റീത്തയോടൊപ്പം ഒരു രാത്രി - 1

Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍

വാക്കു തന്നതുപോലെ ഞാനിതാ മടങ്ങി വന്നിരിക്കുന്നു.

കുണ്ടറയില്‍ നിന്നുള്ള വണ്ടര്‍ഫുള്‍ മുത്തുകള്‍ പെറുക്കാന്‍ ഇറങ്ങിത്തിരിച്ച എന്റെ മനസ്സില്‍ ആദ്യം വന്നത് അമേരിക്കയിലെ ഉദ്ദ്വേഗജനകമായ ഒരു രാത്രി ആയിരുന്നു. റീത്തയോടൊപ്പമുള്ള രാത്രി.

അമേരിക്കയില്‍ എത്തി ഒന്നു പച്ചയും ചുവപ്പും ഒക്കെ പിടിച്ചു വരുന്നതെ ഉണ്ടായിരുന്നുള്ളു. ഇവിടുത്തെ ബര്‍ഗറും, സബ്ബും, പിസ്സായും ഒക്കെ കഴിച്ച് ശരീരം ഒന്നു പുഷ്ടിപ്പെട്ടു വന്നുകൊണ്ടിരിക്കുമ്പോഴാണ് റീത്ത വരുന്നു എന്നുള്ള വാര്‍ത്ത കേട്ട് ഞെട്ടിയത്.

റീത്ത ഒരു സുന്ദരിപെണ്ണല്ലേയെന്നും, അവളുടെ ആഗമനവാര്‍ത്ത കേട്ട് ഞെട്ടാന്‍ ഇവന്‍ ഏത് കോത്താഴത്തുകാരന്‍ എന്നും മനസ്സില്‍ എവിടെയെങ്കിലും ചിന്തിച്ചു പോയിട്ടുണ്ടെങ്കില്‍ ആ ചിന്തകള്‍ തത്ക്കാലം ഡിലീറ്റ് ചെയ്തുകളയുന്നതു നന്നായിരിക്കും.

റീത്ത വരുന്നത് കാറ്റായിട്ടാണ്. ഇതൊരു പ്രേതകഥയാണെന്നു തെറ്റിദ്ധരിക്കാന്‍ വരട്ടെ. റിത്ത ചുഴലിക്കാറ്റാണ്. കത്രീനയെപ്പൊലെ. കാറ്റഗറി 5 കാറ്റ്. മണിക്കൂറില്‍ 125 മൈല്‍ വേഗതയില്‍ വീശുന്ന കാറ്റിനെ ആണ് കാറ്റഗറി 5 ല്‍ പെടുത്തുന്നത്.

ഇത്രയും നാള്‍ ഇന്ത്യയില്‍ ആയിരുന്നതുകൊണ്ട് കാറ്റിനെക്കുറിച്ച് കൂടുതല്‍ ഇന്‍ഫൊര്‍മേഷന്‍ ഒന്നും എന്റെ ഡാറ്റാബേസില്‍ ഇല്ലായിരുന്നു. ഇന്‍ഡ്യയില്‍ ആകെ ഞാന്‍ കേട്ടിട്ടുള്ളത് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദവും അതിന്റെ അനന്തരവന്‍ ആയി രൂപം കൊള്ളുന്ന ചിന്ന ചുഴലിക്കാറ്റും ഒക്കെയാണ്. അതിനു കേരളത്തില്‍ പാര്‍ക്കുന്ന നമുക്കെന്താ? രണ്ട് ദിവസം മഴ പെയ്യും. പിന്നെ വാര്‍ത്ത വായിക്കുന്ന പെണ്ണ് ഞ്യൂഞമര്‍ത്തം എന്നു പറയുന്നതു കേട്ടു ചിരിക്കാം. അവിടെ തീരുന്നു ചുഴലിക്കാറ്റിനെക്കുറിച്ചള്ള എന്റെ അറിവുകള്‍.

സംഭവം ഇങ്ങനെ ആണെങ്കിലും കാറ്റ് എന്നു കേട്ടപ്പോള്‍ ആദ്യം ഒരു സുഖം ഒക്കെ തോന്നി. കാറ്റടിക്കുമ്പോള്‍ ചാഞ്ചാടുന്ന മരത്തലപ്പുകളും, പൊങ്ങിപ്പറക്കുന്ന ഇലകളും തുണികളും (തെറ്റിദ്ധരിക്കരുത്, ഉണക്കാനിട്ട തുണികള്‍) ഒക്കെ പടം പിടിക്കാന്‍ പറ്റിയ സംഭവങ്ങള്‍ ആണെല്ലോ എന്നോര്‍ത്തു ഒന്നു കോരിത്തരിച്ചുവെന്നുളളതും, ക്യാമറയുടെ ബാറ്ററി ചാര്‍ജ്ജ് ചെയ്യാന്‍ വച്ചു എന്നുള്ളതും സത്യം. പക്ഷെ, അതിനുമുമ്പ് മറ്റ് ചില സ്ഥലങ്ങളില്‍ കത്രീന എന്ന സുന്ദരിക്കാറ്റ് ഉണ്ടാക്കിയ പുകിലുകള്‍ കേട്ടപ്പോള്‍ ആദ്യം ഉണ്ടായ കോരിത്തരിപ്പ് ചങ്കിടിപ്പിനു വഴിമാറി.

റീത്ത രൂപം കൊണ്ടത് ഒരു തിങ്കളാഴ്ച പുലര്‍ച്ചെ ആയിരുന്നു. അറ്റ്ലാന്റിക് സമുദ്രത്തിന്റെ മധ്യത്തില്‍ എവിടെയൊ ആണ് ഇതു ഉണ്ടാവുന്നതെന്നും അതു ഇത്രയും ദൂരം യാത്ര ഒക്കെ ചെയ്തു ക്ഷീണിച്ച് അമേരിക്കയിലൊ മെക്സിക്കന്‍ തീരങ്ങളിലൊ വന്നണയുമ്പോഴേക്കും ആഴ്ച ഒന്ന് എടുക്കും എന്ന് കേട്ടപ്പോള്‍ പാവപ്പെട്ട മെക്സിക്കോ, ഫ്ലോറിഡ, ലൂസിയാനാ (അവിടെയൊക്കെയാണ് സ്ഥിരമായി ചുഴലിക്കാറ്റ് നാശം വിതക്കറുള്ളത്) നിവാസികളെ ദൈവം രക്ഷിക്കട്ടെ എന്നു പ്രാര്‍ത്ഥിച്ച് സ്വന്തം കാര്യം സിന്ദാബാദ് എന്ന തത്വശാസ്ത്രത്തില്‍ വിശ്വാസമര്‍പ്പിച്ച് ജീവിതം തള്ളാന്‍ തുടങ്ങുമ്പോള്‍...

വ്യാഴാഴ്ച്ച ഉച്ചയോടെ വന്ന ഓഫീസ് ഇ-മെയിലില്‍ സാധാരണപോലെ നമുക്കു സുഖിക്കുന്ന കാര്യങ്ങള്‍ ഒന്നും ഉണ്ടാവില്ലെന്ന മുന്‍വിധിയോടെ തീര്‍ത്തും അവഗണിച്ച് ആത്മാര്‍ത്ഥമായി ജോലിചെയ്യുന്നതായി ഭാവിക്കുന്നതിനിടയില്‍ എന്റെ സഹമുറിയന്റെ കോള്‍ ഓഫീസ് ഫോണില്‍.

"എന്താ പോകണ്ടേ?"

"എവിടെ?"

"വീട്ടില്‍. ഉടനെ ഷോപ്പില്‍ പോയി എന്തെങ്കിലും തിന്നാനും കുടിക്കാനും വാങ്ങിയില്ലെങ്കില്‍ പിന്നെ കിട്ടി എന്നു വരില്ല."

ഇയാള്‍ക്കെന്താ വട്ടായോ എന്നാണ് ആദ്യം ചിന്തിച്ചത്. സാധാരണ ശനിയാഴ്ച്ചകളില്‍ ആണ് ഷോപ്പിങ്ങിനു പോകുന്നത്. ഇതെന്താ വ്യാഴാഴ്ച ഉച്ചക്ക്.
പക്ഷെ പെട്ടെന്ന് എന്തോ ഒരു പന്തികേട് തോന്നാതിരുന്നില്ല. സംശയം തീര്‍ക്കാന്‍ പുള്ളിയോടുതന്നെ ചോദിച്ചു:

"അതെന്താ ഇപ്പോള്‍?"

"ഹ്യൂസ്റ്റന്‍ സൈറ്റ് കമ്മ്യൂണിക്കേഷന്‍ ഇ-മെയില്‍ വായിച്ചില്ലേ? റീത്ത ശനിയാഴ്ച വൈകിട്ട് ഹ്യൂസ്റ്റനില്‍ ഹിറ്റ് ചെയ്യും എന്നാണ് ലേറ്റസ്റ്റ് ഫോര്‍ക്കാസ്റ്റ്. തീറ്റയും കുടിയും സ്റ്റോക്ക് ചെയ്തില്ലെങ്കില്‍ വിവരം അറിയും."

അപ്പൊഴാണ് എന്റെ മെയില്‍ ബോക്സില്‍ എന്റെ മൗസ് സ്പര്‍ശത്തിനായി കാത്തു കിടക്കുന്ന മെയിലിനെ കുറിച്ചോര്‍ത്തതുതന്നെ. വേഗം അതു തുറന്നു. അപ്പോഴാണ് സംഗതിയുടെ കിടപ്പുവശം കുറച്ചു കുഴപ്പമാണെന്നു മനസ്സിലായത്.

റീത്ത വരുന്നു. ഉഗ്രരൂപിണിയായി. ശനിയാഴ്ച്ച വൈകിട്ട് ഹ്യൂസ്റ്റണിലൂടെ കടന്നുപോകും. ഓഫീസ് നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നു.

കിടുങ്ങിപ്പോയി...

മുന്നോട്ടു തള്ളാന്‍ തുടങ്ങിയ ജീവിതം തുടങ്ങിയിടത്തുതന്നെ നില്‍ക്കുകയാണ്. ഇനി ബാക്കി ആരു തള്ളൂം എന്നു ആലോചിച്ചപ്പോള്‍ ശരിക്കും എന്റെ കണ്ണുതള്ളിപ്പോയി.

അരമണിക്കൂര്‍ കഴിഞ്ഞ് സഹമുറിയന്‍ വിളിക്കാന്‍ വന്നപ്പോള്‍ തള്ളിയ കണ്ണുമായി ഞാന്‍ അങ്ങനെതന്നെ ഇരിക്കുകയാണ്. അദ്ദേഹം വന്നത് പുതിയ ഒരു ന്യൂസുമായാണ്. ജനങ്ങളോട് ഹ്യൂസ്റ്റണ്‍ വിട്ടുപോകാന്‍ മേയര്‍ ഉത്തരവിട്ടിരിക്കുന്നു.

അപ്പോള്‍ സംഗതി കൈവിട്ടുപോയിരിക്കുന്നു. ഇനിയെന്തു ചെയ്യും എന്നായി അടുത്ത ചിന്ത.

ഓഫീസിലെ സഹപ്രവര്‍ത്തകര്‍ ഒരു മീറ്റിങ് വിളിച്ചുക്കൂട്ടി. പലായനം പ്ലാന്‍ ചെയ്യാന്‍ ഒരു മീറ്റിങ്! പ്ലാനിങ് എല്ലാം കഴിഞ്ഞപ്പോള്‍ ഒരു കാര്യം ഉറപ്പായി. പിറ്റേന്ന് കാലത്ത് ജീവന്‍ ഉണ്ടെങ്കില്‍ അതും കൈയ്യില്‍ പിടിച്ച് ഹ്യൂസ്റ്റ്ണ്‍ വിടണം.

കാറുള്ളവരുടെ ഏണ്ണവും ഇല്ലാത്തവരുടെ ഏണ്ണവും കണക്കാക്കി, ഇല്ലാത്തവരെ ഉള്ളവരുടെ കൂടെ തിരുകികയറ്റാന്‍ ധാരണ ആയി മീറ്റിങ് പിരിഞ്ഞു. ഈയുള്ളവനും സഹമുറിയനും അക്കാലത്തു രണ്ടാമത്തെ ലിസ്റ്റില്‍ പെട്ടതിനാല്‍ ഒരു മലയാളി സുഹ്രുത്തിനോടും കുടുംബത്തോടുമൊപ്പം ലയിക്കുവാന്‍ തീരുമാനിച്ചു. മീറ്റിങ് കഴിഞ്ഞയുടനെ, പുര കത്തുമ്പോള്‍ ബീഡി കത്തിക്കുക, റോം കത്തുമ്പോള്‍ വീണ വായിക്കുക തുടങ്ങിയ ബിരുദങ്ങള്‍ ഉള്ളവര്‍ അവസരം മുതലാക്കി അപ്പോള്‍ തന്നെ സ്കൂട്ട് ആയി. ബാക്കിയുള്ളവര്‍ നേരം ഇരുന്നും കിടന്നും കൈയ്യില്‍ എടുത്തു പിടിച്ചും വെളുപ്പിച്ചെടുത്തു.

ഹ്യൂസ്റ്റണില്‍ നിന്നും നൂറ്റന്‍പതു മൈല്‍ അകലെ, സാധാരണ സ്പീഡില്‍ പോയാല്‍ ഒന്നര മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാവുന്ന ഒരു സ്ഥലത്ത് പഴയ പരിചയം ഒക്കെ പുതുക്കി കുറച്ചു പേര്‍ക്കു താമസിക്കാന്‍ സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടായിരുന്നു. അവിടെ എത്തിച്ചേരാനുള്ള സമയം കണക്കാക്കി തിന്നാനും കുടിക്കാനും ഉള്ളതൊക്കെ കാറില്‍ ഏടുത്തു വെച്ചു. എല്ലാവരും ഒന്നിച്ചു പുറപ്പെടാം എന്നും, കൂട്ടം തെറ്റിയാല്‍ വിളിക്കാന്‍ വേണ്ടി എല്ലാ വണ്ടിയിലും മൊബൈല്‍ ഉള്ള ഒരാള്‍ വീതം എന്നുമൊക്കെയുള്ള പ്ലാനിംഗോടു കൂടി രാവിലെ ഏഴു മണിക്കു പുറപ്പെടാന്‍ ഉദ്ദേശിച്ചിരുന്ന ഞങ്ങള്‍ പുറപ്പെട്ടപ്പോള്‍ പത്ത് മണിയായി.

(തുടരും...അധികം വൈകില്ല.)

12 അഭിപ്രായങ്ങള്‍:

ദിലീപ് വിശ്വനാഥ് said...

കുണ്ടറയില്‍ നിന്നുള്ള വണ്ടര്‍ഫുള്‍ മുത്തുകള്‍ പെറുക്കാന്‍ ഇറങ്ങിത്തിരിച്ച എന്റെ മനസ്സില്‍ ആദ്യം വന്നത് അമേരിക്കയിലെ ഉദ്ദ്വേഗജനകമായ ഒരു രാത്രി ആയിരുന്നു. റീത്തയോടൊപ്പമുള്ള രാത്രി.

ആദ്യത്തെ അനുഭവക്കുറിപ്പ്...

Jay said...

റീത്ത,കത്രീനമാരെ മറന്നു വരുകയായിരുന്നു. എന്തായാലും ബാക്കി പെട്ടെന്നെഴുത്. എന്നിട്ട് എന്തു സംഭവിച്ചു..??

ഫിലഡെല്‍‌ഫിയയില്‍ നിന്നൊരു മണ്ടന്‍

Murali K Menon said...

നര്‍മ്മം കൈമുതലായുള്ളതുകൊണ്ട് ഒട്ടും മുഷിയില്ല. ഭാവുകങ്ങള്‍

ദിലീപ് വിശ്വനാഥ് said...

അജേഷ്: ഉടനെ ബാക്കി എഴുതാം.
മുരളി: നന്ദി

ഗിരീഷ്‌ എ എസ്‌ said...

ഒരുപാടിഷ്ടമായി
അഭിനന്ദനങ്ങള്‍

സഹയാത്രികന്‍ said...

ബാക്കികൂടി പോന്നോട്ടേ മാഷേ...
:)

ഓ : ടോ : അമേരിക്കയില്‍ കാറ്റടിച്ചാല്‍ കാറ്റിനു മുന്‍പേ സുന്ദരിപ്പേരുകള്‍ എത്തൂലേ... റീത്താ, കത്രീന എന്നൊക്കെ... നമ്മുടെ നാട്ടിലാണെങ്കിലോ...? ഒന്നാമത് കാറ്റടിച്ചു എല്ലാം കഴിഞ്ഞേ കാലാവസ്ഥാ നീരീക്ഷണകേന്ദ്രം അറിയൂ... പിന്നെ പേരിട്ടാല്‍ വല്ല ദാക്ഷായണീന്നോ...മീനാക്ഷീന്നോ ഒക്കെ ആവും.
:)

ഹരിശ്രീ (ശ്യാം) said...

എന്നിട്ടു? റീത്ത വന്നോ? ബാക്കി അറിയാന്‍ കാത്തിരിക്കുന്നു

ശ്രീ said...

എന്നിട്ട്?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എന്നിട്ട് റീത്ത ആ വഴി വന്നില്ലേ?

ദിലീപ് വിശ്വനാഥ് said...

ദ്രൗപതി, സഹയാത്രികന്‍, ഹരിശ്രീ, ശ്രീ, കുട്ടിച്ചാത്തന്‍: നന്ദി.
അടുത്ത ഭാഗം ഉടനെയുണ്ടാവും.

K.P.Sukumaran said...

നന്നായിട്ടുണ്ട്

payyans said...

ഈശ്വര വിശ്വാസമില്ലാത്തവര്‍ മറ്റുപലതും ഓര്‍ത്തു.! :)

തകര്‍പ്പന്‍ വാചകങ്ങള്‍ ഒത്തിരി... :)

അടുത്ത ലക്കത്തിനു വേണ്ടി കാത്തിരിക്കുന്നു...