തല്ല് വന്ന വഴി

Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍

“മോനേ അങ്ങേലെ പശു പ്രസവിച്ചു.”

“അതു ശരി”

“തുണ്ടയ്യത്തെ കോഴിയെ പട്ടി പിടിച്ചു ഇന്നലെ രാത്രി.”

“അയ്യോ!”

“കിഴക്കേപെരേലെ എരുത്തില്‍ ഇടിഞ്ഞു വീണു ഇന്നലെത്തെ മഴയത്ത്.”

“ഓഹോ”

അമ്മ ഇങ്ങനെ റണ്ണിംഗ് കമന്ററി തുടരുകയാണ്. നാട്ടിലുള്ള സകല ആടും പശുവും കോഴിയും എപ്പൊ, എങ്ങനെ, എവിടെ വച്ച് ഡെലിവറി കഴിഞ്ഞു എന്നുള്ളതും അതു നോര്‍മല്‍ ആണോ സിസേറിയന്‍ ആയിരുന്നോ എന്നുമൊക്കെ ഉള്ള ഒരു ഡാറ്റാബേസ് ഞാനിവിടെ ഹ്യൂസ്റ്റണില്‍ ഇരുന്നു ഉണ്ടാക്കിയെടുത്തതിന്റെ ക്രെഡിറ്റ് അമ്മയ്ക്കാണ്. അങ്ങനെ എന്റെ ഡേറ്റാബേസ് വളര്‍ന്നതുകൊണ്ട് ഞാന്‍ ഉപയോഗിക്കുന്ന ടെലഫോണ്‍ കാര്‍ഡ് കമ്പനികള്‍ക്കല്ലാതെ എനിക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ല.

പിന്നെ മനുഷ്യക്കുഞ്ഞുങ്ങളുടെ കാര്യം വല്ലതും ആണെങ്കില്‍ ‘ആഹാ നീ നമ്മുടെ രമേശന്റെ മോനല്ലേ?‘ ‘നീ ജാനുവിന്റെ മോളല്ലേ‘ എന്നൊക്കെ പറഞ്ഞ് ഓടി ചെന്ന് എടുത്ത് ഷര്‍ട്ടില്‍ അഴുക്കു പറ്റുമ്പോള്‍ താഴെ ഇടാമായിരുന്നു. ഇതിപ്പൊ അതും പറ്റില്ലല്ലോ.

ഇങ്ങനെ സംസാരിച്ച കൂട്ടത്തില്‍ ഇന്നലെ അമ്മ വളരെ കാഷ്വല്‍ ആയി പറഞ്ഞു.

“നമ്മുടെ ശിവരാമന്‍ മേശിരി ഇന്നലെ മരിച്ചു പോയി. കുറെനാളായി അസുഖമായി കിടപ്പിലായിരുന്നു.”

ഞാന്‍ ഒന്നു ഞെട്ടി. എന്നിട്ട് പതുക്കെ ചന്തിയില്‍ ഒന്നു തടവി. (എന്റെ ചന്തിയില്‍ തന്നെ). അവിടെ കുട്ടിക്കാലത്ത് കിട്ടിയ ഒരു അടിയുടെ പാട് തിണിര്‍ത്തു കിടപ്പുണ്ടെന്ന് എനിക്കപ്പോള്‍ വെറുതെ തോന്നി.

ജീവിതത്തില്‍ ഒരു സംഖ്യകളും എനിക്ക് ഓര്‍മ്മ നില്‍ക്കാറില്ല. എസ്.എല്‍.സി.ക്കു എത്ര മാര്‍ക്കുണ്ടായിരുന്നു എന്നു ചോദിച്ചാല്‍ പോലും എനിക്ക് ഓര്‍മ്മയില്ല. ഓര്‍ക്കാന്‍ വേണ്ടിയുള്ള മാര്‍ക്ക് ഇല്ലാത്തതുതുകൊണ്ടല്ല. ഞാനും സംഖ്യകളും തമ്മില്‍ പണ്ടേ നല്ല ബന്ധത്തിലല്ലാത്തതുകൊണ്ടാണ്.

പക്ഷേ പിതാശ്രീയുടെ കയ്യില്‍ നിന്നും എത്ര അടി കൊണ്ടിട്ടുണ്ട് എന്നു ചോദിച്ചാല്‍ എനിക്ക് നല്ല ഓര്‍മ്മയുണ്ട്. ഓര്‍മ്മ വച്ചതിനു ശേഷം അടിച്ച അടിയുടെ മാത്രം കണക്കാണ് ഇത്. അടി തരുന്ന ഡിപ്പാര്‍ട്ടുമെന്റ് ഭരിച്ചിരുന്നത് അമ്മയായതുകൊണ്ടും, അമ്മ ആ ജോലി വളരെ കൃത്യമായും ഭംഗിയായും നിര്‍വഹിച്ചിരുന്നതുകൊണ്ടും, പത്താം ക്ലാസ്സ് കഴിഞ്ഞ് കോളേജില്‍ എത്തിയപ്പോള്‍ ആ ജോലി നാട്ടുകാര്‍ക്ക് ഔട്ട്‌സോഴ്സ് ചെയ്തുകൊടുത്തതുകൊണ്ടും അച്ഛന് അധികം ചാന്‍സ് കിട്ടിയിട്ടില്ല എന്നു വേണം പറയാന്‍. എനിവേ, ആ സംഖ്യക്ക് ഇവിടെ വലിയ പ്രാധാന്യം ഒന്നും ഇല്ലാത്തതുകൊണ്ടും ശിവരാമന്‍ മേശിരി വെയിറ്റ് ചെയ്യുന്നത് കൊണ്ടും നമുക്ക് കാര്യത്തിലേക്ക് കടക്കാം.

പിതാശ്രീക്ക് അല്പസ്വല്പ സമുദായ പ്രവര്‍ത്തനമൊക്കെ ഉണ്ടായിരുന്നു. നാട്ടിലെ മറ്റുള്ള സഖാക്കളെ അപേക്ഷിച്ച് കുറച്ചു വിദ്യാഭ്യാസം കൂടുതലും, പിന്നെ കേന്ദ്ര സര്‍ക്കാര്‍ ജോലിയും. അതുകൊണ്ട് വീട്ടില്‍ എപ്പോഴും എന്തെങ്കിലുമൊക്കെ കേസിന്റെ മദ്ധ്യസ്ഥം പറയാനും, തര്‍ക്കം തീര്‍ക്കാനും ആളുകള്‍ വരുമായിരുന്നു. അതിര്‍ത്തി തര്‍ക്കങ്ങള്‍, കുടുംബവഴക്കുകള്‍, പരാതികള്‍, പരിഭവങ്ങള്‍ അങ്ങനെ ഒട്ടുമിക്ക ക്രിമിനല്‍ കേസുകളും സിവില്‍ കേസുകളും പിതാജിക്ക് കിട്ടാറുണ്ടായിരുന്നു, അതും നേരവും കാലവും നോക്കാതെ.

ഞാന്‍ അന്ന് പത്താം ക്ലാസ്സിലെ വലിയ പഠിപ്പൊക്കെ കഴിഞ്ഞ് വീട്ടില്‍ നില്‍ക്കുന്ന ഒരു അവധിക്കാലം. ഉച്ചക്ക് മുട്ടന്‍ പുട്ടടി ഒക്കെ കഴിഞ്ഞ് കുഴിപ്പന്ത് കളിക്കാനിറങ്ങി. കല്ലും പുല്ലും നിറച്ച് മെടഞ്ഞെടുത്ത ഓലപ്പന്തുകൊണ്ട് തലങ്ങും വിലങ്ങും ഏറ് വാങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് വീടുമുറ്റത്ത് ഉച്ചത്തിലൊരു സംസാരം കേട്ടത്. ഉടനെ അങ്ങോട്ട് വെച്ചുപിടിച്ചു.

ശിവരാമന്‍ മേശിരി, അനിയന്‍ രാഘവന്‍ മേശിരി, എന്റെ സ്വന്തം പിതാശ്രീ എന്നിവര്‍ എന്തോ വലിയ സംഭവം ചര്‍ച്ച ചെയ്ത് ചെയ്ത് ചര്‍ച്ചക്ക് ചൂടു പിടിച്ച ശബ്ദമാണ് കേട്ടത്. ചര്‍ച്ച മുറുകി വരുമ്പോള്‍ ശിവരാമന്‍ മേശിരി രാഘവന്‍ മേശിരിയെ തല്ലാന്‍ കയ്യോങ്ങും. അപ്പോള്‍ രാഘവന്‍ മേശിരി ഒഴിഞ്ഞുമാറും. പക്ഷേ ആ ഒഴിഞ്ഞുമാറ്റത്തില്‍ എന്തോ ഒരു പന്തികേട്.

കുറച്ചുനേരം നോക്കിനിന്നപ്പോള്‍ സംഭവം മനസ്സിലായി. രാഘവന്‍ മേശിരി ഒരു തൂണില്‍ ചാരിയാണ് നില്‍ക്കുന്നത്. കാലിന് നല്ല ബലമില്ലാത്തതുപോലെ ചെറിയ ഒരു ചാഞ്ചാട്ടവും ഉണ്ട്. സംഭവം കള്ള് തന്നെ. സംസാരവും അതിനെക്കുറിച്ചു തന്നെ.

ശിവരാമന്‍ മേശിരി കുണ്ടറ സിറാമിക്സ് ഫാക്ടറിയിലെ ഫോര്‍മാന്‍ ആണ്. സ്വന്തം സ്വാധീനമുപയോഗിച്ച് അനിയന്‍ രാഘവന് സിറാമിക്സില്‍ ഒരു ജോലി തരപ്പെടുത്തിക്കൊടുത്തു മേശിരി.

പക്ഷേ രാവിലെ ജോലിക്കു പോകുന്ന രാഘവന്‍ മേശിരി കുണ്ടറ ആശുപത്രി മുക്കിലുള്ള മോഡേണ്‍ ബാറു കഴിഞ്ഞ് ഒരടി മുന്നോട്ടു പോവുന്നില്ല എന്നുള്ള നഗ്നസത്യം ശിവരാമന്‍ മേശിരി മനസ്സിലാക്കി. എന്നാല്‍ പിന്നെ അനിയനെ ഒന്നു ഉപദേശിച്ചുകളയാം എന്നു കരുതി. പക്ഷേ ചേട്ടന്‍ അനിയനെ കാണാന്‍ വരുമ്പോഴൊക്കെ അനിയന്‍ നാലുകാലില്‍. സോ, ഉപദേശിക്കാന്‍ പോയി തടി കേടാക്കണ്ട എന്നുള്ള നല്ല ആശയം തലയിലുദിച്ചപ്പോള്‍ എന്നാല്‍ പിന്നെ അത് നാട്ടിലെ അത്യാവശ്യം കുടിയന്മാരെ ഒക്കെ നന്നാക്കാന്‍ കെല്‍പ്പുണ്ടെന്ന് കരുതപ്പെടുന്ന എന്റെ പിതാശ്രീയെക്കൊണ്ട് ചെയ്യിക്കാം എന്നു വിചാരിക്കുകയും ചെയ്തു ശിവരാമന്‍ മേശിരി. അതിന്റെ അരങ്ങേറ്റമാണ് അന്ന് വീട്ടുമുറ്റത്ത് കണ്ടത്.

എന്തായാലും ഞാനും എന്റെ സന്തതസഹചാരിയുമായ അശോകനും കൂടി കുറെ നേരം അവിടെ നിന്ന് രാഘവനിഗ്രഹം ബാലെ ഒക്കെ കണ്ട് ചെറുതായി ബോറ് അടിച്ചപ്പോള്‍ എന്നാല്‍ പിന്നെ പോയി
പന്ത് കളി തുടരാം എന്ന് കരുതി തിരിഞ്ഞു നടന്നപ്പോള്‍ അശോകന്‍ ചുമ്മാ, പതുക്കെ പറഞ്ഞു: “പോട്ട് സാറേ, കാള പിള്ളേരല്ലേ.”

അശോകന്‍ അപ്പോളത് എന്തിനു പറഞ്ഞു എന്നെനിക്കു മനസ്സിലായില്ലെങ്കിലും അത് ഞാന്‍ കേട്ടിട്ടുള്ളത് വേറൊരു തരത്തിലായതിനാല്‍ ഞാന്‍ അത് സ്പോട്ടില്‍ തന്നെ തിരുത്തി, അത് അല്പം
ഉറക്കെത്തന്നെ അനൌണ്‍സ് ചെയ്തു.

“പോത്ത് സാറേ, കാള പിള്ളേരല്ലേ.”

അപ്പോള്‍ത്തന്നെ “എന്നാല്‍ ശരി, ഞാന്‍ പോകുവാ“ എന്നും പറഞ്ഞ് ശിവരാമന്‍ മേശിരി അവിടെനിന്നും പോയപ്പോള്‍ അദ്ദേഹത്തിന്റെ മുഖം വിളറിയിരുന്നു എന്ന് അച്ഛന്‍ രാത്രി അമ്മയോട് പറയുന്നത് കേട്ടാണ് ഞാന്‍ മനസ്സിലാക്കിയത്. ശിവരാമന്‍ മേശിരിയെ കളിയാക്കി എന്നുള്ള കാരണത്തിന് അന്ന് അമ്മയുടെ തല്ല് ഡിപ്പാര്‍ട്ടുമെന്റില്‍ അച്ഛന്‍ കൈകടത്തി. തല്‍(ല്ല്)ഫലമായി ഞാന്‍ രണ്ടു ദിവസം ഇരിക്കാന്‍ പറ്റാതെ വേച്ചു വേച്ചു നടന്നു.

അതിന് ഒരാഴ്ച മുന്‍പ് ഒരു വിവാഹമോചകേസിന്റെ ചര്‍ച്ചയ്ക്കായി വീട്ടില്‍ ആളുകള്‍ കൂടിയിരുന്നപ്പോള്‍ റാംജിറാവ് സ്പീക്കിംഗിലെ “അവനവന്‍ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോള്‍ ഗുലുമാല്‍” എന്ന പാട്ട് ഉറക്കെ വച്ചതും കൂടി ചേര്‍ത്ത് കോം‌പ്ലിമെന്റ് ആക്കിയായിരുന്നു അച്ഛന്റെ തല്ല്.

36 അഭിപ്രായങ്ങള്‍:

ദിലീപ് വിശ്വനാഥ് said...

അശോകന്‍ അപ്പോളത് എന്തിനു പറഞ്ഞു എന്നെനിക്കു മനസ്സിലായില്ലെങ്കിലും അത് ഞാന്‍ കേട്ടിട്ടുള്ളത് വേറൊരു തരത്തിലായതിനാല്‍ ഞാന്‍ അത് സ്പോട്ടില്‍ തന്നെ തിരുത്തി, അത് അല്പം
ഉറക്കെത്തന്നെ അനൌണ്‍സ് ചെയ്തു.

ശിവരാമന്‍ മേശിരിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍.

കാര്‍വര്‍ണം said...

:)

ശ്രീ said...

കാരണമെന്തായാലും കിട്ടാനുള്ളതു കിട്ടി, അല്ലേ?

:)

സുല്‍ |Sul said...

റാംജിറാവു വിലെ പാ‍ട്ടിനും കൂടി തല്ലുവാങ്ങിയ മഹാനു നമോവാകം. :)
-സുല്‍

Sharu (Ansha Muneer) said...

പറയാനുള്ളതു പറഞ്ഞും...പാടാന്‍ ഉള്ളതു പാടിയും..കിട്ടാന്‍ ഉള്ളത് പലിശ സഹിതം കിട്ടിയല്ലോ.... നന്നായി... :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പണ്ടത്തെ അടീടെ ചൂട്‌ ഇടയ്ക്കൊക്കെ ഓര്‍ക്കുന്നത് നല്ലതാ മാഷേ...

എന്നാലും അടിയ്ക്കൊപ്പം പാട്ട് വെച്ച അങ്ങോര്‍ക്ക് നല്ല താളബോധം ഉണ്ടായിക്കാണും ല്ലേ.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അതുകൊള്ളാം പാട്ട് സംഭവം അറിഞ്ഞോണ്ട് വച്ചതാണോ?

ഓടോ: പ്രിയ ഒന്നൂടെ വായിച്ചേ. പാട്ട് വച്ചതിനു തല്ല് കൊണ്ടു എന്നാ അല്ലാതെ തല്ലുന്നതിന്‌ താളത്തില്‍ പാട്ട് വച്ചു എന്നല്ല.

ഭൂമിപുത്രി said...

‘പെട്ടന്നൊരു കൊഞ്ഞ ഡെവലപ്പ്ചെയ്തതാ അച്ചാ..’ന്നു കരഞ്ഞൂടായിരുന്നോ വാത്മീകീ?

പ്രയാസി said...

ചൊട്ടയിലെ ശീലം ചുടലവരെ..!

ഇന്നും അതിനൊരു മാറ്റവുമില്ലാതെ നിര്‍ബാധം തുടരുന്നുണ്ടല്ലൊ!?

ഒന്നു കൂടി.. കിട്ടേണ്ടത് കിട്ടേണ്ട സമയത്ത് കിട്ടേണ്ട പോലെ കിട്ടിയത് കൊണ്ട്..വാലു ഇന്നൊരു ബ്ലോഗറായി..;)

siva // ശിവ said...

നാണമില്ലല്ലോ അടി വാങ്ങാന്‍.....

ഹരിത് said...

ഇനി ഈ പോസ്റ്റ് എഴുത്യതിനും തല്ലുകിട്ടുമോ????

Murali K Menon said...

തല്ലുകിട്ടിയാലും കുഴപ്പമില്ല - എഴുത്ത് രസകരമാക്കാന്‍ പറ്റിയല്ലോ... അതാണു കാര്യം.

ശ്രീവല്ലഭന്‍. said...

“പോത്ത് സാറേ, കാള പിള്ളേരല്ലേ.”

അടി വരുന്ന വഴി.....:-)

മന്‍സുര്‍ said...

വാല്‍മീകി...

അടിയുടെ വേദനയില്‍ നിറഞ്ഞ സന്തോഷം
ഓര്‍ക്കാന്‍...മനസ്സിലിട്ട്‌ ഓമനിക്കാന്‍
എത്ര മധുരമുള്ള ഓര്‍മ്മകള്‍

നന്‍മകള്‍ നേരുന്നു

വേണു venu said...

അടിപുരാണം ബാലേ രസിച്ചു.:)

കാപ്പിലാന്‍ said...

കിട്ടാനുള്ളത് കിട്ടിയാലേ
കിട്ടന് ഉറക്കം വരുള്ളൂ

:>}

അനംഗാരി said...

അപ്പോള്‍ ചെറുപ്പകാലം മുതല്‍ നിക്കര്‍ അഥവാ അടിക്കളസം എന്ന പരമ്പര ഇല്ലായിരുന്നോ?
അതോ അടിക്കളസത്തിന്റെ ശക്തിയും തുളച്ച് പ്രഹരം ഉള്ളിലെത്തിയോ?
ഹും...പത്താം ക്ലാസ്സിലെ ചെക്കന്‍ ഇങ്ങനെ അടിക്കളസം ഇല്ലാതെ നടക്കണത് ശരിയല്ല...
ഇപ്പോള്‍ അമേരിക്കയില്‍ ആയത് കൊണ്ട് അടിക്കളസം നിര്‍ബന്ധം ഇല്ല.ഇവിടെ പക്ഷെ അടി വരുന്നത് വേറെ വഴിക്കാണല്ലോ?

പപ്പൂസ് said...

എന്നാലും മനസ്സറിയാതെ ചെയ്ത കുറ്റത്തിന് കിട്ടിപ്പോയല്ലോ... :(

||പത്താം ക്ലാസ്സ് കഴിഞ്ഞ് കോളേജില്‍ എത്തിയപ്പോള്‍ ആ ജോലി നാട്ടുകാര്‍ക്ക് ഔട്ട്‌സോഴ്സ് ചെയ്തുകൊടുത്തതുകൊണ്ടും||

അക്കഥ വരട്ടെ... :)

നിരക്ഷരൻ said...

അശോകന്‍ ചുമ്മാ, പതുക്കെ പറഞ്ഞു: “പോട്ട് സാറേ, കാള പിള്ളേരല്ലേ.”

ഇവിടന്നങ്ങോട്ട് അവസാനം വരെ ചിരിയടക്കാന്‍ പണിപ്പെട്ടു.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഇനി ഇത് വായിച്ചതിനു കിട്ടുമൊ അടി..?
എന്തായാലും മാഷിനു കിട്ടേണ്ടത് കിട്ടേണ്ട സമയത്ത് കിട്ടേണ്ട പോലെ കിട്ടിയപ്പോള്‍ ഇന്നു ബുദ്ധിവെച്ചൂ...
ഹഹഹ. ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ളകാലം,,,,
:)

Sherlock said...

സത്യത്തില്‍ എന്താണു സംഭവിച്ചത്? :)

Gopan | ഗോപന്‍ said...

തല്ലിനും ഒരു സുഖം അല്ലേ മാഷേ..

കൊച്ചുമുതലാളി said...

കിട്ടാനുള്ള തല്ല് ഓട്ടോ പിടിച്ചാണേലും വരുമെന്ന് പറയുന്നതിതാണ്.

നവരുചിയന്‍ said...

ആ പാട്ട് വെച്ച സംഭവം ഉഗ്രന്‍

Unknown said...

പോത്ത് സാറേ..കാള പിള്ളേരല്ലേ..ഇതിന്റര്‍ത്ഥം ഇന്നലെ മുഴുവന്‍ ഇരുന്നാലോചിച്ചു.
അവസാനം മെയിലു കണ്ടപ്പോളാ..:--)

ഉപാസന || Upasana said...

വരാനുള്ളത് വഴിയില്‍തങ്ങില്ല ഭായ്..!

കുട്ടിക്കാലത്തെ ഓര്‍മകള്‍ മധുരിക്കുന്നതാണ് ഇപ്പോഴോര്‍ക്കുമ്പോള്‍.
നല്ല വിവരണം.
:)
എന്നും സ്നേഹത്തോടെ
ഉപാസന

ഉപാസന || Upasana said...

വരാനുള്ളത് വഴിയില്‍തങ്ങില്ല ഭായ്..!

കുട്ടിക്കാലത്തെ ഓര്‍മകള്‍ മധുരിക്കുന്നതാണ് ഇപ്പോഴോര്‍ക്കുമ്പോള്‍.
നല്ല വിവരണം.
:)
എന്നും സ്നേഹത്തോടെ
ഉപാസന

ഏ.ആര്‍. നജീം said...

വടി കൊടുത്ത് അടി വാങ്ങുക എന്ന് കേട്ടിട്ടുണ്ട്..പാട്ട് കൊടുത്ത് അടി വങ്ങിയ മഹാനു ഭാവനു വണക്കം...

എന്നാലെങ്കിലും ഒന്നു നന്നായിക്കൂടേ... :)

Santhosh said...

മേശിരിയെ പോത്ത് എന്നാണോ വിളിച്ചിരുന്നത്? അതോ കാള എന്നോ?

ഏതായാലും കൊള്ളാം!

ഗീത said...

ആഗ്നേയയ്ക്ക് അയച്ചതുപോലൊരു മെയില്‍ എനിക്കും....

എന്നാലേ കഥ ഫുള്‍ ആയി ആസ്വദിക്കാന്‍ പറ്റു...

പോത്തും കാളയും ശിവരാമന്‍ മേശിരിയും തമ്മിലുള്ള ബന്ധം മനസ്സിലായില്ല.

ജ്യോനവന്‍ said...

:)

സ്നേഹതീരം said...

എങ്ങനെ ചിരിക്കാതിരിക്കും ?!
ഈ പോസ്റ്റ് വായിച്ചപ്പോള്‍ വാല്‍‌മീകിയെ ഓര്‍ത്ത് ഞാനും അറിയാതെ പാടിപ്പോയി.
“ അവനവന്‍ കുരുക്കുന്ന കുരുക്ക്..” :)
ഏതായാലും ഞങ്ങള്‍ അറിഞ്ഞത് അറിഞ്ഞു.
തല്ലുകൊള്ളിയാണെന്ന കാര്യം ഇനി ഞങ്ങളായിട്ട് ആരോടും പറയില്ലാ,ട്ടോ.

Unknown said...

അന്ന്യായം അണ്ണാ അന്ന്യായം...
കിടുക്കന്‍ ബ്ലൊഗ്ഗ്...
ആശംസകള്‍

Typist | എഴുത്തുകാരി said...

അന്നു് അടി കിട്ടിയതുകൊണ്ടല്ലേ ഇന്നിങ്ങനെ ഒരു പോസ്റ്റിടാന്‍ പറ്റിയതു്?

ഹരിശ്രീ (ശ്യാം) said...

ആ പോത്തും കാളയും ഇവിടെ ഒന്നു വിശദീകരിക്കാമോ? എനിക്കും മനസ്സിലായില്ല.

ഗീത said...

ആ അങ്ങനെ. മനസ്സിലായി വാല്‍മീകീ.