റ്റ്വന്റി 20

Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍ ,

അപ്പൂപ്പന്റെ കാലന്‍ കുടയുമെടുത്ത് രാവിലെ വീട്ടില്‍ നിന്നറിങ്ങിയപ്പൊ മഴയൊന്നുമുണ്ടായിരുന്നില്ല. അമ്മ പിറകില്‍ നിന്നും വിളിച്ചു ചോദിച്ചതുമാണ് എങ്ങൊട്ടാ രാവിലെ സര്‍ക്കീട്ടെന്ന്. ക്രിക്കറ്റ് കളിക്കാന്‍ എന്നു വിളിച്ചു പറഞ്ഞപ്പൊ ചേച്ചിയുടെ വക പരിഹാസം.

“പിന്നെ, ഇപ്പൊ ബാറ്റിനു പകരം കുട വച്ചല്ലേ ക്രിക്കറ്റ് കളിക്കുന്നത്.”

കേട്ടില്ല എന്നു നടിച്ച് നടപ്പിനു വേഗം കൂട്ടി. ഇന്നു ഫൈനല്‍ മത്സരമാണ്. 250 രൂപയാണ് കിട്ടുന്നത്. അതും കൊണ്ട് എഴുകോണ്‍ തിരുവോണം റെസ്റ്റോറന്റില്‍ പെമ്പിള്ളേര്‍ സപ്ലൈ ചെയ്യുന്ന പൊറോട്ടയും ചായയും കഴിച്ചിട്ട് അധികം വൈക്കുന്നതിനു മുന്പ് തിരിച്ചെത്തണം. കഞ്ഞി കുടിച്ച് കിടന്നുറങ്ങാനുള്ളതാണ്.

നടപ്പിനു വേഗം കൂടുതാലായതുകൊണ്ട് അരമണിക്കൂറിനകം ഗ്രൌണ്ടിലെത്തി. കളി തുടങ്ങിയിട്ടില്ല. ഭാഗ്യം. കുട ഒരു മരത്തില്‍ ചാരി വച്ചിട്ട് രണ്ട് വട്ടയില പറിച്ച് തറയില്‍ വിരിച്ച് ചമ്രം പടിഞ്ഞിരുന്നു. ഇനിയിപ്പൊ വിശാലമായി കളി കാണാമല്ലോ.

ഞാന്‍ ബാറ്റു വീശിയാല്‍ പന്തില്‍ കൊള്ളാത്തതാണോ അതോ പന്ത് ബാറ്റിന്റെ കാറ്റുകൊണ്ട് ദിശ മാറി പോകുന്നതാണോ എന്നറിയില്ല, അന്നുവരെ എനിക്കു പന്തില്‍ ബാറ്റുകൊള്ളിക്കാന്‍ കഴിഞ്ഞിട്ടില്ല. ബൌള്‍ ചെയ്യാന്‍ തുടങ്ങിയാല്‍ അമ്പയര്‍ ഒരോവര്‍ മുഴുവന്‍ കുരിശില്‍ തറച്ച പോലെ കൈകള്‍ വിടര്‍ത്തി നില്‍ക്കേണ്ടി വരുന്നതുകൊണ്ടും വിക്കറ്റ് കീപ്പറുടെ അപ്പുറത്തും ഇപ്പുറത്തും ഒരോരുത്തരെ നിര്‍ത്തേണ്ടി വരുന്നതുകൊണ്ടും എനിക്കു ആ മേഖലയിലും തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഫീല്‍ഡിംഗാണെങ്കില്‍ സ്ലിപ് എന്നാല്‍ പന്ത് കൈയ്യില്‍ നിന്നും സ്ലിപ് ആയി പോവേണ്ട പൊസിഷനാണെന്നും, ലോങ്ങ് ഓഫ് എന്നാല്‍ കുറെ നേരം ഓഫായി നില്‍ക്കേണ്ട പൊസിഷനാണെന്നുമുള്ള തെറ്റിദ്ധാരണ എനിക്കുള്ളതിനാല്‍ അവിടെയും ക്ലച്ച് പിടിക്കാന്‍ കഴിഞ്ഞിട്ടില്ല.

ചുരുക്കത്തില്‍, ആമ്പിള്ളേര്‍ കളിക്കുന്ന സ്ഥലത്ത് വട്ടയില വിരിച്ചിട്ടിരുന്ന് കളിയുടെ പല സാങ്കേതിക വശങ്ങളേയും അവലോകനം ചെയ്ത്, സമ്മാനം കിട്ടുന്ന കാശുകൊണ്ട് ഭേഷായിട്ട് പുട്ടടിക്കാന്‍ കൂടി, വീട്ടില്‍ ചെന്ന് നാലു സിക്സ്, പത്ത് ഫോറ്, അഞ്ച് വിക്കറ്റ് എന്നൊക്കെ വീമ്പു പറഞ്ഞ് മോന്‍ കപില്‍ ദേവാവുന്നതും സ്വപ്നം കണ്ടുറങ്ങുന്ന അമ്മയെ പറ്റിക്കുക എന്നുള്ളതാണ് ക്രിക്കറ്റ് എന്നാല്‍ എനിക്ക്.

അപ്പൊ പറഞ്ഞു വന്നത്...അങ്ങനെ തിരുവോണത്തിലെ പൊറോട്ടയും സ്വപ്നം കണ്ട് വട്ടയിലയില്‍ കളി കാണാന്‍ ഇരുന്ന എന്റെ ചങ്കിനിട്ട് ചവിട്ടുന്നതുപോലെയാണ് ബിനു ആ തീരുമാനം പ്രഖ്യാപിച്ചത്.

“ജിജോ ഇന്നു കളിക്കാന്‍ വരുന്നില്ല. നമുക്ക് പത്തു പേരെ ഉള്ളൂ. ദിലീപ് കളിക്കട്ടെ.”

ദിലീപ് കൂടെ നിക്കട്ടെ എന്നായിരുന്നു പറഞ്ഞിരുന്നെങ്കില്‍ എനിക്ക് ഇത്രയും ഞെട്ടല്‍ ഉണ്ടാവേണ്ട കാര്യം ഇല്ലായിരുന്നു. ഇതിപ്പൊ കളിക്കട്ടെ എന്നൊക്കെ പറയുമ്പോള്‍, അതും ഈ കളി എനിക്കത്ര വഴങ്ങുന്ന ഒരു ഐറ്റമല്ല എന്നു അറിയാവുന്ന ബിനു തന്നെ അങ്ങനെ പറയുമ്പോള്‍...കുട്ടിമാമാ. ഞാന്‍ ഞെട്ടി മാമാ...

ഗ്രൌണ്ടിന്റെ കിഴക്കേമൂലയില്‍ പന്ത് അബദ്ധത്തില്‍ പോലും, അതും ഉരുണ്ടുപോലും വരാത്ത ഒരു പ്രാന്തപ്രദേശത്ത് എന്നെ കൊണ്ട് പ്രതിഷ്ഠിച്ചിട്ട് ബിനു പറഞ്ഞത് ഒരെയൊരു കാര്യം മാത്രം..

“ജീവനുണ്ടെങ്കില്‍ ഒരു പന്ത് പോലും വിടരുത്.“

ഇതിലും നല്ലത് നിന്ന നില്‍പ്പില്‍ ജീവന്‍ അങ്ങ് പോകുന്നതാ എന്നു പറയണമെന്നു തോന്നിയെങ്കിലും അപ്പൊ ഫ്രഷ് ആയിട്ടുണ്ടായ സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റില്‍ ആ തീരുമാനം ഉപേക്ഷിച്ചു.

കളി തുടങ്ങി. അന്നേവരെ പന്ത് പോകാന്‍ മടിച്ചിരുന്ന കിഴക്കേ മൂലയില്‍ക്കൂടി പതിനാറു പ്രാവശ്യം പന്ത് നെടുകെയും കുറുകെയും വച്ച എന്റെ കയ്യോ കാലോ വകവെയ്ക്കാതെ ബൌണ്ടറി ലൈന്‍ കടന്നു പോവുകയും ചെയ്തു.

ഇടയ്ക്കിടെ ബിനുവിന്റെ നോട്ടം കണ്ടപ്പോള്‍ കളി കഴിയട്ടെടാ നിന്നെ ഇന്നു കുറെ പൊറോട്ട തീറ്റിക്കാം എന്നൊരു ധ്വനി ഉണ്ടെന്നു തോന്നിച്ചെങ്കിലും സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റ് വീണ്ടും എന്റെ രക്ഷയ്ക്കെത്തി.

ഞങ്ങളുടെ ടീം ബാറ്റിംഗ് തുടങ്ങിയപ്പോള്‍ മുതല്‍ ആകെയുള്ള പ്രാര്‍ത്ഥന ഒന്‍പത് വിക്കറ്റില്‍ കൂടുതല്‍ വീഴല്ലേ എന്നായിരുന്നു. ടീം ജയിച്ചു കാണാനും പൊറോട്ട തിന്നാനും ഒക്കെ ആഗ്രഹമുണ്ടെങ്കിലും അതിലേറെ ആ ഗ്രൌണ്ടിന്റെ നടുക്ക് ഒരു ബാറ്റും പിടിച്ച് ഞാന്‍ നില്‍ക്കുന്നത് സങ്കല്‍പ്പിക്കാനുള്ള കെല്‍പ്പ് എനിക്കുണ്ടായിരുന്നില്ല.

ടീമില്‍ അത്യാവശ്യം കളി അറിയാവുന്നവര്‍ ഉണ്ടായിരുന്നത് കൊണ്ട് കളി തീരാന്‍ ഒരോവര്‍ ബാക്കി നില്‍ക്കെ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ ജയിക്കാന്‍ മൂന്നു റണ്‍സ് എന്ന നിലയില്‍ വന്നെത്തി. ഇനിയിപ്പൊ പേടിക്കാനൊന്നുമില്ല എന്നെനിക്ക് ഉറപ്പായി. മൂന്നു റണ്‍സല്ലേ, അതിവന്മാര്‍ പുട്ടു പോലെ അടിച്ചെടുക്കും. എന്റെ ചിന്ത വീണ്ടും പൊറോട്ടയിലേക്കും സപ്ലൈയര്‍മാരിലേക്കും പോയി.

ഒരു അലര്‍ച്ച കേട്ട് നോക്കുമ്പോള്‍ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു. അവസാന ഓവറിന്റെ ആദ്യ പന്തില്‍ മിഡില്‍ സ്റ്റമ്പ് തെറിച്ച നമ്മുടെ ഒന്പതാമത്തെ ബാറ്റ്സ്മാന്‍ അതാ തലകുനിച്ച് പവലിയനിലേക്ക് മടങ്ങുന്നു. പത്താമത്തെ ബാറ്റ്സ്മാന്‍ എതിര്‍ടീമംഗങ്ങളുടെ പരിഹാസശരങ്ങളേറ്റ് ഗ്രൌണ്ടിനു നടുവില്‍.

ആ രംഗം ഇപ്പൊഴോര്‍ക്കുമ്പോള്‍ നടുങ്ങുന്നു മാനസം എന്നു വയലാര്‍ പാടിയത് പോലെ വായും പൊളിച്ച് ഇരിക്കുന്ന എന്നോട് ബിനു ഒരു ഡയലോഗ് കാച്ചി.

“എന്തുവാ വായും പൊളിച്ച് ഇരിക്കുന്നത്? ബാറ്റും എടുത്തോണ്ട് ചെല്ല്. പത്തറുപത്തിനാലു റണ്‍സ് ദാനം കൊടുത്തതല്ലേ ഒരു റണ്‍ എങ്കിലും എടുത്ത് മറ്റേയാള്‍ക്ക് സ്റ്റ്രൈക്ക് കൊട്. ബാക്കി അവന്‍ നോക്കികൊള്ളും.“

എന്റെ അഭിമാനത്തിന്റെ മേല്‍ പാരഗണ്‍ ചെരിപ്പിട്ട് ചവിട്ടിയ ഒരു ഫീലിംഗ് കിട്ടിയപ്പൊ പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല. ബാറ്റും എടുത്ത് ഒരു ധീരയോദ്ധാവിനെപ്പോലെ നടന്നു. നടക്കുമ്പോള്‍ വീരമണിയുടെ കാലുകൊണ്ട് പെരുക്കുന്ന വലിയ ചെണ്ടയുടെ മുഴക്കം എന്റെ നെഞ്ചിന്‍കൂട്ടില്‍ നിന്നും കേള്‍ക്കാമായിരുന്നു.

എന്റെ ബാറ്റ് ബാള്‍ തിയറി വര്‍ക്ക് ചെയ്യാന്‍ തുടങ്ങി. ആദ്യത്തെ രണ്ടു പന്തുകള്‍ ബാറ്റിനു ഒരു ശല്യവുമുണ്ടാക്കാതെ വിക്കറ്റ് കീപ്പറുടെ കയ്യില്‍ സുരക്ഷിതം.

നാലാമത്തെ പന്തിനു മുന്‍പ് നോണ്‍ സ്റ്റ്രൈക്കര്‍ എന്‍ഡില്‍ നിന്നും സന്തോഷ് എന്നെ വിളിച്ചു.

“നീ പന്തു വരുമ്പോള്‍ കണ്ണടയ്ക്കുന്നു. പന്തില്‍ തന്നെ നോക്കണം. അപ്പൊ ബാറ്റില്‍ കണക്ഷന്‍ കിട്ടും.”

പിന്നെ, പന്ത് ബാറ്റില്‍ കണക്റ്റ് ചെയ്ത് വച്ചിട്ട് ഇവിടെ കറന്റ് ഉണ്ടാക്കാന്‍ പോകുവല്ലേ. ഒന്നു പോടെറുക്കാ...ഞാന്‍ ഇതൊക്കെ കുറെ കണ്ടതാ. മനസ്സില്‍ പറഞ്ഞിട്ട് അടുത്ത പന്ത് നേരിടാന്‍ തയ്യാറായി.

ബൌളര്‍ പന്തെറിഞ്ഞതും ഞാന്‍ ക്രീസില്‍ നിന്നും ഓടിയിറങ്ങിയതും ഒരുമിച്ച്. ഓടിയിറങ്ങിയപ്പോള്‍ പന്തിനെ ആക്രമിക്കാന്‍ പൊക്കിയ ബാറ്റില്‍ തട്ടി ബാറ്റും ഞാനും താഴെ. പന്ത് എന്റെ അടിയിലായതു കാരണം കീപ്പര്‍ക്കു അതെടുത്ത് സ്റ്റമ്പ് ചെയ്യാനുള്ള അവസരം കിട്ടിയില്ല.

രണ്ട് പന്തില്‍ നിന്നും മൂന്നു റണ്‍സ്. എന്റെ ഉത്തരവാദിത്വത്തിന്റെ ഭാരമേറി.

അഞ്ചാമത്തെ പന്ത് ഞാന്‍ ബാറ്റ് പൊക്കുന്നതിനു മുന്‍പ് തന്നെ എന്നെ കടന്നു പോയിരുന്നു. എന്റെ കുറ്റമല്ല എന്നു സമാധാനിച്ച് ഞാന്‍ പയറുപോലെ ക്രീസില്‍ നിന്നു.

അവസാന പന്ത് എറിയാന്‍ ബൌളര്‍ റെഡി. എന്റെ മികവാര്‍ന്ന പ്രകടനം കണ്ടിട്ടാവണം എലിക്കു ചുറ്റും പൂച്ചകള്‍ കൂ‍ടുന്നതുപോലെ ഫീല്‍ഡര്‍മാര്‍ എനിക്കു ചുറ്റും അടുത്തുകൂടി.

ബൌളര്‍ പന്തെറിയുന്നത് ഞാന്‍ കണ്ടു. പക്ഷെ അതു ഏതു ദിശയില്‍ പോവും എന്നു നോക്കാനുള്ള ശേഷി എനിക്കില്ലായിരുന്നു. കണ്ണുകള്‍ ഇറുക്കെയടച്ച് ഞാന്‍ സര്‍വ്വശക്തിയുമെടുത്ത് ബാറ്റ് വീശി.

കണ്ണ് തുറന്നു നോക്കിയ ഞാന്‍ ആദ്യം കണ്ടതു ഗ്രൌണ്ടിനു പുറത്തു നിന്ന എന്റെ ടീമംഗങ്ങള്‍ എല്ലാവരും കൂടി ബാറ്റുമൊക്കെ പൊക്കി എന്റെ നേരെ ഓടി വരുന്നതാണ്. അടി വീണു എന്നുറപ്പായ ആ നിമിഷം ഞാന്‍ ഒരു തീരുമാനമെടുത്തു. ഇനി ക്രിക്കറ്റ് ബാറ്റ് കൈകൊണ്ട് തൊടില്ല.

ബാറ്റ് താഴെയിട്ട് ഓടണോ അതൊ ബാറ്റു കൊണ്ട് അക്രമത്തെ നേരിടണോ എന്നു ചിന്തിക്കാന്‍ ഒരു സെക്കന്റ് എടുത്തു. അപ്പോഴേക്കും ജനക്കൂട്ടം എന്റെ അടുത്തെത്തിയിരുന്നു.

ഓടാന്‍ തീരുമാനിച്ച എന്റെ കാലുകള്‍ ഭൂമിയില്‍ നിന്നും പൊങ്ങി പോവുന്നത് മനസ്സിലാക്കാന്‍ അധിക നേരം വേണ്ടി വന്നില്ല. കാലുകള്‍ മാത്രമല്ല, ഞാന്‍ മൊത്തത്തില്‍ തറയില്‍ നിന്നും ഒരു ആറടി പൊക്കത്തിലാണെന്നു ഉടനെ തന്നെ എനിക്ക് മനസ്സിലായി.

താഴെ വീഴുന്നതിനു മുന്‍പു വീണ്ടും അവരെല്ലാം കൂടി എന്നെപ്പിടിച്ചു മുകളിലേക്കെറിഞ്ഞു. അങ്ങനെ അങ്ങനെ നാലഞ്ചു പ്രാവശ്യം ചെയ്തു മടുത്തപ്പോള്‍ അഞ്ചാമത്തെ പ്രാവശ്യം ലാന്‍ഡ് ചെയ്യാന്‍ വന്ന എന്നെ സ്വീകരിക്കാന്‍ ആളുണ്ടായില്ല.

നടു ഇടിച്ചു താഴെ വീണ എന്നെ പിടിച്ചെഴുന്നേല്‍പ്പിച്ചു ബിനു പറഞ്ഞു.

“നമ്മള്‍ കളി ജയിച്ചെടാ...”

“അതെന്ത്? മൂന്നു റണ്‍സ് അവര്‍ എഴുതിത്തള്ളിയോ?” ചോദിച്ചുപോയതാണ്.

“നിന്റെ ആ കവര്‍ ഡ്രൈവ്. കിടിലന്‍ ഷോട്ട്.”

“എതു ഷോട്ട്? എഹ്? ഓഹ്.. അതോ...അതൊക്കെ വെറും പിള്ളേരുകളി.” അപ്പൊ ഈ കണ്ണ് കവര്‍ ചെയ്തു അടിക്കുന്ന ഷോട്ടിനെയാണോ കവര്‍ ഡ്രൈവ് എന്ന് പറയുന്നത് എന്ന് ചോദിക്കാന്‍ അഭിമാനം അനുവദിച്ചില്ല.

ഞാനാണു താരം എന്ന്‍ പിടികിട്ടാന്‍ സ്വല്പം വൈകി, ആ ലാസ്റ്റ് പന്ത് ബാറ്റില്‍ കൊണ്ടു എന്നു മനസ്സിലാക്കാനും...

“അതു ഫോറ് പോവുമെന്ന് ഞാനൊട്ടും പ്രതീക്ഷിച്ചില്ല.” ബിനുവിന് അപ്പോഴും അത്ഭുതം.

“ഞാനേ പ്രതീക്ഷിച്ചില്ല, പിന്നയല്ലേ.” ആതമഗതം!


വാല്‍കക്ഷണം: ഹര്‍ഭജന്‍ സിംഗ് ഏഷ്യാകപ്പില്‍ സിക്സ് അടിച്ചു കളി ജയിപ്പിച്ചതും, സോക്കര്‍ വേള്‍ഡ്കപ്പില്‍ ചില ടീമുകളുടെ ഗോള്‍ അടിച്ചിട്ടുള്ള ആഹ്ലാ‍ദപ്രകടനങ്ങളും കണ്ടപ്പോള്‍ ഓര്‍മ്മ വന്നത്.


Share