അന്റാര്‍ട്ടിക്കയില്‍ ഫ്രിഡ്ജ് വില്പ്പന

Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍

ഉത്തരവാദിത്വമില്ലാത്തവന്‍ എന്ന് അമ്മ പറഞ്ഞതു ജോലി കളയുന്നതിനു മുമ്പാണോ അതിനു ശേഷമാണോ എന്ന് നല്ല ഓര്‍മയില്ല. എന്തായാലും കമ്പ്യൂട്ടര്‍ വിറ്റു ജീവിക്കാം എന്ന് തീരുമാനം എടുത്തത്‌ കമ്പ്യൂട്ടറില്‍ വലിയ പരിജ്ഞാനം ഉള്ളതുകൊണ്ടും കേരളത്തെ ഒരു കമ്പ്യൂട്ടേഴ്സ് ഓണ്‍ കണ്‍ട്രി ആക്കി തീര്‍ക്കാം എന്ന് കരുതിയിട്ടും അല്ല.

ബല്ല്യ പഠിത്തം ഒക്കെ കഴിഞ്ഞു അതിന്റെ ക്ഷീണത്തില്‍ വീട്ടില്‍ വന്നു റെസ്റ്റ് എടുക്കുന്ന സമയം. അച്ഛന്റെ സ്വാധീനവും അമ്മയുടെ പിന്തുണയും കൂട്ടികെട്ടി ഒരു കുരുക്കുണ്ടാക്കി എന്റെ കഴുത്തിലിട്ടു അതിന്റെ ഒരറ്റം അച്ഛന്റെ സുഹൃത്തും ഒരു തലമൂത്ത വ്യവസായ കാന്തനുമായ എന്റെ ആദ്യത്തെ ബോസിനു കൈമാറുമ്പോള്‍ എനിക്ക് കമ്പ്യൂട്ടറിനെക്കുറിച്ചറിയുന്നതു അന്നത്തെ ഡി.വൈ.എഫ്.ഐ തിയറി (കമ്പ്യൂട്ടര്‍ മൂരാച്ചി....) മാത്രം. ഓഫീസില്‍ കുഷ്യനിട്ട കസേരകളില്‍ മാറി മാറി ഇരുന്നു മറ്റുള്ളവരെ മെനക്കെടുത്തുന്ന ഞാന്‍, ബോസിനും ഭാര്യക്കും ഒരു കൌതുകകാഴ്ചയായി മാറിയത് വളരെ പെട്ടെന്നായിരുന്നു. അധികം താമസിയാതെ തന്നെ അവര്‍ അതിനൊരു പോംവഴി കണ്ടെത്തി. എറണാകുളത്ത്‌ പുതുതായി തുടങ്ങാന്‍ പോകുന്ന ഓഫീസിലേക്ക്‌ എന്നെ പതുക്കെ പറിച്ചു നടാന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെ ഒരു ദിവസം ബോസിന്റെ കൂടെ ജയന്തി ജനതയില്‍ കൊല്ലത്തു നിന്നും കയറുമ്പോള്‍ ഞാന്‍ വലിയ സന്തോഷത്തില്‍ ആയിരുന്നു. എറണാകുളം സൗത്തില്‍ ഇറങ്ങണം എന്ന് നിര്‍ദേശം തന്നു ബോസ് എ സി കമ്പാര്‍ട്ട്മെന്റില്‍ കയറാന്‍ പോയി. ഞാന്‍ ഒരു ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ ബാഗൊക്കെ മാറത്തടക്കിപ്പിടിച്ചു ഇരിപ്പായി എറണാകുളം സൗത്ത് സ്റ്റേഷന്‍ എത്തുന്നതും നോക്കി. ആദ്യമായി ഒറ്റക്കു യാത്ര ചെയ്യുന്നതിന്റെയും ബോസിനോടു ഞാന്‍ ഒരു പുലിയാണ്, എറണാകുളം ഒക്കെ എത്ര കണ്ടിരിക്കുന്നു എന്നു ബഡായി പറഞ്ഞതിന്റെയും ടെന്‍ഷന്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്നെങ്കിലും മുഖത്തു വരാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു.

അങ്ങനെ നാലു മണിക്കൂര്‍ യാത്രക്കു ശേഷം എറണാകുളം ജംഗ്ഷന്‍ സ്റ്റേഷന്‍ എത്തി. എറണാകുളത്തു രണ്ടു റെയില്‍വേ സ്റ്റേഷന്‍ ഉണ്ടെന്നും ഒരു സ്റ്റേഷനില്‍ ട്രെയിന്‍ എഞ്ചിന്‍ മാറ്റി, എതിര്‍ദിശയിലേക്കു പോകുന്നതു അച്ഛനോടും അമ്മയോടുമൊപ്പം തൃശൂരില്‍ അമ്മയുടെ വീട്ടില്‍ പോകുമ്പോള്‍ പലപ്രാവശ്യം ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് എറണാകുളം ജംഗ്ഷന്‍ കഴിഞ്ഞ് വണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍ത്തന്നെ പെട്ടിയും പ്രമാണവുമൊക്കെ എടുത്തു ഞാന്‍ റെഡിയായി. അങ്ങനെ റെഡിയായി ഇരുന്ന എന്റെ മുന്നിലൂടെ പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ എറണാകുളം ടൗണ്‍ എന്ന റെയില്‍വേ സ്റ്റേഷന്‍ ബോര്‍ഡ് ഓടിപ്പോയി. ഇതികര്‍ത്തവ്യമൂഡനായി നില്‍ക്കുന്ന എന്നെ നോക്കി അടുത്തുനിന്നയാള്‍ "ആലുവ ഇറങ്ങാനാണോ" എന്നു ചോദിച്ചപ്പോഴാണ് എനിക്കു മനസ്സിലായത് ഞാന്‍ ഫിനിഷിങ് പോയിന്റ് കഴിഞ്ഞു കുറെ ഓടിപ്പോയി എന്ന്. അന്നെനിക്കാദ്യമായി മനസിലായി എറണാകുളം ജംഗ്ഷന്‍ എന്നാല്‍ സൗത്ത് ആണെന്നും, എറണാകുളം ടൗണ്‍ എന്നാല്‍ നോര്‍ത്ത് ആണെന്നും.

പിന്നെ അധികമൊന്നും ആലോചിക്കാന്‍ നിന്നില്ല. ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി അവിടെ നിന്നും ഒരു ടാക്സി പിടിച്ച് കയ്യില്‍ കരുതിയിരുന്ന ഓഫീസ് അഡ്രസ്സ് നോക്കി പാലാരിവട്ടത്ത് എത്തി ഓഫീസ് കണ്ടുപിടിച്ച് കയറിച്ചെല്ലുമ്പോള്‍ ബോസ് അവിടെ എത്തിയിരുന്നു. "സാറിതെവിടെ പോയിരുന്നു? ഞാന്‍ സൗത്ത് റെയില്‍വേ സ്റ്റേഷനുമുന്നില്‍ സാറിനെ അന്വേഷിച്ച് ഇത്രയും നേരം നിന്നു, പിന്നെ കാണാഞ്ഞ് ബസ്സില്‍ കയറി ഇങ്ങു പോന്നു" എന്നു പറഞ്ഞപ്പോള്‍, "ഞാന്‍ തന്നെ നോക്കി അകത്തുതന്നെ നിന്നു, പിന്നെ കാണാത്തതുകൊണ്ട് ഇങ്ങു പോന്നു", എന്നുള്ള മറുപടിയായിരുന്നു വന്നത്. ആശ്വാസം, കൂടുതലൊന്നും ചോദിച്ചില്ല. അച്ഛന്റെ ഒരു സുഹൃത്ത് ഏര്‍പ്പാടാക്കിത്തന്ന ഒരു ലോഡ്ജ്മ് മുറിയില്‍ താമസവും, ഹോട്ടലില്‍ ഭക്ഷണവുമൊക്കെയായി ഞാന്‍ അങ്ങനെ എന്റെ എറണാകുളം ജീവിതം തുടങ്ങി.

പകല്‍ മുഴുവന്‍ വെറുതെ ഇരിക്കല്‍ ആണ് എന്റെ ജോലി എന്നുള്ള സത്യം മനസ്സിലാക്കി എന്നും രാവിലെ ഒരു പത്രവും വാങ്ങി ഞാന്‍ ഓഫീസില്‍ കയറും. ഓഫീസില്‍ ഇരുന്നു പകല്‍ മുഴുവന്‍ പത്രം വായനയും പിന്നെ ചിലപ്പോള്‍ മാത്രം ബെല്ലടിക്കുന്ന ഫോണ്‍ അറ്റെന്റ് ചെയ്യലും ഒക്കെയായി ദിവസങ്ങള്‍ തള്ളിനീക്കുമ്പോഴാണ് ഒരു പുതിയ മാര്‍ക്കറ്റിംഗ് മാനേജര്‍ ഓഫീസില്‍ ചാര്‍ജ്ജെടുക്കുന്നത്.

ഞാന്‍ ഇങ്ങനെ വെറുതെ പത്രവും വായിച്ചിരിക്കുന്നതുകണ്ടിട്ട് സഹിക്കാഞ്ഞതുകൊണ്ടാണോ എന്തോ ഒരു സുപ്രഭാതത്തില്‍ അദ്ദേഹത്തിന്റെ മാര്‍ക്കറ്റിംഗ് ബുദ്ധിയില്‍ തെളിഞ്ഞ ഐഡിയയുടെ വെളിച്ചത്തില്‍ എനിക്ക് ഒരു പെട്ടിയും കുറെ കമ്പ്യൂട്ടറിന്റെ ബ്രോഷറും, ദോഷം പറയരുതല്ലോ, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് എന്ന് അച്ചടിച്ച കുറെ വിസിറ്റിംഗ് കാര്‍ഡും തന്നു. ആനന്ദലബ്ധിക്കിനിയെന്തു വേണം?

ഒന്നു രണ്ടു ദിവസം ചില സ്ഥലങ്ങളില്‍ കയറി 'കമ്പ്യൂട്ടര്‍ വേണോ' എന്ന് ഞാന്‍ ചോദിച്ചു, 'വേണ്ട' എന്ന് ഉത്തരവും കിട്ടി. ഞാന്‍ ഹാപ്പി, എന്റെ മാനേജരും ഹാപ്പി. പിന്നീടുള്ള ദിവസങ്ങളില്‍ 'വേണ്ട' എന്നുള്ള ഉത്തരം കേള്‍ക്കാന്‍ വേണ്ടി എന്തിന് ഞാന്‍ 'കമ്പ്യൂട്ടര്‍ വേണോ' എന്ന് ചോദിക്കണം എന്നുള്ള ഒരു ചിന്ത എന്റെ മനസില്‍ ഉടലെടുത്തു. എന്തിനധികം, ആ ചിന്തയുടെ മാസ്മരികതയില്‍ പാലാരിവട്ടം മുതല്‍ ജോസ് ജംഗ്ഷന്‍ വരെ മേനക വഴിയും പത്മ വഴിയും ബസ്സില്‍ യാത്ര ചെയ്തു റോഡിനിരുവശവും ഉള്ള ഒരുമാതിരി നല്ല ഓഫീസുകളുടെയും കടകളുടെയും പേരുകള്‍ കുറിച്ചു വെയ്ക്കുകയും എന്നും വൈകിട്ട് മാനേജര്‍ക്കു കൊടുക്കുന്ന റിപ്പോര്‍ട്ട് ഷീറ്റില്‍ അവയും അവയ്ക്കു നേരെ, "ഏയ് ഞങ്ങള്‍ക്കു കമ്പ്യൂട്ടറൊന്നും വേണ്ട" എന്നുള്ള പ്രതീക്ഷാനിര്‍ഭരമായ വരികള്‍ സ്ഥാനം പിടിക്കുകയും ചെയ്തു. ഇതൊക്കെകണ്ടു എന്നേക്കാള്‍ ബുദ്ധിയുണ്ടായിരുന്ന എന്റെ മാനേജര്‍ക്കു വളരെ സന്തോഷമാവുകയും അദ്ദേഹം ആ സന്തോഷം പങ്കിടാന്‍ എന്റെ റിപ്പോര്‍ട്ടില്‍ കണ്ട ഒന്നു രണ്ടു കമ്പനികളിലേക്ക് വിളിച്ചു ചോദിക്കുകയും ചെയുന്നതോടുകൂടി കഥയുടെ രണ്ടാം ഭാഗം തുടങ്ങുകയായി.

ഇതിനിടയില്‍ പേരിനു ഒരിക്കല്‍ കലൂര്‍ ബസ്സ് സ്റ്റാന്റിനടുത്തുള്ള ഒരു കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ചെന്നു കയറി. ജീവിതത്തിലെ ഏറ്റവും നല്ല ഒരു മാര്‍ക്കറ്റിംഗ് പെര്‍ഫോര്‍മന്‍സ് കാഴ്ചവെക്കാന്‍ കഴിഞ്ഞു എന്നുള്ള ചാരിതാര്‍ഥ്യത്തോടുകൂടി അവിടെ നിന്നും ഇറങ്ങുമ്പോള്‍ ഞാന്‍ ആകെ വിയര്‍ത്തിട്ടുണ്ടായിരുന്നു. അവിടെ നടന്ന സംഭവങ്ങള്‍ ഇങ്ങനെ ചുരുക്കിപ്പറയാം.

ഞാന്‍: ഗുഡ് മോര്‍ണിംഗ് സര്‍.

അദ്ദേഹം: വരൂ, ഇരിക്കൂ.

ഞാന്‍: താങ്ക് യൂ സര്‍.

അദ്ദേഹം: ഏതു കമ്പനിയാ?

ഞാന്‍ കമ്പനിയുടെ പേരു പറഞ്ഞു. ഞങ്ങള്‍ തന്നെയാണ് ലോകം മുഴുവന്‍ കമ്പ്യൂട്ടര്‍ ഉണ്ടാക്കി സപ്ലൈ ചെയ്യുന്നത് എന്നൊരു ധാരണ എനിക്കു അന്ന് ഉണ്ടായിരുന്നതു ഞാന്‍ അതിന്റെ അന്തസത്ത ഒട്ടും ചോര്‍ന്നു പോവാതെ അദ്ദേഹത്തിനു ട്രാന്‍സ്ഫര്‍ ചെയ്തു കൊടുത്തു.

അതുകേട്ടപ്പോള്‍ അദ്ദേഹം ഒന്നു ചിരിച്ചതു എന്തിനാണെന്ന് അപ്പോള്‍ എനിക്കു മനസ്സിലായില്ല. അടുത്ത ചോദ്യം.

അദ്ദേഹം: ഏതൊക്കെയാണ് ലേറ്റസ്റ്റ് കോണ്‍ഫിഗറേഷന്‍?

ഞാന്‍ ഒന്നു ഞെട്ടി. ഇയാളിതെന്തൊക്കെയാ ചോദിക്കുന്നതു? ഇടങ്ങേറാവുമോ?

ഞാന്‍ ഗൗരവം ഒട്ടും വിടാതെ പറഞ്ഞു. "മോണിറ്ററും, സി.പി.യു.വും കീബോര്‍ഡും ഉണ്ട് സര്‍." (സ്കൂളില്‍ ഫിസിക്സ് പഠിപ്പിച്ചപ്പോള്‍ ഇതൊക്കെ ഞാന്‍ എന്തു ശ്രദ്ധയോടെയാണ് പഠിച്ചത് എന്നോര്‍ത്തു ഞാന്‍ അഭിമാനം പൂണ്ടു.)

അങ്ങനെ അഭിമാനപുളകിതനായി ഇരിക്കുമ്പോഴാണ് അദ്ദേഹം അടുത്ത ചോദ്യം തൊടുത്തുവിട്ടത്.

"എത്രനാളായി ഇതു തുടങ്ങിയിട്ട്?"

"എന്തു?"

"കമ്പ്യൂട്ടര്‍ മാര്‍ക്കറ്റിംഗ്"

ഒട്ടും കുറയ്ക്കണ്ട എന്നു കരുതി ഞാന്‍ പറഞ്ഞു. "ഒന്നു രണ്ടു വര്‍ഷമായി".

താങ്കള്‍ ദയവുചെയ്തു എഴുന്നേല്‍ക്കൂ, ദയവുചെയ്തു പുറത്തുപോകൂ എന്നൊക്കെ അദ്ദേഹം വളരെ സൗമ്യനായി എന്നോടു പറഞ്ഞത് എന്തിനായിരുന്നു എന്നും എനിക്കപ്പോള്‍ മനസ്സിലായില്ല. പുറത്തിറങ്ങി വാതില്‍ അടയ്ക്കുമ്പോള്‍ "ഒരോത്തന്മാര്‍ പെട്ടിയും തൂക്കി ഇറങ്ങിക്കോളും...." എന്നൊരു അശരീരി ഞാന്‍ കേട്ടോ എന്നൊന്ന് സംശയിച്ചു ഞാന്‍.‍

അന്ന് മാര്‍ക്കറ്റിംഗ് ഒക്കെ ചെയ്തു ക്ഷീണിച്ചു വൈകിട്ട് ഓഫീസില്‍ എത്തിയപ്പോള്‍ മാനേജര്‍ ചിരിച്ചുകൊണ്ട്‌ (ബു, ഹ ഹ ഹ എന്നുള്ള ചിരിയല്ല) എതിരേറ്റു സന്തോഷത്തോടെ അന്നത്തെ റിപ്പോര്‍ട്ട് വാങ്ങി നാലു കഷ്ണമാക്കി വേസ്റ്റ് ബിന്നില്‍ ഫയല്‍ ചെയ്തു. എന്നിട്ട് വിളിച്ചു അകത്തു കൊണ്ടു പോയി കുറെ നേരം അശംസാവചനങ്ങള്‍ കൊണ്ടു പൊതിഞ്ഞുകെട്ടി. പത്തുമിനിട്ട് ആശംസകളും പത്തു മിനിട്ട് മറ്റു പ്രഭാഷണങ്ങളും കേട്ടപ്പോള്‍ ഒരു കാര്യം ഉറപ്പായി, പെട്ടി തെറിക്കാന്‍ വലിയ താമസമില്ലെന്ന്.

അങ്ങനെ അന്ന് ഞാന്‍ നാലു കാര്യങ്ങള്‍ പഠിച്ചു: 1. ജോലി എന്ന് പറയുന്നതു ഒരു നീര്‍കുമിള ആണെന്ന്. 2. കമ്പ്യൂട്ടറിന് കോണ്‍ഫിഗറേഷന്‍ എന്നൊരു കുന്ത്രാണ്ടം ഉണ്ടെന്ന്‍. 3. ബ്രോഷറിന്റെ പിന്നില്‍ കോണ്‍ഫിഗറേഷന്‍ എഴുതിയിട്ടുണ്ടെന്ന്. 4. എല്ലാ വില്ലന്മാരും ബു ഹ ഹ ഹ എന്ന് ചിരിക്കില്ലെന്ന്.

അന്നു വരെ പകല്‍ മാര്‍ക്കറ്റിംഗ് ഒക്കെ നടത്തി ക്ഷീണിച്ച് ഓഫീസില്‍ എത്തി, റിപ്പോര്‍ട്ട് ഒക്കെ കൊടുത്തു, പെട്ടി എതെങ്കിലും മൂലയ്ക്ക് വലിച്ചെറിഞ്ഞ് ലോഡ്ജ് മുറിയില്‍ പൊയ്ക്കൊണ്ടിരുന്ന ഞാന്‍, അന്നുമുതല്‍ പെട്ടിയുമായി മുറിയില്‍ പോയി ബ്രോഷറുകള്‍ എടുത്ത് അതിന്റെ പിന്നില്‍ എഴുതിയതുമുഴുവന്‍ വായിച്ച് പഠിച്ചു. ഒന്നു രണ്ടു ദിവസത്തിനുള്ളില്‍ ഞാന്‍ കമ്പ്യൂട്ടര്‍ മുഴുവന്‍ പഠിച്ചുകഴിഞ്ഞു എന്നൊരു തോന്നല്‍ ഉണ്ടായപ്പോള്‍ കുതിരവട്ടം പപ്പു പറയുന്നതുപോലെ "ഇപ്പൊ ശരിയാക്കിത്തരാം" എന്നു പറഞ്ഞു ഒരു ദിവസം രാവിലെ ഞാന്‍ പെട്ടിയുമെടുത്ത് ഓഫീസില്‍ നിന്നും ഇറങ്ങി.

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം കളത്തിപ്പറമ്പില്‍ റോഡിലുള്ള ഒരു വലിയ ചെരുപ്പുകടയില്‍ കയറുമ്പോള്‍ ലോഡ്ജില്‍ എന്റെ അയല്‍മുറിയനായ ഹംസയെ അവിടെ കണ്ടുമുട്ടും എന്നു ഞാന്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചില്ല. ഹംസ എന്നെ സ്നേഹപൂര്‍വ്വം സ്വീകരിച്ച് അവന്റെ മുതലാളിയുടെ മുന്നില്‍ കൊണ്ടാക്കി. അദ്ദേഹം എന്റെ ആഗമനലക്ഷ്യം ഒക്കെ ചോദിച്ചുമനസിലാക്കി എന്നോട് വളരെ ഊഷ്മളമായ ഭാഷയില്‍ സലാം ഒക്കെ പറഞ്ഞ് യാത്രയാക്കുന്നതിനു മുന്‍പു ഞങ്ങള്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവിസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു 'ലീഡ്' എന്റെ മുന്നിലേക്കിട്ടുതന്നു.

ചെരുപ്പുകടയുടെ മുകലിലത്തെ നിലയില്‍ ഒരു കമ്പ്യൂട്ടര്‍ സെന്റര്‍ ഉണ്ടെന്നും, ഇടയ്ക്കിടയ്ക്ക് മാര്‍ക്കറ്റിങ് എക്സിക്യുട്ടീവ്സ് അങ്ങോട്ടമിങ്ങോട്ടും പോകുന്നതു കാണാറൂണ്ടെന്നും പറഞ്ഞപ്പോള്‍, എലി പുന്നെല്ലു കണ്ടപോലെ എന്റെ മുഖം വികസിച്ചു. കൂടുതലൊന്നും ആലോചിക്കാന്‍ നിന്നില്ല. കമ്പ്യൂട്ടര്‍ സെന്ററിന്റെ പേരു പോലും നോക്കാന്‍ നില്‍ക്കാതെ , രണ്ടു പടികള്‍ വച്ച് ചാടിക്കയറി ഞാന്‍ കമ്പ്യൂട്ടര്‍ സെന്ററിലെത്തി.

എന്റെ രംഗപ്രവേശം കണ്ട് വിരണ്ട റിസപ്ഷന്‍ പെണ്മണി, അപ്പോള്‍ത്തന്നെ എനിക്ക് അകത്തേക്കുപോവാന്‍ അനുവാദം തന്നു. അകത്തു ചെന്ന ഞാന്‍ ചുറ്റും ഇരിക്കുന്ന ടൈ കെട്ടിയ മാന്യന്മാരെ ഒന്നും മൈന്റ് ചെയ്യാതെ മുന്നില്‍ കണ്ട ഒരു ക്യാബിനില്‍ ചെന്നു മുട്ടി, ചെറുതായി കതക് തുറന്നു തല മാത്രം അകത്തേക്കിട്ടു "മേ ഐ കമിന്‍ സര്‍?" എന്നൊരു ചോദ്യം എറിഞ്ഞു.

"പ്ലീസ്" എന്നു പറഞ്ഞു എന്നെ എതിരേറ്റ ആ മഹാന്‍ ഒരു ഉത്തരേന്ത്യക്കാരനാണെന്ന് മനസ്സിലാക്കാന്‍ എനിക്കു അയാളോട് ഒരക്ഷരം പോലും സംസാരിക്കേണ്ടിവന്നില്ല.

നോര്‍ത്തിന്ത്യക്കാരൊക്കെ ഇവിടെ വന്നു ബിസിനസ്സ് തൊടങ്ങ്യേ? എന്നു ആലോചിച്ച് സംശയിച്ചു നിന്ന എന്നോട് അദ്ദേഹം ഇരിക്കാന്‍ പറഞ്ഞു. പിന്നീടങ്ങോട്ടുള്ള സംഭാഷണങ്ങള്‍ ആംഗലേയത്തില്‍ ആയിരുന്നെങ്കിലും, അന്ന് എന്റെ ആംഗലേയ പരിജ്ഞാനം വളരെ കൂടുതല്‍ ആയിരുന്നതിനാലും, അതൊക്കെ ഇപ്പോള്‍ ഓര്‍മ്മയില്ലാത്തതിനാലും, സംഭവം മലയാളത്തില്‍ ഏകദേശം ഇങ്ങനെയൊക്കെയായിരുന്നു എന്നു തോന്നുന്നു.

"എന്താ കാര്യം?"

"സര്‍, ഞാനൊരു കമ്പ്യൂട്ടര്‍ കമ്പനിയില്‍ നിന്നാണ്. ഞങ്ങള്‍ ആണ് ഈ ലോകത്തുള്ള കമ്പ്യൂട്ടര്‍ എല്ലാം ഉണ്ടാക്കുന്നത്. സാറിന്റെ കമ്പ്യൂട്ടര്‍ സെന്ററില്‍ പുതിയ കമ്പ്യൂട്ടറുകള്‍ വാങ്ങാന്‍ ഉദ്ദേശ്യം ഉണ്ടെങ്കില്‍ ഓര്‍ഡര്‍ എനിക്കു തന്നെ തരണം."

ഇതു പറയലും, പെട്ടി തുറന്ന് ബ്രോഷറുകള്‍ മുഴുവന്‍ വലിച്ചു ഞാന്‍ പുറത്തിട്ടതും ഒന്നിച്ച്. ബ്രോഷറുകള്‍ കണ്ട് അദ്ദേഹത്തിന്റെ കണ്ണുകള്‍ വികസിച്ചപ്പോള്‍ ഞാന്‍ ഉറപ്പിച്ചു, എന്റെ സമയം തെളിഞ്ഞു എന്നു. വൈകിട്ട് ഓഫീസില്‍ ചെന്ന് ഒരു പത്ത് കമ്പ്യൂട്ടറിന്റെ ഓര്‍ഡര്‍ എന്റെ മാനേജരുടെ മുഖത്ത് വലിച്ചെറിയുന്ന രംഗം ആലോചിച്ചപ്പോള്‍ എനിക്കു കുളിരുകോരി.

"എന്താ പേര്?"

അദ്ദേഹത്തിന്റെ ചോദ്യം എന്നെ മടക്കിക്കൊണ്ടുവന്നു. ഞാന്‍ പേരു പറഞ്ഞു.

"മിടുക്കന്‍. ഈ കമ്പനിയുടെ പേരെന്താണെന്ന് അറിയുമോ?"

അപ്പോഴാണ് ഞാന്‍ അതിനെക്കുറിച്ച് ഓര്‍ത്തതുതന്നെ. ഞാന്‍ ചുറ്റും നോക്കി. ക്യാബിന്റെ കണ്ണാടിക്കുള്ളിലൂടെ പുറത്തെ ചുമരില്‍ 'പെര്‍ട്ടെക്ക് കമ്പ്യൂട്ടേഴ്സ് ലിമിറ്റഡ് ' എന്ന് എഴുതിയിരിക്കുന്നതു ഞാന്‍ കണ്ടു. അപ്പോള്‍ത്തന്നെ ഞാന്‍ അതു അദ്ദേഹത്തിനു പറഞ്ഞു മനസിലാക്കിക്കൊടുക്കുകയും ചെയ്തു. ഒപ്പം "സ്വന്തം കമ്പനിയുടെ പേരറിയാത്ത മാന്യന്‍" എന്നൊരു ആത്മഗതവും.

"നിങ്ങള്‍ വില്‍ക്കുന്നതു എതു കമ്പനിയുടെ കമ്പ്യൂട്ടര്‍ ആണെന്നറിയാമോ?" അടുത്ത ചോദ്യം.

"എന്നോടാണോ കളി? ഞാന്‍ ഉറക്കം കളഞ്ഞ് പഠിച്ചതാ അണ്ണാ" എന്നു മനസ്സില്‍ പറഞ്ഞ് ഞാന്‍ വളരെ കോണ്‍ഫിഡന്റ് ആയി കാച്ചി. "പി.സി.എല്‍."

പെട്ടെന്നാണ് എന്റെ കണ്ണുകള്‍ അദ്ദേഹത്തിന്റെ മുന്നില്‍ ഇരിക്കുന്ന ഡെസ്ക് കലണ്ടറില്‍ പതിഞ്ഞത്. അതില്‍ പി.സി.എല്‍. എന്നും, കൂടെ 'പെര്‍ട്ടെക്ക് കമ്പ്യൂട്ടേഴ്സ് ലിമിറ്റഡ് ' എന്നും ഒരേ അക്ഷരത്തില്‍, ഒരേ നിറത്തില്‍ എഴുതിയിരിക്കുന്നതു കണ്ടപ്പോള്‍, സെമിത്തേരിയില്‍ ആര്‍. ഐ. പി. എന്ന് എഴുതി വച്ചിരിക്കുന്നത് ഞാന്‍ ഓര്‍ത്തത് എന്തിനാണെന്ന് ഇപ്പോഴും എനിക്ക് ഉത്തരം കിട്ടാത്ത ചോദ്യം ആണ്.

ഞാന്‍ ഒരു കമ്പ്യൂട്ടര്‍ ഡീലറുടെ കീഴിലാണ് ജോലി ചെയ്യുന്നതെന്നും എന്റെ കമ്പനി പി.സി.എല്‍. എന്ന പെര്‍ട്ടെക്ക് കമ്പ്യൂട്ടേഴ്സ് ലിമിറ്റഡിന്റെ കമ്പ്യൂട്ടര്‍ ആണ് മാര്‍ക്കറ്റ് ചെയ്യുന്നതെന്നും കേരളത്തില്‍ പി.സി.എല്‍. ന്റെ റീജിയണല്‍ ഓഫീസ് അതാണെന്നും, അദ്ദേഹം അതിന്റെ റീജിയണല്‍ മാനേജര്‍ ആണെന്നുമൊക്കെ അദ്ദേഹം ഘോരഘോരം പ്രസംഗിക്കുമ്പോള്‍ അവിടെ നിന്നും എങ്ങനെ ഒന്നു രക്ഷപെടും എന്നതിനെക്കുറിച്ചു ആലോചിക്കുകയായിരുന്നു ഞാന്‍.

55 അഭിപ്രായങ്ങള്‍:

ദിലീപ് വിശ്വനാഥ് said...

ഒരിക്കല്‍ കലൂര്‍ ബസ്സ് സ്റ്റാന്റിനടുത്തുള്ള ഒരു കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ചെന്നു കയറി. ജീവിതത്തിലെ ഏറ്റവും നല്ല ഒരു മാര്‍ക്കറ്റിംഗ് പെര്‍ഫോര്‍മന്‍സ് കാഴ്ചവെക്കാന്‍ കഴിഞ്ഞു എന്നുള്ള ചാരിതാര്‍ഥ്യത്തോടുകൂടി അവിടെ നിന്നും ഇറങ്ങുമ്പോള്‍ ഞാന്‍ ആകെ വിയര്‍ത്തിട്ടുണ്ടായിരുന്നു. അവിടെ നടന്ന സംഭവങ്ങള്‍ ഇങ്ങനെ ചുരുക്കിപ്പറയാം.

കൊല്ലക്കുടിയില്‍ സൂചി വില്‍ക്കാന്‍ പോയ കഥ.

മൂര്‍ത്തി said...

:) കൊള്ളാം...രസമുണ്ട്..എഴുത്തിനു ഒഴുക്കുമുണ്ട്...

ശ്രീ said...

വാല്‍മീകി മാഷേ...
ഒരു തേങ്ങയുടയ്ക്കാന്‍‌ വന്നതായിരുന്നു, മൂര്‍‌ത്തി മാഷ് ആദ്യകമന്റിട്ടതിനാല്‍‌ ആ ചാന്‍‌സ് മിസ്സായി.

നല്ല രസകരമായി എഴുതിയിരിക്കുന്നു.
“അങ്ങനെ അന്ന് ഞാന്‍ നാലു കാര്യങ്ങള്‍ പഠിച്ചു: 1. ജോലി എന്ന് പറയുന്നതു ഒരു നീര്‍കുമിള ആണെന്ന്. 2. കമ്പ്യൂട്ടറിന് കോണ്‍ഫിഗറേഷന്‍ എന്നൊരു കുന്ത്രാണ്ടം ഉണ്ടെന്ന്‍. 3. ബ്രോഷറിന്റെ പിന്നില്‍ കോണ്‍ഫിഗറേഷന്‍ എഴുതിയിട്ടുണ്ടെന്ന്. 4. എല്ലാ വില്ലന്മാരും ബു ഹ ഹ ഹ എന്ന് ചിരിക്കില്ലെന്ന്.”

“സെമിത്തേരിയില്‍ ആര്‍. ഐ. പി. എന്ന് എഴുതി വച്ചിരിക്കുന്നത് ഞാന്‍ ഓര്‍ത്തത് എന്തിനാണെന്ന് ഇപ്പോഴും എനിക്ക് ഉത്തരം കിട്ടാത്ത ചോദ്യം ആണ്.”

ഇതൊന്നും എടുത്തു പറയാതിരിക്കാന്‍‌ നിവൃത്തിയില്ല. സൂപ്പര്‍‌!

:)

ഹരിശ്രീ said...

വാല്‍മീകിമാഷേ,

നല്ല രസകരമായി എഴൂതിയിരിയ്കൂന്നു.

കൊള്ളാം...

ആഷ | Asha said...

ഹ ഹ
പാവം പാവം

Sathees Makkoth | Asha Revamma said...

തകര്‍പ്പന്‍ പ്രകടനം വാല്‍മീകി.
അവസാനം വരെ ആ ഒഴുക്ക് നിലനിര്‍ത്തി.

സഹയാത്രികന്‍ said...

ഹ ഹ ഹ... കൊല്ല്...എന്നെയങ്ങ് കൊല്ല്...!
രസായിട്ട്ണ്ട് മാഷേ... നല്ല വിവരണം..!
ആവൂ ആ സീന്‍ ആലോചിക്കാ‍ന്‍ തന്നെ പറ്റണില്ല.
ഹ ഹ ഹ...
:)

Sanal Kumar Sasidharan said...

പഴയ പൊല്ലാപ്പുകള്‍ പിന്നീടേപ്പോഴും രസകരമായി തോന്നും.നന്നായിട്ടുണ്ട് എഴുത്ത്.
എങ്കിലും എഴുത്തു ചിലേടത്തൊക്കെ വഴുക്കുന്നുമുണ്ട്.

Sanal Kumar Sasidharan said...
This comment has been removed by the author.
കൊച്ചുത്രേസ്യ said...

ഇതു കൊള്ളാം..അങ്ങനെ ഓരോരോ കഥകളായിങ്ങു പോരട്ടെ :-))

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കലക്കി, ആ സമയത്ത് ക്യാമറ കണ്ടുപിടിച്ചിരുന്നെങ്കില്‍ ‘ഉദയാണ് താര’ത്തില്‍ ജഗതി കാണിക്കാത്ത ഒരു ഭാവം കൂടി മലയാളത്തിനു മുതല്‍ക്കൂട്ടായേനെ.

Sherlock said...

വാല്‍മീകി മാഷേ...അപാരം....:) ഹ ഹ

Jayakeralam said...

very very nice writing. regards,
...................................
ജയകേരളം.കോം ....മലയാളം കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, കാര്‍ട്ടൂണുകള്‍ and many more... Please send us your suggestions...
http://www.jayakeralam.com

തമനു said...

മാഷേ .... :))

വായിക്കാന്‍ എന്നാ സുഖം... അലക്കിപ്പൊളിച്ച എഴുത്ത്... :)

ഇങ്ങനൊക്കെയല്ലേ നമ്മള്‍ കാര്യങ്ങള്‍ പഠിക്കുന്നേ.. ഹഹഹ

സണ്ണിക്കുട്ടന്‍ /Sunnikuttan said...

വാല്‍മീകി,

നല്ല രസമായിട്ട് എഴുതിയിട്ടുണ്ട്.

സെമിത്തേരിയില്‍ ആര്‍ ഐ പി എന്നെഴുതിയിരിക്കുന്നത്, എനിക്ക് തോന്നുന്നത് " റിട്ടേണ്‍ ഇഫ് പോസ്സിബിള്‍" എന്ന മീനിങ്ങിലാണെന്ന് തോന്നുന്നു.

അഭിലാഷങ്ങള്‍ said...
This comment has been removed by the author.
അഭിലാഷങ്ങള്‍ said...

വാല്‍മീകീ,

അടിപൊളി, K-ട്ടോ

സംഭവം നല്ല രസമുണ്ടായിരുന്നു വായിക്കാന്‍‌. വായിച്ച് കഴിഞ്ഞപ്പഴാണ് ‘അന്റാര്‍ട്ടിക്കയില്‍ ഫ്രിഡ്ജ് വില്പന’ എന്ന ടൈറ്റില്‍ കൂടുതല്‍ ആസ്വാദ്യകരമായി തോന്നിയത്. :-)

ഇഷ്ടപ്പെട്ട് ഏരിയകളിലൊന്ന്: ഞാന്‍ ഗൗരവം ഒട്ടും വിടാതെ പറഞ്ഞു. "മോണിറ്ററും, സി.പി.യു.വും കീബോര്‍ഡും ഉണ്ട് സര്‍."

-അഭിലാഷ്

സുല്‍ |Sul said...

ഈ വിളംബരം കൊള്ളാം.
-സുല്‍

സിനോജ്‌ ചന്ദ്രന്‍ said...
This comment has been removed by the author.
സിനോജ്‌ ചന്ദ്രന്‍ said...

കമ്പ്യൂട്ടറിനെക്കുറിച്ചറിയുന്നതു അന്നത്തെ ഡി.വൈ.എഫ്.ഐ തിയറി ...അറബിക്കഥയിലെ ശ്രീനിവാസനെ ഓര്‍ത്തുപോയി. നന്നായിട്ടുണ്ട് തെക്കും വടക്കും അറിയാതെയുള്ള യാത്ര

പ്രയാസി said...

വളരെ രസകരമായിരിക്കുന്നു വാല്‍മീകി മാഷെ..:)
ചക്രം ചവ!
പോരട്ടെ പോരട്ടെ കഥകളിങ്ങനെ പോരട്ടെ..
ഒരു സംശയം..
അമേരിക്കയിലും മാര്‍ക്കറ്റിംഗ് തന്നെയാണൊ!?
വരാന്‍ വൈകിയതിനു തല്ലരുത് തിരക്കായിരുന്നു..:)

Mr. K# said...

കലക്കന്‍

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

It was really nice reading. Thanks

ശ്രീഹരി::Sreehari said...

ഇഷ്ടായി... :)

ഉപാസന || Upasana said...

ആദ്യമായാണെന്നു തോന്നുന്നു ഞാനിവിടെ വരുന്നത്.
എന്റെ കമന്റ് ബോക്സ് ഇല്‍ നിന്ന ഇപ്പോ എത്തിയത്.
നന്നായി എഴുതിയിരിക്കുന്നു ഇദ്ദേഹം.
കുറച്ച് കൂടെ കലക്കി ഒതുക്കാമല്ലോ... അല്ലെ..?
:)
ഉപാസന

കൊച്ചുമുതലാളി said...

കൊള്ളാം വാല്‍മീകിയണ്ണാ..
ശരിക്കും വിയര്‍ത്ത് പോയല്ലേ??

ഗുപ്തന്‍ said...

ഹഹഹ.. മാഷേ മാര്‍ക്കറ്റിംഗിനെക്കുറിച്ച് ഒരു ഓണ്‍ലൈന്‍ കറസ്പോണ്ടന്‍സ് കോഴ്സ് തുടങ്ങുന്നോ... ചിരിക്കാന്‍ ഞങ്ങള്‍ റെഡി :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

രസായിട്ട്ങ്ങട്‌ വായിച്ചു:)


ഞാന്‍ ഗൗരവം ഒട്ടും വിടാതെ പറഞ്ഞു. "മോണിറ്ററും, സി.പി.യു.വും കീബോര്‍ഡും ഉണ്ട് സര്‍."

സെമിത്തേരിയില്‍ ആര്‍. ഐ. പി. എന്ന് എഴുതി വച്ചിരിക്കുന്നത് ഞാന്‍ ഓര്‍ത്തത് എന്തിനാണെന്ന് ഇപ്പോഴും എനിക്ക് ഉത്തരം കിട്ടാത്ത ചോദ്യം ആണ്.

Santhosh said...

:)

absolute_void(); said...

മാര്ക്കറ്റിംഗ് പിള്ളേര്ക്ക് സ്റ്റഡി മെറ്റീരിയലായി കൊടുക്കണം. ഉഗ്രന് !

ഏ.ആര്‍. നജീം said...

ഈ മനോഹര വിവരണത്തിന്റെ രത്നച്ചുരുക്കം വാല്‍‌മീകി തന്നെ ആദ്യ കമന്റില്‍ ഇട്ടിരിക്കുന്നു....

" കൊല്ലക്കുടിയില്‍ സൂചി വില്‍ക്കാന്‍ പോയ കഥ."

അനംഗാരി said...

വാലൂ:സംഭവം കൊള്ളാം.ഇടക്കിടെ എഴുത്തിന്റെ ഒഴുക്ക് വഴിവിട്ട് കൊല്ലത്തിനു തിരിഞ്ഞുപോയോ എന്നൊരു സംശയം ഇല്ലാതില്ല.എങ്കിലും അഭിനന്ദനങ്ങള്‍.

തെന്നാലിരാമന്‍‍ said...

നീളം കുറച്ച്‌ കൂടിയെങ്കിലും അവസാനം വരെ വായിക്കാന്‍ തോന്നിപ്പിക്കുന്ന ഒരു ഒഴുക്കുണ്ട്‌...കൊള്ളാംട്ടോ...

ധ്വനി | Dhwani said...

കിടിലൂസ്!! (ഇതിന്നു വരെ ബ്ളോഗില്‍ ആരുടെ പോസ്റ്റുകള്‍ക്കും കിട്ടാത്ത പദവി ആണു)

കുതിരവട്ടം പപ്പു പറയുന്നതും പറഞ്ഞോണ്ട് ഇറങ്ങേണ്ട!! ഞാന്‍ പൊക്കോളാം!

വിവരണം ആസ്വദിച്ചു!

d said...

ബു (?) ഹ ഹ..

ദിലീപ് വിശ്വനാഥ് said...

മൂര്‍ത്തി, ശ്രീ, ഹരിശ്രീ, ആഷചേച്ചി, സതീശ്, സഹയാത്രികന്‍, സനാതനന്‍, കൊച്ചുത്രേസ്യ, കുട്ടിച്ചാത്തന്‍, ജിഹേഷ്, ജയകേരളം, തമനു, അങ്കിള്‍, സണ്ണിക്കുട്ടന്‍, അഭിലാഷങ്ങള്‍, സുല്‍, സിനോജ്‌, പ്രയാസി, കുതിരവട്ടന്‍, ഇന്‍ഡ്യാഹെറിറ്റേജ്‌, ശ്രീഹരി, ഉപാസന, കൊച്ചു മുതലാളി, മനു, പ്രിയ, സന്തോഷ്, സെബിന്‍, നജിമിക്കാ, അനംഗാരി, തെന്നാലിരാമന്‍, ധ്വനി, വീണാ: എല്ലാവര്‍ക്കും നന്ദി. വായനക്കും, അഭിപ്രായങ്ങള്‍ക്കും.

ശ്രീ: ഉടയ്ക്കാന്‍ കൊണ്ടു വന്ന തേങ്ങാ തിരിച്ചു കൊണ്ടു പോവരുത്. ഉടച്ചിട്ട് പോവൂ.
അഷേച്ചി: ഞാന്‍ പാവമാണെന്ന് ഇപ്പോഴെങ്കിലും മനസിലായില്ലേ?
സഹയാത്രിക: ഒന്നും ആലോചിക്കതിരിക്കുന്നതാ നല്ലത്.
സനാതനന്‍ ചേട്ടാ: പഴയ പൊല്ലാപ്പുകള്‍ ഓര്‍ക്കാന്‍ കുറെ ഉണ്ട്.
കൊച്ചുത്രേസ്യ: ഓരോന്നായി എഴുതാം.
കുട്ടിച്ചാത്തന്‍: ഒരു ക്യാമറ എപ്പോഴും എന്റെ മുഖത്തിന്‌ നേരെ വച്ചു ക്ലിക്ക് ചെയ്തോണ്ടിരുന്നാല്‍ പുതിയ പല ഭാവങ്ങളും ഉണ്ടാവുന്നത് കാണാം.
സണ്ണികുട്ടാ: ആര്‍.ഐ.പി. കലക്കി. അപ്പോള്‍ അതായിരുന്നു അല്ലെ?
അഭിലാഷ്: ഇതല്ലേ അതിനു പറ്റിയ തലക്കെട്ട്?
സിനു: അപ്പോഴത്തെ എന്റെ അവസ്ഥ അതിനെക്കാള്‍ വളരെ മോശമായിരുന്നു.
പ്രയാസി: ഇവിടെ മാര്‍ക്കറ്റിംഗ് ചെയ്യാന്‍ അത്രയും തൊലിക്കട്ടി വേണ്ട. എന്തായാലും ഇവിടെ അതല്ല പണി.
ഉപാസന: ഒതുക്കാന്‍ ശ്രമിക്കാം.
കൊച്ചു മുതലാളി: വിയര്‍ത്തു എന്ന് പറഞ്ഞാല്‍ പോര, ദഹിച്ചു എന്ന് പറയുന്നതായിരിക്കും ശരി.
മനു, സെബിന്‍: മാര്‍ക്കറ്റിംഗ് ഒരു വലിയ സംഭവമാണെന്ന് പിന്നെയാ മനസിലായത്. ഒരു മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് എന്തായിരിക്കണം എന്ന് പിന്നീട് ഞാന്‍ മനസിലാക്കി.
നജിമിക്കാ: അതായിരുന്നു ആദ്യം ഉദ്ദേശിച്ച തലക്കെട്ട്. പിന്നെ അത് മാറ്റി.
അനംഗാരി ചേട്ടാ: സംഭവം സത്യം ആണ്. എഴുതി വന്നപ്പോള്‍ ഇടയ്ക്ക് പിടി വിട്ടു പോയി.
തെന്നാലി: ഞാന്‍ ഇതില്‍ എനിക്ക് പറ്റിയ മൂന്ന് അബദ്ധങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതാ ഇത്രയും നീണ്ടു പോയത്.
ധ്വനി: ആ പദവി എനിക്ക് ഇഷ്ടപ്പെട്ടു. ചായ കുടിച്ചിട്ട് പോയാല്‍ പോരെ?
വീണ: ബു, ഹ ഹ ഹ ...

മുക്കുവന്‍ said...

hmmm .. i was the last to one read this.

good one..

ദിലീപ് വിശ്വനാഥ് said...

മുക്കുവന്‍: നന്ദി, ഇനിയാരും ഇതു വായിക്കില്ല എന്നൊരു അര്‍ത്ഥം അതനില്ലല്ലോ അല്ലെ?

Sethunath UN said...

വാത്മീകി മാഷേ,
താമസ്സിച്ചുപോയി വായിച്ചപ്പോഴേയ്ക്കും.
ന‌ന്നായിരിയ്ക്കുന്നു എഴുത്ത്. മാ‌ര്‍ക്കറ്റിംഗ് അമ‌ളി ചിരിപ്പിച്ചു കേട്ടോ.
ആശംസക‌ള്‍!

Typist | എഴുത്തുകാരി said...

ഞാനാദ്യമായിട്ടാ ഇവിടെ. ഇനി വന്നോളാം.
പഴയ അമളികള്‍ ആലോചിക്കുന്നതൊരു സുഖമാ, അല്ലേ?

evuraan said...

വായിച്ചു‌, ഇഷ്ട‌മായി..!

ദിലീപ് വിശ്വനാഥ് said...

എഴുത്തുകാരിക്ക് ഒരുപാടു നന്ദി.
എവുരാന്‍: താങ്കള്‍ ഇതുവായിച്ചു എന്നുള്ളത് തന്നെ സന്തോഷം. അപ്പോള്‍ കമന്റ് കൂടി കണ്ടാലോ.

അലി said...

നന്നായി...
ഇപ്പോ ബില്‍ഗേറ്റ്സിന്റടുത്തും പോയിക്കാണും അല്ലേ!
വളരെ ഇഷ്ടപ്പെട്ടു. ഒഴുക്കുള്ള എഴുത്ത്...
അഭിനന്ദനങ്ങള്‍...

ഗിരീഷ്‌ എ എസ്‌ said...

നന്നായിരിക്കുന്നു
അഭിനന്ദനങ്ങള്‍

SHAN ALPY said...

too long...
but,
very good

Cartoonist Gireesh vengara said...

കിളിയും കിളിയും കൂടി കളീയാടി മദിക്കവെ,
ഇര തേടിയ കാട്ടാളന്‍....

കാര്‍വര്‍ണം said...

സോറി, ഞാനൊരല്പം ലേറ്റായി,

കലക്കീ,
എനിക്കു വലിയ പരിഭവമായിരുന്നു. എന്റെ ദൈവമെ, നീ പറ്റുകളെല്ലാം വാരിക്കോരി ഇങ്ങോട്ട്റ്റു തരുന്നതിനു പകരം എല്ലാര്‍ക്കും കൂടിഅങ്ങു വീതിച്ചൂടേന്ന്.
സ്റ്റമാധാന്മായി അണ്ണാ സ്റ്റമാധാന്മായി , നമ്മക്കു ചില കൂടെപ്പിറപ്പുകള് ഇവിടുണ്ടല്ലേ..

Promod P P said...

അത് ശരി അപ്പോ ഇങ്ങേരാണ് 19999 രൂപയ്ക്ക് കമ്പ്യൂട്ടര്‍ തരം എന്നും പറഞ്ഞ് എം.ജി റോഡില്‍ കൌണ്ടര്‍ തുറന്ന് മൊത്തംനാട്ടുകാരുടെ കയ്യില്‍ നിന്നും 100% അഡ്‌വാന്‍സും വാങ്ങി മുങ്ങിയ പി.സി.എല്‍ ഡീലര്‍(1994-95)

ദേവന്‍ said...

അനാവശ്യം പറയല്ലേ തഥാഗതാ, ഞങ്ങള്‍ കുണ്ടറക്കാര്‍ വഞ്ചിച്ചാലും ആരെയും പറ്റിക്കില്ല!

Holy Goat said...

>4. എല്ലാ വില്ലന്മാരും ബു ഹ ഹ ഹ എന്ന് ചിരിക്കില്ലെന്ന്.

അടിപോളി മാഷെ, ചിരിച്ചോണ്ട് കഴുത്തറക്കുന്നവറ് എന്ന ക്ലീഷെ ഉപയോഗിക്കാതെ, വളരെ മനൊഹരമായി ഒരു M.B.A
റ്റെക്നിക്കിനെ അവതരിപ്പിച്ചിരിക്കുന്നു.

ശ്രീവല്ലഭന്‍. said...

ബുഹഹ...
അയ്യയ്യോ , ഇതൊക്കെ എങ്ങിനെ മിസ്സ്‌ ആയി? സൂപ്പര്‍ തമാശ. നമിച്ചിരിക്കുന്നു വാല്‍മീകി! താങ്കള്‍ വാല്‍മീകി തന്നെ! അന്റാര്‍ട്ടിക്കയില്‍ ഫ്രിഡ്ജ് വില്പന തന്നെ!

krish | കൃഷ് said...

(നേരത്തെ വായിച്ചിങ്കിലും കമന്റ്റാന് വിട്ടുപോയതാ..)

അപ്പോഴേ, വാലൂ, അമേരിക്കയില്‍ ഇന്റല്‍ കമ്പനിയില്‍ പ്രൊസസ്സര്‍ വില്‍ക്കാന്‍ പോയ കഥ എപ്പഴാ എഴുതുന്നത്.
:)

Unknown said...

成長ホルモン
カード決済
結婚相談所 横浜
お見合いパーティー
ショッピングカート
東京 ホームページ制作
不動産投資
徳島 不動産
三井ダイレクト
不動産
网络营销
高松 不動産
知多半島 ホテル
知多半島 温泉
知多半島 旅館
カーボンオフセット
コンタクトレンズ
カラーコンタクト

Unknown said...

群馬 不動産
治験
出産祝い
クレジットカード決済
アクサダイレクト
障害者
24そんぽ24
アメリカンホームダイレクト
自動車保険
自動車保険 比較
チューリッヒ
自動車 保険 見積
出会い
出会い系
出会い系サイト
出会いサイト
不動産
ソニー損保

Unknown said...

国際協力
高知 不動産
広島 不動産
岡山 不動産
結婚相談所 東京
婚約指輪
結婚指輪
浮気調査
賃貸
募金
盲導犬