റ്റെപ്പ്.

തൃശ്ശുര്‍ പോകനുള്ള ടാക്സി റെഡിയായി. പക്ഷെ ടാക്സിയില്‍ കയറുന്നതിനു മുമ്പ് സംവിധായകന്‍ എന്നെ വിളിച്ചു മാറ്റി നിര്‍ത്തി ചോദിച്ചു. “കൈയ്യില്‍ പൈസ എത്രയുണ്ട്?”

“നിങ്ങള്‍ തൃശ്ശൂര്‍ പോകുന്നതിന് എന്റെ കയ്യിലുള്ള പൈസയുടെ കണക്കെന്തിനാ?” ഞാന്‍ സഹസംവിധായകന്റെ പണി രാജി വച്ചു എന്ന് പറഞ്ഞ് ഒരു ക്ലാപ്പ് ബോര്‍ഡ് എടുത്ത് അദ്ദേഹത്തിന്റെ കയ്യില്‍ കൊടുക്കണമെന്നാണ് ആദ്യം തോന്നിയതെങ്കിലും തല്‍ക്കാലം അത്രയേ ചോദിക്കാന്‍ പറ്റിയുള്ളു.

“അല്ല, ബിജുവിന് അഡ്വാന്‍സ് കൊടുക്കണമെങ്കില്‍ കുറച്ച് പൈസ കയ്യില്‍ കരുതണ്ടേ. ഇതിപ്പൊ ഒരു രണ്ടാഴ്ച. ഡേറ്റ് കിട്ടിയാല്‍ അപ്പൊ വരില്ലേ പ്രൊഡ്യൂസേര്‍സ് നമ്മളെ തപ്പി.”

“എന്നെ തപ്പി ആരും വരണ്ട. എന്തായാലും കുറച്ചു പൈസ എങ്ങനെയെങ്കിലും ഒപ്പിച്ചു തരാം. ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചു കൊടുക്കണം.”

ദേ പോയി അടുത്ത ഇരുപതിനായിരം രൂപ.

ബിജുമേനോനെ കാണാന്‍ പോയ സംവിധായകന്‍ തിരിച്ചു വന്നിട്ട് ഒരാഴ്ച പുറത്തിറങ്ങിയില്ല. ഒരു സഹസംവിധായകന്റെ ഭാരിച്ച ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുന്നത് ശരിയല്ല എന്നു തോന്നിയതുകൊണ്ട് ഞാന്‍ അങ്ങോട്ട് ചെന്നു കാണാന്‍ തീരുമാനിച്ചു.

ചെന്നപ്പോള്‍ സംവിധായകന്‍ ടിവിയുടെ മുന്നിലാ‍ണ്. അങ്ങോട്ടെന്തെകിലും ചോദിക്കുന്നതിനു മുന്‍പു തന്നെ അദ്ദേഹം വളരെ സന്തോഷത്തൊടെ പറഞ്ഞു:

“ഞാന്‍ ഒരാഴ്ച്ചയായി നിര്‍ത്താതെ സിനിമ കാണുകയാണ്. ഒരു ടി.വി.യും വീ.സീ.ആറും വാടകയ്ക്ക് എടുത്തു. എണ്‍പതുകളില്‍ ഇറങ്ങിയ ഒട്ടുമിക്ക സിനിമകളും കണ്ടു തീര്‍ത്തു. ഇനി തൊണ്ണൂറ് തുടങ്ങണം.”

പെട്ടെന്ന് വായില്‍ തോന്നിയത് ഒരു കുടുംബത്തില്‍ നിന്ന് പറയാന്‍ കൊള്ളാത്തതായതിനാല്‍ അതു വിഴുങ്ങേണ്ടിവന്നു. “ആഹ അപ്പൊ കഥ അടിച്ചു മാറ്റാനുള്ള പരിപാടിയാണോ.” എന്നു മാത്രം ചോദിച്ച് തൃപ്തിപ്പെടേണ്ടിവന്നു.

“നമ്മുടെ കഥയ്ക്ക് ഒരു ഇതു പോരാ എന്നാണ് ഒരു പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് പറഞ്ഞത്. അതുകൊണ്ട് പഴയ സിനിമകളുടെ ഒരു ട്രീറ്റ്മെന്റ് പഠിക്കുകയായിരുന്നു.”

ട്രീറ്റ്മെന്റ് പഠിച്ചുകൊണ്ടിരിക്കുന്ന ഒരു പാവം സിനിമാവിദ്യാര്‍ത്ഥിയെ കൂടുതല്‍ ഉപദ്രവിക്കേണ്ട എന്നു കരുതി കൂടുതല്‍ ഒന്നും മിണ്ടാതെ ഞാന്‍ സ്ഥലം കാലിയാക്കി.

ഒരാഴ്ചയ്ക്കു ശേഷം ഞാനും ബിനുവും ഇല്ലാതിരുന്ന സമയത്ത് സംവിധായകന്‍ ഓഫീസില്‍ വന്ന് സ്ക്രിപ്റ്റ് ഫയല്‍ അനീഷില്‍ നിന്നും വാങ്ങിക്കൊണ്ടുപോയി. സംവിധായകന്റെ വീട്ടില്‍ പോയെങ്കിലും അയാള്‍ വീടൊഴിഞ്ഞു പോയി എന്നുള്ള സന്തോഷവാര്‍ത്ത കേട്ടു മടങ്ങേണ്ടി വന്നു.

അവസാനം ഞാനും ബിനുവും കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ ദുരന്തകഥകള്‍ കൈമാറി ഇരിപ്പായി. ഇടയ്ക്ക് അനീഷിനു സമയം കിട്ടുമ്പോള്‍ കഥ കൈമാറാന്‍ അവനും സഹായിച്ചു. ഇപ്പൊ സ്ക്രിപ്റ്റുമില്ല, സംവിധായകനുമില്ല, കയ്യിലിരുന്ന പൈസയുമില്ല എന്ന അവസ്ഥയായി.

പാലിനു കരഞ്ഞോണ്ടിരുന്ന കൊച്ചിന്റെ തലയില്‍ പുന്നയ്ക്ക വീണ പോലെ ഡി.ടി.പി ചെയ്യാന്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്കും വടിയായി. ഒരുപാട് പ്രസ്സുകാരുടെ നൂറുകണക്കിന് പേജുകള്‍ വരുന്ന ടൈപ്പ് ചെയ്ത വര്‍ക്കുകള്‍ ശ്യൂനതയില്‍ ലയിച്ചു.

ഒരു പുതിയ ഹാര്‍ഡ് ഡിസ്ക് സംഘടിപ്പിച്ചു ഒരാഴ്ച രാത്രിയും പകലും പണിയെടുത്തു കാര്യങ്ങള്‍ പഴയ പടിയിലേക്ക് പുനസ്ഥാപിക്കുന്ന തിരക്കില്‍ സിനിമയേയും സഹസംവിധായകനേയും സ്ക്രിപ്റ്റുമൊക്കെ മറന്നു.

**********************************************************

കലണ്ടറില്‍ താളുകള്‍ പലതു മറിഞ്ഞു. ജീവിതം കിതച്ചും മൂളിയും കല്‍ക്കരി വണ്ടി പോലെ പൊയ്ക്കൊണ്ടീരിക്കെ ഒരു നാള്‍...

ഒരു രജിസ്റ്റേര്‍ഡ് പോസ്റ്റ് ഉണ്ടെന്ന്‍ അനീഷ് വിളിച്ചു പറഞ്ഞപ്പോള്‍ ആദ്യം ഒന്നമ്പരന്നു. സര്‍ക്കാര്‍ ജോലിക്ക് അപ്ലിക്കെഷന്‍ അയച്ചതായി ഓര്‍ക്കുന്നില്ല. പിന്നെ, ശരിക്കും സര്‍ക്കാര്‍ വല്ല ചോദ്യപ്പേപ്പറും അച്ചടിക്കുന്ന പണി നമ്മളെ ഏല്‍പ്പിച്ചോ? എന്തായാലും കേട്ടപാതി കേള്‍ക്കാത്തപാതി ജീവന്‍ കളഞ്ഞ് ഓടിപ്പിടിച്ച് പോസ്റ്റ് ഓഫീസിലെത്തി കത്ത് കൈപ്പറ്റി.

എറണാകുളത്തെ ഒരു പ്രമുഖ വക്കീലിന്റെ ഓഫീസില്‍ നിന്നും അയച്ച കുറിമാനം. തുറന്നു വായിച്ചതിങ്ങനെ:

“എന്റെ കക്ഷി ശശി നായരുടെ ഷൂട്ടിങ്ങ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന പ്രേതമാണെങ്കില്‍ സോറി പ്രവേശനമില്ല എന്ന സിനിമയുടെ സ്ക്രിപ്റ്റ് നിങ്ങളുടെ ഉടമസ്ഥതയിലുള്ള ഡി.ടി.പി സെന്ററില്‍ കമ്പ്യൂട്ടര്‍ ടൈപ്പ് സെറ്റ് ചെയ്യാന്‍ ഏല്‍പ്പിച്ചിട്ടുള്ളതും സ്ക്രിപ്റ്റ് നിങ്ങളുടെ കയ്യില്‍ ദീര്‍ഘനാള്‍ സൂക്ഷിച്ചിട്ടുള്ളതുമാകയാല്‍ ആ സിനിമയുമായി സാമ്യമുള്ളതോ അതിലെ കഥാപാത്രങ്ങളുമായി സാമ്യമുള്ളതോ ആയ എതെങ്കിലും സിനിമയോ കഥാപാത്രങ്ങളോ മലയാളത്തിലോ ഇതരഭാഷകളിലോ പ്രത്യക്ഷപ്പെട്ടാല്‍ അതിന്റെ സകലവിധ ഉത്തരവാദിത്വങ്ങളും നിങ്ങളില്‍ നിക്ഷിപ്തമാണെന്ന് ഇതിനാല്‍ തര്യപ്പെടുത്തുന്നു.”

“അളിയാ, ലോകത്തെവിടെയെങ്കിലും ഇനി പ്രേതമുള്ള സിനിമ ഇറങ്ങിയാല്‍ നീ അകത്താവുമോ?” ബിനുവിന്റെ ജനുവിന്‍ ചോദ്യം അന്തരീക്ഷത്തില്‍ അലയടിച്ചു.

*********************************************************

ചുരുട്ടിക്കൂട്ടിയെറിഞ്ഞ വക്കീല്‍ നോട്ടീസ് ചെന്നു വീണത് പ്രൂഫ് നോക്കാനെടുത്ത പഴയ പ്രിന്റ് ഔട്ട്കളുടെ ഇടയില്‍. അനീഷ് ആ കടലാസു കൂമ്പാരത്തില്‍ നിന്നും ഒരു കെട്ടു പേപ്പറുകള്‍ വലിച്ചെടുത്തു. എന്റെ കയ്യില്‍ നിന്നും സിഗരറ്റ് ലൈറ്ററും വാങ്ങി പുറത്തേക്ക് നടന്നു.

“ഇതയാളുടെ പ്രേതത്തിന്റെ പഴയ ലൌ ലെറ്ററുകളാണ്. ഇനി ഇതിവിടെ ഇരുന്നാല്‍ അയാളുടെ പ്രേതം ഇവിടെയൊക്കെ അലഞ്ഞു നടക്കും.” അനീഷ് അസാദ്ധ്യ കലിപ്പിലാണ്.

തിരിച്ചു വന്ന അനീഷിന്റെ കയ്യില്‍ ഒരു പേജ് മാത്രം അവശേഷിച്ചു. സെല്ലൊ ടേപ്പ് എടുത്ത് ഓഫീസിന്റെ കതകിനു മുകളില്‍ അനീഷ് അതു ഭംഗിയായി ഒട്ടിച്ചു വച്ചു.

“പ്രേതമാണെങ്കില്‍ സോറി, പ്രവേശനമില്ല”


Share

21 അഭിപ്രായങ്ങള്‍:

ദിലീപ് വിശ്വനാഥ് said...

പ്രേതമാണെങ്കില്‍ സോറി, പ്രവേശനമില്ല. ബ്ലോഗില്‍ പുതിയ പോസ്റ്റ്.

Sandhya said...

മാഷേ

ക്ലൈമാക്സ് ഊഹിക്കാമായിരുന്നുവെങ്കിലും (സംവിധായകന്‍ ഫ്രോഡാണെന്ന്) ചില പഞ്ച് ഡയലോഗ്സുകള്‍ ഇഷ്ടപ്പെട്ടു. പ്രത്യേകിച്ചും ആദ്യഭാഗങ്ങളിലെ.

തിരിച്ച് ബ്ലോഗില്‍ ആക്ടീ‍ീവായി(?) കണ്ടതില്‍ സന്തോഷം :)

- സന്ധ്യ

സാജന്‍| SAJAN said...

അവസാനം എങ്ങനെ ഇത് പൂട്ടിക്കെട്ടി?
അതൂടെ എഴുതാമായിരുന്നു.
കുണ്ടറയിൽ ഡിറ്റിപി കണ്ടുപിടിച്ചത് അപ്പൊ നിങ്ങളായിരുന്നു അല്ലേ?

Unknown said...

Funny, Dileep. Liked the dialogs.

അഭി said...

കൊള്ളാം മാഷെ :)

nandakumar said...

ദിലീപ് ജി നന്നായിട്ടുണ്ട്. പതിവുപോലെ ഒതുക്കിയെഴുതി രസകരമാക്കിയിരിക്കുന്നു, ഉള്ളിലൊരു ചിരി ഒളിപ്പിച്ചുവായിച്ചു രസിക്കാന്‍ സാധിച്ചു.
:)

Ashly said...

സൂപ്പര്‍ !!!! വേലിയില്‍ ഇരുന്ന ശശിയെ എടുത്തു.....ഡി ടി പി സെന്ററില്‍ വെച്ച്, അല്ലെ ?

Rare Rose said...

കൊള്ളാം.ചിരിച്ചു രസിച്ചു വായിച്ചു.എന്നാലും ആ സിനിമയ്ക്ക് സംവിധായകന്‍ കൊടുത്ത പേരു ഭീകരം തന്നെ.:)

സ്നേഹതീരം said...

പുതിയ പോസ്റ്റ് ഏറെ രസിപ്പിച്ചു :)

thahseen said...

നന്നായിരിക്കുന്നു :-)

jayanEvoor said...

ഇത്ര കൂതര സംവിധായകനു വേണ്ടി കാശുപൊട്ടിച്ചത് അവിസ്വസനീയമാണെങ്കിലും കഥ രസകരം!

Unknown said...

പ്രേതമാണെങ്കില്‍ സോറി, പ്രവേശനമില്ല......

ചിരിച്ചു ...കൊള്ളാം

ദിലീപ് വിശ്വനാഥ് said...

വായിച്ചു അഭിപ്രായമറിയിച്ച എല്ലാവര്ക്കും നന്ദി.

മാണിക്യം said...

ദിലീപ് വായിക്കാന്‍ രസമായിരുന്നു
തിരികെ ബൂലോകത്ത് വന്നുകണ്ടതില്‍
അത്യധികമായ സന്തോഷം
സ്കൂളിലും കോളജിലും ധാരാളം കുണ്ടറ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു അന്ന് പറഞ്ഞിരുന്നു കുണ്ടറബുദ്ധി എന്ന് !
എന്നിട്ടും ഇത്രയും പ്രതീക്ഷിച്ചില്ല ബെസ്റ്റ്!!
എന്നിട്ട് ആ സിനിമാ ഉടന്‍ പ്രതീക്ഷിപ്പിന്‍
ലിസ്റ്റില്‍ ആണോ ഇപ്പോഴും?

ഭായി said...

#ഉച്ചപ്പടത്തിന്റെ സംവിധായകന്മാരുടെ പേരുകള്‍ ഒക്കെ ഒന്നു ഓര്‍ത്തു നോക്കി. ആ സിനിമകളുടെ പോസ്റ്റര്‍ നോക്കുമ്പോള്‍ സംവിധായകന്റെ പേര് നോക്കാന്‍ സമയം കളയാത്തതില്‍ അപ്പൊഴാണ് ഖേദം തോന്നിയത്#

ഹ ഹ ഹാ..പോസ്റ്റ് ചിരിപ്പിച്ചൂ..:)

Naushu said...

കൊള്ളാം മാഷെ....നന്നായിട്ടുണ്ട്.

ബിനോയ്//HariNav said...

ഹ ഹ വിളം‌ബരം കസറി :)

കൂതറHashimܓ said...

ആഹാ, നന്നായി രസിച്ച് വായിച്ചു
വലുപ്പം കണ്ടപ്പോ വായിക്കേണ്ടെന്ന് തീരുമാനിച്ചെങ്കിലും വായന തുടങ്ങിയപ്പോ നിര്‍ത്താന്‍ തോന്നിയില്ലാ
നല്ല അവതരണം.
ഇഷ്ട്ടായി ... :)

.. said...

..
കൂതറയുടെ അഭിപ്രായം തന്നെ.
വലിപ്പം കണ്ടപ്പൊ മടങ്ങിയതാ. പക്ഷെ വയിച്ച് തുടങ്ങിയപ്പൊ നിറ്ത്തിയില്ല.

നന്നായിരിക്കുന്നു. :)
..

ഒഴാക്കന്‍. said...

ആദ്യമായ ഈ വഴി കൊള്ളാം നന്നായി ചിരിപ്പിച്ചു!

പിന്നെ ശശി ആരാന്നു അറിയില്ലേ.. നമ്മുടെ തിരുവതാംകൂര്‍ ശശി മഹാ രാജാവ്

ദിലീപ് വിശ്വനാഥ് said...

അഭിപ്രായമറിയിച്ച എല്ലാവര്ക്കും നന്ദി. തുടര്‍ന്നും വായിക്കുക.