ഹൃദയവുമായെത്തിയ അതിഥി

Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍ ,

ഓഫീസില്‍ നിന്നും ഓടിപ്പാഞ്ഞ് പാര്‍ക്കിങ് ലോട്ടിലേക്ക് പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് വഴിയില്‍ എതിരെ വന്ന വിനോദിനെ കണ്ടത്.

“ഹൈ വിനോദ്, ഹൌ ഈസ് ദ് കിഡ്?“ എന്തെങ്കിലും ഒന്നു ചോദിക്കണമല്ലോ എന്നു കരുതി ചോദിച്ചതാണ്. സെപ്തംബര്‍ അവസാനവാരം താനൊരു അച്ഛനാവുന്നു എന്നു നേരത്തെ പറഞ്ഞിരുന്നത് ഓര്‍ത്തു വെച്ചു ചോദിച്ചതാണ്.

“ഷീ ഇസ് എക്സൈറ്റ്ഡ് ടു കം ഔട്ട്.“ വിനോദ് വളരെ കാഷ്വല്‍ ആയി പറഞ്ഞിട്ട് നടന്നുപോയി. അപ്പോഴത്തെ ചമ്മല്‍ കാണാന്‍ ആരും അടുത്തില്ലാത്തതുകൊണ്ട് കൂടുതല്‍ ചമ്മിയില്ല. എന്റെ ചോദ്യം ഇത്തിരി നേരത്തേ ആയിപ്പോയി എന്നു മനസ്സിലായി.

സെപ്തംബര്‍ 27 ന് മറ്റൊരു സുഹൃത്ത് പറഞ്ഞാണ് അറിഞ്ഞത്, വിനോദ് ഒരു അച്ഛനായ വിവരം. വീക്കെന്റില്‍ ഒരു സന്ദര്‍ശനം നടത്താം എന്നു കരുതിയെങ്കിലും ചില തിരക്കുകള്‍ മൂലം അതിനു കഴിഞ്ഞില്ല. ഒന്നു വിളിച്ചു ഒരു കണ്‍ഗ്രാചുലേഷന്‍സ് പറയാം എന്നു കരുതി വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്‌ഡ് ഓഫ്. ലോകത്തിലെ തന്നെ ഏറ്റവും നല്ല കുട്ടികളുടെ ആശുപത്രികളില്‍ ഒന്നായ ടെക്സസ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ആയതുകൊണ്ട്, അവിടെ ഫോണ്‍ ഉപയോഗിക്കാനുള്ള ചില തടസ്സങ്ങള്‍ ഉണ്ടാവും എന്നു കേട്ടിട്ടുണ്ട്. അതുകൊണ്ട് കൂടുതല്‍ ശ്രമങ്ങള്‍ നടത്തിയില്ല. പറ്റേര്‍ണിറ്റി ലീവ് കഴിഞ്ഞ് വിനോദ് ഓഫീസില്‍ വരുമ്പോള്‍ നേരില്‍ കണ്ട് ആശംസകളറിയിക്കാം എന്നു കരുതി. ആദ്യത്തെ കുട്ടി പ്രസവത്തോടെ നഷ്ടപ്പെട്ട വിനോദിനും ഭാര്യക്കും ഈ കുട്ടിയുടെ ജനനം വളരെ സന്തോഷമേകിയിട്ടുണ്ടാവും എന്നതില്‍ യാതൊരു സംശയവും തോന്നിയില്ല.

തിങ്കളാഴ്ച രാവിലെ തന്നെ ആശംസകളറിയിക്കാന്‍ വേണ്ടി ഓഫീസ് കമ്മ്യൂണിക്കേറ്ററില്‍ നോക്കിയപ്പോള്‍ വിനോദ് വന്നിട്ടില്ല എന്നു മനസ്സിലായി. വിനോദിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ തന്നെ താമസിക്കുന്ന മറ്റൊരു സഹപ്രവര്‍ത്തകനോട് ചോദിച്ചപ്പോള്‍ കുട്ടി ഇപ്പോഴും ഇന്‍ക്യുബേറ്ററില്‍ തന്നെയാണെന്നും അതിനാല്‍ വിനോദ് ആശുപത്രിയില്‍ ആണെന്നും മറുപടി കിട്ടി.

പിറ്റേന്ന് കൂടുതല്‍ സങ്കടകരമായ വാര്‍ത്തകള്‍ ആണ് കേട്ടത്. കുട്ടിക്ക് തലച്ചോറിന് വളര്‍ച്ച കുറവായതുകൊണ്ട് ജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും കുട്ടിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റാന്‍ ആശുപത്രി അധികൃതര്‍ മാതാപിതാക്കളുടെ സമ്മതം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും. കേട്ടപ്പോള്‍ ആകെ മരവിച്ചു പോയി. വിണ്ടുമൊരു ദുര്‍വിധി വിനോദിന് എങ്ങനെ വന്നു എന്ന് അറിയാതെ ദൈവത്തോട് ചോദിച്ചു പോയി.

അവസാനം, വ്യാഴാഴ്ച്ച വൈകിട്ട് അവര്‍ ആ കുഞ്ഞിനെ വെന്റിലേറ്ററില്‍ നിന്നും നീക്കം ചെയ്തു. ജീവന്റെ അവസാന തുടിപ്പും തീരുന്നതുവരെ വിനോദും ഭാര്യയും മുറിക്കു പുറത്തു കാത്തുനിന്നു. പിന്നെ അവസാനമായി സ്വന്തം പിഞ്ചോമനയെ ഒരു നോക്ക് കണ്ടിട്ട് ആ ഹതഭാഗ്യരായ അച്ഛനമ്മമാര്‍ അവിടെ നിന്നും യാത്രയായി.

വെള്ളിയാഴ്ച്ച സൈപ്രസ് ഫെയര്‍ബാങ്ക്സ് ഫ്യൂണറല്‍ ഹോമില്‍ അന്ത്യദര്‍ശനത്തിനു വച്ച ആ കുഞ്ഞുശരീരം ഒരു നോക്കു കാണാനും പുഷ്പങ്ങളര്‍പ്പിക്കാനും എത്തിയ ആര്‍ക്കും ഒരിറ്റു കണ്ണീര്‍ പൊഴിക്കാതെ അവിടെ നിന്നും പോകാന്‍ കഴിഞ്ഞില്ല. വെള്ളത്തൂവാലകള്‍ കൊണ്ട് അലങ്കരിച്ച മനോഹരമാ‍യ ഒരു കൊച്ചുപേടകത്തില്‍ ഒരു കൊച്ചു ടെഡ്ഡി ബെയറിനെ നെഞ്ചില്‍ വച്ച് വെള്ളയും ചുവപ്പും റോസാപ്പൂക്കള്‍ക്ക് നടുവില്‍ അവള്‍ കിടന്നു. വിനോദിന്റെ കൊച്ചു സാന്‍‌വി. ഒരാഴ്ച്ച മാത്രം ഈ ഭൂമിയില്‍ അതിഥിയായി എത്തിയ കൊച്ചുസുന്ദരി.

നാലു മണിക്ക് ടോംബാള്‍ എന്ന സ്ഥലത്ത് സൂര്യകാന്തിപ്പൂക്കള്‍ പരവതാനി വിരിച്ചു നില്‍ക്കുന്ന ഒരു ചെറിയ കുന്നിന്‍ചരുവിലെ തടാകക്കരയില്‍ മണ്ണിലേക്കിറക്കി വച്ച ആ ചെറിയ വെള്ളപേടകത്തില്‍ ഒരു നുള്ള് മണ്ണും ഒരു തുള്ളി കണ്ണീരും അര്‍പ്പിച്ച് തിരിഞ്ഞു നടക്കുമ്പോള്‍ കൂടിനിന്നവരില്‍ ആരോ പറയുന്നതു കേട്ടു, സാന്‌വിയുടെ കുരുന്നുഹൃദയം ഇപ്പോള്‍ ഹ്യൂസ്റ്റണിലെ മറ്റേതോ കുട്ടിയുടെ കുഞ്ഞുനെഞ്ചില്‍ തുടിച്ചു തുടങ്ങിയിട്ടുണ്ടാവും എന്ന്. മനസ്സ് ഒരു നിമിഷം ഒന്നു പിടഞ്ഞു. വിനോദിനും ഭാര്യക്കും മനസ്സാ ഒരായിരം പ്രണാമങ്ങള്‍ അര്‍പ്പിച്ചു. തങ്ങളുടെ നഷ്ടത്തിലും സ്വാര്‍ത്ഥരാവാന്‍ അവര്‍ ശ്രമിച്ചില്ലല്ലോ.

വിനോദും ഭാര്യയും ഒരു പക്ഷേ പ്രോജക്റ്റ് കഴിയുമ്പോള്‍ ഇന്ത്യയിലേക്ക് മടങ്ങിയേക്കാം. അപ്പോള്‍ ആ കുന്നിന്‍‌ചരുവിലെ പുല്‍പ്പരപ്പില്‍ ഒരു ചെറിയ കുഴിമാടം അനാഥമാവാം. പക്ഷേ, സാന്‍‌വി ഇനിയും ജീവിക്കും. ദേശമോ ഭാഷയോ വര്‍ണ്ണമോ വര്‍ഗ്ഗമോ എതെന്നറിയാത്ത ഒരു കുട്ടിയുടെ ഹൃദയത്തിലൂടെ...ആ കുട്ടിക്ക് ഹൃദയവുമായെത്തിയ അതിഥിയായിരുന്നു സാന്‍‌വി. അതായിരുന്നു ഈ ഭൂമിയില്‍ സാന്‍‌വിയുടെ നിയോഗം.