പാസഞ്ചേര്‍സ് യുവര്‍ അറ്റന്‍ഷന്‍ പ്ലീസ്...

Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍

വിമാനം റണ്‍‌വേയില്‍ക്കൂടി മുന്നോട്ട് ഓടിത്തുടങ്ങി. അതിന്റെ വേഗത കൂടിക്കൊണ്ടിരുന്നു. പെട്ടെന്നു വിമാനത്തിനുള്ളിലെ വിളക്കുകളെല്ലാം അണഞ്ഞു. എന്‍. എല്‍.ബാലകൃഷ്ണന്‍ ഇന്ദ്രന്‍സിന്റെ ബൈക്കിന്റെ പിന്നില്‍ കയറിയാലെന്നപോലെ ചെറിയ ഒരു കുലുക്കത്തോടെ വിമാനത്തിന്റെ മുന്‍‌ചക്രം പൊങ്ങി.

പെട്ടെന്നു പിന്നോട്ടാഞ്ഞ ഞാന്‍ ചാടിപ്പിടിച്ചത് മുന്‍സീറ്റില്‍. പക്ഷേ, എന്റെ പേടി കൊണ്ടോ, അല്ലെങ്കില്‍ വിമാനം പൊങ്ങിയ സമയത്തായതുകൊണ്ട് ഗുരുത്വാകര്‍ഷണം ശരിക്കും വര്‍ക്ക് ചെയ്യാത്തതുകൊണ്ടോ, എനിക്കു ഗുരുത്വം ഇത്തിരി കുറവായതുകൊണ്ടോ മുന്‍സീറ്റില്‍ പിടിക്കാനാഞ്ഞ എന്റെ കൈ ഞാന്‍ ഉദ്ദേശിച്ചതിലും കുറച്ചു കൂടി മുന്നോട്ടു പോയാണ് പിടിച്ചത്.

യൂ സ്കൌണ്ട്രല്‍, ട്രയിംഗ് റ്റു ടീസ് മീ? വില്‍ കാള്‍ ദ് പൊലീസ്, വില്‍ കാള്‍ ദ് പൊലീസ്!” ഒരു പെമ്പ്രന്നോത്തി ചാടിയെഴുന്നേറ്റ് എന്റെ നേരെ നോക്കി അലറാന്‍ തുടങ്ങി.

രണ്ടു മിനിറ്റിനുള്ളില്‍ എന്റെ ചുറ്റും ഒരു വലിയ ആള്‍ക്കൂട്ടം തന്നെ പ്രത്യക്ഷപ്പെട്ടു. അപ്പോഴേക്കും വിമാനം പൊക്കി ആകാശത്തുകൊണ്ടു പോയി ലംബമാക്കി വച്ചിട്ട്, ഇനിയതു തന്നേ ഓടിക്കൊള്ളും, അവിടെ കാണുന്ന സ്വിച്ചിലൊന്നും തൊടാതെ നോക്കിയിരുന്നാല്‍ മതി എന്നു കോ-പൈലറ്റിനെ ചട്ടം കെട്ടി പൈലറ്റും സംഭവസ്ഥലത്ത് ഓടിയെത്തി.

വീഴാന്‍ പോയപ്പൊ പിടിച്ചതാണെന്ന് എത്ര ആണയിട്ടു പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല. അവരെല്ലാം കൂടി ഉടനെ തന്നെ ഒരു പരാതി ഒക്കെ എഴുതിയുണ്ടാക്കി പെമ്പ്രന്നോത്തിയെക്കൊണ്ട് ഒപ്പിടീപ്പിച്ച് അടുത്തു കാഴ്ചകാണാന്‍ നിന്ന രണ്ടു പേരെക്കൊണ്ട് സാക്ഷിയും ഒപ്പിടീപ്പിച്ചു വച്ചിട്ട് പൊലീസിനെ വിളിച്ചു. പൊലീസു വരുന്നതുവരെ ഞാന്‍ ചാടി പോവാതിരിക്കാനായി ഒന്നു രണ്ടു ചെറുപ്പക്കാര്‍ എന്റെയടുത്ത് ചുറ്റിപ്പറ്റി നില്‍ക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

കീയൂം കീയൂം കീയൂം കീയൂം....പൊലീസ് ജീപ്പിന്റെ സൈറണ്‍ ദൂരെ നിന്നും കേട്ടു തുടങ്ങി.

ഒരു മിനിറ്റ് കഴിഞ്ഞപ്പോള്‍ അതു നിലച്ചു.പത്തു സെക്കന്റ് കഴിഞ്ഞപ്പോള്‍ വീണ്ടും സൈറണ്‍. ഇത്തവണയും അത് ഒരു മിനിറ്റേ നീണ്ടു നിന്നുള്ളൂ. എന്തോ പന്തികേടു തോന്നി.

കീയൂം കീയൂം കീയൂം കീയൂം....ദേ വീണ്ടും. ഇത്തവണ കുറച്ചു കൂടി ഒന്നു ശ്രദ്ധിച്ചു നോക്കി. സംഗതി പിടികിട്ടി. എന്റെ സെല്‍ഫോണ്‍ മണിയടിക്കുന്ന ശബ്ദം!

ചാടിപ്പിടിച്ചു സെല്‍ഫോണ്‍ എടുത്തു ചെവിയില്‍ ചേര്‍ത്തു.

ഇതു ഞാനാ. ഞാന്‍ ഇന്നങ്ങോട്ടു വരുന്നുണ്ട്.” മണിനാദത്തിനു പുറകേ ഒരു കിളിനാദം.

ഒരെണ്ണം നമ്മുടെ സീറ്റിന്റെ മുന്നില്‍ വന്നിരുന്നതിന്റെ കേട് മാറാതെ ഇങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് ദേ അടുത്തത്.

അയ്യോ, ഇങ്ങോട്ടൊന്നും വരണ്ട. ഞാനിവിടെ ഇത്തിരി പ്രശ്നത്തിലാ.” ഞാന്‍ വളരെ പെട്ടെന്നു തന്നെ സമചിത്തത കൈവരിച്ചു.

കൊച്ചുവെളുപ്പാന്‍ കാലത്ത് എന്തു പ്രശ്നം? മൂടിപ്പുതച്ചുകിടന്നായിരിക്കുമല്ലോ പ്രശ്നം സോള്‍വ് ചെയ്യുന്നത്?” ഉടനെ റിപ്ലേ വന്നു.

ഞാനിവിടെ ഒരു പെണ്ണുകേസില്‍ പെട്ടിരിക്കുകയാ. പൊലീസ് ഇപ്പൊ വരും.” പറഞ്ഞു തീര്‍ന്നതും സീറ്റ് ബെല്‍റ്റ് ഊരിമാറ്റാന്‍ ഞന്‍ ഒരു ശ്രമം നടത്തി. പക്ഷേ നല്ല ബലമുള്ള ബെല്‍റ്റ് എന്റെ നെഞ്ചിനു കുറുകേ ഒരു ചലനവും ഇല്ലാതെ ഇരിക്കുന്നു. ഞാന്‍ കുറച്ചു ബലം പ്രയോഗിച്ചു അതു ഒന്നു പൊക്കി. പക്ഷെ അതിന്റെ ഭാരം ഒറ്റക്കൈയ്യില്‍ താങ്ങാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഞാന്‍ ഒരു സെക്കന്റ് കയ്യൊന്നു വിട്ടു.

എന്റമ്മോ....”

എന്റള്ളോ...”

അയ്യോ....”

മൂന്നു കരച്ചില്‍ ഞാന്‍ വ്യക്തമായി കേട്ടു. ആദ്യത്തേത്, പൊക്കിയ സീറ്റ് ബെല്‍റ്റ് തിരിച്ചു വന്നു എന്റെ നെഞ്ചത്ത് വീണപ്പോള്‍ ഞാന്‍ കരഞ്ഞുകൊണ്ട് ചാടിയെഴുന്നേറ്റത്. രണ്ടാമത്തേത്, ഞാന്‍ ചാടിയെഴുന്നേറ്റപ്പോള്‍ എന്റെ നെഞ്ചിനു കുറുകെ കാലു വച്ച് സുഖമായിക്കിടന്നുറങ്ങിയിരുന്ന ഷാനവാസ് കട്ടിലില്‍ നിന്നും തലയിടിച്ചു താഴെ വീണപ്പോള്‍ അലറിക്കരഞ്ഞത്. മൂന്നാമത്തേത് രണ്ട് അലര്‍ച്ച കേട്ട് പേടിച്ച് ഫോണിന്റെ മറ്റേത്തലയ്ക്കല്‍ നിന്നും വന്ന സ്ത്രീശബ്ദത്തിലുള്ള കരച്ചില്‍.

കൈയ്യില്‍ നിന്നും തെറിച്ചു പോയ ഫോണ്‍ തപ്പിപ്പിടിച്ചെടുത്ത് ചെവിയില്‍ വെയ്ക്കുമ്പോള്‍ ഡിസ്പ്ലേയില്‍ നോക്കി ആരാണെന്ന് ഉറപ്പുവരുത്തി.

ഞാന്‍ ഒരു സ്വപ്നം കണ്ടതായിരുന്നു.” തെല്ലു ജാള്യതയോടെ ഞാന്‍ പറഞ്ഞു.

അതു തന്നെ. കാണുമ്പോള്‍ മിനിമം പെണ്‍‌വാണിഭമെങ്കിലും കാണണം. അതു മാത്രമേയുള്ളല്ലോ ചിന്ത.” അങ്ങേതലയ്ക്കല്‍ നിന്നും കത്തിക്കയറാന്‍ തുടങ്ങി.

അയ്യോ, ഒന്നു ക്ഷമീ...നീ വിളിച്ച കാര്യം പറ.”

ഡാ, ഞാന്‍ നാളെ അങ്ങോട്ടു വരുന്നു. ഓഫീസില്‍ നിന്ന് കുറച്ചു പേപ്പേര്‍സ് കളക്ട് ചെയ്യാനുണ്ട്. നീ എന്നെ നാളെ രാവിലെ മഡിവാളയില്‍ നിന്നും ഒന്നു പിക്ക് ചെയ്യണം, എന്നിട്ട് വൈകിട്ട് എനിക്ക് മുംബൈക്ക് ഒരു ടിക്കറ്റ് ബുക്ക് ചെയ്തു വെക്കണം. ഏതെങ്കിലും നൈറ്റ് ഫ്ലൈറ്റ് മതി. അതാവുമ്പോള്‍ ചീപ്പ് ആയിരിക്കും.” ഒറ്റശ്വാസത്തില്‍ ബിന്ദു പറഞ്ഞു തീര്‍ത്തു.

ബിന്ദു എന്റെ ആത്മാര്‍ത്ഥ സുഹൃത്ത് ആയതുകൊണ്ടും, വളരെ നാളുകള്‍ പലസ്ഥലങ്ങളിലായി അലഞ്ഞു നടന്ന എന്നെ ബാംഗ്ലൂര്‍ കൂട്ടിക്കൊണ്ടു വന്ന് ഒരു ജോലി കിട്ടുന്നതുവരെ എന്റെ സര്‍വ‌ത്ര ചിലവും വഹിച്ച് എന്നെ സഹിച്ച് ക്ഷീണിച്ച ഒരു ജന്തു ആയതുകൊണ്ടും, ഫ്ലൈറ്റിലെ പെണ്‍‌വാണിഭക്കേസില്‍ നിന്നും എന്നെ രക്ഷിച്ചതുകൊണ്ടും ‍കൂടുതല്‍ ഒന്നും ചോദിക്കാ‍നും പറയാനും നില്‍ക്കാതെ തലയും കുലുക്കി സമ്മതിച്ച് തലയും തടവി ഇരിക്കുന്ന ഷാനവാസിനെ നോക്കി ഒരു പുച്ഛചിരിയും പാസാക്കി ഒരു മൂളിപ്പാട്ടും പാടി ബാത്ത് റൂമിലേക്ക് കയറി.

അന്ന് ഓഫീസില്‍ ചെന്ന ഉടനെ തന്നെ സുഹൃത്തിന്റെ ട്രാവല്‍ ഏജന്‍സിയില്‍ വിളിച്ചു ടിക്കറ്റിന്റെ കാര്യം പറഞ്ഞു. രാത്രി ഫ്ലൈറ്റ് മതി എന്നുള്ള കാര്യം പ്രത്യേകം ഓര്‍മ്മിപ്പിക്കാനും മറന്നില്ല.
ഉച്ചഭക്ഷണസമയത്ത് സുഹൃത്ത് വിളിച്ച് രാത്രി 8.30 നു ഉള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ടിക്കറ്റ് ഉണ്ടെന്നും നാലായിരത്തി അഞ്ഞൂറ് രൂപയാവും എന്നും പറഞ്ഞപ്പോള്‍ കൂടുതല്‍ ഒന്നും ആലോചിക്കാന്‍ നിന്നില്ല. ബുക്ക് ചെയ്ത് ടിക്കറ്റ് ആരുടെയെങ്കിലും കൈയ്യില്‍ ഓഫീസിലേക്ക് കൊടുത്തുവിടാന്‍ പറഞ്ഞിട്ട് പള്ളനിറപ്പിലേക്ക് ശ്രദ്ധതിരിച്ചു.

മൂന്നുമണിക്ക് വീക്കിലി സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ അവസാനമിനുക്കു പണികള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ വീണ്ടും സൈറണ്‍ കേട്ടു തുടങ്ങി. കീയൂം കീയൂം കീയൂം....

രണ്ടായിരത്തി അഞ്ഞൂറ് രൂപയ്ക്ക് പതിനൊന്നു പത്തിനു ഒരു വിമാനമുണ്ടത്രേ. ബിന്ദുവിനെ വിളിച്ചു, കണ്‍ഫേം ചെയ്യാന്‍.

നിനക്ക് എന്നെ എയര്‍പ്പോര്‍ട്ടില്‍ ഡ്രോപ്പ് ചെയ്യാന്‍ പറ്റുമെങ്കില്‍ ബുക്ക് ചെയ്തോ.” അവള്‍ നയം വ്യക്തമാക്കി.

ആഹാ.. എന്തൊരു വിശാലമനസ്കത. എന്തായാലും സുഹൃത്തിനെ വിളിച്ച് പതിനൊന്നു പത്തിന്റെ വിമാനത്തിന് ഓക്കെ പറഞ്ഞു. അരമണിക്കൂറിനുള്ളില്‍ ടിക്കറ്റും കൊടുത്ത് ഒരു പയ്യനെ വിട്ടു അവന്‍. ടിക്കറ്റ് നോക്കി എല്ലാം ശരിയാണെന്ന് ഉറപ്പുവരുത്തി.

പിറ്റേന്ന് കാലത്ത് ബിന്ദു പറഞ്ഞ സമയത്ത്, പറഞ്ഞ സ്ഥലത്ത് ലാന്‍ഡ് ചെയ്തു. അവിടെ നിന്നു പിക്ക് ചെയ്ത് ഒരു വര്‍ഷം മുന്‍പ് അവള്‍ താമസിച്ചിരുന്ന ഹോസ്റ്റലില്‍ വിട്ടു, വൈകിട്ട് എട്ട് മണിക്ക് കാണാമെന്നുള്ള ഉറപ്പും നല്‍കി.

വൈകിട്ട് എട്ടു മണിക്ക് കോറമംഗല ഫോര്‍ത്ത് ബ്ലോക്കില്‍ നിന്നും ബിന്ദുവിനെ പൊക്കി മാര്‍ത്തഹള്ളിയില്‍ അത്യാവശ്യം ഷോപ്പിങ് ഒക്കെ നടത്തി മല്ലേഷ്‌പാളയത്തുള്ള പുതിയ മലയാളി ഹോട്ടലില്‍ നിന്നും ഭക്ഷണവും കഴിച്ച് ഇറങ്ങി ഞാനൊരേമ്പക്കം വിട്ടു.

കഴിച്ചു കഴിഞ്ഞപ്പൊ തലയ്ക്ക് ആകെയൊരു മന്ദഹാസം.” ബിന്ദു ഒരു പ്രസ്താവനയിറക്കി.

തമിഴ്‌നാട്ടില്‍ പഠിച്ച മഹതിയോട് മലയാളത്തിലെ കട്ടി വാക്കുകള്‍ ഒന്നും ഉപയോഗിക്കരുത് എന്നു ഞാന്‍ പല പ്രാവശ്യം പറഞ്ഞിട്ടുള്ളതാണ്.

തലയ്ക്ക് എന്തോന്ന്?” ഞാന്‍ വളരെ നിഷ്ക്കളങ്കമായി തന്നെ ചോദിച്ചു പോയി.

കൃത്യം പത്തുമണിക്കു തന്നെ ഞങ്ങള്‍ എയര്‍പ്പോര്‍ട്ടില്‍ എത്തി. ഭാഗ്യം, ഇതുവരെ അനൌണ്‍സ് ചെയ്തിട്ടില്ല. ഇനിയും സമയം ഉണ്ട്. പതിനൊന്നു പത്തിനുള്ള വിമാനം ആവുമ്പോള്‍ പത്ത് പത്തിനു അനൌണ്‍സ് ചെയ്യുമായിരിക്കും.

പത്തു മിനിറ്റ് കാത്തിരുന്നിട്ടും ഫ്ലൈറ്റ് അനൌണ്‍സ് ചെയ്യുന്ന ലക്ഷണമൊന്നും കാണുന്നില്ല. എന്നാ‍ല്‍ പിന്നെ ഒന്നു അന്വേഷിച്ചേക്കാം എന്നു കരുതി.

എയര്‍പോര്‍ട്ട് പരിസരത്തെ കമ്പ്ലീറ്റ് എയറും വലിച്ചു പിടിച്ച് നില്‍ക്കുന്ന സെക്യൂരിറ്റി ചേട്ടനോട് ചെന്നു പതുക്കെ ചോദിച്ചു:

സാബ്, ഇന്ത്യന്‍ എയര്‍ലൈന്‍സ് മുംബൈ ഫ്ലൈറ്റ് ചെക്കിന്‍ സ്റ്റാര്‍ട്ടഡ്?”

തേര്‍ ഈസ് നോ ഡൊമസ്റ്റിക് ഫ്ലൈറ്റ്സ് ആഫ്റ്റര്‍ ഇലവണ്‍ പി.എം.” ഹാവൂ സമാധാനമായി. ഇനിയും സമയമുണ്ടല്ലോ.

അയ്യോ... എന്താ ചേട്ടാ പറഞ്ഞത്?” വായില്‍ നിന്നും അറിയാതെ വന്നത് മലയാളം!

ഇന്നിനി മുംബൈലേക്ക് വിമാനമൊന്നുമില്ല. ഇനി നാളെ രാവിലെ ഏഴരയ്ക്കാണ് അടുത്ത ഫ്ലൈറ്റ്.” ദേ ചേട്ടനും മലയാളത്തില്‍!

കുറച്ചുമാറി ഞങ്ങളുടെ സംസാരം തന്നെ നോക്കി നില്‍ക്കുന്ന ബിന്ദു. ഇനി ഞാന്‍ അവളോട് എന്തു പറയും?

ഓടിച്ചെന്ന് ബിന്ദുവിന്റെ കയ്യില്‍ നിന്നും ടിക്കറ്റ് വാങ്ങി നോക്കി. അതില്‍ നല്ല വ്യക്തമായി 11.10 എന്നു പ്രിന്റ് ചെയ്തിട്ടുണ്ട്.

എന്താ? എന്തു പറ്റി?” ബിന്ദു ടെന്‍ഷനായി.

ഒന്നുമില്ല, നാളെ രാവിലെ പോയാല്‍ മതിയോ?” ഞാന്‍ വിവശനായി ചോദിച്ചു.

ദേ, അനാവശ്യം പറയരുത്. കൊല്ലും നിന്നെ ഞാന്‍.” അവള്‍ ചൂടായിത്തുടങ്ങി.

അല്ല, വിമാനം രാവിലെ തന്നെ പോയി. രാവിലെ 11.10 നായിരുന്നു. രാത്രിയാണെങ്കില്‍ 23.10 എന്നായിരുന്നു ടിക്കറ്റില്‍ ഉണ്ടാവേണ്ടത്. രാത്രി ഫ്ലൈറ്റ് എന്നു പറഞ്ഞു ബുക്ക് ചെയ്തതുകൊണ്ട്, ഞാന്‍ അതിനെക്കുറിച്ചോര്‍ത്തില്ല. ആ ഏജന്റ് ആണെങ്കില്‍ പകല്‍ പതിനൊന്ന് പത്ത് എന്നു പറഞ്ഞുമില്ല. സോറിഞാന്‍ കരയുന്ന പരുവത്തിലായിരുന്നു.

നിന്നെ ഏല്‍പ്പിച്ചപ്പോഴേ എനിക്കു തോന്നി ഇതു കുളമാവുമെന്ന്.” അവിടെ പോയി എയര്‍ ഇന്ത്യയുടെ കണക്ഷന്‍ ഫ്ലൈറ്റ്സ് വല്ലതും ഉണ്ടോ എന്നു നോക്ക്, വാ പൊളിച്ചു നില്‍ക്കാതെ.”

എയര്‍ ഇന്ത്യയുടെ കൌണ്ടറില്‍പ്പോയി അന്വേഷിച്ചപ്പോള്‍ എല്ലാ ഫ്ലൈറ്റും ഫുള്‍. ഇനി എന്തു ചെയ്യും എന്നറിയാതെ ഇതികര്‍ത്തവ്യമൂഡനായി നില്‍ക്കുന്ന എന്നെ നോക്കി;

നീ ദേ തൂണ് എടുത്തോ, ഞാന്‍ ഇതു എടുത്തു, ചാരിയിരുന്നു ഉറങ്ങിക്കോ.” എന്നു പറഞ്ഞു അവള്‍ പോയി ഒരു തൂണും ചാരിയിരുന്നു ഉറങ്ങിത്തുടങ്ങി.

ബാംഗ്ലൂര്‍ എയര്‍പ്പോര്‍ട്ടില്‍ നിയോണ്‍ വിളക്കുകളുടെ താഴെ, ഇന്റര്‍നാഷണല്‍ ടെര്‍മിനലിലെ തിക്കും തിരക്കുമൊക്കെ കണ്ട് കുറച്ചു ബോറടിച്ചപ്പോള്‍ ഒരു തണുത്ത കാ‍റ്റിന്റെ തലോടലില്‍ അറിയാ‍തെ ഉറങ്ങിപ്പോയി. പണ്ട് കസ്റ്റമര്‍ സപ്പോര്‍ട്ടില്‍ ജോലി ചെയ്തുകൊണ്ടിരുന്നപ്പോള്‍ കൊട്ടാരക്കര, കൊല്ലം ബസ്‌സ്റ്റാന്റുകളിലും ചെങ്ങന്നൂര്‍, തിരുവല്ല റെയില്‍‌വേസ്റ്റേഷനിലും ഒക്കെ ഇരുന്നു നേരം വെളുപ്പിച്ചെടുത്ത ദിനങ്ങള്‍ ഞാന്‍ ഓര്‍ത്തുപോയി.

രാവിലെ ഏഴു മുപ്പത്തിയഞ്ചിന്റെ മുംബൈ ഫ്ലൈറ്റില്‍ ബിന്ദുവിനെ യാത്രയാക്കിയ ശേഷം തിരിച്ചു റൂമിലെത്തിയപ്പോഴേക്കും ബിന്ദുവിനെ വിളിച്ച് സംഭവം മുഴുവന്‍ മനസ്സിലാക്കിയ ഷാനവാസും കൂട്ടരും ഒരു വലിയ തിരക്കഥയൊരുക്കി കാത്തിരിക്കുന്നുണ്ടായിരുന്നു.

എന്റെ ചിത്രത്തില്‍ പൂച്ചയുടെ സാന്നിദ്ധ്യം

Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍

അര്‍ത്ഥമില്ലാത്ത വരകളും ലക്ഷ്യമില്ലാത്ത വര്‍ണ്ണങ്ങളും ക്യാന്‍‌വാസില്‍ വീണ് ചിതറിക്കിടന്നിരുന്നു. എന്റെ ഈ ഇടുങ്ങിയ മുറിയില്‍, ഒരു ചെറുകാറ്റുപോലും എത്തിനോക്കാന്‍ മടിക്കുന്ന ഈ ഗുഹയില്‍, മസ്തിഷ്ക്കത്തിലെ പൊടി തട്ടി നീക്കാനോ പെയിന്റിംഗ് ബ്രഷുകളുടെ മൂര്‍ച്ച അളക്കാനോ മുതിരാതെ ഞാനിരുന്നു. തറയില്‍, ഞാന്‍ വലിച്ചെറിഞ്ഞ പുകക്കുറ്റികള്‍ അവയുടെ ചാരം കൊണ്ട് ഒരു മനോഹരചിത്രം രചിച്ചിരുന്നു. അത് ഒരു മിസ്റ്റിക് സൃഷ്ടിപോലെ തോന്നിച്ചു.

എന്റെ പെയിന്റിംഗ് ബ്രഷുകളുടെ സംഭോഗം ക്യാന്‍‌വാസില്‍ ഋതുക്കളെ തിട്ടപ്പെടുത്തുകയായിരുന്നു. ഒരു പക്ഷേ കാലം ചൈത്രത്തിലൂടെ കടന്നുപോയിരിക്കാം. ഹൃദയത്തിന്റെ അവസാനജല്പനം എന്റെ കൈത്തണ്ടിലൂടെ ഒഴുകി ബ്രഷിന്റെ അഗ്രഭാഗത്തിലൂടെ ക്യാന്‍‌വാസില്‍ പടര്‍ന്നു. അതു കറുപ്പിന്റെ വ്യഥിതമായ ലിപികള്‍ തെളിച്ച് എന്റെ കൈകള്‍ക്ക് കടിഞ്ഞാണിട്ടു. അതിനാലാണ് ഞാന്‍ പുകയൂതി ഇവിടെ ചടഞ്ഞുകൂടിയത്. ആലസ്യത്തിന്റെ മഴമേഘങ്ങള്‍ എന്റെ ശിരസ്സിനുമുകളില്‍ തൂങ്ങിയാടി.

കറുപ്പിന്റെ അര്‍ത്ഥം ചികയുകയായിരുന്നു ഞാന്‍. കണ്ണുകള്‍ ചൂഴ്ന്നെടുത്ത് ക്യാന്‍‌വാസിലേക്ക് വലിച്ചെറിഞ്ഞ് കറുപ്പിന്റെ അടുത്തേക്ക് ഞാന്‍ പാഞ്ഞുചെന്നു. പെട്ടെന്ന് കറുപ്പ് നിറമെല്ലാം ഒന്നിച്ചുകൂടി ഒരു പൂച്ചയായി രൂപാന്തരപ്പെടുന്നത് ഞാനറിഞ്ഞു. ആ പരിണാമം ഞാന്‍ കൌതുകത്തോടെ അനുഭവിക്കുകയായിരുന്നു. എന്റെ പാലറ്റിലെ ചായക്കൂട്ടുകളെക്കുറിച്ചും അവയുടെ അസ്തിത്വത്തെക്കുറിച്ചും ചിന്തിക്കാതെ അവയെല്ലാം വിസ്മൃതിയുടെ ചവറ്റുകുട്ടയിലിട്ട് ഞാനിരുന്നു. എന്റെ മുറിയുടെ ചുവരുകളിലെല്ലാം കറുപ്പുനിറം മൂടി അവ ഞാനിരിക്കുന്നിടത്തേക്ക് നീങ്ങിവരുന്നത് ഞാനറിഞ്ഞു. ഇപ്പോള്‍ എന്റെ ക്യാന്‍‌വാസില്‍ ഒരു കറുത്ത പൂച്ചയെ എനിക്കു വ്യക്തമായി കാണാം. അതെ, മഞ്ഞക്കണ്ണുകളുള്ള ഒരു വലിയ കറുത്ത പൂച്ച. അതെന്നെ തുറിച്ചുനോക്കുന്നതുപോലെ എനിക്കു തോന്നി.

എന്റെ ചിത്രത്തില്‍ ഒരു മാര്‍ജ്ജാരന്റെ പ്രസക്തിയെപ്പറ്റി ഞാന്‍ ചിന്തിച്ചു തുടങ്ങിയിരുന്നില്ല. അതൊരുപക്ഷേ എന്റെ മാനസിക പരിച്ഛേദങ്ങളിലേക്കെത്തിയിരിക്കില്ല. പെട്ടെന്ന്, എന്റെ മുറിയുടെ വാതിലില്‍ കനത്ത നഖങ്ങള്‍ തര്‍ക്കിക്കുന്നതു കേട്ട് ഞാന്‍ ഞെട്ടി. എന്റെ അനുവാദത്തിനു കാത്തു നില്‍ക്കാതെ എന്റെ അതിഥി ഒരു ചെറുകാറ്റിനോട് ചങ്ങാത്തം കൂടി മുറിയില്‍ പ്രവേശിച്ചു. എന്റെ അതിഥി എന്റെ കണ്ണുകളില്‍ നിറയുമ്പോള്‍ ഞാന്‍ ഭയത്തിന്റെ ഇടനാഴിയിലൂടെ നടക്കുകയായിരുന്നു. എന്റെ മെതിയടികള്‍ക്കിടയില്‍ കടവാതിലുകളുടെ ജീര്‍ണ്ണിച്ച ശരീരങ്ങള്‍ ചതഞ്ഞു. അവ പുഴുക്കളായി ചിതറിത്തെറിച്ചു. ഇപ്പോള്‍ എന്റെ അതിഥിയെ ഞാന്‍ അറിയുന്നു. മഞ്ഞക്കണ്ണുകളോടുകൂടിയ ഒരു വലിയ കറുത്ത പൂച്ച.

ഏതോ നിയോഗത്തിന്റെ തെളിമയിലൂടെ നടന്ന് ആ മാര്‍ജ്ജാരന്‍ എന്റെ ക്യാന്‍‌വാസിനെ സമീപിച്ചു. അതില്‍ അശാന്തിയുടെ വരകളും പുതുമണ്ണിന്റെ വര്‍ണ്ണവും വിസര്‍ജ്ജ്യത്തിന്റെ ഗന്ധവും കോരിയെറിഞ്ഞ് ഒന്നു നക്കിത്തുടച്ച് പിന്തിരിഞ്ഞു. എന്റെ അതിഥിയുടെ അടുത്ത ഊഴം എന്റെ ചായങ്ങളാണ്. കറുത്ത ചായത്തില്‍ മുന്‍‌കാലുകളാഴ്ത്തി നിന്ന് ആ വലിയ പൂച്ച ഒന്നു മുരണ്ടു. ഒരുപക്ഷേ എന്റെ ചിത്രത്തിലെ കറുപ്പ് നിറത്തിന്റെ ആധിക്യത്തോടുള്ള അതിന്റെ പ്രതിഷേധമായിരിക്കാം അത്. ചായത്തില്‍ മുക്കിയ കാല്‍പ്പാടുകള്‍ തറയില്‍ വിരിച്ച് ആ പൂച്ച മുറിയുടെ മൂലയില്‍ ചെന്നു മുന്‍‌കാലുകള്‍ നീട്ടി വച്ചു തല മുന്‍‌കാലില്‍ അമര്‍ത്തിവച്ച് കിടന്നു. അതിന്റെ കാല്പാടുകള്‍ തറയില്‍ ഉണ്ടാക്കിയ വൈകൃതബിംബങ്ങള്‍ എന്റെ ഏകാന്തതയ്ക്ക് കൂട്ടായി.

നോക്കിയിരിക്കെ ആ വലിയ പൂച്ച തറയിലുണ്ടാക്കിയ കാല്‍പ്പാടുകള്‍ ഒരു മനുഷ്യന്റെ കാല്‍പ്പാടുകളോട് സാമ്യപ്പെടുന്നത് ഞാന്‍ കണ്ടു. ഞെട്ടിത്തിരിഞ്ഞു മുറിയുടെ മൂലയിലേക്ക് നോക്കിയപ്പോള്‍ ആ പൂച്ച ഒരു സ്ത്രീയായി മാറിയിരിക്കുന്നതു ഞാന്‍ കണ്ടു.

സാകല്ല്യത്തിന്റെ തിരിച്ചറിവില്‍ അവള്‍ സ്ത്രൈണത ഉള്‍ക്കൊണ്ടു. അര്‍ദ്ധനഗ്നയായി, എന്റെ അതിഥിയുടെ പരിണാമമായി, ഇപ്പോഴിതാ എന്റെ അതിഥിയായി. അവള്‍ എന്റെ ചായക്കൂട്ടുകളെ സമീപിച്ചു. അവളുടെ വിരലുകള്‍ എന്റെ ബ്രഷുകളെ പരിണയിച്ചു. സ്ത്രൈണതയുടെ വെളിപ്പെടലില്‍ എന്റെ കൂര്‍ച്ചങ്ങള്‍ ബീജഗണിതത്തിന്റെ കുറിമാനങ്ങളെ പ്രസവിച്ചു. അവ ചാപിള്ളയായി തറയില്‍ പതിഞ്ഞു. പെയിന്റിംഗ് ബ്രഷ് ചായത്തിലാഴ്ത്തി അവള്‍ എന്റെ മുറിയുടെ വൃത്തികെട്ട ചുവരില്‍ ആദ്യത്തെ പോറലേല്‍പ്പിച്ചു. അത് മേളങ്ങളുടെ വൈകൃതമായിത്തെളിഞ്ഞു. കുഞ്ചങ്ങള്‍ ചുവരുമായി മല്ലിടുന്നതും നിണം വര്‍ണ്ണമായി ഒഴുകുന്നതും ഞാനറിഞ്ഞു. അതെന്റെ തിരിച്ചറിവിന്റെ ആദ്യപിഴവായിരുന്നു. അവള്‍, ചുവരിലവസാനത്തെ പോറലുമേല്‍പ്പിച്ചു പിന്തിരിഞ്ഞപ്പോള്‍ ഞാനത്ഭുതപ്പെട്ടു. എന്റെ ചുവര്‍ അതിന്റെ ജീര്‍ണ്ണാവശിഷ്ടങ്ങളില്‍ ഒരു നേര്‍‌രേഖയായിത്തെളിഞ്ഞിരിക്കുന്നു. കാക്കകള്‍കൊത്തി വികൃതമാക്കിയ ബലിച്ചോറ് പോലെ ചുവരില്‍ വര്‍ണ്ണങ്ങള്‍ സമ്മേളിച്ചു കിടന്നു. സങ്കലനത്തിന്റെ അര്‍ത്ഥമറിഞ്ഞ വര്‍ണ്ണങ്ങള്‍. അവ കണ്ണീരായി ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.

“നീയാരാണ്?” ഒടുവില്‍ ഞാന്‍ നാവനക്കി.

“ഞാന്‍... ഞാന്‍ നിങ്ങളുടെ അതിഥി.” അവള്‍ പറഞ്ഞു. “ഇന്ന് മാത്രം.”

“നിന്റെ പേരെന്താണ്?” ഞാന്‍ ചോദിച്ചു.

അവള്‍ എന്റെ രണ്ടാമത്തെ ചോദ്യത്തിന് ചെവിതന്നില്ല. പകരം അവള്‍ എന്റെ ക്യാന്‍‌വാസിലേക്ക് ശ്രദ്ധതിരിച്ചിരുന്നു. അതില്‍ തെളിഞ്ഞിരുന്ന ചിത്രം അവള്‍ സാകൂതം വീക്ഷിക്കുകയായിരുന്നു. ഞാനവളുടെ മുഖം ശ്രദ്ധിച്ചു. അവളുടെ കണ്ണുകളില്‍ ഭയത്തിന്റെ ചീളുകള്‍ വന്നു തറയ്ക്കുന്നത് ഞാന്‍ കണ്ടു.

“പൂച്ച” അവള്‍ പുലമ്പി. “പൂച്ച മരണമാണ്.”

ഞാന്‍ അമ്പരന്നു അവളെ നോക്കി. എന്റെ കണ്‍കോണുകളില്‍ സംശയത്തിന്റെ നേരിയ നിഴലാട്ടം അവള്‍ കണ്ടിരിക്കും. അവള്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു. പക്ഷേ അത് വിഫലമായി.

“പൂച്ച മരണമല്ല.” ഞാന്‍ പ്രസ്താവിച്ചു.

ഞാനവളുടെ തോളില്‍ കൈവച്ചു. അവളുടെ വക്ഷോജങ്ങളില്‍ രതിസുഖത്തില്‍ കുളിച്ചുകിടന്ന വൈരമാല പതുക്കെ അഴിച്ചുമാറ്റി. അവള്‍ ബോധക്ഷയത്തിന്റെ കയങ്ങളില്‍ മുങ്ങിത്താഴുന്നത് ഞാനറിഞ്ഞു.

ഹോമകുണ്ഡം ജ്വലിച്ചുയര്‍ന്നു. പച്ചമുളന്തണ്ടുകള്‍ അഗ്നിയുടെ പശിയടക്കി. ഹോമകുണ്ഡത്തിലേക്ക് പഞ്ചഭൂതങ്ങള്‍ തര്‍പ്പിച്ചു. യാഗത്തിനു ശേഷം കെട്ടടങ്ങിയ അഗ്നികുണ്ഡത്തിനുമേല്‍ കറുത്ത തുണി വിരിച്ചു. കൈകളില്‍ കോരിയെടുത്ത അസ്ഥികഷ്ണങ്ങള്‍ കലശങ്ങളിലാക്കി തീര്‍ത്ഥജലങ്ങള്‍ക്കെറിഞ്ഞുകൊടുത്തു. വെള്ളത്തില്‍ മുങ്ങിയും പൊങ്ങിയും അവ ഗതികിട്ടാത്ത പ്രേതങ്ങളെപ്പോലെയലഞ്ഞു.

അവള്‍, മയക്കത്തിന്റെ ആലസ്യം കുടഞ്ഞെറിഞ്ഞ് കാഷായത്തുണ്ടുകളില്‍ ശരീരം പൊതിഞ്ഞു മുറിവിട്ടിറങ്ങി. എന്നോട് യാത്ര പറയാന്‍ പോലും അവള്‍ തിരിഞ്ഞുനിന്നില്ല. എന്റെ ദൃഷ്ടിയില്‍ അവളുടെ അവസാന കാല്‍പ്പാടും ചെമ്മണ്‍പാത ഏറ്റുവാങ്ങിയപ്പോള്‍ ഞാന്‍ വാതില്‍ കൊട്ടിയടച്ചു.

ഇപ്പോള്‍ എന്റെ ചിത്രത്തിലാണ് എന്റെ ശ്രദ്ധ മുഴുവനും. ചിത്രത്തിലെ പൂ‍ച്ച ഇപ്പോഴില്ല. കറുപ്പ് നിറം താഴെവീണ കണ്ണാടിച്ചില്ലുപോലെ ചിതറിക്കിടന്നിരുന്നു. വിസര്‍ജ്ജ്യത്തിന്റെ ഗന്ധവും കറുത്ത ചായത്തിലുള്ള കാല്‍പ്പടുകളും എന്നോട് എപ്പോഴോ യാത്ര പറഞ്ഞിരുന്നു.

എന്റെ മസ്തിഷ്ക്കത്തിനകത്തും പുറത്തും പ്രതിബിംബങ്ങളുടെ ചങ്ങല സൃഷ്ടിക്കുന്ന ചിന്തകളുടെ ഉഭയചരിത്രം ശരിക്കും എന്നെ അത്ഭുതപ്പെടുത്തുന്നു. ഇപ്പോഴും എന്റെ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ട പൂച്ച ഒരത്ഭുതമായെന്നില്‍ അവശേഷിക്കുന്നു. ഒരിക്കല്‍ക്കൂടി എന്റെ ഇടുങ്ങിയ പാലറ്റില്‍ നിറഭേദങ്ങളൊരുക്കുമ്പോഴും ക്യാന്‍‌വാസില്‍ വര്‍ണ്ണങ്ങള്‍ വിതറുമ്പോഴും എന്റെ ചിത്രത്തിലെ പൂച്ചയുടെ പ്രസക്തിയെപ്പറ്റി ഞാന്‍ ചിന്തിച്ചു തുടങ്ങിയിരുന്നില്ല. അതൊരുപക്ഷേ ഒരു മൂടുപടം പോലെയെന്തെങ്കിലുമാവും. എന്തായാലും എന്റെ അതിഥിയായി കടന്നുവന്ന ആ വലിയ പൂച്ചയുടെ ചലനങ്ങള്‍ എന്നെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു.

എന്റെ തിരിച്ചറിവില്‍പ്പിറന്ന് നാവില്‍ തടഞ്ഞ വാക്കുകള്‍ ഞാന്‍ പുറത്തേക്ക് തുപ്പി.

“ഇന്നൊരു പൂച്ച എന്റെ അതിഥിയായിരുന്നു.”