വീട്ടിലാദ്യമായി വാങ്ങിയ ആ ചുവപ്പ് മാരുതി കാറ് എന്റെ അധ്വാനഫലമായി വാങ്ങിയതാണോ എന്നു ചോദിച്ചാല്‍ അതെ എന്നു പറയേണ്ടി വരും. കാരണം അമ്മ വി.ആര്‍.എസ്. എടുക്കുന്നു എന്നു അറിഞ്ഞ അന്നു മുതല്‍ അതെന്തിനാണമ്മേ വി.ആര്‍. എസ്. എന്നൊരു വാക്കു പോലും ചോദിക്കാതെ, മാരുതി കാറ്, മാരുതി കാറ് എന്നു മാത്രം പറഞ്ഞു നടന്ന എന്റെ അധ്വാനം കുറച്ചു കാണിക്കാന്‍ ഞാന്‍ അത്രക്ക് വിശാലമനസ്കനൊന്നുമല്ല.
അമ്മയുടെ വി.ആര്‍. എസിന് എനിക്കറിയാവുന്ന ഒരേ ഒരു കാരണമേ ഉണ്ടായിരുന്നുള്ളൂ. അതിന്റെ തിരക്കഥ ഏതാണ്ട് ഇങ്ങനെയൊക്കെ:
അച്ഛനും അമ്മയും ഒരേ ഓഫീസില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഒരു ദിവസം.
തിരക്കിട്ട് ജോലി ചെയ്യുന്ന അമ്മ ജനലിലൂടെ പുറത്തേക്ക് പോകുന്ന അച്ഛനെ കാണുന്നു. അച്ഛന്‍ ജനലിലൂടെ പുറത്തേക്ക് പോയി എന്നല്ല. അമ്മ ജനലിലൂടെ അച്ഛനെ കാണുന്നു എന്നു വായിച്ചാല്‍ മതി.
സ്വാഭാവികമായും അച്ഛന്‍ പുറത്തുപോവുമ്പോള്‍ “നിങ്ങളെന്താ നിലാവത്ത് അഴിച്ചുവിട്ട കോഴിയെപ്പോലെ കറങ്ങി നടക്കുന്നത്“ എന്നു ചോദിച്ചിട്ടുണ്ടാവും.
“വെറുതെ ഒന്നു വലിക്കാനിറങ്ങിയതാ”, അച്ഛന്റെ മറുപടി.
സാധാരണ വീട്ടില്‍ വച്ചാണെങ്കില്‍ ഒരു മണിക്കൂറും, പുറത്തെവിടെയെങ്കിലുമാണെങ്കില്‍ അരമണിക്കൂറും നീളുന്ന സുവിശേഷപ്രസംഗ പരമ്പര അമ്മ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
പത്തു പതിനഞ്ച് മിനിട്ടായി മാറി നിന്ന് കുശുകുശുക്കുന്ന തല നരച്ച ആ യുവമിഥുനങ്ങളെക്കണ്ട് ടെലിഫോണിന് ജലദോഷമെന്നോ, കഴിഞ്ഞ തവണത്തെ ബില്ലില്‍ നാലു പൂജ്യം കൂടിപ്പോയി എന്നോ പരാതി പറയാന്‍ വന്ന ഒരു പാവം ഉപഭോക്താവ് “അവരെന്താ ലൈനാണോ” എന്ന് അവിടെ നിന്ന വാച്ച്‌മേനോട് ചോദിക്കുന്നു.
“ആ അവര് കഴിഞ്ഞ പത്തു മുപ്പത് വര്‍ഷമായിട്ട് ലൈനാണ്? എന്നു വാച്ച്‌മാന്‍ മറുപടി കൊടുക്കുന്നു.
വാച്ച്‌മാന്‍ ആ സംഭവം പൊടിപ്പും തൊങ്ങലും വച്ച് അച്ഛനെ അറിയിക്കുന്നു. ഇനി വി.ആര്‍.എസ്. നു വേറെ എന്തു കാരണം തപ്പാനാ?
എന്തായാലും കുരീപ്പള്ളിക്കാരന്‍ സലീമിന്റെ കയ്യില്‍ ഒരു രസ്യന്‍ കാറിരിപ്പുണ്ടെന്നും എഴുപത്തയ്യായിരം രൂപ കൊടുത്ത് ഒരു പാട്ടും പാടിയാല്‍ സാധനം നമ്മുടെ വീട്ടുമുറ്റത്ത് കിടക്കും എന്ന് ആരോ പറഞ്ഞപ്പോള്‍ പിന്നെ മറ്റൊന്നും ആലോചിക്കാന്‍ നിന്നില്ല. ജോലിയും കൂലിയുമൊന്നുമ്മില്ലതെ തെക്കു വടക്കു നടക്കുന്ന മോന്‍ നാളെ മുതല്‍ കാറില്‍ കയറി തെക്കു വടക്കു നടക്കട്ടെ എന്നു കരുതുന്ന മാതാപിതാക്കളുടെ ക്യാറ്റഗറിയില്‍ പെടാന്‍ വെമ്പി നിന്ന അച്ഛനുമമ്മയും എഴുപത്തയ്യായിരം രൂപ തരാനും പാട്ട് മോന്‍ തന്നെ പാടിക്കോ എന്നു പറയാനും തയ്യാറായി.
ദേ കാറ് വീട്ടുമുറ്റത്ത്.
കാറ് വാങ്ങുന്നതിനു മുമ്പ് തന്നെ ഞാന്‍ വിവാഹസ്വപ്നങ്ങള്‍ കണ്ടു തുടങ്ങിയിരുന്നു. വിവാഹസ്വപ്നം എന്നൊക്കെ പറയുമ്പോള്‍ പ്ലാസ്റ്റിക് പൂക്കള്‍ ഒട്ടിച്ചുവച്ച്, മൂന്നു നിറത്തിലുള്ള റിബ്ബണ്‍ കെട്ടി, പിന്നിലെ ചില്ലില്‍ കുമാരന്‍ വെഡ്സ് കുമാരി എന്ന് തെര്‍മോക്കോളില്‍ വെട്ടി ഒട്ടിച്ച്, ഒരു മണവാളനെ കാറിന്റെ മുന്‍സീറ്റില്‍ ഇരുത്തി, ചെക്കന്റെ അപ്പനേയും അമ്മയേയും സുന്ദരിയായ അനിയത്തിമാരെയും പിന്‍സീറ്റില്‍ ഇരുത്തി ആളുകള്‍ തിങ്ങിക്കൂടി നില്‍ക്കുന്ന ഒരു ഓഡിറ്റോറിയത്തിലേക്ക് താലമേന്തിയ സുന്ദരിമാരുടെ നടുവിലൂടെ കാറോടിച്ചു ചെല്ലുക. ഹൊ..അതാലോചിക്കുമ്പോള്‍ തന്നെ കുളിരു കോരും.
അങ്ങനെ വിവാഹസ്വപ്നങ്ങള്‍ നെയ്തു നെയ്തു നെയ്തുകാരുടെ പെന്‍ഷന്‍ കിട്ടാറായപ്പോള്‍ എന്റെ വിവാഹസ്വപ്നം പൂത്തുലഞ്ഞു. വലിയച്ഛന്റെ മകന്റെ കല്യാണം. ആനന്ദലബ്ധിക്കിനിയെന്തുവേണം?
കല്യാണത്തലേന്ന് കാറ് ഒന്നു നന്നായി കഴുകി തുടച്ചു. വൈകിട്ട് ചെറുക്കന്റെ വീട്ടില്‍ ആളുകള്‍ വന്നു തുടങ്ങിയപ്പോള്‍ തന്നെ കാറ് ഞാന്‍ അവിടെ കൊണ്ടുപോയി പ്രദര്‍ശനത്തിനിട്ടു. എന്നിട്ട് അതില്‍ ചാരി നിന്നു പന്തല്‍ക്കാര്‍ക്കും, ലൈറ്റ് ഇടുന്ന പയ്യനുമൊക്കെ നിര്‍ദ്ദേശങ്ങള്‍ കൊടുക്കാന്‍ തുടങ്ങി.
രാത്രിയായപ്പോള്‍ കല്യാണവീട്ടിലെ തിരക്കുകള്‍ കൂടി. അടുക്കളയില്‍ സ്ത്രീകളുടെ തിരക്ക്, മുറ്റത്ത് കുട്ടികളുടെ തിരക്ക്, വീടിനോട് ചേര്‍ന്നുള്ള പന്തലില്‍ അതിഥികളുടെ തിരക്ക്. അങ്ങനെ എല്ലായിടത്തും എല്ലാവര്‍ക്കും തിരക്കോട് തിരക്ക്.
കുറച്ചു കഴിഞ്ഞപ്പോള്‍ ഞാനും അങ്ങ് തിരക്കായിപ്പോയി. പന്തലിന്റെ ബാക്കി പണികള്‍ക്ക് ഒക്കെ മേല്‍നോട്ടം വഹിക്കാന്‍ ഞാന്‍ നിയോഗിക്കപ്പെട്ടു. ചുരുക്കം പറഞ്ഞാല്‍ എവിടെയെങ്കിലും ചുരുണ്ടുകൂടിക്കിടന്ന് ഉറങ്ങാമെന്നുള്ള എന്റെ സ്വപ്നം മുളയിലേ ക്രോപ്പ് ചെയ്തു കളഞ്ഞു.
നാട്ടിലെ കല്യാണമായാലും ചാക്കാല ആയാലും എന്തിനും ഏതിനും കൈക്കാരനായി പ്രവര്‍ത്തിച്ച് ജനകോടികളുടെ വിശ്വസ്തകൈക്കാരനായ സുഗതന്‍. സുഗതനെക്കൊണ്ട് അത്യാവശ്യം മുറ്റം ഒക്കെ ഒന്നു വൃത്തിയാക്കി പന്തലിന്റെ അരികിലുള്ള ചെടികള്‍ ഒക്കെ ഒന്നു ഒതുക്കികെട്ടി വെയ്പ്പിച്ചപ്പോഴാണ് പന്തലിനു മുന്നില്‍ പനയോല കൊണ്ടൊരു കമാനം എന്ന പുതുപുത്തന്‍ ആശയത്തിലേക്ക് എന്റെ മനസ്സ് കൂപ്പൂകുത്തിയത്.
പിന്നെ ഒട്ടും ആമാന്തിച്ചില്ല, സുഗതനെ ചട്ടം കെട്ടി വിട്ടു, പനയോല കൊണ്ടുവരാന്‍.
ഈ തിരക്കിനിടയ്ക്ക് കാറിനെക്കുറിച്ചു മറന്നു. ഇടയ്ക്കിടയ്ക്ക് രഘുവേട്ടന്‍ വന്ന് കാറിന്റെ താക്കോല്‍ വാങ്ങിക്കൊണ്ട് പോവും, അരമണിക്കൂര്‍ കഴിയുമ്പോള്‍ തിരികെ കൊണ്ടുവരും. കുറെനേരം ആ പ്രക്രിയ തുടര്‍ന്നപ്പോള്‍ ഞാന്‍ ഒന്നു ശ്രദ്ധിച്ചു. കല്യാണവീട്ടില്‍ പുരുഷന്മാരായ അതിഥികള്‍ വരുമ്പോള്‍ മാത്രമാണ് ഈ പ്രക്രിയ. കൂടുതല്‍ ചിന്തിക്കാതെ തന്നെ കാര്യം മനസ്സിലായി. രഘുവേട്ടന്‍ ആളുകളെ കാറ് കാണിക്കുകയാണ്. വരുന്ന അതിഥികളെ കാറിന്റെ അടുത്തു കൊണ്ടുപോയി കാറിന്റെ ചുറ്റും കാണിക്കും, അപ്പോള്‍ എന്നെ ചൂണ്ടി എന്തോ പറയുന്നുമുണ്ട്. പിന്നെ കാറിന്റെ ഉള്ളില്‍ ഇരുത്തി ഉള്‍വശം കാണിക്കും. രഘുവേട്ടന്‍ പോളിടെക്നിക്കില്‍ പഠിച്ചതുകൊണ്ട് കാര്യങ്ങളൊക്കെ നല്ല വെടിപ്പായി പറഞ്ഞുകൊടുക്കാന്‍ പറ്റും എന്നുള്ളതുകൊണ്ട് ഞാന്‍ പിന്നെ അങ്ങോട്ട് അധികം ശ്രദ്ധിക്കാന്‍ പോയില്ല. പക്ഷേ, കാറ് കണ്ടിട്ടു മടങ്ങിപോകുന്ന അതിഥികളുടെ നടപ്പിനു ലേശം ചന്തക്കുറവുണ്ടോ എന്നൊരു സംശയം എനിക്ക് തോന്നിയതേയില്ല.
കാര്യങ്ങള്‍ അങ്ങനെ പുരോഗമിക്കവേ വീട്ടിനുള്ളില്‍ നിന്നും വേലായുധന്‍മാമന്റെ അക്രോശം കേട്ടു.
ചെന്നു നോക്കിയപ്പോള്‍ സുഖമായി കമ്പിളി പുതച്ച് ഉറങ്ങുകയായിരുന്ന മാമന്റെ കമ്പിളിയുടെ ഒരറ്റം രഘുവേട്ടന്റെ കയ്യില്‍. മറ്റേ അറ്റത്ത് മാമന്‍ പിടിമുറുക്കിയിരിക്കുന്നു. മാമന്‍ രഘുവേട്ടനെ നല്ല തെറിയില്‍ കുളിപ്പിക്കുന്നു. അവസാനം കമ്പിളിയുടെ അവകാശം രഘുവേട്ടന്‍ സ്ഥാപിച്ചെടുത്തു,
കമ്പിളിയും കൊണ്ട് രഘുവേട്ടന്‍ പോയി. ഉറക്കം നഷ്ടപ്പെട്ട ഈര്‍ഷ്യയോടെ വേലായുധന്‍ മാമന്‍ പുറത്തേക്കും പോയി.
ഞാന്‍ പന്തലിന്റെ അവസാനത്തെ മിനുക്കു പണികളിലേക്ക് ശ്രദ്ധിച്ചു.
വേലായുധന്‍ മാമന്‍ പോയപോക്കില്‍ തെക്കേ വശത്തെ ഇടവഴിയില്‍ ചെന്നു അവിടെ കണ്ട ഒരു പോസ്റ്റിന്റെ ചുവട്ടില്‍ ജലസേചനത്തിനായി യന്ത്രം ഓണ്‍ ചെയ്തു പിടിച്ചു. യന്ത്രം പ്രവര്‍ത്തിപ്പിച്ചു നില്‍ക്കെ വേലായുധന്‍ മാമന്‍ ഇരുട്ടിലെന്തോ അനക്കം കേട്ട് ചുറ്റുമൊന്നു കണ്ണോടിച്ചു.
“ഹെന്റമ്മച്ചിയേ”, ഒരു നിലവിളിയുടെ പിന്നാലെ യന്ത്രം കയ്യില്‍പ്പിടിച്ച് ഇടവഴിയും ആ വശത്തെ കയ്യാലയും ചാടിക്കടന്ന് വീട്ടിനുള്ളിലേക്ക് ഓടുന്ന വേലായുധന്‍ മാമനെയാണ് പിന്നെ കണ്ടത്.
പിന്നാലെ ഞാനും ഓടി. ഓടിച്ചെന്ന് വേലായുധന്‍ മാമനെ പിടിച്ചുനിര്‍ത്തി കാര്യം തിരക്കി.
കിതപ്പിനിടയില്‍ എന്തോ പറയാന്‍ ശ്രമിച്ച് വേലായുധന്‍മാമന്‍ പുറത്തേക്ക് ചൂണ്ടി.
“പന...പന..ഹവിടെ...നടന്നു...വരുന്നു” എന്നൊരു വികൃതമായ ഒച്ചയും പുറത്തേക്ക് വന്നു.
പുറത്തിറങ്ങിപ്പോയി നോക്കിയ ഞാന്‍ കണ്ടത് തലയില്‍ ചുമന്നു വന്ന പനയോലകള്‍ താഴെയിട്ട് അന്തംവിട്ട് നില്ക്കുന്ന സുഗതനെ.
“വേലായുധനാശാന്‍ എന്നെ കണ്ട് എന്തിനാ ഓടിയത്?” സുഗതന്റെ നിഷ്ക്കളങ്കമായ ചോദ്യം.
************************************************
പുലര്‍ച്ചേ 5 മണിക്ക് പള്ളിമുക്കിലുള്ള പാണ്ടിയുടെ പൂക്കടയില്‍ കല്യാണ മാലയും ബൊക്കെയും പൂക്കളും എടുക്കാന്‍ പോകാന്‍ കുടുംബത്തിലെ ആകെയുള്ള കാറിന്റെ മൊതലാളി എന്ന് അറിയപ്പെട്ടിരുന്ന ഞാന്‍ തന്നെ നിയോഗികപ്പെട്ടു. രണ്ടു പോള കണ്ണും അടയ്ക്കാതെ കയ്യും മെയ്യും ബാക്കിയുള്ള അല്പം ബുദ്ധിയും പന്തല്‍ പണിയില്‍ വ്യാപൃതനായിരുന്നതുകൊണ്ട് ആ ദൌത്യം ആരെയെങ്കിലും ഏല്‍പ്പിക്കാന്‍ പറ്റുമോ എന്ന് നോക്കാതെയിരുന്നില്ല. കാക്കയ്ക്കും തന്‍ ഉറക്കം പൊന്‍ ഉറക്കം എന്നുള്ള മഹത്‌വചനങ്ങളെ അനുസ്മരിപ്പിക്കുമാറ് യുദ്ധം കഴിഞ്ഞ പടക്കളം പോലെ തലങ്ങും വിലങ്ങും വീണുകിടന്ന് ഉറങ്ങുന്ന ചെറുപ്പക്കാരെ ഒന്നു ഉണര്‍ത്താന്‍ ഞാന്‍ അശക്തനായിരുന്നു.
അവസാനം ഞാന്‍ തന്നെ കാറുമെടുത്ത് പുറപ്പെട്ടു.
കണ്ണ് ബലം പ്രയോഗിച്ച് തുറന്നു വച്ച് അങ്ങനെ കാറോടിച്ചു പോകവേ പൊലീസ് കൈകാണിച്ചു.
പതുക്കെ റോഡിന്റെ ഓരം ചേര്‍ത്തു വണ്ടി നിര്‍ത്തി.
“കൊച്ചുവെളുപ്പാന്‍കാലത്ത് എങ്ങോട്ടാ?”
“പള്ളിമുക്കില്‍, പൂ വാങ്ങാന്‍”. ഞാന്‍ മറുപടി കൊടുത്തു.
“എന്തിനാ ചെവിയില്‍ വെയ്ക്കാനാണോ?” പൊട്ടിച്ചിരിയോടൊപ്പം അടുത്ത ചോദ്യം.
ഞാന്‍ ഒരു വളിച്ച ചിരി ചിരിച്ചു.
“ഒന്നിങ്ങോട്ട് ഇറങ്ങണം. കാറൊന്ന് പരിശോധിക്കണം.” സ്പിരിറ്റ് പിടിക്കാനാണ് ഉറക്കമിളച്ചു അവര്‍ കാത്തു നിന്നതെന്ന് മനസ്സിലായി.
ഒരു പുച്ഛച്ചിരിയോടെ ഞാന്‍ കാറില്‍ നിന്നിറങ്ങി.
“ഈ ഡിക്കിയൊന്നു തുറന്നേ.”
“അതിലൊന്നുമില്ല സര്‍. സ്റ്റെപ്പിനി മാത്രമേയുള്ളൂ...”
“തെക്കിനിയാണോ വടക്കിനിയാണോ എന്ന് ഞങ്ങള്‍ നോക്കിയിട്ടു തീരുമാനിക്കാം. താന്‍ അധികം വാചകമടിക്കാതെ വേഗം തുറക്ക്.” പൊലീസുകാരന്‍ ദേഷ്യപ്പെടാന്‍ തുടങ്ങി.
ഞാന്‍ വീണ്ടും ആ പുച്ഛച്ചിരി പുറത്തേടുത്തു. പാതിയടഞ്ഞ കണ്ണില്‍ അസാമാന്യമായ ആത്മവിശ്വാസം കുത്തിനിറച്ച് ഞാന്‍ ചെന്നു തുറന്നു.
ദേ വിരിച്ചിട്ടിരിക്കുന്നു വേലായുധന്‍ മാമന്റെ കമ്പിളിപ്പുതപ്പ്. പുതപ്പിന്റെ നിമ്നോന്നതങ്ങളിലൂടെ ഞാന്‍ വിരലോടിച്ചു.
“എന്താടാ അതിനടിയില്‍?” എമാന്‍മാരുടെ ചോദ്യം.
“ഏയ് അവിടെ ഒന്നുമില്ല” എന്ന് പറഞ്ഞു ഞാന്‍ ആ പുതപ്പ് വലിച്ചെടുത്തു.
ഹണിബീ, മക്ഡൌവ്വത്സ്, കിങ്ഫിഷര്‍, സോഡ, ബിസ്‌ലേരി, ഗ്ലാസ്സ്, ഒഴിഞ്ഞ കുപ്പികള്‍, പാട്ടകള്‍...
“ഹെന്റെ രഘുവേട്ടാ...” ഞാന്‍ അറിയാതെ വിളിച്ചുപോയി.
“ഇതെന്താ ബാറോ? സ്പിരിറ്റില്‍ കളര്‍ മിക്സ് ചെയ്ത് കുപ്പിയിലാക്കിയാണല്ലേ ഇപ്പൊ കടത്ത്?” തലമൂത്ത ഒരേമാന്‍ അലറി.
************************************************
പ്ലാസ്റ്റിക് പൂക്കളൊട്ടിക്കാത്ത, മൂന്നു നിറത്തിലുള്ള റിബ്ബണ്‍ കെട്ടാത്ത, കുമാരന്‍ വെഡ്സ് കുമാരി എന്നെഴുതാത്ത, മുന്നിലും പിന്നിലും കാക്കി ഉടുപ്പിട്ട ഏമാന്മാര്‍ ഇരിക്കുന്ന കാര്‍ തോക്കേന്തിയ പൊലീസുകാരുടെ ഇടയിലൂടെ പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ചു കയറ്റുമ്പോള്‍ കുളിരുകോരാതെ തന്നെ ഞാന്‍ വിറയ്ക്കുന്നുണ്ടായിരുന്നു.
കാറ് ബാറ് ദേഖോ...
Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍ ഓര്‍മ്മക്കുറിപ്പ്
Subscribe to:
Posts (Atom)