ഒരു സൈഡ് പിടിച്ച് നടന്നു പൊയ്ക്കോ...

Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍

ശനിയാഴ്ച വൈകുന്നേരം ഹോട്ടല്‍ കുടപ്പനക്കുന്ന് ഇന്റര്‍നാഷണലിന്റെ വരാന്തയില്‍ നിന്ന് വിരലിടാത്ത ചായ ഒരു നില്പ്പനടിച്ച്, തൊട്ടടുത്ത പെട്ടിക്കടയില്‍ നിന്ന് ഒരു വില്‍സും കത്തിച്ച്, കൊല്ലം ചെങ്കോട്ട റൂട്ടിലോടുന്ന മീറ്റര്‍ഗേജ് തീവണ്ടി പോലെ പുകയും വിട്ട് തെക്കോട്ട് വച്ച് പിടിക്കുകയായിരുന്ന എന്നെ ഞെട്ടിച്ചുകൊണ്ട് അരയിലെ ബെല്‍ട്ടില്‍ കൊളുത്തിയിട്ടിരുന്ന പേജര്‍ ഒന്നു ചിലച്ചു...

"കം റ്റു ക്ലബ്ബ് ഇമ്മീഡിയറ്റ്ലി" - ബോസിന്റെ മെസേജ്.

വല്ല ബിസിനസ്സ് മീറ്റിംഗിനാണ് എന്ന് കരുതിയെങ്കില്‍ തെറ്റി. ശനിയാഴ്ച വൈകിട്ട് ക്ലബ്ബില്‍ എന്താ ബിസിനസ്സ് എന്ന് അത്യാവശ്യം വിവരമുള്ള കള്ളുകുടിയന്മാര്‍ക്കൊക്കെ മനസ്സിലായിട്ടുണ്ടാവും. അതു തന്നെ, രണ്ടു പെഗ്ഗടിക്കാന്‍ ഒരു കമ്പനിക്കു വിളിക്കുകയാണ്. എന്തൊരു സ്നേഹം. എന്തായാലും ഓസിനു കിട്ടിയാല്‍ പോയിസണും അടിക്കുമെന്നുള്ള വിനയപ്രസാദ് പോളിസിയും കൊണ്ടു നടക്കുന്ന എനിക്ക് ആര് എവിടെ എപ്പോള്‍ വിളിച്ചാലും ഹാപ്പി.

അടുത്ത നിമിഷം കമ്പനി വകയായ ചേതക്ക് എന്നെയും കൊണ്ട് കുളമ്പടിയൊച്ചയുടെ അകമ്പടിയോടെ തലസ്ഥാനനഗരിയുടെ വിരിമാറിലൂടെ വഴുതക്കാട്ടുള്ള ശ്രീമൂലം ക്ലബ്ബിലേക്കു പാഞ്ഞുപോയി.

രണ്ടാമത്തെ പെഗ്ഗ് ഊറ്റിക്കുടിച്ച് ഗ്ലാസ്സ് താഴെവെക്കുമ്പോള്‍ കഴിഞ്ഞ ആറ് മാസമായുള്ള കമ്പനിയുടെ പുരോഗതിയെക്കുറിച്ച് ബോസ് വാചാലനാവുകയായിരുന്നു. നാലാമത്തെ പെഗ്ഗില്‍ ഐസ് ക്യൂബ്
വീഴുന്നതിനുമുന്‍പു എന്റെ അത്യാഗ്രഹം സടകുടഞ്ഞെഴുന്നേല്‍ക്കുകയും എന്തുകൊണ്ട് എനിക്കും ഇതുപോലൊന്ന് തുടങ്ങിക്കൂടാ എന്ന് അഞ്ചാമത്തെ പെഗ്ഗ് എന്നെക്കൊണ്ട് തോന്നിപ്പിക്കുകയും ചെയ്തു. അങ്ങനെ ഒരു മാസത്തിനുള്ളില്‍ എല്ലാവരുടെയും അനുവാദത്തോടെ കൊല്ലത്ത് ഒരു സ്ഥാപനം തുടങ്ങാനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തു.

ഒരു ബൈക്ക് എടുക്കാം എന്നാണ് ആദ്യം തീരുമാനിച്ചത്. ഹെല്‍മറ്റ് നിര്‍ബന്ധമല്ലെങ്കില്‍ക്കൂടി ഒരെണ്ണം വാങ്ങാം എന്ന് വിചാരിച്ചത് ആക്സിഡന്റ് പറ്റി അങ്ങ് തട്ടിപ്പോയാലും തലക്കും മുഖത്തിനും ഒന്നും പറ്റണ്ട എന്നു കരുതിയിട്ടും. എന്തായാലും ഒരു ദിവസം തന്നെ രണ്ടും സാധിച്ച്, ഫോര്‍ രജിസ്റ്റ്ടേഷന്‍ സ്റ്റിക്കര്‍ ഒട്ടിച്ച് ബൈക്കും ബൈക്കിന്റെ കളറിലുള്ള ഹെല്‍മറ്റും കൊണ്ട് വീട്ടില്‍ എത്തിയപ്പോള്‍ സെഞ്ച്വറി അടിക്കാറായ എന്റെ അപ്പൂപ്പന്‍ വലിക്കാന്‍ വയ്യേ എന്നും പറഞ്ഞ് നടുവിന് കൈയ്യും കൊടുത്ത് ഇരിക്കുന്നു.

വീട്ടില്‍ സ്വന്തമായി ഒരു മുച്ചക്രവാഹനം ഉണ്ടായതുകൊണ്ട് എന്നാല്‍‌പ്പിന്നെ അപ്പൂപ്പനെ ഒന്നു ആശുപത്രിയില്‍ കൊണ്ട്പോകാം എന്ന് ഞാനങ്ങ് തീരുമാനിച്ചു. അത് സ്നേഹം കൊണ്ടന്നുമല്ല എന്ന് അമ്മ പറയുമെങ്കിലും ആഞ്ഞിലിത്തടിയില്‍ ഈര്‍ച്ചവാളുകൊണ്ട് അറുക്കുന്നതുപോലെയുള്ള അപ്പൂപ്പന്റെ ശ്വാസനിശ്വാസങ്ങളുടെ സംഗീതം ഒന്നു മാറിക്കിട്ടാന്‍ വേണ്ടി എന്തും ചെയ്യാന്‍ ഞാന്‍ ഒരുക്കമായിരുന്നു എന്നുള്ളത് എന്റെ ഫാമിലി സര്‍ക്കിളില്‍ പരസ്യമായ രഹസ്യമായതുകൊണ്ട് പിന്നെ ഞാന്‍ തര്‍ക്കിക്കാനൊന്നും പോയില്ല.

എന്തായാലും ആശുപത്രിയില്‍ നിന്നും തിരിച്ചു വരുന്ന വഴിക്ക് ഡ്രൈവര്‍ക്ക് സോഡ കുടിക്കാന്‍ തോന്നിയതും എനിക്ക് ഓട്ടോറിക്ഷ ഓടിക്കാന്‍ തോന്നിയതും ഏതാണ്ട് ഒരേ സമയത്ത്. ഓട്ടോ നിര്‍ത്തി പുള്ളിക്കാരന്‍ സോഡ കുടിക്കാന്‍ പോയ തക്കത്തിന് ഞാന്‍ ഡ്രൈവിങ് സീറ്റിലെത്തി.

മുതലാളിയുടെ മോനോട് മാറിയിരിക്കെടാ എന്നു പറയാന്‍ കെല്പ്പില്ലാത്ത ഒരു പാവം 'ഏഴക്കെല്ലാം സ്വന്തക്കാരന്‍' ആയതുകൊണ്ട് നമ്മുടെ പാവം ഡ്രൈവ‌ര്‍ ഒന്നും മിണ്ടാതെ ഡ്രൈവിങ് സീറ്റിന്റെ ഒരരുകില്‍ ഒറ്റച്ചന്തികൊണ്ട് ബാലന്‍സ് ചെയ്ത് ഇരുന്നു.

അങ്ങനെ ആ യാത്ര പുരോഗമിക്കവേ, എപ്പോഴോ വണ്ടിക്കല്പ്പം സ്പീഡ് കൂടുതലല്ലേ എന്നെനിക്കൊരു സംശയം ഉണ്ടായി. എന്തായാലും സംശയമല്ലേ, അര്‍ഹിക്കുന്ന പ്രാധാന്യം കൊടുക്കാം എന്ന് ഞാനങ്ങ് തീരുമാനിച്ചു. കാലു പൊക്കി, ബ്രേക്കില്‍ ചവിട്ടാന്‍. പക്ഷെ ബ്രേക്കില്‍ ചവിട്ടുന്നതിനു മുന്‍പ് എന്റെ കാല്‍മുട്ട് ഓട്ടോയുടെ ഹാന്‍ഡിലില്‍ ശക്തിയായി ഇടിച്ചു. അപ്പോള്‍ തന്നെ അനുസരണയില്ലാത്ത ആ മുക്കാലി കരിങ്കാലി ആവുകയും റോഡിന്റെ സൈഡില്‍ വെറുതെ നിന്ന ഒരു ടെലിഫോണ്‍ പോസ്റ്റില്‍ പോയി ചാമ്പുകയും ചെയ്തു.

എന്തു സംഭവിച്ചു എന്നു എനിക്ക് ബോധം വരാന്‍ കുറച്ച് സമയം ഏടുത്തു. ഇഹലോകത്തിലേക്ക് മടങ്ങി വന്നപ്പോള്‍ തന്നെ ആദ്യം ആലോചിച്ചത് അപ്പൂപ്പനെക്കുറിച്ചാണ്. നോക്കിയപ്പോള്‍ അപ്പു വലിയ പ്രശ്നം ഒന്നു ഇല്ലാതെ ഓട്ടോയുടെ ഒരു കമ്പിയില്‍ തൂങ്ങിക്കിടപ്പുണ്ട്. ഡ്രൈവറാണെങ്കില്‍ ഒരു കണ്ണും തപ്പിപ്പിടിച്ച് റോഡ്‌സൈഡില്‍ മലര്‍ന്നു കിടക്കുന്നു. ഞാന്‍ പതുക്കെ ഓട്ടോയില്‍ നിന്നും പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോഴാണ് സംഭവത്തിന്റെ ഇരിപ്പുവശവും ഓട്ടോയുടെ കിടപ്പുവശവും ഞാന്‍ മനസ്സിലാക്കിയത്. ഞാന്‍ കുരുങ്ങിക്കിടക്കുകയാണ്! അല്ല, കുരുങ്ങിയിരിക്കുകയാണ്!

പിന്നെ കിട്ടാവുന്നിടത്തുന്നൊക്കെ ധൈര്യം കടം വാങ്ങിച്ച് രണ്ടും മൂന്നും നാലുമൊക്കെ കല്പ്പിച്ച് ഞാന്‍ കൈയും കാലുമൊക്കെ ഒരു വിധം വലിച്ചൂരിയെടുത്തു. കുറച്ച് തൊലിയും മാംസവും ചോരയും ഒഴിച്ച് ബാക്കിയെല്ലാം എനിക്കു തന്നെ കിട്ടി. അടുത്ത ചോദ്യം, ഇനിയെങ്ങനെ പുറത്തിറങ്ങും എന്നള്ളതാണെന്ന് ചോദ്യം വരുന്നതിനു മുന്‍പു തന്നെ എനിക്കു മനസ്സിലായി. ആഞ്ജനേയനെ മനസ്സില്‍ നല്ലവണ്ണം ധ്യാനിച്ച് ഓട്ടോയുടെ മുകളിലുള്ള ടാര്‍പോളിന്‍ കീറി മാറ്റി, എങ്ങനെയൊക്കെയോ ഞാന്‍ പുറത്തുവന്നു.

കണ്ണില്‍ തപ്പിപ്പിടിച്ച് താഴെ ബോധമില്ലതെ കിടക്കുന്ന ഡ്രൈവറും കമ്പിയില്‍ തൂങ്ങി ബോധമില്ലതെ കിടക്കുന്ന അപ്പൂപ്പനും ബോധമില്ലാതെ ഓട്ടോ ഓടിച്ച് ബോധം പോകാതെ നില്‍ക്കുന്ന ഞാനും. ചുറ്റും നോക്കിയപ്പോള്‍ മനസ്സിലായി കുണ്ടറ ഫയ‌ര്‍ സ്റ്റേഷനിലേക്ക് അമ്പത് മീറ്റര്‍ ദൂരമേയുള്ളൂ എന്ന്. നേരെ അങ്ങോട്ടോടി. നല്ല മഴ പെയ്യുന്നുണ്ടായിരുന്നു, എന്റെ തലയില്‍ക്കൂടി മാത്രം. അതു തലയില്‍ നിന്നൊഴുകുന്ന ചോരയാണെന്നറിയാനുള്ള ബോധം പോലും എനിക്കില്ലായിരുന്നു എന്നു പറയുന്നതാവും ശരി.

ഫയര്‍ സ്റ്റേഷനില്‍ നിന്നും ആംബുലന്‍സ് കൊണ്ടുവന്നു. വീണിതല്ലോ കിടക്കുന്നു ധരണിയില്‍ ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ എന്നുള്ള നിലയില്‍ കിടക്കുന്ന ഡ്രൈവറെയും, കോണകവുമഴിഞ്ഞയ്യോ ശിവ ശിവ എന്നുള്ള നിലയിലുള്ള അപ്പൂപ്പനെയും താങ്ങിയെടുത്ത് അതില്‍ കയറ്റി, ഞാനും കയറി, അധികം താമസിയാതെ തന്നെ ഞാനങ്ങു പോയി, എന്ന് വെച്ചാല്‍ , എന്റെ ഉള്ള ബോധം പോയിക്കിട്ടി.

ബോധം തെളിഞ്ഞപ്പോള്‍ ഞാന്‍ ഒരു മേശപ്പുറത്ത് കിടക്കുന്നു. എന്റെ മുന്നില്‍ നില്‍ക്കുന്നത് ഒരു കാക്കിധാരി. കയ്യില്‍ സൂചിയും നൂലും. പൊലീസല്ല, ഭാഗ്യം. സൂചിയും നൂലും ഉണ്ടായതുകൊണ്ട് തയ്യല്‍കാരനായിരിക്കും. പക്ഷെ തയ്യല്‍ക്കാര്‍ക്കെന്തിനാ കാക്കി യൂണിഫോം? അയാള്‍ കയ്യിലിരുന്ന സൂചി എന്റെ നെറ്റിയില്‍ പ്രയോഗിക്കാന്‍ തുടങ്ങിയപ്പൊഴല്ലേ കാര്യം മനസ്സിലായത്. കമ്പോണ്ടര്‍!

ചാടിയെഴുന്നേറ്റ് നോക്കിയപ്പോള്‍ ആദ്യം ബോധരഹിതനായ ഡ്രൈവറുടെ പുരികത്തില്‍ പറ്റിയ ചെറിയ മുറിവില്‍ എന്തോ ഓയിന്മെന്റ് പുരട്ടിയിരിക്കുന്നു. രണ്ടാമത് ബോധരഹിതനായ അപ്പൂപ്പനാണെങ്കില്‍ പയറുപോലെ, ഈ‌ര്‍ച്ചവാളും ആഞ്ഞിലിത്തടിയുമായി എന്തോ ആലോചിച്ചിരിക്കുന്നു. നെക്സ്റ്റ്, ഞാന്‍ എന്നെത്തന്നെ ഒന്നു നോക്കി. ഞെട്ടിപ്പോയി. അപ്പോള്‍ അമേരിക്കക്കാര്‍ ആരെങ്കിലും എന്നെ കണ്ടിരുന്നുവെങ്കില്‍ റെഡ് ഇന്ത്യന്‍ എന്നു വിളിച്ചേനെ. അത്രയ്ക്കുണ്ട് ചുമപ്പ്.

വിവരമറിഞ്ഞ് അച്ഛന്‍ വന്നു. അവിടുത്തെ സ്ഥിതി കണ്ട് പന്തിയല്ല എന്ന് തോന്നിയത്കൊണ്ട് ഉടന്‍ തന്നെ എന്നെ തൊട്ടടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ ആക്കി. അവിടെ എത്തിയപ്പോള്‍ തന്നെ അവര്‍ തന്ന ഇഞ്ചക്ഷന്റെ ഫലമാണോ അതോ എന്റെ ബോധത്തിന്റെ സര്‍ക്യൂട്ടിലെ എന്തെങ്കിലും മിസ്റ്റേക്ക് ആണോ എന്നറിയില്ല അരമണിക്കൂറിനുള്ളില്‍ എന്റെ ബോധം വീണ്ടും പോയി.

പിറ്റേന്ന് കിഴക്കന്‍ നീലാകാശത്ത് വെള്ളകീറിയപ്പോള്‍ തൊള്ളകീറിക്കൊണ്ട് ഞാനും ഉണര്‍ന്നു. തൊട്ടടുത്ത് കരഞ്ഞുകലങ്ങിയ കണ്ണുകളോടെ നിന്ന അമ്മയില്‍ നിന്നും സെന്‍സസ് എടുത്തു. ഒരു ഒടിവ്, നാലു ചതവ്, മുപ്പത് തയ്യല്‍, അതില്‍ മുഖത്തു മാത്രം പതിനാറെണ്ണം, പിന്നെ മൂക്കിന്റെ പാലം തകര്‍ന്നു പോയത്രെ. എല്ലാം കൂടി കേട്ടപ്പോള്‍ ഞാനും തകര്‍ന്നു. ചുരുട്ടിക്കൂട്ടി പറഞ്ഞാല്‍ കിലുക്കത്തിലെ ജഗതി സ്റ്റൈലില്‍ ഞാന്‍ അങ്ങനെ രാജകീയമായി മൂന്നാഴ്ച കിടന്നു. ഇടയ്ക്കെപ്പോഴൊ എന്റെ പുതിയ ബൈക്കും, തലയ്ക്കും മുഖത്തിനും കേടുപറ്റാതിരിക്കാന്‍ ഞാന്‍ വാങ്ങി വച്ചിരിക്കുന്ന ബൈക്കിന്റെ കളറുള്ള പുതിയ ഹെല്‍മറ്റും ഓര്‍ത്തു ഞാന്‍ കോള്‍മയിര്‍കൊണ്ടു.

മൂന്നാഴ്ച കഴിഞ്ഞ് ഒരു ദിവസം ആശുപത്രിയില്‍ പോയി പ്ലാസ്റ്ററൊഴിച്ചുള്ള എല്ലാ ആടയാഭരണങ്ങളും നീക്കം ചെയ്ത് തിരിച്ചെത്തിയപ്പോള്‍ തിരുവനന്തപുരത്തു നിന്നും ഒരു ഫോണ്‍കോള്‍. പുതുതായി തുടങ്ങുന്ന ഒരു കമ്പ്യൂട്ട‌ര്‍ സെന്ററിലേക്ക് പതിനഞ്ച് കമ്പ്യൂട്ടര്‍ വേണം. ഓര്‍ഡര്‍ റെഡിയാണ്. പോയി ചെക്ക് വാങ്ങുക, കമ്പ്യൂട്ട‌ര്‍ കൊണ്ടുപോയി ഇന്‍സ്റ്റാള്‍ ചെയ്യുക. ഒരു വേണ്ടപ്പെട്ട സുഹൃത്തിന്റെ വളരെ വേണ്ടപ്പെട്ട വകയിലൊരമ്മാവന്റെ സ്ഥാപനം. വളരെ സന്തോഷത്തോടെ പോയി ചെക്ക് വാങ്ങി, കൊല്ലത്ത് വന്ന് ഒരു സുഹൃത്തിനെയും കൂട്ടി ഒരു ജീപ്പും വിളിച്ച് നേരെ വിട്ടു എറണാകുളത്തേക്ക്. അവിടെ പരിചയമുള്ള ഒന്നു രണ്ടു സുഹൃത്തുക്കള്‍ വഴി അത്യാവശ്യം ചീളു വിലയ്ക്ക് കൊള്ളാവുന്ന സാധനങ്ങളൊക്കെ വച്ച് പതിനഞ്ച് കമ്പ്യൂട്ട‌ര്‍ അസംബിള്‍ ചെയ്യിച്ചെടുത്തു. അതുമായി ജീപ് വീണ്ടും തെക്കോട്ട്. തിരുവനന്തപുരത്ത് ചെന്ന് കമ്പ്യൂട്ടര്‍ എല്ലാം ഇറക്കിവച്ച് ഭക്ഷണവും കഴിച്ച് അവിടെ നിന്നും തിരിക്കുമ്പോള്‍ രാത്രി പതിനൊന്ന് മണി.

ചെറിയ ചാറ്റല്‍ മഴയുള്ള ആ തണുത്ത പാതിരാത്രിക്ക് ഒരുപാട് കഥകള്‍ പറയാനുണ്ടാവും. ഉണ്ടാവും എന്നല്ല, ഉണ്ട്. പ്ലാസ്റ്ററിട്ട ഇടതുകൈ കഴുത്തില്‍ തൂക്കിയിട്ട് ഞാന്‍ അങ്ങനെ ജീപ്പിന്റെ മുന്‍സീറ്റില്‍ ഇരുന്നു ഉറങ്ങി, ഉറങ്ങിയില്ല എന്ന മട്ടില്‍ ചാഞ്ചാടിയാടി ഇരിക്കുന്നു. അങ്ങനെ ഒന്നു കണ്ണു ചിമ്മുക പോലും ചെയ്യാതെ ഉറക്കത്തില്‍ മാത്രം ശ്രദ്ധപതിപ്പിച്ചുകൊണ്ടിരുന്ന ഞാന്‍ ഒരു ചെയ്ഞ്ചിനു വേണ്ടി ഒന്നു കണ്ണുചിമ്മാം എന്നു വിചാരിക്കുന്നു. അങ്ങനെ ചിമ്മിയ കണ്ണിനു മുന്നില്‍ ഒരു കറുപ്പും, അതിന്റെ മുകളില്‍ ഒരു വെളുപ്പും, താഴെ ഒരു ചുവപ്പും മിന്നിമാഞ്ഞു. എന്തോ ഒരു ഒച്ച കേട്ടു, എന്റെ നെറ്റിയില്‍ എന്തോ ശക്തിയായി ഇടിച്ചു. ജീപ്പ് കുറച്ചുകൂടി മുന്നോട്ടോടി ബ്രേക്കിട്ടു നിന്നു.

ചാടിയിറങ്ങിയ ഞാന്‍ കണ്ടത് ഒരാന റോഡില്‍ നില്‍ക്കുന്നു. പാപ്പാന്‍ താഴെ കിടക്കുന്നു, ഒരാള്‍ ആനപ്പുറത്തിരിക്കുന്നു. എന്തു പറ്റി എന്നു ഡ്രൈവറോട് ചോദിച്ചപ്പോള്‍, "ആനയക്ക് റിഫ്ലക്റ്റ‌ര്‍ ഇല്ലായിരുന്നു" എന്ന് മാത്രം പറഞ്ഞ് അയാള്‍ സ്റ്റിയറിംഗിലേക്ക് മറിഞ്ഞു.

അയാളുടെ ബോധം പോയി എന്നുറപ്പായപ്പോള്‍ കൂടുതലൊന്നും ആലോചിക്കാന്‍ നില്‍ക്കാതെ ജീപ്പിന്റെ ഡ്രൈവറെയും ആനയുടെ ഡ്രൈവറെയും നാട്ടുകാരുടെ സഹായത്തോട അതുവഴി വന്ന ഒന്നു രണ്ട് ഓട്ടോറിക്ഷയില്‍ കയറ്റി തൊട്ടടുത്തു‌ള്ള ഒരു ആശുപത്രിയില്‍ എത്തിച്ചു.

പാപ്പാന്‍ ജീപ്പിന്റെ കാറ്റടിച്ച് താഴെ വീണതാണെങ്കില്‍ ജീപ്പ് ഡ്രൈവര്‍ പേടിച്ച് ബോധം കെട്ടതാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ ഡോക്ടര്‍ക്ക് മനസ്സിലായി. രണ്ടു പേര്‍ക്കും പേരിനു പോലും ഒരു പരിക്കും ഇല്ലായിരുന്നു. എനിക്കാണെങ്കില്‍ തലയ്ക്ക് കിട്ടിയ ഒരു തട്ടും, തട്ടില്‍ കിട്ടിയ മുട്ട പോലെ നെറ്റിയില്‍ ഒരു മുഴയും ഒഴികെ വേറെ കുഴപ്പമൊന്നുമില്ലായിരുന്നു. പക്ഷേ...

ബോധം കെട്ടു കിടക്കുന്ന ടീമുകളുടെ ബോധം വീണ്ടെടുക്കാന്‍ വേണ്ടി തെക്കുവടക്കു ഓടുന്ന ഒരു നേഴ്സിന്റെ നോട്ടത്തില്‍ എന്തോ ഒരു പന്തികേട്. കുറെ പ്രാവശ്യം അവരുടെ ആ നോട്ടം കണ്ടപ്പോള്‍ ചോദിക്കാതിരിക്കാന്‍ എനിക്കും പറ്റിയില്ല. ഇനി നമ്മുടെ ഡ്രൈവറെങ്ങാനും തട്ടിപ്പോയോ?

"എന്താ സിസ്റ്ററെ, എന്താ പ്രശ്നം?"

"നിങ്ങളാരാ അയാളുടെ?"

"ഞാന്‍ ആരുമല്ല. ഞാന്‍ ഓട്ടം വിളിച്ചുകൊണ്ടുപോയ ജീപ്പിന്റെ ഡ്രൈവറാണ് അത്."

"അതു ശരി. അതുകൊണ്ടാണല്ലേ ആക്സിഡന്റ് കഴിഞ്ഞ് നിങ്ങള്‍ എവിടെയെങ്കിലും പോയി കയ്യില്‍ പ്ലാസ്റ്റര്‍ ഒക്കെ ഇട്ടിട്ട് ഈ പാവത്തിനെ ഇപ്പോ ഇങ്ങോട്ട് കൊണ്ടവന്നത്?"

"അത് സിസ്റ്ററെ ഞാന്‍..."

കൂടുതല്‍ ഒന്നും പറയാന്‍ എനിക്കു പറ്റിയില്ല. എന്റെ ബോധമണ്ഡലത്തില്‍ ഒരു വെള്ളിടി വെട്ടി. തലയ്ക്ക് രണ്ടുകൈയ്യും കൊടുത്ത് താഴെ ഇരിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, തല്‍ക്കാലം ഒരു കൈ വച്ച് അഡ്ജസ്റ്റ് ചെയ്തു ഞാനിരുന്നു.



പുലിവാല്‍ പീസ്: ഒരാഴ്ച്ചയ്ക്കു ശേഷം കമ്പ്യൂട്ടര്‍ ഒക്കെ ഒന്നു ഇന്‍സ്റ്റാള്‍ ചെയ്തു കൊടുക്കാം എന്നു കരുതി വീണ്ടും തിരുവനന്തപുരത്തു പോയ ഞാന്‍ ഉച്ചയ്ക്ക് ഊണു കഴിക്കാന്‍ കയറിയ ഹോട്ടലില്‍ കൂടെയുള്ള തടിമാടന്മാരൊക്കെ ഇരുന്നു കഴിഞ്ഞ് കിട്ടിയ കസേരയില്‍ ഇരുന്നതും കസേര ഒടിഞ്ഞ് ഞാന്‍ നടുവുംകുത്തി താഴെ വീണതും, അതിനു മുന്‍പ് പ്രസ്തൂത രംഗത്തുള്ള എന്റെ അനുഭവജ്ഞാനവും, അറിഞ്ഞ ജീവനില്‍ കൊതിയുള്ള ഒരു സുഹൃത്തിനോട് കേശവദാസപുരത്തു നിന്നും ആയു‌ര്‍‌വേദ കോളേജ് ജംഗ്ഷന്‍ വരെ ഒരു ലിഫ്റ്റ് ചോദിച്ചപ്പോള്‍ കേട്ട വാചകമാണ് ഇതിന്റെ തലക്കെട്ട്.



ഡെഡിക്കേഷന്‍: ആദ്യത്തെ അപകടം കഴിഞ്ഞ് ആറു മാസത്തിനുള്ളില്‍ ഞങ്ങളെ വിട്ട് യാത്രയായ എന്റെ അപ്പൂപ്പന്.

38 അഭിപ്രായങ്ങള്‍:

ദിലീപ് വിശ്വനാഥ് said...

ശനിയാഴ്ച വൈകുന്നേരം ഹോട്ടല്‍ കുടപ്പനക്കുന്ന് ഇന്റര്‍നാഷണലിന്റെ വരാന്തയില്‍ നിന്ന് വിരലിടാത്ത ചായ ഒരു നില്പ്പനടിച്ച്, തൊട്ടടുത്ത പെട്ടിക്കടയില്‍ നിന്ന് ഒരു വില്‍സും കത്തിച്ച്, കൊല്ലം ചെങ്കോട്ട റൂട്ടിലോടുന്ന മീറ്റര്‍ഗേജ് തീവണ്ടി പോലെ പുകയും വിട്ട് തെക്കോട്ട് വച്ച് പിടിക്കുകയായിരുന്ന എന്നെ ഞെട്ടിച്ചുകൊണ്ട് അരയിലെ ബെല്‍ട്ടില്‍ കൊളുത്തിയിട്ടിരുന്ന പേജര്‍ ഒന്നു ചിലച്ചു...

ഒരു കഷ്ടകാലത്തിന്റെ ഓര്‍മ്മക്കുറിപ്പ്

ഏ.ആര്‍. നജീം said...

ഹെന്റമ്മോ... ഞാനെന്തൊരു കഠിന ഹൃദയനാണ് ഒരു ആക്സിഡന്റ് സംഭവം വായിച്ചിട്ട് ചിരിച്ചോണ്ടിരിക്കുക..!!

വാല്‍മീകി, നമിച്ചിരിക്കുന്നു..! സൂപ്പര്‍

(സമയം കിട്ടുമ്പോള്‍ ആ ആറ്റുകാല്‍ ചെന്ന് ഒരു യന്ത്രം വാങ്ങി വച്ചോളൂട്ടോ ബെസ്റ്റ് ടൈമാണല്ലോ അതാ.. )
:)

Jay said...

എനിക്ക് ചിരി വന്നല്ലോ...

സഹയാത്രികന്‍ said...

"അതു ശരി. അതുകൊണ്ടാണല്ലേ ആക്സിഡന്റ് കഴിഞ്ഞ് നിങ്ങള്‍ എവിടെയെങ്കിലും പോയി കയ്യില്‍ പ്ലാസ്റ്റര്‍ ഒക്കെ ഇട്ടിട്ട് ഈ പാവത്തിനെ ഇപ്പോ ഇങ്ങോട്ട് കൊണ്ടവന്നത്?"

ഹി..ഹി..ഹി... അത് കലക്കി..

അപ്പൊ ഇനി ലിഫ്റ്റ് പ്രതീക്ഷിക്കണ്ടാ..."ഒരു സൈഡ് പിടിച്ച് നടന്നു പൊയ്ക്കോ..."

:)

അനംഗാരി said...

കഷ്ടകാലം പിടിച്ചവന്‍ തലമൊട്ടയടിച്ചപ്പോള്‍ കല്ലു മഴ...
അത്ര തന്നെ!

കുഞ്ഞന്‍ said...

കൊള്ളാം മാഷെ..


അപകടങ്ങള്‍ വരുമ്പോള്‍ കൂട്ടത്തോടെ വരുമെന്ന് കേട്ടിട്ടുണ്ട്...! ആ പുതിയ ബൈക്കിന്റെയും പുതിയ ഹെല്‍മറ്റിന്റെയും അവസ്ഥയെന്താണ്, ഇക്കണക്കിന് അതിനും കഥകള്‍ പറയാനുണ്ടാവുമല്ലൊ...

Sherlock said...

വാല്‍മീകി...വിവരണം രസകരം..പിന്നെ ശനിദശ കഴിയും വരെ നല്ലോണം സൂക്ഷിച്ചോ....

മൂര്‍ത്തി said...

ഞാന്‍ ഏത് ഓട്ടോറിക്ഷയില്‍ കയറിയാലും അത് റിസര്‍വ് ആകാറുണ്ട്...ഹോട്ടലില്‍ ചെന്നാല്‍ മിക്കവാറും ആളുകള്‍ എന്നോട് “രണ്ടു ചായ” എന്നൊക്കെ ഓര്‍ഡര്‍ ചെയ്യാറുണ്ട്. അത് എന്താ അങ്ങിനെ? :)

രണ്ടിലും വലിയ അപകടമില്ലാത്തതുകൊണ്ട് രക്ഷപ്പെട്ടുപോകുന്നു.

ഉപാസന || Upasana said...

വാല്‍മീകി :)))

അപ്പോ കയ്യില്‍ ഒരു ചെന്ത്രം കെട്ട്
അതിരിക്കപ്പോറാ ഉങ്കളുക്ക് Trouble ഒന്നും വരമാട്ടേന്‍

ഉപാസന

Unknown said...

ചിരിച്ചു മതിയായി.......എന്നാലും ആനക്കു റിഫ്ലെക്റ്റര്‍ ഇല്ലാഞ്ഞതു കഷ്ടമായിപ്പോയി...

Sanal Kumar Sasidharan said...

ബ്രിജ്ജ്‌വിഹാരം വായിച്ചിട്ടുണ്ടോ -അങ്ങനെയൊരു സാധനം ഈ ലോകത്തുണ്ട്-അതുവായിക്കിമ്പോഴും എനിക്കീ അസുഖം വരും.സ്ഥലകാലബോധമില്ലാത്ത ചിരി.

Santhosh said...

ചിരിപ്പിച്ചു വാല്‍കീമീ... അല്ല, വാല്‍മീകീ!

ശ്രീഹരി::Sreehari said...

ചിരിപ്പിച്ചൂട്ടോ... കശ്മലന്‍... അപ്പൂപ്പനോടൊരു സ്നേഹോം ല്ല

RR said...

എല്ലാ പോസ്റ്റും ഒറ്റ അടിക്കു വായിച്ചു. കൊള്ളാം. സ്ഥിരമായി സന്ദര്‍ശിക്കാന്‍ ഒരിടം കൂടി ആയി :)

മന്‍സുര്‍ said...

വാല്‍മീകി....

ഹഹാഹഹാ..എങ്ങിനെ ചിരിക്കാതിരിക്കും....
എന്റെ നജീംഭായ്‌....ഇതിപ്പോ പണ്ടാരോ പറഞ്ഞ പോലെ എന്താ പറയ....ഒന്നും പറയുന്നില്ല.....കോമായീ..ട്ടോ....

അല്ല വാല്‍മീ ഇതൊക്കെ എവിടെയാ ഒളിപ്പിച്ചിരിക്കുന്നത്‌ ഓരോനായി പോരട്ടെ....അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

Murali K Menon said...

പരലോകത്തിരിക്കുന്ന അപ്പൂപ്പന്റെ ദേഷ്യം ഒരു വിധം മാറി വരുന്നേ ഉള്ളു. അപ്പഴാ കുരുത്തക്കേടിനു വീണ്ടും വിളിച്ച് ഡെഡിക്കേറ്റ് ചെയ്യണത്. എന്റീശ്വരാ ഇതെവിടെ ചെന്നവസാനിക്കുമോ എന്തോ!
വഴിയെ പോണ വയ്യാവേലി കാശുകൊടുത്ത് വാങ്ങുന്ന പോലെയുള്ള അനുഭവങ്ങള്‍.....
എന്തായാലും അപ്പോ ഓട്ടോ റിക്ഷ ഓടിക്കാന്‍ പഠിച്ചു അല്ലേ!!!!
വേദനാജനകമായ സംഭവങ്ങള്‍ നര്‍മ്മത്തിലവതരിപ്പിച്ചതുകൊണ്ട് ചിരിക്കാതിരിക്കാനായില്ല വാല്‍മീകി.

ഗിരീഷ്‌ എ എസ്‌ said...

ഇഷ്ടമായി

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വിവരണം രസകരം...

പ്രയാസി said...

നര്‍മ്മത്തിലവതരിപ്പിച്ചെങ്കിലും മര്‍മ്മത്താ കൊണ്ടതു മാഷെ..!
പത്തു മുപ്പതു തയ്യല്‍! മുഖത്തു മാത്രം 16 !!?
അടുത്ത പോസ്റ്റും കാത്തിരുന്നതാ എന്തേലും കാര്യമായിട്ടു തരണോന്നും കരുതി..പക്ഷെ സങ്കടമായി
ജീവനോടെ ഇരിക്കുന്നല്ലൊ..സമധാനം..

എന്തായാലും നല്ല വിവരണം..:)
ഇനി ഒരു അപകടങ്ങളും ജീവിതത്തില്‍ സംഭവിക്കാതിരിക്കട്ടെ..

വേണു venu said...

മൊത്തം വായിക്ക്കുമ്പോഴും ഞാനോര്‍ത്തതു് പാവം അപ്പൂപ്പന്‍.:)
“ആപത്തു വന്നാല്‍ അതില്പരം ഈശ്വരന്‍ ആപത്തു തന്നെ വരുത്തുമേ മേല്‍ക്കു മേല്‍‍...”
വാത്മീകീ...:)

ചേകവര്‍ said...

ചിരി ദുഖങ്ങളെ കീഴടക്കട്ടെ.. ഇഷ്ടമായി ഒരുപാടിഷ്ടമായി...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പ്രിയദര്‍ശന്‍ പല ഇംഗ്ലീഷ് പടങ്ങളും കോപ്പിയടിച്ചെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ കിലുക്കത്തിലെ ജഗതീടെ സീന്‍ ചേട്ടായീടേ കയ്യീ‍ന്ന് അടിച്ച് മാറ്റിയതാന്ന് ഇപ്പോള്‍ മനസ്സിലായി.

Faisal Mohammed said...

അല്ല, ഇതു വായിക്കുന്നോര്‍ക്കു വല്ലതും പറ്റുമോ, ആവോ ?

Sethunath UN said...

കഷ്ട‌കാലവിവ‌ര‌ണ‌ം ചിരിപ്പിച്ചു വശക്കേടാക്കി വാല്‍മീകി. :)

ദിലീപ് വിശ്വനാഥ് said...

വായിച്ചവര്‍ക്കും അഭിപ്രായമറിയിച്ചവര്‍ക്കും അറിയിക്കാത്തവര്‍ക്കും നന്ദി.

സിനോജ്‌ ചന്ദ്രന്‍ said...

നാലാമത്തെ പെഗ്ഗില്‍ ഐസ് ക്യൂബ്
വീഴുന്നതിനുമുന്‍പു എന്റെ അത്യാഗ്രഹം സടകുടഞ്ഞെഴുന്നേല്‍ക്കുകയും എന്തുകൊണ്ട് എനിക്കും ഇതുപോലൊന്ന് തുടങ്ങിക്കൂടാ എന്ന് അഞ്ചാമത്തെ പെഗ്ഗ് എന്നെക്കൊണ്ട് തോന്നിപ്പിക്കുകയും ചെയ്തു.

ഈ പെഗ്ഗിന്റെ ഒരു കാര്യം.

ശ്രീ said...

വാല്‍മീകി മാഷേ....

വരാനിത്തിരി വൈകിപ്പോയി. എന്നാലും.... ഹൊ! സമ്മതിക്കണം. ഇതെന്താദ്? ആക്സിഡന്റു പരമ്പരയോ?

ആ നഴ്സിന്റെ ചോദ്യം കലക്കി.
:)

Typist | എഴുത്തുകാരി said...

കണ്ടക ശനി ആയിരുന്നോ അപ്പോ? കണിയാരോടൊന്നു ചോദിക്കായിരുന്നു.

സരസമായി അവതരിപ്പിച്ചിരിക്കുന്നു.

തെന്നാലിരാമന്‍‍ said...

ഹെന്റമ്മോ...ഇതൊരു അന്യായകഥയായിപ്പോയി...:-) ഒരുപാട്‌ ചിരിപ്പിച്ചൂട്ടോ

pradeep said...

നല്ല വിവരണം.അപകടങ്ങളെല്ലാം കൂട്ടത്തോടെ വാത്മീകിയെ ആക്രമിക്കാന്‍ ഒരേ സമയം തന്നെ തെരഞ്ഞെടുത്തു കളഞ്ഞല്ലോ!

അലി said...

വഴിയേ പോകുന്ന കഷ്ടകാലങ്ങളൊക്കെ വന്നു കണ്ട് അനുഗ്രഹം മേടിച്ചേ പോകാറുള്ളല്ലേ!

വളരെ നന്നായി...
അഭിനന്ദനങ്ങള്‍

ഒരു സൈഡ് പിടിച്ച് നടന്നു പൊയ്ക്കോ...

Mahesh Cheruthana/മഹി said...

തികചും സരസമായ അവതരണം! ഇനി ഒരു അപകടവും സംഭവിക്കാതിരിക്കട്ടെ!

ആ‍പ്പിള്‍ said...

ഇവിടെ ആദ്യമായി എത്തീതാ,
‘കുണ്ടറ വിളംബരം‘ എന്ന് തലക്കെട്ട് കണ്ട് എന്തോ വലിയ ഗുലുമാലാണെന്നാ വിചാരിച്ചേ , ഇതിപ്പൊ വല്ലാത്ത ഗുലുമാലു തന്നെ വാല്‍മീ, ചിരിച്ച് ചിരിച്ച് കുടലു പുറത്ത് ചാടീന്നാ തോന്നണേ.

എന്തയാലും സൂക്ഷിക്കണേ, ഇനി അപകടങ്ങളൊന്നും സംഭവിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.

Sharu (Ansha Muneer) said...

"എനിക്കാണെങ്കില്‍ തലയ്ക്ക് കിട്ടിയ ഒരു തട്ടും, തട്ടില്‍ കിട്ടിയ മുട്ട പോലെ നെറ്റിയില്‍ ഒരു മുഴയും ഒഴികെ വേറെ കുഴപ്പമൊന്നുമില്ലായിരുന്നു. പക്ഷേ..." രസകരം...അതീവരസകരം!!!!!

അഭിലാഷങ്ങള്‍ said...

ചോരയില്‍ കുളിപ്പിച്ച നര്‍മ്മമാണെങ്കിലും, ആസ്വദിച്ചു...

:-)

ശ്രീവല്ലഭന്‍. said...

"ഒരു സൈഡ് പിടിച്ച് നടന്നു പൊയ്ക്കോ..." :-) ഇപ്പോഴാണ്‌ കണ്ടത് .

Anonymous said...
This comment has been removed by a blog administrator.
യാരിദ്‌|~|Yarid said...

“നോക്കിയപ്പോള്‍ അപ്പു വലിയ പ്രശ്നം ഒന്നു ഇല്ലാതെ ഓട്ടോയുടെ ഒരു കമ്പിയില്‍ തൂങ്ങിക്കിടപ്പുണ്ട്. ഡ്രൈവറാണെങ്കില്‍ ഒരു കണ്ണും തപ്പിപ്പിടിച്ച് റോഡ്‌സൈഡില്‍ മലര്‍ന്നു കിടക്കുന്നു.“

ഇതു വായിച്ചിട്ടു കുറെ നേരം ഇരുന്നു ചിരിച്ചു..എന്നിട്ടാ‍ണു ബാക്കി വായിച്ചു തീര്‍ത്തതു..:)