എന്റെ ചിത്രത്തില്‍ പൂച്ചയുടെ സാന്നിദ്ധ്യം

Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍

അര്‍ത്ഥമില്ലാത്ത വരകളും ലക്ഷ്യമില്ലാത്ത വര്‍ണ്ണങ്ങളും ക്യാന്‍‌വാസില്‍ വീണ് ചിതറിക്കിടന്നിരുന്നു. എന്റെ ഈ ഇടുങ്ങിയ മുറിയില്‍, ഒരു ചെറുകാറ്റുപോലും എത്തിനോക്കാന്‍ മടിക്കുന്ന ഈ ഗുഹയില്‍, മസ്തിഷ്ക്കത്തിലെ പൊടി തട്ടി നീക്കാനോ പെയിന്റിംഗ് ബ്രഷുകളുടെ മൂര്‍ച്ച അളക്കാനോ മുതിരാതെ ഞാനിരുന്നു. തറയില്‍, ഞാന്‍ വലിച്ചെറിഞ്ഞ പുകക്കുറ്റികള്‍ അവയുടെ ചാരം കൊണ്ട് ഒരു മനോഹരചിത്രം രചിച്ചിരുന്നു. അത് ഒരു മിസ്റ്റിക് സൃഷ്ടിപോലെ തോന്നിച്ചു.

എന്റെ പെയിന്റിംഗ് ബ്രഷുകളുടെ സംഭോഗം ക്യാന്‍‌വാസില്‍ ഋതുക്കളെ തിട്ടപ്പെടുത്തുകയായിരുന്നു. ഒരു പക്ഷേ കാലം ചൈത്രത്തിലൂടെ കടന്നുപോയിരിക്കാം. ഹൃദയത്തിന്റെ അവസാനജല്പനം എന്റെ കൈത്തണ്ടിലൂടെ ഒഴുകി ബ്രഷിന്റെ അഗ്രഭാഗത്തിലൂടെ ക്യാന്‍‌വാസില്‍ പടര്‍ന്നു. അതു കറുപ്പിന്റെ വ്യഥിതമായ ലിപികള്‍ തെളിച്ച് എന്റെ കൈകള്‍ക്ക് കടിഞ്ഞാണിട്ടു. അതിനാലാണ് ഞാന്‍ പുകയൂതി ഇവിടെ ചടഞ്ഞുകൂടിയത്. ആലസ്യത്തിന്റെ മഴമേഘങ്ങള്‍ എന്റെ ശിരസ്സിനുമുകളില്‍ തൂങ്ങിയാടി.

കറുപ്പിന്റെ അര്‍ത്ഥം ചികയുകയായിരുന്നു ഞാന്‍. കണ്ണുകള്‍ ചൂഴ്ന്നെടുത്ത് ക്യാന്‍‌വാസിലേക്ക് വലിച്ചെറിഞ്ഞ് കറുപ്പിന്റെ അടുത്തേക്ക് ഞാന്‍ പാഞ്ഞുചെന്നു. പെട്ടെന്ന് കറുപ്പ് നിറമെല്ലാം ഒന്നിച്ചുകൂടി ഒരു പൂച്ചയായി രൂപാന്തരപ്പെടുന്നത് ഞാനറിഞ്ഞു. ആ പരിണാമം ഞാന്‍ കൌതുകത്തോടെ അനുഭവിക്കുകയായിരുന്നു. എന്റെ പാലറ്റിലെ ചായക്കൂട്ടുകളെക്കുറിച്ചും അവയുടെ അസ്തിത്വത്തെക്കുറിച്ചും ചിന്തിക്കാതെ അവയെല്ലാം വിസ്മൃതിയുടെ ചവറ്റുകുട്ടയിലിട്ട് ഞാനിരുന്നു. എന്റെ മുറിയുടെ ചുവരുകളിലെല്ലാം കറുപ്പുനിറം മൂടി അവ ഞാനിരിക്കുന്നിടത്തേക്ക് നീങ്ങിവരുന്നത് ഞാനറിഞ്ഞു. ഇപ്പോള്‍ എന്റെ ക്യാന്‍‌വാസില്‍ ഒരു കറുത്ത പൂച്ചയെ എനിക്കു വ്യക്തമായി കാണാം. അതെ, മഞ്ഞക്കണ്ണുകളുള്ള ഒരു വലിയ കറുത്ത പൂച്ച. അതെന്നെ തുറിച്ചുനോക്കുന്നതുപോലെ എനിക്കു തോന്നി.

എന്റെ ചിത്രത്തില്‍ ഒരു മാര്‍ജ്ജാരന്റെ പ്രസക്തിയെപ്പറ്റി ഞാന്‍ ചിന്തിച്ചു തുടങ്ങിയിരുന്നില്ല. അതൊരുപക്ഷേ എന്റെ മാനസിക പരിച്ഛേദങ്ങളിലേക്കെത്തിയിരിക്കില്ല. പെട്ടെന്ന്, എന്റെ മുറിയുടെ വാതിലില്‍ കനത്ത നഖങ്ങള്‍ തര്‍ക്കിക്കുന്നതു കേട്ട് ഞാന്‍ ഞെട്ടി. എന്റെ അനുവാദത്തിനു കാത്തു നില്‍ക്കാതെ എന്റെ അതിഥി ഒരു ചെറുകാറ്റിനോട് ചങ്ങാത്തം കൂടി മുറിയില്‍ പ്രവേശിച്ചു. എന്റെ അതിഥി എന്റെ കണ്ണുകളില്‍ നിറയുമ്പോള്‍ ഞാന്‍ ഭയത്തിന്റെ ഇടനാഴിയിലൂടെ നടക്കുകയായിരുന്നു. എന്റെ മെതിയടികള്‍ക്കിടയില്‍ കടവാതിലുകളുടെ ജീര്‍ണ്ണിച്ച ശരീരങ്ങള്‍ ചതഞ്ഞു. അവ പുഴുക്കളായി ചിതറിത്തെറിച്ചു. ഇപ്പോള്‍ എന്റെ അതിഥിയെ ഞാന്‍ അറിയുന്നു. മഞ്ഞക്കണ്ണുകളോടുകൂടിയ ഒരു വലിയ കറുത്ത പൂച്ച.

ഏതോ നിയോഗത്തിന്റെ തെളിമയിലൂടെ നടന്ന് ആ മാര്‍ജ്ജാരന്‍ എന്റെ ക്യാന്‍‌വാസിനെ സമീപിച്ചു. അതില്‍ അശാന്തിയുടെ വരകളും പുതുമണ്ണിന്റെ വര്‍ണ്ണവും വിസര്‍ജ്ജ്യത്തിന്റെ ഗന്ധവും കോരിയെറിഞ്ഞ് ഒന്നു നക്കിത്തുടച്ച് പിന്തിരിഞ്ഞു. എന്റെ അതിഥിയുടെ അടുത്ത ഊഴം എന്റെ ചായങ്ങളാണ്. കറുത്ത ചായത്തില്‍ മുന്‍‌കാലുകളാഴ്ത്തി നിന്ന് ആ വലിയ പൂച്ച ഒന്നു മുരണ്ടു. ഒരുപക്ഷേ എന്റെ ചിത്രത്തിലെ കറുപ്പ് നിറത്തിന്റെ ആധിക്യത്തോടുള്ള അതിന്റെ പ്രതിഷേധമായിരിക്കാം അത്. ചായത്തില്‍ മുക്കിയ കാല്‍പ്പാടുകള്‍ തറയില്‍ വിരിച്ച് ആ പൂച്ച മുറിയുടെ മൂലയില്‍ ചെന്നു മുന്‍‌കാലുകള്‍ നീട്ടി വച്ചു തല മുന്‍‌കാലില്‍ അമര്‍ത്തിവച്ച് കിടന്നു. അതിന്റെ കാല്പാടുകള്‍ തറയില്‍ ഉണ്ടാക്കിയ വൈകൃതബിംബങ്ങള്‍ എന്റെ ഏകാന്തതയ്ക്ക് കൂട്ടായി.

നോക്കിയിരിക്കെ ആ വലിയ പൂച്ച തറയിലുണ്ടാക്കിയ കാല്‍പ്പാടുകള്‍ ഒരു മനുഷ്യന്റെ കാല്‍പ്പാടുകളോട് സാമ്യപ്പെടുന്നത് ഞാന്‍ കണ്ടു. ഞെട്ടിത്തിരിഞ്ഞു മുറിയുടെ മൂലയിലേക്ക് നോക്കിയപ്പോള്‍ ആ പൂച്ച ഒരു സ്ത്രീയായി മാറിയിരിക്കുന്നതു ഞാന്‍ കണ്ടു.

സാകല്ല്യത്തിന്റെ തിരിച്ചറിവില്‍ അവള്‍ സ്ത്രൈണത ഉള്‍ക്കൊണ്ടു. അര്‍ദ്ധനഗ്നയായി, എന്റെ അതിഥിയുടെ പരിണാമമായി, ഇപ്പോഴിതാ എന്റെ അതിഥിയായി. അവള്‍ എന്റെ ചായക്കൂട്ടുകളെ സമീപിച്ചു. അവളുടെ വിരലുകള്‍ എന്റെ ബ്രഷുകളെ പരിണയിച്ചു. സ്ത്രൈണതയുടെ വെളിപ്പെടലില്‍ എന്റെ കൂര്‍ച്ചങ്ങള്‍ ബീജഗണിതത്തിന്റെ കുറിമാനങ്ങളെ പ്രസവിച്ചു. അവ ചാപിള്ളയായി തറയില്‍ പതിഞ്ഞു. പെയിന്റിംഗ് ബ്രഷ് ചായത്തിലാഴ്ത്തി അവള്‍ എന്റെ മുറിയുടെ വൃത്തികെട്ട ചുവരില്‍ ആദ്യത്തെ പോറലേല്‍പ്പിച്ചു. അത് മേളങ്ങളുടെ വൈകൃതമായിത്തെളിഞ്ഞു. കുഞ്ചങ്ങള്‍ ചുവരുമായി മല്ലിടുന്നതും നിണം വര്‍ണ്ണമായി ഒഴുകുന്നതും ഞാനറിഞ്ഞു. അതെന്റെ തിരിച്ചറിവിന്റെ ആദ്യപിഴവായിരുന്നു. അവള്‍, ചുവരിലവസാനത്തെ പോറലുമേല്‍പ്പിച്ചു പിന്തിരിഞ്ഞപ്പോള്‍ ഞാനത്ഭുതപ്പെട്ടു. എന്റെ ചുവര്‍ അതിന്റെ ജീര്‍ണ്ണാവശിഷ്ടങ്ങളില്‍ ഒരു നേര്‍‌രേഖയായിത്തെളിഞ്ഞിരിക്കുന്നു. കാക്കകള്‍കൊത്തി വികൃതമാക്കിയ ബലിച്ചോറ് പോലെ ചുവരില്‍ വര്‍ണ്ണങ്ങള്‍ സമ്മേളിച്ചു കിടന്നു. സങ്കലനത്തിന്റെ അര്‍ത്ഥമറിഞ്ഞ വര്‍ണ്ണങ്ങള്‍. അവ കണ്ണീരായി ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.

“നീയാരാണ്?” ഒടുവില്‍ ഞാന്‍ നാവനക്കി.

“ഞാന്‍... ഞാന്‍ നിങ്ങളുടെ അതിഥി.” അവള്‍ പറഞ്ഞു. “ഇന്ന് മാത്രം.”

“നിന്റെ പേരെന്താണ്?” ഞാന്‍ ചോദിച്ചു.

അവള്‍ എന്റെ രണ്ടാമത്തെ ചോദ്യത്തിന് ചെവിതന്നില്ല. പകരം അവള്‍ എന്റെ ക്യാന്‍‌വാസിലേക്ക് ശ്രദ്ധതിരിച്ചിരുന്നു. അതില്‍ തെളിഞ്ഞിരുന്ന ചിത്രം അവള്‍ സാകൂതം വീക്ഷിക്കുകയായിരുന്നു. ഞാനവളുടെ മുഖം ശ്രദ്ധിച്ചു. അവളുടെ കണ്ണുകളില്‍ ഭയത്തിന്റെ ചീളുകള്‍ വന്നു തറയ്ക്കുന്നത് ഞാന്‍ കണ്ടു.

“പൂച്ച” അവള്‍ പുലമ്പി. “പൂച്ച മരണമാണ്.”

ഞാന്‍ അമ്പരന്നു അവളെ നോക്കി. എന്റെ കണ്‍കോണുകളില്‍ സംശയത്തിന്റെ നേരിയ നിഴലാട്ടം അവള്‍ കണ്ടിരിക്കും. അവള്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു. പക്ഷേ അത് വിഫലമായി.

“പൂച്ച മരണമല്ല.” ഞാന്‍ പ്രസ്താവിച്ചു.

ഞാനവളുടെ തോളില്‍ കൈവച്ചു. അവളുടെ വക്ഷോജങ്ങളില്‍ രതിസുഖത്തില്‍ കുളിച്ചുകിടന്ന വൈരമാല പതുക്കെ അഴിച്ചുമാറ്റി. അവള്‍ ബോധക്ഷയത്തിന്റെ കയങ്ങളില്‍ മുങ്ങിത്താഴുന്നത് ഞാനറിഞ്ഞു.

ഹോമകുണ്ഡം ജ്വലിച്ചുയര്‍ന്നു. പച്ചമുളന്തണ്ടുകള്‍ അഗ്നിയുടെ പശിയടക്കി. ഹോമകുണ്ഡത്തിലേക്ക് പഞ്ചഭൂതങ്ങള്‍ തര്‍പ്പിച്ചു. യാഗത്തിനു ശേഷം കെട്ടടങ്ങിയ അഗ്നികുണ്ഡത്തിനുമേല്‍ കറുത്ത തുണി വിരിച്ചു. കൈകളില്‍ കോരിയെടുത്ത അസ്ഥികഷ്ണങ്ങള്‍ കലശങ്ങളിലാക്കി തീര്‍ത്ഥജലങ്ങള്‍ക്കെറിഞ്ഞുകൊടുത്തു. വെള്ളത്തില്‍ മുങ്ങിയും പൊങ്ങിയും അവ ഗതികിട്ടാത്ത പ്രേതങ്ങളെപ്പോലെയലഞ്ഞു.

അവള്‍, മയക്കത്തിന്റെ ആലസ്യം കുടഞ്ഞെറിഞ്ഞ് കാഷായത്തുണ്ടുകളില്‍ ശരീരം പൊതിഞ്ഞു മുറിവിട്ടിറങ്ങി. എന്നോട് യാത്ര പറയാന്‍ പോലും അവള്‍ തിരിഞ്ഞുനിന്നില്ല. എന്റെ ദൃഷ്ടിയില്‍ അവളുടെ അവസാന കാല്‍പ്പാടും ചെമ്മണ്‍പാത ഏറ്റുവാങ്ങിയപ്പോള്‍ ഞാന്‍ വാതില്‍ കൊട്ടിയടച്ചു.

ഇപ്പോള്‍ എന്റെ ചിത്രത്തിലാണ് എന്റെ ശ്രദ്ധ മുഴുവനും. ചിത്രത്തിലെ പൂ‍ച്ച ഇപ്പോഴില്ല. കറുപ്പ് നിറം താഴെവീണ കണ്ണാടിച്ചില്ലുപോലെ ചിതറിക്കിടന്നിരുന്നു. വിസര്‍ജ്ജ്യത്തിന്റെ ഗന്ധവും കറുത്ത ചായത്തിലുള്ള കാല്‍പ്പടുകളും എന്നോട് എപ്പോഴോ യാത്ര പറഞ്ഞിരുന്നു.

എന്റെ മസ്തിഷ്ക്കത്തിനകത്തും പുറത്തും പ്രതിബിംബങ്ങളുടെ ചങ്ങല സൃഷ്ടിക്കുന്ന ചിന്തകളുടെ ഉഭയചരിത്രം ശരിക്കും എന്നെ അത്ഭുതപ്പെടുത്തുന്നു. ഇപ്പോഴും എന്റെ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ട പൂച്ച ഒരത്ഭുതമായെന്നില്‍ അവശേഷിക്കുന്നു. ഒരിക്കല്‍ക്കൂടി എന്റെ ഇടുങ്ങിയ പാലറ്റില്‍ നിറഭേദങ്ങളൊരുക്കുമ്പോഴും ക്യാന്‍‌വാസില്‍ വര്‍ണ്ണങ്ങള്‍ വിതറുമ്പോഴും എന്റെ ചിത്രത്തിലെ പൂച്ചയുടെ പ്രസക്തിയെപ്പറ്റി ഞാന്‍ ചിന്തിച്ചു തുടങ്ങിയിരുന്നില്ല. അതൊരുപക്ഷേ ഒരു മൂടുപടം പോലെയെന്തെങ്കിലുമാവും. എന്തായാലും എന്റെ അതിഥിയായി കടന്നുവന്ന ആ വലിയ പൂച്ചയുടെ ചലനങ്ങള്‍ എന്നെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു.

എന്റെ തിരിച്ചറിവില്‍പ്പിറന്ന് നാവില്‍ തടഞ്ഞ വാക്കുകള്‍ ഞാന്‍ പുറത്തേക്ക് തുപ്പി.

“ഇന്നൊരു പൂച്ച എന്റെ അതിഥിയായിരുന്നു.”

32 അഭിപ്രായങ്ങള്‍:

ദിലീപ് വിശ്വനാഥ് said...

അര്‍ത്ഥമില്ലാത്ത വരകളും ലക്ഷ്യമില്ലാത്ത വര്‍ണ്ണങ്ങളും ക്യാന്‍‌വാസില്‍ വീണ് ചിതറിക്കിടന്നിരുന്നു. എന്റെ ഈ ഇടുങ്ങിയ മുറിയില്‍, ഒരു ചെറുകാറ്റുപോലും എത്തിനോക്കാന്‍ മടിക്കുന്ന ഈ ഗുഹയില്‍, മസ്തിഷ്ക്കത്തിലെ പൊടി തട്ടി നീക്കാനോ പെയിന്റിംഗ് ബ്രഷുകളുടെ മൂര്‍ച്ച അളക്കാനോ മുതിരാതെ ഞാനിരുന്നു....

ഒരു കഥ പറയാനുള്ള ശ്രമം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒരു മാര്‍ജാരപാദത്തിന്റെ മൃദുലതയോടെ, കഥയുടെ മാസ്മരികത ലോകത്തേയ്ക്ക് തൂലിക ചലിപ്പിക്കുമ്പോള്‍, മിഴികളുടെ താളം പോലും വരികളെ അറിയാതെ പിന്‍‌തുടരുന്നു...

മനോഹരമായ വിവരണം.

വിന്‍സ് said...

ഭയങ്കര സീരിയസ്സാണല്ലോ വാല്‍മീകി അണ്ണാ.

G.MANU said...

ഇത് മാഗസിനില്‍ നിന്നും നേരത്തെ വായിച്ചതാണെങ്കിലും ഒന്നുകൂടി കണ്ടപ്പോള്‍ കണ്ണു വിടര്‍ന്നു.. അബ്സ്ട്രാക്ട് ഇമേജസ് കോരിയിടുന്ന കഥ..

മാഷപ്പോള്‍ സീരിയസു എഴുത്തുകാരന്‍ ആണല്ലേ..എന്നിട്ടാണോ മടിച്ചുനില്‍ക്കുന്നെ...

അടുത്തത് പോരട്ടെ മാഷെ.

എതിരന്‍ കതിരവന്‍ said...

മരണവും രതിയും പണ്ടേ ഒന്നിച്ചുപോകുന്ന ബിംബങ്ങളാണ്. കറുത്ത പൂച്ചയേയും കൂടെ കൂട്ടി വാല്‍മീകി കഥാകാവ്യം രചിയ്ക്കുന്നു.

ആളൊരു വാല്‍മീകി തന്നെ!

Sharu (Ansha Muneer) said...

ഒരു പുതുമയാണല്ലോ ഈ കഥ... ഒന്നു രണ്ടു വട്ടം കൂടി വായിക്കേണ്ടിയിരിക്കുന്നു മനസ്സിലാകാന്‍ :)

ശ്രീ said...

കഥയും നന്നായി എഴുതാനറിയാമല്ലോ മാഷേ...
നന്നായിട്ടുണ്ട്.
:)

കണ്ണൂരാന്‍ - KANNURAN said...

നന്നായി കഥയെഴുതാനറിഞ്ഞിട്ടും എഴുതാതിരിക്കുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. :)

കണ്ണൂരാന്‍ - KANNURAN said...

ഒരു കമന്റ് ഇട്ടപ്പോള്‍ വന്നത് 4 എണ്ണം. അയ്യയ്യോ?

സുല്‍ |Sul said...

വ്യത്യസ്തനാമൊരു ബ്ലഗാവാം വാല്മീകിയെ
സത്യത്തിലാരും തിരിച്ചറിഞ്ഞില്ല....

അവതരണം അഭിനന്ദനാര്‍ഹം.

-സുല്‍

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മാഷെ കഥപറഞ്ഞ പഴ്ചാത്തലം ശെരിക്കും നന്ന്.
ആശംസകള്‍..
ഒരു കമന്റില്‍ ഒതുക്കാന്‍ പറ്റില്ല മാഷെ ഇത് എന്നാലും അഭിനന്ദത്തിന്റെ പൂച്ചെണ്ടുകള്‍ നേരുന്നൂ.

പ്രയാസി said...

പൂച്ചക്കഥയെഴുതിയ പുലി..!

തുറന്ന് പറയാം മനസ്സിലായില്ല.. കഥയും ഉദ്ധേശവും..:)

ഉപാസന || Upasana said...

വ്യത്യസ്തമായ കഥ.
സംഭാഷണങ്ങള്‍ കുറവോടെ യാവുഇമ്പോ അത് ശ്രമകരമാണ്.
അതില്‍ ഭായ് വിജയിച്ചിരിക്കുന്നു നല്ല പരിധി വരെ..
:)
ഉപാസന

krish | കൃഷ് said...

അടുത്തെങ്ങാനും വാല്‍മീകിയെ പൂച്ച മാന്തിയിരുന്നോ..
അല്ലാ, ഈ ആധുനികന്‍ ഒറ്റ വായനയില്‍ മനസ്സിലായില്ല.

ഇനി ഒന്നുകൂടി വായിച്ച് മനസ്സിലാക്കാന്‍ നോക്കാം.

:)

മറ്റൊരാള്‍ | GG said...

:)

ശ്രീവല്ലഭന്‍. said...

വാല്‍മീകി,
വളരെ സീരിയസ് ആയ കഥയാണല്ലോ.....വളരെ നല്ല എഴുത്ത്......

Murali K Menon said...

അസ്സലായിട്ടുണ്ട്..

കാപ്പിലാന്‍ said...

മ്യാവു...മ്യാവു... പുച്ച കരഞ്ഞു
അതു കഞ്ഞുകൊണ്ടേ ഇരുന്നു
ഇനിയും ഈ പുലിയാകുന്ന പുച്ച
കരയു .. മ്യാവു
നന്നായി

siva // ശിവ said...

ഒരുപാട്‌ ഇഷ്ടമായ കഥ. നല്ല അവതരണം. നല്ല ഭാഷ...

Sethunath UN said...

ന‌ല്ല അമ‌ര്‍ന്ന എഴുത്ത് മാഷേ.
വ‌ള‌രെ ന‌ന്നായി.

ധ്വനി | Dhwani said...

അര്‍ത്ഥമില്ലാത്ത വരകളും ലക്ഷ്യമില്ലാത്ത വര്‍ണ്ണങ്ങളും വീണുചിതറിയ കാന്‍ വാസില്‍, അനുവാദമില്ലാതെ പക്ഷേ നിയോഗത്തിന്റെ തെളിമയിലൂടെ നടന്ന്, പണ്ടേ പരന്ന കറുപ്പിനെ ഒന്നുകൂടി വൈകൃതത്തില്‍ നിരത്തി, അശാന്തിയുടെ വരകള്‍ കോറിയ പൂച്ചയുടെ പ്രസക്തി തിരിച്ചറിവില്‍ പിറന്നതു സത്യം തന്നെ; 'ഇന്നു മാത്രം നിന്റെ അതിഥി'

ആസ്വദിച്ചുവെന്നല്ലാതെ മറ്റൊരഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല!

Gopan | ഗോപന്‍ said...

മാഷേ..

Excellent is not the word..
This story is too good !
ചിത്രമെഴുത്തും, കറുത്തനിറവും, പൂച്ചയും, സ്ത്രീയും, രതിയും ഒരു ഫാന്‍ടസി പോലെ എഴുതിയിരിക്കുന്നു.. വായിച്ചു മനസ്സിലാക്കുവാന്‍ കുറച്ചു സമയമെടുത്തുവെങ്കിലും വളരെയധികം ഇഷ്ടപെട്ടു ഈ കഥ.

ഹരിശ്രീ (ശ്യാം) said...

എല്ലാ ബിംബകല്‍പനകളും ശരിക്ക് അങ്ങോട് പിടി കിട്ടിയില്ല. എന്നാലും മരണം, രതി മുതലായ കമന്റ് ഒക്കെ കണ്ടിട്ട് വായിച്ചപ്പോ കുറച്ചൊക്കെ കത്തി. ഗംഭീരം.

Unknown said...

സിമിയേ...ഓടിവാ..

Unknown said...

മഷേ... കലക്കിണ്ട്ട്ടാ... ഗംഭീരായിണ്ട്.
നല്ല വിവരണം. നല്ല അവതരണം. നല്ല ശൈലി.
ആശംസകള്‍.

ഏ.ആര്‍. നജീം said...

ഒരു ആശയം നേരിട്ടങ്ങ് പറയുന്നതല്ല ഒരിക്കലും ഒരു നല്ല കഥ. മനോഹരമായ ശൈലിയില്‍ ഒഴുക്കോടെ വായിച്ച് വരുമ്പോള്‍ വായനക്കാരന്‍ അറിയാതെ തന്നെ കഥാകാരന്‍ ഉദ്ദേശിച്ച കഥാബീജം അവന്റെ മനസ്സില്‍ ചെല്ലണം..

വാല്‍മീകിയുടെ ഈ കഥ വായിച്ചപ്പോള്‍ എനിക്ക് തോന്നിയതും സമാനമായ അനുഭവം.. വേറിട്ട നല്ല ശൈലി ഈ പോസ്റ്റില്‍ സ്വീകരിച്ചിരിക്കുന്നു...

ഇനി രക്ഷയില്ല മോനെ.. വിടമാട്ടേന്‍.. ചുമ്മ പോട്ടങ്ങള്‍ മാത്രമല്ല നല്ല കഥകളും ഇനി പോസ്റ്റ് ചെയ്യണം.. കേട്ടോ

ദിലീപ് വിശ്വനാഥ് said...

കഥ വായിച്ച് അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി.

Unknown said...

തീക്ഷണത കത്തി നിലക്കുന്ന വാക്കുകള്‍ വാല്‍മികിയുടെ രചനക്കളുടെ അസ്വദനബോധം വീണ്ടുംവിണ്ടും ഉയര്‍ത്തി കാട്ടുന്നു

കാട്ടുപൂച്ച said...

അങ്ങിനെ പൂച്ചകളുടെ കാലം തെളിഞ്ഞു

ഭൂമിപുത്രി said...

മോറ്ഫിങ്ങ് എന്നു പറയുന്ന സംഭവം വാകുകളിലേയ്ക്കെടുത്തുവെച്ചു വാത്മീകി
എന്നാണെന്റെ തോന്നല്‍

asdfasdf asfdasdf said...

വാക്കുകളുടെ ഒരു അമ്മാനമാട്ടം. ഗംഭീരം.

sree said...

വിവരണത്തിന്റെ മാജിക് റ്റച്ചുകൊണ്ട് വേറിട്ടു നില്‍ക്കുന്നു കഥ.