റീത്തയോടൊപ്പം ഒരു രാത്രി - 3

Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍

സഹപ്രവര്‍ത്തകന്റെ വീട്ടില്‍ ചെന്ന് അദ്ദേഹം ഞങ്ങള്‍ക്കുവേണ്ടി ചെയ്തിട്ടുള്ള സൗകര്യങ്ങള്‍ കണ്ടപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായി. വീട്ടിലെ ഏറ്റവും അടച്ചുറപ്പുള്ള മുറികളിലെല്ലാം കാര്‍പ്പറ്റുകള്‍ വൃത്തിയാക്കി വിരിച്ചിരുന്നു. എല്ലാ മുറികളിലും ആവശ്യത്തിനു കിടക്കകളും, വിരിപ്പുകളും തലയിണകളും വച്ചിരുന്നു. പക്ഷെ, ലൈഫ് കയ്യാലപ്പുറത്തെ തേങ്ങ പോലെ അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ ഇരിക്കുന്ന ഞങ്ങള്‍ "ഓ, ഇതൊക്കെ ഞങ്ങള്‍ എത്ര കണ്ടിരിക്കുന്നു" എന്നുള്ള സ്റ്റൈലില് മോഹന്‍ലാല്‍ നോക്കുന്നതുപോലെ തല ചരിച്ച് ഒന്നു നോക്കി, റീത്ത വരുന്നതും കാത്ത് ആ വലിയ വീടിന്റെ സ്വീകരണമുറിയില്‍ തെക്കോട്ടും വടക്കോട്ടും തല വച്ച് തലങ്ങും വിലങ്ങും പാടിപ്പാടി കിടന്നു!

കുറെ നേരം വെയിറ്റ് ചെയ്തപ്പോള്‍ ഒന്നു രണ്ടു പേര്‍ക്ക് ഒരു സംശയം. ഇനി റീത്ത വരാതിരിക്കുമോ? സംശയം തീര്‍ക്കാനായി ടി.വി. ഓണ്‍ ചെയ്തു നോക്കി. അപ്പോഴല്ലേ ഒരു കാര്യം മനസിലായത്. ലോകത്തുള്ള സകലമാന ചാനലുകാരും ഹ്യൂസ്റ്റണിലുണ്ട്. അവരെല്ലാം റീത്തയുടെ വരവിനായി ക്യാമറയൊക്കെ മുക്കാലിയില്‍ കെട്ടിവച്ച് വടി പോലുള്ള മൈക്കുമൊക്കെയായി ഉറക്കമിളച്ച് കാത്തിരിക്കുകയാണ്. കണ്ടപ്പോള്‍ എല്ലാവര്‍ക്കും കോരിത്തരിപ്പുണ്ടായി. എനിക്കും തരിച്ചു, ക്യാമറയും മുക്കാലിയുമൊക്കെ ഏടുത്തു പുറത്തിറങ്ങാന്‍. പക്ഷെ, കൂടെയുള്ളവരുടെ സ്നേഹപൂര്‍ണ്ണമായ പിന്തിരിപ്പന്‍ പ്രസംഗങ്ങളും പിന്നെ എന്റെ അപാരമായ ധൈര്യവും കാരണം തല്ക്കാലം അതിനുവച്ച വെള്ളം ഞാന്‍ അടുപ്പില്‍ നിന്നും താഴെ ഇറക്കി മാറ്റിവച്ചു.

റീത്ത വരുന്നതുകാത്ത് അക്ഷമരായി ഇരിക്കുന്ന എന്റെ സഹപ്രവര്‍ത്തകരെക്കണ്ടാല്‍, വരുന്നതു ഏതോ അമറന്‍ പെണ്‍കിടാവാണ് എന്നു തോന്നും. "താമസമെന്തേ വരുവാന്‍..." എന്ന പാട്ടിന്റെ മ്യൂസിക് മാത്രം എടുത്ത് ബാക്ക്ഗ്രൗണ്ട് ആയി ഇട്ട് ഇവരുടെ കിടപ്പ് വീഡിയോയില്‍ എടുത്താല്‍ നല്ല ഒരു ഡോക്ക്യുമെന്ററിക്കു സ്ക്കോപ്പ് ഉണ്ടെന്ന് തോന്നിയെങ്കിലും അവസരം മോശമാകയാല്‍ അതു വേണ്ട എന്നു വെച്ചു ഞാനും അവരുടെ കൂടെ കൂടി വെയിറ്റ് ഇട്ട് ഇരിക്കാന്‍ തുടങ്ങി.

അടുത്ത കോരിത്തരിപ്പുണ്ടായത് ടി.വി. യില്‍ റീത്ത ആദ്യം വരും എന്നു പറയപ്പെടുന്ന ഗാല്‍വെസ്റ്റണില്‍ സാഹസികരായ ചില ചെറുപ്പക്കാര്‍ ചക്രങ്ങള്‍ ഘടിപ്പിച്ച ബോര്‍ഡുകളില്‍ കയറി റോഡുകളില്‍ക്കൂടി തെന്നിപ്പായുന്നതു കണ്ടപ്പോഴാണ്. "ആഹാ" എന്നു പറഞ്ഞതിനോടൊപ്പം ഞാന്‍ പുറത്തേക്കു ചാടിയിറങ്ങി. എന്തായാലും റീത്ത വരുന്നതു നേരില്‍ കണ്ടിട്ടുതന്നെ ബാക്കി കാര്യം എന്നു മനസ്സില്‍ വിചാരിച്ചാണ് ഞാന്‍ ഇറങ്ങിയതെങ്കിലും,വീശിയടിക്കാന്‍ തുടങ്ങിയ ഒരു കാറ്റും തകര്‍പെയ്യാന്‍ തുടങ്ങിയ മഴയും എന്റെ ധൈര്യസംഭരണി പൊട്ടിച്ചുകളഞ്ഞു. എന്തിനധികം പറയുന്നു, ഏറുകൊണ്ട നായയെപ്പോലെ ഞാന്‍ ഇതാ വാലും ചുരുട്ടി വീടിനുള്ളില്‍.

പക്ഷെ, അങ്ങനെ വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ ഒരുക്കമായിരുന്നില്ല. ഹ്യൂസ്റ്റണിലെ ചെറുപ്പക്കാരുടെ സാഹസികതയും കായികക്ഷമതയും കണ്ട് മനം കുളിര്‍ത്ത ഞങ്ങള്‍ ‍അവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കായികക്ഷമതയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന കേരളത്തിന്റെ ദേശീയകായിക വിനോദമായ ചീട്ടുകളി ആരംഭിച്ചു.

പുറത്ത് കാറ്റും മഴയും ശക്തിയാര്‍ജ്ജിച്ചു തുടങ്ങി, അകത്ത് സംഭ്രമവും ശക്തിയാര്‍ജ്ജിക്കുന്നുണ്ടായിരുന്നു. ടി.വി യില്‍ മാത്രമായി എല്ലാവരുടെയും ശ്രദ്ധ. ചാനലുകാരെല്ലാം ഇപ്പോള്‍ കുറച്ചുകൂടി സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിയിരിക്കുന്നു. സാഹസികന്മാര്‍ സാഹസികത ഒക്കെ നിര്‍ത്തി സീന്‍ വിട്ടുപോയിരിക്കുന്നു. വീശിയടിക്കുന്ന കാറ്റും തകര്‍ത്തുപെയ്യുന്ന മഴയും മാത്രം ഇരുട്ടിന്റെ ബാക്ക്ഗ്രൗണ്ടില്‍ കാണാം.

റീത്തയുടെ വരവറിയിച്ചുകൊണ്ട് മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന കാറ്റും മഴയും. വീടിന്റെ സുരക്ഷിതമായ ചുവരുകള്‍ക്കുള്ളില്‍ ഇരുന്നുകൊണ്ട് ഞങ്ങള്‍ റീത്തയുടെ വരവറിഞ്ഞു, ടി.വി. യിലൂടെ കണ്ടു. വാര്‍ത്താചാനലുകളില്‍ കാണുന്ന സാറ്റലൈറ്റ് അനിമേറ്റഡ് ഇമേജുകളിള്‍ പമ്പരം പോലെ കറങ്ങിത്തിരിയുന്ന കാറ്റിന്റെ നിഴലും. കാത്തിരിപ്പിന്റെ അവസാനം റീത്ത എത്തി.

ഒരാഴച മുന്‍പ് അറ്റ്ലാന്റിക് സമുദ്രത്തില്‍ നിന്നും ഉഗ്രരൂപിണിയായി പുറപ്പെട്ട റീത്ത അവിടെ നിന്നും ഓടിക്കിതച്ച് ടെക്സാസ് തീരത്തെത്തിയപ്പോഴേക്കും ക്ഷീണിതയായിരുന്നു. ആര്‍ത്തലച്ചു വന്നു ടെക്സാസ് - ലൂസിയാന അതിര്‍ത്തിയില്‍ കര തൊടുമ്പോള്‍ റീത്തയുടെ ശക്തി നന്നേ ക്ഷയിച്ചിരുന്നു. ഒരു സാധാരണ കാറ്റിന്റെ ശൗര്യത്തോടെ തീരത്തണയുമ്പോള്‍ റീത്ത കാറ്റഗറി 3 ലേക്ക് മാറിയിട്ടുണ്ടായിരുന്നു. ചെറിയ ചെറിയ നാശനഷ്ടങ്ങളുണ്ടാക്കി ഒരു ജീവനുമെടുത്ത് റീത്ത മറയുമ്പോള്‍ ചാനലുകാര്‍ വീണ്ടും മുക്കാലിക്യാമറകളും വടിമൈക്കുകളുമായി അവിടെയുമിവിടെയും മറിഞ്ഞുവീണ കെട്ടിടാവശിഷ്ടങ്ങള്‍ടയിലൂടെ ഓടിനടക്കുന്നുണ്ടായിരുന്നു. സാഹസികന്മാര്‍ വീണ്ടും തെരുവുകളില്‍ പ്രത്യക്ഷപ്പെട്ടു. ഒരുപാട് ദീര്‍ഘനിശ്വാസങ്ങളും പ്രാര്‍ത്ഥനകളും നാട്ടിലേക്കുള്ള ഫോണ്‍ വിളികളുമായി ഉറങ്ങാതെ ഞങ്ങളും.

റീത്ത ചരിത്രമായി. ഇനിയൊരു കാറ്റിനും റീത്ത എന്നു പേരു വരില്ല. തീരത്ത് അപകടം വാരിയെറിഞ്ഞ് വീശിയടിച്ച ഏതൊരു കാറ്റും പോലെ, റീത്തയും സര്‍ക്കാര്‍ പട്ടികയില്‍ സ്ഥാനം പിടിച്ചു, ആരെയും നോവിക്കാതെ...

പ്രകൃതിക്ഷോഭങ്ങള്‍ക്കു മുന്നില്‍ എന്നും പകച്ചു നില്ക്കാന്‍ മാത്രമേ മനുഷ്യനു കഴിയാറുള്ളു. ഒരോ പ്രകൃതിദുരന്തങ്ങള്‍ കഴിയുമ്പോഴും മനുഷ്യന്റെ നിസ്സഹായത അവനു തന്നെ ബോധ്യമാവുന്നു. ദുരന്തങ്ങള്‍ക്കു മുന്നില്‍ ജാതി-മത വ്യത്യാസങ്ങളൊന്നുമില്ല, പണ്ഡിതനെന്നോ പാമരനെന്നോ ഇല്ല, പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഇല്ല, അമേരിക്കകാരനെന്നോ, ഇന്ത്യക്കാരനെന്നോ, കറുത്തവനെന്നോ വെളുത്തവനെന്നോ ഇല്ല, എല്ലാവരും തുല്ല്യര്‍. നഷ്ടപ്പെടാന്‍ പോകുന്ന ജീവന്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. ഓരോ ദുരന്തവും മനുഷ്യര്‍ക്ക് ഓരോ പാഠങ്ങളാണ്. സഹജീവികളെ സ്നേഹിക്കാനുള്ള പാഠം, വിശ്വസിക്കാനുള്ള പാഠം.

തിരിച്ചുകിട്ടിയ ജീവനും കൊണ്ട് വീട്ടിലേക്ക് മടങ്ങുമ്പോള്‍ മഴ മാറി ആകാശം തെളിഞ്ഞിരുന്നു. മറിഞ്ഞുവീണ ഒന്നു രണ്ടു മരങ്ങള്‍ മാത്രമാണ് ഇത്തവണ ഞങ്ങള്‍ക്ക് മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചത്. മടങ്ങിവരുന്നവരുടെ തിരക്കായിരുന്നു റോഡിലെങ്ങും. ജീവനും ജീവിതവും നഷ്ടപ്പെട്ടു എന്നുറപ്പിച്ച പലര്‍ക്കും അതു തിരിച്ചു കിട്ടിയതിന്റെ സന്തോഷമായിരുന്നു മുഖത്ത്. വെള്ളം തളം കെട്ടിക്കിടന്ന ഒരു ചാല്‍ മുറിച്ചു കടന്നു വീട്ടിലേക്കു കയറുമ്പോള്‍ കത്രീന നാശം വിതച്ച പ്രദേശങ്ങളെക്കുറിച്ചോര്‍ത്തു, നഷ്ടങ്ങളെക്കുറിച്ചോര്‍ത്തു, കത്രീന കൂട്ടിക്കൊണ്ടുപോയ ജീവനുകളെ ഓര്‍ത്തു, അവിടെ ജീവിച്ചിരിക്കുന്ന മനുഷ്യരെക്കുറിച്ചോര്‍ത്തു.

അവര്‍ക്കും പറയാനുണ്ടാവും ഏറെ കഥകള്‍. പ്രിയപ്പെട്ടവരുടെ വേര്‍പാടിനെക്കുറിച്ച്, നഷ്ടപ്പെട്ട അമൂല്യസമ്പത്തുകളെക്കുറിച്ച്, ദാനം പോലെ കിട്ടിയ ജീവനും, ദുരന്തം ബാക്കിവച്ച ജീവിതവും പെറുക്കിക്കൂട്ടിയതിനെക്കുറിച്ച്. അവര്‍ക്കുവേണ്ടി ഞാനിതു സമര്‍പ്പിക്കുന്നു.

17 അഭിപ്രായങ്ങള്‍:

ദിലീപ് വിശ്വനാഥ് said...

അവര്‍ക്കും പറയാനുണ്ടാവും ഏറെ കഥകള്‍. പ്രിയപ്പെട്ടവരുടെ വേര്‍പാടിനെക്കുറിച്ച്, നഷ്ടപ്പെട്ട അമൂല്യസമ്പത്തുകളെക്കുറിച്ച്, ദാനം പോലെ കിട്ടിയ ജീവനും, ദുരന്തം ബാക്കിവച്ച ജീവിതവും പെറുക്കിക്കൂട്ടിയതിനെക്കുറിച്ച്. അവര്‍ക്കുവേണ്ടി ഞാനിതു സമര്‍പ്പിക്കുന്നു.

ഇത് ഇവിടെ അവസാനിപ്പിക്കുന്നു. ആദ്യ ഭാഗങ്ങള്‍ വായിച്ച് അഭിപ്രായം പറഞ്ഞവര്‍ക്കും പറയാത്തവര്‍ക്കും നന്ദി.

ശ്രീ said...

റീത്തയുടെ ലേഖനം നന്നായി, മാഷേ...

ഇനി അടുത്ത അനുഭവക്കുറിപ്പുകള്‍‌ വരട്ടേ.
:)

ഹരിശ്രീ (ശ്യാം) said...

ദ്ന്താപ്പോ ഇതിനു പറയുക . അഭിനന്ദിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. റീത്തയെ മുന്നില്‍ കണ്ടപോലെ തോന്നി.

d said...

റീത്ത സീരീസ് നന്നായിരുന്നു..

സഹയാത്രികന്‍ said...

എന്തായാ‍ലും അധികം കുഴപ്പങ്ങളൊന്നുമില്ലാതെ അതങ്ങ് പോയീലോ മാഷേ ആശ്വാസം...

നന്നായി മൂന്നും... ഇനിയും പോന്നോട്ടേ...

:)

വല്യമ്മായി said...

മൂന്നു ഭാഗങ്ങളുംവായിച്ചു,ആദ്യഭാഗമാണ് അവതരണത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്.നല്ല പാഠങ്ങള്‍ പറഞ്ഞു തരട്ടെ ഓരോ അനുഭവങ്ങളും.

Sethunath UN said...

ഒന്നും രണ്ടും ഭാഗങ്ങ‌ള്‍ പ്രത്യേകിച്ചും ന‌ന്നായി. ഒന്നാന്ത‌ര‌ം എഴുത്ത്. ക്ലീന്‍.

പ്രയാസി said...

കൊള്ളാം മാഷെ നന്നായി എഴുതിയിരിക്കുന്നു..
പ്രിന്റെടുത്തു വീണ്ടും വായിക്കാം..

ദിലീപ് വിശ്വനാഥ് said...

ശ്രീ, ഹരിശ്രീ, വീണ, സഹയാത്രികന്‍, വല്യമ്മായി, നിഷ്ക്കളങ്കന്‍, പ്രയാസി: വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.

തെന്നാലിരാമന്‍‍ said...

മൂന്ന്‌ ഭാഗങ്ങളും ഒറ്റയിരിപ്പിനങ്ങ്‌ വായിച്ചു. മൂന്നും ഒന്നിനൊന്നു മെച്ചം.

എതിരന്‍ കതിരവന്‍ said...

അനുഭവകഥകളില്‍ വേറിട്ടു നില്‍ക്കുന്നു എന്ന പ്രത്യേകത. അമേരിക്കയില്‍ വന്ന മലയാളികള്‍‍ക്ക് ‘പ്രശ്ന’ങ്ങളൊന്നുമില്ലെന്ന ധാരണയ്ക്ക് നേരെ പിടിച്ച കണ്ണാടി.
തലക്കെട്ടീലെ ഐറണി ശ്രദ്ധിക്കുന്നു. ഏതൊ ആംഗ്ലോ-ഇന്‍ഡ്യന്‍ പെണ്ണും (തീര്‍ച്ചയായും അവള്‍ ലൂസാണ്!) രാത്രിയും....ഇക്കിളി-പൈങ്കിളി തന്നെ!

കത്രീനയില്‍പ്പെട്ടവരെ ഈ നാട് വിട്ടു കളഞ്ഞു. വലിയ ദുരന്തങ്ങളൊന്നും കൈകാര്യം ചെയ്യാന്‍ (സ്)കോപ്പില്ല

ഒരു കൊച്ചുവര്‍ത്തമാന സ്റ്റൈയില്‍ ഇത്തരം ദുരന്താനുഭവത്തെ ലളിതമാക്കുന്നില്ലേ?
മലയാളം ബ്ലോഗുകളൊക്കെ കൊച്ചുവര്‍ത്തമാനം ആയിരിക്കണമോ?

വേണു venu said...

മൂന്നു ഭാഗവും വായിച്ചു. ചിരിയില്‍‍ പൊതിഞ്ഞ അനുഭവ വിവരണം ഒരു ദൃക്കു്സാക്ഷി വിവരണം തന്നെ നല്‍കി. എഴുത്തു് ഇഷ്ടമായി.:)

ദിലീപ് വിശ്വനാഥ് said...

തെന്നാലി ചേട്ടാ, വേണുവേട്ടാ വായനക്കും അഭിപ്രായത്തിനും നന്ദി.
എതിരവന്‍ മാഷേ, തലക്കെട്ട് പൈങ്കിളി ആയി എന്ന് പരാതി ഉള്ള രണ്ടാമത്തെ ആള്‍ ഞാന്‍ തന്നെ ആണ്. അഭിപ്രായം മാനിക്കുന്നു. നന്ദി.

ഹരിശ്രീ said...

വളരെ നന്നായിരിക്കുന്നു.
ആശംസകള്‍...

Inji Pennu said...

വാലിമീകി, ഒരു സേം പിഞ്ചേ :)
കൊടുങ്കാറ്റൊരെണ്ണം ഇവിടേം വീശി. ഇങ്ങിനെ താങ്കളെഴുതിയ പോലെ രസമായിട്ട് കാറ്റിനെ കാണാന്‍ പറ്റിയത് കൊറേ മാസങ്ങള്‍ക്ക് ശേഷാണെന്ന് മാത്രം!

ദിലീപ് വിശ്വനാഥ് said...

ഹരിശ്രീ: നന്ദി.
ഇഞ്ചി: ഞാന്‍ ചേച്ചിയുടെ ബ്ലോഗ് വായിച്ചു. ഇത്ര നല്ല ഒരു വിവരണം ഞാന്‍ എങ്ങനെ കണ്ടില്ലെന്നു നടിക്കും? സൊ, ഞാനതു എന്റെ ബ്ലോഗില്‍ ലിങ്ക് ചെയ്തു. ചേച്ചിയുടെ ബ്ലോഗില്‍ ഞാന്‍ ഒരു കമന്റിലൂടെ അനുവാദം ചോദിച്ചിട്ടുണ്ടായിരുന്നു. എന്തെങ്കിലും എതിര്‍പ്പ് ഉണ്ടെങ്കില്‍ ഉടന്‍ മാറ്റുന്നതായിരിക്കും.നന്ദി.

സാജന്‍| SAJAN said...

വാല്‍മീകി, ഇതിഷ്ടപ്പെട്ടു പോസ്റ്റിന്റെ ടൈറ്റില്‍ നേരത്തെ കണ്ട് പോയതായിരിന്നു,പക്ഷേ ഇന്ന് ഇഞ്ചിയുടെ പോസ്റ്റിന്റെ ലിങ്ക് കണ്ടാണ് ആര്‍കൈവ്സില്‍ നിന്നും ഇതും തപ്പി പിടിച്ചത്, എഴുത്ത് നന്നായിരിക്കുന്നു ഇഞ്ചിയുടെ പോസ്റ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി!