കേരളത്തില്‍ ഒരു മാസം ഉണ്ടായിരുന്നു ഈ വര്‍ഷം. ജോലിയില്‍ നിന്നൊക്കെ അവധി എടുത്ത് കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ പോയതാ. ഒരു മാസത്തിനിടയില്‍ മൂന്നു ഹര്‍ത്താല്‍ ആഘോഷിക്കാനുള്ള അവസരം കിട്ടി. ഹാപ്പിയായി..
കേരളത്തിലെ ഹര്‍ത്താല്‍ പോലെയാണ് ടെക്സാസില്‍ കൊടുംകാറ്റ്. ജൂലൈ കഴിഞ്ഞാല്‍ ഒക്ടോബര്‍ വരെ മാസത്തില്‍ മുന്നു വീതം. ഹര്‍ത്താലിന് ഇല്ലാത്ത ഒരു ഗുണം കാറ്റിന് ഉണ്ട്. നല്ല സുന്ദരമായ പേരുകളിലാവും ഇതുങ്ങളൊക്കെ അറിയപ്പെടുന്നത്. മൂന്നു വര്‍ഷം മുന്‍പ് ഒരു കത്രീനയും റീത്തയും വന്നു ടെക്സാസിനെ കോള്‍മയിര്‍ കൊള്ളിച്ചതാണ്. എന്നിട്ടെന്താ ഇപ്പോള്‍ കൊടുംകാറ്റ് എന്ന് കേട്ടാല്‍ ഇവിടെയുള്ളവര്‍ക്ക് ഒരു ഇളക്കം ആണ്. പക്ഷെ ജീവിച്ചു കൊതി തീരാത്ത എന്നെപ്പോലെയുള്ളവര്‍ക്ക് അങ്ങനെ ഇക്കിളിയിട്ട് ഇവിടെ ഇരിക്കാന്‍ പറ്റുമോ? പറ്റുമോ എന്ന് നോക്കാന്‍ തന്നെയാണ് ഇത്തവണ എന്റെ തീരുമാനം.
ഐക്ക് എന്ന് കേട്ടപ്പോള്‍ തിന്നാന്‍ കൊള്ളാവുന്ന എന്തോ സാധനം ആണ് എന്നാണു ആദ്യം കരുതിയത്. പിന്നെ കൂടുതല്‍ കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ എന്നാല്‍ പിന്നെ എന്താ സംഭവം എന്ന് അറിഞ്ഞേക്കാം എന്ന് കരുതി. നോക്കിയപ്പോഴല്ലേ സംഭവം അറ്റ്ലാന്റികില്‍ എവിടെയോ രൂപം കൊണ്ട ഒരു കൊടുംകാറ്റാണെന്ന് മനസിലായത്. കാര്യമാക്കാനില്ല എന്ന് കരുതി പിന്നെ ഗൌനിച്ചതുമില്ല. കഴിഞ്ഞ ആഴ്ച ഗുസ്താവ് വരുന്നു എന്ന് പറഞ്ഞു നാടിളക്കിയതാണ്. ഒരു ചുക്കും സംഭവിച്ചില്ല. അപ്പോഴല്ലേ ദേ പുതിയ വാര്‍ത്ത! ഈ പുള്ളി ലക്ഷ്യം വച്ചിരിക്കുന്നത് ഹ്യൂസ്റ്റണ്‍ ആണ്.
വെള്ളിയാഴ്ച്ച വൈകിട്ട് പുള്ളി എത്തും എന്നാണു ഇപ്പോഴത്തെ നിഗമനം.
ആള് ചില്ലറക്കാരനൊന്നുമല്ല. കാറ്റഗറി 2 ആണ് ഇപ്പോള്‍. അധികം താമസിയാതെ അത് കാറ്റഗറി 4 ആവും എന്നാണ് വയ്പ്പ്. ആളുടെ സഞ്ചാരം കണ്ടിട്ട് എന്തെങ്കിലും ഒരു തീരുമാനത്തില്‍ എത്താതെ പോവില്ല എന്നാണു തോന്നുന്നത്. ഇവിടെ നോക്കിയെ..
എന്തായാലും ആളുകള്‍ നിര്‍ബന്ധമായി ഒഴിഞ്ഞു പോകണം എന്നൊരു വാക്കു മേയറുടെ വായില്‍ നിന്നു കേട്ടിട്ടകാം പലായനം എന്ന് തീരുമാനിച്ചു. അല്ലെങ്കില്‍ കഴിഞ്ഞ തവണത്തെ പോലെ ആയാലോ?
ഇനിയിപ്പോ കറന്റും വെള്ളവും ഇല്ലാതെ എങ്ങനെ ജീവിക്കും? ഇവിടെയാണെങ്കില്‍ മുടിഞ്ഞ ചൂടും. ഉച്ചക്ക് പെട്രോള്‍ അടിക്കാന്‍ അഞ്ചു പമ്പില്‍ കയറിയിട്ട് അവസാനം ഒരു കണ്‍ട്രി റോഡിലുള്ള ഒരു പെട്ടികട പമ്പില്‍ നിന്നാണ് പെട്രോള്‍ കിട്ടിയത്. കട്ടപൊക തന്നെ.. ഓണം ഐക്ക് കൊണ്ടുപോയി.
ഓഫീസ് നാളെ അവധിയാണെന്ന് അറിയിച്ചുകൊണ്ടുള്ള ഇമെയില്‍ ദേ ദിപ്പോ കിട്ടിയതേ ഉള്ളു. ഇനിയിപ്പോ പോയി എങ്ങിട്ടെങ്കിലും കെട്ടിയെടുക്കാന്‍ വേണ്ടി കെട്ടും ഭാണ്ഡവും മുറുക്കട്ടെ. എങ്ങോട്ട് പോണം? ഡാലസിലേക്ക് വിട്ടാലോ? ഏയ് അത് ശരിയാവില്ല, ഐക്ക് അങ്ങോട്ടും പോകാന്‍ പ്ലാന്‍ ഇട്ടിട്ടുണ്ട് എന്നാണു കേട്ടത്. അപ്പൊ ശരി, സമയം കളയാനില്ല, തിരിച്ചു വന്നിട്ട് കാണാം. അപ്പൊ വിശേഷങ്ങള്‍ എല്ലാം പറയാം.
വേറൊരു വാര്‍ത്ത അറിഞ്ഞോ? അടുത്ത കാറ്റ് ജോസേഫൈന്‍ ഇങ്ങോട്ട് വരാന്‍ റെഡി ആയി ബൂട്ട് കെട്ടി പ്രാക്ടീസ് ചെയ്തോണ്ടിരിക്കുകയാ അറ്റ്ലാന്റിക്കില്‍!
അപ്പൊ സയോനാരാ... ചാവാന്‍ പോവുമ്പോള്‍ ഏത് സയോനാരാ എന്ന് ചോദിക്കല്ലേ... ഗുഡ് ബൈ പറഞ്ഞപ്പോ ജാപ്പനീസ് ഭാഷയില്‍ ആയിപ്പോയതാ...
ദേ വരുന്നു അടുത്തത്
Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍ അറിയിപ്പ്മൈ ഡിയര്‍ കുട്ടിച്ചാത്തന്‍
Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍ ഓര്മ്മക്കുറിപ്പ്രാവിലെ വിളിച്ചെഴുന്നേല്‍പ്പിച്ചു കായംകുളത്തു പോകണം എന്ന് അജിത്ത് പറഞ്ഞപ്പോഴേ കല്ലുകടിച്ചു. പഴയ കമ്പനിയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ കുറെ കമ്പ്യൂട്ടറും സോഫ്റ്റ്‌വെയറും വിറ്റ സ്ഥലമാണ്. എന്തൊക്കെ പുകിലാണോ ഉണ്ടാവാന്‍ പോകുന്നത് എന്നറിയില്ല. എന്നാലും കൊങ്ങ വരെ മുങ്ങിയാല്‍ എന്തര് കുളിരപ്പീ എന്നുള്ള തിരോന്തരം പോളിസി കയ്യിലുള്ളത് കൊണ്ട് എന്തരേലും വരട്ടെ എന്ന് നിരൂപിച്ച് എറങ്ങിപ്പുറപ്പെട്ടു.
ബൈക്കിന്റെ വിന്‍ഡോസീറ്റില്‍ കാറ്റ്കൊണ്ട് ഇരുന്നപ്പോഴാണ് ഓച്ചിറക്കടുത്തുള്ള ഒരു ഗൈനക്കോളജി ഹോസ്പിറ്റലിലേക്കാണ് യാത്ര എന്ന് അജിത്ത് പറഞ്ഞത്. ഞാന്‍ രണ്ടും കല്‍പ്പിച്ച് ഒന്നു ഞെട്ടി. ആ ഞെട്ടലിന്റെ ആഘാതത്തില്‍ ബൈക്കിന്റെ ഹാന്റില്‍ ഒന്നു വെട്ടി. ബൈക്ക് ഒതുക്കി നിര്‍ത്തി അജിത്ത് ചോദിച്ചു:
“എന്താടാ, എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചോ?”
“ഏയ്, അങ്ങനെയൊന്നുമില്ല, എന്നാലും അങ്ങോട്ട് ഞാന്‍ വരണോ?” ഞാന്‍ പതുക്കെ ഒഴിഞ്ഞു മാറാന്‍ ഒരു ശ്രമം നടത്തി.
“നീ കാര്യം പറ. എന്നിട്ട് തീരുമാനിക്കാം നീ വരണോ വേണ്ടയോ എന്ന്.”
“അല്ല, നമ്മള്‍ ഇപ്പോ എന്തിനാ അങ്ങോട്ട് പോകുന്നത്?” ഞാന്‍ കുറച്ച് നിഷ്ക്കളങ്കത അഭിനയിച്ചു.
“അതു ശരി. സാധാരണ എല്ലാവരും എന്തിനാ ഗൈനക്കോളജി ഹോസ്പിറ്റലില്‍ പോകുന്നത്?”
“അതിന് നീ എന്തിനാ എന്നെക്കൊണ്ട് പോകുന്നത്? ഞാന്‍ ആ ടൈപ്പല്ല.”
“അവിടെ നെറ്റ്വര്‍ക്കിങ് മുഴുവന്‍ താറുമാറായി കിടക്കുകയാണ്. അതൊന്നു ശരിയാക്കിക്കൊടുക്കണം, പിന്നെ രണ്ട് വര്‍ഷത്തേക്ക് സര്‍വ്വീസ് കോണ്ട്രാക്റ്റും തരാം എന്നു പറഞ്ഞിട്ടുണ്ട്.”
എന്റെ ശ്വാസം നേരെ വീണു. അവന് ദുരുദ്ദേശം ഒന്നുമില്ല. എന്നാലും അവിടെ പണ്ട് ഒരു സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു കൊടുത്തിട്ടുള്ളത് കൊണ്ടും, വളരെ നല്ല കസ്റ്റമര്‍ സപ്പോര്‍ട്ട് കൊടുത്തിട്ടുള്ളത് കൊണ്ടും ഇനി ആ ഏരിയയില്‍ പോകാതിരിക്കുന്നതാ ഭേദം എന്ന് മനസ്സിലിരുന്നാരോ പറഞ്ഞു.
അജിത്തിനോട് അതെങ്ങനെ പറയും എന്നുള്ള ഒരു ചെറിയ കണ്‍ഫ്യൂഷന്‍ ഉണ്ടെങ്കിലും, അജിത്തിനു കിട്ടേണ്ട രണ്ടു വര്‍ഷത്തെ കോണ്ട്രാക്റ്റ് ഞാന്‍ കൂടെ ഉള്ളതുകൊണ്ട് മാത്രം രണ്ടു മിനിറ്റ് കൊണ്ട് ചീറ്റിപോകുന്ന ഭീകരദൃശ്യം മനസ്സില്‍ ഇടയ്ക്കിടെ ഫ്ലാഷ് ചെയ്തുകൊണ്ടിരുന്നു.
ഹോസ്പിറ്റലില്‍ എത്തി ബൈക്കില്‍ നിന്നും ഇറങ്ങുമ്പോള്‍ ഒരിക്കല്‍ കൂടി അജിത്തിനോട് ചോദിച്ചു, ഞാന്‍ വരണോ എന്ന്. കണ്ണുരുട്ടിക്കാണിച്ച് എന്റെ കയ്യും പിടിച്ച് അവന്‍ റിസപ്ഷനില്‍ ചെന്ന് അവിടുത്തെ വലിയ ഡോക്ടറെ കാണണം എന്ന് പറഞ്ഞത് ക്ഷണനേരത്തിലായിരുന്നു. രക്ഷയില്ല, പെട്ടു എന്നു തന്നെ മനസ്സില്‍ പറഞ്ഞു ഞാന്‍ ധൈര്യം സംഭരിച്ചു.
എന്നെക്കണ്ടതും ഡോക്ടര്‍ ഒന്നു ചിരിച്ചു. ആ ഗൂഡമായ ചിരിയുടെ അര്‍ത്ഥം എനിക്കും ഡോക്ടര്‍ക്കും മനസ്സിലായെങ്കിലും മിഴിച്ചു നില്‍ക്കുന്ന അജിത്തിനെ നോക്കി ഡോക്ടര്‍ പറഞ്ഞു.
“ഈ മാന്യദേഹം പണ്ടൊരിക്കല്‍ എനിക്കൊരു സോഫ്റ്റ്‌വെയര്‍ ചെയ്തു തന്നിട്ടുണ്ട്. ദോഷം പറയരുതല്ലോ, സംഭവം ഇപ്പോഴും വര്‍ക്ക് ചെയ്യുന്നുണ്ട്. പക്ഷെ അതു ഉപയോഗിക്കുന്നവര്‍ക്ക് ചിരിക്കാനുള്ള വകയും ഉണ്ട് അതില്‍.”
ഡോക്ടര്‍ എന്നെ നാണം കെടുത്തിയേ അടങ്ങൂ എന്ന് എനിക്കു മനസ്സിലായി. ഒരു വളിച്ച ചിരിയും ചിരിച്ച് ഞാന്‍ അങ്ങനെ അനങ്ങാതെ നിന്നു.
“ഇവിടെ സിസ്റ്റം അഡ്മിന്‍ ആയിട്ട് ഒരാളെ പോസ്റ്റ് ചെയ്തിട്ടുണ്ട്. അയാള്‍ സെര്‍വര്‍ റൂമില്‍ ഉണ്ടാവും. അങ്ങോട്ട് പൊയ്ക്കോളൂ” എന്ന് പറഞ്ഞ് ഡോക്ടര്‍ ഞങ്ങളെ യാത്രയാക്കി.
ഡോക്ടറുടെ മുറിക്ക് പുറത്തെത്തിയപ്പോള്‍ ഞാന്‍ ശ്വാസം ഒന്നു വലിച്ചു വിട്ടു നിന്നു പോയ ഹൃദയത്തെ പമ്പ് ചെയ്ത് പൂര്‍വ്വ സ്ഥിതിയിലാക്കി. പക്ഷെ പുറകില്‍ നിന്നും കോളറില്‍ പിടി വീണപ്പോള്‍ ഹൃദയം വീണ്ടും ഒന്നു രണ്ട് മിടിപ്പൊക്കെ മിസ്സാക്കി കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ എഞ്ചിന്‍ പോലെ പതുങ്ങാന്‍ തുടങ്ങി.
“ഡാ, എന്താടാ നീ ഇവിടെ ഒപ്പിച്ചത്?” അജിത്തിന്റെ ശബ്ദം പെരുമ്പറ പോലെ മുഴങ്ങി.
“ഏയ്, അങ്ങനൊന്നുമില്ല. ഒന്നു രണ്ടു ചെറിയ ബഗ്ഗ്. അതൊന്ന് ശരിയാക്കിക്കൊടുക്കാനും പറ്റിയില്ല.”
“അതെന്താടാ ഇത്ര ചിരിക്കാനുള്ള ബഗ്ഗ്? നീയെന്താ സോഫ്റ്റ്‌വെയറില്‍ ഫലിതബിന്ദുക്കള്‍ ആഡ് ചെയ്തോ?”
“അതല്ലടാ, ഈ ഡാറ്റാ എന്‍ട്രി ചെയ്ത പിള്ളേരുടെ വിവരക്കേട് കൊണ്ട് പറ്റിയതാ. ലേബര്‍ റൂം ചെക്ക് ലിസ്റ്റ് എന്നൊരു സെക്ഷന്‍ ഉണ്ട്. അതില്‍ അവര്‍ Public Hair Removed Y/N എന്നു എന്‍ട്രി ചെയ്തു വച്ചു അവന്മാര്‍. ഒരക്ഷരം കൂടി പോയി. വേറെ പ്രശ്നമൊന്നുമില്ല.” ഞാന്‍ വളരെ കൂളായി.
അജിത്തിന്റെ പൊട്ടിച്ചിരി ഒരു മിനിറ്റ് നീണ്ടു. എന്തുപറയണമെന്നറിയാതെ ഞാന്‍ ഇതികര്‍ത്തവ്യമൂഡനായിനിന്നു.
രണ്ടു മണിക്കൂറുകൊണ്ട് അവിടത്തെ ജോലികളൊക്കെ തീര്‍ത്തു, രണ്ട് വര്‍ഷത്തെ കോണ്‍ട്രാകറ്റും സൈന്‍ ചെയ്തു ഇറങ്ങിയപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്.
തിരിച്ചുള്ള യാത്രയിലുടനീളം പുതിയതായി ഡീലര്‍ഷിപ്പെടുത്ത കല്ല്യാണ സൌഗന്ദികം സോഫറ്റ്വെയറിനെ പറ്റിയായിരുന്നു അജിത്തിന്റെ പ്രഭാഷണം. നാട്ടില്‍ മുഴുവന്‍ കള്ളുഷാപ്പ് പോലെ മുളച്ചു പൊങ്ങുന്ന കമ്പ്യൂട്ടറൈസ്‌ഡ് മാര്യേജ് ബ്യൂറോകള്‍, ബ്യൂറോകള്‍ക്കു മുന്നില്‍ ബിവറേജ് ഷോപ്പിനെക്കാള്‍ വലിയ ക്യൂവുകളില്‍ നില്‍ക്കുന്ന മാതാപിതാക്കള്‍, എന്നിവയൊക്കെ സ്വപ്നം കണ്ട് ബൈക്കോടിച്ച അജിത്തിന് മുന്നില്‍ വെള്ളം കെട്ടി കിടന്ന ഒരു കുഴി കാണാന്‍ പറ്റിയില്ല.
ലേറ്റ് ആയി ഗട്ടര്‍ കണ്ട അജിത്ത് വെയിറ്റിട്ട് ബ്രേക്ക് ചവിട്ടിയതും ആ 89 മോഡല്‍ ഹീറോ ഹോണ്ട ആദ്യം മുന്‍വീലില്‍ നിന്നും തുടങ്ങാം എന്നു കരുതിയിട്ടാവും, പിന്‍ചക്രം നിര്‍ത്തുന്നതിനു മുന്‍പ് മുന്‍ചക്രം നിര്‍ത്തിക്കളഞ്ഞത്. എന്തായാലും അജിത്തിന്റെ മുകളിലൂടെ എന്റെ പുതിയ എക്സിക്യൂട്ടീവ് ലതര്‍ബാഗും മാറോടടക്കിപ്പിടിച്ച് പറന്നു പോയി നാലുകാലില്‍ ലാന്റ് ചെയ്യുമ്പോള്‍ ബാഗ് എന്റെ കൈവിട്ടു പോയിരുന്നു.
വീണിടത്ത് നിന്നും എഴുന്നേറ്റ് ഇതിലും വലുതെന്തോ വരാനിരുന്നതാ എന്ന് ആത്മഗതം ചെയ്ത് ചുറ്റും നോക്കിയപ്പോള്‍ അതാ എന്റെ സുന്ദരന്‍ ബാഗ് ചെളിവെള്ളത്തില്‍ ഒഴുകി നടക്കുന്നു.
ചാടിച്ചെന്ന് ബാഗിനെ വെള്ളത്തില്‍ നിന്നും രക്ഷിച്ച് കര്‍ച്ചീഫെടുത്ത് തുടച്ച് വൃത്തിയാക്കി, വീണ്ടും അതിനെ മാറോടടക്കിപ്പിടിച്ച് അജിത്ത് എഴുന്നേറ്റുവരുന്നതും കാത്ത് ഞാന്‍ നിന്നു.
“നോക്കി നില്‍ക്കാതെ ഒന്നു പിടിച്ചെഴുന്നേപ്പിക്കെടാ *&^##&$”
ശബ്ദം കേട്ട് ഓടിവരുന്ന കുറെ ആളുകള്‍.
അതു ശരി, ഞങ്ങള്‍ ഇവിടെ നെടുമ്പാടെ വീണത് കണ്ടിട്ട് പിടിച്ചെഴുന്നേല്‍പ്പിക്കതെ നില്‍ക്കുന്നവനാരെടാ എന്ന ഒരു ആത്മഗതത്തോടെ ഞാന്‍ ചുറ്റും നോക്കി.
“ഡാ ^%&^%$# മോനെ, നിന്നോടാ പറഞ്ഞത്. ബാഗും കെട്ടിപ്പിടിച്ചു നില്‍ക്കാതെ ആ വണ്ടി അവന്റെ കാലില്‍ നിന്നും എടുത്ത് മാറ്റി അവനെ പിടിച്ചെഴുന്നേല്‍പ്പിക്കെടാ...”
അപ്പോഴാണ് ബൈക്ക് അജിത്തിന്റെ കാലിന്റെ മുകളിലാണ് കിടക്കുന്നത് എന്ന് ഞാന്‍ കണ്ടത് തന്നെ. ഞാന്‍ പരമാവധി ആത്മാര്‍ത്ഥത ഒക്കെ ആര്‍ജ്ജിച്ച് മുന്നോട്ട് ചെന്നപ്പോഴേക്കും നാട്ടുകാള്‍ വണ്ടിയേയും അജിത്തിനെയും പൊക്കിയെടുത്ത് കഴിഞ്ഞിരുന്നു.
ചെളിയും വെള്ളവുമൊക്കെ തുടച്ചുകളഞ്ഞ് ഞങ്ങള്‍ യാത്ര തുടരുമ്പോഴും അജിത്ത് ചിരിക്കുന്നുണ്ടായിരുന്നു. എനിക്കാണെങ്കില്‍ അന്നത്തെ ദിവസം കണികണ്ടവനെ കയ്യില്‍ കിട്ടിയാല്‍ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു.
ശാസ്താംകോട്ട ജംഗ്ഷന്‍ എത്തുന്നതിനു തൊട്ടുമുമ്പ് വഴിയരികില്‍ ചാത്തന്‍ സേവാമഠം എന്നൊരു ബോര്‍ഡ് കണ്ടപ്പോള്‍ അജിത്ത് വണ്ടി നിര്‍ത്തി.
“ഡാ, നമ്മുടെ കല്ല്യാണസൌഗന്ദികം ഇവിടെ ഒന്നു പരീക്ഷിച്ചാലോ? ഇങ്ങനെ മഠങ്ങളും ആശ്രമങ്ങളുമൊക്കെ നമ്മുടെ പൊട്ടന്‍ഷ്യല്‍ കസ്റ്റമേഴ്സ് ആണ്.”
ഒരു ദിവസം ആകെ കുളമായി ഇരിക്കുന്ന വിഷമത്തില്‍ ഞാന്‍ തിരിച്ചൊന്നും പറയാന്‍ പോയില്ല. അജിത്ത് വണ്ടി നേരെ വിട്ടു മഠത്തിലേക്ക്.
മഠത്തിനു മുന്നില്‍ കുട്ടിച്ചാത്തന്‍ ശരണം എന്നെഴുതിയ ഒരു വെള്ള മാരുതി കാര്‍. സ്വാമിയെ കാണാന്‍ അരമണിക്കൂര്‍ കാത്തിരിക്കേണ്ടിവന്നു.
സ്വാമിയുടെ മുന്നില്‍ താഴെ പായില്‍ ഇരുന്ന് അജിത്ത് ആഗമനോദ്ദേശ്യം വിവരിച്ചു. സ്വാമിക്ക് കല്ല്യാണസൌഗന്ദികത്തില്‍ വലിയ താല്പര്യമില്ലായിരുന്നെങ്കിലും പൂജാവിധികളും, പൂജയുടെ ക്രമങ്ങളും, വിവിധ സ്ഥലങ്ങളില്‍ നടത്തേണ്ട പൂജകളുടെ തിയതികളും മറ്റും സൂക്ഷിച്ചു വയ്ക്കാന്‍ ഒരു കമ്പ്യൂട്ടര്‍ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചു.
ദീര്‍ഘനേരത്തെ വിലപേശലിനൊടുവില്‍ പിറ്റേന്ന് തന്നെ ഒരു കമ്പ്യൂട്ടര്‍ കൊണ്ട് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സ്വാമി അനുവാദം തന്നു. ഒരാഴ്ചക്കുള്ളില്‍ മുഴുവന്‍ പണവും തന്നുകൊള്ളാമെന്നും സ്വാമിയുടെ അനുയായികളില്‍ ഒരാളെ അത്യാവശ്യം കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ പഠിപ്പിക്കാമെന്നുമുള്ള ഉറപ്പിന്മേല്‍ ഞങ്ങള്‍ കച്ചവടം ഉറപ്പിച്ച് സ്വാമിക്ക് വന്ദനവും ചൊല്ലി പടിയിറങ്ങി.
രണ്ട് ഗമണ്ടന്‍ ചമ്മല്‍ സീനുകളില്‍ ഹീറോ ആയി നടിച്ചെങ്കിലും കയ്യില്‍ക്കിട്ടിയ രണ്ട് ബിസിനസ് ഡീലുകള്‍ എന്നെയും ഉത്സാഹഭരിതനാക്കി. മൂളിപ്പാട്ടും പാടി നേരത്തെ കൂടണഞ്ഞ എന്നെക്കണ്ട് അമ്മ ഒന്ന് അമ്പരന്നത് ഞാന്‍ കണ്ടില്ലെന്ന് നടിച്ചു.
കാലത്ത് ടെലിഫോണ്‍ മണിനാദം കേട്ടാണ് ഉണര്‍ന്നത്. അജിത്ത് ആയിരിക്കും. കാലത്ത് തന്നെ പാര്‍ട്ട്സ് വാങ്ങി അസംബ്ബിള്‍ ചെയ്ത് ഉച്ചയോടെ മഠത്തില്‍ കൊണ്ടു പോയി ഇന്‍സ്റ്റാള്‍ ചെയ്യാമെന്ന് ഇന്നലെ പിരിയുന്നതിനുമുന്‍പ് തീരുമാനം എടുത്തിരുന്നതാണ്. അതിനാവും വിളിക്കുന്നത്.
കൈയ്യെത്തി ഫോണെടുത്ത് ചെവിയിലേക്ക് ചേര്‍ത്തതും ചെവിയില്‍ ഉറുമ്പ് കടിച്ചതും ഒന്നിച്ച്.
“ഹലോ, നീയെഴുന്നേറ്റില്ലേ..” അജിത്തിന്റെ ശബ്ദം.
“പിന്നെ, എപ്പോഴേ എഴുന്നേറ്റു. ഒമ്പത് മണിയാവുമ്പോള്‍ ഞാന്‍ ടൌണില്‍ എത്തിയിരിക്കും.” കൂടുതല്‍ ഒന്നും പറയാതെ ഫോണ്‍ കട്ട് ചെയ്ത്. ഉറുമ്പുകടിയേറ്റ ഭാഗം അമര്‍ത്തിത്തിരുമ്മിക്കൊണ്ട് ഡ്രോയിങ് റൂമിലേക്ക് നടക്കുമ്പോള്‍ ആരോടെന്നില്ലാതെ പറഞ്ഞു:
“ഫോണില്‍ മുഴുവന്‍ ഉറുമ്പ് കയറി. അതൊന്നു ശരിയാക്കി വയ്ക്കാന്‍ ഇവിടെ ആരും ഇല്ലല്ലോ...”
“ഫോണില്‍ക്കൂടിയുള്ള പഞ്ചാരയടി കുറച്ച് കുറച്ചാല്‍ മതി, ഉറുമ്പ് വരില്ല.” അച്ഛനും ആരോടെന്നില്ലാതെ പറയാന്‍ മിടുക്കാനായതുകൊണ്ട് അപ്പോള്‍ തന്നെ മറുപടി കിട്ടി.
നേരത്തേ സംശയമൊന്നുമില്ലായിരുന്നു, എന്നാലും ഇപ്പോള്‍ ഒന്നുകൂടി ഉറപ്പിച്ചു, എന്റെ പിതാജി തന്നെ.
അമ്മ കൊണ്ടു വന്ന കട്ടന്‍ചായയും കയ്യില്‍പ്പിടിച്ച് പത്രമെടുത്ത് നിവര്‍ത്തി.
മുന്‍പേജില്‍ താഴെ വലതുവശത്ത് പരിചയമുള്ള ഒരു മുഖം. തലക്കെട്ട് വായിച്ചു.
‘ചിട്ടിതട്ടിപ്പ്: ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍’
അതിനിപ്പൊ എനിക്കെന്താ, എനിക്ക് ചിട്ടിയും പാട്ടവുമൊന്നുമില്ലല്ലോ എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് വാര്‍ത്തയിലേക്ക് ഊളിയിട്ടു.
ശാസ്താംകോട്ട: തൃശൂരില്‍ ശ്രീ ബാലാജി ചിട്ട്സ് ആന്റ് ഇന്‍വെസ്റ്റ്മെന്റ്സ് എന്ന പേരില്‍ സ്ഥാപനം നടത്തി ഏതാണ്ട് ഒരു കോടിയോളം രൂപയുമായി മുങ്ങിയ രവിചന്ദ്രന്‍ എന്നയാളെ ശാസ്താംകോട്ടയിലെ ഒരു ആശ്രമത്തില്‍ നിന്നും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ചാത്തന്‍ സേവാമഠം എന്ന പേരില്‍ ഒരാശ്രമം നടത്തി ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.
ഹൃദയം വീണ്ടും മിടിപ്പിന്റെ കൌണ്ട് തെറ്റിച്ചു. കയ്യിലിരുന്ന ചായകപ്പ് വിറച്ചു. ഫോണ്‍ വീണ്ടും ബെല്ലടിച്ചു.
അച്ഛന്‍ ഫോണെടുത്ത് കയ്യില്‍ തന്നു, “അജിത്താ, നിന്നെ വിളിക്കുന്നു.”
“ഡാ, നീ കണ്ടോ? ഇന്നലെ നമ്മള്‍ പോന്ന ഉടനെയായിരുന്നു. ഒരു ദിവസം കൂടി കഴിഞ്ഞിരുന്നെങ്കില്‍ പണിയായേനേ” അജിത്തിന്റെ പരിഭ്രാന്തമായ ശബ്ദം.
കള്ളനോട്ടടിക്കാരനു കമ്പ്യൂട്ടര്‍ വിറ്റ് ഇടങ്ങേറിലായ ഒരു പഴയ ചങ്ങാതിയെ അനുസ്മരിച്ചപ്പോള്‍ മോണിറ്ററും സി.പി.യു.വും തലയിലേറ്റി പോലീസുകാരോടും സ്വാമിയോടും ഒപ്പം നടന്നു നീങ്ങുന്ന എന്നെയും അജിത്തിനെയും ഭാവനയില്‍ കാണുകയായിരുന്നു ഞാനപ്പോള്‍.
"മൈ ഡിയര്‍ കുട്ടിച്ചാത്താ..." ഞാനറിയാതെ പറഞ്ഞുപോയി.
ഒരു വണ്‍വേ പ്രണയകാലത്ത്
Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍ ഓര്മ്മക്കുറിപ്പ്ഞാനറിയാതെന് കരള്‍ കവര്‍ന്നോടിയ
പ്രാണനും പ്രാണനാം പെണ്‍കിടാവേ
നിന്നെത്തിരയുമെന്‍ ദൂതനാം കാറ്റിനോ-
ടെന്തേ നിന്ന ഗന്ധമെന്നോതിടേണ്ടൂ...
*************************************************
സോമരാജന്‍ സര്‍ കീറ്റ്സിന്റെ കവിതയില്‍ പിടിച്ച് ആകാശത്തേക്ക് കയറാനുള്ള ശ്രമമാണ്. ഞാനാണെങ്കില്‍ കോട്ടുവായില്‍ ഫോറും സിക്സുമടിച്ച് ഹാഫ് സെഞ്ച്വറി കഴിഞ്ഞു, പതുക്കെ സെഞ്ച്വറിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.
ക്ലാസ്സിനു പുറത്തൊരു ബഹളം കേട്ട് എന്നാപ്പിനെ ഇടപെട്ടുകളയാം എന്നു കരുതി ചാടി പുറത്തിറങ്ങി. അവിടെ പാര്‍ട്ടിഭേദമന്യേ ഒരു സമരത്തിനുള്ള തയ്യാറെടുപ്പ് നടക്കുന്നു. ആഹാ...
“സംഭവം എന്താ?” എസ്.എഫ്.ഐയുടെ ഒരു ചോട്ടാ നേതാവിനോട് ചോദിച്ചു.
“ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റിലെ ചന്ദ്രന്‍ സാറിനെ പൊലീസ് തല്ലി. അതും പൊലീസ് ക്ലബ്ബിന്റെ മുന്നില്‍ വച്ച്.”
“ഇതു ഞാന്‍ പ്രതീക്ഷിച്ചതാ. ഫൊണെറ്റിക്സ് ക്ലാസ്സില്‍ വന്ന് പുല്ലീസ് പുല്ലീസ് എന്ന് പറഞ്ഞപ്പോഴേ ഞാന്‍ വിചാരിചതാ. അങ്ങേര്‍ക്ക് മര്യാദയ്ക്ക് പോലീസ് എന്നു പറഞ്ഞൂടേ” പ്രമോദ് വാചാലനായി.
“അതിനു ശരിക്കുള്ള പ്രൊനണ്‍സിയേഷന്‍ അങ്ങനെയായത് സാറിന്റെ കുഴപ്പമാണോ? പുള്ളി വല്ല പൊലീസുകാരനേയും പോയി പുല്ലീസ് എന്നു വിളിച്ചിട്ടുണ്ടാവും.” ഞാന്‍ പറഞ്ഞു.
“സംഭവം എന്തായാലും ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല. വാ നമുക്ക് ചിന്നക്കടയിലേക്ക് പോവാം. അവിടെ ചെന്നിട്ട് ആലോചിക്കാം ഇനി എങ്ങോട്ടാണെന്ന്.” പ്രമോദിന്റെ സജഷന്‍.
ചിന്നക്കടയില്‍ ചെന്ന് ഒരു തീയറ്ററ് സര്‍വ്വേ നടത്തി നോക്കി. കൊള്ളാവുന്ന ഒരു സിനിമയില്ല. എന്നാല്‍ പിന്നെ ഞാന്‍ പോണടെ എന്നു പാഞ്ഞു പ്രമോദ് വീട്ടിലേക്ക് വിട്ടു.
കറങ്ങിത്തിരിഞ്ഞു നിന്നിട്ട് കാര്യമില്ല എന്നു തോന്നിയപ്പോള്‍ വീട്ടില്‍ പോയാലോ എന്നൊരു ആലോചന.
ഏയ് അതു ശരിയാവില്ല. വൈകിട്ട് കൊല്ലം-ചെങ്കോട്ട മീറ്റര്‍ ഗേജ് ട്രെയിനില്‍ത്തന്നെ വേണം വീട്ടില്‍ പോവാന്‍. കുറച്ചു ദിവസമായി ഒരു സുന്ദരിക്കോതയെ കണ്ണുകള്‍ കൊണ്ട് കറക്കി കറക്കി വളച്ച് വളച്ച് വച്ചിരിക്കുന്നു. അതു മിസ്സാക്കാനോ... ഏയ്, ശരിയാവില്ല.
എന്നാല്‍ പിന്നെ ക്ലബ്ബില്‍ പോയി കുറച്ചു സമയം വായിച്ചിരിക്കാം.
ക്ലബ്ബില്‍ എത്തിയപ്പോഴാണ് ഓര്‍ത്തത് വൈകിട്ട് പാട്ടു പ്രാക്റ്റീസും ഉള്ളതാണ്. പാട്ട് പാടാന്‍ ഒരു പെണ്‍കുട്ടിയെ കണ്ടുപിടിച്ചു കൊണ്ടുവരാം എന്ന് ഏറ്റിട്ടു പോയ വിനുവിനെക്കുറിച്ച് ഒരു വിവരവും ഇല്ല. എല്ലാം കയറി ഏല്‍ക്കും, എന്നിട്ട് അവസാനം കാലുമാറുകയും ചെയ്യും. ഇനി അതിനും ഞാന്‍ തന്നെ ഓടണോ എന്തോ.
ചിന്തകള്‍ കാടുകയറിയപ്പോള്‍, കാലുകള്‍ പൊക്കി മേശപ്പുറത്തേക്ക് വച്ചു. കസേരയില്‍ ഒന്നു നീണ്ടുനിവര്‍ന്ന് ഇരുന്നു. അറിയാതെ ഉറങ്ങിപ്പോയി.
ഉറക്കം അങ്ങനെ കണ്ടിന്യൂ ചെയ്തോണ്ടിരുന്നപ്പോഴാണ് ഒരു കിളിനാദം.
കണ്ണുതുറന്നു നോക്കിയപ്പോള്‍ മുന്നില്‍ ഒരു പെണ്‍കുട്ടി. ചന്ദനത്തിന്റെ നിറം, പട്ടു പാവാട, മുല്ലപ്പൂവിന്റെ മണം. കണ്ണു മഞ്ഞളിച്ചുപോയി.
ട്രെയിനിലെ സുന്ദരിയെ സ്വപ്നം ക്ണടതാണോ എന്ന് ഒരു നിമിഷം സംശയിച്ചു.
കണ്ണു തിരുമ്മി ഒന്നു കൂടി നോക്കി. അല്ല, സ്വപ്നമല്ല, യാഥാര്‍ത്ഥ്യം തന്നെ. ഇതേതാ ഈ സുന്ദരി?
“വിനു ഉണ്ടോ?” ചോദ്യം എന്നോടാണ്.
അതു ശരി. അപ്പോള്‍ ഇത് അവന്റെ ലീലാവിലാസത്തിന്റെ ഭാഗമാണല്ലേ?
“ഇല്ലല്ലോ. കുട്ടി ഏതാ?” എന്റെ ജിജ്ഞാസ ഉണര്‍ന്നു.
“ക്ലബ്ബിന്റെ ആരും ഇല്ലേ ഇവിടെ?” മറുചോദ്യം.
അതു ശരി. മുന്നിലുള്ള മേശയില്‍ കാലും കയറ്റി വച്ചിരുന്ന് ഉറങ്ങുന്ന എന്നെ കണ്ടപ്പോള്‍ സെക്യൂരിറ്റി ആണെന്ന് വിചാരിച്ചിട്ടുണ്ടാവും.
“ഞാന്‍ ക്ലബ്ബിന്റെ ആളാണ്. എന്താ കാര്യം?” ഞാന്‍ കുറച്ച് വെയിറ്റിട്ടു നോക്കി.
“വിനു പറഞ്ഞിട്ട് വന്നതാ, പാട്ടുപാടാന്‍.”
“ഹതു ശരി, ഇരിക്കൂ, ഹെന്താ പേര്? ഹെവിടാ വീട്? ഹേതു കോളേജിലാ?” ഞാന്‍ പരവശനായി.
“എന്റെ പേര് സുമിത്ര, വിമന്‍സ് കോളേജില്‍ സംഗീതം പഠിക്കുന്നു.”
“അതെന്താ വീട്ടില്‍ ഇരുന്നു സംഗീതം പഠിക്കാന്‍ പറ്റില്ലേ?”
“അല്ല, ബി.എ. മ്യൂസിക്.”
അതു ശരി, അപ്പോള്‍ സംഗീതത്തിനുമുണ്ട് ബി.എ. അല്ലേ? അതിപ്പോഴാണ് അറിയുന്നത്.
ഒന്നു വോയിസ്സ് ടെസ്റ്റ് ചെയ്തു നോക്കിയാലോ എന്നു മനസ്സിലിരുന്നു ആരോ പറഞ്ഞെങ്കിലും, അത്രയ്ക്ക് അത്യാഗ്രഹം വേണ്ട എന്ന് മനസ്സിന്റെ വേറൊരു മൂലയില്‍ ഇരുന്നു വേറെയാരോ പറഞ്ഞു.
എന്തായാലും വിനു വരുന്നതു വരെ ആ സുന്ദരിയെ അവിടെ പിടിച്ചിരുത്തി സംസാരിച്ച് ബയൊഡാറ്റ മുഴുവന്‍ പേജുകളും മനസ്സിലാക്കിയെടുക്കുകയും എന്റെ ബയോഡാറ്റയുടെ കുറച്ചു പേജുകള്‍ മാത്രം മനസ്സിലാക്കി കൊടുക്കുകയും ചെയ്തു.
വൈകിട്ട് വീട്ടിലേക്കുള്ള യാത്രയില്‍ ട്രെയിനിലെ സുന്ദരിക്ക് സൌന്ദര്യം പോരെന്നും, ഉയരം പോരെന്നും, നിറം പോരെന്നുമൊക്കെ എനിക്ക് തോന്നിയതെന്തുകൊണ്ടെന്ന് ഇപ്പോഴും എനിക്ക് വലിയ നിശ്ചയമില്ല.
പാടിപ്പാടി ചുണ്ടുകള്‍ തേഞ്ഞില്ലെങ്കിലും പാട്ടുകേള്‍ക്കാനും പാടുന്നവരെ കാണാനും നടന്ന് നടന്ന് എന്റെ ചെരുപ്പു തേഞ്ഞു.
അതുകൊണ്ടൊരു ഗുണം ഉണ്ടായി. മൂന്നു മാസം കൊണ്ട് സുമിയുമായി നല്ല സൌഹൃദം സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞു. മറ്റാരെക്കാള്‍ കൂടുതല്‍ സമയം അവള്‍ എന്നോടൊപ്പം ചിലവഴിക്കാന്‍ തുടങ്ങി.
അതോടുകൂടി എനിക്ക് ഒരു കാര്യം മനസ്സിലായി. എനിക്കെന്തോ കുഴപ്പമുണ്ട്. ഇപ്പോള്‍ കണ്ണടച്ചാല്‍, അവള്‍ പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം പാടാന്‍ തുടങ്ങി, ഞാന്‍ അതു ഒളിഞ്ഞു നോക്കുന്ന ജയറാമായി മാറി.
എന്നെങ്കിലും അവളുടെ മനസ്സിന്റെ പടി കടന്ന് ചെല്ലണമെന്ന് ഒരാഗ്രഹമുണ്ടെങ്കിലും അതു ഒന്നു തുറന്നു പറയണമെങ്കില്‍ ഒരു രണ്ട് പെഗ്ഗ് റമ്മും 2 വിത്സും വേണമെന്ന നിലപാടിലാണ് ഞാനിപ്പോള്‍. പക്ഷെ, വെള്ളമടിച്ചിട്ട് അവളുടെ അടുത്ത് ചെന്നാല്‍, പടി കടക്കാന്‍ പോയിട്ട്, പടിയടച്ച് പിണ്ഡം വെയ്ക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തും എന്ന് എനിക്കു മനസ്സിലായി.
എന്തായാലും ചുമ്മാ ഒന്നു നമ്പരിട്ടു നോക്കാം എന്നു വിചാരിച്ച് ഇരിക്കുമ്പോഴാണ് ക്ലബ്ബില്‍ നിന്നും എല്ലാവരും കൂടി ടെറ്റാനിക് കാണാന്‍ പോയത്.
പടം കണ്ടിട്ട് ഇറങ്ങിയപ്പോള്‍ തന്നെ ഞാന്‍ സുമിയെ ഒന്നു തോണ്ടിയിട്ട് പറഞ്ഞു: “നമുക്ക് റോസും ജാക്കുമാവാം. എന്നിട്ട് ക്ലബ്ബിന്റെ മുകളില്‍ കയറി ഇങ്ങനെ കൈവിരിച്ച് നില്ക്കാം.”
“നീ ചാക്കാവുന്നതാ നല്ലത്. എന്റെ അച്ചനും ചേട്ടന്മാര്‍ക്കും കൂട്ടി കെട്ടിത്തൂക്കിയിട്ട് ഇടിച്ചു പഠിക്കാം.”
“നീ ഒട്ടും റൊമാന്റിക്കല്ല.” ഞാന്‍ എന്റെ നിരാശ മറച്ചുവച്ചില്ല.
പിന്നിടൊരിക്കല്‍ ഒരു വിനോദയാത്രയില്‍ വച്ച് നാഗര്‍കോവിലിനടുത്തുള്ള തൃപ്പരപ്പ് വെള്ളച്ചാട്ടത്തിനടുത്തുള്ള ഒരു പാറപ്പുറത്ത് ചിതറിക്കിടന്ന ഇലഞ്ഞിപ്പൂക്കള്‍ പെറുക്കിയെടുത്ത് സുമിയുടെ മടിയിലിട്ടുകൊടുത്തിട്ട് ഞാന്‍ ചോദിച്ചു.
“ഈ ഇലഞ്ഞിപ്പൂക്കള്‍ക്കെന്തു മണമാണ് അല്ലേ?” മടിത്തട്ടില്‍ വീണ പൂക്കള്‍ വാരിയെടുത്ത് മണത്തു അവള്‍.
“നിനക്ക് താഴമ്പൂവിന്റെ സുഗന്ധമാണ്.” റൊമാന്റിക്കാവാന്‍ ഒരു ശ്രമം നടത്തി നോക്കി ഞാന്‍.
“നീയെന്റെ കണ്ണില്‍ എന്താ കാണുന്നത്?” അടുത്ത ചോദ്യമെറിഞ്ഞുകൊണ്ട് പിന്നെയും ചുറ്റും വീണു കിടക്കുന്ന ഇലഞ്ഞിപ്പൂക്കള്‍ പെറുക്കാനാരംഭിച്ചു ഞാന്‍.
“വെള്ളമടിച്ച് ചുവന്ന് കലങ്ങിയ രണ്ട് ഉണ്ടകണ്ണുകള്‍ അല്ലാതെ അവിടെ എന്താ ഉള്ളത് ഇത്ര കാണാന്‍?”
“അല്ല, എന്തെങ്കിലും ഒരു ഫീലിങ്? ഒരു പ്രതീക്ഷയുടെ തിരയിളക്കം?”
“ആ, നിനക്ക് ഈയിടെയായി ഇത്തിരി ഇളക്കം കൂടുതലാണ്. അസുഖം എനിക്ക് മനസ്സിലാവുന്നുണ്ട്.”
ക്ലബ്ബിന്റെ വാര്‍ഷിക കലാമേള.
സുമിയുടെ പാട്ടുകേള്‍ക്കാന്‍ മുന്‍നിരയില്‍ത്തന്നെ ഞാന്‍ സ്ഥാനം പിടിച്ചു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവള്‍ പാടി.
എന്തേ അറിഞ്ഞീല നീയെന്റെ ഓമലേ,
എന്തേ എന്‍ നിശ്വാസ സംഗീതം കേട്ടീല
എന്തേ, നിന്‍ പദസ്വനം കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കും
ഏകാന്തമനസ്സിനെ അറിഞ്ഞീല, ഒന്നും പറഞ്ഞീല...
എന്റെ നിശാന്ത സ്വപനങ്ങളില്‍ വന്നു നീ
ഏതോ പ്രണയശലാക പോലെ
എന്തെന്നറിയാത്ത നൊമ്പരത്തിന്‍ സുഖം
എന്തേ ഇനിയുമറിഞ്ഞീല...
പണ്ടെന്നോ കുത്തിക്കുറിച്ച് ഈണമിടാന്‍ അവളുടെ കയ്യില്‍ കൊടുത്തിരുന്ന ഒരു കവിത. അതിപ്പോള്‍ സംഗീതം കൊണ്ട് ജീവന്‍ വയ്പ്പിച്ച് അവളുടെ ശബ്ദത്തില്‍ എന്റെ കര്‍ണ്ണപുടങ്ങളില്‍...
പാടിക്കഴിഞ്ഞ് പുറത്തു വന്ന അവളെക്കണ്ടപ്പോള്‍ എന്തു പറയണമെന്നറിയാതെ ഞാന്‍ മിഴിച്ചു നിന്നു.
“ഡാ, നീ പുകവലിയും കള്ളുകുടിയും നിര്‍ത്തിയാല്‍ നിന്നെ ഞാന്‍ സ്നേഹിക്കാം.” ഒരു മുന്നറിയിപ്പില്ലാതെ അവള്‍ പറഞ്ഞു.
പെട്ടെന്ന് കണ്ണിലിരുട്ട് കയറിയതുപോലെ തോന്നി. കേള്‍ക്കാന്‍ കൊതിച്ചത്... ഒരിക്കല്‍ക്കൂടി...
“എന്താ? എന്താ പറഞ്ഞത്?” ഞാന്‍ അന്തംവിട്ട് ചോദിച്ചു.
“പുകവലിയും കള്ളുകുടിയും നിര്‍ത്താന്‍ ഞാന്‍ നിന്നെ സഹായിക്കാം.” അവള്‍ ആവര്‍ത്തിച്ചു.
“ആദ്യം പറഞ്ഞത് ഇതല്ലല്ലോ. അത് ഒരിക്കല്‍ കൂടി പറയ്.”
“ഞാന്‍ ഇതു തന്നെയാണ് പറഞ്ഞത്. വേറെ എന്താ നീ കേട്ടത്.”
“സ്നേഹിക്കാം എന്നല്ലേ നീ പറഞ്ഞത്?”
“പിന്നെ, എന്റെ സ്നേഹം കിട്ടിയാലേ നീ ഇതൊക്കെ നിര്‍ത്തുള്ളുവെങ്കില്‍, നീ നിര്‍ത്തണ്ട. നീ നന്നാവില്ലെടാ...”
കലാമേള കഴിഞ്ഞപ്പോള്‍ നേരം കുറെ ഇരുട്ടിയിരുന്നു. സുമിക്ക് കൂട്ടായി ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ ഹോട്ടല്‍ സുപ്രഭാതത്തിന്റെ മുന്നില്‍ എത്തിയപ്പോള്‍;
“നല്ല മസാലദോശയുടെ മണം.” അവള്‍ പറഞ്ഞു.
“നിനക്ക് ദോശ വേണമെങ്കില്‍ കഴിച്ചിട്ട് പോകാം.” ഞാന്‍ ഒരു ഫോര്‍മാലിറ്റിക്ക് പറഞ്ഞു നോക്കി. രാവിലെ അച്ഛന്‍ തന്നെ പത്തുരൂപ കോളേജ് കാന്റീനിലെ കല്ലരിച്ചോറിനായി ചിലവാക്കിയത് ഓര്‍മ്മയിലുണ്ട്. എന്നാലും അഭിമാനം വിട്ടുകളയാന്‍ പറ്റില്ലല്ലോ.
“വേണ്ട, ഇന്നിപ്പോള്‍ സമയമില്ല. പിന്നീടൊരിക്കലാവാം...”
സുമിയെ ബസ് കയറ്റിവിട്ട് തിരിച്ചു വരുമ്പോള്‍ സുപ്രഭാതത്തിനുമുന്നില്‍ നേരത്തെ കണ്ട ആ ചെറുപ്പക്കാരന്‍.
“അതു നിങ്ങളുടെ ഭാര്യ ആണോ?”
“അതെന്താ അങ്ങനെ ചോദിച്ചത്?”
“അല്ല, മസാലദോശയുടെ കാര്യം പറഞ്ഞതുകേട്ടു. അതുകൊണ്ട് ചോദിച്ചതാ.”
മസാലദോശ എന്നത് ഭാര്യമാര്‍ക്ക് ഭര്‍ത്താക്കന്മാരോട് മാത്രം സംസാരിക്കാന്‍ പറ്റിയ ഒരു സംഗതിയാണെന്നത് എനിക്കു പുതിയ അറിവായിരുന്നു. കാര്യം എന്താണെന്ന് മനസ്സിലായില്ലെങ്കിലും ഒരു ചിരിയും പാസാക്കി ഞാന്‍ നടന്നു.
പിറ്റേന്ന് സുമിയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ ഒരു ചിരി മാത്രമായിരുന്നു മറുപടി.
“വല്ല ഒട്ടത്തി ലുക്കുള്ള പട്ടത്തിയുമായിരുന്നെങ്കില്‍ ഞാന്‍ അല്ല എന്നു പറഞ്ഞേനേ. ഇതിപ്പോള്‍ അങ്ങനെയല്ലല്ലോ. അതുകൊണ്ട് ഞാന്‍ ഭാര്യ ആണെന്നാണ് അയാളോട് പറഞ്ഞത്.” ഞാന്‍ വെറുതെ ഒരു നമ്പരിട്ടു നോക്കി.
“നീ മനുഷ്യനെ നാണം കെടുത്തും. നിന്നോട് അങ്ങനെ ചോദിക്കാന്‍ തോന്നിയ ആ മഹാന്റെ കണ്ണിനെന്തെങ്കിലും കുഴപ്പമുണ്ടോ?”
“അതെന്താ, എനിക്കു നീ മാച്ചാവില്ലേ?” നിഷ്ക്കളങ്കമായി ഞാന്‍ ചോദിച്ചു.
“മാച്ചാവും, മാച്ചാവും. നമ്മള്‍ ഒരുമിച്ചു നടന്നാല്‍ ബ്ലാക്ക് ആന്റ് വൈറ്റ് ദമ്പതികള്‍ എന്നു പറയും കാണുന്നവര്‍.”
കോളേജ് വിട്ട് പ്രാരാബ്ധങ്ങളുടെ നടുവിലേക്ക്. ഉത്തരവാദിത്വത്തിന്റെ മാറാപ്പേന്തിയ കൌമാരത്തിന്റെ കാലം. ഏതു ജോലിയും ചെയ്യാനുള്ള സന്നദ്ധതയോടെ കിട്ടിയ മാര്‍ക്കറ്റിങ് ജോലിയുമായി എറണാകുളത്തേക്ക്.
എറണാകുളത്തുനിന്ന് സുമിക്ക് ആദ്യ കത്ത് എഴുതുമ്പോള്‍ പ്രതീക്ഷയുടെ ഒരു നൂറു നറുതിരി ഉള്ളില്‍ കത്തിച്ചു വച്ചിട്ടുണ്ടായിരുന്നു.
ഒരാഴ്ചകഴിഞ്ഞ് കിട്ടിയ സുമിയുടെ മറുപടിക്കത്ത് പൊട്ടിച്ച് വായിക്കാനിരുന്നപ്പോള്‍ മനസ്സില്‍ ആനന്ദത്തിന്റെ പൂത്തിരി.
“ഡാ, ഒരു സന്തോഷവര്‍ത്തമാനം പറയാനുണ്ട്. പിന്നെ, പറഞ്ഞില്ല കേട്ടില്ല എന്നൊന്നും പറയരുത്. എന്റെ കല്യാണം നിശ്ചയിച്ചു.....”
മുഴുവന്‍ വായിച്ചുതീര്‍ത്തു ഒരു നെടുവീര്‍പ്പിട്ട് സന്തോഷത്തോടെ ഞാന്‍ കസേരയിലേക്ക് ചാഞ്ഞു.
*******************************************************
വര്‍ഷങ്ങള്‍ ഒരുപാടു കഴിഞ്ഞു. പുതിയ ഒരു നൂറ്റാണ്ട് പിറന്നു. ഭൂമി സൂര്യനെ ചുറ്റിച്ചുറ്റി ക്ഷീണിച്ചു. കലണ്ടറുകള്‍ വിറ്റ് പലരും പണക്കാരായി...
കൊല്ലം റെയില്‍വേ സ്റ്റേഷന്റെ കല്‍ബഞ്ചില്‍ ഇരുന്ന് പക്ഷിനിരീക്ഷണം നടത്തുന്ന ഒരുച്ച നേരം. ഐലന്റ് എക്സ്പ്രസ്സ് വരാന്‍ ഇനിയും സമയം ഉണ്ട്.
തൊട്ടടുത്ത പ്ലാറ്റ്ഫോമില്‍ വന്നു നിന്ന ജയന്തി ജനത എക്സ്പ്രസ്സില്‍ നിന്നും രണ്ട് കൊച്ചു സുന്ദരികളെയും കൊണ്ട് ഇറങ്ങിയ സ്ത്രീയെ കണ്ടപ്പോള്‍ നല്ല പരിചയം തോന്നി.
ബാഗുമെടുത്ത് ഇപ്പുറത്തെ പ്ലാറ്റ്ഫോമില്‍ക്കൂടി കുറെ മുന്നോട്ട് ഓടി. അതെ അത് സുമി തന്നെ. ആളാകെ മാറിപ്പോയിരിക്കുന്നു.
തീവണ്ടിപ്പാത മുറിച്ചുകടന്ന് മുന്നില്‍ ചെന്ന് ചോദിച്ചു:“എന്നെ ഓര്‍മ്മയുണ്ടോ?”
അത്ഭുതത്തോടെ വിടര്‍ന്ന കണ്ണുകളില്‍ നീര്‍ക്കണങ്ങളുടെ തിളക്കം. “നിന്നെ അത്ര എളുപ്പം മറക്കാന്‍ പറ്റുമോ? മറ്റുള്ളവരെപ്പോലെയായിരുന്നില്ലല്ലോ നീയെനിക്ക്.”
മനസ്സില്‍ വിടര്‍ന്ന വിചാരങ്ങള്‍ വാക്കുകളിലേക്ക് മാറുന്നതിനുമുമ്പ് അവള്‍ നടന്നു തുടങ്ങിയിരുന്നു, കൂടെ തിരിഞ്ഞുനോക്കി നടന്നു പോകുന്ന ആ സുന്ദരിക്കുട്ടികളും.
*************************************************
വാടിയ താഴമ്പൂ വാസന പൂശിയ
കോടി പുടവതന്‍ പുതുമണമോ...
നിന്‍മടിക്കുത്തിലായ് വാരിനിറച്ചൊരു
പൊന്നിലഞ്ഞിപ്പൂവിന്‍ നറുമണമോ...
ഉമ്പായി പാടുന്നു....
കാറ് ബാറ് ദേഖോ...
Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍ ഓര്മ്മക്കുറിപ്പ്വീട്ടിലാദ്യമായി വാങ്ങിയ ആ ചുവപ്പ് മാരുതി കാറ് എന്റെ അധ്വാനഫലമായി വാങ്ങിയതാണോ എന്നു ചോദിച്ചാല്‍ അതെ എന്നു പറയേണ്ടി വരും. കാരണം അമ്മ വി.ആര്‍.എസ്. എടുക്കുന്നു എന്നു അറിഞ്ഞ അന്നു മുതല്‍ അതെന്തിനാണമ്മേ വി.ആര്‍. എസ്. എന്നൊരു വാക്കു പോലും ചോദിക്കാതെ, മാരുതി കാറ്, മാരുതി കാറ് എന്നു മാത്രം പറഞ്ഞു നടന്ന എന്റെ അധ്വാനം കുറച്ചു കാണിക്കാന്‍ ഞാന്‍ അത്രക്ക് വിശാലമനസ്കനൊന്നുമല്ല.
അമ്മയുടെ വി.ആര്‍. എസിന് എനിക്കറിയാവുന്ന ഒരേ ഒരു കാരണമേ ഉണ്ടായിരുന്നുള്ളൂ. അതിന്റെ തിരക്കഥ ഏതാണ്ട് ഇങ്ങനെയൊക്കെ:
അച്ഛനും അമ്മയും ഒരേ ഓഫീസില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഒരു ദിവസം.
തിരക്കിട്ട് ജോലി ചെയ്യുന്ന അമ്മ ജനലിലൂടെ പുറത്തേക്ക് പോകുന്ന അച്ഛനെ കാണുന്നു. അച്ഛന്‍ ജനലിലൂടെ പുറത്തേക്ക് പോയി എന്നല്ല. അമ്മ ജനലിലൂടെ അച്ഛനെ കാണുന്നു എന്നു വായിച്ചാല്‍ മതി.
സ്വാഭാവികമായും അച്ഛന്‍ പുറത്തുപോവുമ്പോള്‍ “നിങ്ങളെന്താ നിലാവത്ത് അഴിച്ചുവിട്ട കോഴിയെപ്പോലെ കറങ്ങി നടക്കുന്നത്“ എന്നു ചോദിച്ചിട്ടുണ്ടാവും.
“വെറുതെ ഒന്നു വലിക്കാനിറങ്ങിയതാ”, അച്ഛന്റെ മറുപടി.
സാധാരണ വീട്ടില്‍ വച്ചാണെങ്കില്‍ ഒരു മണിക്കൂറും, പുറത്തെവിടെയെങ്കിലുമാണെങ്കില്‍ അരമണിക്കൂറും നീളുന്ന സുവിശേഷപ്രസംഗ പരമ്പര അമ്മ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
പത്തു പതിനഞ്ച് മിനിട്ടായി മാറി നിന്ന് കുശുകുശുക്കുന്ന തല നരച്ച ആ യുവമിഥുനങ്ങളെക്കണ്ട് ടെലിഫോണിന് ജലദോഷമെന്നോ, കഴിഞ്ഞ തവണത്തെ ബില്ലില്‍ നാലു പൂജ്യം കൂടിപ്പോയി എന്നോ പരാതി പറയാന്‍ വന്ന ഒരു പാവം ഉപഭോക്താവ് “അവരെന്താ ലൈനാണോ” എന്ന് അവിടെ നിന്ന വാച്ച്‌മേനോട് ചോദിക്കുന്നു.
“ആ അവര് കഴിഞ്ഞ പത്തു മുപ്പത് വര്‍ഷമായിട്ട് ലൈനാണ്? എന്നു വാച്ച്‌മാന്‍ മറുപടി കൊടുക്കുന്നു.
വാച്ച്‌മാന്‍ ആ സംഭവം പൊടിപ്പും തൊങ്ങലും വച്ച് അച്ഛനെ അറിയിക്കുന്നു. ഇനി വി.ആര്‍.എസ്. നു വേറെ എന്തു കാരണം തപ്പാനാ?
എന്തായാലും കുരീപ്പള്ളിക്കാരന്‍ സലീമിന്റെ കയ്യില്‍ ഒരു രസ്യന്‍ കാറിരിപ്പുണ്ടെന്നും എഴുപത്തയ്യായിരം രൂപ കൊടുത്ത് ഒരു പാട്ടും പാടിയാല്‍ സാധനം നമ്മുടെ വീട്ടുമുറ്റത്ത് കിടക്കും എന്ന് ആരോ പറഞ്ഞപ്പോള്‍ പിന്നെ മറ്റൊന്നും ആലോചിക്കാന്‍ നിന്നില്ല. ജോലിയും കൂലിയുമൊന്നുമ്മില്ലതെ തെക്കു വടക്കു നടക്കുന്ന മോന്‍ നാളെ മുതല്‍ കാറില്‍ കയറി തെക്കു വടക്കു നടക്കട്ടെ എന്നു കരുതുന്ന മാതാപിതാക്കളുടെ ക്യാറ്റഗറിയില്‍ പെടാന്‍ വെമ്പി നിന്ന അച്ഛനുമമ്മയും എഴുപത്തയ്യായിരം രൂപ തരാനും പാട്ട് മോന്‍ തന്നെ പാടിക്കോ എന്നു പറയാനും തയ്യാറായി.
ദേ കാറ് വീട്ടുമുറ്റത്ത്.
കാറ് വാങ്ങുന്നതിനു മുമ്പ് തന്നെ ഞാന്‍ വിവാഹസ്വപ്നങ്ങള്‍ കണ്ടു തുടങ്ങിയിരുന്നു. വിവാഹസ്വപ്നം എന്നൊക്കെ പറയുമ്പോള്‍ പ്ലാസ്റ്റിക് പൂക്കള്‍ ഒട്ടിച്ചുവച്ച്, മൂന്നു നിറത്തിലുള്ള റിബ്ബണ്‍ കെട്ടി, പിന്നിലെ ചില്ലില്‍ കുമാരന്‍ വെഡ്സ് കുമാരി എന്ന് തെര്‍മോക്കോളില്‍ വെട്ടി ഒട്ടിച്ച്, ഒരു മണവാളനെ കാറിന്റെ മുന്‍സീറ്റില്‍ ഇരുത്തി, ചെക്കന്റെ അപ്പനേയും അമ്മയേയും സുന്ദരിയായ അനിയത്തിമാരെയും പിന്‍സീറ്റില്‍ ഇരുത്തി ആളുകള്‍ തിങ്ങിക്കൂടി നില്‍ക്കുന്ന ഒരു ഓഡിറ്റോറിയത്തിലേക്ക് താലമേന്തിയ സുന്ദരിമാരുടെ നടുവിലൂടെ കാറോടിച്ചു ചെല്ലുക. ഹൊ..അതാലോചിക്കുമ്പോള്‍ തന്നെ കുളിരു കോരും.
അങ്ങനെ വിവാഹസ്വപ്നങ്ങള്‍ നെയ്തു നെയ്തു നെയ്തുകാരുടെ പെന്‍ഷന്‍ കിട്ടാറായപ്പോള്‍ എന്റെ വിവാഹസ്വപ്നം പൂത്തുലഞ്ഞു. വലിയച്ഛന്റെ മകന്റെ കല്യാണം. ആനന്ദലബ്ധിക്കിനിയെന്തുവേണം?
കല്യാണത്തലേന്ന് കാറ് ഒന്നു നന്നായി കഴുകി തുടച്ചു. വൈകിട്ട് ചെറുക്കന്റെ വീട്ടില്‍ ആളുകള്‍ വന്നു തുടങ്ങിയപ്പോള്‍ തന്നെ കാറ് ഞാന്‍ അവിടെ കൊണ്ടുപോയി പ്രദര്‍ശനത്തിനിട്ടു. എന്നിട്ട് അതില്‍ ചാരി നിന്നു പന്തല്‍ക്കാര്‍ക്കും, ലൈറ്റ് ഇടുന്ന പയ്യനുമൊക്കെ നിര്‍ദ്ദേശങ്ങള്‍ കൊടുക്കാന്‍ തുടങ്ങി.
രാത്രിയായപ്പോള്‍ കല്യാണവീട്ടിലെ തിരക്കുകള്‍ കൂടി. അടുക്കളയില്‍ സ്ത്രീകളുടെ തിരക്ക്, മുറ്റത്ത് കുട്ടികളുടെ തിരക്ക്, വീടിനോട് ചേര്‍ന്നുള്ള പന്തലില്‍ അതിഥികളുടെ തിരക്ക്. അങ്ങനെ എല്ലായിടത്തും എല്ലാവര്‍ക്കും തിരക്കോട് തിരക്ക്.
കുറച്ചു കഴിഞ്ഞപ്പോള്‍ ഞാനും അങ്ങ് തിരക്കായിപ്പോയി. പന്തലിന്റെ ബാക്കി പണികള്‍ക്ക് ഒക്കെ മേല്‍നോട്ടം വഹിക്കാന്‍ ഞാന്‍ നിയോഗിക്കപ്പെട്ടു. ചുരുക്കം പറഞ്ഞാല്‍ എവിടെയെങ്കിലും ചുരുണ്ടുകൂടിക്കിടന്ന് ഉറങ്ങാമെന്നുള്ള എന്റെ സ്വപ്നം മുളയിലേ ക്രോപ്പ് ചെയ്തു കളഞ്ഞു.
നാട്ടിലെ കല്യാണമായാലും ചാക്കാല ആയാലും എന്തിനും ഏതിനും കൈക്കാരനായി പ്രവര്‍ത്തിച്ച് ജനകോടികളുടെ വിശ്വസ്തകൈക്കാരനായ സുഗതന്‍. സുഗതനെക്കൊണ്ട് അത്യാവശ്യം മുറ്റം ഒക്കെ ഒന്നു വൃത്തിയാക്കി പന്തലിന്റെ അരികിലുള്ള ചെടികള്‍ ഒക്കെ ഒന്നു ഒതുക്കികെട്ടി വെയ്പ്പിച്ചപ്പോഴാണ് പന്തലിനു മുന്നില്‍ പനയോല കൊണ്ടൊരു കമാനം എന്ന പുതുപുത്തന്‍ ആശയത്തിലേക്ക് എന്റെ മനസ്സ് കൂപ്പൂകുത്തിയത്.
പിന്നെ ഒട്ടും ആമാന്തിച്ചില്ല, സുഗതനെ ചട്ടം കെട്ടി വിട്ടു, പനയോല കൊണ്ടുവരാന്‍.
ഈ തിരക്കിനിടയ്ക്ക് കാറിനെക്കുറിച്ചു മറന്നു. ഇടയ്ക്കിടയ്ക്ക് രഘുവേട്ടന്‍ വന്ന് കാറിന്റെ താക്കോല്‍ വാങ്ങിക്കൊണ്ട് പോവും, അരമണിക്കൂര്‍ കഴിയുമ്പോള്‍ തിരികെ കൊണ്ടുവരും. കുറെനേരം ആ പ്രക്രിയ തുടര്‍ന്നപ്പോള്‍ ഞാന്‍ ഒന്നു ശ്രദ്ധിച്ചു. കല്യാണവീട്ടില്‍ പുരുഷന്മാരായ അതിഥികള്‍ വരുമ്പോള്‍ മാത്രമാണ് ഈ പ്രക്രിയ. കൂടുതല്‍ ചിന്തിക്കാതെ തന്നെ കാര്യം മനസ്സിലായി. രഘുവേട്ടന്‍ ആളുകളെ കാറ് കാണിക്കുകയാണ്. വരുന്ന അതിഥികളെ കാറിന്റെ അടുത്തു കൊണ്ടുപോയി കാറിന്റെ ചുറ്റും കാണിക്കും, അപ്പോള്‍ എന്നെ ചൂണ്ടി എന്തോ പറയുന്നുമുണ്ട്. പിന്നെ കാറിന്റെ ഉള്ളില്‍ ഇരുത്തി ഉള്‍വശം കാണിക്കും. രഘുവേട്ടന്‍ പോളിടെക്നിക്കില്‍ പഠിച്ചതുകൊണ്ട് കാര്യങ്ങളൊക്കെ നല്ല വെടിപ്പായി പറഞ്ഞുകൊടുക്കാന്‍ പറ്റും എന്നുള്ളതുകൊണ്ട് ഞാന്‍ പിന്നെ അങ്ങോട്ട് അധികം ശ്രദ്ധിക്കാന്‍ പോയില്ല. പക്ഷേ, കാറ് കണ്ടിട്ടു മടങ്ങിപോകുന്ന അതിഥികളുടെ നടപ്പിനു ലേശം ചന്തക്കുറവുണ്ടോ എന്നൊരു സംശയം എനിക്ക് തോന്നിയതേയില്ല.
കാര്യങ്ങള്‍ അങ്ങനെ പുരോഗമിക്കവേ വീട്ടിനുള്ളില്‍ നിന്നും വേലായുധന്‍മാമന്റെ അക്രോശം കേട്ടു.
ചെന്നു നോക്കിയപ്പോള്‍ സുഖമായി കമ്പിളി പുതച്ച് ഉറങ്ങുകയായിരുന്ന മാമന്റെ കമ്പിളിയുടെ ഒരറ്റം രഘുവേട്ടന്റെ കയ്യില്‍. മറ്റേ അറ്റത്ത് മാമന്‍ പിടിമുറുക്കിയിരിക്കുന്നു. മാമന്‍ രഘുവേട്ടനെ നല്ല തെറിയില്‍ കുളിപ്പിക്കുന്നു. അവസാനം കമ്പിളിയുടെ അവകാശം രഘുവേട്ടന്‍ സ്ഥാപിച്ചെടുത്തു,
കമ്പിളിയും കൊണ്ട് രഘുവേട്ടന്‍ പോയി. ഉറക്കം നഷ്ടപ്പെട്ട ഈര്‍ഷ്യയോടെ വേലായുധന്‍ മാമന്‍ പുറത്തേക്കും പോയി.
ഞാന്‍ പന്തലിന്റെ അവസാനത്തെ മിനുക്കു പണികളിലേക്ക് ശ്രദ്ധിച്ചു.
വേലായുധന്‍ മാമന്‍ പോയപോക്കില്‍ തെക്കേ വശത്തെ ഇടവഴിയില്‍ ചെന്നു അവിടെ കണ്ട ഒരു പോസ്റ്റിന്റെ ചുവട്ടില്‍ ജലസേചനത്തിനായി യന്ത്രം ഓണ്‍ ചെയ്തു പിടിച്ചു. യന്ത്രം പ്രവര്‍ത്തിപ്പിച്ചു നില്‍ക്കെ വേലായുധന്‍ മാമന്‍ ഇരുട്ടിലെന്തോ അനക്കം കേട്ട് ചുറ്റുമൊന്നു കണ്ണോടിച്ചു.
“ഹെന്റമ്മച്ചിയേ”, ഒരു നിലവിളിയുടെ പിന്നാലെ യന്ത്രം കയ്യില്‍പ്പിടിച്ച് ഇടവഴിയും ആ വശത്തെ കയ്യാലയും ചാടിക്കടന്ന് വീട്ടിനുള്ളിലേക്ക് ഓടുന്ന വേലായുധന്‍ മാമനെയാണ് പിന്നെ കണ്ടത്.
പിന്നാലെ ഞാനും ഓടി. ഓടിച്ചെന്ന് വേലായുധന്‍ മാമനെ പിടിച്ചുനിര്‍ത്തി കാര്യം തിരക്കി.
കിതപ്പിനിടയില്‍ എന്തോ പറയാന്‍ ശ്രമിച്ച് വേലായുധന്‍മാമന്‍ പുറത്തേക്ക് ചൂണ്ടി.
“പന...പന..ഹവിടെ...നടന്നു...വരുന്നു” എന്നൊരു വികൃതമായ ഒച്ചയും പുറത്തേക്ക് വന്നു.
പുറത്തിറങ്ങിപ്പോയി നോക്കിയ ഞാന്‍ കണ്ടത് തലയില്‍ ചുമന്നു വന്ന പനയോലകള്‍ താഴെയിട്ട് അന്തംവിട്ട് നില്ക്കുന്ന സുഗതനെ.
“വേലായുധനാശാന്‍ എന്നെ കണ്ട് എന്തിനാ ഓടിയത്?” സുഗതന്റെ നിഷ്ക്കളങ്കമായ ചോദ്യം.
************************************************
പുലര്‍ച്ചേ 5 മണിക്ക് പള്ളിമുക്കിലുള്ള പാണ്ടിയുടെ പൂക്കടയില്‍ കല്യാണ മാലയും ബൊക്കെയും പൂക്കളും എടുക്കാന്‍ പോകാന്‍ കുടുംബത്തിലെ ആകെയുള്ള കാറിന്റെ മൊതലാളി എന്ന് അറിയപ്പെട്ടിരുന്ന ഞാന്‍ തന്നെ നിയോഗികപ്പെട്ടു. രണ്ടു പോള കണ്ണും അടയ്ക്കാതെ കയ്യും മെയ്യും ബാക്കിയുള്ള അല്പം ബുദ്ധിയും പന്തല്‍ പണിയില്‍ വ്യാപൃതനായിരുന്നതുകൊണ്ട് ആ ദൌത്യം ആരെയെങ്കിലും ഏല്‍പ്പിക്കാന്‍ പറ്റുമോ എന്ന് നോക്കാതെയിരുന്നില്ല. കാക്കയ്ക്കും തന്‍ ഉറക്കം പൊന്‍ ഉറക്കം എന്നുള്ള മഹത്‌വചനങ്ങളെ അനുസ്മരിപ്പിക്കുമാറ് യുദ്ധം കഴിഞ്ഞ പടക്കളം പോലെ തലങ്ങും വിലങ്ങും വീണുകിടന്ന് ഉറങ്ങുന്ന ചെറുപ്പക്കാരെ ഒന്നു ഉണര്‍ത്താന്‍ ഞാന്‍ അശക്തനായിരുന്നു.
അവസാനം ഞാന്‍ തന്നെ കാറുമെടുത്ത് പുറപ്പെട്ടു.
കണ്ണ് ബലം പ്രയോഗിച്ച് തുറന്നു വച്ച് അങ്ങനെ കാറോടിച്ചു പോകവേ പൊലീസ് കൈകാണിച്ചു.
പതുക്കെ റോഡിന്റെ ഓരം ചേര്‍ത്തു വണ്ടി നിര്‍ത്തി.
“കൊച്ചുവെളുപ്പാന്‍കാലത്ത് എങ്ങോട്ടാ?”
“പള്ളിമുക്കില്‍, പൂ വാങ്ങാന്‍”. ഞാന്‍ മറുപടി കൊടുത്തു.
“എന്തിനാ ചെവിയില്‍ വെയ്ക്കാനാണോ?” പൊട്ടിച്ചിരിയോടൊപ്പം അടുത്ത ചോദ്യം.
ഞാന്‍ ഒരു വളിച്ച ചിരി ചിരിച്ചു.
“ഒന്നിങ്ങോട്ട് ഇറങ്ങണം. കാറൊന്ന് പരിശോധിക്കണം.” സ്പിരിറ്റ് പിടിക്കാനാണ് ഉറക്കമിളച്ചു അവര്‍ കാത്തു നിന്നതെന്ന് മനസ്സിലായി.
ഒരു പുച്ഛച്ചിരിയോടെ ഞാന്‍ കാറില്‍ നിന്നിറങ്ങി.
“ഈ ഡിക്കിയൊന്നു തുറന്നേ.”
“അതിലൊന്നുമില്ല സര്‍. സ്റ്റെപ്പിനി മാത്രമേയുള്ളൂ...”
“തെക്കിനിയാണോ വടക്കിനിയാണോ എന്ന് ഞങ്ങള്‍ നോക്കിയിട്ടു തീരുമാനിക്കാം. താന്‍ അധികം വാചകമടിക്കാതെ വേഗം തുറക്ക്.” പൊലീസുകാരന്‍ ദേഷ്യപ്പെടാന്‍ തുടങ്ങി.
ഞാന്‍ വീണ്ടും ആ പുച്ഛച്ചിരി പുറത്തേടുത്തു. പാതിയടഞ്ഞ കണ്ണില്‍ അസാമാന്യമായ ആത്മവിശ്വാസം കുത്തിനിറച്ച് ഞാന്‍ ചെന്നു തുറന്നു.
ദേ വിരിച്ചിട്ടിരിക്കുന്നു വേലായുധന്‍ മാമന്റെ കമ്പിളിപ്പുതപ്പ്. പുതപ്പിന്റെ നിമ്നോന്നതങ്ങളിലൂടെ ഞാന്‍ വിരലോടിച്ചു.
“എന്താടാ അതിനടിയില്‍?” എമാന്‍മാരുടെ ചോദ്യം.
“ഏയ് അവിടെ ഒന്നുമില്ല” എന്ന് പറഞ്ഞു ഞാന്‍ ആ പുതപ്പ് വലിച്ചെടുത്തു.
ഹണിബീ, മക്ഡൌവ്വത്സ്, കിങ്ഫിഷര്‍, സോഡ, ബിസ്‌ലേരി, ഗ്ലാസ്സ്, ഒഴിഞ്ഞ കുപ്പികള്‍, പാട്ടകള്‍...
“ഹെന്റെ രഘുവേട്ടാ...” ഞാന്‍ അറിയാതെ വിളിച്ചുപോയി.
“ഇതെന്താ ബാറോ? സ്പിരിറ്റില്‍ കളര്‍ മിക്സ് ചെയ്ത് കുപ്പിയിലാക്കിയാണല്ലേ ഇപ്പൊ കടത്ത്?” തലമൂത്ത ഒരേമാന്‍ അലറി.
************************************************
പ്ലാസ്റ്റിക് പൂക്കളൊട്ടിക്കാത്ത, മൂന്നു നിറത്തിലുള്ള റിബ്ബണ്‍ കെട്ടാത്ത, കുമാരന്‍ വെഡ്സ് കുമാരി എന്നെഴുതാത്ത, മുന്നിലും പിന്നിലും കാക്കി ഉടുപ്പിട്ട ഏമാന്മാര്‍ ഇരിക്കുന്ന കാര്‍ തോക്കേന്തിയ പൊലീസുകാരുടെ ഇടയിലൂടെ പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ചു കയറ്റുമ്പോള്‍ കുളിരുകോരാതെ തന്നെ ഞാന്‍ വിറയ്ക്കുന്നുണ്ടായിരുന്നു.
പാസഞ്ചേര്‍സ് യുവര്‍ അറ്റന്‍ഷന്‍ പ്ലീസ്...
Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍ ഓര്മ്മക്കുറിപ്പ്വിമാനം റണ്‍വേയില്‍ക്കൂടി മുന്നോട്ട് ഓടിത്തുടങ്ങി. അതിന്റെ വേഗത കൂടിക്കൊണ്ടിരുന്നു. പെട്ടെന്നു വിമാനത്തിനുള്ളിലെ വിളക്കുകളെല്ലാം അണഞ്ഞു. എന്‍. എല്‍.ബാലകൃഷ്ണന്‍ ഇന്ദ്രന്‍സിന്റെ ബൈക്കിന്റെ പിന്നില്‍ കയറിയാലെന്നപോലെ ചെറിയ ഒരു കുലുക്കത്തോടെ വിമാനത്തിന്റെ മുന്‍ചക്രം പൊങ്ങി.
പെട്ടെന്നു പിന്നോട്ടാഞ്ഞ ഞാന്‍ ചാടിപ്പിടിച്ചത് മുന്‍സീറ്റില്‍. പക്ഷേ, എന്റെ പേടി കൊണ്ടോ, അല്ലെങ്കില്‍ വിമാനം പൊങ്ങിയ സമയത്തായതുകൊണ്ട് ഗുരുത്വാകര്‍ഷണം ശരിക്കും വര്‍ക്ക് ചെയ്യാത്തതുകൊണ്ടോ, എനിക്കു ഗുരുത്വം ഇത്തിരി കുറവായതുകൊണ്ടോ മുന്‍സീറ്റില്‍ പിടിക്കാനാഞ്ഞ എന്റെ കൈ ഞാന്‍ ഉദ്ദേശിച്ചതിലും കുറച്ചു കൂടി മുന്നോട്ടു പോയാണ് പിടിച്ചത്.
“യൂ സ്കൌണ്ട്രല്‍, ട്രയിംഗ് റ്റു ടീസ് മീ? ഐ വില്‍ കാള്‍ ദ് പൊലീസ്, ഐ വില്‍ കാള്‍ ദ് പൊലീസ്!” ഒരു പെമ്പ്രന്നോത്തി ചാടിയെഴുന്നേറ്റ് എന്റെ നേരെ നോക്കി അലറാന്‍ തുടങ്ങി.
രണ്ടു മിനിറ്റിനുള്ളില്‍ എന്റെ ചുറ്റും ഒരു വലിയ ആള്‍ക്കൂട്ടം തന്നെ പ്രത്യക്ഷപ്പെട്ടു. അപ്പോഴേക്കും വിമാനം പൊക്കി ആകാശത്തുകൊണ്ടു പോയി ലംബമാക്കി വച്ചിട്ട്, ഇനിയതു തന്നേ ഓടിക്കൊള്ളും, അവിടെ കാണുന്ന സ്വിച്ചിലൊന്നും തൊടാതെ നോക്കിയിരുന്നാല്‍ മതി എന്നു കോ-പൈലറ്റിനെ ചട്ടം കെട്ടി പൈലറ്റും സംഭവസ്ഥലത്ത് ഓടിയെത്തി.
വീഴാന്‍ പോയപ്പൊ പിടിച്ചതാണെന്ന് എത്ര ആണയിട്ടു പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല. അവരെല്ലാം കൂടി ഉടനെ തന്നെ ഒരു പരാതി ഒക്കെ എഴുതിയുണ്ടാക്കി ആ പെമ്പ്രന്നോത്തിയെക്കൊണ്ട് ഒപ്പിടീപ്പിച്ച് അടുത്തു കാഴ്ചകാണാന്‍ നിന്ന രണ്ടു പേരെക്കൊണ്ട് സാക്ഷിയും ഒപ്പിടീപ്പിച്ചു വച്ചിട്ട് പൊലീസിനെ വിളിച്ചു. പൊലീസു വരുന്നതുവരെ ഞാന്‍ ചാടി പോവാതിരിക്കാനായി ഒന്നു രണ്ടു ചെറുപ്പക്കാര്‍ എന്റെയടുത്ത് ചുറ്റിപ്പറ്റി നില്‍ക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
കീയൂം കീയൂം കീയൂം കീയൂം....പൊലീസ് ജീപ്പിന്റെ സൈറണ്‍ ദൂരെ നിന്നും കേട്ടു തുടങ്ങി.
ഒരു മിനിറ്റ് കഴിഞ്ഞപ്പോള്‍ അതു നിലച്ചു.പത്തു സെക്കന്റ് കഴിഞ്ഞപ്പോള്‍ വീണ്ടും സൈറണ്‍. ഇത്തവണയും അത് ഒരു മിനിറ്റേ നീണ്ടു നിന്നുള്ളൂ. എന്തോ പന്തികേടു തോന്നി.
കീയൂം കീയൂം കീയൂം കീയൂം....ദേ വീണ്ടും. ഇത്തവണ കുറച്ചു കൂടി ഒന്നു ശ്രദ്ധിച്ചു നോക്കി. സംഗതി പിടികിട്ടി. എന്റെ സെല്‍ഫോണ്‍ മണിയടിക്കുന്ന ശബ്ദം!
ചാടിപ്പിടിച്ചു സെല്‍ഫോണ്‍ എടുത്തു ചെവിയില്‍ ചേര്‍ത്തു.
“ഇതു ഞാനാ. ഞാന്‍ ഇന്നങ്ങോട്ടു വരുന്നുണ്ട്.” മണിനാദത്തിനു പുറകേ ഒരു കിളിനാദം.
ഒരെണ്ണം നമ്മുടെ സീറ്റിന്റെ മുന്നില്‍ വന്നിരുന്നതിന്റെ കേട് മാറാതെ ഇങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് ദേ അടുത്തത്.
“അയ്യോ, ഇങ്ങോട്ടൊന്നും വരണ്ട. ഞാനിവിടെ ഇത്തിരി പ്രശ്നത്തിലാ.” ഞാന്‍ വളരെ പെട്ടെന്നു തന്നെ സമചിത്തത കൈവരിച്ചു.
“ഈ കൊച്ചുവെളുപ്പാന്‍ കാലത്ത് എന്തു പ്രശ്നം? മൂടിപ്പുതച്ചുകിടന്നായിരിക്കുമല്ലോ പ്രശ്നം സോള്‍വ് ചെയ്യുന്നത്?” ഉടനെ റിപ്ലേ വന്നു.
“ഞാനിവിടെ ഒരു പെണ്ണുകേസില്‍ പെട്ടിരിക്കുകയാ. പൊലീസ് ഇപ്പൊ വരും.” പറഞ്ഞു തീര്‍ന്നതും സീറ്റ് ബെല്‍റ്റ് ഊരിമാറ്റാന്‍ ഞന്‍ ഒരു ശ്രമം നടത്തി. പക്ഷേ നല്ല ബലമുള്ള ആ ബെല്‍റ്റ് എന്റെ നെഞ്ചിനു കുറുകേ ഒരു ചലനവും ഇല്ലാതെ ഇരിക്കുന്നു. ഞാന്‍ കുറച്ചു ബലം പ്രയോഗിച്ചു അതു ഒന്നു പൊക്കി. പക്ഷെ അതിന്റെ ഭാരം ഒറ്റക്കൈയ്യില്‍ താങ്ങാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഞാന്‍ ഒരു സെക്കന്റ് കയ്യൊന്നു വിട്ടു.
“എന്റമ്മോ....”
“എന്റള്ളോ...”
“അയ്യോ....”
മൂന്നു കരച്ചില്‍ ഞാന്‍ വ്യക്തമായി കേട്ടു. ആദ്യത്തേത്, പൊക്കിയ സീറ്റ് ബെല്‍റ്റ് തിരിച്ചു വന്നു എന്റെ നെഞ്ചത്ത് വീണപ്പോള്‍ ഞാന്‍ കരഞ്ഞുകൊണ്ട് ചാടിയെഴുന്നേറ്റത്. രണ്ടാമത്തേത്, ഞാന്‍ ചാടിയെഴുന്നേറ്റപ്പോള്‍ എന്റെ നെഞ്ചിനു കുറുകെ കാലു വച്ച് സുഖമായിക്കിടന്നുറങ്ങിയിരുന്ന ഷാനവാസ് കട്ടിലില്‍ നിന്നും തലയിടിച്ചു താഴെ വീണപ്പോള്‍ അലറിക്കരഞ്ഞത്. മൂന്നാമത്തേത് രണ്ട് അലര്‍ച്ച കേട്ട് പേടിച്ച് ഫോണിന്റെ മറ്റേത്തലയ്ക്കല്‍ നിന്നും വന്ന സ്ത്രീശബ്ദത്തിലുള്ള കരച്ചില്‍.
കൈയ്യില്‍ നിന്നും തെറിച്ചു പോയ ഫോണ്‍ തപ്പിപ്പിടിച്ചെടുത്ത് ചെവിയില്‍ വെയ്ക്കുമ്പോള്‍ ഡിസ്പ്ലേയില്‍ നോക്കി ആരാണെന്ന് ഉറപ്പുവരുത്തി.
“ഞാന്‍ ഒരു സ്വപ്നം കണ്ടതായിരുന്നു.” തെല്ലു ജാള്യതയോടെ ഞാന്‍ പറഞ്ഞു.
“അതു തന്നെ. കാണുമ്പോള്‍ മിനിമം പെണ്‍വാണിഭമെങ്കിലും കാണണം. അതു മാത്രമേയുള്ളല്ലോ ചിന്ത.” അങ്ങേതലയ്ക്കല്‍ നിന്നും കത്തിക്കയറാന്‍ തുടങ്ങി.
“അയ്യോ, ഒന്നു ക്ഷമീ...നീ വിളിച്ച കാര്യം പറ.”
“ഡാ, ഞാന്‍ നാളെ അങ്ങോട്ടു വരുന്നു. ഓഫീസില്‍ നിന്ന് കുറച്ചു പേപ്പേര്‍സ് കളക്ട് ചെയ്യാനുണ്ട്. നീ എന്നെ നാളെ രാവിലെ മഡിവാളയില്‍ നിന്നും ഒന്നു പിക്ക് ചെയ്യണം, എന്നിട്ട് വൈകിട്ട് എനിക്ക് മുംബൈക്ക് ഒരു ടിക്കറ്റ് ബുക്ക് ചെയ്തു വെക്കണം. ഏതെങ്കിലും നൈറ്റ് ഫ്ലൈറ്റ് മതി. അതാവുമ്പോള്‍ ചീപ്പ് ആയിരിക്കും.” ഒറ്റശ്വാസത്തില്‍ ബിന്ദു പറഞ്ഞു തീര്‍ത്തു.
ബിന്ദു എന്റെ ആത്മാര്‍ത്ഥ സുഹൃത്ത് ആയതുകൊണ്ടും, വളരെ നാളുകള്‍ പലസ്ഥലങ്ങളിലായി അലഞ്ഞു നടന്ന എന്നെ ബാംഗ്ലൂര്‍ കൂട്ടിക്കൊണ്ടു വന്ന് ഒരു ജോലി കിട്ടുന്നതുവരെ എന്റെ സര്‍വത്ര ചിലവും വഹിച്ച് എന്നെ സഹിച്ച് ക്ഷീണിച്ച ഒരു ജന്തു ആയതുകൊണ്ടും, ആ ഫ്ലൈറ്റിലെ പെണ്‍വാണിഭക്കേസില്‍ നിന്നും എന്നെ രക്ഷിച്ചതുകൊണ്ടും കൂടുതല്‍ ഒന്നും ചോദിക്കാനും പറയാനും നില്‍ക്കാതെ തലയും കുലുക്കി സമ്മതിച്ച് തലയും തടവി ഇരിക്കുന്ന ഷാനവാസിനെ നോക്കി ഒരു പുച്ഛചിരിയും പാസാക്കി ഒരു മൂളിപ്പാട്ടും പാടി ബാത്ത് റൂമിലേക്ക് കയറി.
അന്ന് ഓഫീസില്‍ ചെന്ന ഉടനെ തന്നെ സുഹൃത്തിന്റെ ട്രാവല്‍ ഏജന്‍സിയില്‍ വിളിച്ചു ടിക്കറ്റിന്റെ കാര്യം പറഞ്ഞു. രാത്രി ഫ്ലൈറ്റ് മതി എന്നുള്ള കാര്യം പ്രത്യേകം ഓര്‍മ്മിപ്പിക്കാനും മറന്നില്ല.
ഉച്ചഭക്ഷണസമയത്ത് സുഹൃത്ത് വിളിച്ച് രാത്രി 8.30 നു ഉള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ടിക്കറ്റ് ഉണ്ടെന്നും നാലായിരത്തി അഞ്ഞൂറ് രൂപയാവും എന്നും പറഞ്ഞപ്പോള്‍ കൂടുതല്‍ ഒന്നും ആലോചിക്കാന്‍ നിന്നില്ല. ബുക്ക് ചെയ്ത് ടിക്കറ്റ് ആരുടെയെങ്കിലും കൈയ്യില്‍ ഓഫീസിലേക്ക് കൊടുത്തുവിടാന്‍ പറഞ്ഞിട്ട് പള്ളനിറപ്പിലേക്ക് ശ്രദ്ധതിരിച്ചു.
മൂന്നുമണിക്ക് വീക്കിലി സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ അവസാനമിനുക്കു പണികള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ വീണ്ടും സൈറണ്‍ കേട്ടു തുടങ്ങി. കീയൂം കീയൂം കീയൂം....
രണ്ടായിരത്തി അഞ്ഞൂറ് രൂപയ്ക്ക് പതിനൊന്നു പത്തിനു ഒരു വിമാനമുണ്ടത്രേ. ബിന്ദുവിനെ വിളിച്ചു, കണ്‍ഫേം ചെയ്യാന്‍.
“നിനക്ക് എന്നെ എയര്‍പ്പോര്‍ട്ടില്‍ ഡ്രോപ്പ് ചെയ്യാന്‍ പറ്റുമെങ്കില്‍ ബുക്ക് ചെയ്തോ.” അവള്‍ നയം വ്യക്തമാക്കി.
ആഹാ.. എന്തൊരു വിശാലമനസ്കത. എന്തായാലും സുഹൃത്തിനെ വിളിച്ച് പതിനൊന്നു പത്തിന്റെ വിമാനത്തിന് ഓക്കെ പറഞ്ഞു. അരമണിക്കൂറിനുള്ളില്‍ ടിക്കറ്റും കൊടുത്ത് ഒരു പയ്യനെ വിട്ടു അവന്‍. ടിക്കറ്റ് നോക്കി എല്ലാം ശരിയാണെന്ന് ഉറപ്പുവരുത്തി.
പിറ്റേന്ന് കാലത്ത് ബിന്ദു പറഞ്ഞ സമയത്ത്, പറഞ്ഞ സ്ഥലത്ത് ലാന്‍ഡ് ചെയ്തു. അവിടെ നിന്നു പിക്ക് ചെയ്ത് ഒരു വര്‍ഷം മുന്‍പ് അവള്‍ താമസിച്ചിരുന്ന ഹോസ്റ്റലില്‍ വിട്ടു, വൈകിട്ട് എട്ട് മണിക്ക് കാണാമെന്നുള്ള ഉറപ്പും നല്‍കി.
വൈകിട്ട് എട്ടു മണിക്ക് കോറമംഗല ഫോര്‍ത്ത് ബ്ലോക്കില്‍ നിന്നും ബിന്ദുവിനെ പൊക്കി മാര്‍ത്തഹള്ളിയില്‍ അത്യാവശ്യം ഷോപ്പിങ് ഒക്കെ നടത്തി മല്ലേഷ്‌പാളയത്തുള്ള പുതിയ മലയാളി ഹോട്ടലില്‍ നിന്നും ഭക്ഷണവും കഴിച്ച് ഇറങ്ങി ഞാനൊരേമ്പക്കം വിട്ടു.
“കഴിച്ചു കഴിഞ്ഞപ്പൊ തലയ്ക്ക് ആകെയൊരു മന്ദഹാസം.” ബിന്ദു ഒരു പ്രസ്താവനയിറക്കി.
തമിഴ്‌നാട്ടില്‍ പഠിച്ച ആ മഹതിയോട് മലയാളത്തിലെ കട്ടി വാക്കുകള്‍ ഒന്നും ഉപയോഗിക്കരുത് എന്നു ഞാന്‍ പല പ്രാവശ്യം പറഞ്ഞിട്ടുള്ളതാണ്.
“തലയ്ക്ക് എന്തോന്ന്?” ഞാന്‍ വളരെ നിഷ്ക്കളങ്കമായി തന്നെ ചോദിച്ചു പോയി.
കൃത്യം പത്തുമണിക്കു തന്നെ ഞങ്ങള്‍ എയര്‍പ്പോര്‍ട്ടില്‍ എത്തി. ഭാഗ്യം, ഇതുവരെ അനൌണ്‍സ് ചെയ്തിട്ടില്ല. ഇനിയും സമയം ഉണ്ട്. പതിനൊന്നു പത്തിനുള്ള വിമാനം ആവുമ്പോള്‍ പത്ത് പത്തിനു അനൌണ്‍സ് ചെയ്യുമായിരിക്കും.
പത്തു മിനിറ്റ് കാത്തിരുന്നിട്ടും ഫ്ലൈറ്റ് അനൌണ്‍സ് ചെയ്യുന്ന ലക്ഷണമൊന്നും കാണുന്നില്ല. എന്നാല്‍ പിന്നെ ഒന്നു അന്വേഷിച്ചേക്കാം എന്നു കരുതി.
എയര്‍പോര്‍ട്ട് പരിസരത്തെ കമ്പ്ലീറ്റ് എയറും വലിച്ചു പിടിച്ച് നില്‍ക്കുന്ന സെക്യൂരിറ്റി ചേട്ടനോട് ചെന്നു പതുക്കെ ചോദിച്ചു:
“സാബ്, ഇന്ത്യന്‍ എയര്‍ലൈന്‍സ് മുംബൈ ഫ്ലൈറ്റ് ചെക്കിന്‍ സ്റ്റാര്‍ട്ടഡ്?”
“തേര്‍ ഈസ് നോ ഡൊമസ്റ്റിക് ഫ്ലൈറ്റ്സ് ആഫ്റ്റര്‍ ഇലവണ്‍ പി.എം.” ഹാവൂ സമാധാനമായി. ഇനിയും സമയമുണ്ടല്ലോ.
“അയ്യോ... എന്താ ചേട്ടാ പറഞ്ഞത്?” വായില്‍ നിന്നും അറിയാതെ വന്നത് മലയാളം!
“ഇന്നിനി മുംബൈലേക്ക് വിമാനമൊന്നുമില്ല. ഇനി നാളെ രാവിലെ ഏഴരയ്ക്കാണ് അടുത്ത ഫ്ലൈറ്റ്.” ദേ ചേട്ടനും മലയാളത്തില്‍!
കുറച്ചുമാറി ഞങ്ങളുടെ സംസാരം തന്നെ നോക്കി നില്‍ക്കുന്ന ബിന്ദു. ഇനി ഞാന്‍ അവളോട് എന്തു പറയും?
ഓടിച്ചെന്ന് ബിന്ദുവിന്റെ കയ്യില്‍ നിന്നും ടിക്കറ്റ് വാങ്ങി നോക്കി. അതില്‍ നല്ല വ്യക്തമായി 11.10 എന്നു പ്രിന്റ് ചെയ്തിട്ടുണ്ട്.
“എന്താ? എന്തു പറ്റി?” ബിന്ദു ടെന്‍ഷനായി.
“ഒന്നുമില്ല, നാളെ രാവിലെ പോയാല്‍ മതിയോ?” ഞാന്‍ വിവശനായി ചോദിച്ചു.
“ദേ, അനാവശ്യം പറയരുത്. കൊല്ലും നിന്നെ ഞാന്‍.” അവള്‍ ചൂടായിത്തുടങ്ങി.
“അല്ല, വിമാനം രാവിലെ തന്നെ പോയി. രാവിലെ 11.10 നായിരുന്നു. രാത്രിയാണെങ്കില്‍ 23.10 എന്നായിരുന്നു ടിക്കറ്റില്‍ ഉണ്ടാവേണ്ടത്. രാത്രി ഫ്ലൈറ്റ് എന്നു പറഞ്ഞു ബുക്ക് ചെയ്തതുകൊണ്ട്, ഞാന്‍ അതിനെക്കുറിച്ചോര്‍ത്തില്ല. ആ ഏജന്റ് ആണെങ്കില്‍ പകല്‍ പതിനൊന്ന് പത്ത് എന്നു പറഞ്ഞുമില്ല. സോറി” ഞാന്‍ കരയുന്ന പരുവത്തിലായിരുന്നു.
“നിന്നെ ഏല്‍പ്പിച്ചപ്പോഴേ എനിക്കു തോന്നി ഇതു കുളമാവുമെന്ന്.” അവിടെ പോയി എയര്‍ ഇന്ത്യയുടെ കണക്ഷന്‍ ഫ്ലൈറ്റ്സ് വല്ലതും ഉണ്ടോ എന്നു നോക്ക്, വാ പൊളിച്ചു നില്‍ക്കാതെ.”
എയര്‍ ഇന്ത്യയുടെ കൌണ്ടറില്‍പ്പോയി അന്വേഷിച്ചപ്പോള്‍ എല്ലാ ഫ്ലൈറ്റും ഫുള്‍. ഇനി എന്തു ചെയ്യും എന്നറിയാതെ ഇതികര്‍ത്തവ്യമൂഡനായി നില്‍ക്കുന്ന എന്നെ നോക്കി;
“നീ ദേ ആ തൂണ് എടുത്തോ, ഞാന്‍ ഇതു എടുത്തു, ചാരിയിരുന്നു ഉറങ്ങിക്കോ.” എന്നു പറഞ്ഞു അവള്‍ പോയി ഒരു തൂണും ചാരിയിരുന്നു ഉറങ്ങിത്തുടങ്ങി.
ബാംഗ്ലൂര്‍ എയര്‍പ്പോര്‍ട്ടില്‍ നിയോണ്‍ വിളക്കുകളുടെ താഴെ, ഇന്റര്‍നാഷണല്‍ ടെര്‍മിനലിലെ തിക്കും തിരക്കുമൊക്കെ കണ്ട് കുറച്ചു ബോറടിച്ചപ്പോള്‍ ഒരു തണുത്ത കാറ്റിന്റെ തലോടലില്‍ അറിയാതെ ഉറങ്ങിപ്പോയി. പണ്ട് കസ്റ്റമര്‍ സപ്പോര്‍ട്ടില്‍ ജോലി ചെയ്തുകൊണ്ടിരുന്നപ്പോള്‍ കൊട്ടാരക്കര, കൊല്ലം ബസ്‌സ്റ്റാന്റുകളിലും ചെങ്ങന്നൂര്‍, തിരുവല്ല റെയില്‍വേസ്റ്റേഷനിലും ഒക്കെ ഇരുന്നു നേരം വെളുപ്പിച്ചെടുത്ത ദിനങ്ങള്‍ ഞാന്‍ ഓര്‍ത്തുപോയി.
രാവിലെ ഏഴു മുപ്പത്തിയഞ്ചിന്റെ മുംബൈ ഫ്ലൈറ്റില്‍ ബിന്ദുവിനെ യാത്രയാക്കിയ ശേഷം തിരിച്ചു റൂമിലെത്തിയപ്പോഴേക്കും ബിന്ദുവിനെ വിളിച്ച് സംഭവം മുഴുവന്‍ മനസ്സിലാക്കിയ ഷാനവാസും കൂട്ടരും ഒരു വലിയ തിരക്കഥയൊരുക്കി കാത്തിരിക്കുന്നുണ്ടായിരുന്നു.